Friday, April 22, 2016

Vetrivel Movie Review

വെട്രിവേല്‍ (Vetrivel, 2016, Tamil)
നവാഗതനായ വസന്തമണിയുടെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയചിത്രമാണ് വെട്രിവേല്‍. ശശികുമാര്‍, പ്രഭു, വിജി ചന്ദ്രശേഖര്‍, ശശികുമാര്‍, അനന്ത് നാഗ്, മിയാ ജോര്‍ജ്, നിഖിലാ വിമല്‍ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തമിഴ്നാട്ടിലെ രണ്ടുഗ്രാമങ്ങളിലെ ചില കുടുംബങ്ങളിലെ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.
പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത സാധാരണക്കാരനായൊരു ചെറുപ്പക്കാരനാണ് വെട്രിവേല്‍. അയാള്‍ ഒരുനാള്‍ തന്റെ അനുജന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് മനസ്സിലാക്കുന്നു. ആ പെണ്‍കുട്ടി മറ്റൊരുജാതിയില്‍പ്പെട്ടവരായതിനാല്‍ പല പ്രശ്നങ്ങളും ഉണ്ടാകുമെന്ന് മനസ്സിലാക്കിയതിനാല്‍ വെട്രിവേല്‍ തന്റെ അനുജന്റെ പ്രണയം സാക്ഷാത്കരിക്കാനായി ചില പദ്ധതികള്‍ രൂപീകരിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സന്ദര്‍ഭങ്ങളും ഇവ കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍ ഉണ്ടാക്കുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകരോട് പറയുന്നത്. മുന്‍പുപലചിത്രങ്ങളിലായി കണ്ടുമറന്ന പല കഥാസന്ദര്‍ഭങ്ങളും അവയുടെ അവതരണരീതിയും മറ്റും ഈ ചിത്രത്തിലും നമുക്ക് കാണാന്‍ സാധിക്കുമെങ്കിലും ചില്ലറ വ്യത്യസ്തകള്‍ കൊണ്ടുവരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത കഥയാണെങ്കില്‍പ്പോലും കണ്ടിരിക്കാവുന്ന ഒരു ചിത്രമായി വെട്രിവേലിനെ ഒരുക്കാന്‍ അദ്ദേഹത്തിനായി. വൈകാരികരംഗങ്ങള്‍ പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുന്നതില്‍ പൂര്‍ണ്ണവിജയം കണ്ടോ എന്നകാര്യം സംശയമാണെങ്കിലും 'നാടോടികള്‍' എന്നചിത്രത്തിലെ കഥാപാത്രങ്ങളെ പരാമര്‍ശിക്കുന്നതുള്‍പ്പെടെയുള്ള പല ഹാസ്യരംഗങ്ങളും പ്രേക്ഷകരില്‍ പൊട്ടിച്ചിരിയുണര്‍ത്തുന്നവയാണ്.
വെട്രിവേലായി വേഷമിട്ട ശശികുമാര്‍ തുടക്കത്തില്‍ ഒരു മിസ്‌കാസ്റ്റ് ആയി തോന്നിയെങ്കിലും മോശമല്ലാത്തരീതിയില്‍ത്തന്നെ അദ്ദേഹം തന്റെ വേഷം അവതരിപ്പിച്ചു. ടൈറ്റില്‍ കഥാപാത്രമാണെങ്കിലും ഒരിക്കല്‍പ്പോലും അദ്ദേഹത്തിന്റെ ഒരു വണ്‍മാന്‍ഷോ ആയിരുന്നില്ല ചിത്രം. സീനിയര്‍ നടീനടന്മാരായ പ്രഭു, വിജി ചന്ദ്രശേഖര് എന്നിവരുടെ പ്രകടനങ്ങള്‍ പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നവയാണ്. കഴിഞ്ഞവര്‍ഷം പ്രേമത്തിലൂടെ നമുക്കുമുന്നിലെത്തിയ അനന്ത് നാഗ് വെട്രിവേലിന്റെ അനുജന്‍വേഷം ഭംഗിയാക്കി. നായികമാരില്‍ മിയ തന്റെ വേഷം മോശമാക്കിയില്ല. മറ്റൊരുനായികയായ നിഖിലാ വിമലും ലവ് 24x7നുശേഷമുള്ള തന്റെ അടുത്തചിത്രത്തിലെ വേഷം താരതമ്യേന ചെറുതെങ്കില്‍പ്പോലും ഭംഗിയാക്കി. തമ്പി രാമയ്യ, പ്രവീണ, രേണുക തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ സ്വാഭാവികമായരീതിയില്‍ അവതരിപ്പിച്ചു. ചിത്രത്തിലെ ഗാനങ്ങള്‍, പശ്ചാത്തലസംഗീതം, മറ്റുസാങ്കേതികവിഭാഗങ്ങള്‍ എല്ലാം ശരാശരിനിലവാരം പുലര്‍ത്തി.
ചുരുക്കിപ്പറഞ്ഞാല്‍ വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏതുവിഭാഗം പ്രേക്ഷകര്‍ക്കും കണ്ടിരിക്കാവുന്ന തെറ്റില്ലാത്തൊരുചിത്രമാണ് വെട്രിവേല്‍. അതിവൈകാരികതയുടെ ചുവ ഏറെയൊന്നുമില്ലാത്ത, എന്നാല്‍ ചിലപ്പോഴെങ്കിലും നാടകീയതചുവയ്ക്കുന്ന ഒരു സാധാരണചിത്രം. കാണാന്‍ ശ്രമിക്കാം.

Thursday, April 14, 2016

Theri Movie Review

തെറി (Theri, 2016, Tamil)
അറ്റ്‌ലീ എന്നസംവിധായകന്റെ ആദ്യചിത്രമായ രാജാറാണി ഞാന്‍ കണ്ടിട്ടില്ല. എന്തായാലും കന്നിച്ചിത്രത്തിലൂടെ നിരൂപകപ്രശംസയും ജനപ്രീതിയും ആര്‍ജ്ജിച്ച സംവിധായകന്‍ വിജയ്‌ എന്ന സൂപ്പര്‍താരത്തോടൊപ്പം ഒരു ചിത്രം ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ ഏറെ അതിഭാവുകത്വങ്ങള്‍ ഒന്നുമില്ലാത്ത, യാഥാര്‍ത്ഥ്യത്തോടടുത്തുനില്‍ക്കുന്ന ഒരു ചിത്രമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സ്ഥിരം ഫോര്‍മുലപ്പടങ്ങളുടെ ലിസ്റ്റിലേക്ക് ചേര്‍ക്കാവുന്ന മറ്റൊരുചിത്രം മാത്രമായിരിക്കും തെറി എന്ന സൂചന നല്‍കുന്നതായിരുന്നു ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും. എന്തായാലും റിലീസിനുമുന്‍പുണ്ടാക്കിയ ഹൈപ്പുകാരണം പടം കാണാമെന്നുതന്നെ ഉറപ്പിച്ചിരുന്നു. ഇന്നലെ രാത്രി പത്തുമണിമുതല്‍ പ്രിവ്യൂ ഷോസ് ഉണ്ടായിരുന്നെങ്കിലും ടിക്കറ്റ് കിട്ടാത്തതിനാല്‍ ഇന്നാണ് ചിത്രം കാണാന്‍ സാധിച്ചത്. ഒരുവിധം നിറഞ്ഞസദസ്സില്‍ ആര്‍പ്പുവിളികളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ വരവേറ്റത്.
ഒരു ചിത്രം പ്രേക്ഷകന് ആസ്വാദ്യകരമാകണമെങ്കില്‍ ഒന്നുകില്‍ പുതിയൊരു കഥ ചിത്രത്തില്‍ കൊണ്ടുവരണം. അപ്പോഴുള്ള റിസ്ക്‌ ആ കഥ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നതിലുള്ള ആശങ്കയാണ്. അല്ലെങ്കില്‍പ്പിന്നെ അടുത്തവഴി പറഞ്ഞുപഴകിയ ഒരു കഥയില്‍ പുതുമയുള്ള കുറച്ചുസീക്വന്‍സുകള്‍ ചേര്‍ത്ത് വളരെ സ്റ്റൈലിഷ് ആയി പ്രേക്ഷകരെ ത്രസിപ്പിക്കുന്നരീതിയില്‍ ഒരു ചിത്രമൊരുക്കുക എന്നതാണ്. അങ്ങനെചെയ്യുന്നത് ഏറെ പരിശ്രമമുള്ള കാര്യമാണെങ്കിലും സംവിധായകന് കുറച്ചുകൂടി സേഫ് പ്ലേ ആണ്.  പ്രേക്ഷകന് കണക്റ്റ് ചെയ്യാനും റിലേറ്റ് ചെയ്യാനും സാധിക്കുന്ന കഥ ചിത്രത്തിന്‍റെ അടിത്തറയായി പ്രവര്‍ത്തിക്കും. അപ്പോഴുള്ള അടുത്തവെല്ലുവിളി കണ്ടുമറന്ന ശൈലികളില്‍നിന്ന് വേറിട്ട എന്തെങ്കിലും ചെയ്യുക എന്നതാണ്. പല സംവിധായകരും പരാജയപ്പെടുന്ന ഈ ഘട്ടത്തിലാണ് അറ്റ്‌ലീ തന്റെ കഴിവുതെളിയിക്കുന്നത്. പഴയൊരുകഥയെ രസകരമായ രീതിയില്‍, പുതുമയേറിയ ഒരു പാക്കേജായാണ് അദ്ദേഹം തെറിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫലം എന്തെന്നാല്‍, ചിത്രത്തിന്റെ തുടക്കത്തില്‍ 'ഇതൊക്കെ കണ്ടുമറന്ന സംഭവങ്ങള്‍ അല്ലേ' എന്നൊക്കെ തോന്നുമെങ്കിലും കുറച്ചുകഴിയുമ്പോഴേക്കും പ്രേക്ഷകന്‍ ചിത്രത്തിലേക്ക് absorb ആകപ്പെടുന്നു. ചുരുക്കം ചിലഘട്ടങ്ങളില്‍ ഒഴികെ പിന്നെയെവിടെയും 'കണ്ടുമറന്ന കാഴ്ചകള്‍', 'അതിഭാവുകത്വം', 'ലോജിക്കില്ലായ്മ' ഇവയൊന്നും അയാളെ പിന്നീട് അലോസരപ്പെടുത്തുന്നില്ല. നായകന്‍റെ ഹീറോയിസത്തിന് അയാള്‍ കയ്യടിക്കുകയും, നായകന്‍റെ ജീവിതത്തില്‍ ദുരന്തങ്ങള്‍ അരങ്ങേറുമ്പോള്‍ കണ്ണീര്‍ വാര്‍ക്കുകയും ചെയ്യുന്നു. ചിത്രത്തിന്റെ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സിനെക്കുറിച്ച് വേവലാതിപ്പെടാതെ ചിത്രത്തിന്‍റെ ഒരു ഭാഗമായി രണ്ടരമണിക്കൂറിനുശേഷം തിരിച്ചുപോരുന്നു. അങ്ങനെസംഭവിക്കുമ്പോള്‍, തന്റെ target audienceല്‍ വലിയൊരുഭാഗത്തെയും തൃപ്തിപ്പെടുത്താനാകുമ്പോള്‍ സംവിധായകന്‍ തന്റെ ദൗത്യത്തില്‍ ലക്ഷ്യം കണ്ടു എന്ന് നിസംശയം പറയാം. അറ്റ്‌ലീ ഇവിടെ നേടിയതും മറ്റൊന്നല്ല. വിജയ്‌, സമാന്ത, രാധികാ ശരത്കുമാര്‍, രാജേന്ദ്രന്‍ തുടങ്ങിയ അഭിനേതാക്കളുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടുള്ള മാക്സിമം ലെവല്‍ പ്രകടനങ്ങള്‍തന്നെ കാഴ്ചവെപ്പിക്കാനും, ബേബി നൈനികയുടെ cuteness അരോചകമാവാത്തവിധത്തില്‍ അവതരിപ്പിച്ച് പ്രേക്ഷകമനസ്സുകളില്‍ ആ കുട്ടിയ്ക്ക് ഒരു സ്ഥാനം നേടിക്കൊടുക്കാനും അറ്റ്‌ലീയ്ക്ക് സാധിച്ചു. വില്ലന്‍ വേഷത്തില്‍ എത്തിയ സംവിധായകന്‍ ജെ.മഹേന്ദ്രനും (അഭിനയജീവിതത്തില്‍ ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെചിത്രം മാത്രമാണ്) തന്റെ വേഷം മികച്ചതാക്കി. തന്റെ അന്‍പതാമത്തെ ചിത്രത്തില്‍ ജീവി പ്രകാശ്കുമാര്‍ ഒരുക്കിയ ഗാനങ്ങള്‍ ശരാശരിനിലവാരം പുലര്‍ത്തിയെങ്കിലും പശ്ചാത്തലസംഗീതം മിക്കയിടങ്ങളിലും മികച്ചതായിരുന്നു. തമിഴ് സിനിമകളുടെ പശ്ചാത്തലസംഗീതത്തില്‍ അത്ര conventional അല്ലാത്ത ചെണ്ടയും മറ്റും ഫലപ്രദമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
അറ്റ്‌ലീ എന്ന വിജയ്‌ ഫാന്‍ ചുരുക്കം ചിലരംഗങ്ങളിലെങ്കിലും അറ്റ്‌ലീ എന്നസംവിധായകനെ മറികടക്കുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും പ്രേക്ഷകന്റെ പള്‍സ് അറിയാവുന്ന അറ്റ്‌ലീ എന്ന സംവിധായകന്‍തന്നെയാണ് മുന്നിട്ടുനിന്നത്. മെയിന്‍സ്ട്രീം തമിഴ് സിനിമയില്‍ കാണാവുന്നതിലും അല്‍പമധികം വയലന്‍സ് ഉള്‍പ്പെടുത്തിയത് ചിത്രത്തെ പ്രതികൂലമായി ബാധിക്കില്ല എന്ന് വിശ്വസിക്കാം. ലഭ്യമായ resourcesനെ ഉപയോഗിച്ച്, കുറച്ചുകൂടി ശക്തമായൊരു തിരക്കഥയുടെ അകമ്പടിയോടെ ഒരുപടികൂടി ഉയര്‍ന്നുനില്‍ക്കുന്ന ചിത്രമാക്കി ഒരുക്കാമായിരുന്നെന്ന് തോന്നിപ്പിക്കുമെങ്കിലും, ഒരുവിധം ലക്ഷണമൊത്ത ഒരു മസാലചിത്രംതന്നെയാണ് തെറി. ഒരു വിജയ്‌ ചിത്രത്തില്‍നിന്ന് എന്തുപ്രതീക്ഷിക്കാം എന്ന് പരിപൂര്‍ണ്ണബോധമുള്ളവര്‍ക്ക് ചെറിയപോരായ്മകള്‍ സൗകര്യപൂര്‍വ്വം മറന്നുകൊണ്ട് ആസ്വദിച്ചുകാണാവുന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം.