Thursday, March 19, 2015

Saare Jahaan Se Mehnga Movie Review

Saare Jahaan Se Mehnga Movie Poster
സാരേ ജഹാന്‍ സേ മെഹംഗാ (Saare Jahaan Se Mehnga, 2013, Hindi)
ദേവ് ഡി, നോ സ്മോക്കിംഗ്, പ്യാര്‍ കാ പഞ്ചനാമാ തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച അന്‍ശുല്‍ ശര്‍മ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സാരേ ജഹാന്‍ സേ മെഹംഗാ. എല്ലായിടങ്ങളെക്കാളും വിലകൂടിയത് എന്നര്‍ഥം വരുന്ന പേരുള്ള ചിത്രം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
പുത്തന്‍പാല്‍ എന്ന മധ്യവയസ്കന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ജീവിതങ്ങളെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥ നാട്ടിലെ വിലക്കയറ്റത്തെ രസകരമായി വിമര്‍ശിക്കുന്നുണ്ട്. നിത്യവൃത്തിക്ക് തന്റെ വരുമാനം തികയാത്തതുമൂലം തന്റെ അച്ഛനില്‍ നിന്നും മറ്റും സ്ഥിരമായി പഴി കേള്‍ക്കുന്ന പുത്തന്‍പാലിനോട് ഒരുദിവസം ഒരു സുഹൃത്ത് സര്‍ക്കാരിന്റെ പുതിയൊരു ലോണ്‍ സ്കീമിനെപ്പറ്റി പറയുന്നു. പുതിയൊരു കട തുടങ്ങാനായി ഒരുലക്ഷം രൂപ ലോണ്‍ എടുക്കുകയാണെങ്കില്‍ മൂന്നുവര്‍ഷം കഴിഞ്ഞ് തിരിച്ചടച്ചാല്‍ മതി എന്ന സ്കീം. അങ്ങനെ അയാള്‍ സ്വന്തം അനിയന്റെ പേരില്‍ ഒരുലക്ഷം രൂപ ലോണ്‍ എടുക്കുകയും, മൂന്നുവര്‍ഷത്തേക്കുള്ള നിത്യോപയോഗസാധനങ്ങള്‍ (പെട്ടെന്ന് കേടുവരാത്തവ) വാങ്ങി സംഭരിച്ചുവെയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിനാല്‍ ഇനിയുള്ള മൂന്നുവര്‍ഷത്തെ വിലക്കയറ്റം തങ്ങളുടെ ജീവിതത്തെ ബാധിക്കില്ല എന്ന് കരുതിയ അവരെ പക്ഷേ കാത്തിരുന്നത് കൂടുതല്‍ പ്രശ്നങ്ങളും നൂലാമാലകളും ആയിരുന്നു. ഈ പ്രശ്നങ്ങളില്‍ നിന്ന് തന്ത്രപരമായി അവര്‍ എങ്ങനെ രക്ഷപ്പെടുന്നു എന്നതും മറ്റുമാണ് ചിത്രം പറയുന്നത്. ഇത്തരം കൊച്ചുചിത്രങ്ങളില്‍ പൊതുവേ കാണാറുള്ള ഒരു ഗ്രാമീണപ്രണയം ഇതിലും കാണാന്‍ സാധിക്കും. വളരെ subtle ആയി ആണ് സംവിധായകന്‍ ഈ പ്രണയവും കൈകാര്യം ചെയ്തിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ആംഖോം ദേഖി എന്ന മനോഹരമായ ചിത്രത്തിലൂടെ തന്റെ കരിയറിലെതന്നെ മികച്ച വേഷം ചെയ്ത സഞ്ജയ്‌ മിശ്രയുടെ മറ്റൊരു നല്ല വേഷമാണ് ഈ ചിത്രത്തിലെ പുത്തന്‍പാല്‍. ഒരു മധ്യവര്‍ത്തി കുടുംബത്തിലെ സാധാരണ ഗൃഹനാഥന്റെ വേഷം അദ്ദേഹം മനോഹരമാക്കി. അദ്ദേഹത്തിന്റെ കരച്ചില്‍ രംഗങ്ങള്‍ അന്യായമാണ്, അത്രയും നാച്ചുറല്‍ ആയാണ് അദ്ദേഹം ആ രംഗങ്ങളൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ക്കായി ആവോളം ഉപയോഗിക്കാനുള്ള കഴിവ് അദ്ദേഹത്തില്‍ ഉണ്ട് എന്നകാര്യം സാധാരണ slapstick ഹാസ്യകഥാപാത്രങ്ങള്‍ക്കായി മാത്രം അദ്ദേഹത്തെ ഉപയോഗിക്കുന്ന സംവിധായകരോട് ഉറക്കെ വിളിച്ചോതുകയാണ് ഈ കഥാപാത്രം. ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ പ്രഗതി പാണ്ഡേ എന്ന നടി പുത്തന്‍പാലിന്റെ ഭാര്യയായ നൂരിയുടെ വേഷം ഒരു പുതുമുഖത്തിന്റെ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ ഭംഗിയാക്കി. മറ്റുനടീനടന്മാരായ വിശ്വമോഹന്‍ ബഡോല, രഞ്ജന്‍ ഛബ്ര, ദിശാ പാണ്ഡേ, രാജ്പാല്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു. സക്കീര്‍ ഹുസൈന്റെ പോലീസ് വേഷവും മികച്ചുനിന്നു. സാങ്കേതികവശങ്ങള്‍ എല്ലാം തന്നെ അതതുമേഖലകളിലെ ആളുകള്‍ വൃത്തിയായി ചെയ്തു.
വിലക്കയറ്റം മധ്യവര്‍ത്തിസമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നര്‍മത്തില്‍ ചാലിച്ച് പറയുന്ന ഈ ചിത്രം രസകരമായ പല മുഹൂര്‍ത്തങ്ങളും പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. ക്ലൈമാക്സില്‍ അല്പം നാടകീയത കലര്‍ന്നെങ്കിലും നടീനടന്മാരുടെ മികച്ച പ്രകടനവും മറ്റും കാരണം ഒരുതവണ കാണാവുന്ന ഒന്നുതന്നെയാണ് ഈ ചിത്രം. എല്ലാവരും കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment