Sunday, April 15, 2012

എം.ടിയില്‍ നിന്ന് ഭാസ്കറിലേക്ക് എത്ര ദൂരം?

വിനീത് എംടിയും ഞാനും

























“ഛായാഗ്രാഹകര്‍ : വിനീത്.എം.ടി, ജിജോ ജോസ്” 
“ഡോ, ഇങ്ങനെ പോരേന്നു നോക്കൂ!”

കമ്പ്യൂട്ടറില്‍ ഏതോ നവദമ്പതികളുടെ വിവാഹ സീഡിയുടെ മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന വിനീത്.എം.ടിയോട്‌ ഞാന്‍ ലാപ്ടോപ്പിന്റെ മോണിട്ടര്‍ അദ്ദേഹത്തിന്റെ നേരെ നീട്ടിക്കൊണ്ടു ചോദിച്ചു. 

“ഡാ ശ്യാമാ, അന്റെ മണ്ടക്ക് ഒന്ന് തന്നാണ്ടലോ, വിനീത് ഭാസ്കര്‍ എന്നാക്കാന്‍ ഞാന്‍ പറഞ്ഞതല്ലേ?”

ഓ, ശരിയാണ്, വൈകുന്നേരം കുളത്തില്‍ നീന്തിക്കൊണ്ടിരിക്കുമ്പോള്‍ അങ്ങനെ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.

“മര്യാദക്ക് അത് മാറ്റിക്കോട്ടാ എക്കാ”
  
എന്റെ ഓര്‍മ്മ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് പിന്നോട്ടോടി. അച്ഛനുമമ്മയ്ക്കുമൊപ്പം കറുത്ത ട്രങ്ക് പെട്ടിയുടെ അകമ്പടിയോടെ സ്കൂള്‍ ഗേറ്റിനു മുന്‍പില്‍ നില്‍ക്കുന്ന അനേകം കുട്ടികള്‍ക്കിടയില്‍ ഒരു കുട്ടിയുടെ പെയിന്റ് അടിക്കാത്ത പെട്ടിയില്‍ വെളുത്ത പെയിന്റ് കൊണ്ട് എഴുതിയിരിക്കുന്നത് ഞാന്‍ വായിച്ചു. “Vineeth M.T, Roll No: 1181, Udayagiri House”
 
“അമ്മേ, ദാ നോക്കൂ, ആ കുട്ടീം ഉദയഗിരി ആണ്”.

അമ്മ ഒരു പുഞ്ചിരി സമ്മാനിച്ച് അച്ഛനുമായുള്ള സംഭാഷണത്തില്‍ വ്യാപൃതയായി. 
 
പിന്നീട് ഡിവിഷന്‍ തിരിച്ചപ്പോള്‍ ‘VI – A’ ക്ലാസ്സില്‍ ഉദയഗിരി ഹൗസിലെ രണ്ട് ആണ്‍കുട്ടികള്‍ മാത്രം. ഞാനും വിനീത്.എം.ടിയും. ബാക്കി പത്തുപേരും ‘VI – B’ യില്‍ , എന്റെ ഉറ്റമിത്രമായ നവീന്‍ അടക്കം.

ആദ്യ യൂനിറ്റ്‌ ടെസ്റ്റ്‌ കഴിഞ്ഞപ്പോള്‍ വിനീത്.എം.ടിയുടെ മാര്‍ക്കിന്റെ വൈഭവം കാരണം സ്വാഭാവികമായും അദ്ദേഹം ‘റെമഡിയല്‍ ’ ലിസ്റ്റില്‍ അകപ്പെട്ടു. അന്ന് ക്ലാസ്സ്‌ ഫസ്റ്റായിരുന്ന (അതെ, ഞാന്‍ അന്നൊക്കെ ഒരു സംഭവം ആയിരുന്നു!!) എന്റെ കൈകളിലാണ് അന്ന് മോളി മാഡം വിനീത്.എം.ടിയെ ഏല്‍പ്പിച്ചത്‌.

VI – A യില്‍ രണ്ടു വിനീത് ഉണ്ട്. വിനീത്.എം.ടിയും വിനീത് വിജയന്‍ . ടി.പി.എസ്സും. ടി.പി.എസ്സിനെ എല്ലാവരും വിനീത് വിജയന്‍ എന്നും തമിഴ്നാട് പോലിസ്‌ സര്‍വീസ്‌’ എന്നും ഒക്കെ വിളിച്ചപ്പോഴും വിനീത്.എം.ടിക്ക് എന്നും ഒരേ പേരായിരുന്നു, വിനീത്.എം.ടി എന്നുതന്നെ.

പിന്നീട് ഏഴിലും എട്ടിലും ഒക്കെ എത്തിയപ്പോഴേക്കും പേരുകളുടെ എണ്ണം കൂടിയിരുന്നു, ശ്യാം ചാമി, ചാമിക്കൊറ്റന്‍ , ചൈന ക്ലേ ഇവയൊക്കെ ആയപ്പോള്‍ വിനീത്.എം.ടിയെ മട്ടി, മട്ടന്‍ , സുദര്‍ശന്‍ എന്നൊക്കെയാണ് ബാക്കി ഉള്ളവര്‍ വിളിച്ചിരുന്നത്. പക്ഷെ ഞാന്‍ വിനീത്.എം.ടിക്കായി സ്വന്തമായി പേരുകള്‍ സൃഷ്ടിച്ചു. മോടിഷ്, മോടിഷ് ബാബു, ബോശന്‍ , മോടിഷ് ബോശന്‍ , എന്നൊക്കെ ആയിരുന്നു അവ. ‘വിനീതമോടിഷ് ബാബു’ എന്ന് ഈണത്തില്‍ പറയാന്‍ എന്തൊരു രസമാണെന്നോ!

ബോശന്‍ എന്നതിന്റെ അര്‍ഥം എനിക്ക് ഇന്നേവരെ അറിയില്ല. പലപ്പോഴും അങ്ങനെ വിളിക്കുന്നതില്‍ നിന്ന് വിനീത്.എം.ടി എന്നെ വിലക്കിയിരുന്നു, ആ വിലക്കുകള്‍ ഒന്നും വകവെക്കാതെ ആ വിളി തുടര്‍ന്ന എന്നെ ഒരിക്കല്‍ വിനീത്.എം.ടി അച്ഛനു വിളിച്ചു. അതിനു ഞങ്ങള്‍ കുറെ നേരം അടി കൂടുകയും ചെയ്തു. പക്ഷെ എത്ര അടി കൂടിയാലും ഞങ്ങള്‍ പെട്ടെന്നുതന്നെ ഇണങ്ങുമായിരുന്നു (ക്ലീഷേ, പക്ഷെ സത്യമാണ്!!).

ആ വഴക്കിനു ശേഷം ഞാന്‍ ബോശന്‍ വിളി നിര്‍ത്തി. ബോശന്‍ എന്നത് അവരുടെ പ്രദേശത്തെ വല്ല ആരാധനാമൂര്‍ത്തിയുടെയും പേരായിരിക്കും എന്ന് ഞാന്‍ വിചാരിച്ചു. ഈയിടെ വിനീത്.എം.ടിയെ കണ്ടപ്പോള്‍ ഞാന്‍ ബോശന്റെ അര്‍ഥം ചോദിച്ചു. “ആവേ” എന്നാ മറുപടിയായിരുന്നു എനിക്ക് കിട്ടിയത്‌.. ഓഹോ, അപ്പൊ അങ്ങനെ ഒരു വാക്കില്ലല്ലേ! ഇല്ലാത്ത ഒരു വാക്കിന്റെ പേരിലായിരുന്നു അപ്പൊ അത്രയും വഴക്ക് നടന്നത്.

പറഞ്ഞുവന്ന കാര്യം അതല്ല. സന്ധ്യാ മാഡത്തിന്റെ SUPW പിരീഡില്‍ ഒന്നിച്ച് പുല്ലുപറിച്ചും, സ്റ്റഡി ടൈമില്‍ വിനീത്.എം.ടിക്ക് പഠിപ്പിച്ചുകൊടുക്കുക എന്ന വ്യാജേന മലയാള പദ്യങ്ങള്‍ ചൊല്ലിയും, പാരഡികള്‍ ഉണ്ടാക്കിയും, രാത്രി ഡോര്‍മട്രിയിലെ സ്റ്റഡി ടൈമില്‍ സംസാരിച്ചതിന് റഫീക്ക്‌ ഏട്ടന്റെ കയ്യില്‍ നിന്ന് അടി വാങ്ങിയും, അതിരാവിലെ രവീന്ദ്രന്‍ സാറിന്റെ “ഡോ ഡോ എണീക്കെടോ” എന്ന വിളി കേട്ടുണര്‍ന്നും ഞങ്ങള്‍ വളര്‍ന്നു. ടൈഗര്‍ , പാര്‍ലെ-ജി, ചായ്‌ ബിസ്കൂട്ട് തുടങ്ങിയ അമൂല്യവസ്തുക്കള്‍ പരസ്പരം പങ്കുവെച്ചും, പലപ്പോഴും ആരും കാണാതെ ഒറ്റയ്ക്ക് ‘മണുങ്ങി’ കഴിച്ചും ഞങ്ങള്‍ വളര്‍ന്നു. അപ്പോഴും വിനീത്.എം.ടിയെ ഞാന്‍ വിനീത്.എം.ടി എന്നുതന്നെയാണ് വിളിച്ചിരുന്നത്.

കാലം കടന്നുപോയി. പത്താം ക്ലാസിനു ശേഷം വിനീത്.എം.ടി അദ്ദേഹത്തിന്റെ നാട്ടിലെ ഒരു സ്കൂളില്‍ ചേര്‍ന്നു. പതിനൊന്നാം ക്ലാസ്സ്‌ നവോദയയില്‍ തുടങ്ങിയെങ്കിലും ചില കാരണങ്ങളാല്‍ രണ്ടു മാസത്തിനു ശേഷം ഞാനും നവോദയ വിട്ട് ചെര്‍പ്പുളശ്ശേരി ഇംഗ്ലീഷ് മീഡിയം സെന്‍ട്രല്‍ സ്കൂളില്‍ ചേര്‍ന്നു.

പിന്നെ ഞങ്ങള്‍ കാണുന്നത് 2006ലാണ്. അന്ന് എന്റെ വീട്ടിലേക്ക്‌ വന്ന വിനീത്.എം.ടി ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ചിത്രം കണ്ട് “ഇതാരാ, മുത്തശ്ശനാ?”എന്ന് ചോദിച്ചത് എന്റെ അച്ഛനെയും അമ്മയെയും ഒരുപാട് ചിരിപ്പിച്ചു. അന്നാണ് ഞങ്ങള്‍ ‘കൊമാല’ എന്ന കഥ ഒരു ഷോര്‍ട്ട് ഫിലിം ആക്കാന്‍ തീരുമാനിച്ചതും ഞാന്‍ അതിന്റെ തിരക്കഥ എഴുതാന്‍ തുടങ്ങിയതും. എന്തായാലും അത് നടന്നില്ല. പക്ഷെ അന്നും വിനീത്.എം.ടി വിനീത്.എം.ടി തന്നെയായിരുന്നു.

പിന്നെ വിനീത്.എം.ടി ആനിമേഷന്‍ കോഴ്സിനു ചേര്‍ന്നു, ഡിഗ്രിക്ക് ചേര്‍ന്നു, കല്യാണ വീഡിയോ വര്‍ക്ക്‌ ചെയ്യുന്നുണ്ട് എന്നൊക്കെ പലപ്പോഴായി അറിയാന്‍ കഴിഞ്ഞു. പിന്നീടൊരിക്കല്‍ ഞങ്ങള്‍ സംവിധായകന്‍ /നടന്‍ എം.ജി.ശശിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്റെ ‘ജാനകി’ എന്ന സിനിമ കണ്ടു. അന്നും ഞാന്‍ ശശി സാറിനെ കണ്ട ഉടനെ പറഞ്ഞത്‌ ‘ഞാന്‍ ശ്യാം, ഇത് വിനീത്.എം.ടി’ എന്നായിരുന്നു. എന്തിനേറെ, രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ്‌ ഞങ്ങളുടെ സുഹൃത്തായ രശ്മിയെ കണ്ടപ്പോഴും ഞാന്‍ അവരോട് പറഞ്ഞത്  ‘ഞങ്ങള്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നുണ്ട്, വിനീത്.എം.ടിയും ഉണ്ട് കൂടെ’ എന്നായിരുന്നു.


“ഡാ, നിന്നോട് മാറ്റാനല്ലേ പറഞ്ഞത്‌?” വിനീത്.എം.ടിയുടെ ഗര്‍ജനം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി. ഇതാ, വിനീത്.എം.ടി എന്നോട് വിനീത്.എം.ടി എന്നത് വിനീത് ഭാസ്കര്‍ ആക്കാന്‍ പറയുന്നു!! പന്ത്രണ്ടു കൊല്ലമായി വിനീത്.എം.ടി, വിനീത്.എം.ടി എന്ന് മാത്രം വിളിക്കുന്ന എന്നോട്!!.

ഞാന്‍ സംവിധാനം ചെയ്ത് വിനീത്.എം.ടിയും ജിജോയും ക്യാമറകള്‍ ചലിപ്പിച്ച ഞങ്ങളുടെ ആദ്യത്തെ ഷോര്‍ട്ട് ഫിലിമിന്റെ ടൈറ്റില്‍ എഴുതാന്‍ എനിക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലേ?

ഞാന്‍ പറഞ്ഞു, “എടോ എം.ടിയാണ് നല്ലത്. അതാണ്‌ ഭാഗ്യം.എം.ടി. വാസുദേവന്‍ നായര്‍ തന്നെ ഉദാഹരണം. ഭാസ്കര്‍ വെച്ചാല്‍ അധികം ശ്രദ്ധിക്കപ്പെടില്ല. ‘കറന്‍സി’യുടെ സംവിധായകന്‍ സ്വാതി ഭാസ്കറിനെ അറിയില്ലേ?” (ഇവിടെ ഗാനരചയിതാവ്‌/സംവിധായകന്‍ പി. ഭാസ്കരന്റെ ആത്മാവും, വിഷ്ണു പി ഭാസ്കരനും എന്നോട് ക്ഷമിക്കുക, നിങ്ങളെ സൗകര്യപൂര്‍വ്വം ഒഴിവാക്കിയതാണ്!!)

“പോടാ അവിടുന്ന്, അതൊന്നും പറ്റില്ല, ഭാസ്കര്‍ മതി”

ഓ, ഒരു ഭാസ്കര്‍ ! കാര്യം ഭാസ്കരന്‍ എന്നത് ഇദ്ദേഹത്തിന്റെ അച്ഛന്‍റെ പേരാണെങ്കിലും ‘മുളയന്‍തൊടി’ എന്ന വീട്ടുപേരിന്റെ ചുരുക്കമായ ‘എം.ടിക്ക് തന്നെയാണ് അതിന്റെ ഒരു ‘ഇത്’. പക്ഷേ ആ കാര്യം ഈ മഹാന് മനസ്സിലാവണ്ടേ!

മനസ്സില്ലാമനസ്സോടെ ഞാന്‍ എം.ടി മാറ്റി ഭാസ്കര്‍ എന്ന് ടൈപ്പ് ചെയ്തു, ആ ടൈറ്റിലില്‍ മാത്രം! എന്റെ മനസ്സില്‍ വിനീത്.എം.ടി എന്നും വിനീത്.എം.ടി തന്നെ ആണ്. വിനീത് ഭാസ്കര്‍ പോയി പണി നോക്കട്ടെ! ഒരു ഷോര്‍ട്ട് ഫിലിം ചെയ്തപ്പോഴേക്കും പേര് മാറ്റാന്‍ നടക്കുന്നു!

ഞാന്‍ ചിന്തിച്ചു, ബാംഗ്ലൂരില്‍ ചെന്ന ശേഷം ഞാന്‍ ആണല്ലോ ഇതിന്റെ പോസ്റ്റര്‍ ഉണ്ടാക്കുക. അപ്പൊ കാണിച്ചു തരാം!! അതില്‍ ഞാന്‍ വിനീത്.എം.ടി എന്നേ വെക്കുള്ളൂ! എന്നോടാ കളി!!