Saturday, December 7, 2013

ഉണ്ടനും ഉണ്ടിയും....

ഈയിടെ രാമേട്ടന്റെ വീട്ടില്‍ പോയപ്പോഴാണ് ഉണ്ടന്റെയും  ഉണ്ടിയുടേയും കഥ ഒരിക്കൽക്കൂടി വായിക്കാൻ  സാധിച്ചത്‌. ബാലകഥകൾ എന്നോ മറ്റോ പേരുള്ള ഒരു മനോഹരമായ പുസ്തകത്തിൽ , പത്തുപതിനഞ്ച്  ഗുണപാഠ-പരോപകാര കഥകൾക്കൊപ്പം ഉണ്ടനും ഉണ്ടിയും ഉണ്ടായിരുന്നു. ഈ കഥ കേൾക്കാത്തവർക്കും, കേട്ട് മറന്നവർക്കും വേണ്ടി സംഗ്രഹം താഴെ കൊടുക്കുന്നു.



ഉണ്ടനും ഉണ്ടിയും ഒരു പണിയും ചെയ്യാൻ ഇഷ്ടമില്ലാത്തവരാണ്. ഒരിക്കൽ ഉണ്ടനും ഉണ്ടിക്കും അപ്പം തിന്നാൻ തോന്നുന്നു. അപ്പമുണ്ടാക്കുന്നതിനു വിറക് ശേഖരിക്കാനായി കാട്ടിൽപോകുന്ന ഉണ്ടാനെ ഒരു പുലിയമ്മാവൻ സഹായിക്കുന്നു. സഹായത്തിനു പകരമായി പത്തപ്പമാണ് പുലിയമ്മാവൻ ചോദിക്കുന്നത്. തിരിച്ചുവന്ന് അപ്പം ഉണ്ടാക്കിയെങ്കിലും കൊതി മൂത്ത ഉണ്ടനും ഉണ്ടിയും അപ്പങ്ങൾ മുഴുവനും തിന്നുതീർക്കുന്നു. പുലിയമ്മാവന് അപ്പം കൊടുക്കണ്ടേ? ഇനി എന്ത് ചെയ്യും? അപ്പോഴാണ്‌ ഉണ്ടന് ബുദ്ധി ഉദിക്കുന്നത്. അപ്പം തിന്നാൻ കൊതിയോടെ വരുന്ന പാവം പുലിയമ്മാവനെ കെണി വെച്ച് കിണറ്റിൽ വീഴ്ത്തുക!! അങ്ങനെ അവർ കെണികൾ തയ്യാറാക്കുന്നു, പാവം പുലിയമ്മാവൻ കെണിയിൽ പെട്ട് ഒടുവിൽ കിണറ്റിൽ വീണ് മരിക്കുന്നു!

എന്താ കഥ, ല്ലേ! പരിശ്രമത്തിന്റെയും പരോപകാരത്തിന്റെയും കഥകൾക്കിടയിൽ ഈ കഥയുടെ പ്രസക്തി എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല. ഇതിൽ നിന്ന് എന്താണ് വായനക്കാരായ കുഞ്ഞുങ്ങൾ  പഠിക്കേണ്ടത്? ഉപകാരംചെയ്യുന്നവനെ കിണറ്റിൽ തള്ളിയിട്ടു കൊല്ലാനോ? പറഞ്ഞ വാക്ക് പാലിക്കാതിരിക്കാനോ?

എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ഈ കഥ. എന്റെ സുഹൃത്തിന്  ഈ കഥ പറഞ്ഞുകൊടുത്തപ്പോൾ അവരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.

മുകളിലെ ചിത്രത്തിലുള്ള പുലിയമ്മാവനെ നോക്കൂ! എത്ര സന്തോഷത്തോടെയാണ് പുലിയമ്മാവൻ വിറക് ഉണ്ടന്റെ തലയിൽ  വെച്ചുകൊടുക്കുന്നത്! അതിനു പകരം പുലിയമ്മാവന്  കിട്ടിയതോ! താഴത്തെ ചിത്രത്തിൽ കാണുന്ന അവസ്ഥ!

 ഈ ചിത്രത്തിലെ പുലിയമ്മാവൻ എന്താവും ചിന്തിക്കുന്നുണ്ടാവുക! ഈ മനുഷ്യർക്ക്‌ ഉപകാരംചെയ്ത ഞാൻ എന്തൊരു വിഡ്ഢിയാണ് എന്നോ! എന്തുതെറ്റ് ചെയ്തിട്ടാണ് പുലിയമ്മാവനെ അവർ കിണറ്റിൽ വീഴ്ത്തിയത്? ചെയ്ത സഹായത്തിനുപകരമായി ഇത്തിരി അപ്പം ചോദിച്ചതോ? മരണമാണോ അതിനുള്ള ശിക്ഷ?? നാളെ ഇത്തിരി അരി കടം വാങ്ങിയതിന്റെ പണം തിരികെ ചോദിക്കാൻ വീട്ടില് ഏതെങ്കിലും കച്ചവടക്കാരൻ വന്നാൽ അയാളെയും ഇവർ  കിണറ്റിൽ വീഴ്ത്തുമോ? ഈ കഥ വായിച്ചാൽ പിന്നെ കുട്ടികൾ മറ്റൊരാൾക്ക് എന്തെങ്കിലും സഹായം ചെയ്യുന്നതിനുമുൻപ് ഒന്നാലോചിക്കും. ഈ കഥ വായിച്ചതിനുശേഷമാകാം പുലികൾ നാട്ടിലേക്ക് ഇരപിടിക്കാൻ ഇറങ്ങാൻ തുടങ്ങിയത്!

വാൽക്കഷ്ണം: യുറീക്കയിൽ പണ്ട് ഈ കഥയുടെ ഒരു പുനരാവിഷ്കാരം വായിച്ചതായി ഓർക്കുന്നു. അതിൽ കെണികൾ മറികടന്ന് കിണറ്റിൻ വക്കതെതുന്ന പുലിയമ്മാവൻ ഒരു കല്ലെടുത്ത്‌ കിണറ്റിലിടുന്നു. മണ്ടനായ പുലിയമ്മാവൻ കിണറ്റില വീണെന്ന് കരുതി വാതിൽ തുറന്നുവരുന്ന ഉണ്ടനോടും ഉണ്ടിയോടും പുലിയമ്മാവൻ ചോദിക്കുന്നു, 'എന്റെ അപ്പം എവിടെ???'.
യഥാര്‍ത്ഥകഥയിലും അങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുകയാണ്!

ഈ കഥ മുഴുവനും വായിക്കേണ്ടവര്‍ ഈ പിഡിഎഫ് ഡൌണ്‍ലോഡ് ചെയ്ത് വായിക്കുക.