കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി എല്ലാവരും
ധാത്രി, ഇന്ദുലേഖ, ശ്രീധരീയം
തുടങ്ങിയ മരുന്ന്(?) കമ്പനികള്‍ക്കും അവരുടെ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന
ചാനലുകള്‍ക്കും എതിരെ ഫേസ്ബുക്കിലും മറ്റും വാളോങ്ങുന്നത്
കണ്ടു. ഒരു സംശയം. ഇതെന്താ ആദ്യമായാണോ
ചാനലുകാരും അവര്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങളും നമ്മളെ പറ്റിക്കുന്നത്?
വര്‍ഷങ്ങളായി നാം ഫെയര്‍ ആന്‍ഡ് ലവ്‌ലി,
ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്‌സം
തുടങ്ങിയവയുടെ പരസ്യം കാണുന്നുണ്ടല്ലോ, ഇവര്‍ ഒക്കെ പരസ്യത്തില്‍ പറയുന്നപോലെയുള്ള ചര്‍മകാന്തി ഇതുപയോഗിച്ചവര്‍ക്ക്
കിട്ടിയതായി എനിക്കറിവില്ല. പിന്നെ
ഉയരം കൂട്ടാനും വളര്‍ച്ചക്കും ഒക്കെ വേണ്ടി ഉള്ള ഹോര്‍ലിക്ക്സ്, കോംപ്ളാന്‍, ബൂസ്റ്റ് ഇവയുടെ കാര്യം. നല്ല രുചിയും,
കുടിച്ചുകഴിയുമ്പോള്‍
ഉള്ള ഒരു ഉന്മേഷവും ഉണ്ടെന്നൊഴിച്ചാല്‍ ഇവ ആരോഗ്യം മെച്ചപ്പെടുത്താന്‍ എത്രമാത്രം
സഹായിക്കുന്നുണ്ട്? നിങ്ങളുടെ പല്ലുകള്‍ വെളുപ്പിക്കും എന്ന് പറഞ്ഞു വരുന്ന
ഏതെങ്കിലും ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ആരുടേയും പല്ല് വെളുത്തതായി ഞാന്‍
കേട്ടിട്ടില്ല. പല്ലിന്‍റെ സ്വാഭാവികമായ നിറം അതിന്‍റെ പുറത്തെ ഇനാമലിന്‍റെയാണ്. അത്
തൂവെള്ളയാകണമെങ്കില്‍ ഇനാമല്‍ ചുരണ്ടിക്കളയുകയോ പല്ലില്‍ കുമ്മായം പൂശുകയോ
ചെയ്യേണ്ടിവരും. പിന്നെ മുണ്ടുകള്‍. ഉടുത്തിരിക്കുന്ന മുണ്ടിന്‍റെ ബ്രാന്‍ഡ് നോക്കി
ആളുകളെ ആദരിക്കുന്ന പരിപാടി കേരളത്തില്‍ തുടങ്ങിയതായി എനിക്ക് അറിവില്ല. രാവിലെ കുളിക്കാന്‍
ഉപയോഗിച്ച സോപ്പിന്‍റെയോ, അതുകഴിഞ്ഞ് പൂശിയ പെര്ഫ്യൂമിന്റെയോ മണം കാരണം ടു പീസ്
വസ്ത്രം ധരിച്ച സ്ത്രീകള്‍ ആരെയെങ്കിലും വന്നു പൊതിഞ്ഞതായും കേട്ടുകേള്‍വി ഇല്ല.
ഒന്നര മിനുട്ടുകൊണ്ട് തയ്യാറാകും എന്ന് പറയുന്ന മാഗി തയ്യാറാക്കാന്‍ അതിലധികം സമയം
വേണമെന്നും, വസ്ത്രങ്ങള്‍ക്ക് നിറം കിട്ടാന്‍ നാല് തുള്ളി ഉജാല പോരെന്നും നമുക്ക്
നന്നായറിയാം. സന്തോഷ് ബ്രഹ്മിയോ ജ്യോതിഷ് ബ്രഹ്മിയോ കഴിച്ചതുകൊണ്ട് ഏതെന്കിലും
കുട്ടി പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ?
ചാനലുകാരുടെ കാര്യം നോക്കിയാല്‍, ഏതു
തല്ലിപ്പൊളി സിനിമയെയും ബ്ലോക്ക്‌ബസ്റ്റര്‍ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കാന്‍
അവര്‍ക്ക് ഒരു ഉളുപ്പും ഇല്ല. കുടുംബബന്ധങ്ങളുടെ നേര്‍ക്കാഴ്ച്ച എന്നുപറഞ്ഞ് നാടൊട്ടുക്ക്
കുടുംബങ്ങളിലെ അപഥസഞ്ചാരങ്ങളുടെ കഥകള്‍ വിളമ്പാനും ഇവര്‍ക്ക് മടിയില്ല. ഇത്തരത്തില്‍
ഒട്ടുമിക്ക ബ്രാന്‍ഡുകളും, ചാനലുകളും നമ്മളെ വര്‍ഷങ്ങളായി പറ്റിക്കുകയല്ലേ?
അപ്പോള്‍ ഇതൊന്നും വഞ്ചനയില്‍ പെടില്ലേ? എവിടുന്നാ പിന്നെ പെട്ടെന്ന്‍ ഈ ധാര്‍മ്മികരോഷം
തിളച്ചുപൊങ്ങിയത്?
എന്താണിവിടെ സംഭവിച്ചത് എന്നുവെച്ചാല്‍,
മേല്‍പ്പറഞ്ഞ പരസ്യങ്ങള്‍ ഒട്ടുമിക്കതും അതിഭാവുകത്വം നിറഞ്ഞതായിരുന്നു,
അല്ലെങ്കില്‍ ഒരു അണ്‍റിയലിസ്റ്റിക് ഫീല്‍ അവയ്ക്ക് ഉണ്ടായിരുന്നു. അവയില്‍
ഗ്രാഫിക്സ് ഉപയോഗിച്ചിരുന്നു, പ്രശസ്ത സിനിമാതാരങ്ങളെ ഉപയോഗിച്ചിരുന്നു. എന്നാല്‍
ഈയിടെയായി വന്ന പല പരസ്യങ്ങളും റിയാലിറ്റി പരസ്യങ്ങള്‍ ആയാണ് ഇറക്കിയിരിക്കുന്നത്.
നമുക്ക് പരിചിതമല്ലാത്ത, പ്രശസ്തമല്ലാത്ത ഒരു മുഖം, അയാള്‍ വന്ന് ‘ഫ്രണ്ട്സ്
പറഞ്ഞിട്ടാ ഇതിനെ പറ്റി അറിയണേ, മൂന്നാഴ്ച്ചോണ്ട് ഫലണ്ടായി, വളരെ നല്ല പ്രോഡക്റ്റ്
ആണ് ട്ടോ, നിങ്ങളും ഉപയോഗിച്ചോളൂ!’ എന്നൊക്കെ പറയുന്നു. അപ്പോള്‍ താഴെ ‘ബിജു, 26 വയസ്സ്, ഒറ്റപ്പാലം’ എന്ന് എഴുതിക്കാണിക്കുന്നു. അല്ലെങ്കില്‍ ജനങ്ങളോട് അടുത്ത്
നില്‍ക്കുന്ന ഏതെങ്കിലും സെലിബ്രിറ്റി കാഷ്വല്‍ ആയി ഈ പ്രോഡക്ടിനെ പറ്റി പറയുന്നു. ഇതുകൊണ്ട്
എന്താണ് സംഭവിക്കുന്നത്? നമുക്കിടയില്‍ ഉള്ള ഒരാളുടെ അഭിപ്രായം ആണ് ഇതെന്ന് ഒരു
മിഥ്യാധാരണ നമ്മുടെ മനസ്സിനുള്ളില്‍ ഉറവെടുക്കുകയാണ്! അതുകൊണ്ടാണ് പിന്നീട് ഫലം
കാണുന്നില്ല എന്ന് പറയുമ്പോള്‍ നമ്മുടെ ചോര തിളയ്ക്കുന്നത്.
സുഹൃത്തുക്കളേ, ബ്രാന്‍ഡുകളുടെ
പുതിയ കച്ചവടതന്ത്രമാണ് റിയാലിറ്റി പരസ്യങ്ങള്‍. ഇവ മറ്റു പരസ്യങ്ങളെക്കാളും ഒട്ടും
മുന്നില്‍ നില്‍ക്കുന്നില്ല. ടി.വി കാണുന്നതിനിടയില്‍ വെള്ളം കുടിക്കാനോ, ചോറ്
വെന്തുവോ എന്ന് നോക്കാനോ വേണ്ടി പോവാനുള്ള ഒരു സമയമായി ഇടവേളകളെയും പരസ്യങ്ങളെയും
കണക്കാക്കിയാല്‍ മതി! അവര്‍ എന്ത് പരസ്യം വേണമെങ്കിലും ഇറക്കിക്കോട്ടേന്നേ! വാങ്ങി
ഉപയോഗിക്കണോ, വേണ്ടയോ എന്ന് നമ്മള്‍ തീരുമാനിച്ചാല്‍ മതിയല്ലോ!
ടിപ്പ്: എന്നും അതിരാവിലെ നല്ല കാച്ചിയവെളിച്ചെണ്ണയോ,
നീലിഭൃംഗാദിയോ മുടിയില്‍ തേയ്ച്ച് കുളിച്ചാല്‍ മതി, മുടി തഴച്ചു വളരാന്‍!