Tuesday, November 26, 2013

മേഘങ്ങളില്‍ ചിത്രം വരയ്ക്കുന്നവര്‍


“എന്നാ പണിയാ കൊച്ചേ നീയീ കാണിച്ചേ? ഇനി വൈകുന്നേരത്തെ കാപ്പിക്ക് പാലെവിടുന്നാ? സാറേ സാറിതു കണ്ടോ, കൊച്ചിന്റെ ചെയ്ത്ത്!!”
അടുക്കളയില്‍ നിന്ന് കുഞ്ഞൂഞ്ഞാമ്മയുടെ നിലവിളി കേട്ടാണ് പാതിമയക്കത്തിലിരുന്ന ജോര്‍ജ് ഞെട്ടിയുണര്‍ന്നത്. മുഖത്തുനിന്ന് താഴേയ്ക്കൂര്ന്നു വീഴാന്‍ തുടങ്ങിയ കണ്ണട മൂക്കിന്‍തുമ്പത്തേക്ക് കയറ്റിവെച്ചുകൊണ്ട് ജോര്‍ജ് ചോദിച്ചു: “എന്നാ പറ്റി കുഞ്ഞൂഞ്ഞാമ്മേ?”
“മേരിക്കുഞ്ഞ് ആ കിടാവിന്റെ കയറഴിച്ചുവിട്ടെന്നേ! അത് പാലു മുഴുവനും കുടിച്ചു. ഉച്ചയൂണിനു സ്കൂളീന്ന് വന്ന നേരത്താ ഈ ചെയ്ത്ത്. ഞാനെന്നാ പറയാനാ എന്റെ തമ്പുരാനേ!!”
കുഞ്ഞൂഞ്ഞാമ്മയുടെ ആരോപണത്തിന് മറുപടിയായി വായ്ക്കകത്തുള്ള ചോറുരുളകള്‍ക്കിടയിലൂടെ എന്തൊക്കെയോ ശബ്ദങ്ങള്‍ കുറ്റവാളിയെന്നു മുദ്രകുത്തപ്പെട്ടവളുടെ വായില്‍നിന്ന് തിക്കിത്തിരക്കി പുറത്തുവീണു.
“എയ്ഞ്ചല്‍ മേരി, ഇവിടെ ഹാജരാകുക!”
വായിലുള്ള ഉരുളകള്‍ കഷ്ടപ്പെട്ടു വിഴുങ്ങിക്കൊണ്ട് പ്രതിക്കൂട്ടിലേയ്ക്ക് ഓടിയെത്തി, എയ്ഞ്ചല്‍ മേരി.
“എന്തിനാ മോളേ കിടാവിന്റെ കയറഴിച്ചുവിട്ടേ? വൈകീട്ട് കാപ്പി കുടിക്കണ്ടേ?”
“അതിനു വിശന്നിട്ടാ പപ്പാ, ഞാന്‍ വരുന്നേരം അത് ഒണക്കക്കച്ചിയും തിന്ന് കരയുവാ. അന്നേരം എനിക്ക് സഹിച്ചില്ല. പാവമല്ലേ!”
സര്‍വജീവജാലങ്ങളും പാവങ്ങളല്ലേ!!’. ക്ലാരയും ഇതുപോലെത്തന്നെ ആയിരുന്നല്ലോ! അമ്മയെപ്പോലെത്തന്നെ മകളും. കൊള്ളാം!
“മോളേ , പപ്പാ പാവമല്ലേ, ഇന്ന് പപ്പാ ലീവ് ആയതുകൊണ്ട് വൈകീട്ട് കാപ്പി ഉണ്ടാക്കണ്ടേ? പശുവിന്റെ പാലാന്നേല്‍ കിടാവും കുടിച്ചു!”
“അതിനിപ്പോ എന്നാ ഡാഡീ, നമുക്ക് റബ്ബര്‍ പാല് എടുക്കാവല്ലോ!”
ചിരിച്ചുകൊണ്ട് എയ്ഞ്ചല്‍ മേരി തന്റെ ഭക്ഷണം തുടരാന്‍ അടുക്കളയിലേക്കോടി.
എല്ലാം കണ്ടുകൊണ്ടു ക്ലാര ചുമരില്‍ ചില്ലുഫ്രെയിമിനകത്തിരുന്നു ചിരിക്കുന്നുണ്ട്. ക്ലാരയില്ലാതെ ഒമ്പത് വര്‍ഷങ്ങള്‍ കടന്നുപോയെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. എയ്ഞ്ചല്‍ മേരിക്ക് ഒന്നരവയസ്സുള്ളപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. എല്ലാം വിധിയാണെന്ന് അപ്പച്ചന്‍ പറയുമായിരുന്നു. എന്ത് വിധി! നിലത്തുവീണ വെള്ളം തുടയ്ക്കാന്‍ മറന്നതോ? അതില്‍ കാല്‍ തെന്നി വീണതോ? എല്ലാവര്ക്കും വിധിയെ പഴിക്കാം! നഷ്ടങ്ങള്‍ എന്റേതുമാത്രം! പാരച്യൂട്ട് എണ്ണയുടെ സുഗന്ധമുള്ള മുടിയിഴകളും, രാവേറും വരെയുള്ള പൊട്ടിച്ചിരികളും, പുലര്‍ച്ചെ കണ്ണുതുറക്കുമ്പോള്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന, കടുപ്പവും മധുരവും കൂടിയ സ്പെഷ്യല്‍ കാപ്പിയും… എല്ലാമായിരുന്നു അവള്‍ ! നഷ്ടങ്ങള്‍ എന്റേതുമാത്രം!
“ഡാഡീ, ഞാന്‍ പോവാന്നേ!” എയ്ഞ്ചല്‍ മേരി ഓടാനുള്ള തിടുക്കത്തിലാണ്.
“മോളിങ്ങു വന്നേ, മുടിയൊക്കെ ആകെ അലങ്കോലപ്പെട്ടിരിക്കുന്നല്ലോ! ആ ചീപ്പെടുത്തോണ്ടുവാ”
എയ്ഞ്ചല്‍ മേരിയുടെ മുടി കെട്ടിക്കൊടുക്കുമ്പോഴാണ് ജോര്‍ജ് ആ ഗന്ധം ശ്രദ്ധിച്ചത്.
“കൊച്ചേ, നീ ഏതെണ്ണയാ മുടിയില്‍ തേയ്ക്കുന്നേ?”
“പാരച്യൂട്ടാ ഡാഡീ, ഇന്നാള് ജിന്‍സിയാന്റി വന്നപ്പോ മേടിച്ചുതന്നതാ!”
മുടി കെട്ടിയപാടെ എയ്ഞ്ചല്‍ മേരി “റ്റാറ്റാ” പറഞ്ഞ് സ്കൂളിലേയ്ക്കോടി.
ചുമരിലെ ഫോട്ടോയില്‍ ക്ലാര ചിരിക്കുന്നുണ്ടോ?! ജോര്‍ജിന് തല വേദനിയ്ക്കുന്നതുപോലെ തോന്നി.
“കുഞ്ഞൂഞ്ഞാമ്മേ, അടുക്കളയിലെ പണി കഴിഞ്ഞെങ്കി നിങ്ങള്‍ വീട്ടില് പൊയ്ക്കോളൂ. ഞാന്‍ ഇച്ചിരെ നേരം മയങ്ങാന്‍ പോകുവാ!”
******************************************************************
“ഡാഡീ എഴുന്നേറ്റേ, ഞാന്‍ നാരങ്ങാവെള്ളം ഉണ്ടാക്കിയിട്ടുണ്ട്!”
എയ്ഞ്ചല്‍ മേരിയുടെ വിളി കേട്ടാണ് ജോര്‍ജ് ഉണര്‍ന്നത്.
“ആഹാ മോളെത്തിയോ!”
“സമയമെത്രയായെന്നാ വിചാരിച്ചേ? നന്നായി ഉറങ്ങി, അല്ലേ. ഇന്നാ, ഇത് കുടിച്ചാട്ടെ”
കയ്യില്‍ നാരങ്ങാവെള്ളവുമായി സ്കൂള്‍ യൂണിഫോമില്‍ നില്ക്കുന്നത് ക്ലാരതന്നെയാണോ? മേശപ്പുറത്തിരുന്ന കണ്ണടയെടുത്ത്‌ മുഖത്ത് വെച്ചശേഷം ഒന്നുകൂടെ നോക്കി. ഏയ്‌, അല്ല. എയ്ഞ്ചല്‍ മേരി തന്നെയാണ്.
“നന്നായിട്ടുണ്ടല്ലോ, മോളുടെ മമ്മി ഉണ്ടാക്കിത്തന്നിരുന്ന അതേ സ്വാദ്!”
“അയ്യോ, അത്രേം പണ്ടൊക്കെ നാരങ്ങാ ഉണ്ടായിരുന്നോ?!”
“ഹഹഹ, അതെന്താ മോളേ, പണ്ടും നാരങ്ങയും, റബറും, കാശിത്തുമ്പയും, കോഴിക്കുട്ടികളും, മഞ്ചാടിക്കുരുവും, ഒറ്റമൈനയും, പിന്നെ നിന്റെ മമ്മിയും എല്ലാം ഉണ്ടായിരുന്നു!!”
“പക്ഷേ ഇപ്പൊ മമ്മി ഇല്ലല്ലോ, ഞാനല്ലേ ഉള്ളൂ!!”
“ഡാഡിയുടെ തലവേദന മുഴുവന്‍ മാറിയിട്ടില്ല മോളേ, നമുക്ക് ഉമ്മറത്തേക്ക് പോകാം!”
“ഡാഡീ, ഇന്നൊരു സംഭവം ഉണ്ടായി! ഞാന്‍ നെല്‍സണെ ഇടിച്ചു!”
“അയ്യോ, അതെന്നാത്തിനാ കൊച്ചേ?”
“അവന്‍ എന്നോട് രഹസ്യമായിട്ട് ചോദിക്കുവാ, ‘നീ എങ്ങനാ ഒണ്ടായത്’ എന്ന് പഠിപ്പിച്ചുതരണോ എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് വീട്ടില്‍ ചോദിക്കാനും പറയാനും ആള്‍ക്കാരുണ്ടെന്ന്. ഇനി ഇതുപോലെ വല്ലോം പറഞ്ഞാല്‍ ടീച്ചറോട്‌ പറഞ്ഞുകൊടുക്കും എന്നും പറഞ്ഞു.”
“മിടുക്കി! മമ്മിയെപ്പോലെ ധൈര്യശാലിയാണല്ലോ നീയും!”
എയ്ഞ്ചല്‍ മേരി ചിരിച്ചു, മമ്മിയെപ്പോലെ.
“ഡാഡീ, എനിക്ക് മേഘങ്ങളെക്കുറിച്ച് ഒരു അസൈന്മെന്റ് എഴുതാനുണ്ട്. ഞാന്‍ ടെറസിലേക്ക് പോകുവാ. ഡാഡി വരുന്നോ?”
“ഡാഡി ഒന്ന് മുഖം കഴുകീട്ട് വരാം മോളേ”
********************************************************
“ഡാഡീ, ഈ മേഘങ്ങളില്‍ ആരാ ചിത്രം വരയ്ക്കുന്നത്?”
നോട്ടുപുസ്തകം നെഞ്ചോടടക്കിപ്പിടിച്ച്‌ ആകാശത്തേയ്ക്കുനോക്കിക്കിടന്നുകൊണ്ട് എയ്ഞ്ചല്‍ മേരി ചോദിച്ചു.
“ദേ, ഒരു കപ്പല്‍. കപ്പല്‍ അങ്ങനെ നീങ്ങിപ്പോകുവാ! അയ്യോ, ഒരു കുറുക്കന്‍ കപ്പലിനെ വിഴുങ്ങി! ആറുകാലുള്ള കുറുക്കനാ ഡാഡീ, നോക്കിയേ!”
“ഡാഡി കണ്ണടയെടുക്കാന്‍ മറന്നു മോളേ, ഡാഡിക്ക്‌ കാണത്തില്ല!”
“ഓ, സാരമില്ല, ഡാഡി ഇവിടെ വന്നിരുന്നേ, ഞാന്‍ പറഞ്ഞുതരാം”
നേരം സന്ധ്യയാകാറായിരുന്നു. സൂര്യന്‍ ക്ലാരയുടെ നെറ്റിയിലെ ചുവന്ന പൊട്ടുപോലെ തിളങ്ങുന്നു. കിളികള്‍ കൂടണയാന്‍ തിടുക്കത്തില്‍ പറന്നകലുന്നു. ഏതോ പൂ പൂത്തതിന്റെ ഗന്ധം.
“ഡാഡീ, ദേ നോക്കിയേ. മൂന്നുമേഘങ്ങള്‍. രണ്ട് വലിയ മേഘങ്ങളും ഒരു ചെറിയ മേഘവും!”
ജോര്‍ജ് എയ്ഞ്ചല്‍ മേരിയുടെ അരികെ മലര്‍ന്നുകിടന്നു. മൂന്നുമേഘങ്ങളുടെ അവ്യക്തരൂപങ്ങള്‍ അയാള്‍ക്ക് ‌ കാണാന്‍ കഴിഞ്ഞു.
“ദേ ഡാഡീ, ഒന്നിച്ച് ഒഴുകിപ്പോവുന്നു മൂന്നുമേഘങ്ങള്‍. ഒന്ന് ഡാഡി, ഒന്ന് മമ്മി, ഒന്ന് ഞാനും, അല്ലേ?”
ജോര്‍ജ് ചിരിക്കാന്‍ ശ്രമിച്ചു.
“അയ്യോ ഡാഡീ, ഒരു വലിയ മേഘം മറ്റേ വലിയമേഘത്തെ വിഴുങ്ങി. ഇപ്പൊ രണ്ടുമേഘങ്ങളേ ഉള്ളൂ!”


ജോര്‍ജ് ആകാശത്തേയ്ക്കുനോക്കി. അവിടെ ഒരു വലിയ മേഘത്തെയും, ഒരു ചെറിയ മേഘത്തെയും അയാള്ക്ക് ‌ കാണാന്‍ സാധിച്ചു.
അന്തരീക്ഷമാകെ നിറഞ്ഞുനില്ക്കു ന്ന പൂമണം ഇല്ലാതാകുകയാണോ? പകരം പരിചിതമായ മറ്റൊരു സുഗന്ധം പടരുന്നു!!? പാരച്യൂട്ട് എണ്ണയുടെ സുഗന്ധമുള്ള മുടിയിഴകള്‍! ഓര്‍മ്മകള്‍ക്കിടയിലൂടെ മറ്റുപലതും!!
“എയ്ഞ്ചല്‍ മേരീ, നീയെങ്ങനാ ഉണ്ടായതെന്ന് അറിയാമോ?”
“എങ്ങനാ ഡാഡീ??”

Thursday, May 16, 2013

The Rightful Protectors!!


Time:  2.09AM IST.


As a sleepy guy stepped out of a cab,  an  elderly dog taking a nap on the roadside jumped up and started barking.


No, not barking, to be precise. The protectors of the place are transmitting messages.




Elderly Dog : Bow, Boww, Bowwww, Boooww (Unknown Human being detected, moving towards Om Shakti Temple. No External weapons found, carrying a red bag and wearing glasses!)


Super-vigilant bravo dog 200 feet away: Bowooow, Bowww (Copy, officers near the temple! Alert!)


Lazy young dog sleeping near the temple :  Boowww, Bow (What the eff? Why can’t you people just sleep the eff off??)


Vigilant Dog #2 near the temple: Boowwwwwwwwww, boowwwwwwwwwwwoo (Shut up, you coward! We are the proud protectors of the place! Heard that some man pretending to be Goorkha collects money from all the residents every month!! But its we, who really secure and safeguard the place!)


Vigilant Dog #3 (Loudly): Bbbbboooowwwwwwwwww, Booooooooooooooowwwwww (Human being walks past Om shakti Temple, heads towards Raju’s new house.)


Vigilant Dog #2: Bowwww, Bbooowww (Arey, its that chashmish guy! He is of no harm! He works in night shifts and comes back now. Let him go)


Angry young Dog: Bboeeewwww, bowwwww (No! I wont spare him. Its him who threw a jam bottle and an old shoe on my brother!!Maa kasam,  I wont spare him!)


Elderly dog #2 (In a weak tone): Bbwww, bowww (No, grandson. We should not do any harm to him. He might not have got proper sleep that night, maybe that’s why he got angry and threw them on your brother!)


Angry young dog (irritated): bboowwww, bowwwww (But grandpa…)


Elderly Dog #2: Boww! Bowwwwww Boowwww?? (Enough!! Haven’t you heard the saying, ‘To sin is human, To forgive is dogness’??)


Angry young dog: Bowwww, booowwwww (Ok! But I wont spare him if he does this again!)


Elderly Dog #2: Bowwwwwwww, Boowwwww (Ok, now get back to work. Let me take a nap!)


The grandpa goes to sleep, and the grandson walks to and fro in the street.


Vigilant Dog #1 (From the main road): Boowwwwwwww, Bbbbooowwwwww (Attention!!! Group of human beings detected with glass bottles in their hands! Officers, take your position, attack on the count of THREE!!)


The ‘officers’ take their positions.


Vigilant dog #1: Bow, Booww, Booowww (ONE, TWO, THREE!!)


All dogs together (In a wild tone, attacking the human gang) : Bowwwwwww, boowwwwwwwwwwwwwww, boowwwwwwwwwwwwwwwwwwwww (Get lost, you idiots. If you wanna drink, go drink from your home. Don’t drink and roam around, don’t spoil the street!!)


The detected mob of human beings ran away in fear, after a couple of useless attempts to fight back.


Sleepy dog officer somewhere: Booowwwwww, bboowwwww? (General, they have left the place. Can we take a nap for now?)


Vigilant Dog #1: Boowwwww, bowwwwwwww, bboooowwwwwwwwwww (No, my fellowman. Its our duty to protect the village and we should do our duty. Whether it be day or night, rain or storm, we should do it. Because we are CHOSEN!! We are the rightful ones!!! We do this so that the people can sleep peacefully without fear. Now get back to work! You can go sleep once your shift ends, at 6AM!!)




Meanwhile, the detected unknown ‘Chashmish’ human being was searching for jam bottles or old shoes, or whatever ‘throwable’, cursing the bloody dogs who bark all night and spoil his sleep….

Wednesday, October 17, 2012

സീത


സീത


"അമ്മേ, എന്റെ മാത്സ് നോട്ട്.ബുക്ക്‌ എവിടെ? അമ്മ ഇന്നലെ നോക്കിയിട്ട് എവിടെയാ വെച്ചത്? "
ഇഡ്ഡലിത്തട്ടില്‍ നിന്ന് ശ്രദ്ധാപൂര്‍വ്വം ഇഡ്ഡലികള്‍ വേര്‍പെടുത്തി കാസറോളിലേക്ക് വെയ്ക്കുന്ന പ്രവൃത്തിയില്‍ വ്യാപൃതയായിരുന്ന സീതയ്ക്ക് തന്റെ മകന്റെ ചോദ്യം കേട്ടപ്പോള്‍ തെല്ലൊന്നരിശം വന്നു. എങ്കിലും, ആ അരിശം ഇഡ്ഡലികളിലേക്കോ, പറയുന്ന വാക്കുകളിലേക്കോ പടരാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് സീത പറഞ്ഞു. "ആ ടീപ്പോയിന്റെ മുകളില്‍ ഉണ്ടാവും അപ്പൂ, നേരെ നോക്കൂ"

ഇഡ്ഡലി ഒരാളുടെ ജീവിതത്തില്‍ ഇത്രയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണോ? സീതയുടെ ഉത്തരം അതെ എന്നായിരിക്കും. ഓരോ ഇഡ്ഡലിയുടെയും ആകൃതി കിറുകൃത്യം ആകണമെന്ന കാര്യത്തില്‍ കണിശക്കാരനാണ് രാഘവേട്ടന്‍. വക്കുകള്‍ ചെറുതായി അടര്‍ന്നു പോയാലോ, ഇടയിലൂടെ ചെറിയ വിള്ളലുകള്‍ വന്നാലോ ഒക്കെ അദ്ദേഹം കണക്കിന് ശകാരിക്കും. ഇത്രേം മുന്‍ശുണ്‍ഠിയൊക്കെ കല്യാണത്തിന് മുന്‍പ് എവിടെയായിരുന്നു ആവോ!

  (Image Courtesy: Nina Paley - The poster of her film 'Sita Sings the Blues)

'
യഥാര്‍ത്ഥത്തില്‍ എന്തിനാ ഈ കല്യാണം എന്ന ഏര്‍പ്പാട്? സന്തോഷമായി നടക്കുന്ന രണ്ടാളുടെ ജീവിതങ്ങളിലെ സന്തോഷം കളയാനോ? വിവാഹത്തിന് മുന്‍പുള്ള ചിത്രങ്ങള്‍ കാണുമ്പോള്‍ ഞാന്‍ ഇത്രമാത്രം സന്തോഷവതിയായിരുന്നോ എന്ന് തോന്നിപ്പോവാറുണ്ട്. അല്ല, ഇപ്പോള്‍ സന്തോഷത്തിനു എന്താ ഒരു കുറവ്? സ്നേഹിച്ച ആള്‍ തന്നെ കൂടെയില്ലേ? മിടുക്കന്മാരായ രണ്ടു കുട്ടികളില്ലേ? സ്വന്തമായി വീടും കാറുമില്ലേ? വീട്ടിലെ പണിയ്ക്ക് വസുന്ധരാമ്മ ഇല്ലേ? രാഘവേട്ടന്‍ നിസാരകാര്യങ്ങള്‍ക്ക് വഴക്ക് പറയുമ്പോള്‍ വസുന്ധരാമ്മയാണ് സമാധാനിപ്പിക്കാറുള്ളത്. "മോളേ, സാക്ഷാല്‍ സീതാദേവിയുടെ പേരാണ് മോള്‍ക്ക്‌. ക്ഷമിക്കണം, ഭൂമിയോളം ക്ഷമിക്കണം."
ഭൂമിയോളം ക്ഷമിക്കാം, അതും കഴിഞ്ഞാലോ? ചില സമയത്ത് പോയി കിണറ്റില്‍ ചാടാന്‍ തോന്നും, ചട്നിയില്‍ ഉപ്പു കൂടിയെന്നും പുട്ടില്‍ തേങ്ങ പോരെന്നും ഒക്കെ പറഞ്ഞു വഴക്കുപറയുന്നത് കേള്‍ക്കുമ്പോള്‍. പിന്നെ തന്നോടല്ലേ ഇങ്ങനെയൊക്കെ പറയാന്‍ പറ്റൂ എന്നോര്‍ത്തു ക്ഷമിക്കും, സമാധാനിക്കും..

"
സീതേ, ഭക്ഷണം എടുത്തുവെച്ചോളൂ, എനിക്കിറങ്ങാന്‍ സമയമാവാറായി." രാഘവേട്ടന്റെ വാക്കുകള്‍ സീതയെ ചിന്തയില്‍ നിന്നുമുണര്‍ത്തി. ഭക്ഷണസാധനങ്ങള്‍ തീന്മേശയില്‍ കൊണ്ടുവെച്ചുകൊണ്ട് സീത അടുക്കളയിലേക്കു തിരിച്ചുനടന്നു.

രാഘവേട്ടന്റെയും കുട്ടികളുടെയും ഭക്ഷണം കഴിയുമ്പോഴേക്കും ഉച്ചഭക്ഷണം പാത്രങ്ങളിലാക്കണം. അവരെ പറഞ്ഞയച്ചതിനു ശേഷം വസുന്ധരാമ്മയ്ക്ക് എന്തെങ്കിലും ഭക്ഷണം കൊടുത്തു സ്വയം എന്തെങ്കിലും കഴിച്ചെന്നു വരുത്തിയിട്ട് വേണം ഓഫീസില്‍ പോകാന്‍ .
"അമ്മേ, ഈ ഉണ്ണി കാര്‍ട്ടൂണ്‍ കാണാന്‍ സമ്മതിക്കുന്നില്ല" ഊണ്‍മേശയില്‍ കുട്ടികളുടെ വഴക്കിന്റെ ശബ്ദം കേട്ട സീത തലയ്ക്കു കൈ വെച്ചുകൊണ്ട് അവര്‍ക്കടുത്തേക്ക്  ഓടി. "മിണ്ടാതിരുന്നു കഴിച്ചോളൂ രണ്ടാളും, അച്ഛന്‍ വന്നാല്‍ നല്ല വഴക്ക് കേള്‍ക്കും. ഇരട്ടകളാണെന്നു പറഞ്ഞിട്ടെന്താ, എപ്പോഴും തമ്മില്‍തല്ലാ രണ്ടാളും"  പകുതി കുട്ടികളോടും പകുതി തന്നോടുതന്നെയും പറഞ്ഞുകൊണ്ട് സീത അടുക്കളയിലേക്കു നടന്നു.
ചോറ്റുപാത്രങ്ങളില്‍ ഭക്ഷണം നിറയ്ക്കുകയായിരുന്ന സീത  എന്തോ ഉടയുന്ന ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞു. "സീതേ, സീതേ!" എന്ന അലര്‍ച്ച പിന്നാലെ വരുന്നതുകെട്ട സീത ഹാളിലെക്കോടി. ങ്ങും, ഇത്തവണ പ്ലേറ്റ് ആണ് പൊട്ടിച്ചിരിക്കുന്നത്.

"
നിന്നോട് എത്ര തവണ പറയണം ഇഡ്ഡലി നേരെ ഉണ്ടാക്കാന്‍? എത്രവര്‍ഷമായി ഇത് തുടങ്ങിയിട്ട്? ഇത്രേം കാലമായി ഇതുകൂടി നേരെ ചെയ്യാന്‍ വയ്യ! എന്തൊരു കഷ്ടാ ഇത്! ഞാന്‍ വെറുതെ രാത്രിയും പകലും അധ്വാനിച്ചിട്ടു ഒരു നല്ല ഭക്ഷണം പോലും കിട്ടുന്നില്ലെങ്കില്‍ പിന്നെന്തിനാ ഇങ്ങനെ ജീവിക്കുന്നത്? രണ്ടു കുട്ടികളുടെ അമ്മയായി, എന്നിട്ടും ഒരു വസ്തു നേരാംവണ്ണം ചെയ്യാന്‍ വയ്യ, നാശം!"

സീത വിക്കിവിക്കി പറഞ്ഞു, "ശ്ര.. ശ്രദ്ധിച്ചിട്ടാ ഉണ്ടാക്കിയത്.."

"ങ്ങും, ശ്രദ്ധിച്ചിട്ടാണത്രേ! ഇത് കണ്ടില്ലേ? ഇതെന്താ ഈ ഇഡ്ഡലി ഇങ്ങനെ? ഇതിന്റെ നടുവില്‍ ഇതാ ഒരു വിള്ളല്!" രാഘവേട്ടന്‍ ആ ഇഡ്ഡലി എടുത്ത് നിലത്തേക്ക് എറിഞ്ഞു.

"ഒരിത്തിരി ചായ കിട്ടിയിരുന്നെങ്കില്‍ അതെങ്കിലും കുടിച്ചിട്ട് പോവാമായിരുന്നു, നാശം! ഏതു മറ്റവനെ ഓര്‍ത്തു നിന്നിട്ടാണാവോ ഉണ്ടാക്കുന്ന ഇഡ്ഡലിയൊക്കെ ഇങ്ങനെ കേടുവരുന്നത്!"
സീത വീണുകിടക്കുന്ന ഇഡ്ഡലിയിലേക്ക് സൂക്ഷിച്ചുനോക്കി. എല്ലാവരും സീതയെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. സാധാരണ പേടിയോടെയും ഈര്‍ഷ്യയോടെയും മാത്രം അച്ഛനെ നോക്കുന്ന മക്കള്‍ അവരുടെ അച്ഛന് ഫ്ലാസ്കില്‍ നിന്ന് ചായ പകര്‍ന്നുകൊടുക്കുന്നത് അതിനിടെ സീത കണ്ടു. വസുന്ധരാമ്മയെ നോക്കിയ സീതയ്ക്ക് അവരുടെ കണ്ണുകളില്‍ ഒരുതരം വാത്സല്യമാണ് കാണാന്‍ കഴിഞ്ഞത്.

 'ഭൂമിയോളം ക്ഷമിക്കാം, അതും കഴിഞ്ഞാലോ?' സീത അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് കണ്ണടച്ച് കൈകള്‍ കൂപ്പി. അപ്പോള്‍ നിലത്ത്, താഴെ കിടക്കുന്ന ഇഡ്ഡലിയിലേതുപോലെയുള്ള ഒരു വിള്ളല്‍ പ്രത്യക്ഷപ്പെട്ടു. ക്രമേണ ആ വിള്ളല്‍ വിടര്‍ന്നുവന്നു ഒരു ഗര്‍ത്തമായി മാറി. അതില്‍നിന്ന് അഗ്നിസ്ഫുലിംഗങ്ങള്‍ ബഹിര്‍സ്ഫുരണം ചെയ്യുന്നുണ്ടായിരുന്നു. പൊടുന്നനെ അതില്‍നിന്ന് ഒരു പ്രകാശഗോളം ഉയര്‍ന്നുവന്നു. സീത സ്വന്തം അമ്മയെയെന്നോണം അതിനെ ആലിംഗനം ചെയ്തു. സീതയെ തന്റെയുള്ളിലേക്കെടുത്തുകൊണ്ട് ആ പ്രകാശഗോളം ഒരമ്മയുടെ ഗര്‍ഭപാത്രത്തിലേക്കെന്നവണ്ണം ആ ഗര്‍ത്തത്തിന്റെ അടിയിലേക്ക് കടന്നുപോയി.

ക്രമേണ അഗ്നിസ്ഫുലിംഗങ്ങള്‍ നിലച്ചു, ആ വിള്ളല്‍ ചെറുതായിച്ചെറുതായി ഒടുവില്‍ ഇല്ലാതായി. ഒന്നും നടന്നിട്ടില്ലെന്ന വിധം അവിടം ശാന്തമായി. സ്തബ്ധരായി രാഘവേട്ടനും കുട്ടികളും പരസ്പരം നോക്കി.

അതിനിടെ നിലത്ത് കിടക്കുന്ന ഇഡ്ഡലിയിലേക്ക് നോക്കിക്കൊണ്ട്‌ ഉണ്ണി പറഞ്ഞു, "അച്ഛാ, ഇഡ്ഡലിയില്‍ ആ വിള്ളല്‍ കാണാനില്ല!! "

Friday, May 11, 2012

രഹസ്യമല്ലാത്ത ചില പരസ്യ രഹസ്യങ്ങള്‍ !!



Poster 
 


കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി എല്ലാവരും ധാത്രി, ഇന്ദുലേഖ, ശ്രീധരീയം തുടങ്ങിയ മരുന്ന്(?) കമ്പനികള്‍ക്കും അവരുടെ പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്കും എതിരെ  ഫേസ്ബുക്കിലും മറ്റും വാളോങ്ങുന്നത്‌ കണ്ടു. ഒരു സംശയം. ഇതെന്താ ആദ്യമായാണോ ചാനലുകാരും അവര്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങളും നമ്മളെ പറ്റിക്കുന്നത്


വര്‍ഷങ്ങളായി നാം ഫെയര്‍ ആന്‍ഡ്‌ ലവ്‌ലി, ഫെയര്‍ ആന്‍ഡ്‌ ഹാന്‍ഡ്‌സം തുടങ്ങിയവയുടെ പരസ്യം കാണുന്നുണ്ടല്ലോ, ഇവര്‍ ഒക്കെ പരസ്യത്തില്‍ പറയുന്നപോലെയുള്ള ചര്‍മകാന്തി ഇതുപയോഗിച്ചവര്‍ക്ക് കിട്ടിയതായി എനിക്കറിവില്ല. പിന്നെ ഉയരം കൂട്ടാനും വളര്‍ച്ചക്കും ഒക്കെ വേണ്ടി ഉള്ള ഹോര്‍ലിക്ക്സ്, കോംപ്ളാന്‍, ബൂസ്റ്റ്‌ ഇവയുടെ കാര്യം. നല്ല രുചിയും, കുടിച്ചുകഴിയുമ്പോള്‍ ഉള്ള ഒരു ഉന്മേഷവും ഉണ്ടെന്നൊഴിച്ചാല്‍ ഇവ ആരോഗ്യം മെച്ചപ്പെടുത്താന്‍ എത്രമാത്രം സഹായിക്കുന്നുണ്ട്? നിങ്ങളുടെ പല്ലുകള്‍ വെളുപ്പിക്കും എന്ന് പറഞ്ഞു വരുന്ന ഏതെങ്കിലും ടൂത്ത്‌ പേസ്റ്റ് ഉപയോഗിച്ച് ആരുടേയും പല്ല് വെളുത്തതായി ഞാന്‍ കേട്ടിട്ടില്ല. പല്ലിന്‍റെ സ്വാഭാവികമായ നിറം അതിന്‍റെ പുറത്തെ ഇനാമലിന്‍റെയാണ്. അത് തൂവെള്ളയാകണമെങ്കില്‍ ഇനാമല്‍ ചുരണ്ടിക്കളയുകയോ പല്ലില്‍ കുമ്മായം പൂശുകയോ ചെയ്യേണ്ടിവരും. പിന്നെ മുണ്ടുകള്‍. ഉടുത്തിരിക്കുന്ന മുണ്ടിന്‍റെ ബ്രാന്‍ഡ്‌ നോക്കി ആളുകളെ ആദരിക്കുന്ന പരിപാടി കേരളത്തില്‍ തുടങ്ങിയതായി എനിക്ക് അറിവില്ല. രാവിലെ കുളിക്കാന്‍ ഉപയോഗിച്ച സോപ്പിന്‍റെയോ, അതുകഴിഞ്ഞ് പൂശിയ പെര്ഫ്യൂമിന്റെയോ മണം കാരണം ടു പീസ്‌ വസ്ത്രം ധരിച്ച സ്ത്രീകള്‍ ആരെയെങ്കിലും വന്നു പൊതിഞ്ഞതായും കേട്ടുകേള്‍വി ഇല്ല. ഒന്നര മിനുട്ടുകൊണ്ട് തയ്യാറാകും എന്ന് പറയുന്ന മാഗി തയ്യാറാക്കാന്‍ അതിലധികം സമയം വേണമെന്നും, വസ്ത്രങ്ങള്‍ക്ക് നിറം കിട്ടാന്‍ നാല് തുള്ളി ഉജാല പോരെന്നും നമുക്ക്‌ നന്നായറിയാം. സന്തോഷ്‌ ബ്രഹ്മിയോ ജ്യോതിഷ് ബ്രഹ്മിയോ കഴിച്ചതുകൊണ്ട് ഏതെന്കിലും കുട്ടി പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ?


ചാനലുകാരുടെ കാര്യം നോക്കിയാല്‍, ഏതു തല്ലിപ്പൊളി സിനിമയെയും ബ്ലോക്ക്‌ബസ്റ്റര്‍ എന്ന പേരില്‍ പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്ക് ഒരു ഉളുപ്പും ഇല്ല. കുടുംബബന്ധങ്ങളുടെ നേര്‍ക്കാഴ്ച്ച എന്നുപറഞ്ഞ് നാടൊട്ടുക്ക് കുടുംബങ്ങളിലെ അപഥസഞ്ചാരങ്ങളുടെ കഥകള്‍ വിളമ്പാനും ഇവര്‍ക്ക് മടിയില്ല. ഇത്തരത്തില്‍ ഒട്ടുമിക്ക ബ്രാന്‍ഡുകളും, ചാനലുകളും നമ്മളെ വര്‍ഷങ്ങളായി പറ്റിക്കുകയല്ലേ? അപ്പോള്‍ ഇതൊന്നും വഞ്ചനയില്‍ പെടില്ലേ? എവിടുന്നാ പിന്നെ പെട്ടെന്ന്‍ ഈ ധാര്‍മ്മികരോഷം തിളച്ചുപൊങ്ങിയത്? 


എന്താണിവിടെ സംഭവിച്ചത് എന്നുവെച്ചാല്‍, മേല്‍പ്പറഞ്ഞ പരസ്യങ്ങള്‍ ഒട്ടുമിക്കതും അതിഭാവുകത്വം നിറഞ്ഞതായിരുന്നു, അല്ലെങ്കില്‍ ഒരു അണ്‍റിയലിസ്റ്റിക് ഫീല്‍ അവയ്ക്ക് ഉണ്ടായിരുന്നു. അവയില്‍ ഗ്രാഫിക്സ് ഉപയോഗിച്ചിരുന്നു, പ്രശസ്ത സിനിമാതാരങ്ങളെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈയിടെയായി വന്ന പല പരസ്യങ്ങളും റിയാലിറ്റി പരസ്യങ്ങള്‍ ആയാണ് ഇറക്കിയിരിക്കുന്നത്. നമുക്ക് പരിചിതമല്ലാത്ത, പ്രശസ്തമല്ലാത്ത ഒരു മുഖം, അയാള്‍ വന്ന് ‘ഫ്രണ്ട്സ്‌ പറഞ്ഞിട്ടാ ഇതിനെ പറ്റി അറിയണേ, മൂന്നാഴ്ച്ചോണ്ട് ഫലണ്ടായി, വളരെ നല്ല പ്രോഡക്റ്റ് ആണ് ട്ടോ, നിങ്ങളും ഉപയോഗിച്ചോളൂ!’ എന്നൊക്കെ പറയുന്നു. അപ്പോള്‍ താഴെ ‘ബിജു, 26 വയസ്സ്, ഒറ്റപ്പാലം’ എന്ന് എഴുതിക്കാണിക്കുന്നു. അല്ലെങ്കില്‍ ജനങ്ങളോട് അടുത്ത് നില്‍ക്കുന്ന ഏതെങ്കിലും സെലിബ്രിറ്റി കാഷ്വല്‍ ആയി ഈ പ്രോഡക്ടിനെ പറ്റി പറയുന്നു. ഇതുകൊണ്ട് എന്താണ് സംഭവിക്കുന്നത്? നമുക്കിടയില്‍ ഉള്ള ഒരാളുടെ അഭിപ്രായം ആണ് ഇതെന്ന് ഒരു മിഥ്യാധാരണ നമ്മുടെ മനസ്സിനുള്ളില്‍ ഉറവെടുക്കുകയാണ്! അതുകൊണ്ടാണ് പിന്നീട് ഫലം കാണുന്നില്ല എന്ന് പറയുമ്പോള്‍ നമ്മുടെ ചോര തിളയ്ക്കുന്നത്. 

സുഹൃത്തുക്കളേ, ബ്രാന്‍ഡുകളുടെ പുതിയ കച്ചവടതന്ത്രമാണ് റിയാലിറ്റി പരസ്യങ്ങള്‍. ഇവ മറ്റു പരസ്യങ്ങളെക്കാളും ഒട്ടും മുന്നില്‍ നില്‍ക്കുന്നില്ല. ടി.വി കാണുന്നതിനിടയില്‍ വെള്ളം കുടിക്കാനോ, ചോറ് വെന്തുവോ എന്ന് നോക്കാനോ വേണ്ടി പോവാനുള്ള ഒരു സമയമായി ഇടവേളകളെയും പരസ്യങ്ങളെയും കണക്കാക്കിയാല്‍ മതി! അവര്‍ എന്ത് പരസ്യം വേണമെങ്കിലും ഇറക്കിക്കോട്ടേന്നേ! വാങ്ങി ഉപയോഗിക്കണോ, വേണ്ടയോ എന്ന് നമ്മള്‍ തീരുമാനിച്ചാല്‍ മതിയല്ലോ!


ടിപ്പ്: എന്നും അതിരാവിലെ നല്ല കാച്ചിയവെളിച്ചെണ്ണയോ, നീലിഭൃംഗാദിയോ മുടിയില്‍ തേയ്ച്ച് കുളിച്ചാല്‍ മതി, മുടി തഴച്ചു വളരാന്‍! 

Sunday, April 15, 2012

എം.ടിയില്‍ നിന്ന് ഭാസ്കറിലേക്ക് എത്ര ദൂരം?

വിനീത് എംടിയും ഞാനും

























“ഛായാഗ്രാഹകര്‍ : വിനീത്.എം.ടി, ജിജോ ജോസ്” 
“ഡോ, ഇങ്ങനെ പോരേന്നു നോക്കൂ!”

കമ്പ്യൂട്ടറില്‍ ഏതോ നവദമ്പതികളുടെ വിവാഹ സീഡിയുടെ മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന വിനീത്.എം.ടിയോട്‌ ഞാന്‍ ലാപ്ടോപ്പിന്റെ മോണിട്ടര്‍ അദ്ദേഹത്തിന്റെ നേരെ നീട്ടിക്കൊണ്ടു ചോദിച്ചു. 

“ഡാ ശ്യാമാ, അന്റെ മണ്ടക്ക് ഒന്ന് തന്നാണ്ടലോ, വിനീത് ഭാസ്കര്‍ എന്നാക്കാന്‍ ഞാന്‍ പറഞ്ഞതല്ലേ?”

ഓ, ശരിയാണ്, വൈകുന്നേരം കുളത്തില്‍ നീന്തിക്കൊണ്ടിരിക്കുമ്പോള്‍ അങ്ങനെ പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.

“മര്യാദക്ക് അത് മാറ്റിക്കോട്ടാ എക്കാ”
  
എന്റെ ഓര്‍മ്മ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് പിന്നോട്ടോടി. അച്ഛനുമമ്മയ്ക്കുമൊപ്പം കറുത്ത ട്രങ്ക് പെട്ടിയുടെ അകമ്പടിയോടെ സ്കൂള്‍ ഗേറ്റിനു മുന്‍പില്‍ നില്‍ക്കുന്ന അനേകം കുട്ടികള്‍ക്കിടയില്‍ ഒരു കുട്ടിയുടെ പെയിന്റ് അടിക്കാത്ത പെട്ടിയില്‍ വെളുത്ത പെയിന്റ് കൊണ്ട് എഴുതിയിരിക്കുന്നത് ഞാന്‍ വായിച്ചു. “Vineeth M.T, Roll No: 1181, Udayagiri House”
 
“അമ്മേ, ദാ നോക്കൂ, ആ കുട്ടീം ഉദയഗിരി ആണ്”.

അമ്മ ഒരു പുഞ്ചിരി സമ്മാനിച്ച് അച്ഛനുമായുള്ള സംഭാഷണത്തില്‍ വ്യാപൃതയായി. 
 
പിന്നീട് ഡിവിഷന്‍ തിരിച്ചപ്പോള്‍ ‘VI – A’ ക്ലാസ്സില്‍ ഉദയഗിരി ഹൗസിലെ രണ്ട് ആണ്‍കുട്ടികള്‍ മാത്രം. ഞാനും വിനീത്.എം.ടിയും. ബാക്കി പത്തുപേരും ‘VI – B’ യില്‍ , എന്റെ ഉറ്റമിത്രമായ നവീന്‍ അടക്കം.

ആദ്യ യൂനിറ്റ്‌ ടെസ്റ്റ്‌ കഴിഞ്ഞപ്പോള്‍ വിനീത്.എം.ടിയുടെ മാര്‍ക്കിന്റെ വൈഭവം കാരണം സ്വാഭാവികമായും അദ്ദേഹം ‘റെമഡിയല്‍ ’ ലിസ്റ്റില്‍ അകപ്പെട്ടു. അന്ന് ക്ലാസ്സ്‌ ഫസ്റ്റായിരുന്ന (അതെ, ഞാന്‍ അന്നൊക്കെ ഒരു സംഭവം ആയിരുന്നു!!) എന്റെ കൈകളിലാണ് അന്ന് മോളി മാഡം വിനീത്.എം.ടിയെ ഏല്‍പ്പിച്ചത്‌.

VI – A യില്‍ രണ്ടു വിനീത് ഉണ്ട്. വിനീത്.എം.ടിയും വിനീത് വിജയന്‍ . ടി.പി.എസ്സും. ടി.പി.എസ്സിനെ എല്ലാവരും വിനീത് വിജയന്‍ എന്നും തമിഴ്നാട് പോലിസ്‌ സര്‍വീസ്‌’ എന്നും ഒക്കെ വിളിച്ചപ്പോഴും വിനീത്.എം.ടിക്ക് എന്നും ഒരേ പേരായിരുന്നു, വിനീത്.എം.ടി എന്നുതന്നെ.

പിന്നീട് ഏഴിലും എട്ടിലും ഒക്കെ എത്തിയപ്പോഴേക്കും പേരുകളുടെ എണ്ണം കൂടിയിരുന്നു, ശ്യാം ചാമി, ചാമിക്കൊറ്റന്‍ , ചൈന ക്ലേ ഇവയൊക്കെ ആയപ്പോള്‍ വിനീത്.എം.ടിയെ മട്ടി, മട്ടന്‍ , സുദര്‍ശന്‍ എന്നൊക്കെയാണ് ബാക്കി ഉള്ളവര്‍ വിളിച്ചിരുന്നത്. പക്ഷെ ഞാന്‍ വിനീത്.എം.ടിക്കായി സ്വന്തമായി പേരുകള്‍ സൃഷ്ടിച്ചു. മോടിഷ്, മോടിഷ് ബാബു, ബോശന്‍ , മോടിഷ് ബോശന്‍ , എന്നൊക്കെ ആയിരുന്നു അവ. ‘വിനീതമോടിഷ് ബാബു’ എന്ന് ഈണത്തില്‍ പറയാന്‍ എന്തൊരു രസമാണെന്നോ!

ബോശന്‍ എന്നതിന്റെ അര്‍ഥം എനിക്ക് ഇന്നേവരെ അറിയില്ല. പലപ്പോഴും അങ്ങനെ വിളിക്കുന്നതില്‍ നിന്ന് വിനീത്.എം.ടി എന്നെ വിലക്കിയിരുന്നു, ആ വിലക്കുകള്‍ ഒന്നും വകവെക്കാതെ ആ വിളി തുടര്‍ന്ന എന്നെ ഒരിക്കല്‍ വിനീത്.എം.ടി അച്ഛനു വിളിച്ചു. അതിനു ഞങ്ങള്‍ കുറെ നേരം അടി കൂടുകയും ചെയ്തു. പക്ഷെ എത്ര അടി കൂടിയാലും ഞങ്ങള്‍ പെട്ടെന്നുതന്നെ ഇണങ്ങുമായിരുന്നു (ക്ലീഷേ, പക്ഷെ സത്യമാണ്!!).

ആ വഴക്കിനു ശേഷം ഞാന്‍ ബോശന്‍ വിളി നിര്‍ത്തി. ബോശന്‍ എന്നത് അവരുടെ പ്രദേശത്തെ വല്ല ആരാധനാമൂര്‍ത്തിയുടെയും പേരായിരിക്കും എന്ന് ഞാന്‍ വിചാരിച്ചു. ഈയിടെ വിനീത്.എം.ടിയെ കണ്ടപ്പോള്‍ ഞാന്‍ ബോശന്റെ അര്‍ഥം ചോദിച്ചു. “ആവേ” എന്നാ മറുപടിയായിരുന്നു എനിക്ക് കിട്ടിയത്‌.. ഓഹോ, അപ്പൊ അങ്ങനെ ഒരു വാക്കില്ലല്ലേ! ഇല്ലാത്ത ഒരു വാക്കിന്റെ പേരിലായിരുന്നു അപ്പൊ അത്രയും വഴക്ക് നടന്നത്.

പറഞ്ഞുവന്ന കാര്യം അതല്ല. സന്ധ്യാ മാഡത്തിന്റെ SUPW പിരീഡില്‍ ഒന്നിച്ച് പുല്ലുപറിച്ചും, സ്റ്റഡി ടൈമില്‍ വിനീത്.എം.ടിക്ക് പഠിപ്പിച്ചുകൊടുക്കുക എന്ന വ്യാജേന മലയാള പദ്യങ്ങള്‍ ചൊല്ലിയും, പാരഡികള്‍ ഉണ്ടാക്കിയും, രാത്രി ഡോര്‍മട്രിയിലെ സ്റ്റഡി ടൈമില്‍ സംസാരിച്ചതിന് റഫീക്ക്‌ ഏട്ടന്റെ കയ്യില്‍ നിന്ന് അടി വാങ്ങിയും, അതിരാവിലെ രവീന്ദ്രന്‍ സാറിന്റെ “ഡോ ഡോ എണീക്കെടോ” എന്ന വിളി കേട്ടുണര്‍ന്നും ഞങ്ങള്‍ വളര്‍ന്നു. ടൈഗര്‍ , പാര്‍ലെ-ജി, ചായ്‌ ബിസ്കൂട്ട് തുടങ്ങിയ അമൂല്യവസ്തുക്കള്‍ പരസ്പരം പങ്കുവെച്ചും, പലപ്പോഴും ആരും കാണാതെ ഒറ്റയ്ക്ക് ‘മണുങ്ങി’ കഴിച്ചും ഞങ്ങള്‍ വളര്‍ന്നു. അപ്പോഴും വിനീത്.എം.ടിയെ ഞാന്‍ വിനീത്.എം.ടി എന്നുതന്നെയാണ് വിളിച്ചിരുന്നത്.

കാലം കടന്നുപോയി. പത്താം ക്ലാസിനു ശേഷം വിനീത്.എം.ടി അദ്ദേഹത്തിന്റെ നാട്ടിലെ ഒരു സ്കൂളില്‍ ചേര്‍ന്നു. പതിനൊന്നാം ക്ലാസ്സ്‌ നവോദയയില്‍ തുടങ്ങിയെങ്കിലും ചില കാരണങ്ങളാല്‍ രണ്ടു മാസത്തിനു ശേഷം ഞാനും നവോദയ വിട്ട് ചെര്‍പ്പുളശ്ശേരി ഇംഗ്ലീഷ് മീഡിയം സെന്‍ട്രല്‍ സ്കൂളില്‍ ചേര്‍ന്നു.

പിന്നെ ഞങ്ങള്‍ കാണുന്നത് 2006ലാണ്. അന്ന് എന്റെ വീട്ടിലേക്ക്‌ വന്ന വിനീത്.എം.ടി ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ചിത്രം കണ്ട് “ഇതാരാ, മുത്തശ്ശനാ?”എന്ന് ചോദിച്ചത് എന്റെ അച്ഛനെയും അമ്മയെയും ഒരുപാട് ചിരിപ്പിച്ചു. അന്നാണ് ഞങ്ങള്‍ ‘കൊമാല’ എന്ന കഥ ഒരു ഷോര്‍ട്ട് ഫിലിം ആക്കാന്‍ തീരുമാനിച്ചതും ഞാന്‍ അതിന്റെ തിരക്കഥ എഴുതാന്‍ തുടങ്ങിയതും. എന്തായാലും അത് നടന്നില്ല. പക്ഷെ അന്നും വിനീത്.എം.ടി വിനീത്.എം.ടി തന്നെയായിരുന്നു.

പിന്നെ വിനീത്.എം.ടി ആനിമേഷന്‍ കോഴ്സിനു ചേര്‍ന്നു, ഡിഗ്രിക്ക് ചേര്‍ന്നു, കല്യാണ വീഡിയോ വര്‍ക്ക്‌ ചെയ്യുന്നുണ്ട് എന്നൊക്കെ പലപ്പോഴായി അറിയാന്‍ കഴിഞ്ഞു. പിന്നീടൊരിക്കല്‍ ഞങ്ങള്‍ സംവിധായകന്‍ /നടന്‍ എം.ജി.ശശിയുടെ വീട്ടില്‍ ചെന്ന് അദ്ദേഹത്തിന്റെ ‘ജാനകി’ എന്ന സിനിമ കണ്ടു. അന്നും ഞാന്‍ ശശി സാറിനെ കണ്ട ഉടനെ പറഞ്ഞത്‌ ‘ഞാന്‍ ശ്യാം, ഇത് വിനീത്.എം.ടി’ എന്നായിരുന്നു. എന്തിനേറെ, രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ്‌ ഞങ്ങളുടെ സുഹൃത്തായ രശ്മിയെ കണ്ടപ്പോഴും ഞാന്‍ അവരോട് പറഞ്ഞത്  ‘ഞങ്ങള്‍ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുന്നുണ്ട്, വിനീത്.എം.ടിയും ഉണ്ട് കൂടെ’ എന്നായിരുന്നു.


“ഡാ, നിന്നോട് മാറ്റാനല്ലേ പറഞ്ഞത്‌?” വിനീത്.എം.ടിയുടെ ഗര്‍ജനം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി. ഇതാ, വിനീത്.എം.ടി എന്നോട് വിനീത്.എം.ടി എന്നത് വിനീത് ഭാസ്കര്‍ ആക്കാന്‍ പറയുന്നു!! പന്ത്രണ്ടു കൊല്ലമായി വിനീത്.എം.ടി, വിനീത്.എം.ടി എന്ന് മാത്രം വിളിക്കുന്ന എന്നോട്!!.

ഞാന്‍ സംവിധാനം ചെയ്ത് വിനീത്.എം.ടിയും ജിജോയും ക്യാമറകള്‍ ചലിപ്പിച്ച ഞങ്ങളുടെ ആദ്യത്തെ ഷോര്‍ട്ട് ഫിലിമിന്റെ ടൈറ്റില്‍ എഴുതാന്‍ എനിക്ക് ഒരു സ്വാതന്ത്ര്യവും ഇല്ലേ?

ഞാന്‍ പറഞ്ഞു, “എടോ എം.ടിയാണ് നല്ലത്. അതാണ്‌ ഭാഗ്യം.എം.ടി. വാസുദേവന്‍ നായര്‍ തന്നെ ഉദാഹരണം. ഭാസ്കര്‍ വെച്ചാല്‍ അധികം ശ്രദ്ധിക്കപ്പെടില്ല. ‘കറന്‍സി’യുടെ സംവിധായകന്‍ സ്വാതി ഭാസ്കറിനെ അറിയില്ലേ?” (ഇവിടെ ഗാനരചയിതാവ്‌/സംവിധായകന്‍ പി. ഭാസ്കരന്റെ ആത്മാവും, വിഷ്ണു പി ഭാസ്കരനും എന്നോട് ക്ഷമിക്കുക, നിങ്ങളെ സൗകര്യപൂര്‍വ്വം ഒഴിവാക്കിയതാണ്!!)

“പോടാ അവിടുന്ന്, അതൊന്നും പറ്റില്ല, ഭാസ്കര്‍ മതി”

ഓ, ഒരു ഭാസ്കര്‍ ! കാര്യം ഭാസ്കരന്‍ എന്നത് ഇദ്ദേഹത്തിന്റെ അച്ഛന്‍റെ പേരാണെങ്കിലും ‘മുളയന്‍തൊടി’ എന്ന വീട്ടുപേരിന്റെ ചുരുക്കമായ ‘എം.ടിക്ക് തന്നെയാണ് അതിന്റെ ഒരു ‘ഇത്’. പക്ഷേ ആ കാര്യം ഈ മഹാന് മനസ്സിലാവണ്ടേ!

മനസ്സില്ലാമനസ്സോടെ ഞാന്‍ എം.ടി മാറ്റി ഭാസ്കര്‍ എന്ന് ടൈപ്പ് ചെയ്തു, ആ ടൈറ്റിലില്‍ മാത്രം! എന്റെ മനസ്സില്‍ വിനീത്.എം.ടി എന്നും വിനീത്.എം.ടി തന്നെ ആണ്. വിനീത് ഭാസ്കര്‍ പോയി പണി നോക്കട്ടെ! ഒരു ഷോര്‍ട്ട് ഫിലിം ചെയ്തപ്പോഴേക്കും പേര് മാറ്റാന്‍ നടക്കുന്നു!

ഞാന്‍ ചിന്തിച്ചു, ബാംഗ്ലൂരില്‍ ചെന്ന ശേഷം ഞാന്‍ ആണല്ലോ ഇതിന്റെ പോസ്റ്റര്‍ ഉണ്ടാക്കുക. അപ്പൊ കാണിച്ചു തരാം!! അതില്‍ ഞാന്‍ വിനീത്.എം.ടി എന്നേ വെക്കുള്ളൂ! എന്നോടാ കളി!!

Sunday, December 18, 2011

ചില ഏറ്റുപറച്ചിലുകള്‍; My Confessions


ഇപ്പോള്‍ സമയം പുലര്‍ച്ചേ രണ്ടേമുക്കാല്‍. കുറേ നേരം വെറുതെ കിടന്നിട്ട് ഉറക്കം വരാഞ്ഞതുകൊണ്ടും ഇനിയും ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതിയില്ലെങ്കില്‍ എനിക്ക് മനസ്സമാധാനം ഉണ്ടാവില്ല എന്ന് ഏകദേശം മനസ്സിലായതുകൊണ്ടും ആണ് കുറേ ദിവസമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഇക്കാര്യം ഞാന്‍ ഇപ്പോള്‍തന്നെ എഴുതാന്‍ തീരുമാനിച്ചത്‌.
ഏകദേശം ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കേരളമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പേരായിരുന്നു ഹരിശങ്കര്‍ കലവൂര്‍. ‘സില്‍സില’ എന്നൊരു ആല്‍ബം പുറത്തിറക്കിയതിന്റെ പേരിലാണ് ഇദ്ദേഹം (കു)പ്രസിദ്ധനായത്‌. ഈ ഗാനരംഗം ഞാന്‍ ആദ്യമായി കാണുന്നത് 2010 മെയ്‌ മാസത്തില്‍ എപ്പോഴോ ആണ്. ഒരുദിവസം രാവിലെ പതിവുപോലെ മലയാളം സിനിമകളുടെ വിവരങ്ങള്‍ ലഭിക്കുന്ന ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലെ പുതിയ വിശേഷങ്ങളിലൂടെ കണ്ണോടിക്കുമ്പോഴാണ് ‘ഇവനെ ഒക്കെ എന്ത് ചെയ്യണം – സില്‍സില’ എന്ന പേരില്‍ ഒരു പോസ്റ്റ്‌ ഞാന്‍ കാണുന്നത്. അന്ന് ആ ഗാനരംഗം കണ്ടു ഞാന്‍ ഒരുപാട് ചിരിച്ചു. അതിന്റെ വരികള്‍ ‘ഹൈ പിച്ച്, ലോ പിച്ച്’ എന്ന വിവരണങ്ങളോടുകൂടി ഇന്‍റര്‍നെറ്റില്‍ ഞാന്‍ പ്രചരിപ്പിച്ചു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ അതിലെ ആളുകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചു ഞാന്‍ ഒരു പോസ്റ്ററും ഉണ്ടാക്കി. ഒരാഴ്ച കഴിഞ്ഞു ഞാന്‍ എനിക്കറിയുന്ന രീതിയില്‍ അതിനെ റിമിക്സ് ചെയ്ത് യുട്യൂബില്‍ അപ് ലോഡും ചെയ്തു.
‘സില്‍സില വേട്ട’ ഞാന്‍ അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. യമദേവന് സസ്പെന്‍ഷന്‍ എന്നൊക്കെ പറഞ്ഞു വേറെ ഒരു പോസ്റ്റര്‍ ഇറക്കിയും ഞാന്‍ ഈ പരിപാടി തുടര്‍ന്നു. അതിനിടയില്‍ ഈ ഗാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഹരിശങ്കറിന്റെ മറ്റൊരു ഗാനം ആരോ യുട്യൂബില്‍ ഇട്ടിരുന്നു. ‘യന്ത്രപ്പാട്ട്’ എന്ന ആ ഗാനത്തിലെ വരികള്‍ വളരെ നല്ലതായിരുന്നു എങ്കിലും അതിന്റെ ദൃശ്യാവിഷ്കാരം അധികം മേന്മ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത തരത്തിലുള്ള ആനിമേഷന്‍ ആയിരുന്നു, അതിനെയും ഞാന്‍ കുറെ കളിയാക്കി.. പിന്നെ സില്‍സില നാന്നൂറാം ദിവസം പിന്നിടുന്നു എന്ന് പറഞ്ഞ് ഒരു പോസ്റ്ററും, സില്സിലയെ കളിയാക്കിക്കൊണ്ട് ‘ചില സില്‍സില ചിന്തകള്‍’ എന്നൊരു കഥയും ഞാന്‍ എഴുതി. ഇതൊന്നും പോരാഞ്ഞിട്ട് സന്തോഷ്‌ പണ്ഡിറ്റ്‌ സംവിധാനം ചെയ്ത ‘കൃഷ്ണനും രാധയും’ എന്ന ചിത്രത്തിലെ ‘ഗോകുലനാഥനായ് കള്ളക്കണ്ണന്‍’ എന്നാ ഗാനത്തെയും ‘യന്ത്രപാട്ടി’നെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ‘ഗോകുലയന്ത്രങ്ങള്‍’ എന്ന ഒരു വീഡിയോയും ഞാന്‍ യുട്യൂബില്‍ അപ് ലോഡ്‌ ചെയ്തു.
ഇതിനിടയില്‍ ഹരിശങ്കര്‍ മറ്റൊരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ടായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത് സംഗീതം നല്‍കിയ ഒരു ഗാനം, ‘ഒരു പക്ഷി പോലും..’. അത് സംഗീതത്തിന്റെ കാര്യത്തില്‍ സാമാന്യം നിലവാരമുള്ളതും ആശയം, ചിത്രീകരണം എന്നീ കാര്യങ്ങളില്‍ അതിഗംഭീരവും ആയിരുന്നു എങ്കിലും, ആ ഗാനത്തെ പറ്റി ചിലരോട് നല്ലത് പറഞ്ഞു എന്നതൊഴിച്ചാല്‍ ആ ഗാനം കുറച്ചു പേര്‍ക്ക് അയച്ചു കൊടുക്കാനും ഒന്നും ഞാന്‍ മെനക്കെട്ടില്ല.
അന്നൊക്കെ ഞാന്‍ ബോധപൂര്‍വം ചിന്തിക്കാതെ പോയ ഒരു കാര്യമുണ്ടായിരുന്നു, എന്തിനാണ് ഞാന്‍ ഇതൊക്കെ ചെയ്തത്? ആ ഗാനത്തെ എന്തിനാണ് ഞാന്‍ ഇത്രയേറെ ക്രൂശിച്ചത്? എത്രയോ വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉള്ള പല സിനിമാസംവിധായകരും വളരെ മോശമായ ചിത്രങ്ങള്‍ നമുക്ക് തന്നിട്ടും അവരെയൊന്നും ഒന്നും പറയാതെ, ഒരു മോശം ഗാനം ഉണ്ടാക്കിയതിന്റെ പേരില്‍ ഒരു നവാഗതന്‍ എന്ന പരിഗണനപോലും നല്‍കാതെ ഇത്രക്ക്‌ ആക്ഷേപിക്ക്പ്പെടാന്‍ മാത്രം എന്ത് തെറ്റാണ് ഹരിശങ്കര്‍ ചെയ്തത്?
ഒരു ദിവസം എനിക്ക് ഫേസ് ബുക്കില്‍ ഒരു മെസ്സേജ് വന്നു. അത് ഹരി ശങ്കറിന്റെ മെസ്സേജ് ആയിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഗാനത്തെ പറ്റിയും ഉള്ള എന്റെ പടപ്പുകള്‍ കണ്ട് എനിക്ക് മെസ്സേജ് അയച്ചിരിക്കുകയാണ് അദ്ദേഹം. ഞാന്‍ അദ്ദേഹത്തെ ഇത്രയേറെ വിമര്‍ശിച്ചിട്ടും അതിനെ എല്ലാം വെറും തമാശ രീതിയില്‍ എടുത്തുകൊണ്ട് ‘താങ്കള്‍ വളരെ രസകരമായി എഴുതുന്നു, ഇനിയും എഴുതുക’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എനിക്ക് മെസ്സേജ് അയച്ചിരിക്കുന്നു!! ആകാംക്ഷയും അത്ഭുതവും മൂലം ഞാന്‍ അദ്ദേഹത്തിറെ പ്രൊഫൈല്‍ ഉടന്‍ തന്നെ തുറന്നു നോക്കി. അദ്ദേഹത്തെയും പറ്റി കൂടുതല്‍ അറിയുവാന്‍ അതെന്നെ സഹായിച്ചു. ചിത്രരചന, സാഹിത്യപരമായ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം എന്ന് തുടങ്ങി പല കാര്യങ്ങളിലും ഇദ്ദേഹം സജീവസാന്നിധ്യമാണ്. ഇദ്ദേഹം ഒരു വിദ്യാലയത്തിന്റെ ചിത്രകലാധ്യാപകന്‍ കൂടി ആണ്. ‘സില്‍സില’ എന്നൊരു ഗാനത്തിന്റെ സൃഷ്ടാവ്‌ എന്നതിലുപരി, ചെറുകഥകള്‍ എഴുതുകയും, ചിത്രങ്ങള്‍ രചിക്കുകയും ചെയ്യുന്ന, മനസ്സില്‍ നന്മ കാത്തുസൂക്ഷിക്കുന്ന ഒരു ഹരിശങ്കറിനെയാണ് എനിക്കിവിടെ കാണാന്‍ സാധിച്ചത്.
കലാസാംസ്കാരികരംഗത്തെ പല പ്രമുഖര്‍ക്കുമൊപ്പം ഇദ്ദേഹം പല പരിസ്ഥിതിപ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ബ്ലോഗ്‌ വായിച്ചപ്പോള്‍ സില്സിലയെ പറ്റി എനിക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചു. അതിലെ ഓരോ വാക്കുകളുടെയും അര്‍ത്ഥവും, ആ ഈണം എങ്ങനെയാണ് ഉണ്ടായത്‌ എന്നതും ഒക്കെ മനസ്സിലാക്കിയപ്പോള്‍ ആ ഗാനത്തെ ഇത്രയേറെ തേജോവധം ചെയ്യണമായിരുന്നോ എന്ന് എനിക്ക് തോന്നിപ്പോയി. അപ്പോഴാണ്‌ ഞാന്‍ ചിന്തിച്ചത്‌, ഞാന്‍ ഇതൊക്കെ ചെയ്തത് എന്തിനായിരുന്നു? പോസ്റ്ററുകള്‍ ഇറക്കുകയും വീഡിയോ ഉണ്ടാക്കുകയും ഒക്കെ ചെയ്തത്തിന്റെ ലക്‌ഷ്യം എന്തായിരുന്നു? ഉത്തരം വളരെ എളുപ്പമാണ്, ഈ പടപ്പുകള്‍ക്ക് ഒപ്പം ഇതൊക്കെ ഉണ്ടാക്കിവിട്ട എന്റെ പേരുകൂടി നാലാള്‍ കാണുമല്ലോ എന്ന എന്റെ വൃത്തികെട്ട ചിന്താഗതി. ആരാന്റെ പുര കത്തുമ്പോള്‍ അതില്‍ നിന്ന് ചൂട്ടു കത്തിക്കുന്ന രീതിയിലുള്ള തരം താണ പ്രവൃത്തികള്‍ ആയിരുന്നു അതെല്ലാം. അതിനാല്‍ ഞാന്‍ ശ്രീ. ഹരിശങ്കറിനെയോ സില്സിലയെയോ ആക്ഷേപിച്ചുകൊണ്ടുള്ള എല്ലാ പോസ്റ്റുകളും വീഡിയോകളും ഡിലീറ്റ് ചെയ്യുകയാണ്. ഒരു ഗാനത്തിന് ഇത്രയേറെ വിമര്‍ശനങ്ങള്‍ ഏറ്റിട്ടും അതിലൊന്നും തളരാതെ നല്ല മറ്റൊരു ഗാനവുമായി തിരിച്ചുവന്ന അദ്ദേഹത്തില്‍ നിന്നും ഇനിയും ഉദാത്തമായ കലാസൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഭാവിസംരംഭങ്ങള്‍ക്ക്‌ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ നിര്ത്തുന്നു.
സമയം നാല് മണി. നാളെ ഞായറാഴ്ച. വൈകി എഴുന്നേറ്റാല്‍ മതി എന്ന പ്രതീക്ഷയോടെ ഞാന്‍ ഉറങ്ങാന്‍ കിടക്കട്ടെ.. ‘ശുഭരാത്രി’.