Friday, February 27, 2015

Lakshmi Movie Review

Lakshmi Movie Posterലക്ഷ്മി (Lakshmi, 2014, Hindi)
എത്രപറഞ്ഞാലും തീരാത്ത, വീണ്ടും വീണ്ടും സിനിമകള്‍ ഉണ്ടാകുന്ന രണ്ട് തീമുകളാണ് പെണ്‍വാണിഭവും തീവ്രവാദവും. ഈ രണ്ടുകാര്യങ്ങളെക്കുറിച്ചും പറയാന്‍ ഉള്ളത് ഒരുവിധം എല്ലാം ഇതുവരെ ഉണ്ടായ സിനിമകളില്‍ പറഞ്ഞതുകൊണ്ട്, കഥ പറയുന്ന രീതിയില്‍ ഉള്ള മാറ്റങ്ങളേ ഇതേ പശ്ചാത്തലത്തില്‍ ഇനിവരുന്ന ചിത്രങ്ങളില്‍ വ്യത്യസ്തമാക്കാന്‍ സാധിക്കൂ. അത്തരത്തില്‍ വളരെ raw and disturbing ആയ ആഖ്യാനശൈലികൊണ്ട് പ്രേക്ഷകന്റെ മനസ്സില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കുന്ന ഒരു ചിത്രമാണ് ലക്ഷ്മി. ഈ വിഷയം കൈകാര്യം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഒന്നുതന്നെയാണ് ലക്ഷ്മി. ഡോര്‍, ഇക്ബാല്‍, റോക്ക്ഫോഡ്, ഹൈദരാബാദ് ബ്ലൂസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നാഗേഷ് കുക്കുനൂര്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ലക്ഷ്മി എന്ന പതിനാലുകാരി ഒരു കൂട്ടിക്കൊടുപ്പുകാരനും, മറ്റുചില പെണ്‍കുട്ടികള്‍ക്കുമൊപ്പം ഒരു ലോറിയില്‍ യാത്രചെയ്യുന്നതാണ് തുടക്കം. ആ രംഗത്തില്‍ നിന്നുതന്നെ ചിത്രത്തിന്‍റെ rawness നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. തന്റെ ഗ്രാമത്തില്‍ നിന്നും തട്ടിക്കൊണ്ടുവരപ്പെട്ട ലക്ഷ്മിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളും മറ്റുമാണ് ചിത്രത്തില്‍ പിന്നീട് പറയുന്നത്. സാധാരണ വയലന്‍സ് ചിത്രങ്ങള്‍ ആസ്വദിക്കുന്നവരെപ്പോലും വേദനിപ്പിക്കുന്ന രീതിയിലുള്ള പച്ചയായ രംഗങ്ങള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കും, ഇന്ത്യന്‍ സിനിമയില്‍ അധികമൊന്നും കണ്ടിട്ടില്ലാത്ത വിധം. അത്തരം രംഗങ്ങള്‍ ഒരിക്കല്‍പ്പോലും vulgur ആകാതെ ചിത്രീകരിച്ചതില്‍ സംവിധായകന്‍ പ്രത്യേകപ്രശംസ അര്‍ഹിക്കുന്നു. പ്രതീക്ഷിച്ചപോലെ പോകുന്ന ആദ്യപകുതിയുടെ അവസാനം അപ്രതീക്ഷിതമായ ഒരു ഗതിയിലേക്ക് ചിത്രം തിരിയുകയാണ്. പിന്നീട് രണ്ടാം പകുതിയില്‍ അപൂര്‍വ്വം ചില ഘട്ടങ്ങളില്‍ ചെറുതായി lagging അനുഭവപ്പെടുമെങ്കിലും മികച്ചരീതിയില്‍ത്തന്നെ ചിത്രത്തെ അവസാനിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
പിന്നണിഗായികയായ മൊണാലി ഠാക്കൂര്‍ ആണ് പ്രധാനകഥാപാത്രമായ ലക്ഷ്മിയെ അവതരിപ്പിച്ചിരിക്കുന്നത്. 29കാരിയായ മൊണാലി 14 വയസ്സുകാരിയായ ലക്ഷ്മിയെ അവതരിപ്പിക്കുമ്പോള്‍ ഒരിക്കല്‍പ്പോലും പ്രായത്തില്‍ കവിഞ്ഞ രീതിയില്‍ ലക്ഷ്മി പെരുമാറുന്നില്ല. ഇന്ത്യന്‍ സിനിമയ്ക്കുതന്നെ ലഭിച്ച ഒരു വരദാനമാണ് മൊണാലി എന്ന് നിസ്സംശയം പറയാം. അത്രയ്ക്ക് അവിസ്മരണീയമായ ഒരു പ്രകടനമാണ് അവര്‍ കാഴ്ചവെച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡ്‌ ലിസ്റ്റില്‍ ഈ പേര് കണ്ടാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല. അത്രയേറെ അവര്‍ ആ അവാര്‍ഡ്‌ അര്‍ഹിക്കുന്നു. ഇവരുടെ രണ്ടാമത്തെ അഭിനയസംരംഭം ആണിത് എന്ന തോന്നല്‍ ഒരിക്കല്‍പ്പോലും വരുത്താതെ, ശരിക്കും ഒരു stellar പെര്‍ഫോമന്‍സ്.
മറ്റുകഥാപാത്രങ്ങളെ ഷെഫാലി ഷാ, റാം കപൂര്‍, സംവിധായകന്‍ നാഗേഷ് കുക്കുനൂര്‍, നിര്‍മ്മാതാവ് സതീഷ്‌ കൌശിക് തുടങ്ങിയവര്‍ മികവുറ്റതാക്കി. ഷെഫാലി ഷാ എന്ന അഭിനേത്രിയെ ബോളിവുഡ് ഒട്ടും ഉപയോഗിക്കുന്നില്ല എന്ന് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നിപ്പോകും. വളരെ മികച്ചൊരു നടിയായിട്ടുപോലും വേണ്ടത്ര അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ലല്ലോ! സതീഷ്‌ കൌശിക് തന്റെ സ്ഥിരം തടിയന്‍ വിഡ്ഢിവേഷങ്ങളില്‍നിന്ന് മാറി നല്ലൊരു വേഷം ചെയ്തു എന്നതും സന്തോഷം ഉളവാക്കുന്ന കാര്യമാണ്.
നാഗേഷ് കുക്കുനൂര്‍ തന്റെ പല ചിത്രങ്ങളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചയാളാണ്. എന്നാല്‍ അവയെല്ലാം feel good ചിത്രങ്ങളായിരുന്നു. പക്ഷേ ഈ ചിത്രം വളരെ brutal ആയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ലോലഹൃദയര്‍, ഗര്‍ഭിണികള്‍ ഒന്നും ഒരിക്കലും ഈ ചിത്രം കാണരുത്. അത്രയേറെ graphic and verbal വയലന്‍സ് ഉണ്ട് ഈ ചിത്രത്തില്‍. കുറേ നാളുകള്‍ക്ക് ശേഷമാണ് ഒരു സിനിമ കണ്ട് ഇത്രയേറെ കരയുന്നത്.. ഈ റിവ്യൂ എഴുതുമ്പോഴും ആ വിങ്ങല്‍ മനസ്സിലുണ്ട്.. തപസ് റെലിയയുടെ ഗാനങ്ങളും പശ്ചാത്തലസംഗീതവും, ചിരന്തന്‍ ദാസിന്റെ cinematographyയും ചിത്രത്തിന്‍റെ മൂഡിനോട്‌ ചേര്‍ന്നുന്നിന്നു.
ആകെമൊത്തം നോക്കുകയാണെങ്കില്‍ വല്ലാത്തൊരു haunting experience ആണ് ലക്ഷ്മി. ഈ ഗണത്തില്‍ പെടുന്ന ചിത്രങ്ങളില്‍ ഏറ്റവുമധികം മികച്ചുനില്‍ക്കുന്ന ഒന്ന്. തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക.

Tuesday, February 10, 2015

Dumb and Dumber To Movie Review

Dumb and Dumber To Movie Poster
ഡംബ് ആന്‍ഡ്‌ ഡംബര്‍ ടു (Dumb and Dumber To, 2014, English)
1994ല്‍ പുറത്തിറങ്ങിയ ഡംബ് ആന്‍ഡ്‌ ഡംബര്‍ എന്ന ചിത്രം ഹോളിവുഡ് കോമഡി പടങ്ങളുടെ ആരാധകര്‍ക്ക് സുപരിചിതമായ ഒന്നായിരിക്കും. slapstick rude humour നിറഞ്ഞ ഈ ചിത്രത്തില്‍ ഹാരിയും ലോയ്ഡും ആയി ജെഫ് ഡാനിയല്‍സും ജിം കാരിയും തകര്‍ത്താടിയിരുന്നു. ജിം കാരിയുടെ കരിയറിലെ തന്നെ ഒരു വഴിത്തിരിവായ ചിത്രം കൂടിയായിരുന്നു ഇത്. പിന്നീട് ഇതേ കഥാപാത്രങ്ങളെ ആസ്പദമാക്കി മറ്റുരണ്ടു നടന്മാരെ വെച്ച് ഒരു പ്രീക്വല്‍ വന്നിരുന്നെങ്കിലും അത് അമ്പേ പരാജയമടഞ്ഞു. ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം ഒറിജിനല്‍ ഹാരിയും ലോയ്ഡും ഒന്നിച്ച ആദ്യ ചിത്രത്തിന്‍റെ സീക്വല്‍ ആണ് ഡംബ് ആന്‍ഡ്‌ ഡംബര്‍ ടു.
ആദ്യചിത്രം അവസാനിക്കുന്നിടത്തുനിന്ന് ഇരുപതുവര്‍ഷങ്ങള്‍ക്കപ്പുറമാണ് കഥ നടക്കുന്നത്. ഒരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്ന ഹാരി തനിക്ക് ഇരുപതുവര്‍ഷം മുന്‍പ് ഒരു മകള്‍ ജനിച്ചിരുന്നു എന്നും, തന്റെ പ്രശ്നം ആ മകള്‍ക്ക് പരിഹരിക്കാന്‍ സാധിക്കും എന്നും മനസ്സിലാക്കുന്നു. തുടര്‍ന്ന് ഹാരിയും ഉറ്റമിത്രമായ ലോയ്ഡും ചേര്‍ന്ന് ആ മകളെ കണ്ടെത്തുവാന്‍ ഒരു യാത്ര തിരിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ട്വിസ്റ്റുകളുടെ ഒരു നീണ്ടനിരതന്നെ ചിത്രത്തില്‍ ഉണ്ട്. അവയൊന്നും ഞാന്‍ വെളിപ്പെടുത്തുന്നില്ല, നേരിട്ടുകണ്ടറിയുക. രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോള്‍ ഒന്നാം ഭാഗത്തെക്കാളും കൂടുതലായി ഒന്നും ചെയ്യാന്‍ സംവിധായകര്‍ ശ്രമിച്ചിട്ടില്ലാത്തപോലെ തോന്നി. ഹാരിയുടെയും ലോയ്ഡിന്റെയും സ്വതസിദ്ധമായ മണ്ടത്തരങ്ങള്‍ കാണിച്ചുകൊണ്ട് ഒരു safe zoneലൂടെ നീങ്ങാനാണ് സംവിധായകര്‍ ശ്രമിച്ചത്. എന്നിരുന്നാലും, ഒരുവട്ടം വലിയ മുഷിച്ചില്‍ ഇല്ലാതെ കാണാനുള്ള വക ചിത്രത്തിലുണ്ട്, നിങ്ങള്‍ slapstick കോമഡി ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍. പ്രേക്ഷകരുടെ ബൌദ്ധികതലങ്ങളില്‍ ആഴ്ന്നിറങ്ങി നൂതനമായ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന രംഗങ്ങളും ആശയങ്ങളും ഒന്നും ഈ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആദ്യഭാഗം കണ്ടവര്‍ക്ക് നന്നായി അറിയുമായിരിക്കും. ഒരുതവണ കുറെയൊക്കെ ചിരിച്ചുകൊണ്ട് കാണാവുന്ന ഒരു ചിത്രം തന്നെയാണ് ഇത്. കാണാന്‍ ശ്രമിക്കുക.

Sunday, February 8, 2015

The Disappearance of Eleanor Rigby Him & Her Movies Review

The Disappearance of Eleanor Rigby Him & Her Movie Poster
ഡിസപ്പിയറന്‍സ് ഓഫ് എലനോര്‍ റിഗ്ബി ഹിം & ഹേര്‍ (The Disappearance of Eleanor Rigby Him & Her, 2014, English)
നെഡ് ബെന്‍സണിന്റെ സംവിധാനത്തില്‍ Jessica Chastain, James McAvoy എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചലച്ചിത്രപരമ്പരയാണ് ഡിസപ്പിയറന്‍സ് ഓഫ് എലനോര്‍ റിഗ്ബി. മൂന്നുഭാഗങ്ങളിലായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.. Him, Her എന്ന രണ്ട് sequences ആദ്യം റിലീസ് ചെയ്യുകയും, അവ രണ്ടിലെയും പ്രധാന സീന്‍സ് കോര്‍ത്തിണക്കി പിന്നീട് Them എന്ന sequence റിലീസ് ചെയ്യുകയും ചെയ്തു. ഏതാണ്ട് മൂന്നര മണിക്കൂറോളം വരുന്ന ആദ്യ രണ്ടുഭാഗങ്ങളാണ് ഞാന്‍ കണ്ടത്.. അവയിലെ രംഗങ്ങളുടെ തന്നെ രത്നച്ചുരുക്കമാണ്‌ മൂന്നാം ഭാഗം എന്നതുകൊണ്ട് അത് കാണണ്ട എന്നുവെച്ചു.
ഒരുകാലത്ത് വളരെ ഹാപ്പി ആയിരുന്ന ദമ്പതികള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദുരന്തം മൂലം അകലുന്നതും മറ്റുമാണ് ഈ ചിത്രങ്ങള്‍ പറയുന്നത്. Emotionally വളരെയേറെ deep ആയ ഒരു treatment ആണ് ചിത്രങ്ങളിലുടനീളം സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. വളരെ സ്ലോ ആയ ആഖ്യാനശൈലി ആണെങ്കില്‍പ്പോലും തന്റെ മികവുകൊണ്ട് കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകനെ സഞ്ചരിപ്പിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്.
ഈ ചിത്രങ്ങളുടെ പ്രത്യേകത എന്താണെന്നുവെച്ചാല്‍, Him, Her എന്നീ രണ്ടുചിത്രങ്ങളും ഏകദേശം parallel ആയാണ് പോവുന്നത്.. Him എന്ന സിനിമയില്‍ നായകന്‍റെ കാഴ്ചപ്പാടിലൂടെ ചിത്രം പോവുമ്പോള്‍, Herല്‍ നായികയുടെ കാഴ്ചപ്പാടിലൂടെ ചിത്രം മുന്നോട്ടുപോവുന്നു. ഇക്കാരണത്താല്‍ത്തന്നെ ഇവ കാണാന്‍ പ്രത്യേകിച്ച് order ഒന്നുമില്ല, ഏതുവേണമെങ്കിലും ആദ്യം കാണാം.
ഈ ചിത്രത്തില്‍ അഭിനയിച്ച നടീനടന്മാരുടെ പ്രകടനങ്ങള്‍ ഓരോന്നും എടുത്തുപറയേണ്ടവയാണ്. ചെറിയ വേഷങ്ങള്‍ ചെയ്ത ആളുകള്‍ വരെ വളരെ മികച്ച രീതിയിലാണ് തങ്ങളുടെ വേഷങ്ങള്‍ ചെയ്തത്. Ellenorനെ അവതരിപ്പിച്ച Jessica Chastain വളരെയേറെ അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ കരിയറിലെ മികച്ച റോളുകളുടെ കൂട്ടത്തില്‍ ഒന്നുകൂടി. അതേപോലെത്തന്നെ Conorനെ അവതരിപ്പിച്ച James McAvoy. അദ്ദേഹവും അന്യായ പ്രകടനം ആയിരുന്നു.
ചിത്രത്തിലെ പല രംഗങ്ങളും കുറച്ചെങ്കിലും emotionally sensitive ആയ ഏതൊരാളുടെയും ഉള്ളില്‍ ആഴത്തില്‍ തട്ടുന്നവയാണ്. കണ്ടുകഴിഞ്ഞാലും കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഉള്ളില്‍ തങ്ങിനില്‍ക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ഈ ചിത്രങ്ങളെയും ധൈര്യപൂര്‍വ്വം പെടുത്താവുന്നതാണ്. സംവിധായകനില്‍നിന്നും ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. എല്ലാവരും കാണാന്‍ ശ്രമിക്കുക.