11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ആഗസ്റ്റ് രണ്ടിന്, ആകാംക്ഷയും ഭയവും കൗതുകവും ഇടകലര്‍ന്ന മനസ്സുകളുമായി ഒരുപറ്റം കുട്ടികളും രക്ഷിതാക്കളും ആ വിദ്യാലയാങ്കണത്തില്‍ എത്തിച്ചേര്‍ന്നു. വെള്ളപ്പെയിന്ടുകൊണ്ട് പേരും റോള്നമ്പരും എഴുതിയ കറുത്ത ട്രങ്ക് പെട്ടിയും മറ്റു അവശ്യസാധനങ്ങളും അടുക്കി വെച്ചതിനു ശേഷം 'അടുത്തയാഴ്ച വരാം, നല്ല കുട്ടിയായി ഇരിക്കണം' എന്നുപറഞ്ഞു അച്ഛനും അമ്മയും ഗേറ്റ് കടന്നപ്പോള്‍ അവരെ നോക്കിനിന്ന പിഞ്ചുകണ്ണുകള്‍ നനഞ്ഞിരുന്നു.
ആ കണ്ണീരു തോരാന്‍ ചിലര്‍ക്ക് ആഴ്ചകളും ചിലര്‍ക്ക് മാസങ്ങളും മറ്റുചിലര്‍ക്ക് വര്‍ഷങ്ങളും വേണ്ടിവന്നു.
10.30 നു ലൈറ്റ് ഓഫ് ചെയ്തതിനു ശേഷം കണ്ണീരില്‍ കുതിര്‍ന്ന തലയിണയില്‍ മുഖമമര്‍ത്തി വീണ്ടും വീണ്ടും വിതുമ്പിയ എത്ര രാത്രികള്‍..
ഓരോ മാസത്തിലെയും രണ്ടാം ശനിയാഴ്ച ആവാന്‍ ഇനി എത്ര മണിക്കൂറുകള്‍, മിനിട്ടുകള്‍, സെക്കന്റുകള്‍ എന്നൊക്കെ കണക്കുകൂട്ടി ഓരോ നിമിഷവും പ്രതീക്ഷയുടെ മധുരം നുണഞ്ഞ എത്ര നാളുകള്‍..
അച്ഛനമ്മമാര്‍ കൊണ്ടുവരുന്ന പലഹാരങ്ങള്‍ സീനിയേര്‍സ് കാണാതെ പരസ്പരം പങ്കുവെച്ചു വളര്‍ന്നുവന്ന ഇത്രയേറെ സൗഹൃദങ്ങള്‍..
'വൂളന്‍ ത്രെഡ് കൊണ്ട് ഞാന്‍ ഉണ്ടാക്കിയ മുത്തുക്കുട അവള്‍ പൊട്ടിച്ചു', 'ഞാന്‍ ഡ്രസ്സ് വാഷ് ചെയ്യാന്‍ പിടിച്ച സ്ഥലത്ത് അവന്‍ ഡ്രസ്സ് വാഷ് ചെയ്തു' എന്നൊക്കെ പറഞ്ഞു ഒന്നോ രണ്ടോ ഉന്തിലും തള്ളിലും, ഒടുവില്‍ കണ്ണീരില്‍ കലര്‍ന്ന ഒരു പുഞ്ചിരിയിലും ഇണക്കാമാവുന്ന എത്ര പിണക്കങ്ങള്‍..
അറിവ് പകര്‍ന്നുതരുന്നതിനോടൊപ്പം നമ്മുടെ വ്യക്തിത്വവികസനത്തിലും അതീവശ്രദ്ധ പുലര്‍ത്തിയിരുന്ന നമ്മുടെ അധ്യാപകര്‍. ചെറിയ വഴക്കുകള്‍ക്കിടയിലും നാം സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചിരുന്ന നമ്മുടെ സീനിയേര്‍സ്. 3 ചപ്പാത്തി കഴിച്ച് മതിവരാതെ മടങ്ങുന്ന നമ്മെ വിളിച്ച ബാക്കിവരുന്ന ചപ്പാത്തി സ്നേഹപൂര്‍വ്വം തരുന്ന മെസ്സ് ജീവനക്കാര്‍..
ഇത്രയേറെ മനോഹരമായ ഒരു വിദ്യാര്‍ഥി ജീവിതം ലഭിച്ച നമ്മള്‍ ഏവരും ഭാഗ്യമുള്ളവരാണ്.. അത്കൊണ്ടായിരിക്കാം അവിടം വിട്ടു മടങ്ങുമ്പോള്‍ നമ്മുടെ കണ്ണുകള്‍ നിറഞ്ഞിരുന്നത്..
കാലമെത്ര കഴിഞ്ഞാലും നമ്മുടെ ഹൃദയങ്ങളില്‍ ആ ഓര്‍മ്മകള്‍ വാടാതെ പൂത്തുനില്‍ക്കട്ടെ.. ആ ഓര്‍മ്മകള്‍ നെഞ്ചില്‍ ഏറ്റിക്കൊണ്ട് നമുക്കൊന്നിച്ച് പാടാം..
"हम नवयुग की नयी भारती नयी आरती
हम नवयुग की नयी भारती नयी आरती
हम स्वराज की रिजा नवल भारत की नवलय हो
नव सूर्योदय नव चंद्रोदय
हमी नवोदय हो "