സീത
"അമ്മേ, എന്റെ മാത്സ് നോട്ട്.ബുക്ക് എവിടെ? അമ്മ ഇന്നലെ നോക്കിയിട്ട് എവിടെയാ വെച്ചത്? "
ഇഡ്ഡലിത്തട്ടില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം ഇഡ്ഡലികള്‍ വേര്‍പെടുത്തി കാസറോളിലേക്ക് വെയ്ക്കുന്ന പ്രവൃത്തിയില്‍ വ്യാപൃതയായിരുന്ന സീതയ്ക്ക് തന്റെ മകന്റെ ചോദ്യം കേട്ടപ്പോള്‍ തെല്ലൊന്നരിശം വന്നു. എങ്കിലും, ആ അരിശം ഇഡ്ഡലികളിലേക്കോ, പറയുന്ന വാക്കുകളിലേക്കോ പടരാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് സീത പറഞ്ഞു. "ആ ടീപ്പോയിന്റെ മുകളില്‍ ഉണ്ടാവും അപ്പൂ, നേരെ നോക്കൂ"
ഇഡ്ഡലി ഒരാളുടെ ജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണോ? സീതയുടെ ഉത്തരം അതെ എന്നായിരിക്കും. ഓരോ ഇഡ്ഡലിയുടെയും ആകൃതി കിറുകൃത്യം ആകണമെന്ന കാര്യത്തില്‍ കണിശക്കാരനാണ് രാഘവേട്ടന്‍. വക്കുകള്‍ ചെറുതായി അടര്‍ന്നു പോയാലോ, ഇടയിലൂടെ ചെറിയ വിള്ളലുകള്‍ വന്നാലോ ഒക്കെ അദ്ദേഹം കണക്കിന് ശകാരിക്കും. ഇത്രേം മുന്‍ശുണ്‍ഠിയൊക്കെ കല്യാണത്തിന് മുന്‍പ് എവിടെയായിരുന്നു ആവോ!
'യഥാര്‍ത്ഥത്തില്‍ എന്തിനാ ഈ കല്യാണം എന്ന ഏര്‍പ്പാട്? സന്തോഷമായി നടക്കുന്ന രണ്ടാളുടെ ജീവിതങ്ങളിലെ സന്തോഷം കളയാനോ? വിവാഹത്തിന് മുന്‍പുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഇത്രമാത്രം സന്തോഷവതിയായിരുന്നോ എന്ന് തോന്നിപ്പോവാറുണ്ട്. അല്ല, ഇപ്പോള്‍ സന്തോഷത്തിനു എന്താ ഒരു കുറവ്? സ്നേഹിച്ച ആള്‍ തന്നെ കൂടെയില്ലേ? മിടുക്കന്മാരായ രണ്ടു കുട്ടികളില്ലേ? സ്വന്തമായി വീടും കാറുമില്ലേ? വീട്ടിലെ പണിയ്ക്ക് വസുന്ധരാമ്മ ഇല്ലേ? രാഘവേട്ടന്‍ നിസാരകാര്യങ്ങള്‍ക്ക് വഴക്ക് പറയുമ്പോള്‍ വസുന്ധരാമ്മയാണ് സമാധാനിപ്പിക്കാറുള്ളത്. "മോളേ, സാക്ഷാല്‍ സീതാദേവിയുടെ പേരാണ് മോള്‍ക്ക്. ക്ഷമിക്കണം, ഭൂമിയോളം ക്ഷമിക്കണം."
ഭൂമിയോളം ക്ഷമിക്കാം, അതും കഴിഞ്ഞാലോ? ചില സമയത്ത് പോയി കിണറ്റില്‍ ചാടാന്‍ തോന്നും, ചട്നിയില്‍ ഉപ്പു കൂടിയെന്നും പുട്ടില്‍ തേങ്ങ പോരെന്നും ഒക്കെ പറഞ്ഞു വഴക്കുപറയുന്നത് കേള്‍ക്കുമ്പോള്‍.
പിന്നെ തന്നോടല്ലേ ഇങ്ങനെയൊക്കെ പറയാന്‍ പറ്റൂ എന്നോര്‍ത്തു ക്ഷമിക്കും, സമാധാനിക്കും..’
"സീതേ, ഭക്ഷണം എടുത്തുവെച്ചോളൂ, എനിക്കിറങ്ങാന്‍ സമയമാവാറായി." രാഘവേട്ടന്റെ വാക്കുകള്‍ സീതയെ ചിന്തയില്‍ നിന്നുമുണര്‍ത്തി. ഭക്ഷണസാധനങ്ങള്‍ തീന്മേശയില്‍ കൊണ്ടുവെച്ചുകൊണ്ട് സീത അടുക്കളയിലേക്കു തിരിച്ചുനടന്നു.
രാഘവേട്ടന്റെയും കുട്ടികളുടെയും ഭക്ഷണം കഴിയുമ്പോഴേക്കും ഉച്ചഭക്ഷണം പാത്രങ്ങളിലാക്കണം. അവരെ പറഞ്ഞയച്ചതിനു ശേഷം വസുന്ധരാമ്മയ്ക്ക് എന്തെങ്കിലും ഭക്ഷണം കൊടുത്തു സ്വയം എന്തെങ്കിലും കഴിച്ചെന്നു വരുത്തിയിട്ട് വേണം ഓഫീസില്‍ പോകാന്‍ .
"അമ്മേ, ഈ ഉണ്ണി
കാര്‍ട്ടൂണ്‍ കാണാന്‍ സമ്മതിക്കുന്നില്ല" ഊണ്‍മേശയില്‍ കുട്ടികളുടെ വഴക്കിന്റെ ശബ്ദം കേട്ട സീത തലയ്ക്കു കൈ വെച്ചുകൊണ്ട് അവര്‍ക്കടുത്തേക്ക് ഓടി. "മിണ്ടാതിരുന്നു കഴിച്ചോളൂ
രണ്ടാളും, അച്ഛന്‍ വന്നാല്‍ നല്ല വഴക്ക് കേള്‍ക്കും.
ഇരട്ടകളാണെന്നു പറഞ്ഞിട്ടെന്താ, എപ്പോഴും തമ്മില്‍തല്ലാ
രണ്ടാളും" പകുതി കുട്ടികളോടും പകുതി തന്നോടുതന്നെയും പറഞ്ഞുകൊണ്ട് സീത അടുക്കളയിലേക്കു നടന്നു.
ചോറ്റുപാത്രങ്ങളില്‍ ഭക്ഷണം
നിറയ്ക്കുകയായിരുന്ന സീത എന്തോ ഉടയുന്ന ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു. "സീതേ, സീതേ!" എന്ന അലര്‍ച്ച പിന്നാലെ വരുന്നതുകെട്ട സീത ഹാളിലെക്കോടി. ങ്ങും, ഇത്തവണ പ്ലേറ്റ് ആണ് പൊട്ടിച്ചിരിക്കുന്നത്.
"നിന്നോട് എത്ര തവണ പറയണം ഇഡ്ഡലി നേരെ ഉണ്ടാക്കാന്‍? എത്രവര്‍ഷമായി ഇത് തുടങ്ങിയിട്ട്? ഇത്രേം കാലമായി ഇതുകൂടി നേരെ ചെയ്യാന്‍ വയ്യ! എന്തൊരു കഷ്ടാ ഇത്! ഞാന്‍ വെറുതെ രാത്രിയും പകലും അധ്വാനിച്ചിട്ടു ഒരു നല്ല ഭക്ഷണം പോലും കിട്ടുന്നില്ലെങ്കില്‍ പിന്നെന്തിനാ ഇങ്ങനെ ജീവിക്കുന്നത്? രണ്ടു കുട്ടികളുടെ അമ്മയായി, എന്നിട്ടും ഒരു വസ്തു നേരാംവണ്ണം ചെയ്യാന്‍ വയ്യ, നാശം!"
സീത വിക്കിവിക്കി പറഞ്ഞു, "ശ്ര.. ശ്രദ്ധിച്ചിട്ടാ ഉണ്ടാക്കിയത്.."
"ങ്ങും, ശ്രദ്ധിച്ചിട്ടാണത്രേ!
ഇത് കണ്ടില്ലേ? ഇതെന്താ ഈ
ഇഡ്ഡലി ഇങ്ങനെ? ഇതിന്റെ
നടുവില്‍ ഇതാ ഒരു വിള്ളല്!" രാഘവേട്ടന്‍ ആ ഇഡ്ഡലി എടുത്ത് നിലത്തേക്ക് എറിഞ്ഞു.
"ഒരിത്തിരി ചായ കിട്ടിയിരുന്നെങ്കില്‍ അതെങ്കിലും കുടിച്ചിട്ട് പോവാമായിരുന്നു, നാശം! ഏതു മറ്റവനെ ഓര്‍ത്തു നിന്നിട്ടാണാവോ ഉണ്ടാക്കുന്ന ഇഡ്ഡലിയൊക്കെ ഇങ്ങനെ കേടുവരുന്നത്!"
സീത വീണുകിടക്കുന്ന ഇഡ്ഡലിയിലേക്ക്
സൂക്ഷിച്ചുനോക്കി. എല്ലാവരും സീതയെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. സാധാരണ പേടിയോടെയും ഈര്‍ഷ്യയോടെയും മാത്രം അച്ഛനെ നോക്കുന്ന മക്കള്‍ അവരുടെ അച്ഛന്
ഫ്ലാസ്കില്‍ നിന്ന് ചായ പകര്‍ന്നുകൊടുക്കുന്നത് അതിനിടെ സീത കണ്ടു. വസുന്ധരാമ്മയെ നോക്കിയ സീതയ്ക്ക് അവരുടെ കണ്ണുകളില്‍ ഒരുതരം
വാത്സല്യമാണ് കാണാന്‍ കഴിഞ്ഞത്.
'ഭൂമിയോളം ക്ഷമിക്കാം, അതും കഴിഞ്ഞാലോ?' സീത അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് കണ്ണടച്ച് കൈകള്‍ കൂപ്പി. അപ്പോള്‍ നിലത്ത്, താഴെ കിടക്കുന്ന ഇഡ്ഡലിയിലേതുപോലെയുള്ള
ഒരു വിള്ളല്‍
പ്രത്യക്ഷപ്പെട്ടു. ക്രമേണ ആ വിള്ളല്‍ വിടര്‍ന്നുവന്നു ഒരു ഗര്‍ത്തമായി മാറി. അതില്‍നിന്ന് അഗ്നിസ്ഫുലിംഗങ്ങള്‍ ബഹിര്‍സ്ഫുരണം ചെയ്യുന്നുണ്ടായിരുന്നു. പൊടുന്നനെ അതില്‍നിന്ന്
ഒരു പ്രകാശഗോളം ഉയര്‍ന്നുവന്നു.
സീത സ്വന്തം അമ്മയെയെന്നോണം അതിനെ ആലിംഗനം ചെയ്തു. സീതയെ തന്റെയുള്ളിലേക്കെടുത്തുകൊണ്ട് ആ പ്രകാശഗോളം ഒരമ്മയുടെ ഗര്‍ഭപാത്രത്തിലേക്കെന്നവണ്ണം ആ ഗര്‍ത്തത്തിന്റെ അടിയിലേക്ക്
കടന്നുപോയി.
ക്രമേണ അഗ്നിസ്ഫുലിംഗങ്ങള്‍ നിലച്ചു, ആ വിള്ളല്‍ ചെറുതായിച്ചെറുതായി ഒടുവില്‍ ഇല്ലാതായി. ഒന്നും
നടന്നിട്ടില്ലെന്ന വിധം അവിടം ശാന്തമായി. സ്തബ്ധരായി രാഘവേട്ടനും കുട്ടികളും പരസ്പരം നോക്കി.
അതിനിടെ നിലത്ത് കിടക്കുന്ന ഇഡ്ഡലിയിലേക്ക് നോക്കിക്കൊണ്ട് ഉണ്ണി പറഞ്ഞു, "അച്ഛാ, ഇഡ്ഡലിയില്‍
ആ വിള്ളല്‍ കാണാനില്ല!! "