Tuesday, December 27, 2016

The Autopsy of Jane Doe Movie Review

ദ ഒട്ടോപ്സി ഓഫ് ജെയ്ന്‍ ഡോ (The Autopsy of Jane Doe, 2016, English)
ട്രോള്‍ഹണ്ടര്‍ എന്ന നോര്‍വീജിയന്‍ ചിത്രത്തിലൂടെ അന്താരാഷ്‌ട്രശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകന്‍ André Øvredalന്റെ പുതിയചിത്രമാണ് ഓട്ടോപ്സി ഓഫ് ജെയ്ന്‍ ഡോ. സംവിധായകന്റെ ആദ്യത്തെ ഇംഗ്ലീഷ് ചിത്രം എന്ന പ്രത്യേകതകൂടി ജെയ്ന്‍ ഡോയ്ക്കുണ്ട്. ഹൊറര്‍ ചിത്രങ്ങളുടെ ശ്രേണിയില്‍ പെടുത്താവുന്ന ജെയ്ന്‍ ഡോയില്‍ Emile Hirsch, Brian Cox എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ദുരൂഹസാഹചര്യത്തില്‍ കണ്ടെടുത്ത അജ്ഞാതയായൊരു യുവതിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം വിദഗ്ദ്ധരായ ഒരച്ഛന്റെയും മകന്റെയും കൈകളില്‍ എത്തിപ്പെടുന്നു. തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത മൃതദേഹങ്ങളെ ജോണ്‍ ഡോ എന്നോ ജെയ്ന്‍ ഡോ എന്നോ പേരിട്ടുവിളിക്കണം എന്ന കീഴ്വഴക്കം പാലിച്ചുകൊണ്ട്‌ അവര്‍ മൃതയായ യുവതിയെ ജെയ്ന്‍ ഡോ എന്ന് വിളിക്കുന്നു. ജെയ്ന്‍ ഡോയുടെ മൂന്നുഘട്ടങ്ങളിലായുള്ള പോസ്റ്റ്‌മോര്‍ട്ടം നടത്താനാരംഭിച്ച ഇവരുടെമുന്നില്‍ മുന്‍പെങ്ങും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്തവിധത്തിലുള്ള സംഭവവികാസങ്ങളാണ് പിന്നീട് അരങ്ങേറിയത്. പ്രധാനകഥാപാത്രങ്ങളില്‍ ഒരാളുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ 'സംഭവ്യമായതിലും ഒരുപാടപ്പുറത്തുള്ള' കാര്യങ്ങളാണ് ഭീതി തളംകെട്ടിനിന്ന, മരണം മണക്കുന്ന ആ പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ ആ സായഹ്നത്തില്‍ സംഭവിച്ചത്. ഒരുഘട്ടത്തിനപ്പുറം പോകുമ്പോള്‍ കഥയിലെ പുതുമ ഒരുപരിധിവരെയെങ്കിലും നഷ്ടപ്പെടുന്നുണ്ടെങ്കിലും വളരെ മിനിമലായ പശ്ചാത്തലസംഗീതത്തിലൂടെയും വിരസതതോന്നാത്ത രംഗങ്ങളിലൂടെയും മറ്റും വിദഗ്ധമായി പ്രേക്ഷകരെ ആ ഹൊറര്‍ മൂഡില്‍ പിടിച്ചിരുത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. പേടിയ്ക്കൊപ്പംതന്നെ ഉള്ളിലെന്തോ ഇഴയുന്നതുപോലെയുള്ളൊരുതരം അസ്വസ്ഥത, അഥവാ ഒരു ക്രീപ്പി ഫീലിംഗ് പ്രേക്ഷകമനസ്സുകളില്‍ സൃഷ്ടിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു എന്നത് പ്രശംസനീയമാണ്.
അഭിനേതാക്കള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും എല്ലാവരും കഥാപാത്രങ്ങള്‍ക്ക് ചേരുംവിധമുള്ള പ്രകടനങ്ങള്‍തന്നെയാണ് കാഴ്ചവെച്ചത്. ജെയ്ന്‍ ഡോയെ അവതരിപ്പിച്ച Olwen Kellyയും, ചിത്രത്തിന്റെ ആര്‍ട്ട്‌ ഡയറക്ടറും പ്രത്യേകപ്രശംസ അര്‍ഹിക്കുന്നു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം മികച്ചുനിന്നു.
ഒരുഘട്ടത്തിനുശേഷം കതാപരമായി ചില ക്ലീഷേകള്‍ കാണാമെങ്കിലും നിലവാരമുള്ള അവതരണശൈലിയിലൂടെ അതിനെയൊക്കെ മറികടന്നുകൊണ്ട് മികവുറ്റൊരു ചലച്ചിത്രാനുഭവമാവുന്നുണ്ട് ജെയ്ന്‍ ഡോ. ഹൊറര്‍ പ്രേമികള്‍ കാണാന്‍ ശ്രമിക്കുക. ഈ ചിത്രം നിങ്ങളെ തൃപ്തരാക്കാന്‍ ഉതകുന്നതാണ്.

Sunday, August 14, 2016

Ozhivudivasathe Kali Movie Review

ഒഴിവുദിവസത്തെ കളി (Ozhivudivasathe Kali, 2016, Malayalam)
സ്ഥിരംവഴികളില്‍നിന്ന് വിട്ടുമാറിയുള്ള സഞ്ചാരം എന്നും മനുഷ്യനെ ആവേശംകൊള്ളിക്കുന്ന ഒരുകാര്യമാണ്. അതിനാല്‍ അവന്‍ പരീക്ഷണങ്ങളില്‍ ആനന്ദംകണ്ടെത്തുന്നു. പുറമേ വിരസമായ ദൈനംദിനജീവിതം തുടരുന്നവര്‍പോലും ഒരു adventureനുള്ള സാധ്യത എവിടെയെങ്കിലും കാണുന്നുണ്ടെങ്കില്‍ അതിലേക്ക് കൂപ്പുകുത്താന്‍ ത്വരിതപ്പെടുന്നവരാണ്. അതേപോലെ തങ്ങളുടെ സിനിമാസ്വാദനശീലങ്ങളില്‍ ഒരു സാഹസികത, ഒരു adventure വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പരീക്ഷിക്കാവുന്ന ഒരു കൊച്ചുചിത്രം ഇതാ, നമ്മുടെ സ്വന്തം നാട്ടില്‍ത്തന്നെ ഒരുങ്ങിയിരിക്കുന്നു! ഒഴിവുദിവസത്തെ കളി! പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്ന മിക്കസിനിമകളെയും പോലെ രണ്ടുമണിക്കൂര്‍ അലസമായി കാണാനും കേള്‍ക്കാനും, ശേഷം മറന്നുകളയാനുമുള്ള മറ്റൊരു സിനിമയല്ല ഒഴിവുദിവസത്തെ കളി. അലസമായി കാണാം എന്ന മുന്‍ധാരണയോടെ തനിക്കുമുന്നിലെത്തുന്ന പ്രേക്ഷകനെ അത് സിനിമയ്ക്കുള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നു, കേള്‍ക്കുന്നതിനുപകരം ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്നു, പ്രേക്ഷകനോദ് സംവേദിക്കുകയും, സ്വയം ഒരു കഥാപാത്രമാണെന്ന തോന്നല്‍ പ്രേക്ഷകനില്‍ ഉളവാക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. അതുതന്നെയാണല്ലോ സിനിമയുടെ ആത്യന്തികലക്ഷ്യവും!

നാലഞ്ച് സുഹൃത്തുക്കള്‍ ഒരു ഇലക്ഷന്‍ദിവസം ഒത്തുകൂടുന്നു. Political correctnessഓ, സംസാരിക്കുമ്പോള്‍ പാലിക്കപ്പെടണം എന്ന് വിശ്വസിക്കുന്ന മറ്റെന്തുനിബന്ധനകളോ ഇല്ലാതെ അവര്‍ ഉല്ലസിക്കുന്നു, മറ്റൊരുരീതിയില്‍പ്പറഞ്ഞാല്‍ അടിച്ചുപൊളിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ഒഴിവുദിവസം മുന്നോട്ടുപോവുമ്പോള്‍ പ്രേക്ഷകന് അനുഭവവേദ്യമാവുക. കൂട്ടുകാര്‍ചേര്‍ന്ന് ഒരു കളിയില്‍ ഏര്‍പ്പെടുമ്പോള്‍ തുടര്‍ന്ന്‍ എന്തുണ്ടാവുമെന്ന ആകാംക്ഷ പ്രേക്ഷകമനസ്സില്‍ ഉളവാകുന്നു. ഒടുവില്‍ കളി കാര്യമാവുമ്പോള്‍ ഉണ്ടാവുന്നതിനെക്കാളേറെ‍, കളി കാര്യമായെന്ന ബോധം കളിക്കുന്നവരില്‍ മിക്കവര്‍ക്കും ഉണ്ടായിട്ടില്ലെന്ന് മനസ്സിലാക്കുമ്പോഴുള്ള ഞെട്ടലില്‍ പ്രേക്ഷകനെ 'തൂക്കിയിട്ടു'കൊണ്ട് ചിത്രം അവസാനിക്കുന്നു. ഉണ്ണീയാറിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മിച്ചതാണെങ്കില്‍പ്പോലും, സാമ്പ്രദായികരീതിയില്‍ വലിയൊരു കഥയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമാണ് ഈ കളി. പക്ഷേ ആ കഥയില്ലായ്മയ്ക്കിടയിലെ കഥതന്നെയാണ് ചിത്രത്തിനെ ശക്തിയും. പ്രേക്ഷകന്റെ മുഴുവന്‍ ശ്രദ്ധയും ആവശ്യപ്പെടുന്ന ഒരു ചിത്രമാണിത്. പശ്ചാത്തലത്തില്‍ കേള്‍ക്കാവുന്ന ടിവി വാര്‍ത്തവരെ കഥാഗതിയിലേക്ക് contribute ചെയ്യുന്നുണ്ട്, spot recording, നീണ്ടഷോട്ടുകള്‍ തുടങ്ങിയ ഘടങ്ങളിലൂടെ സംവിധായകന്‍ പ്രേക്ഷകന്റെ മുഴുവന്‍ ശ്രദ്ധയും ആവശ്യപ്പെടുന്നു. ഫലം എന്തെന്നാല്‍ അലസമായി, ഇടയ്ക്ക് മൊബൈലിലും മറ്റും നോക്കിയിരുന്നുകൊണ്ട് ചിത്രം കണ്ടാല്‍ അത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കും.
ആദ്യചിത്രത്തില്‍നിന്ന് ശ്രീ.സനല്‍കുമാര്‍ ശശിധരന്‍ ഏറെ മുന്നോട്ടുപോയിരിക്കുന്നു എന്ന് നിസംശയം പറയാനാവും. ചിത്രത്തിലുടനീളം ആ മേന്മ പ്രതിഫലിക്കുന്നുണ്ട്. മികച്ച ആഖ്യാനത്തോടുചേര്‍ന്നുപോവുന്ന പശ്ചാത്തലനാദങ്ങളും ദൃശ്യങ്ങളും ഒരുമിച്ചപ്പോള്‍ അത് ചിത്രത്തിന്റെ മാറ്റുകൂട്ടി. ചിത്രത്തില്‍ വിവിധവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടവരെ അഭിനേതാക്കള്‍ എന്നുവിളിക്കുന്നതിനേക്കാള്‍ performers എന്ന് വിളിക്കുന്നതാവും ഉചിതം. ആരധികം മികച്ചുനിന്നു എന്ന് തീരുമാനിക്കാനാകാത്തവിധത്തിലുള്ള അവരുടെ പ്രകടനങ്ങളെക്കുറിച്ച് കൂടുതല്‍ പറയുന്നത് വിടുവായത്തം മാത്രമേ ആവൂ.
ചുരുക്കിപ്പറഞ്ഞാല്‍ ഇന്നിന്റെ സിനിമയാണ് ഒഴിവുദിവസത്തെ കളി. സിനിമയെ സീരിയസ് ആയി കാണുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്ന്. Reelmonk.com ലൂടെ legal ആയി ചിത്രം കാണാനുള്ള സംവിധാനം ലഭ്യമാണ്, ഈയവസരം പ്രയോജനപ്പെടുത്തുക.

Friday, April 22, 2016

Vetrivel Movie Review

വെട്രിവേല്‍ (Vetrivel, 2016, Tamil)
നവാഗതനായ വസന്തമണിയുടെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയചിത്രമാണ് വെട്രിവേല്‍. ശശികുമാര്‍, പ്രഭു, വിജി ചന്ദ്രശേഖര്‍, ശശികുമാര്‍, അനന്ത് നാഗ്, മിയാ ജോര്‍ജ്, നിഖിലാ വിമല്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തമിഴ്നാട്ടിലെ രണ്ടുഗ്രാമങ്ങളിലെ ചില കുടുംബങ്ങളിലെ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത സാധാരണക്കാരനായൊരു ചെറുപ്പക്കാരനാണ് വെട്രിവേല്‍. അയാള്‍ ഒരുനാള്‍ തന്റെ അനുജന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് മനസ്സിലാക്കുന്നു. ആ പെണ്‍കുട്ടി മറ്റൊരുജാതിയില്‍പ്പെട്ടവരായതിനാല്‍ പല പ്രശ്നങ്ങളും ഉണ്ടാകുമെന്ന് മനസ്സിലാക്കിയതിനാല്‍ വെട്രിവേല്‍ തന്റെ അനുജന്റെ പ്രണയം സാക്ഷാത്കരിക്കാനായി ചില പദ്ധതികള്‍ രൂപീകരിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സന്ദര്‍ഭങ്ങളും ഇവ കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍ ഉണ്ടാക്കുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകരോട് പറയുന്നത്. മുന്‍പുപലചിത്രങ്ങളിലായി കണ്ടുമറന്ന പല കഥാസന്ദര്‍ഭങ്ങളും അവയുടെ അവതരണരീതിയും മറ്റും ഈ ചിത്രത്തിലും നമുക്ക് കാണാന്‍ സാധിക്കുമെങ്കിലും ചില്ലറ വ്യത്യസ്തകള്‍ കൊണ്ടുവരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത കഥയാണെങ്കില്‍പ്പോലും കണ്ടിരിക്കാവുന്ന ഒരു ചിത്രമായി വെട്രിവേലിനെ ഒരുക്കാന്‍ അദ്ദേഹത്തിനായി. വൈകാരികരംഗങ്ങള്‍ പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുന്നതില്‍ പൂര്‍ണ്ണവിജയം കണ്ടോ എന്നകാര്യം സംശയമാണെങ്കിലും 'നാടോടികള്‍' എന്നചിത്രത്തിലെ കഥാപാത്രങ്ങളെ പരാമര്‍ശിക്കുന്നതുള്‍പ്പെടെയുള്ള പല ഹാസ്യരംഗങ്ങളും പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുണര്‍ത്തുന്നവയാണ്.
വെട്രിവേലായി വേഷമിട്ട ശശികുമാര്‍ തുടക്കത്തില്‍ ഒരു മിസ്‌കാസ്റ്റ് ആയി തോന്നിയെങ്കിലും മോശമല്ലാത്തരീതിയില്‍ത്തന്നെ അദ്ദേഹം തന്റെ വേഷം അവതരിപ്പിച്ചു. ടൈറ്റില്‍ കഥാപാത്രമാണെങ്കിലും ഒരിക്കല്‍പ്പോലും അദ്ദേഹത്തിന്റെ ഒരു വണ്‍മാന്‍ഷോ ആയിരുന്നില്ല ചിത്രം. സീനിയര്‍ നടീനടന്മാരായ പ്രഭു, വിജി ചന്ദ്രശേഖര് എന്നിവരുടെ പ്രകടനങ്ങള്‍ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നവയാണ്. കഴിഞ്ഞവര്‍ഷം പ്രേമത്തിലൂടെ നമുക്കുമുന്നിലെത്തിയ അനന്ത് നാഗ് വെട്രിവേലിന്റെ അനുജന്‍വേഷം ഭംഗിയാക്കി. നായികമാരില്‍ മിയ തന്റെ വേഷം മോശമാക്കിയില്ല. മറ്റൊരുനായികയായ നിഖിലാ വിമലും ലവ് 24x7നുശേഷമുള്ള തന്റെ അടുത്തചിത്രത്തിലെ വേഷം താരതമ്യേന ചെറുതെങ്കില്‍പ്പോലും ഭംഗിയാക്കി. തമ്പി രാമയ്യ, പ്രവീണ, രേണുക തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ സ്വാഭാവികമായരീതിയില്‍ അവതരിപ്പിച്ചു. ചിത്രത്തിലെ ഗാനങ്ങള്‍, പശ്ചാത്തലസംഗീതം, മറ്റുസാങ്കേതികവിഭാഗങ്ങള്‍ എല്ലാം ശരാശരിനിലവാരം പുലര്‍ത്തി.
ചുരുക്കിപ്പറഞ്ഞാല്‍ വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏതുവിഭാഗം പ്രേക്ഷകര്‍ക്കും കണ്ടിരിക്കാവുന്ന തെറ്റില്ലാത്തൊരുചിത്രമാണ് വെട്രിവേല്‍. അതിവൈകാരികതയുടെ ചുവ ഏറെയൊന്നുമില്ലാത്ത, എന്നാല്‍ ചിലപ്പോഴെങ്കിലും നാടകീയതചുവയ്ക്കുന്ന ഒരു സാധാരണചിത്രം. കാണാന്‍ ശ്രമിക്കാം.

Thursday, April 14, 2016

Theri Movie Review

തെറി (Theri, 2016, Tamil)
അറ്റ്‌ലീ എന്നസംവിധായകന്റെ ആദ്യചിത്രമായ രാജാറാണി ഞാന്‍ കണ്ടിട്ടില്ല. എന്തായാലും കന്നിച്ചിത്രത്തിലൂടെ നിരൂപകപ്രശംസയും ജനപ്രീതിയും ആര്‍ജ്ജിച്ച സംവിധായകന്‍ വിജയ്‌ എന്ന സൂപ്പര്‍താരത്തോടൊപ്പം ഒരു ചിത്രം ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ അതിഭാവുകത്വങ്ങള്‍ ഒന്നുമില്ലാത്ത, യാഥാര്‍ത്ഥ്യത്തോടടുത്തുനില്‍ക്കുന്ന ഒരു ചിത്രമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സ്ഥിരം ഫോര്‍മുലപ്പടങ്ങളുടെ ലിസ്റ്റിലേക്ക് ചേര്‍ക്കാവുന്ന മറ്റൊരുചിത്രം മാത്രമായിരിക്കും തെറി എന്ന സൂചന നല്‍കുന്നതായിരുന്നു ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും. എന്തായാലും റിലീസിനുമുന്‍പുണ്ടാക്കിയ ഹൈപ്പുകാരണം പടം കാണാമെന്നുതന്നെ ഉറപ്പിച്ചിരുന്നു. ഇന്നലെ രാത്രി പത്തുമണിമുതല്‍ പ്രിവ്യൂ ഷോസ് ഉണ്ടായിരുന്നെങ്കിലും ടിക്കറ്റ് കിട്ടാത്തതിനാല്‍ ഇന്നാണ് ചിത്രം കാണാന്‍ സാധിച്ചത്. ഒരുവിധം നിറഞ്ഞസദസ്സില്‍ ആര്‍പ്പുവിളികളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ വരവേറ്റത്.
ഒരു ചിത്രം പ്രേക്ഷകന് ആസ്വാദ്യകരമാകണമെങ്കില്‍ ഒന്നുകില്‍ പുതിയൊരു കഥ ചിത്രത്തില്‍ കൊണ്ടുവരണം. അപ്പോഴുള്ള റിസ്ക്‌ ആ കഥ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നതിലുള്ള ആശങ്കയാണ്. അല്ലെങ്കില്‍പ്പിന്നെ അടുത്തവഴി പറഞ്ഞുപഴകിയ ഒരു കഥയില്‍ പുതുമയുള്ള കുറച്ചുസീക്വന്‍സുകള്‍ ചേര്‍ത്ത് വളരെ സ്റ്റൈലിഷ് ആയി പ്രേക്ഷകരെ ത്രസിപ്പിക്കുന്നരീതിയില്‍ ഒരു ചിത്രമൊരുക്കുക എന്നതാണ്. അങ്ങനെചെയ്യുന്നത് ഏറെ പരിശ്രമമുള്ള കാര്യമാണെങ്കിലും സംവിധായകന് കുറച്ചുകൂടി സേഫ് പ്ലേ ആണ്.  പ്രേക്ഷകന് കണക്റ്റ് ചെയ്യാനും റിലേറ്റ് ചെയ്യാനും സാധിക്കുന്ന കഥ ചിത്രത്തിന്‍റെ അടിത്തറയായി പ്രവര്‍ത്തിക്കും. അപ്പോഴുള്ള അടുത്തവെല്ലുവിളി കണ്ടുമറന്ന ശൈലികളില്‍നിന്ന് വേറിട്ട എന്തെങ്കിലും ചെയ്യുക എന്നതാണ്. പല സംവിധായകരും പരാജയപ്പെടുന്ന ഈ ഘട്ടത്തിലാണ് അറ്റ്‌ലീ തന്റെ കഴിവുതെളിയിക്കുന്നത്. പഴയൊരുകഥയെ രസകരമായ രീതിയില്‍, പുതുമയേറിയ ഒരു പാക്കേജായാണ് അദ്ദേഹം തെറിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫലം എന്തെന്നാല്‍, ചിത്രത്തിന്റെ തുടക്കത്തില്‍ 'ഇതൊക്കെ കണ്ടുമറന്ന സംഭവങ്ങള്‍ അല്ലേ' എന്നൊക്കെ തോന്നുമെങ്കിലും കുറച്ചുകഴിയുമ്പോഴേക്കും പ്രേക്ഷകന്‍ ചിത്രത്തിലേക്ക് absorb ആകപ്പെടുന്നു. ചുരുക്കം ചിലഘട്ടങ്ങളില്‍ ഒഴികെ പിന്നെയെവിടെയും 'കണ്ടുമറന്ന കാഴ്ചകള്‍', 'അതിഭാവുകത്വം', 'ലോജിക്കില്ലായ്മ' ഇവയൊന്നും അയാളെ പിന്നീട് അലോസരപ്പെടുത്തുന്നില്ല. നായകന്‍റെ ഹീറോയിസത്തിന് അയാള്‍ കയ്യടിക്കുകയും, നായകന്‍റെ ജീവിതത്തില്‍ ദുരന്തങ്ങള്‍ അരങ്ങേറുമ്പോള്‍ കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്നു. ചിത്രത്തിന്റെ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സിനെക്കുറിച്ച് വേവലാതിപ്പെടാതെ ചിത്രത്തിന്‍റെ ഒരു ഭാഗമായി രണ്ടരമണിക്കൂറിനുശേഷം തിരിച്ചുപോരുന്നു. അങ്ങനെസംഭവിക്കുമ്പോള്‍, തന്റെ target audienceല്‍ വലിയൊരുഭാഗത്തെയും തൃപ്തിപ്പെടുത്താനാകുമ്പോള്‍ സംവിധായകന്‍ തന്റെ ദൗത്യത്തില്‍ ലക്ഷ്യം കണ്ടു എന്ന് നിസംശയം പറയാം. അറ്റ്‌ലീ ഇവിടെ നേടിയതും മറ്റൊന്നല്ല. വിജയ്‌, സമാന്ത, രാധികാ ശരത്കുമാര്‍, രാജേന്ദ്രന്‍ തുടങ്ങിയ അഭിനേതാക്കളുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടുള്ള മാക്സിമം ലെവല്‍ പ്രകടനങ്ങള്‍തന്നെ കാഴ്ചവെപ്പിക്കാനും, ബേബി നൈനികയുടെ cuteness അരോചകമാവാത്തവിധത്തില്‍ അവതരിപ്പിച്ച് പ്രേക്ഷകമനസ്സുകളില്‍ ആ കുട്ടിയ്ക്ക് ഒരു സ്ഥാനം നേടിക്കൊടുക്കാനും അറ്റ്‌ലീയ്ക്ക് സാധിച്ചു. വില്ലന്‍ വേഷത്തില്‍ എത്തിയ സംവിധായകന്‍ ജെ.മഹേന്ദ്രനും (അഭിനയജീവിതത്തില്‍ ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെചിത്രം മാത്രമാണ്) തന്റെ വേഷം മികച്ചതാക്കി. തന്റെ അന്‍പതാമത്തെ ചിത്രത്തില്‍ ജീവി പ്രകാശ്കുമാര്‍ ഒരുക്കിയ ഗാനങ്ങള്‍ ശരാശരിനിലവാരം പുലര്‍ത്തിയെങ്കിലും പശ്ചാത്തലസംഗീതം മിക്കയിടങ്ങളിലും മികച്ചതായിരുന്നു. തമിഴ് സിനിമകളുടെ പശ്ചാത്തലസംഗീതത്തില്‍ അത്ര conventional അല്ലാത്ത ചെണ്ടയും മറ്റും ഫലപ്രദമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
അറ്റ്‌ലീ എന്ന വിജയ്‌ ഫാന്‍ ചുരുക്കം ചിലരംഗങ്ങളിലെങ്കിലും അറ്റ്‌ലീ എന്നസംവിധായകനെ മറികടക്കുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും പ്രേക്ഷകന്റെ പള്‍സ് അറിയാവുന്ന അറ്റ്‌ലീ എന്ന സംവിധായകന്‍തന്നെയാണ് മുന്നിട്ടുനിന്നത്. മെയിന്‍സ്ട്രീം തമിഴ് സിനിമയില്‍ കാണാവുന്നതിലും അല്‍പമധികം വയലന്‍സ് ഉള്‍പ്പെടുത്തിയത് ചിത്രത്തെ പ്രതികൂലമായി ബാധിക്കില്ല എന്ന് വിശ്വസിക്കാം. ലഭ്യമായ resourcesനെ ഉപയോഗിച്ച്, കുറച്ചുകൂടി ശക്തമായൊരു തിരക്കഥയുടെ അകമ്പടിയോടെ ഒരുപടികൂടി ഉയര്‍ന്നുനില്‍ക്കുന്ന ചിത്രമാക്കി ഒരുക്കാമായിരുന്നെന്ന് തോന്നിപ്പിക്കുമെങ്കിലും, ഒരുവിധം ലക്ഷണമൊത്ത ഒരു മസാലചിത്രംതന്നെയാണ് തെറി. ഒരു വിജയ്‌ ചിത്രത്തില്‍നിന്ന് എന്തുപ്രതീക്ഷിക്കാം എന്ന് പരിപൂര്‍ണ്ണബോധമുള്ളവര്‍ക്ക് ചെറിയപോരായ്മകള്‍ സൗകര്യപൂര്‍വ്വം മറന്നുകൊണ്ട് ആസ്വദിച്ചുകാണാവുന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം.

Thursday, March 31, 2016

10 Cloverfield Lane Movie Review

10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍ (10 Cloverfield Lane, 2016, English)
2008ല്‍ ക്ലോവര്‍ഫീല്‍ഡ് എന്നൊരു ചിത്രം പുറത്തിറങ്ങി. സവിശേഷമായ promotion രീതികള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ monster movie വലിയൊരു വിജയമാവുകയായിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ ലെറ്റ്‌ മി ഇന്‍, പ്ലാനെറ്റ് ഓഫ് ഏപ്സ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എന്നാല്‍ വളരെ രഹസ്യമായി ക്ലോവര്‍ഫീല്‍ഡിന് ഒരു തുടര്‍ച്ച അണിയറയില്‍ മറ്റൊരു സംവിധായകന്റെ കീഴില്‍ ഒരുങ്ങുന്നുണ്ടായിരുന്നു. ചിത്രത്തിന്റെ റിലീസിനു രണ്ടുമാസം മുന്‍പുമാത്രമാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതുതന്നെ. 10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍ എന്ന് പേരിട്ട ചിത്രം ക്ലോവര്‍ഫീല്‍ഡിന്റെ പൂര്‍ണ്ണമായൊരു തുടര്‍ച്ച അല്ലെങ്കിലും അതുമായി രക്തബന്ധം പുലര്‍ത്തുന്ന ഒന്നാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്. Dan Trachtenberg സംവിധാനം ചെയ്ത് Mary Elizabeth Winstead, John Goodman, John Gallagher Jr തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രം മാര്‍ച്ച്‌ 11ന് റിലീസ് ആവുകയും മികച്ച അഭിപ്രായത്തോടെ വിജയത്തിലേക്ക് കുതിക്കുകയും ചെയ്തു. ആദ്യചിത്രത്തിനുശേഷം സമീപഭാവിയില്‍ എപ്പോഴോ ആണ് ഈ ചിത്രത്തിലെ സംഭവങ്ങള്‍ അരങ്ങേറുന്നത്.

തന്റെ ബോയ്‌ഫ്രണ്ടിനെ കാണാനായി കാറില്‍ പോവുകയായിരുന്ന മിഷേല്‍ എന്ന യുവതി ഒരു ആക്സിഡന്റില്‍പ്പെടുന്നു. പിന്നീട് ബോധം തിരിച്ചുകിട്ടുമ്പോള്‍ അജ്ഞാതമായൊരിടത്ത് മുറിവുകള്‍ പരിചരിക്കപ്പെട്ടനിലയില്‍ സ്വയം കാണുന്ന മിഷേലിനെ തുടര്‍ന്നുനേരിട്ടത് അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ ആയിരുന്നു. തുടര്‍ന്ന്‍ മിഷേലിന്റെയും മിഷേലിനെ അവിടെ സംരക്ഷിക്കുന്നവരുടെയും ജീവിതങ്ങളില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്. ഇനിയെന്തുസംഭവിക്കും എന്നുള്ള ആകാംക്ഷ പ്രേക്ഷകമനസ്സുകളില്‍ സൃഷ്ടിക്കാന്‍ ചിത്രത്തിലുടനീളം സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെതന്നെയാണ് ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നത്.
പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. മിഷേലിനെ അവതരിപ്പിച്ച Mary Elizabeth Winstead കഴിവുള്ളൊരു നടിയാണ് താന്‍ എന്ന് വീണ്ടും തെളിയിച്ചു. മറ്റുസാങ്കേതികവിഭാഗങ്ങളിലെല്ലാം ചിത്രം മികച്ചനിലവാരം പുലര്‍ത്തി.
ചുരുക്കത്തില്‍ നല്ലൊരു ത്രില്ലറാണ് 10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം. കാണാന്‍ ശ്രമിക്കുക.
#ShyamNTK

Friday, March 25, 2016

They're Watching Movie Review

ദേ ആര്‍ വാച്ചിംഗ് (They're watching, 2016, English)
Jay Lender, Micah Wright എന്നീ ഇരട്ടസംവിധായകരുടെ കന്നിച്ചിത്രമാണ്‌ ദേ ആര്‍ വാച്ചിംഗ്. Brigid Brannagh, Mia Faith, Kris Lemche, David Alpay തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. ഒരു ടെലിവിഷന്‍ ഷോ ചിത്രീകരിക്കാനായി മോള്‍ഡോവയിലെ ഒരു ഗ്രാമത്തിലേക്ക് ചെല്ലുന്ന ഷൂട്ടിംഗ് ക്രൂവിന് നേരിടേണ്ടിവരുന്ന വിചിത്രമായ ദുരനുഭവങ്ങളെക്കുറിച്ചുള്ള ചിത്രമാണിത്.
അധികം വികസനമൊന്നും കടന്നുചെന്നിട്ടില്ലാത്ത ഒരു കൊച്ചുയൂറോപ്യന്‍ ഗ്രാമമാണ് പാവ്ലോവ്ക. വിചിത്രങ്ങളായ പല ആചാരാനുഷ്ഠാനങ്ങളും പിന്തുടരപ്പെടുന്ന, ഇരുന്നൂറോളം മാത്രം ജനസംഖ്യയുള്ള ഗ്രാമം. അവിടേയ്ക്ക് തങ്ങളുടെ ടിവി ഷോയുടെ ഒരു എപ്പിസോഡ് ഷൂട്ട്‌ ചെയ്യാനായി എത്തിയതാണ് ടെലിവിഷന്‍ പ്രൊഡ്യൂസര്‍ കേയ്റ്റും സംഘവും. ഗ്രാമത്തില്‍നിന്നല്‍പ്പം വിട്ടുമാറിയുള്ള ഒരു വീട്ടില്‍ ഷൂട്ടിംഗ് നിര്‍വഹിച്ച് തിരിച്ചുപോവുക എന്നലക്ഷ്യം മാത്രമുണ്ടായിരുന്ന അവരെ പക്ഷേ ആ ഗ്രാമത്തില്‍ കാത്തിരുന്നത് ഭീകരമായ മറ്റുചില പ്രശ്നങ്ങളായിരുന്നു. ആ പ്രശ്നങ്ങളില്‍നിന്ന് അവര്‍ രക്ഷപ്പെടുമോ, ഗ്രാമവാസികളുടെ വിചിത്രമായ പെരുമാറ്റത്തിന്റെ പിന്നിലെ കാരണമെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് കഥ പുരോഗമിക്കുമ്പോള്‍ പ്രേക്ഷകന് കാണാനാവുക.
പല ഫൗണ്ട് ഫൂട്ടേജ് ചിത്രങ്ങളിലെയും പോലെ കഥാപാത്രങ്ങളെ introduce ചെയ്യാനും അവരെ പ്രേക്ഷകര്‍ക്ക് പരിചിതരാക്കാനും ഏറെ സമയമെടുക്കുന്നുണ്ട് ഈ ചിത്രവും. എന്നാല്‍ വരാന്‍ പോവുന്ന സംഭവങ്ങളിലേക്ക് വ്യംഗ്യമായി വിരല്‍ചൂണ്ടുന്നുമുണ്ട് ഇതിനിടയിലുള്ള പല സംഭവങ്ങളും. പ്രേക്ഷകമനസ്സുകളില്‍ ഇടയ്ക്കൊക്കെ ഒരു അസ്വസ്ഥത ഉണര്‍ത്തി മുന്നോട്ടുപോവുന്ന ചിത്രത്തിന്റെ ഗതി അവസാനത്തോടടുക്കുമ്പോള്‍ മറ്റൊരുദിശയിലേക്ക് മാറുന്നു, ചിത്രത്തിന്റെ അവസാനത്തെ അരമണിക്കൂറോളം നേരം വളരെ ത്രില്ലിംഗാണ്. ബജറ്റ് ഇല്ലായ്മ പല ഗ്രാഫിക്സ് രംഗങ്ങളിലും മുഴച്ചുനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും അത്ര പ്രശ്നമായി തോന്നിയില്ല. അപ്രതീക്ഷിതമായരീതിയിലുള്ള ഒരു അന്ത്യമാണ് ചിത്രത്തിനുള്ളത്. അത്യാവശ്യം ത്രില്ലിംഗ് ആയൊരു ഹൊറര്‍ ചിത്രം കണ്ട സംതൃപ്തി മനസ്സില്‍ ഉണര്‍ത്താന്‍ ചിത്രത്തിനുസാധിച്ചു. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരൊക്കെ തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചു. അത്രയ്ക്ക് അഭിനയിച്ചുതകര്‍ക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഒന്നുംതന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഉള്ളരംഗങ്ങളൊക്കെ മോശമാക്കാതെതന്നെ എല്ലാവരും ചെയ്തു. ഇടയ്ക്കൊക്കെ വന്നുപോവുന്ന one liners പലതും രസകരമായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിലും, പല രംഗങ്ങളിലും 80sലെ ലൊ ബജറ്റ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഹോമേജ് നല്‍കിയത് interesting ആയിത്തോന്നി.
പല ബിഗ്‌ ബജറ്റ് ഹൊറര്‍ ത്രില്ലറുകളും ഒരു Impactഉം ഉണ്ടാക്കാതെ കടന്നുപോകുന്ന ഇക്കാലത്ത് അവയെക്കാളുമൊക്കെ മെച്ചപ്പെട്ട, അത്യാവശ്യം ത്രില്ലിംഗ് ആയൊരു അനുഭവമായിരുന്നു ദേ ആര്‍ വാച്ചിംഗ്. ലൊ ബജറ്റ് ഹൊറര്‍ ത്രില്ലറുകളുടെ ആരാധകരുടെ മനസ്സുനിറയ്ക്കാന്‍പോന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം.

Thozha Movie Review

തോഴ (Thozha, 2016, Tamil)
ബൃന്ദാവനം, യെവടു തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം വംശി പൈദിപ്പള്ളി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് തോഴാ. തെലുങ്കില്‍ ഊപ്പിരി എന്നപേരിലും തമിഴില്‍ തോഴാ എന്നപേരിലും ചിത്രീകരിക്കപ്പെട്ട ചിത്രത്തില്‍ നാഗാര്‍ജുന, കാര്‍ത്തി, തമന്ന, പ്രകാശ് രാജ് തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തി. ഫ്രഞ്ച് ചിത്രമായ ഇന്‍ടച്ചബിള്‍സിന്റെ ഒഫിഷ്യല്‍ remake ആയ തോഴ മലയാളനടിയായ കല്‍പനയുടെ അവസാനചിത്രംകൂടിയാണ്. ശരീരം തളര്‍ന്ന ഒരു ധനികനായ മനുഷ്യന്റെയും അയാളുടെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലപ്പെടുത്തിയ ഒരു ചെറുപ്പക്കാരന്റെയും ഹൃദയബന്ധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്.
ജയിലില്‍നിന്ന്‍ പരോളില്‍ പുറത്തിറങ്ങിയ സീനു നല്ലനടപ്പിനായി പല ജോലികളും തേടുന്നു. അങ്ങനെയിരിക്കെ വിക്രമാദിത്യ എന്ന ശരീരം തളര്‍ന്നുകിടക്കുന്ന ധനികനെ പരിപാലിക്കാനുള്ള ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ സീനു attend ചെയ്യുന്നു. അപ്രതീക്ഷിതമായി ആ ജോലി ലഭിച്ച സീനു അവിടെ ജോലിയ്ക്കുകയറുകയും നല്ലൊരു ബന്ധം കാലക്രമേണ സീനുവും വിക്രവും തമ്മില്‍ ഉടലെടുക്കുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രത്തില്‍ പ്രേക്ഷകന് കാണാന്‍ സാധിക്കുക. ഏതാണ്ട് മൂന്നുമണിക്കൂറോളം ദൈര്‍ഘ്യമുണ്ടെങ്കിലും ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രംതന്നെയാണ് തോഴാ. Over dramatic ആക്കാതെ ഒരുക്കിയ വൈകാരികരംഗങ്ങളും, കുറിയ്ക്കുകൊള്ളുന്ന ഹാസ്യവും നല്ലരീതിയില്‍ ഫലംകണ്ടു. മുന്‍ചിത്രങ്ങളില്‍നിന്ന് സംവിധായകന്‍ ഒരുപാട് മുന്നോട്ടുവന്നിട്ടുണ്ടെന്ന കാര്യം ചിത്രത്തിലുടനീളം വ്യക്തമാണ്. ഭാഷാപരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഒറിജിനലിനോട് നീതിപുലര്‍ത്തുന്നരീതിയിലുള്ള ഒരു റീമേക്ക് തന്നെയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും ഒരു ദ്വിഭാഷാചിത്രം ഒരുക്കിയപ്പോള്‍ അവിടെയുമിവിടെയും ചില്ലറ ഡബ്ബിങ്ങ് പ്രശ്നങ്ങളും മറ്റും സംഭവിച്ചിരുന്നു, എങ്കിലും അതൊക്കെ മറന്നുകളയാവുന്നതേ ഉള്ളൂ. പ്രധാനനടീനടന്മാരേക്കൊണ്ടൊക്കെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കാര്‍ത്തിയും നാഗാര്‍ജുനയും പ്രകാശ്‌ രാജുമൊക്കെ സ്വാഭാവികമായി, വളരെ ഈസി ആയാണ് തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തത്. പ്രത്യേകിച്ച് ഹാസ്യരംഗങ്ങളൊക്കെ കാര്‍ത്തി പ്രതീക്ഷിച്ചതിലും നല്ലരീതിയില്‍ ചെയ്തു. ഏറെ മിതത്വം നിറഞ്ഞ പ്രകടനമായിരുന്നു നാഗാര്‍ജുനയുടേത്. സ്ഥിരം eye candy റോളുകളില്‍നിന്ന് തമന്നയ്ക്ക് അല്‍പമെങ്കിലും മോചനം കിട്ടിയിരിക്കുന്നു ഈ ചിത്രത്തില്‍. മറ്റുവേഷങ്ങളില്‍ വന്ന കല്‍പനയും ജയസുധയുമൊക്കെ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഒന്നുരണ്ട് അതിഥിതാരങ്ങളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്, സ്പോയിലര്‍ ആകാമെന്നതിനാല്‍ ആരൊക്കെയാണെന്ന് പറയുന്നില്ല. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയത് ഗോപിസുന്ദര്‍ ആണ്, തന്റെ ജോലി അദ്ദേഹം ഭംഗിയാക്കി. മദന്‍ കര്‍ക്കി രചിച്ച ഗാനങ്ങളുടെ വരികള്‍ പലതും മികച്ചുനിന്നു, പി.എസ്.വിനോദിന്റെ ഛായാഗ്രഹണവും ഉന്നതനിലവാരം പുലര്‍ത്തി.
ചുരുക്കിപ്പറഞ്ഞാല്‍ ഒട്ടും മടുപ്പിക്കാത്ത, ആസ്വദിച്ചുകണ്ടിരിക്കാവുന്ന നല്ലൊരു ചിത്രമാണ് തോഴ. മിക്ക തമിഴ് മുഖ്യധാരാ ഫോര്‍മുലാചിത്രങ്ങളില്‍നിന്നും വ്യത്യസ്തമായി അധികം മസാല ചുവയ്ക്കാത്ത, ശരാശരി പ്രേക്ഷകന് ആസ്വദിക്കാനാവുംവിധം പാകത്തിന് രുചിയുള്ള ഒരു ചിത്രം. കാണാന്‍ ശ്രമിക്കാം.