Saturday, January 30, 2016

The Boy Movie Review

ദ ബോയ്‌ (The Boy, 2016, English)
The Devil Inside, Wer തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വില്ല്യം ബ്രെന്റ് ബില്ലിന്റെ പുതിയ ചിത്രമാണ് ദ ബോയ്. ലോറന്‍ കോഹന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ Rupert Evans, Ben Robson തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു. ഒരു Psychological horror thriller ആയ ചിത്രം ഒരു പാവയുടെ കഥയാണ് പറയുന്നത്.
ഒരു ബ്രിട്ടീഷ് കുടുംബത്തിലെ കുട്ടിയെ നോക്കാന്‍ ആയയെ ആവശ്യമുണ്ടെന്നറിഞ്ഞ് ആ ജോലിയ്ക്കായി UKയില്‍ എത്തിയതാണ് ഗ്രേറ്റ. അവിടെയെത്തിയശേഷമാണ് താന്‍ പരിപാലിക്കാന്‍ പോകുന്നത് ഒരു മനുഷ്യക്കുട്ടിയെ അല്ല, മറിച്ച് ബ്രംസ് എന്നപേരുള്ള ഒരു പാവയെ ആണെന്നുള്ള കാര്യം അവര്‍ മനസ്സിലാക്കുന്നത്. തങ്ങളുടെ മരിച്ചുപോയ മകനായാണ്‌ ആ വീട്ടിലെ വൃദ്ധദമ്പതികള്‍ ആ പാവയെ കണക്കാക്കുന്നത്. ഒരു കുട്ടിയെ വളര്‍ത്തുന്നതുപോലെത്തന്നെ വളരെ ശ്രദ്ധയോടുകൂടി ബ്രംസിനെ നോക്കണം എന്ന് നിര്‍ദേശിച്ചുകൊണ്ട് വൃദ്ധദമ്പതികള്‍ ഒരു യാത്രയ്ക്ക് പോകുന്നു. തുടര്‍ന്ന് ഗ്രേറ്റയ്ക്ക് അവിടെ അസ്വാഭാവികമായ പല അനുഭവങ്ങളും ഉണ്ടാവുന്നു, വളരെ വിചിത്രമായ സംഭവങ്ങളാണ് തുടര്‍ന്ന് ഉണ്ടാവുന്നത്. അപ്രതീക്ഷിതമായൊരു തിരിവ് അവസാനത്തോടടുക്കുമ്പോള്‍ ചിത്രത്തില്‍ ഉണ്ടാവുന്നുണ്ട്. മോശമല്ലാത്തരീതിയില്‍ ചിത്രത്തെ അവസാനിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.
ട്രെയിലര്‍ കണ്ടപ്പോള്‍ ബാധകയറിയ പാവ എന്ന കണ്ടുമടുത്ത ക്ലീഷേ തീമിലുള്ള മറ്റൊരു സിനിമ എന്നേ കരുതിയിരുന്നുള്ളൂ. എന്നാല്‍ റിലീസിനുശേഷം തെറ്റില്ലാത്ത അഭിപ്രായങ്ങള്‍ കേട്ടതുകൊണ്ടാണ് ചിത്രം കാണാന്‍ തീരുമാനിച്ചത്. എന്തായാലും ആ തീരുമാനം വെറുതെയായില്ല. അത്യാവശ്യം ആസ്വദിച്ചുകാണാവുന്ന ഒരു ചിത്രംതന്നെയായിമാറി ബോയ്‌. നായികയായി അഭിനയിച്ച ലോറന്‍ കോഹന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സാങ്കേതികപരമായും ചിത്രം നല്ല നിലവാരം പുലര്‍ത്തി. ചിത്രത്തിന്റെ ഇടയ്ക്കുവെച്ച് കുറേ logical mistakes ഉള്ളതായി തോന്നാമെങ്കിലും അവസാനത്തോട് അടുക്കുമ്പോള്‍ ഒരുവിധം എല്ലാക്കാര്യങ്ങള്‍ക്കും വ്യക്തത കൈവരുന്നുണ്ട്‌.
ഹൊറര്‍ ചിത്രങ്ങളില്‍ കാണാറുള്ള സ്ഥിരം ക്ലീഷേകള്‍ കുറെയൊക്കെ ഒഴിവാക്കിക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രം ബോറടിക്കാതെ കാണാവുന്ന, കുറച്ചൊക്കെ പുതുമയുള്ള ഒന്നാണ്. കാണാന്‍ ശ്രമിക്കാം.

Wednesday, January 13, 2016

X: Past is Present Movie Review

എക്സ്: പാസ്റ്റ് ഈസ്‌ പ്രെസന്റ് (X: Past is Present ,2015, Hindi)
മധ്യവയസ്കനായ ഒരു ഓഫ്-ബീറ്റ് ചലച്ചിത്രസംവിധായകന്‍ ഒരു പാര്‍ട്ടിയില്‍വെച്ച് ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. അവര്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നു, ആ സമയമൊക്കെയും അയാളുടെ ജീവിതത്തിലൂടെ കടന്നുപോയ പല സ്ത്രീകളുടെയും നോണ്‍-ലീനിയര്‍ ആയ ഓര്‍മ്മകള്‍ ആ പെണ്‍കുട്ടി അയാളില്‍ ഉണര്‍ത്തുന്നു. ഇതാണ് എക്സ്: പാസ്റ്റ് ഈസ്‌ പ്രെസന്റ്. വളരെ uneven ആയ മേക്കിംഗ്. ചില രംഗങ്ങള്‍ വളരെ രസകരമായി തോന്നുമ്പോള്‍ മറ്റുപല രംഗങ്ങളും വല്ലാതെ pretentious ആയിത്തോന്നി. ഒടുക്കം സിനിമ കഴിഞ്ഞപ്പോഴല്ലേ മനസ്സിലായത്. പതിനൊന്ന് \സംവിധായകര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കഥാപാത്രത്തിന്റെ ജീവിതത്തിലെ പല ഭാഗങ്ങളും രചിച്ച് സംവിധാനം ചെയ്ത് പലരും ചേര്‍ന്ന്. രജത് കപൂര്‍, അന്‍ഷുമന്‍ ഝാ, ദേവ് സാഗൂ, രണ്‍ദീപ് ബോസ് എന്നിവര്‍ ആണ് സംവിധായകനായ 'കെ'യുടെ വിവിധഘട്ടങ്ങളെ അവതരിപ്പിച്ചത്. നായികമാരായി രാധികാ ആപ്തെ, റി സെന്‍, സ്വരാ ഭാസ്കര്‍, പര്‍ണോ മിത്ര, ഹുമാ ഖുറേഷി, പിയാ ബാജ്പേയി തുടങ്ങിയവര്‍ കെയുടെ ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകളുടെ വേഷങ്ങള്‍ അവതരിപ്പിച്ചു.
ഒരു പരീക്ഷണചിത്രമാണെങ്കിലും ഒരുവിധം entertaining ആയിട്ടുതന്നെയാണ് ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നത്. ഒരുപാട് ഇഷ്ടമായ സീക്വന്‍സുകള്‍ ഒരുക്കിയത് രാജശ്രീ ഓഝ (അയ്‌ഷ), പ്രതിം. ഡി ഗുപ്ത, ക്യു (ഗാണ്ടു ദ ലൂസര്‍), നളന്‍ കുമാരസ്വാമി (സൂധുകവും) തുടങ്ങിയവരുടെ ആണ്. ആരണ്യകാണ്ഡത്തിന്റെ സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ രചിച്ച് നളന്‍ കുമാരസ്വാമി സംവിധാനം ചെയ്ത ചിത്രത്തിന്റെ അവസാനഭാഗം ഏറെ ത്രില്ലിംഗ് ആയിരുന്നു. ചിത്രത്തില്‍ പല ഘട്ടങ്ങളിലും നായകന്‍റെ perspectiveല്‍ നിന്ന് കാണിക്കുന്ന രംഗങ്ങള്‍ ആയതുകൊണ്ട് നായകകഥാപാത്രത്തെ സ്ക്രീനില്‍ കാണാനേ സാധിക്കില്ല. പല ചിത്രങ്ങളിലും ഈ രീതി ദൈര്‍ഘ്യം കുറഞ്ഞ ഷോട്ടുകളില്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ടെങ്കിലും കൂടുതല്‍ നേരം ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ്.
പതിനൊന്ന് സംവിധായകരുടെ വേറിട്ട ചിന്താഗതികളെ സംഗമിപ്പിച്ച് വെട്ടിക്കൂട്ടിയ എഡിറ്റര്‍മാരുടെ കഴിവ് പ്രശംസനീയമാണ്. സാങ്കേതികപരമായി ചിത്രം ഏതാണ്ട് ഒരേ നിലവാരംതന്നെയാണ് പുലര്‍ത്തിയത്. ഒരു പരീക്ഷണചിത്രം എന്നനിലയില്‍ രസിച്ച് കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് എക്സ്: പാസ്റ്റ് ഈസ്‌ പ്രെസന്റ്. കാണാന്‍ ശ്രമിക്കുക.

Sunday, January 3, 2016

Our Times Movie Review

ഔര്‍ ടൈംസ് (Our Times, 2015, Mandarin)
Southeast Asian റൊമാന്റിക്‌ പടങ്ങള്‍ കാണാന്‍ ഒരു പ്രത്യേകരസമാണ്. വളരെ സിമ്പിള്‍ ആയി പ്രേക്ഷകരെ രസിപ്പിച്ചും ഇത്തിരി കണ്ണുനിറയിപ്പിച്ചും മുന്നോട്ടുപോകുന്നവയാണ് ഈ ശ്രേണിയില്‍പ്പെടുന്ന മിക്കപടങ്ങളും. ഈ ഗണത്തില്‍പ്പെടുത്താവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഔര്‍ ടൈംസ്. ഈ ചിത്രം കുറച്ചാഴ്ചകള്‍ക്കുമുന്‍പ് തീയറ്ററില്‍ കാണണം എന്ന് കരുതിയെങ്കിലും സബ്ടൈറ്റില്‍ ഇല്ലാത്തതിനാല്‍ കാണാന്‍ സാധിച്ചില്ല. Frankie Chen സംവിധാനം ചെയ്ത് Vivian Sung, Darren Wang, Dino Lee തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു സാധാരണപെണ്‍കുട്ടിയുടെ ഹൈസ്കൂള്‍ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.
ലിന്‍ ട്രൂലി തന്റെ കൂട്ടുകാരോടൊപ്പം ഹൈസ്കൂള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ്‌. മനംമയക്കുന്ന സൗന്ദര്യമോ മറ്റെന്തെങ്കിലും കഴിവുകളോ ഒന്നുമില്ലാത്ത ഒരു സാധാരണ കുട്ടിയാണ് ട്രൂലി. സ്കൂളിലെ ഒട്ടുമിക്ക പെണ്‍കുട്ടികളെയും പോലെ ട്രൂലിയും ആ സ്കൂളിലെതന്നെ വിദ്യാര്‍ഥിയായ, സുന്ദരനും പഠനത്തില്‍ മുന്നിട്ടുനില്‍ക്കുന്നവനും ബാസ്കറ്റ്ബോള്‍ കളിക്കാരനുമായ ഔയാങ്ങില്‍ അനുരക്തയാണ്. ഒരിക്കല്‍ ഔയാങ്ങുമായി വഴക്കിടുന്ന തായുവിന് ഒരു പണി കൊടുക്കാനായി ട്രൂലി അയാള്‍ക്ക് ഒരു ചെയിന്‍ ലെറ്റര്‍ രഹസ്യമായി നല്‍കുന്നു. എന്നാല്‍ അത് ട്രൂലി നല്‍കിയതാണെന്ന് കണ്ടെത്തിയ തായു ട്രൂലിയെ ഭീഷണിപ്പെടുത്തുകയും തന്റെ ഹോംവര്‍ക്കും മറ്റും ട്രൂലിയെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ മെല്ലെ അവര്‍ തമ്മില്‍ ഒരു ബന്ധം ഉടലെടുക്കുന്നു. പിന്നീട് അവരുടെ സ്കൂള്‍ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. മുഴുവനായും നായികയുടെ perspectiveലാണ് കഥ മുന്നോട്ടുപോവുന്നത്. ആദ്യാവസാനം ആസ്വാദനത്തിന്റെ രസച്ചരടുപൊട്ടിക്കാതെതന്നെ ചിത്രം അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു. നല്ല ഫീല്‍ തരുന്നൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്.
പ്രധാനനടീനടന്മാരൊക്കെ നല്ല പ്രകടനം കാഴ്ചവെച്ച ചിത്രത്തില്‍ പശ്ചാത്തലസംഗീതം മികച്ചുനിന്നു. എങ്കിലും ഒരു മോഹം, ഗോവിന്ദ് മേനോന്‍ ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരുന്നെങ്കില്‍ എത്ര രസമായേനെ എന്ന്! എന്തായാലും മറ്റ് സാങ്കേതികമേഖലകളിലും ചിത്രം ഉയര്‍ന്നനിലവാരം പുലര്‍ത്തി.
ഏറെ ആസ്വദിച്ചുകാണാവുന്ന രസമുള്ളൊരു ചിത്രമാണ് അവര്‍ ടൈംസ്. റൊമാന്റിക്‌ കോമഡികള്‍ ഇഷ്ടപ്പെടുന്നവര്‍ എന്തായാലും കാണാന്‍ ശ്രമിക്കുക.

Saturday, January 2, 2016

The Beauty Inside Movie Review

ദ ബ്യൂട്ടി ഇന്‍സൈഡ് (The Beauty Inside, 2015, Korean)
കൊറിയന്‍ പരസ്യചിത്രരംഗത്തെ പ്രശസ്തസംവിധായകനായ Baek Jong-yul ആദ്യമായി സംവിധാനം ചെയ്ത feature film ആണ് ദ ബ്യൂട്ടി ഇന്‍സൈഡ്. ഇന്‍റല്‍, തോഷിബ എന്നീ കമ്പനികളുടെ ആഭിമുഖ്യത്തില്‍ 2012 മുതല്‍ ആരംഭിച്ച ഇതേപേരിലുള്ള interactive web seriesല നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടത്. വിചിത്രനായൊരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്.
വൂജിന്‍ എന്ന ചെറുപ്പക്കാരന്‍ ഒരു പ്രത്യേക അവസ്ഥയില്‍ ജീവിക്കുന്നയാളാണ്. ഓരോതവണ ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും അയാള്‍ മറ്റൊരാളായി മാറുന്നു, അതായത് അയാള്‍ക്ക് സ്ഥിരമായൊരു രൂപമില്ല. ഒരുദിവസം അയാള്‍ ഒരു വൃദ്ധനാവാം, അടുത്തനാള്‍ ഒരു യുവതിയാവാം, മറ്റൊരുനാള്‍ ഒരു കുട്ടിയാവാം, അങ്ങനെ അടുത്തദിവസം എന്താവുമെന്ന് ഒരു ഐഡിയയും ഇല്ലാത്ത ജീവിതം. തന്റെ പതിനെട്ടാം പിറന്നാള്‍ മുതലാണ്‌ ഈ അവസ്ഥയില്‍ വൂജിന്‍ എത്തിപ്പെട്ടത്. ഇതുകൊണ്ടുതന്നെ ഒരു സാമൂഹികജീവിതം സാധ്യമല്ലാത്ത വൂജിന് കൂട്ടായുള്ളത് അയാളുടെ അമ്മയും ഒരു സുഹൃത്തും മാത്രമാണ്. അങ്ങനെയുള്ള വൂജിന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക.
Emotionally strong and touching ആയൊരു രീതിയിലാണ് ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കഥാപാത്രങ്ങളുടെ പ്രശ്നങ്ങള്‍ പ്രേക്ഷകന്‍റെകൂടി പ്രശ്നങ്ങളാണെന്ന് പ്രേക്ഷകനുതോന്നിപ്പിക്കും വിധം സംവിധായകന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം കണ്ടുതുടങ്ങിയാല്‍ കുറച്ചുനേരത്തിനകംതന്നെ കഥാഗതിയുടെ ഒരു ഭാഗമാകുന്ന പ്രേക്ഷകന് പിന്നീട് ആകാംക്ഷയോടെയേ ചിത്രം കാണാനാകൂ. ചിത്രത്തില്‍ കൊറിയയിലെ പ്രമുഖനടീനടന്മാര്‍ ഉള്‍പ്പെടെ എണ്‍പതോളം പേരാണ് പ്രധാനകഥാപാത്രമായ വൂജിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇടയ്ക്കിടെ വൂജിന്റെ മുഖം മാറുമെങ്കിലും കഥയില്‍ ഇഴുകിച്ചേര്‍ന്നതിനാല്‍ ഇവരെല്ലാം വേറെവേറെ ആളുകള്‍ ആണെന്ന തോന്നലേ ഉണ്ടായില്ല. മുഖങ്ങള്‍ക്കുമപ്പുറം വൂജിന്‍ എന്ന കഥാപാത്രംതന്നെയാണ് ചിത്രത്തില്‍ നിറഞ്ഞുനിന്നത്. വൂജിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്‍കുട്ടിയായി വേഷമിട്ട Han Hyo-joo തന്റെ വേഷം അത്യന്തം മനോഹരമാക്കി. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ദൃശ്യങ്ങളും മികച്ചുനിന്നു.
രസകരമായൊരു ആശയം വളരെ മികച്ചരീതിയില്‍ അവതരിപ്പിക്കപ്പെട്ട നല്ലൊരു പ്രണയചിത്രമാണ് ദ ബ്യൂട്ടി ഇന്‍സൈഡ്. കാണാന്‍ ശ്രമിക്കുക.