“എന്നാ പണിയാ കൊച്ചേ നീയീ കാണിച്ചേ? ഇനി വൈകുന്നേരത്തെ കാപ്പിക്ക് പാലെവിടുന്നാ? സാറേ സാറിതു കണ്ടോ, കൊച്ചിന്റെ ചെയ്ത്ത്!!”
അടുക്കളയില്‍ നിന്ന് കുഞ്ഞൂഞ്ഞാമ്മയുടെ നിലവിളി കേട്ടാണ് പാതിമയക്കത്തിലിരുന്ന ജോര്‍ജ് ഞെട്ടിയുണര്‍ന്നത്. മുഖത്തുനിന്ന് താഴേയ്ക്കൂര്ന്നു വീഴാന്‍ തുടങ്ങിയ കണ്ണട മൂക്കിന്‍തുമ്പത്തേക്ക് കയറ്റിവെച്ചുകൊണ്ട് ജോര്‍ജ് ചോദിച്ചു: “എന്നാ പറ്റി കുഞ്ഞൂഞ്ഞാമ്മേ?”
“മേരിക്കുഞ്ഞ് ആ കിടാവിന്റെ കയറഴിച്ചുവിട്ടെന്നേ! അത് പാലു മുഴുവനും കുടിച്ചു. ഉച്ചയൂണിനു സ്കൂളീന്ന് വന്ന നേരത്താ ഈ ചെയ്ത്ത്. ഞാനെന്നാ പറയാനാ എന്റെ തമ്പുരാനേ!!”
കുഞ്ഞൂഞ്ഞാമ്മയുടെ ആരോപണത്തിന് മറുപടിയായി വായ്ക്കകത്തുള്ള ചോറുരുളകള്‍ക്കിടയിലൂടെ എന്തൊക്കെയോ ശബ്ദങ്ങള്‍ കുറ്റവാളിയെന്നു മുദ്രകുത്തപ്പെട്ടവളുടെ വായില്‍നിന്ന് തിക്കിത്തിരക്കി പുറത്തുവീണു.
“എയ്ഞ്ചല്‍ മേരി, ഇവിടെ ഹാജരാകുക!”
വായിലുള്ള ഉരുളകള്‍ കഷ്ടപ്പെട്ടു വിഴുങ്ങിക്കൊണ്ട് പ്രതിക്കൂട്ടിലേയ്ക്ക് ഓടിയെത്തി, എയ്ഞ്ചല്‍ മേരി.
“എന്തിനാ മോളേ കിടാവിന്റെ കയറഴിച്ചുവിട്ടേ? വൈകീട്ട് കാപ്പി കുടിക്കണ്ടേ?”
“അതിനു വിശന്നിട്ടാ പപ്പാ, ഞാന്‍ വരുന്നേരം അത് ഒണക്കക്കച്ചിയും തിന്ന് കരയുവാ. അന്നേരം എനിക്ക് സഹിച്ചില്ല. പാവമല്ലേ!”
സര്‍വജീവജാലങ്ങളും പാവങ്ങളല്ലേ!!’. ക്ലാരയും ഇതുപോലെത്തന്നെ ആയിരുന്നല്ലോ! അമ്മയെപ്പോലെത്തന്നെ മകളും. കൊള്ളാം!
“മോളേ , പപ്പാ പാവമല്ലേ, ഇന്ന് പപ്പാ ലീവ് ആയതുകൊണ്ട് വൈകീട്ട് കാപ്പി ഉണ്ടാക്കണ്ടേ? പശുവിന്റെ പാലാന്നേല്‍ കിടാവും കുടിച്ചു!”
“അതിനിപ്പോ എന്നാ ഡാഡീ, നമുക്ക് റബ്ബര്‍ പാല് എടുക്കാവല്ലോ!”
ചിരിച്ചുകൊണ്ട് എയ്ഞ്ചല്‍ മേരി തന്റെ ഭക്ഷണം തുടരാന്‍ അടുക്കളയിലേക്കോടി.
എല്ലാം കണ്ടുകൊണ്ടു ക്ലാര ചുമരില്‍ ചില്ലുഫ്രെയിമിനകത്തിരുന്നു ചിരിക്കുന്നുണ്ട്. ക്ലാരയില്ലാതെ ഒമ്പത് വര്‍ഷങ്ങള്‍ കടന്നുപോയെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. എയ്ഞ്ചല്‍ മേരിക്ക് ഒന്നരവയസ്സുള്ളപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. എല്ലാം വിധിയാണെന്ന് അപ്പച്ചന്‍ പറയുമായിരുന്നു. എന്ത് വിധി! നിലത്തുവീണ വെള്ളം തുടയ്ക്കാന്‍ മറന്നതോ? അതില്‍ കാല്‍ തെന്നി വീണതോ? എല്ലാവര്ക്കും വിധിയെ പഴിക്കാം! നഷ്ടങ്ങള്‍ എന്റേതുമാത്രം! പാരച്യൂട്ട് എണ്ണയുടെ സുഗന്ധമുള്ള മുടിയിഴകളും, രാവേറും വരെയുള്ള പൊട്ടിച്ചിരികളും, പുലര്‍ച്ചെ കണ്ണുതുറക്കുമ്പോള്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന, കടുപ്പവും മധുരവും കൂടിയ സ്പെഷ്യല്‍ കാപ്പിയും… എല്ലാമായിരുന്നു അവള്‍ ! നഷ്ടങ്ങള്‍ എന്റേതുമാത്രം!
“ഡാഡീ, ഞാന്‍ പോവാന്നേ!” എയ്ഞ്ചല്‍ മേരി ഓടാനുള്ള തിടുക്കത്തിലാണ്.
“മോളിങ്ങു വന്നേ, മുടിയൊക്കെ ആകെ അലങ്കോലപ്പെട്ടിരിക്കുന്നല്ലോ! ആ ചീപ്പെടുത്തോണ്ടുവാ”
എയ്ഞ്ചല്‍ മേരിയുടെ മുടി കെട്ടിക്കൊടുക്കുമ്പോഴാണ് ജോര്‍ജ് ആ ഗന്ധം ശ്രദ്ധിച്ചത്.
“കൊച്ചേ, നീ ഏതെണ്ണയാ മുടിയില്‍ തേയ്ക്കുന്നേ?”
“പാരച്യൂട്ടാ ഡാഡീ, ഇന്നാള് ജിന്‍സിയാന്റി വന്നപ്പോ മേടിച്ചുതന്നതാ!”
മുടി കെട്ടിയപാടെ എയ്ഞ്ചല്‍ മേരി “റ്റാറ്റാ” പറഞ്ഞ് സ്കൂളിലേയ്ക്കോടി.
ചുമരിലെ ഫോട്ടോയില്‍ ക്ലാര ചിരിക്കുന്നുണ്ടോ?! ജോര്‍ജിന് തല വേദനിയ്ക്കുന്നതുപോലെ തോന്നി.
“കുഞ്ഞൂഞ്ഞാമ്മേ, അടുക്കളയിലെ പണി കഴിഞ്ഞെങ്കി നിങ്ങള്‍ വീട്ടില് പൊയ്ക്കോളൂ. ഞാന്‍ ഇച്ചിരെ നേരം മയങ്ങാന്‍ പോകുവാ!”
******************************************************************
“ഡാഡീ എഴുന്നേറ്റേ, ഞാന്‍ നാരങ്ങാവെള്ളം ഉണ്ടാക്കിയിട്ടുണ്ട്!”
എയ്ഞ്ചല്‍ മേരിയുടെ വിളി കേട്ടാണ് ജോര്‍ജ് ഉണര്‍ന്നത്.
“ആഹാ മോളെത്തിയോ!”
“സമയമെത്രയായെന്നാ വിചാരിച്ചേ? നന്നായി ഉറങ്ങി, അല്ലേ. ഇന്നാ, ഇത് കുടിച്ചാട്ടെ”
കയ്യില്‍ നാരങ്ങാവെള്ളവുമായി സ്കൂള്‍ യൂണിഫോമില്‍ നില്ക്കുന്നത് ക്ലാരതന്നെയാണോ? മേശപ്പുറത്തിരുന്ന കണ്ണടയെടുത്ത് മുഖത്ത് വെച്ചശേഷം ഒന്നുകൂടെ നോക്കി. ഏയ്, അല്ല. എയ്ഞ്ചല്‍ മേരി തന്നെയാണ്.
“നന്നായിട്ടുണ്ടല്ലോ, മോളുടെ മമ്മി ഉണ്ടാക്കിത്തന്നിരുന്ന അതേ സ്വാദ്!”
“അയ്യോ, അത്രേം പണ്ടൊക്കെ നാരങ്ങാ ഉണ്ടായിരുന്നോ?!”
“ഹഹഹ, അതെന്താ മോളേ, പണ്ടും നാരങ്ങയും, റബറും, കാശിത്തുമ്പയും, കോഴിക്കുട്ടികളും, മഞ്ചാടിക്കുരുവും, ഒറ്റമൈനയും, പിന്നെ നിന്റെ മമ്മിയും എല്ലാം ഉണ്ടായിരുന്നു!!”
“പക്ഷേ ഇപ്പൊ മമ്മി ഇല്ലല്ലോ, ഞാനല്ലേ ഉള്ളൂ!!”
“ഡാഡിയുടെ തലവേദന മുഴുവന്‍ മാറിയിട്ടില്ല മോളേ, നമുക്ക് ഉമ്മറത്തേക്ക് പോകാം!”
“ഡാഡീ, ഇന്നൊരു സംഭവം ഉണ്ടായി! ഞാന്‍ നെല്‍സണെ ഇടിച്ചു!”
“അയ്യോ, അതെന്നാത്തിനാ കൊച്ചേ?”
“അവന്‍ എന്നോട് രഹസ്യമായിട്ട് ചോദിക്കുവാ, ‘നീ എങ്ങനാ ഒണ്ടായത്’ എന്ന് പഠിപ്പിച്ചുതരണോ എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് വീട്ടില്‍ ചോദിക്കാനും പറയാനും ആള്‍ക്കാരുണ്ടെന്ന്. ഇനി ഇതുപോലെ വല്ലോം പറഞ്ഞാല്‍ ടീച്ചറോട് പറഞ്ഞുകൊടുക്കും എന്നും പറഞ്ഞു.”
“മിടുക്കി! മമ്മിയെപ്പോലെ ധൈര്യശാലിയാണല്ലോ നീയും!”
എയ്ഞ്ചല്‍ മേരി ചിരിച്ചു, മമ്മിയെപ്പോലെ.
“ഡാഡീ, എനിക്ക് മേഘങ്ങളെക്കുറിച്ച് ഒരു അസൈന്മെന്റ് എഴുതാനുണ്ട്. ഞാന്‍ ടെറസിലേക്ക് പോകുവാ. ഡാഡി വരുന്നോ?”
“ഡാഡി ഒന്ന് മുഖം കഴുകീട്ട് വരാം മോളേ”
********************************************************
“ഡാഡീ, ഈ മേഘങ്ങളില്‍ ആരാ ചിത്രം വരയ്ക്കുന്നത്?”
നോട്ടുപുസ്തകം നെഞ്ചോടടക്കിപ്പിടിച്ച് ആകാശത്തേയ്ക്കുനോക്കിക്കിടന്നുകൊണ്ട് എയ്ഞ്ചല്‍ മേരി ചോദിച്ചു.
“ദേ, ഒരു കപ്പല്‍. കപ്പല്‍ അങ്ങനെ നീങ്ങിപ്പോകുവാ! അയ്യോ, ഒരു കുറുക്കന്‍ കപ്പലിനെ വിഴുങ്ങി! ആറുകാലുള്ള കുറുക്കനാ ഡാഡീ, നോക്കിയേ!”
“ഡാഡി കണ്ണടയെടുക്കാന്‍ മറന്നു മോളേ, ഡാഡിക്ക് കാണത്തില്ല!”
“ഓ, സാരമില്ല, ഡാഡി ഇവിടെ വന്നിരുന്നേ, ഞാന്‍ പറഞ്ഞുതരാം”
നേരം സന്ധ്യയാകാറായിരുന്നു. സൂര്യന്‍ ക്ലാരയുടെ നെറ്റിയിലെ ചുവന്ന പൊട്ടുപോലെ തിളങ്ങുന്നു. കിളികള്‍ കൂടണയാന്‍ തിടുക്കത്തില്‍ പറന്നകലുന്നു. ഏതോ പൂ പൂത്തതിന്റെ ഗന്ധം.
“ഡാഡീ, ദേ നോക്കിയേ. മൂന്നുമേഘങ്ങള്‍. രണ്ട് വലിയ മേഘങ്ങളും ഒരു ചെറിയ മേഘവും!”
ജോര്‍ജ് എയ്ഞ്ചല്‍ മേരിയുടെ അരികെ മലര്‍ന്നുകിടന്നു. മൂന്നുമേഘങ്ങളുടെ അവ്യക്തരൂപങ്ങള്‍ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞു.
“ദേ ഡാഡീ, ഒന്നിച്ച് ഒഴുകിപ്പോവുന്നു മൂന്നുമേഘങ്ങള്‍. ഒന്ന് ഡാഡി, ഒന്ന് മമ്മി, ഒന്ന് ഞാനും, അല്ലേ?”
ജോര്‍ജ് ചിരിക്കാന്‍ ശ്രമിച്ചു.
“അയ്യോ ഡാഡീ, ഒരു വലിയ മേഘം മറ്റേ വലിയമേഘത്തെ വിഴുങ്ങി. ഇപ്പൊ രണ്ടുമേഘങ്ങളേ ഉള്ളൂ!”
ജോര്‍ജ് ആകാശത്തേയ്ക്കുനോക്കി. അവിടെ ഒരു വലിയ മേഘത്തെയും, ഒരു ചെറിയ മേഘത്തെയും അയാള്ക്ക് കാണാന്‍ സാധിച്ചു.
അന്തരീക്ഷമാകെ നിറഞ്ഞുനില്ക്കു ന്ന പൂമണം ഇല്ലാതാകുകയാണോ? പകരം പരിചിതമായ മറ്റൊരു സുഗന്ധം പടരുന്നു!!? പാരച്യൂട്ട് എണ്ണയുടെ സുഗന്ധമുള്ള മുടിയിഴകള്‍! ഓര്‍മ്മകള്‍ക്കിടയിലൂടെ മറ്റുപലതും!!
“എയ്ഞ്ചല്‍ മേരീ, നീയെങ്ങനാ ഉണ്ടായതെന്ന് അറിയാമോ?”
“എങ്ങനാ ഡാഡീ??”
No comments:
Post a Comment