Thursday, March 26, 2015

Elizabeth Ekadeshi Movie Review

Elizabeth Ekadeshi Movie Poster
എലിസബത്ത്‌ ഏകാദശി (Elizabeth Ekadeshi, 2014 ,Marathi)
ഹരിശ്ച്ചന്ദ്രാചി ഫാക്ടറിയിലൂടെ ഫാല്‍ക്കെയുടെ ജീവിതകഥ അഭ്രപാളികളിലേക്ക് പകര്‍ത്തിയ സംവിധായകന്‍ പരേഷ് മോകാഷിയുടെ രണ്ടാമത്തെ ചിത്രമാണ് എലിസബത്ത് ഏകാദശി. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച ഈ ചിത്രം പണ്ഡര്‍പുരത്തെ വിഠലക്ഷേത്രത്തില്‍ നടക്കുന്ന ഏകാദശി ഉത്സവത്തോടനുബന്ധിച്ച് ഒരു കുടുംബത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്. Shrirang Mahajan, Sayali Bhandarkavathekar, Nandita Dhuri തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു.
ദാരിദ്ര്യം ഏറെ കഷ്ടപ്പെടുത്തുന്ന ഒരു കുടുംബത്തിലെ മൂത്ത ആണ്‍കുട്ടിയാണ് ധ്യാനേഷ്. ധ്യാനേഷിന് തന്റെ അച്ഛന്‍ സ്നേഹത്തോടെ ഉണ്ടാക്കിക്കൊടുത്ത സൈക്കിള്‍ ആണ് എലിസബത്ത്. അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിലായ ആ കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗ്ഗം അമ്മ തയ്ച്ചുണ്ടാക്കുന്ന സ്വെറ്ററുകളും മറ്റും ആണ്. എന്നാല്‍ ഒരു ദിവസം തയ്യല്‍ മിഷ്യന്‍ ജപ്തിചെയ്യുന്ന ബാങ്കുകാര്‍ നാലുദിവസങ്ങള്‍ക്കുള്ളില്‍ 5000 രൂപ അടച്ചാല്‍ തയ്യല്‍ മിഷ്യന്‍ തിരികെനല്‍കാം എന്ന് വാക്കുനല്‍കുന്നു. അത്രയും പണം ഇല്ലാത്തതിനാല്‍ എലിസബത്തിനെ വില്‍ക്കാന്‍ അമ്മ തീരുമാനിക്കുമ്പോള്‍ അത് സംഭവിക്കാതിരിക്കാന്‍ ധ്യാനേഷിനും ധ്യാനേഷിന്റെ കുഞ്ഞുപെങ്ങള്‍ക്കും മുന്നില്‍ വേറെ എന്തെങ്കിലും മാര്‍ഗത്താല്‍ പണം ഉണ്ടാക്കുക എന്ന ഒരു വഴിയേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. വര്‍ഷത്തില്‍ ഒരിക്കല്‍ മഹാരാഷ്ട്രക്കാര്‍ കൊണ്ടാടുന്ന ഏകാദശിയുടെ അവസരത്തില്‍ കച്ചവടം ചെയ്തും മറ്റും ഏതുവിധേനയും പണം ഉണ്ടാക്കാനായി ഉള്ള ഇവരുടെ പരക്കംപാച്ചിലും മറ്റുമാണ് സിനിമയില്‍ പിന്നീട്.
വളരെ കയ്യടക്കത്തോടെയാണ് സംവിധായകന്‍ ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ദാരിദ്ര്യവും പരിവട്ടവും കാണിക്കുന്നുവെങ്കിലും ഒരിക്കല്‍പ്പോലും അനാവശ്യമായ സെന്റിമെന്റ്സ് കുത്തിക്കേറ്റി പ്രേക്ഷകരുടെ അനുകമ്പവഴി അവരെ കയ്യിലെടുക്കാന്‍ സംവിധായകന്‍ ശ്രമിച്ചില്ല എന്നത് വലിയൊരു പ്ലസ്‌ പോയിന്റ്‌ ആയി തോന്നി. സിനിമയുടെ അവസാനരംഗങ്ങള്‍ പെട്ടെന്ന് സിനിമ തീര്‍ക്കാനുള്ള ഓട്ടപ്പാച്ചില്‍പോലെ തോന്നിയെങ്കിലും നല്ലൊരു ഫീല്‍ ആണ് ചിത്രം അവസാനിക്കുമ്പോള്‍ പ്രേക്ഷകന് കിട്ടുന്നത്. പല സ്ഥലങ്ങളിലും പ്രേക്ഷകന്റെ കണ്ണുനനയിക്കാന്‍ വേണ്ട ഹൃദയസ്പര്‍ശിയായ പല രംഗങ്ങളും ചിത്രത്തിലുണ്ട്.
പ്രധാനവേഷങ്ങളില്‍ എത്തിയ കുട്ടികള്‍ എല്ലാവരും നല്ല പ്രകടനം കാഴ്ചവെച്ചു. മിക്കകുട്ടികളുടെയും ആദ്യചിത്രമായിരുന്നു ഇത് എന്നത് കൗതുകമുണര്‍ത്തുന്നു, അവരുടെ പക്വതയുള്ള പ്രകടനങ്ങള്‍ കാണുമ്പോള്‍. അമ്മവേഷം ചെയ്ത നന്ദിതാ ധുരി, മുത്തശ്ശിയുടെ വേഷം ചെയ്ത നദി തുടങ്ങി മറ്റ് അഭിനേതാക്കളും അവരുടെ വേഷങ്ങള്‍ നന്നാക്കി.
ആദ്യചിത്രത്തിലൂടെ ഏറെ പ്രശംസ ഏറ്റുവാങ്ങിയ സംവിധായകന്റെ രണ്ടാമത്തെ ചിത്രവും പ്രേക്ഷകര്‍ക്ക് നല്ലൊരു അനുഭവമാണ്‌. ഒന്നരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന നല്ല ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ കാണാന്‍ ശ്രമിക്കുക. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ദേശീയ അവാര്‍ഡുകളില്‍ മികച്ച Children's filmനുള്ള പുരസ്കാരം തമിഴ് ചിത്രമായ കാക്കമുട്ടയ്ക്കൊപ്പം ഈ ചിത്രവും പങ്കിട്ടിരുന്നു.

No comments:

Post a Comment