Saturday, March 28, 2015

The Children Movie Review

The Children Movie Posterദ ചില്‍ഡ്രന്‍ (The Children, 2008, English)
ന്യൂ ഇയര്‍ ആഘോഷിക്കാനായി മഞ്ഞുമൂടിയ ഒരു ഉള്‍പ്രദേശത്തുള്ള തങ്ങളുടെ വീട്ടില്‍ എത്തിച്ചേര്‍ന്ന രണ്ട് കുടുംബങ്ങള്‍. കുട്ടികളുടെ കളിയും ചിരിയും, വലിയവരുടെ തമാശകളും മറ്റുമായി എല്ലാം വളരെ നല്ല രീതിയില്‍ പോകുന്നെന്ന് അവര്‍ കരുതിയെങ്കിലും അവരറിയാതെ ഒരു ദുരന്തം അവരെ പിന്തുടരുന്നുണ്ടായിരുന്നു...
എത്രയോ സിനിമകളില്‍ കണ്ടുമറന്ന കഥ, അല്ലേ! ആകെ ഒരു വ്യത്യാസം മറ്റുപടങ്ങളില്‍ ഒരുപറ്റം സുഹൃത്തുക്കള്‍ ആണെങ്കില്‍ ഇതില്‍ രണ്ടുകുടുംബങ്ങള്‍! ഇങ്ങനെ കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. ഇതേ രീതിയിലുള്ള മറ്റുചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തവും disturbingുമായ ഒരനുഭവമാണ് ദ ചില്‍ഡ്രന്‍.
Tom Shanklandന്റെ സംവിധാനത്തില്‍ 2008ല്‍ പുറത്തുവന്ന ഒരു ബ്രിട്ടീഷ് ചിത്രമാണിത്. വളരെ ചുരുങ്ങിയ മുതല്‍മുടക്കില്‍ പ്രേക്ഷകനെ വളരെയേറെ ആകര്‍ഷിക്കത്തക്കവിധമുള്ള ഒരു ചിത്രം ചെയ്യുന്നതില്‍ സംവിധായകന്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. മെല്ലെയുള്ള ഒരു തുടക്കത്തില്‍നിന്ന് ആദ്യ ഇരുപതുമിനിറ്റ് കഴിയുമ്പോഴേക്കും പ്രേക്ഷകനെ വിഹ്വലനാക്കുന്ന രീതിയിലേക്ക് ചിത്രത്തെ കൊണ്ടുപോകാന്‍ സംവിധായകന് സാധിച്ചു. അസ്വസ്ഥതയുടെയും ആകാംക്ഷയുടെയും മുള്‍മുനയില്‍ നിന്നുകൊണ്ടുള്ള ഒരു യാത്രയാണ് പിന്നെ അങ്ങോട്ട്‌. ഒടുവില്‍ സംഭവിക്കരുതേ എന്ന് ആഗ്രഹിച്ച കാര്യം തന്നെ സംഭവിക്കുമോ എന്ന് ചിന്തിപ്പിച്ചുകൊണ്ട് പ്രേക്ഷകനെ പരിഭ്രാന്തിയില്‍ ആഴ്ത്തിയ ഒരു അവസാനവും കൂടിയായപ്പോള്‍ വളരെ disturbing ആയൊരു അനുഭവമായി മാറി ദ ചില്‍ഡ്രന്‍.
ചില ചിത്രങ്ങള്‍ കാണുമ്പോള്‍ അതിലെ ചില കഥാപാത്രങ്ങളോട് നമുക്ക് വല്ലാത്ത ദേഷ്യവും വെറുപ്പും തോന്നിയേക്കാം. അത്തരത്തില്‍ നമ്മുടെ അത്യന്തം വെറുപ്പ്‌ പിടിച്ചുപറ്റാന്‍ ഇതിലെ ചില കഥാപാത്രങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അത് സംവിധായകന്റെയും അഭിനേതാക്കളുടെയും വിജയം തന്നെയാണ്. കുഞ്ഞുങ്ങളും വലിയവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. ചെറിയ ബജറ്റിനുള്ളില്‍ നിന്നുകൊണ്ട് special effectsഉം മറ്റും അതത് വിഭാഗങ്ങളിലെ സാങ്കേതികവിദഗ്ദ്ധര്‍ വൃത്തിയായി ചെയ്തു.
കുറേക്കാലത്തിനുശേഷം കണ്ട നല്ലൊരു disturbing thriller ആണ് ഇത്. ഈ ജോണറില്‍ ഉള്ള ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ എന്തായാലും കാണാന്‍ ശ്രമിക്കുക. ഇഷ്ടപ്പെടും.

Friday, March 27, 2015

Biology 101 Movie Review

Biology 101 Movie Poster
ബയോളജി 101 (Biology 101, 2011, English)
ക്രിസ്റ്റഫര്‍ സ്മിത്ത് സംവിധാനം ചെയ്ത ആദ്യ ഫീച്ചര്‍ ഫിലിം ആണ് ബയോളജി 101. David Christian Welborn, Noelle DuBois, Deborah O'Brien, Emily Bicks തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മധ്യവയസ്കനായ ഒരു ബയോളജി അധ്യാപകനാണ് പൊള്ളാര്‍ഡ്. കൗമാരപ്രായക്കാരിയായ ഒരു മകള്‍ ഉള്ള അദ്ദേഹത്തിന്റെ വിവാഹബന്ധത്തില്‍ ചെറിയ ഉലച്ചിലുകള്‍ ഉണ്ട്. ഒരു porn dating വെബ്‌സൈറ്റിലെ മോഡലില്‍ addicted ആണ് പൊള്ളാര്‍ഡ്. അങ്ങനെയിരിക്കെ ഒരിക്കല്‍ പൊള്ളാര്‍ഡിന്റെ ക്ലാസില്‍ കാഴ്ചയില്‍ ആ porn മോഡലിനെപ്പോലെത്തന്നെ തോന്നിപ്പിക്കുന്ന ഒരു വിദ്യാര്‍ഥിനി വന്നുചേരുന്നു. അതിനുശേഷം പൊള്ളാര്‍ഡ് അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്.
പ്രതീക്ഷയേകുന്ന ഒരു തുടക്കം നല്‍കാന്‍ ആയെങ്കിലും പിന്നീട് ആ പ്രതീക്ഷ നിലനിര്‍ത്താന്‍ സംവിധായകന് കഴിയാതെ പോയി. ഒട്ടും ത്രില്ലിംഗ് അല്ലാതെ ഒച്ചിഴയുന്നപോലെ മുന്നോട്ടുനീങ്ങിയ ചിത്രത്തില്‍ പിന്നീട് ആകര്‍ഷകമായത് സാധാരണയില്‍ നിന്നും അല്പം വിട്ടുമാറിയിട്ടുള്ള ഒരു ക്ലൈമാക്സാണ്.
അഭിനേതാക്കള്‍ ഒക്കെ കുളമാക്കാതെ തങ്ങളുടെ വേഷങ്ങള്‍ ചെയ്തു. സംവിധാനവും തരക്കേടില്ല. കുഞ്ഞുബജറ്റില്‍ ചെയ്ത ചിത്രത്തില്‍ ചിലപ്പോഴെങ്കിലും അക്കാര്യം മുഴച്ചുനില്‍ക്കുന്നുണ്ട്.
മൊത്തത്തില്‍ ഒരു average പടം, അത്രേ ഉള്ളൂ. ഒന്നേക്കാല്‍ മണിക്കൂറേ ഉള്ളൂ എന്നത് വലിയൊരു ഗുണമാണ്. വേണമെങ്കില്‍ കാണാം

Thursday, March 26, 2015

Elizabeth Ekadeshi Movie Review

Elizabeth Ekadeshi Movie Poster
എലിസബത്ത്‌ ഏകാദശി (Elizabeth Ekadeshi, 2014 ,Marathi)
ഹരിശ്ച്ചന്ദ്രാചി ഫാക്ടറിയിലൂടെ ഫാല്‍ക്കെയുടെ ജീവിതകഥ അഭ്രപാളികളിലേക്ക് പകര്‍ത്തിയ സംവിധായകന്‍ പരേഷ് മോകാഷിയുടെ രണ്ടാമത്തെ ചിത്രമാണ് എലിസബത്ത് ഏകാദശി. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച ഈ ചിത്രം പണ്ഡര്‍പുരത്തെ വിഠലക്ഷേത്രത്തില്‍ നടക്കുന്ന ഏകാദശി ഉത്സവത്തോടനുബന്ധിച്ച് ഒരു കുടുംബത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്. Shrirang Mahajan, Sayali Bhandarkavathekar, Nandita Dhuri തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു.
ദാരിദ്ര്യം ഏറെ കഷ്ടപ്പെടുത്തുന്ന ഒരു കുടുംബത്തിലെ മൂത്ത ആണ്‍കുട്ടിയാണ് ധ്യാനേഷ്. ധ്യാനേഷിന് തന്റെ അച്ഛന്‍ സ്നേഹത്തോടെ ഉണ്ടാക്കിക്കൊടുത്ത സൈക്കിള്‍ ആണ് എലിസബത്ത്. അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിലായ ആ കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗ്ഗം അമ്മ തയ്ച്ചുണ്ടാക്കുന്ന സ്വെറ്ററുകളും മറ്റും ആണ്. എന്നാല്‍ ഒരു ദിവസം തയ്യല്‍ മിഷ്യന്‍ ജപ്തിചെയ്യുന്ന ബാങ്കുകാര്‍ നാലുദിവസങ്ങള്‍ക്കുള്ളില്‍ 5000 രൂപ അടച്ചാല്‍ തയ്യല്‍ മിഷ്യന്‍ തിരികെനല്‍കാം എന്ന് വാക്കുനല്‍കുന്നു. അത്രയും പണം ഇല്ലാത്തതിനാല്‍ എലിസബത്തിനെ വില്‍ക്കാന്‍ അമ്മ തീരുമാനിക്കുമ്പോള്‍ അത് സംഭവിക്കാതിരിക്കാന്‍ ധ്യാനേഷിനും ധ്യാനേഷിന്റെ കുഞ്ഞുപെങ്ങള്‍ക്കും മുന്നില്‍ വേറെ എന്തെങ്കിലും മാര്‍ഗത്താല്‍ പണം ഉണ്ടാക്കുക എന്ന ഒരു വഴിയേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. വര്‍ഷത്തില്‍ ഒരിക്കല്‍ മഹാരാഷ്ട്രക്കാര്‍ കൊണ്ടാടുന്ന ഏകാദശിയുടെ അവസരത്തില്‍ കച്ചവടം ചെയ്തും മറ്റും ഏതുവിധേനയും പണം ഉണ്ടാക്കാനായി ഉള്ള ഇവരുടെ പരക്കംപാച്ചിലും മറ്റുമാണ് സിനിമയില്‍ പിന്നീട്.
വളരെ കയ്യടക്കത്തോടെയാണ് സംവിധായകന്‍ ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ദാരിദ്ര്യവും പരിവട്ടവും കാണിക്കുന്നുവെങ്കിലും ഒരിക്കല്‍പ്പോലും അനാവശ്യമായ സെന്റിമെന്റ്സ് കുത്തിക്കേറ്റി പ്രേക്ഷകരുടെ അനുകമ്പവഴി അവരെ കയ്യിലെടുക്കാന്‍ സംവിധായകന്‍ ശ്രമിച്ചില്ല എന്നത് വലിയൊരു പ്ലസ്‌ പോയിന്റ്‌ ആയി തോന്നി. സിനിമയുടെ അവസാനരംഗങ്ങള്‍ പെട്ടെന്ന് സിനിമ തീര്‍ക്കാനുള്ള ഓട്ടപ്പാച്ചില്‍പോലെ തോന്നിയെങ്കിലും നല്ലൊരു ഫീല്‍ ആണ് ചിത്രം അവസാനിക്കുമ്പോള്‍ പ്രേക്ഷകന് കിട്ടുന്നത്. പല സ്ഥലങ്ങളിലും പ്രേക്ഷകന്റെ കണ്ണുനനയിക്കാന്‍ വേണ്ട ഹൃദയസ്പര്‍ശിയായ പല രംഗങ്ങളും ചിത്രത്തിലുണ്ട്.
പ്രധാനവേഷങ്ങളില്‍ എത്തിയ കുട്ടികള്‍ എല്ലാവരും നല്ല പ്രകടനം കാഴ്ചവെച്ചു. മിക്കകുട്ടികളുടെയും ആദ്യചിത്രമായിരുന്നു ഇത് എന്നത് കൗതുകമുണര്‍ത്തുന്നു, അവരുടെ പക്വതയുള്ള പ്രകടനങ്ങള്‍ കാണുമ്പോള്‍. അമ്മവേഷം ചെയ്ത നന്ദിതാ ധുരി, മുത്തശ്ശിയുടെ വേഷം ചെയ്ത നദി തുടങ്ങി മറ്റ് അഭിനേതാക്കളും അവരുടെ വേഷങ്ങള്‍ നന്നാക്കി.
ആദ്യചിത്രത്തിലൂടെ ഏറെ പ്രശംസ ഏറ്റുവാങ്ങിയ സംവിധായകന്റെ രണ്ടാമത്തെ ചിത്രവും പ്രേക്ഷകര്‍ക്ക് നല്ലൊരു അനുഭവമാണ്‌. ഒന്നരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന നല്ല ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ കാണാന്‍ ശ്രമിക്കുക. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ദേശീയ അവാര്‍ഡുകളില്‍ മികച്ച Children's filmനുള്ള പുരസ്കാരം തമിഴ് ചിത്രമായ കാക്കമുട്ടയ്ക്കൊപ്പം ഈ ചിത്രവും പങ്കിട്ടിരുന്നു.

Saturday, March 21, 2015

Hunterrr Movie Review

Hunterrr Movie Posterഹണ്ടര്‍ (Hunterrr, 2015, Hindi)
അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്ട്വാനെ, വികാസ് ഭേല്‍ തുടങ്ങിയവര്‍ ഫാന്റം പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ നിര്‍മ്മിച്ച്‌ നവാഗതനായ ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണിയുടെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയചിത്രമാണ് ഹണ്ടര്‍. ഗുല്‍ഷന്‍ ദേവയ്യാ പ്രധാനകഥാപാത്രത്തെ അവതരിച്ചപ്പോള്‍ മറ്റുവേഷങ്ങള്‍ കൈകാര്യം ചെയ്തത് രാധികാ ആപ്തെ, വീണാ സക്സേന, സായ് തംഹങ്കര്‍, സൂരജ് ജഗ്ഗാന്‍ തുടങ്ങിയവരാണ്.
നമുക്കിടയില്‍ ചിലരെ കാണാന്‍ സാധിക്കും, കാഴ്ചയില്‍ അത്ര ഭയങ്കര ആകര്‍ഷകമായ ലുക്ക്‌സോ, സിക്സ് പാക്ക് ശരീരമോ ഒന്നുമില്ലാത്ത വെറും സാധാരണക്കാരായ ചിലര്‍. എന്നാല്‍ സ്ത്രീവിഷയത്തില്‍ ഉസ്താദുകള്‍ ആയിരിക്കും ഇവരില്‍ പലരും. ആഗ്രഹിക്കുന്ന സ്ത്രീകളെ തന്റെ വരുതിക്ക് കൊണ്ടുവരിക, ചൊല്‍പ്പടിയില്‍ നിര്‍ത്തുക തുടങ്ങിയ കലകളില്‍ ഇവര്‍ അഗ്രഗണ്യര്‍ ആയിരിക്കും. അത്തരത്തില്‍ ഉള്ളൊരു ചെറുപ്പക്കാരന്റെ കഥയാണ് ഹണ്ടര്‍ പറയുന്നത്.
മന്ദാര്‍ പോംക്ഷേ എന്ന മറാത്തി യുവാവിന്റെ ജീവിതകഥയാണ് ഹണ്ടര്‍. കുട്ടിക്കാലം തൊട്ടേ പെണ്‍കുട്ടികളില്‍ ആകൃഷ്ടനായ മന്ദാര്‍ പക്ഷേ സ്നേഹത്തെക്കാളേറെ ലൈംഗികതയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഇങ്ങനെ പല സ്ത്രീകളിലൂടെ കടന്നുപോയ മന്ദാര്‍ അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനുവഴങ്ങി ഒടുവില്‍ വിവാഹിതനാകാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും മന്ദാറിന്റെ കഴിഞ്ഞ കാലവും മറ്റും ചേര്‍ത്ത് നോണ്‍ ലീനിയര്‍ ശൈലിയിലാണ് സംവിധായകന്‍ മന്ദാറിന്റെ കഥ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ഒരു adult കോമഡി ആണെന്നിരിക്കിലും ഒരിക്കല്‍പ്പോലും vulgar ആകാത്തവിധത്തില്‍ ചിത്രം മുന്നോട്ടുപോകുന്നു. 'എപ്പോഴും second bestനെ വളയ്ക്കാന്‍ ശ്രമിക്കുക, വളയാനുള്ള സാധ്യതകള്‍ ഏറെയാണ്' എന്ന നിലപാടില്‍ തുടങ്ങുന്ന കൊച്ചുമന്ദാറിന്റെ ആദ്യപ്രണയം മുതലുള്ള രംഗങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കും എന്നതില്‍ സംശയമില്ല. ഒരു adult കോമഡി ആണെങ്കില്‍പ്പോലും പ്രേക്ഷകന്റെ ഉള്ളില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന പല രംഗങ്ങളും, നമ്മള്‍ സന്തോഷത്തോടെ ചെയ്യുന്ന ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ നമ്മള്‍ എങ്ങനെ അതിനെ നോക്കിക്കാണുന്നു എന്നൊക്ക കാട്ടിത്തരുന്ന ചില രംഗങ്ങളും ചിത്രത്തിലുണ്ട്.
ഗുല്‍ഷന്‍ ദേവയ്യ തന്നെയാണ് ഹണ്ടറിന്റെ നട്ടെല്ല്. നാടകരംഗത്തുനിന്നും വന്ന് ദാറ്റ് ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്സ്, ശൈത്താന്‍, രാം ലീല തുടങ്ങിയ ചിത്രങ്ങളിലൂടെ കഴിവുതെളിയിച്ച ഇദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് എന്ന് വിളിക്കാവുന്ന വേഷമാണ് മന്ദാര്‍ പോംക്ഷേ. പതിനാറുവയസ്സുമുതലുള്ള മന്ദാറിന്റെ ജീവിതം ഒരിക്കല്‍പ്പോലും എച്ചുകെട്ടല്‍ തോന്നിപ്പിക്കാതെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മന്ദാറിന്റെ ബാല്യകാലം അവതരിപ്പിച്ച പേരറിയാത്ത കൊച്ചുമിടുക്കനും വളരെ നന്നായി. 
നായികാവേഷം രാധികാ ആപ്തേ നന്നാക്കി. മറ്റ് സഹനായികമാരില്‍ വീണാ സക്സേനയും സായ് തംഹങ്കറും നന്നായിരുന്നു. മറാത്തി നടിയായ സായ് തംഹങ്കറിന്റെ വ്യത്യസ്തമായ ഒരു വേഷമാണ് ഇതിലെ ജ്യോത്സ്ന എന്ന അസംതൃപ്തയായ വീട്ടമ്മയുടേത്. ഗായകനായ സൂരജ് ജഗ്ഗാന്‍ ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ തിളങ്ങി. പേരറിയാത്ത ചില സഹനടന്മാരും നല്ലപ്രകടനം കാഴ്ചവെച്ചു.
പുതുമുഖസംവിധായകന്റെ പോരായ്മകള്‍ ചിലയിടങ്ങളില്‍ കാണാമെങ്കിലും തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയം എടുത്ത് അതിനെ സമര്‍ത്ഥമായി കൈകാര്യം ചെയ്തതിനു ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണി പ്രശംസ അര്‍ഹിക്കുന്നു. മറ്റുസാങ്കേതികവിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചവരും തങ്ങളുടെ ജോലി ഭംഗിയാക്കി. ഖാമോശ് ഷായുടെ ഗാനങ്ങള്‍ മികവുറ്റതും ചിത്രത്തിനോട് ചേര്‍ന്നുപോകുന്നതും ആയിരുന്നു. ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിലയിടങ്ങളില്‍ അമിത് ത്രിവേദിയുടെ ശൈലി അനുസ്മരിപ്പിച്ചു.
പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കൊച്ചുചിത്രമാണ് ഹണ്ടര്‍. അതോടൊപ്പംതന്നെ പലയിടങ്ങളിലും കാണികളെ ചിന്തിപ്പിക്കാനും ഈ ചിത്രത്തിന് സാധിക്കുന്നു എന്നത് ഒരു ബോണസ് മാത്രം. Adult കോമഡി എന്നുപറയുമ്പോള്‍ Grand Masti പോലെ over the top അഭിനയവും loud jokesഉം ദ്വയാര്‍ത്ഥപ്രയോഗങ്ങളും മറ്റും പ്രതീക്ഷിക്കരുത്, കുറച്ചുകൂടി വൈകാരികമായി, എന്നാല്‍ രസച്ചരട് പൊട്ടിക്കാതെതന്നെ മെല്ലെ മുന്നോട്ടുപോകുന്ന ഒരു ചിത്രമാണിത്. കാണാന്‍ ശ്രമിക്കുക

Thursday, March 19, 2015

Saare Jahaan Se Mehnga Movie Review

Saare Jahaan Se Mehnga Movie Poster
സാരേ ജഹാന്‍ സേ മെഹംഗാ (Saare Jahaan Se Mehnga, 2013, Hindi)
ദേവ് ഡി, നോ സ്മോക്കിംഗ്, പ്യാര്‍ കാ പഞ്ചനാമാ തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച അന്‍ശുല്‍ ശര്‍മ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സാരേ ജഹാന്‍ സേ മെഹംഗാ. എല്ലായിടങ്ങളെക്കാളും വിലകൂടിയത് എന്നര്‍ഥം വരുന്ന പേരുള്ള ചിത്രം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
പുത്തന്‍പാല്‍ എന്ന മധ്യവയസ്കന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ജീവിതങ്ങളെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥ നാട്ടിലെ വിലക്കയറ്റത്തെ രസകരമായി വിമര്‍ശിക്കുന്നുണ്ട്. നിത്യവൃത്തിക്ക് തന്റെ വരുമാനം തികയാത്തതുമൂലം തന്റെ അച്ഛനില്‍ നിന്നും മറ്റും സ്ഥിരമായി പഴി കേള്‍ക്കുന്ന പുത്തന്‍പാലിനോട് ഒരുദിവസം ഒരു സുഹൃത്ത് സര്‍ക്കാരിന്റെ പുതിയൊരു ലോണ്‍ സ്കീമിനെപ്പറ്റി പറയുന്നു. പുതിയൊരു കട തുടങ്ങാനായി ഒരുലക്ഷം രൂപ ലോണ്‍ എടുക്കുകയാണെങ്കില്‍ മൂന്നുവര്‍ഷം കഴിഞ്ഞ് തിരിച്ചടച്ചാല്‍ മതി എന്ന സ്കീം. അങ്ങനെ അയാള്‍ സ്വന്തം അനിയന്റെ പേരില്‍ ഒരുലക്ഷം രൂപ ലോണ്‍ എടുക്കുകയും, മൂന്നുവര്‍ഷത്തേക്കുള്ള നിത്യോപയോഗസാധനങ്ങള്‍ (പെട്ടെന്ന് കേടുവരാത്തവ) വാങ്ങി സംഭരിച്ചുവെയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിനാല്‍ ഇനിയുള്ള മൂന്നുവര്‍ഷത്തെ വിലക്കയറ്റം തങ്ങളുടെ ജീവിതത്തെ ബാധിക്കില്ല എന്ന് കരുതിയ അവരെ പക്ഷേ കാത്തിരുന്നത് കൂടുതല്‍ പ്രശ്നങ്ങളും നൂലാമാലകളും ആയിരുന്നു. ഈ പ്രശ്നങ്ങളില്‍ നിന്ന് തന്ത്രപരമായി അവര്‍ എങ്ങനെ രക്ഷപ്പെടുന്നു എന്നതും മറ്റുമാണ് ചിത്രം പറയുന്നത്. ഇത്തരം കൊച്ചുചിത്രങ്ങളില്‍ പൊതുവേ കാണാറുള്ള ഒരു ഗ്രാമീണപ്രണയം ഇതിലും കാണാന്‍ സാധിക്കും. വളരെ subtle ആയി ആണ് സംവിധായകന്‍ ഈ പ്രണയവും കൈകാര്യം ചെയ്തിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ആംഖോം ദേഖി എന്ന മനോഹരമായ ചിത്രത്തിലൂടെ തന്റെ കരിയറിലെതന്നെ മികച്ച വേഷം ചെയ്ത സഞ്ജയ്‌ മിശ്രയുടെ മറ്റൊരു നല്ല വേഷമാണ് ഈ ചിത്രത്തിലെ പുത്തന്‍പാല്‍. ഒരു മധ്യവര്‍ത്തി കുടുംബത്തിലെ സാധാരണ ഗൃഹനാഥന്റെ വേഷം അദ്ദേഹം മനോഹരമാക്കി. അദ്ദേഹത്തിന്റെ കരച്ചില്‍ രംഗങ്ങള്‍ അന്യായമാണ്, അത്രയും നാച്ചുറല്‍ ആയാണ് അദ്ദേഹം ആ രംഗങ്ങളൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ക്കായി ആവോളം ഉപയോഗിക്കാനുള്ള കഴിവ് അദ്ദേഹത്തില്‍ ഉണ്ട് എന്നകാര്യം സാധാരണ slapstick ഹാസ്യകഥാപാത്രങ്ങള്‍ക്കായി മാത്രം അദ്ദേഹത്തെ ഉപയോഗിക്കുന്ന സംവിധായകരോട് ഉറക്കെ വിളിച്ചോതുകയാണ് ഈ കഥാപാത്രം. ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ പ്രഗതി പാണ്ഡേ എന്ന നടി പുത്തന്‍പാലിന്റെ ഭാര്യയായ നൂരിയുടെ വേഷം ഒരു പുതുമുഖത്തിന്റെ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ ഭംഗിയാക്കി. മറ്റുനടീനടന്മാരായ വിശ്വമോഹന്‍ ബഡോല, രഞ്ജന്‍ ഛബ്ര, ദിശാ പാണ്ഡേ, രാജ്പാല്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു. സക്കീര്‍ ഹുസൈന്റെ പോലീസ് വേഷവും മികച്ചുനിന്നു. സാങ്കേതികവശങ്ങള്‍ എല്ലാം തന്നെ അതതുമേഖലകളിലെ ആളുകള്‍ വൃത്തിയായി ചെയ്തു.
വിലക്കയറ്റം മധ്യവര്‍ത്തിസമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നര്‍മത്തില്‍ ചാലിച്ച് പറയുന്ന ഈ ചിത്രം രസകരമായ പല മുഹൂര്‍ത്തങ്ങളും പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. ക്ലൈമാക്സില്‍ അല്പം നാടകീയത കലര്‍ന്നെങ്കിലും നടീനടന്മാരുടെ മികച്ച പ്രകടനവും മറ്റും കാരണം ഒരുതവണ കാണാവുന്ന ഒന്നുതന്നെയാണ് ഈ ചിത്രം. എല്ലാവരും കാണാന്‍ ശ്രമിക്കുക.

Dum Lagake Haisha Movie Review

Dum Lagake Haisha Movie Poster
ദം ലഗാകേ ഹൈഷാ (Dum Laga Ke Haisha aka My Fat Bride, 2015, Hindi)
നവാഗതനായ ശരത് കടാരിയയുടെ സംവിധാനത്തില്‍ ആയുഷ്മാന്‍ ഖുരാന, ഭൂമി പെഡ്നേക്കര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമാണ് ദം ലഗാകേ ഹൈഷാ. സഞ്ജയ്‌ മിശ്ര, സീമാ പഹ്വാ, അല്‍ക്കാ അമീന്‍, ഷീബാ ചദ്ധാ തുടങ്ങിയവര്‍ മറ്റുവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
90s നമ്മുടെ തലമുറയ്ക്ക് വളരെയേറെ ഗൃഹാതുരസ്മരണകള്‍ തരുന്ന ഒരു കാലഘട്ടമാണ്. ലോകം ഇത്രയേറെ വേഗത്തില്‍ ചലിക്കാന്‍ തുടങ്ങുന്നതിനും മുന്‍പ്, ഓഡിയോ കാസറ്റുകളുടെയും, മുഴുവനായി കച്ചവടവല്‍ക്കരിക്കപ്പെടുന്നതിനും മുന്‍പുള്ള ക്രിക്കറ്റിന്റെയും, കുമാര്‍ സാനുവിന്റെയും ഉദിത് നാരായണന്റെയും അല്‍ക്കാ യാഗ്നിക്കിന്റെയും പ്രണയഗാനങ്ങളുടെയും കാലം. ഈ മനോഹരകാലത്ത് രണ്ടുകുടുംബങ്ങളില്‍ നടക്കുന്ന കഥയാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ പറയുന്നത്. അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനുവഴങ്ങി സാധാരണയില്‍ കൂടുതല്‍ തടിയുള്ള സന്ധ്യയെ വിവാഹം കഴിക്കേണ്ടിവരുന്ന പ്രേം എന്ന ചെറുപ്പക്കാരന്‍ അക്കാര്യത്തില്‍ ഒട്ടും സന്തുഷ്ടനല്ല. എന്നാല്‍ മുഴുവനായും മുതിര്‍ന്നവരുടെ പക്വത കൈവന്നിട്ടില്ലാത്ത പ്രേമിന് സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും കുറവാണ്. ഇവരുടെ ജീവിതങ്ങളിലെ അസ്വാരസ്യങ്ങള്‍ കുടുംബങ്ങളെ ബാധിക്കുന്നതും, ഒടുവില്‍ അസ്വാരസ്യങ്ങള്‍ സ്വാരസ്യങ്ങള്‍ ആവുന്നതും നായികയും നായകനും ഒന്നിക്കുന്നതും ഒക്കെയാണ് കഥ. വളരെ സാധാരണമായ, പ്രവചനീയമായ ഈയൊരു കഥയെ മനോഹരമായ ഒരു സിനിമാനുഭവം ആക്കിയതില്‍ സംവിധായകനും അഭിനേതാക്കള്‍ക്കും ഉള്ള പങ്ക് ചെറുതല്ല. 90കളുടെ പശ്ചാത്തലത്തില്‍ കഥ പറയുമ്പോള്‍ അന്നത്തെ കാലഘട്ടം അതുപോലെ പറിച്ചുനടാന്‍ സംവിധായകന് സാധിച്ചു. 
ആയുഷ്മാന്‍ ഖുരാന നല്ലൊരു നടനാണെന്ന് വീണ്ടും തെളിയിക്കുന്നു. സിനിമകള്‍ പലതും പരാജയപ്പെടുന്നുവെങ്കിലും തന്റെ വേഷങ്ങള്‍ അദ്ദേഹം ഭംഗിയാക്കാറുണ്ട്. ഈ ചിത്രത്തിലും ആ പതിവ് അദ്ദേഹം തെറ്റിച്ചില്ല. പ്രേമിന്റെ വേഷം അദ്ദേഹം മികവുറ്റതാക്കി. എന്നിരുന്നാലും സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് പുതുമുഖമായ ഭൂമിയുടെ മനോഹരമായ പ്രകടനമാണ്. ഒരിക്കല്‍പ്പോലും ഒരു പുതുമുഖം എന്ന് തോന്നാത്തവിധം beautiful, charming and excellent ആയൊരു പ്രകടനം ആണ് അവര്‍ കാഴ്ചവെച്ചത്. സന്ധ്യ എന്ന കഥാപാത്രം അവരുടെ കൈകളില്‍ ഭദ്രമായിരുന്നു. ചിത്രത്തില്‍ കാണുന്ന അത്ര തടി ശരിക്കും ഇല്ലെങ്കിലും സാധാരണയില്‍ കവിഞ്ഞ തടി ഉള്ള ഇവരെ തേടി ഇനിയും എത്ര വേഷങ്ങള്‍ വരും എന്നത് കണ്ടറിയണം. പക്ഷേ ഏതൊരു മുന്‍നിര നടിയുടെ അത്രയും തന്നെ അഭിനയം (ശരീരപ്രദര്‍ശനം അല്ല) തനിക്ക് വഴങ്ങും എന്ന് ഭൂമി തെളിയിച്ചു. മറ്റുവേഷങ്ങള്‍ ചെയ്തവര്‍ തങ്ങളുടെ വേഷങ്ങള്‍ നന്നാക്കി. സഞ്ജയ്‌ മിശ്ര വീണ്ടും വീണ്ടും കഴിവ് തെളിയിക്കുന്നു.
ഈ ചിത്രത്തിന്റെ മറ്റൊരു മുഖ്യാകര്‍ഷണം അനു മാലിക്കിന്റെ ഗാനങ്ങളാണ്. മികച്ച ഒരുപിടി ഗാനങ്ങള്‍ അദ്ദേഹം ഒരു ഇടവേളയ്ക്കുശേഷം നല്ലൊരു ചിത്രത്തിലൂടെ നമുക്ക് സമ്മാനിച്ചപ്പോള്‍ സുഖകരമായ ഒരനുഭവമായമാറി അത്. ഒരു ഇടവേളയ്ക്കുശേഷം കുമാര്‍ സാനു പാടിയ രണ്ടുപാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. മറ്റ് ഗാനങ്ങളും നന്നായിരുന്നു.
അധികം കൊട്ടിഘോഷിക്കപ്പെടാതെ റിലീസ് ആയി ആദ്യദിനങ്ങളില്‍ വളരെ കുറഞ്ഞ കളക്ഷന്‍ മാത്രം ലഭിച്ച ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം മൂലം മെല്ലെ പിടിച്ചുകയറുകയും മോശമല്ലാത്ത കളക്ഷന്‍ നേടുകയും ചെയ്തു. രണ്ടാം വാരത്തിലെ കളക്ഷന്‍ ആദ്യവാരത്തിലും കൂടുതല്‍ ആവുക എന്ന ബോളിവുഡില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസവും ഈ ചിത്രത്തിന്റെ കാര്യത്തില്‍ സംഭവിച്ചു. സ്ഥിരം ബോളിവുഡ് ചേരുവകള്‍ മിക്കതും ഒഴിവാക്കിക്കൊണ്ട് ചെയ്ത നല്ലൊരു ചിത്രം തന്നെയാണ് ദം ലഗാകേ ഹൈഷാ. ബോളിവുഡിലെ ടോപ്‌ ബാനറുകളില്‍ ഒന്നായ യഷ് രാജ് ഫിലിംസില്‍ നിന്ന് സമീപകാലത്ത് ലഭിച്ച ഏറ്റവും മികച്ച ചിത്രം. എല്ലാവരും കാണാന്‍ ശ്രമിക്കുക.

Friday, March 13, 2015

99 Movie Review

99 Hindi Movie Poster
99 (99, 2009, Hindi)
ഗോ ഗോവ ഗോണ്‍, ശോര്‍ ഇന്‍ ദ സിറ്റി എന്നീ ചിത്രങ്ങളിലൂടെ പിന്നീട് ശ്രദ്ധേയരായ കൃഷ്ണ ഡി.കെയും രാജ് നിദിമൊരുവും ചേര്‍ന്ന് ഒരുക്കിയ ആക്ഷേപഹാസ്യചിത്രമാണ് 99. കുനാല്‍ ഖേമു, സൈറസ് ബ്രോച്ച, സോഹാ അലി ഖാന്‍, ബൊമ്മന്‍ ഇറാനി, മഹേഷ്‌ മഞ്ജരേക്കര്‍, വിനോദ് ഖന്ന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 1999ന്റെ അവസാനമാസങ്ങളില്‍ ചിലരുടെ ജീവിതങ്ങളില്‍ നടക്കുന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്.
കള്ളന്മാരായ രണ്ട് സുഹൃത്തുക്കള്‍ ഒരു പ്രത്യേകസാഹചര്യത്തില്‍ ഒരാവശ്യത്തിനായി ബോംബേയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് വരികയും അവിടത്തെ ചില ക്രിക്കറ്റ് വാതുവെപ്പ് സംഭവങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. പിന്നീട് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുന്ന ഇവര്‍ എങ്ങനെ ആ പ്രശ്നങ്ങളില്‍ നിന്നൊക്കെ കരകയറുന്നു എന്നൊക്കെയാണ് സിനിമയുടെ ഉള്ളടക്കം. ആ കാലഘട്ടത്തില്‍ നടന്ന പല സംഭവങ്ങളും രചയിതാക്കള്‍ മനോഹരമായി സാങ്കല്‍പ്പികമായ കഥയിലേക്ക് വിളക്കിച്ചേര്‍ത്തിരിക്കുന്നു. വളരെ രസകരമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോവുന്ന സിനിമ പ്രേക്ഷകനെ ഒരു നിമിഷം പോലും മുഷിപ്പിക്കാത്തരീതിയിലാണ് മുന്നോട്ടുനീങ്ങുന്നത്. ഒടുവില്‍ നല്ലൊരു ക്ലൈമാക്സോടെ ചിത്രം അവസാനിക്കുമ്പോള്‍ പ്രേക്ഷകന് മികച്ചൊരു സ്പൂഫ്-ആക്ഷേപഹാസ്യ ചിത്രം കണ്ടതിന്റെ സംതൃപ്തി ഉണ്ടാകും. അക്കാലത്തെ ടെക്നോളജി, ജീവിതശൈലി, ആഭ്യന്തരപ്രശ്നങ്ങള്‍ തുടങ്ങിയവ എല്ലാം വളരെ subtle ആയി നിര്‍ദോഷപരമായ ഹാസ്യരംഗങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. പിണങ്ങിയിരിക്കുന്ന തന്റെ ഭാര്യയ്ക്ക് സമ്മാനമായി നോക്കിയയുടെ ഒരു സോപ്പുപെട്ടി മൊബൈല്‍ വാങ്ങിക്കൊണ്ടുവരുന്ന ബൊമ്മന്‍ ഇറാനിയുടെ കഥാപാത്രം ഭാര്യയെ സന്തോഷിപ്പിക്കാനായി 'ഈ ഫോണില്‍ പോളിഫോണിക് റിംഗ്ടോണ്‍ ഉണ്ട്, പോരാത്തതിന് സ്നേക്ക് ഗെയിമും ഉണ്ട്' എന്നൊക്കെ പറയുന്ന രംഗവും മറ്റും ഇതിന് ഉദാഹരണമാണ്.
സംവിധായകരുടെ ആദ്യ mainstream feature film ശ്രമം മികച്ചതാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പിഴവുകള്‍ ആവുന്നത്ര ഒഴിവാക്കാന്‍ ശ്രമിച്ചാണ് അവര്‍ ചിത്രം ഒരുക്കിയത്. ഡെല്‍ഹിയുടെ മനോഹാരിത ഒപ്പിയെടുക്കാന്‍ സിനിമാറ്റോഗ്രാഫര്‍ രാജീവ് രവിക്കും സാധിച്ചു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം നല്ല നിലവാരം പുലര്‍ത്തി.
കുനാല്‍ ഖേമു എന്ന നടന്‍ സുരക്ഷിതമായി തനിക്ക് ചേരുന്നപോലത്തെ റോളുകള്‍ തെരഞ്ഞെടുത്ത് അവ മോശമാക്കാതെ ചെയ്യുന്ന ഒരാളാണ്. തന്റെ വേഷം അദ്ദേഹം അത്യാവശ്യം നന്നായി ചെയ്തു. സൈറസ് ബ്രോച്ച, അമിത് മിസ്ത്രി, ബൊമ്മന്‍ ഇറാനി തുടങ്ങിയവരുടെ തമാശരംഗങ്ങള്‍ വളരെയേറെ ആസ്വാദ്യകരമായിരുന്നു. സോഹാ അലി ഖാന്‍ തന്റെ റോള്‍ ഭംഗിയാക്കിയപ്പോള്‍ മഹേഷ്‌ മഞ്ജരേക്കര്‍, വിനോദ് ഖന്ന തുടങ്ങിയവര്‍ തങ്ങളുടെ റോളുകളില്‍ തകര്‍ത്തു. ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ആക്ഷേപഹാസ്യചിത്രങ്ങളില്‍ മികച്ച ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. എല്ലാവരും കാണാന്‍ ശ്രമിക്കുക.