Tuesday, September 30, 2014

Ankhon Dekhi Movie Review

Ankhon Dekhi Movie Poster
ആംഖോം ദേഖി - (Ankhon Dekhi, 2014, Hindi)
രണ്ടുദിവസങ്ങള്‍ക്കുമുന്‍പ് ഹിന്ദിയിലെ അധികം ശ്രദ്ധിക്കപ്പെടാത്ത ചില മികച്ച നടന്മാരെക്കുറിച്ചുള്ള പോസ്റ്റ്‌ ഇടുമ്പോഴാണ്‌ ഈ ചിത്രത്തെപ്പറ്റി ഓര്‍ത്തത്. രജത് കപൂര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഒന്നുംതന്നെ എന്നെ നിരാശപ്പെടുത്തിയിട്ടില്ല. ഇതും ഇറങ്ങിയ സമയത്ത് തീയറ്ററില്‍ പോയി കാണണം എന്ന് കരുതിയെങ്കിലും സാധിച്ചില്ല. ഇപ്പോള്‍ വീണ്ടും ഈ ചിത്രത്തെപ്പറ്റി ഓര്‍ത്തപ്പോള്‍ ഉടന്‍ തന്നെ കാണണം എന്നുതോന്നി. അങ്ങനെ ഇന്നലെ ഈ ചിത്രം കണ്ടു (ഡൌണ്‍ലോഡ് ചെയ്തിട്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ).
മനോഹരമായൊരു ചിത്രം. വളരെ രസകരമായ ഒരു തീം, പ്രധാനനടീനടന്മാരുടെ അന്യായ പ്രകടനങ്ങള്‍, ഉള്ളില്‍ തട്ടുന്ന പല രംഗങ്ങളും.. വല്ലാത്ത ഒരു ഫീല്‍ ആയിരുന്നു ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍. 50-55 വയസ്സുള്ള കേന്ദ്രകഥാപാത്രം.. അയാള്‍ ഒരു ദിവസം ഒരു തീരുമാനം എടുക്കുകയാണ്.. നേരിട്ട് കാണുന്നത് മാത്രമേ വിശ്വസിക്കൂ എന്ന്. അങ്ങനെ ജീവിക്കുന്ന അയാള്‍ക്ക് നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ അധികം ആരും ഉപയോഗിച്ചുകണ്ടിട്ടില്ലാത്ത സഞ്ജയ്‌ മിശ്ര എന്നൊരു കോമഡി നടനാണ്‌ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാവം മനുഷ്യന്‍ ഇത്രേം നന്നായി അഭിനയിക്കുമെങ്കിലും കിട്ടുന്നത് മുഴുവന്‍ ചളി കോമഡി റോളുകള്‍ ആണല്ലോ എന്നോര്‍ത്ത് സങ്കടം തോന്നി. മധ്യവര്‍ത്തികുടുംബങ്ങളിലെ പല പ്രശ്നങ്ങളും തികച്ചും സ്വാഭാവികമായ രീതിയില്‍ അവതരിപ്പിച്ചിരുന്നു. ക്ലൈമാക്സ് ഒരു ഷോക്ക് തന്നെയാണ്. പിന്നൊരു കാര്യം, ഇതൊരു story-driven സിനിമയല്ല, കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍ നടക്കുന്ന പല സംഭവങ്ങളും സ്വാഭാവികമായ ശൈലിയില്‍ കാണിച്ചിരിക്കുന്നു, അത്രതന്നെ. പല വലിയ കാര്യങ്ങളും പറയുന്ന ഈ കൊച്ചുചിത്രം എല്ലാവരും കാണാന്‍ ശ്രമിക്കുക.

Thursday, September 11, 2014

Poshter Boyz Movie Review

Poshter Boyz Movie Poster
പോസ്റ്റര്‍ ബോയ്സ് (Poshter Boyz, 2014, Marathi)
ഇന്നൊരു മറാത്തി സിനിമ കണ്ടിരുന്നു.. 'പോസ്റ്റര്‍ ബോയ്സ്'..
ഹിന്ദി നടന്‍ ശ്രേയസ് തല്‍പദേ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്... നല്ലതാണെന്ന് കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നതുകൊണ്ട്‌ ഇന്നലെ പോവാം എന്ന് വിചാരിച്ചെങ്കിലും സമയത്തിന് ബസ് വരാഞ്ഞതുകൊണ്ട് ഇന്നലത്തെ ഷോ മിസ്സ്‌ ആയി.. അതുകൊണ്ട് ഇന്ന് ഇത്തിരികൂടെ നേരത്തെ ഇറങ്ങി തീയറ്ററില്‍ എത്തി.
അകത്തുകയറി സിനിമ തുടങ്ങിയപ്പോഴാണ് സബ്ടൈറ്റില്‍ ഇല്ലെന്ന ദുഃഖകരമായ സത്യം മനസ്സിലാക്കിയത്.. സാധാരണ ബാംഗ്ലൂരില്‍ മറാത്തി, ബംഗാളി, ഭോജ്പുരി പടങ്ങള്‍ ഒക്കെ സബ്ടൈറ്റില്‍ ഇട്ടുകാണിക്കാറാണ് പതിവ്.. ആ ഒരു വിശ്വാസത്തില്‍ പോയതാണ്.. പിന്നെ കേറിയതല്ലേ, കണ്ടുനോക്കാം, ഇന്റര്‍വെല്‍ ആവുമ്പോള്‍ ഇറങ്ങാം എന്ന് കരുതി അവിടെ ഇരുന്നു..
രസകരമായി ചിത്രം മുന്നോട്ടുനീങ്ങി.. പറയുന്നത് dialogwise കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും സന്ദര്‍ഭങ്ങളും മറ്റും വെച്ചുനോക്കിയപ്പോള്‍ കുറേയൊക്കെ മനസ്സിലായി... മൂന്നുപേരുടെ ഫോട്ടോസ് സര്‍ക്കാരിന്റെ 'vasectomy' (പുരുഷവന്ധ്യംകരണം) പദ്ധതിയുടെ ഭാഗമായുള്ള പോസ്റ്ററില്‍ അവരുടെ സമ്മതം കൂടാതെ ഉപയോഗിക്കുക മൂലം അവര്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ അവര്‍ എങ്ങനെ മറികടക്കുന്നു എന്നൊക്കെയാണ് ചിത്രം പറയുന്നത്... എന്തായാലും ഇന്റര്‍വെല്‍ ആയാല്‍ ഇറങ്ങാം എന്ന് കരുതിയ ഞാന്‍ മുഴുവനും കണ്ടിട്ടേ ഇറങ്ങിയുള്ളൂ എന്ന് പറഞ്ഞാല്‍ മതിയല്ലോ...
എല്ലാ നടീനടന്മാരും മികച്ച പ്രകടനം കാഴ്ചവെച്ചു. ലഗേ രഹോ മുന്നാഭായിയില്‍ ഗാന്ധിജി ആയി വന്ന ദിലിപ് പ്രഭാവല്‍ക്കാരിന്റെ മറ്റൊരു മികച്ച വേഷം കാണാന്‍ സാധിച്ചു.
മൊത്തത്തില്‍ ഡിവിഡിറിപ്പ് വരുമ്പോള്‍ (നോണ്‍ റീടെയില്‍ ഡിവിഡിറിപ്പ് വന്നിട്ടുണ്ട്, പക്ഷേ സബ്ടൈറ്റില്‍ ഇല്ല) സബ്ടൈറ്റില്‍ ഇട്ട് ഒരുവട്ടം കാണാവുന്ന നീറ്റ് entertainer ആണ് ചിത്രം. ഓരോരോ dialogsന് മറാത്തി ചേട്ടന്മാര്‍ ആര്‍ത്തുചിരിക്കുമ്പോള്‍ പൊട്ടനെപ്പോലെ ഇരിക്കേണ്ടിവന്നെങ്കിലും ആകെമൊത്തം പടം എനിക്ക് ഇഷ്ടപ്പെട്ടു. smile emoticon
പി.എസ്: മലയാളത്തില്‍ വളരെ ചുരുങ്ങിയ ബജറ്റില്‍ റീമേക്ക് ചെയ്യാന്‍ ഉതകുന്ന ഒരു പടം ആണ് ഇത്.. നെടുമുടി, സുരാജ്, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങള്‍ ആക്കി ചെയ്‌താല്‍ നല്ലൊരു ടോറന്റ് ഹിറ്റ്‌ ആകാന്‍ എല്ലാ സാധ്യതയും ഉണ്ട്!!