Monday, July 20, 2015

YellowBrickRoad Movie Review

യെല്ലോബ്രിക്ക്റോഡ്‌ (YellowBrickRoad, 2010, English)
1940ല്‍ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവനും ഒരു മലയ്ക്കുമുകളില്‍ യെല്ലോബ്രിക്ക്റോഡ്‌ എന്ന് അടയാളപ്പെടുത്തിയ വഴിയിലൂടെ കാട്ടിനുള്ളിലേക്ക് അജ്ഞാതമായ എന്തോ കാരണത്താല്‍ നടന്നുനീങ്ങുന്നു. പിന്നീട് അന്വേഷണത്തില്‍ അവരില്‍ ഒട്ടുമിക്കവരുടെയും മൃതദേഹങ്ങള്‍ തണുത്തുമരവിച്ചനിലയിലും, മൃഗീയമായി കീറിമുറിക്കപ്പെട്ടരീതിയിലും വീണ്ടെടുക്കപ്പെടുന്നു. എഴുപതുവര്‍ഷങ്ങള്‍ക്കുശേഷം ഒരുകൂട്ടം അന്വേഷകര്‍ ഇതിനുപിന്നിലെ രഹസ്യം അന്വേഷിച്ച് യെല്ലോബ്രിക്ക്റോഡിലൂടെ ഒരു യാത്ര നടത്തുകയും, അവിടെ വിചിത്രവും ഭീകരവുമായ അനുഭവങ്ങള്‍ അവരെ കാത്തിരിക്കുകയും ചെയ്യുന്നു. എന്തായിരുന്നു ഗ്രാമവാസികളുടെ യാത്രയുടെ ലക്ഷ്യം? അവര്‍ക്ക് എന്തുസംഭവിച്ചു?
ജെസ്സെ ഹോളണ്ട്, ആന്‍ഡി മിട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് യെല്ലോബ്രിക്ക്റോഡ്‌ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. Cassidy Freeman, Anessa Ramsey, Lee Wilkof, Laura Heisler, Clark Freeman തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലുടനീളം സംഘര്‍ഷഭരിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സംവിധായകര്‍ക്ക് സാധിച്ചിട്ടുണ്ട്. പല രംഗങ്ങളും പ്രേക്ഷകരില്‍ അസ്വസ്ഥത ഉണര്‍ത്തും. മുഴുവനായി ഹൊറര്‍ വിഭാഗത്തില്‍ പെടുത്താന്‍ സാധിക്കാത്ത ഈ ചിത്രത്തെ ഹൊറര്‍ മിസ്റ്ററി ജനുസ്സില്‍ പെടുത്താവുന്നതാണ്. ക്ലൈമാക്സിനോട് അനുബന്ധിച്ചുള്ള രംഗങ്ങള്‍ പ്രേക്ഷകനെ ചിലപ്പോള്‍ ആശയക്കുഴപ്പത്തില്‍ എത്തിച്ചേക്കാം, കാരണം പല ചോദ്യങ്ങള്‍ക്കും തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കാതെയാണ് ചിത്രം അവസാനിക്കുന്നത്. ഉത്തരങ്ങള്‍ നല്‍കാത്തതാണോ അതോ എനിക്ക് മനസ്സിലാവാത്തതാണോ എന്ന് എനിക്കറിയില്ല.
തരക്കേടില്ലാത്ത ഒരു ഹൊറര്‍ ത്രില്ലറാണ് യെല്ലോബ്രിക്ക്റോഡ്‌. കാണാന്‍ ശ്രമിക്കുക.
Note: ഈ ചിത്രം കണ്ടുകഴിഞ്ഞാല്‍ ഒരുപക്ഷേ ഗോണ്‍ വിത്ത് ദ വിന്റും വിസാര്‍ഡ് ഓഫ് ഓസും നമുക്ക് പഴയ കാഴ്ചപ്പാടില്‍ കാണാന്‍ സാധിച്ചെന്നുവരില്ല.

Friday, July 17, 2015

Bajrangi Bhaijaan Movie Review

ബജ്രംഗി ഭായ്ജാന്‍ (Bajrangi Bhaijaan, 2015, Hindi)
സംവിധായകന്‍ കബീര്‍ ഖാന്റെ നാലാമത്തെ ചിത്രമാണ് ബജ്രംഗി ഭായ്ജാന്‍. സല്‍മാന്‍ ഖാന്‍, റോക്ക്ലൈന്‍ വെങ്കടേഷ്, കബീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍, ഹര്‍ഷാലി മല്‍ഹോത്ര, നവാസുദ്ദീന്‍ സിദ്ദിഖി, കരീനാ കപൂര്‍ ഖാന്‍ തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റിലീസായ സല്‍മാന്‍ ഖാന്റെ ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രങ്ങള്‍ മിക്കതും കണ്ടതുകാരണം അതേ ലെവലിലുള്ള ഒരു സാധാരണ മസാല പടം, അത്രയേ ബജ്രംഗി ഭായ്ജാനില്‍ നിന്നും പ്രതീക്ഷിച്ചിരുന്നുള്ളൂ.. കബീര്‍ ഖാന്റെ കാബൂള്‍ എക്സ്പ്രസ്സും ന്യൂയോര്‍ക്കും ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഏക്‌ ഥാ ടൈഗര്‍ സാമാന്യം ബോറടിപ്പിച്ച ഒരു ചിത്രമായിരുന്നു. അതിനാല്‍ ആ ഒരു ലെവലൊക്കെ ഉള്ള ഒരു പടം ആവുമെന്നേ കരുതിയുള്ളൂ. എന്നാല്‍ പ്രതീക്ഷകളെയൊക്കെ മാറ്റിമറിച്ചുകൊണ്ട് നല്ലൊരു അനുഭവമാവുകയായിരുന്നു ബജ്രംഗി ഭായ്ജാന്‍. സല്‍മാന്‍ ഖാന്റെ കരിയറിലെതന്നെ ഏറ്റവും മികച്ച ഒന്നെന്ന് നിസ്സംശയം പറയാവുന്ന ഒരു ചിത്രം.
ചിത്രത്തിന്‍റെ ട്രൈലറില്‍ പറയുന്നപോലെതന്നെയാണ് കഥ മുന്നോട്ടുപോവുന്നത്. സംസാരശേഷിയില്ലാത്ത ഷാഹിദ എന്ന പാകിസ്ഥാനി പെണ്‍കുട്ടി ഒരു പ്രത്യേകസാഹചര്യത്തില്‍ ഡല്‍ഹിയിലുള്ള പവന്‍കുമാര്‍ ചതുര്‍വേദി അഥവാ ബജ്രംഗി എന്നയാളുടെ അടുത്ത് എത്തിച്ചേരുന്നു. കുട്ടിയെ തിരികെ അച്ഛനമ്മമാരുടെ അടുത്തെത്തിക്കാന്‍ ബജ്രംഗി നടത്തുന്ന ശ്രമങ്ങളും മറ്റുമാണ് ചിത്രത്തില്‍ പിന്നീട്. അത്യാവശ്യം പ്രവചനീയമായിത്തന്നെയാണ് കഥ മുന്നോട്ടുപോവുന്നത് എങ്കിലും മികച്ച ഹാസ്യരംഗങ്ങളും മറ്റും ഉള്‍പ്പെടുത്തിയതിനാല്‍ പ്രേക്ഷകര്‍ക്ക് ബോറടിക്കാതെ ചിത്രം കണ്ടിരിക്കാം. ചിത്രത്തിന്‍റെ പല ഘട്ടങ്ങളിലും cinematic freedom സംവിധായകന്‍ എടുത്തിട്ടുള്ളതിനാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് പ്രേക്ഷകന് തോന്നുമെങ്കിലും ആകെമൊത്തം ആസ്വദനീയമായ ഒരു ചിത്രംതന്നെയാണ് ഇത്.
ഒരു ആഘോഷചിത്രത്തിനുവേണ്ട ചേരുവകള്‍ മിക്കതും, അതേസമയം തന്നെ പ്രേക്ഷകനെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ ഉതകുന്ന ചേരുവകളും ചേര്‍ത്തുകൊണ്ടാണ് കബീര്‍ ഖാനും ടീമും ബജ്രംഗി ഭായ്ജാന്‍ ഒരുക്കിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ കഴിഞ്ഞ കുറേ നാളായി അണിഞ്ഞിരുന്ന സൂപ്പര്‍ഹീറോ പരിവേഷത്തെ അഴിച്ചുവെയ്പ്പിച്ച് അദ്ദേഹത്തിന് ഒരു സാധാരണക്കാരന്റെ വേഷം നല്കിയതും പ്രശംസനീയമായി. അസീം മിശ്രയുടെ ഛായാഗ്രഹണം വളരെ മികച്ചുനിന്നു. പ്രീതത്തിന്റെ ഗാനങ്ങളും നല്ല നിലവാരം പുലര്‍ത്തി.
സല്‍മാന്‍ ഖാന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നുതന്നെ ആണ് ഈ ചിത്രത്തിലേത്. സാധുവും സത്യസന്ധനുമായ ബജ്രംഗിയെ അദ്ദേഹം മനോഹരമാക്കി. അത്രയധികം അഭിനയിച്ചുതകര്‍ക്കാന്‍ ഉള്ള രംഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും കഥാപാത്രം ആവശ്യപ്പെടുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ അദ്ദേഹത്തിനുസാധിച്ചു. എന്നാല്‍ ശരിക്കുമുള്ള show stealer ഹര്‍ഷാലി മല്‍ഹോത്ര എന്ന കൊച്ചുമിടുക്കി ആയിരുന്നു. ചിത്രത്തില്‍ ആദ്യാവസാനം നിറഞ്ഞുനിന്ന മുന്നി അഥവാ ഷാഹിദ എന്ന കഥാപാത്രം ഹര്‍ഷാലിയുടെ കൈകളില്‍ സുരക്ഷിതമായിരുന്നു. വരുംദിനങ്ങളില്‍ ഈ കുട്ടി ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റും എന്നതില്‍ സംശയമില്ല. സല്‍മാന്‍ ഖാനുമായുള്ള കുട്ടിയുടെ chemistry അപാരമായിരുന്നു. വരും ചിത്രങ്ങളില്‍ ഏതിലെങ്കിലും ഇവര്‍ അച്ഛനും മകളുമായി അഭിനയിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. പുതിയതലമുറയിലെ മികച്ച സ്വഭാവനടന്മാരില്‍ ഒരാളായ നവാസുദ്ദീന്‍ സിദ്ദിഖിയും തന്റെ വേഷം ഭംഗിയാക്കി. ഇവര്‍ മൂന്നുപേരും ചേര്‍ന്നുള്ള ധാരാളം ഹാസ്യരംഗങ്ങള്‍ ചിത്രത്തില്‍ മികച്ചുനിന്നു. മറ്റുനടീനടന്മാരായ കരീനാ കപൂര്‍, ശരദ് സക്സേന, ഓം പുരി, രാജേഷ്‌ ശര്‍മ തുടങ്ങിയവരൊക്കെ തങ്ങളുടെ വേഷങ്ങള്‍ വേണ്ടവിധം നന്നാക്കി. സല്‍മാന്‍ ഖാന്റെ ഡ്യൂപ്പ് ആയി പ്രവര്‍ത്തിക്കുന്ന യുവാവിനെ ഒരു ചെറിയ വേഷത്തില്‍ കാണാന്‍ സാധിച്ചത് സന്തോഷമുളവാക്കി.
സ്ഥിരം ബോളിവുഡ് മസാലകള്‍ക്കിടയില്‍ അല്‍പം വേറിട്ടൊരു പരീക്ഷണം, അതാണ്‌ ഈ ചിത്രം. ചില predictable elements ഒഴിവാക്കിയിരുന്നെങ്കില്‍ ധീരമായ പരീക്ഷണം എന്ന് വിളിക്കാമായിരുന്ന ഒന്ന്. എന്നിരുന്നാലും നല്ലൊരു ഫീല്‍ ഗുഡ് entertainer തന്നെയാണ് ഈ ചിത്രം. അവിശ്വസനീയമായ സംഘട്ടനരംഗങ്ങളും, ഐറ്റം ഡാന്‍സും, പൈങ്കിളി പ്രണയവും ഒന്നും ഇല്ലാതെതന്നെ സാധാരണപ്രേക്ഷകന് ഇഷ്ടപ്പെടുന്ന ഒന്ന്. കാണാന്‍ ശ്രമിക്കുക.

Saturday, July 4, 2015

Strange Circus Movie Review

Strange Circus Poster
സ്ട്രെയ്ന്‍ജ് സര്‍ക്കസ് (Strange Circus, 2005, Japanese)
കോള്‍ഡ് ഫിഷ്‌, സുയ്സൈഡ് ക്ലബ്‌ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ Sion Sonoയുടെ മറ്റൊരു ചിത്രം. ധാരാളം incestഉം സൈക്കോ charactersഉം വിചിത്രമായ കഥാസന്ദര്‍ഭങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് Takashi Miikeന്റെ സിനിമകളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു ചിത്രം. Masumi Miyazaki മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം mindfucking movies ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്.
കഥ വിശദീകരിച്ചാല്‍ അതിന്റെ രസം പോവും എന്നതിനാല്‍ അത് പറയുന്നില്ല. എന്തായാലും നല്ലൊരു enjoyable drama ആണ് പടം. വയലന്‍സിന്റെയും സെക്സിന്റെയും അതിപ്രസരം കാണാമെങ്കിലും കഥ അങ്ങനത്തെ ആയതുകൊണ്ട് ആ രംഗങ്ങള്‍ ന്യായീകരിക്കപ്പെടുന്നു. കലാപരമായി മികച്ചുനില്‍ക്കുന്ന ഭ്രാന്തന്‍ പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ മിസ്സ്‌ ചെയ്യരുതാത്ത ഒരു പടം, കാണാന്‍ ശ്രമിക്കുക.

Thursday, June 25, 2015

Martha Marcy May Marlene Movie Review

Martha Marcy May Marlene Poster
മാര്‍ത്താ മാര്‍സി മെയ് മാര്‍ലീന്‍ (Martha Marcy May Marlene, 2011, English)
Sean Durkin ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം ആയിരുന്നു മാര്‍ത്താ മാര്‍സി മെയ് മാര്‍ലീന്‍. Elizabeth Olsen, John Hawkes, Sarah Paulson, Hugh Dancy തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഒരു drama thriller ആണ്.
തനിക്ക് ഇണങ്ങാത്ത ഒരു സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് സഹോദരിയുടെയും അവരുടെ ഭര്‍ത്താവിന്റെയും കൂടെ ജീവിക്കുന്ന മാര്‍ത്ത എന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. കഥയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തെ ബാധിക്കും എന്നതിനാല്‍ അങ്ങനെ ചെയ്യുന്നില്ല. വളരെ മെല്ലെ തുടങ്ങി മെല്ലെമെല്ലെ പ്രേക്ഷകനെ കഥയിലേക്ക് അടുപ്പിക്കുന്ന ഒരു ആഖ്യാനശൈലിയാണ് ചിത്രത്തിന്റെത്.. പോകെപ്പോകെ കൂടുതല്‍ disturbing ആവുന്ന ചിത്രം വളരെ ഭീകരമായൊരു അവസ്ഥയില്‍ ആണ് അവസാനിക്കുന്നത്. ആദ്യചിത്രമാണെങ്കിലും രചനയും സംവിധാനവും Sean Durkin നല്ലരീതിയില്‍ത്തന്നെ ചെയ്തു. വളരെ ശക്തമായൊരു തിരക്കഥയുടെ പിന്‍ബലമുള്ള ചിത്രം പല film festivalകളിലും അവാര്‍ഡുകള്‍ നേടി.
മാര്‍ത്തയുടെ വേഷം ചെയ്ത Elizabeth Olsen എന്ന പുതുമുഖനടിയുടെ അസാമാന്യപെര്‍ഫോര്‍മന്‍സ് ചിത്രത്തിന്‍റെ മാറ്റുകൂട്ടുന്നു. വളരെ സങ്കീര്‍ണ്ണമായ ഒരു കഥാപാത്രത്തെ അത്യന്തം മികച്ചതാക്കാന്‍ അവര്‍ക്ക് സാധിച്ചു. ശരിക്കും ഞെട്ടിപ്പിക്കുന്ന ഒരു പ്രകടനം. മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.
Drama thriller വിഭാഗത്തില്‍പ്പെടുന്ന ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രംതന്നെയാണ് മാര്‍ത്താ മാര്‍സി മെയ് മാര്‍ലീന്‍. കാണാന്‍ ശ്രമിക്കുക.

Sunday, June 21, 2015

Parasyte Part 2 Movie Review

Parasyte Part 2 Poster
പാരസൈറ്റ് പാര്‍ട്ട്‌ 2 (Parasyte Part 2, 2015, Japanese)
ഹിതോഷി ഇവാക്കിയുടെ ഇതേ പേരിലുള്ള Mangaയെ ബേസ് ചെയ്ത് ജാപ്പനീസ് സംവിധായകന്‍ തകാഷി യമസാക്കി ഒരുക്കിയ ദ്വിചിത്രപരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് പാരസൈറ്റ് പാര്‍ട്ട്‌ 2. Shota Sometani, Ai Hashimoto, Eri Fukatsu തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കാഴ്ചയില്‍ തേളിനെപ്പോലെ തോന്നിക്കുന്ന ഒരുപറ്റം അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് വരികയും, ചില മനുഷ്യരുടെ ചെവിയിലൂടെയും മൂക്കിലൂടെയും മറ്റും അവരുടെ ശരീരത്തിനുള്ളിലേക്ക് കടന്ന് തലച്ചോറിന്റെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു. നായകനായ ഷിനിചിയുടെ തലയില്‍ കയറാന്‍ പറ്റാനാവാത്തതിനാല്‍ വലതുകയ്യില്‍ കയറിയ മിഗി എന്ന അന്യഗ്രഹജീവിയുടെ സഹായത്തോടെ മനുഷ്യരെ ഇരയാക്കുന്ന ആ അന്യഗ്രഹജീവികള്‍ക്കെതിരെ നായകന്‍ ആദ്യഭാഗത്തില്‍ തുടങ്ങിവെച്ച പോരാട്ടത്തിന്റെ ബാക്കികഥയാണ് രണ്ടാം ഭാഗത്തില്‍ പ്രേക്ഷകര്‍ക്കുമുന്‍പില്‍ എത്തുന്നത്. ആദ്യഭാഗത്തുനിന്നു മാറി മനുഷ്യരുമായി കൂടുതല്‍ ഇടപഴകി അവരുടെ ജീവിതരീതികള്‍ adapt ചെയ്യാന്‍ ശ്രമിക്കുന്ന ജീവികളെ ഇതില്‍ നമുക്ക് കാണാം.
വലിയ ഗുണമൊന്നും ആദ്യഭാഗത്തിന് ഇല്ലായിരുന്നെങ്കിലും, കഥാപരമായും technicallyയും അതിലും ഒരുപാട് മികച്ചുനിന്നു രണ്ടാംഭാഗം. അവസാനത്തെ ഒന്നുരണ്ട് സീനുകള്‍ വലിച്ചുനീട്ടി എന്ന് തോന്നിയെങ്കിലും ആകെമൊത്തത്തില്‍ നല്ലൊരു അനുഭവമായിരുന്നു ഈ ചിത്രം. ആദ്യഭാഗം ടോറന്റില്‍ ഉണ്ട്, വേണ്ടവര്‍ക്ക് ഡൌണ്‍ലോഡ് ചെയ്തുകാണാം. 

Saturday, June 20, 2015

In an old Manor House aka The Independence of Triangles Movie Review

In an old Manor House aka The Independence of Triangles Movie Poster
ഇന്‍ ആന്‍ ഓള്‍ഡ്‌ മാനര്‍ ഹൗസ് (In an old Manor House aka The Independence of Triangles, 1984, Polish)
പ്രേക്ഷകനെ വട്ടുപിടിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ കാണാന്‍ ഒരു പ്രത്യേകരസമാണ്, വട്ടുപിടിക്കുക എന്നതുകൊണ്ട്‌ കഥാസന്ദര്‍ഭങ്ങളിലെ complexity കൊണ്ടും, കഥയില്‍ കടന്നുവരുന്ന ശാസ്ത്രപരമായ ആശയങ്ങള്‍ കൊണ്ടും ഉള്ള വട്ടുപിടിക്കല്‍ അല്ല ഉദ്ദേശിച്ചത്. മറിച്ച് കഥാസന്ദര്‍ഭങ്ങളിലെ വിചിത്രത, കഥാപാത്രങ്ങളുടെ വിചിത്രമായ പെരുമാറ്റം, പിന്നെ വളരെ അസുഖകരമായ ഒരു കഥാപശ്ചാത്തലവും. ഒരുമാതിരി അസ്വസ്ഥതയും, അതേ സമയം പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രത്യേകരസവും തരുന്ന ഇത്തരം ചിത്രങ്ങള്‍ വളരെ കുറച്ചേ കാണാന്‍ സാധിച്ചിട്ടുള്ളൂ.. ഒരുപാട് മീനുകള്‍ ഉള്ള ഒരു കുളത്തില്‍ ഇറങ്ങുമ്പോള്‍ മീനുകള്‍ വന്ന് കാലില്‍ കൊത്തുമല്ലോ, അപ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതയോ സുഖമോ എന്ന് തിരിച്ചറിയാന്‍ ആവാത്ത അവസ്ഥ, ഇത്തരം ചിത്രങ്ങള്‍ കാണുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥയോട്‌ ഏറ്റവും ചേര്‍ത്തുവെക്കാവുന്ന ഒരവസ്ഥയാണ് അത്.. Surreal genreല്‍ പെടുന്ന ചിത്രങ്ങള്‍ ആയിരിക്കും ഇങ്ങനെയുള്ളവയില്‍ അധികവും, Viva La Muerte, Eraserhead തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ണ്ണമായും ഇത്തരത്തില്‍ ഉള്ള ഫീല്‍ ആണ് തന്നതെങ്കില്‍,  Gummo, Sunday തുടങ്ങിയ ചിത്രങ്ങള്‍ ഒരു പരിധിവരെ ഇത്തരം ഫീല്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ പൂര്‍ണ്ണമായും മനസ്സിനെ പിടിച്ചുലച്ച മറ്റൊരു ചിത്രമായിരുന്നു In an old Manor House. 42 വര്‍ഷത്തെ ചലച്ചിത്രയാത്രയില്‍ കേവലം 5 ഫീച്ചര്‍ ഫിലിമുകള്‍ മാത്രം സംവിധാനം ചെയ്ത Andrzej Kotkowskiയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആദ്യഭാര്യയുടെ മരണത്തിനുശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ആദ്യഭാര്യയില്‍ ഉണ്ടായ മകനും, രണ്ടാം ഭാര്യയില്‍ ഉണ്ടായ രണ്ടുപെണ്‍കുട്ടികള്‍ക്കും ഒപ്പം ജീവിക്കുന്ന കുടുംബനാഥന്‍ ഒരുനാള്‍ തന്റെ മകനും അയാളുടെ രണ്ടാനമ്മയും തമ്മിലുള്ള വഴിവിട്ട ബന്ധം കാണാന്‍ ഇടയാകുന്നു. അപ്പോള്‍ത്തന്നെ അയാള്‍ തന്റെ ഭാര്യയെ വെടിവെച്ച് കൊല്ലുന്നു. മരണാനന്തരചടങ്ങുകള്‍ക്കുശേഷം തന്റെ ബന്ധുവായ മറ്റൊരു വിധവയെ കുട്ടികളുടെ പുതിയ അമ്മയായി വാഴിക്കാനായി അയാള്‍ വീട്ടിലേക്ക് കൊണ്ടുവരികയും എല്ലാവരും കൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അപ്പോള്‍ നേരത്തെ മരിച്ച സ്ത്രീ തിരിച്ചുവരുന്നു. പ്രേതമായിട്ടോ അതോ ജീവനോടെയോ എന്നൊന്നും വ്യക്തമാക്കുന്നില്ല, അവര്‍ തിരിച്ചുവരികയും കുടുംബകാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. പിന്നീടങ്ങോട്ട് എങ്ങോട്ടൊക്കെയോ സഞ്ചരിക്കുന്ന കഥ ഒടുവില്‍ വളരെ disturbing ആയ രീതിയില്‍ അവസാനിക്കുന്നു.
ആദ്യകാഴ്ചയില്‍ത്തന്നെ അസ്വസ്ഥത ഉളവാക്കുന്ന ഒരു കളര്‍ ടോണും ലോക്കേഷനുകളും ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൂടാതെ നടീനടന്മാരുടെ രൂപഭാവവും വിചിത്രമായ പശ്ചാത്തലസംഗീതവും, അതിലും വിചിത്രമായ കഥാസന്ദര്‍ഭങ്ങളും മറ്റും കൊണ്ട് മികച്ചൊരു surreal കലാസൃഷ്ടിയാക്കി ഈ ചിത്രത്തെ മാറ്റാന്‍ സംവിധായകന് കഴിഞ്ഞു. ചിത്രത്തിന്‍റെ ടൈറ്റിലുകള്‍ എഴുതിക്കാണിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ഉള്ള ഗാനം പോലും ഇത്തരത്തില്‍ ഉള്ള ഒന്നാണ്.. ജീവിതത്തിന്റെ അപ്പുറത്തുള്ള ഒരു വിചിത്രലോകത്തെപ്പറ്റിയുള്ള ഒന്ന്.. പോളണ്ടിലെ രാഷ്ട്രീയപരമായ പല കാര്യങ്ങളെയും ബിംബവല്‍ക്കരിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടോ എന്ന് ചിലപ്പോള്‍ തോന്നിപ്പോയി, പക്ഷേ ഒന്നും അങ്ങോട്ട്‌ മനസ്സിലായില്ല.
അഭിനേതാക്കള്‍ ആരെന്നോ, അവരുടെ വേറെ സിനിമകള്‍ ഏതൊക്കെയാണെന്നോ ഒരു പിടിയും ഇല്ല, എന്തായാലും എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. വിചിത്രസിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ എന്തായാലും കണ്ടിരിക്കേണ്ട ഒന്നാണ് ഈ ചിത്രം. കാണാന്‍ ശ്രമിക്കുക. മറ്റൊരു കാര്യം, ഇതിന്റെ ഒറിജിനല്‍ പോളിഷ് ടൈറ്റില്‍ W starym dworku, czyli niepodległość trójkątów എന്നാണ്.

Dazed and Confused Movie Review

Dazed and Confused Movie Poster
ഡേസ്ഡ് ആന്‍ഡ്‌ കണ്‍ഫ്യൂസ്ഡ് (Dazed and Confused, 1993, English)
ബിഫോര്‍ സണ്‍റൈസ്, വേക്കിംഗ് ലൈഫ്, ബോയ്‌ഹുഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് സുപരിചിതനായ റിച്ചാര്‍ഡ്‌ ലിങ്ക്ലേറ്ററിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നാണ് ഡേസ്ഡ് ആന്‍ഡ്‌ കണ്‍ഫ്യൂസ്ഡ്. കൃത്യമായി പറഞ്ഞാല്‍ മൂന്നാമത്തെ സംവിധാനസംരംഭം. 1976ലെ കുറച്ച് ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ കഥപറയുന്ന ചിത്രത്തിന് ഈ പേര് ലഭിച്ചത് Led Zeppelinന്റെ ഇതേപേരിലുള്ള ഗാനത്തില്‍നിന്നാണ്. പിന്നീട് ശ്രദ്ധേയതാരങ്ങളായിമാറിയ Matthew McConaughey, Jason London, Ben Affleck, Milla Jovovich, Cole Hauser, Parker Posey, Adam Goldberg, Joey Lauren Adams, Nicky Katt, Rory Cochrane തുടങ്ങിയവര്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ഈ ചിത്രത്തില്‍ ചെയ്തിരുന്നു.
1976ലെ വേനലവധിയ്ക്കായി സ്കൂള്‍ അടയ്ക്കുന്ന ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്. കുറേ teenagersന്റെ അലക്ഷ്യമായ, എന്നാല്‍ രസകരമായ ജീവിതങ്ങളിലെ ഒരു ദിവസം, അതാണ്‌ ഈ ചിത്രം. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഒരു കഥയൊന്നും ചിത്രത്തിനില്ല. മികച്ചുനില്‍ക്കുന്ന, വളരെ സ്വാഭാവികമായ കുറേ കഥാസന്ദര്‍ഭങ്ങള്‍ മാത്രം. നമ്മുടെ സിനിമകളില്‍ സ്കൂള്‍-കോളേജ് പിള്ളേരുടെ കഥകള്‍ വന്നപ്പോഴൊക്കെ പഠനത്തിലോ, സ്പോര്‍ട്സിലോ, രാഷ്ട്രീയപ്രവര്‍ത്തനത്തിലോ, അങ്ങനെ ഏതെങ്കിലും മേഖലയില്‍ അവരുടെ കൂട്ടത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കഥകള്‍ ആയിരുന്നു വന്നത്. അല്ലെങ്കില്‍പ്പിന്നെ ഏറ്റവും അലമ്പ് ആയി നടക്കുന്നവര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കഥ. എന്നാല്‍ ബഹുഭൂരിപക്ഷം പേരും ഈ രണ്ടുഗണങ്ങളിലും പെടാത്ത മധ്യവര്‍ത്തികള്‍ ആയിരിക്കും. പഠനത്തിനിടയിലും ചെറിയ അലമ്പുകളും മറ്റുമായി സ്കൂള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്ന വിദ്യാര്‍ഥികള്‍. ഈ സിനിമയുടെ വലിയ പ്രത്യേകത എന്തെന്നാല്‍, അത്തരം കുട്ടികള്‍ക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഒന്നേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഒരുനിമിഷം പോലും അനാവശ്യം എന്ന് തോന്നുന്നതോ, ബോര്‍ അടിപ്പിക്കുന്നതോ ആയിട്ടില്ല. റിച്ചാര്‍ഡ്‌ ലിങ്ക്ലേറ്ററിന്റെ സംവിധാനമികവും അഭിനേതാക്കളുടെ മിന്നുന്ന പ്രകടനങ്ങളും നല്ല പശ്ചാത്തലസംഗീതവും, അങ്ങനെ എല്ലാ ഘടകങ്ങളും ഒത്തുവന്നതിനാല്‍ ആയിരിക്കാം എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു ചിത്രമായി ഇത് മാറിയത്. ചിത്രം നടക്കുന്ന കാലഘട്ടത്തിലെ കുട്ടികളുടെ ജീവിതം എങ്ങനെ ആയിരുന്നെന്ന് ചില സിനിമകളില്‍ കണ്ടിട്ടുള്ളതല്ലാതെ വലിയ പിടിയില്ല, എന്നാലും 17 വര്‍ഷം മുന്‍പത്തെ ജീവിതം കൃത്യമായി പുനരാവിഷ്കരിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട് എന്നാണ് ഐഎംഡിബിയിലെ Message boards പറയുന്നത്.
ഒരുപറ്റം നടീനടന്മാര്‍ക്ക് അവരുടെ കരിയറുകളുടെ തുടക്കത്തില്‍ കിട്ടിയ വലിയൊരു ബ്രേക്ക് ആയിരുന്നത്രേ ഈ ചിത്രം. ഇന്ന് ഹോളിവുഡില്‍ വലിയ താരങ്ങളായ Ben Affleck, Matthew McConaughey, Milla Jovovich തുടങ്ങിയവരുടെ ടീനേജ് രൂപങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. ചിത്രത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും പിന്നീട് കാര്യമായി എങ്ങും എത്താന്‍ കഴിയാതെപോയ ചില നിര്‍ഭാഗ്യവാന്മാരെയും നിര്‍ഭാഗ്യവതികളെയും കാണാം, പിന്നീട് അനിമേഷന്‍ മേഖലയിലേക്കും ബ്ലോഗിങ്ങിലേക്കും തിരിഞ്ഞ Wiley Wiggins, താരതമ്യേന ചെറിയ സിനിമകളിലൂടെ തങ്ങള്‍ ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട് എന്ന് പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തുന്ന Jason London, Cole Hauser തുടങ്ങിയവരെ കാണാം, പിന്നീട് Chasing Amyയിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിച്ച Joey Lauren Adamsയെ കാണാം, ഈ സിനിമയ്ക്കുശേഷം ചില ടിവി സീരീസുകളില്‍ പ്രത്യക്ഷപ്പെടുകയും, പിന്നീട്  Anti-war activist ആയിമാറുകയും ചെയ്ത Christin Hinojosaയെ കാണാം. എല്ലാവരും ഊര്‍ജസ്വലമായ പ്രകടനങ്ങള്‍ ആണ് കാഴ്ചവെച്ചത്, ശരിക്കും കുറേപ്പേരുടെ ജീവിതം ഷൂട്ട്‌ ചെയ്തുവെച്ചപോലെ തോന്നി പലയിടങ്ങളിലും.
വിക്കിപീഡിയ പ്രകാരം Quentin Tarantinoയുടെ അഭിപ്രായത്തില്‍ സിനിമാചരിത്രത്തിലെ മികച്ച പത്തുചിത്രങ്ങളില്‍ ഒന്നാണിത്. Entertainment Weeklyയുടെ The Top 50 Cult Films ലിസ്റ്റില്‍ പതിനേഴാമതും, അവരുടെതന്നെ 50 Best High School Movies ലിസ്റ്റില്‍ പതിനേഴാമതും, Funniest Movies of the Past 25 Years ലിസ്റ്റില്‍ പത്താമതും ആണ് ചിത്രത്തിന്‍റെ സ്ഥാനം.
ഒരു കാലഘട്ടത്തിലെ യുവത്വത്തിന്റെ നേര്‍ക്കാഴ്ചയായ, മികച്ചൊരു ചിത്രമാണ് ഡേസ്ഡ് ആന്‍ഡ്‌ കണ്‍ഫ്യൂസ്ഡ്. ഒരു landmark ചിത്രം എന്നൊക്കെ വിളിക്കാവുന്ന ഒന്ന്. കണ്ടിട്ടില്ലാത്തവര്‍ കാണാന്‍ ശ്രമിക്കുക.