Saturday, January 30, 2016

The Boy Movie Review

ദ ബോയ്‌ (The Boy, 2016, English)
The Devil Inside, Wer തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വില്ല്യം ബ്രെന്റ് ബില്ലിന്റെ പുതിയ ചിത്രമാണ് ദ ബോയ്. ലോറന്‍ കോഹന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ Rupert Evans, Ben Robson തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു. ഒരു Psychological horror thriller ആയ ചിത്രം ഒരു പാവയുടെ കഥയാണ് പറയുന്നത്.
ഒരു ബ്രിട്ടീഷ് കുടുംബത്തിലെ കുട്ടിയെ നോക്കാന്‍ ആയയെ ആവശ്യമുണ്ടെന്നറിഞ്ഞ് ആ ജോലിയ്ക്കായി UKയില്‍ എത്തിയതാണ് ഗ്രേറ്റ. അവിടെയെത്തിയശേഷമാണ് താന്‍ പരിപാലിക്കാന്‍ പോകുന്നത് ഒരു മനുഷ്യക്കുട്ടിയെ അല്ല, മറിച്ച് ബ്രംസ് എന്നപേരുള്ള ഒരു പാവയെ ആണെന്നുള്ള കാര്യം അവര്‍ മനസ്സിലാക്കുന്നത്. തങ്ങളുടെ മരിച്ചുപോയ മകനായാണ്‌ ആ വീട്ടിലെ വൃദ്ധദമ്പതികള്‍ ആ പാവയെ കണക്കാക്കുന്നത്. ഒരു കുട്ടിയെ വളര്‍ത്തുന്നതുപോലെത്തന്നെ വളരെ ശ്രദ്ധയോടുകൂടി ബ്രംസിനെ നോക്കണം എന്ന് നിര്‍ദേശിച്ചുകൊണ്ട് വൃദ്ധദമ്പതികള്‍ ഒരു യാത്രയ്ക്ക് പോകുന്നു. തുടര്‍ന്ന് ഗ്രേറ്റയ്ക്ക് അവിടെ അസ്വാഭാവികമായ പല അനുഭവങ്ങളും ഉണ്ടാവുന്നു, വളരെ വിചിത്രമായ സംഭവങ്ങളാണ് തുടര്‍ന്ന് ഉണ്ടാവുന്നത്. അപ്രതീക്ഷിതമായൊരു തിരിവ് അവസാനത്തോടടുക്കുമ്പോള്‍ ചിത്രത്തില്‍ ഉണ്ടാവുന്നുണ്ട്. മോശമല്ലാത്തരീതിയില്‍ ചിത്രത്തെ അവസാനിപ്പിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.
ട്രെയിലര്‍ കണ്ടപ്പോള്‍ ബാധകയറിയ പാവ എന്ന കണ്ടുമടുത്ത ക്ലീഷേ തീമിലുള്ള മറ്റൊരു സിനിമ എന്നേ കരുതിയിരുന്നുള്ളൂ. എന്നാല്‍ റിലീസിനുശേഷം തെറ്റില്ലാത്ത അഭിപ്രായങ്ങള്‍ കേട്ടതുകൊണ്ടാണ് ചിത്രം കാണാന്‍ തീരുമാനിച്ചത്. എന്തായാലും ആ തീരുമാനം വെറുതെയായില്ല. അത്യാവശ്യം ആസ്വദിച്ചുകാണാവുന്ന ഒരു ചിത്രംതന്നെയായിമാറി ബോയ്‌. നായികയായി അഭിനയിച്ച ലോറന്‍ കോഹന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സാങ്കേതികപരമായും ചിത്രം നല്ല നിലവാരം പുലര്‍ത്തി. ചിത്രത്തിന്റെ ഇടയ്ക്കുവെച്ച് കുറേ logical mistakes ഉള്ളതായി തോന്നാമെങ്കിലും അവസാനത്തോട് അടുക്കുമ്പോള്‍ ഒരുവിധം എല്ലാക്കാര്യങ്ങള്‍ക്കും വ്യക്തത കൈവരുന്നുണ്ട്‌.
ഹൊറര്‍ ചിത്രങ്ങളില്‍ കാണാറുള്ള സ്ഥിരം ക്ലീഷേകള്‍ കുറെയൊക്കെ ഒഴിവാക്കിക്കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രം ബോറടിക്കാതെ കാണാവുന്ന, കുറച്ചൊക്കെ പുതുമയുള്ള ഒന്നാണ്. കാണാന്‍ ശ്രമിക്കാം.

Wednesday, January 13, 2016

X: Past is Present Movie Review

എക്സ്: പാസ്റ്റ് ഈസ്‌ പ്രെസന്റ് (X: Past is Present ,2015, Hindi)
മധ്യവയസ്കനായ ഒരു ഓഫ്-ബീറ്റ് ചലച്ചിത്രസംവിധായകന്‍ ഒരു പാര്‍ട്ടിയില്‍വെച്ച് ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. അവര്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നു, ആ സമയമൊക്കെയും അയാളുടെ ജീവിതത്തിലൂടെ കടന്നുപോയ പല സ്ത്രീകളുടെയും നോണ്‍-ലീനിയര്‍ ആയ ഓര്‍മ്മകള്‍ ആ പെണ്‍കുട്ടി അയാളില്‍ ഉണര്‍ത്തുന്നു. ഇതാണ് എക്സ്: പാസ്റ്റ് ഈസ്‌ പ്രെസന്റ്. വളരെ uneven ആയ മേക്കിംഗ്. ചില രംഗങ്ങള്‍ വളരെ രസകരമായി തോന്നുമ്പോള്‍ മറ്റുപല രംഗങ്ങളും വല്ലാതെ pretentious ആയിത്തോന്നി. ഒടുക്കം സിനിമ കഴിഞ്ഞപ്പോഴല്ലേ മനസ്സിലായത്. പതിനൊന്ന് \സംവിധായകര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കഥാപാത്രത്തിന്റെ ജീവിതത്തിലെ പല ഭാഗങ്ങളും രചിച്ച് സംവിധാനം ചെയ്ത് പലരും ചേര്‍ന്ന്. രജത് കപൂര്‍, അന്‍ഷുമന്‍ ഝാ, ദേവ് സാഗൂ, രണ്‍ദീപ് ബോസ് എന്നിവര്‍ ആണ് സംവിധായകനായ 'കെ'യുടെ വിവിധഘട്ടങ്ങളെ അവതരിപ്പിച്ചത്. നായികമാരായി രാധികാ ആപ്തെ, റി സെന്‍, സ്വരാ ഭാസ്കര്‍, പര്‍ണോ മിത്ര, ഹുമാ ഖുറേഷി, പിയാ ബാജ്പേയി തുടങ്ങിയവര്‍ കെയുടെ ജീവിതത്തിലൂടെ കടന്നുപോയ സ്ത്രീകളുടെ വേഷങ്ങള്‍ അവതരിപ്പിച്ചു.
ഒരു പരീക്ഷണചിത്രമാണെങ്കിലും ഒരുവിധം entertaining ആയിട്ടുതന്നെയാണ് ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നത്. ഒരുപാട് ഇഷ്ടമായ സീക്വന്‍സുകള്‍ ഒരുക്കിയത് രാജശ്രീ ഓഝ (അയ്‌ഷ), പ്രതിം. ഡി ഗുപ്ത, ക്യു (ഗാണ്ടു ദ ലൂസര്‍), നളന്‍ കുമാരസ്വാമി (സൂധുകവും) തുടങ്ങിയവരുടെ ആണ്. ആരണ്യകാണ്ഡത്തിന്റെ സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജ രചിച്ച് നളന്‍ കുമാരസ്വാമി സംവിധാനം ചെയ്ത ചിത്രത്തിന്റെ അവസാനഭാഗം ഏറെ ത്രില്ലിംഗ് ആയിരുന്നു. ചിത്രത്തില്‍ പല ഘട്ടങ്ങളിലും നായകന്‍റെ perspectiveല്‍ നിന്ന് കാണിക്കുന്ന രംഗങ്ങള്‍ ആയതുകൊണ്ട് നായകകഥാപാത്രത്തെ സ്ക്രീനില്‍ കാണാനേ സാധിക്കില്ല. പല ചിത്രങ്ങളിലും ഈ രീതി ദൈര്‍ഘ്യം കുറഞ്ഞ ഷോട്ടുകളില്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ടെങ്കിലും കൂടുതല്‍ നേരം ഇങ്ങനെ കാണുന്നത് ആദ്യമായിട്ടാണ്.
പതിനൊന്ന് സംവിധായകരുടെ വേറിട്ട ചിന്താഗതികളെ സംഗമിപ്പിച്ച് വെട്ടിക്കൂട്ടിയ എഡിറ്റര്‍മാരുടെ കഴിവ് പ്രശംസനീയമാണ്. സാങ്കേതികപരമായി ചിത്രം ഏതാണ്ട് ഒരേ നിലവാരംതന്നെയാണ് പുലര്‍ത്തിയത്. ഒരു പരീക്ഷണചിത്രം എന്നനിലയില്‍ രസിച്ച് കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് എക്സ്: പാസ്റ്റ് ഈസ്‌ പ്രെസന്റ്. കാണാന്‍ ശ്രമിക്കുക.

Sunday, January 3, 2016

Our Times Movie Review

ഔര്‍ ടൈംസ് (Our Times, 2015, Mandarin)
Southeast Asian റൊമാന്റിക്‌ പടങ്ങള്‍ കാണാന്‍ ഒരു പ്രത്യേകരസമാണ്. വളരെ സിമ്പിള്‍ ആയി പ്രേക്ഷകരെ രസിപ്പിച്ചും ഇത്തിരി കണ്ണുനിറയിപ്പിച്ചും മുന്നോട്ടുപോകുന്നവയാണ് ഈ ശ്രേണിയില്‍പ്പെടുന്ന മിക്കപടങ്ങളും. ഈ ഗണത്തില്‍പ്പെടുത്താവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഔര്‍ ടൈംസ്. ഈ ചിത്രം കുറച്ചാഴ്ചകള്‍ക്കുമുന്‍പ് തീയറ്ററില്‍ കാണണം എന്ന് കരുതിയെങ്കിലും സബ്ടൈറ്റില്‍ ഇല്ലാത്തതിനാല്‍ കാണാന്‍ സാധിച്ചില്ല. Frankie Chen സംവിധാനം ചെയ്ത് Vivian Sung, Darren Wang, Dino Lee തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു സാധാരണപെണ്‍കുട്ടിയുടെ ഹൈസ്കൂള്‍ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.
ലിന്‍ ട്രൂലി തന്റെ കൂട്ടുകാരോടൊപ്പം ഹൈസ്കൂള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ്‌. മനംമയക്കുന്ന സൗന്ദര്യമോ മറ്റെന്തെങ്കിലും കഴിവുകളോ ഒന്നുമില്ലാത്ത ഒരു സാധാരണ കുട്ടിയാണ് ട്രൂലി. സ്കൂളിലെ ഒട്ടുമിക്ക പെണ്‍കുട്ടികളെയും പോലെ ട്രൂലിയും ആ സ്കൂളിലെതന്നെ വിദ്യാര്‍ഥിയായ, സുന്ദരനും പഠനത്തില്‍ മുന്നിട്ടുനില്‍ക്കുന്നവനും ബാസ്കറ്റ്ബോള്‍ കളിക്കാരനുമായ ഔയാങ്ങില്‍ അനുരക്തയാണ്. ഒരിക്കല്‍ ഔയാങ്ങുമായി വഴക്കിടുന്ന തായുവിന് ഒരു പണി കൊടുക്കാനായി ട്രൂലി അയാള്‍ക്ക് ഒരു ചെയിന്‍ ലെറ്റര്‍ രഹസ്യമായി നല്‍കുന്നു. എന്നാല്‍ അത് ട്രൂലി നല്‍കിയതാണെന്ന് കണ്ടെത്തിയ തായു ട്രൂലിയെ ഭീഷണിപ്പെടുത്തുകയും തന്റെ ഹോംവര്‍ക്കും മറ്റും ട്രൂലിയെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ മെല്ലെ അവര്‍ തമ്മില്‍ ഒരു ബന്ധം ഉടലെടുക്കുന്നു. പിന്നീട് അവരുടെ സ്കൂള്‍ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. മുഴുവനായും നായികയുടെ perspectiveലാണ് കഥ മുന്നോട്ടുപോവുന്നത്. ആദ്യാവസാനം ആസ്വാദനത്തിന്റെ രസച്ചരടുപൊട്ടിക്കാതെതന്നെ ചിത്രം അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു. നല്ല ഫീല്‍ തരുന്നൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്.
പ്രധാനനടീനടന്മാരൊക്കെ നല്ല പ്രകടനം കാഴ്ചവെച്ച ചിത്രത്തില്‍ പശ്ചാത്തലസംഗീതം മികച്ചുനിന്നു. എങ്കിലും ഒരു മോഹം, ഗോവിന്ദ് മേനോന്‍ ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരുന്നെങ്കില്‍ എത്ര രസമായേനെ എന്ന്! എന്തായാലും മറ്റ് സാങ്കേതികമേഖലകളിലും ചിത്രം ഉയര്‍ന്നനിലവാരം പുലര്‍ത്തി.
ഏറെ ആസ്വദിച്ചുകാണാവുന്ന രസമുള്ളൊരു ചിത്രമാണ് അവര്‍ ടൈംസ്. റൊമാന്റിക്‌ കോമഡികള്‍ ഇഷ്ടപ്പെടുന്നവര്‍ എന്തായാലും കാണാന്‍ ശ്രമിക്കുക.

Saturday, January 2, 2016

The Beauty Inside Movie Review

ദ ബ്യൂട്ടി ഇന്‍സൈഡ് (The Beauty Inside, 2015, Korean)
കൊറിയന്‍ പരസ്യചിത്രരംഗത്തെ പ്രശസ്തസംവിധായകനായ Baek Jong-yul ആദ്യമായി സംവിധാനം ചെയ്ത feature film ആണ് ദ ബ്യൂട്ടി ഇന്‍സൈഡ്. ഇന്‍റല്‍, തോഷിബ എന്നീ കമ്പനികളുടെ ആഭിമുഖ്യത്തില്‍ 2012 മുതല്‍ ആരംഭിച്ച ഇതേപേരിലുള്ള interactive web seriesല നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടത്. വിചിത്രനായൊരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്.
വൂജിന്‍ എന്ന ചെറുപ്പക്കാരന്‍ ഒരു പ്രത്യേക അവസ്ഥയില്‍ ജീവിക്കുന്നയാളാണ്. ഓരോതവണ ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴും അയാള്‍ മറ്റൊരാളായി മാറുന്നു, അതായത് അയാള്‍ക്ക് സ്ഥിരമായൊരു രൂപമില്ല. ഒരുദിവസം അയാള്‍ ഒരു വൃദ്ധനാവാം, അടുത്തനാള്‍ ഒരു യുവതിയാവാം, മറ്റൊരുനാള്‍ ഒരു കുട്ടിയാവാം, അങ്ങനെ അടുത്തദിവസം എന്താവുമെന്ന് ഒരു ഐഡിയയും ഇല്ലാത്ത ജീവിതം. തന്റെ പതിനെട്ടാം പിറന്നാള്‍ മുതലാണ്‌ ഈ അവസ്ഥയില്‍ വൂജിന്‍ എത്തിപ്പെട്ടത്. ഇതുകൊണ്ടുതന്നെ ഒരു സാമൂഹികജീവിതം സാധ്യമല്ലാത്ത വൂജിന് കൂട്ടായുള്ളത് അയാളുടെ അമ്മയും ഒരു സുഹൃത്തും മാത്രമാണ്. അങ്ങനെയുള്ള വൂജിന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക.
Emotionally strong and touching ആയൊരു രീതിയിലാണ് ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കഥാപാത്രങ്ങളുടെ പ്രശ്നങ്ങള്‍ പ്രേക്ഷകന്‍റെകൂടി പ്രശ്നങ്ങളാണെന്ന് പ്രേക്ഷകനുതോന്നിപ്പിക്കും വിധം സംവിധായകന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം കണ്ടുതുടങ്ങിയാല്‍ കുറച്ചുനേരത്തിനകംതന്നെ കഥാഗതിയുടെ ഒരു ഭാഗമാകുന്ന പ്രേക്ഷകന് പിന്നീട് ആകാംക്ഷയോടെയേ ചിത്രം കാണാനാകൂ. ചിത്രത്തില്‍ കൊറിയയിലെ പ്രമുഖനടീനടന്മാര്‍ ഉള്‍പ്പെടെ എണ്‍പതോളം പേരാണ് പ്രധാനകഥാപാത്രമായ വൂജിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇടയ്ക്കിടെ വൂജിന്റെ മുഖം മാറുമെങ്കിലും കഥയില്‍ ഇഴുകിച്ചേര്‍ന്നതിനാല്‍ ഇവരെല്ലാം വേറെവേറെ ആളുകള്‍ ആണെന്ന തോന്നലേ ഉണ്ടായില്ല. മുഖങ്ങള്‍ക്കുമപ്പുറം വൂജിന്‍ എന്ന കഥാപാത്രംതന്നെയാണ് ചിത്രത്തില്‍ നിറഞ്ഞുനിന്നത്. വൂജിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്‍കുട്ടിയായി വേഷമിട്ട Han Hyo-joo തന്റെ വേഷം അത്യന്തം മനോഹരമാക്കി. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ദൃശ്യങ്ങളും മികച്ചുനിന്നു.
രസകരമായൊരു ആശയം വളരെ മികച്ചരീതിയില്‍ അവതരിപ്പിക്കപ്പെട്ട നല്ലൊരു പ്രണയചിത്രമാണ് ദ ബ്യൂട്ടി ഇന്‍സൈഡ്. കാണാന്‍ ശ്രമിക്കുക.

Monday, December 28, 2015

Aanmodderfakker Movie Review

ആന്‍മദ്ദര്‍ഫക്കര്‍ (Anmodderfakker, 2014, Dutch)
വളരെ പ്രശസ്തമായൊരു ഇംഗ്ലീഷ് തെറിയുമായി സാമ്യം പുലര്‍ത്തുന്ന പ്രത്യേകതയുള്ള ഒരു ടൈറ്റില്‍ തന്നെയാണ് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ഈ ചിത്രത്തിന് സഹായകമാകുന്നത്. Michiel ten Horn സംവിധാനം ചെയ്ത് Gijs Naber പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ Roos Wiltink, Markoesa Hamer തുടങ്ങിയവരും മറ്റുമുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുപ്പത്തിരണ്ട് വയസ്സായിട്ടും ഉത്തരവാദിത്വബോധമില്ലാതെ ജീവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്.
തൈജ്സ് ഭാര്യയെപ്പിരിഞ്ഞ് തന്റെ സുഹൃത്തിന്റെകൂടെ ഒരു വാടകവീട്ടില്‍ ജീവിക്കുന്ന ആളാണ്‌. മുപ്പത്തിരണ്ടുവയസ്സായിട്ടും പല അവസരങ്ങളിലും എങ്ങനെ പെരുമാറണം എന്ന് അറിയാത്ത ഒരാള്‍. ഒരു ഷോപ്പിംഗ്‌ മാളില്‍ ജോലിചെയ്യുന്ന തൈജ്സ് തന്റെ പകുതിയില്‍വെച്ച് നിന്നുപോയ ഡിഗ്രീ മുഴുമിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഒരിക്കല്‍ തന്റെ സഹോദരിയുടെ വീട്ടില്‍ ചെല്ലുന്ന തൈജ്സ് അവിടെ സഹോദരിയുടെ കുട്ടികളെ നോക്കാനായി (babysitting) എത്തിയ ലിസയെ കാണുന്നു. തൈജ്സ്ന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ അര്‍ദ്ധസഹോദരിയായ പതിനാറുകാരി ലിസയുമായി തൈജ്സ് ഒരു relationshipല്‍ പെട്ടുപോകുന്നു. തന്റെ പഠനച്ചെലവുകള്‍ക്കായി വൈകുന്നേരങ്ങളില്‍ babysittingന് പോകുന്ന ലിസയുടെകൂടെ തൈജ്സും പോകാന്‍ തുടങ്ങുകയും മറ്റും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. ഇതിന്റെ ഏറ്റവും വലിയൊരു പ്രത്യേകതയായി എനിക്ക് തോന്നിയത് സംവിധായകന് കഥാപാത്രങ്ങളോടുള്ള സമീപനമാണ്. സാധാരണ ഒട്ടുമിക്ക സിനിമകളിലും തുടക്കത്തില്‍ തലതെറിച്ച ഉത്തരവാദിത്വബോധമില്ലാത്ത ഒരു നായകകഥാപാത്രമാണെങ്കില്‍ക്കൂടി ചിത്രം അവസാനിക്കുമ്പോഴേക്കും ജീവിതാനുഭവങ്ങള്‍കൊണ്ട് അയാളെ മാറ്റിയെടുത്തിട്ടുണ്ടാവും സംവിധായകന്‍. ഇവിടെ അതിനൊന്നും ശ്രമിക്കാതെ ചിത്രത്തിലുടനീളം കഥാപാത്രങ്ങളെ അവരുടെ ഇഷ്ടത്തിനുതന്നെ ജീവിക്കാന്‍ അനുവദിച്ചത് വളരെ നന്നായിത്തോന്നി. വ്യത്യസ്തവും പുതുമയേറിയതുമായ പല ഹാസ്യരംഗങ്ങളും മറ്റും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. എന്നിരുന്നാലും ഒരു മുഴുനീള ഹാസ്യചിത്രമല്ല ഇത്, മെല്ലെനീങ്ങുന്ന രസകരമായൊരു ചിത്രമാണ്. രസകരമായൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്.
പ്രധാനനടീനടന്മാര്‍ എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഒട്ടുമിക്ക കഥാപാത്രങ്ങളും എന്തെങ്കിലുമൊക്കെ വിചിത്രസ്വഭാവങ്ങള്‍ ഉള്ളവര്‍ ആയതിനാല്‍ വിചിത്രമായ പല രംഗങ്ങളും ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. പശ്ചാത്തലസംഗീതവും മികച്ചതായിരുന്നു. ആസ്വദിച്ച് കണ്ടിരിക്കാവുന്ന ഒരു നല്ലചിത്രമാണ് ആന്‍മദ്ദര്‍ഫക്കര്‍. കാണാന്‍ ശ്രമിക്കാം.

Sunday, December 27, 2015

Katyar Kaljat Ghusali Movie Review

കത്യാര്‍ കാല്‍ജത് ഘുസലി (Katyar Kaljat Ghusali, 2015, Marathi)
പുരുഷോത്തം ദര്‍വേക്കര്‍ 1967ല്‍ രചിച്ച് മറാത്തി നാടകാസ്വാദകര്‍ക്കിടയില്‍ അത്യന്തം പ്രശസ്തിയാര്‍ജിച്ച ഇതേ പേരിലുള്ള നാടകത്തെ ആസ്പദമാക്കി സുബോധ് ഭാവേ സംവിധാനം ചെയ്ത ചിത്രമാണ് കത്യാര്‍ കാല്‍ജത് ഘുസലി. പ്രശസ്ത മറാത്തി സിനിമാനടനായ സുബോധ് ഭാവേയുടെ ആദ്യ സംവിധാനസംരംഭമാണ് ഈ ചിത്രം. സച്ചിന്‍ പില്‍ഗാവോങ്കര്‍, ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ക്കൊപ്പം സുബോധ് ഭാവേയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ശങ്കര്‍ മഹാദേവന്റെ അഭിനയരംഗത്തേക്കുള്ള കാല്‍വെപ്പുകൂടിയാണ് ഈ ചിത്രം. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ അവസാനകാലങ്ങളില്‍ എപ്പോഴോ വിശ്രാംപുര്‍ എന്ന നാട്ടുരാജ്യത്തില്‍ രണ്ട് സംഗീതജ്ഞര്‍ തമ്മിലുള്ള ഒരു മത്സരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
വിശ്രാംപുര്‍ മഹാരാജാവിന്റെ സഭയിലെ ഗായകശ്രേഷ്ഠനാണ് പണ്ഡിറ്റ്‌ ഭാനുശങ്കര്‍ ശാസ്ത്രി. ഒരിക്കല്‍ ശാസ്ത്രിയുടെ മുന്നില്‍ മറ്റൊരു സംഗീതജ്ഞനായ ഖാന്‍സാഹിബ്‌ വന്നുചേരുന്നു. മികച്ച ഗായകനാനെങ്കിലും ദരിദ്രനായ ഖാന്‍സാഹിബിന് ശാസ്ത്രികള്‍ താമസവും മറ്റും ഏര്‍പ്പാടുചെയ്തുകൊടുക്കുന്നു. രാജസദസ്സില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സംഗീതമത്സരത്തില്‍ ഖാന്‍സാഹിബ്‌ ശാസ്ത്രികളോട് ഏറ്റുമുട്ടുന്നു. ഈ മത്സരത്തിന്റെ പ്രത്യേകത എന്തെന്നുവെച്ചാല്‍ ഇതിലെ വിജയിയ്ക്ക് മഹാരാജാവ് ഒരു കഠാര സമ്മാനമായി നല്‍കും, ആ കഠാരയാല്‍ ചെയ്യപ്പെടുന്ന ഒരു കൊലയ്ക്ക് ശിക്ഷയൊന്നും നല്‍കുന്നതല്ല. മത്സരത്തില്‍ പരാജയപ്പെട്ട ഖാന്‍സാഹിബിനെ അപകര്‍ഷതയും ദുഃഖവും മാനസികമായി തളര്‍ത്തുകയും ശാസ്ത്രികളോടുള്ള ശത്രുത അദ്ദേഹത്തിന്റെ മനസ്സില്‍ വളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ശാസ്ത്രികള്‍ ഖാന്‍സാഹിബിനെ നല്ലൊരു സുഹൃത്തായിമാത്രമേ കണ്ടിരുന്നുള്ളൂ. പിന്നീട് ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന മത്സരങ്ങളും മറ്റുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകനുമുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇക്കാലത്ത് പഴയതെന്ന തോന്നല്‍ ഉളവാക്കുന്ന കഥയാണെങ്കിലും മറാത്തി കലാലോകത്ത് വളരെ പ്രധാനപ്പെട്ട ഒരു സൃഷ്ടിയായിരുന്നു ഈ നാടകം. 2011ല്‍ സുബോധ് ഭാവേ തന്നെ ഈ നാടകം വേദിയില്‍ പുനരാവിഷ്കരിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. അതാവാം ഇതൊരു ചലച്ചിത്രമാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. എന്തായാലും മികച്ചരീതിയില്‍ത്തന്നെ ചിത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ചിലയിടങ്ങളിലൊക്കെ ഒഴിവാക്കാനാകാത്ത melodrama ഉണ്ടെങ്കില്‍ക്കൂടി അത് സഹിക്കാവുന്നതേ ഉള്ളൂ. കഥ നടക്കുന്ന കാലഘട്ടത്തോട് നീതിപുലര്‍ത്തുന്നവിധത്തിലുള്ള മുന്തിയ കലാസംവിധാനവും മനോഹരമായ പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ മാറ്റുകൂട്ടി.
ശങ്കര്‍ മഹാദേവന്‍ ഒരു തുടക്കക്കാരന്റെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെതന്നെ ഭാനുശങ്കര്‍ ശാസ്ത്രിയുടെ വേഷം ഭംഗിയാക്കി. കുറച്ച് പ്രശ്നം വരുത്താന്‍ സാധ്യതയുള്ള ഷോട്ടുകളൊക്കെ wide ആക്കി സെറ്റ് ചെയ്തുകൊണ്ട് സംവിധായകന്‍ ആ പോരായ്മയ്ക്കും പരിഹാരമുണ്ടാക്കി. ഖാന്‍സാഹിബിനെ അവതരിപ്പിച്ച സച്ചിന്‍ പില്‍ഗാവോങ്കര്‍, ശാസ്ത്രികളുടെ ശിഷ്യനായ സദാശിവ് എന്ന ചെറുപ്പക്കാരനെ അവതരിപ്പിച്ച സുബോധ് ഭാവേ, മറ്റുവേഷങ്ങളില്‍ എത്തിയ അമൃത ഖന്‍വില്‍ക്കര്‍, മൃണ്‍മയി ദേശ്പാണ്ഡേ, സാക്ഷി തന്‍വര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.
അത്യന്തം മികച്ച ഒരുപിടി ഗാനങ്ങളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. പൂര്‍ണ്ണമായും classical musicന് പ്രാധാന്യം നല്‍കിക്കൊണ്ട് ശങ്കര്‍-എഹ്സാന്‍-ലോയ് ത്രയം ഒരുക്കിയ ഗാനങ്ങള്‍ അവരുടെ കരിയറിലെതന്നെ മികച്ച ഗാനങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിക്കുന്നവയാണ്. പഴയ നാടകത്തിനുവേണ്ടി ജിതേന്ദ്ര അഭിഷേകി ഈണംപകര്‍ന്ന ചില ഗാനങ്ങളും ചിത്രത്തിനായി പുനരാവിഷ്കരിച്ചിട്ടുണ്ട്. അവയും മികച്ച നിലവാരം പുലര്‍ത്തി. ശങ്കര്‍ മഹാദേവന്റെ ഇളയമകനായ ശിവം മഹാദേവന്‍ ആലപിച്ച ഒരു ഗാനവും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.
ഇക്കാലത്ത് വലിയ പ്രസക്തിയൊന്നും ഇല്ലാത്തൊരു കഥ ആണെങ്കില്‍ക്കൂടി മികച്ച സംവിധാനവും ഗാനങ്ങളും അഭിനേതാക്കളുടെ പ്രകടനങ്ങളുംകൊണ്ട് നല്ലൊരു അനുഭവമായിമാറിയൊരു ചിത്രമാണിത്. കാണാന്‍ ശ്രമിക്കുക.

Thursday, December 17, 2015

Room Movie Review

റൂം (Room, 2015, English)
Emma Donoghueയുടെ റൂം എന്ന നോവലിനെ ആസ്പദമാക്കി ലെനി എബ്രഹാംസണ്‍ സംവിധാനം ചെയ്ത ചിത്രമാണ് റൂം. 2008ല്‍ പുറത്തുവന്ന വിവാദമായ Fritzl caseല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടാണ് ആ നോവല്‍ എഴുതപ്പെട്ടത്. Brie Larson, Jacob Tremblay എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു emotional thriller drama ആണ്.
അഞ്ചുവയസ്സുള്ള ഒരു കുട്ടിയും കുട്ടിയുടെ അമ്മയും ഒരു റൂമില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ്. കുട്ടി ജനിച്ചപ്പോള്‍ത്തൊട്ടേ അവിടെ ആണെങ്കില്‍ അമ്മ കഴിഞ്ഞ ഏഴുവര്‍ഷമായി അവിടെ തടങ്കലില്‍ ആണ്. അമ്മയും താനും, പിന്നെ രാത്രികളില്‍ അമ്മയെക്കാണാന്‍ വരുന്ന ഒരാളും മാത്രമാണ് യഥാര്‍ത്ഥം, ഇതാണ് ലോകം എന്നാണ് കുട്ടിയുടെ വിശ്വാസം. അങ്ങനെ വീട്ടുതടങ്കലില്‍ പെട്ടിരിക്കുന്ന അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ കഥയെപ്പറ്റി നിങ്ങള്‍ എത്രകുറച്ച് അറിയുന്നുവോ, അത്രയും നിങ്ങളുടെ ആസ്വാദനത്തിന് അത് ഗുണം ചെയ്യും. അതിനാല്‍ കൂടുതല്‍ പറയാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല, ഇത്രയും പറഞ്ഞതുതന്നെ അധികമായോ എന്നും സംശയമുണ്ട്‌.
ത്രില്ലര്‍ എന്നൊക്കെ പറഞ്ഞാല്‍ അന്യായ ത്രില്‍ ആണ് ചിത്രം ആദ്യപകുതിയില്‍ നല്‍കുന്നത്. സത്യം പറഞ്ഞാല്‍ എനിക്ക് ടെന്‍ഷന്‍ കാരണം ബോധം പോകുമോ എന്നുവരെ തോന്നിപ്പോയി. ഭയങ്കര അസ്വസ്ഥത ഉളവാക്കുന്ന ചില രംഗങ്ങളില്‍ നിന്ന് അത്യന്തം സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം രണ്ടാംപകുതിയില്‍ മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നു. ആ മാറ്റവും ചിത്രത്തിന്റെ മാറ്റുകൂട്ടാന്‍ ഉതകുന്നതായിരുന്നു. ഇപ്പോഴും ചിത്രം നല്‍കിയ ഷോക്കില്‍നിന്ന് വിട്ടുമാറാനായിട്ടില്ല.. സംവിധായകനും രചയിതാവായ Emma Donoghueയും വളരെ മികച്ചൊരു ചിത്രമാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതും പ്രേക്ഷകരെ കഥാപാത്രങ്ങളുടെ വികാരങ്ങളുമായി സംവേദനം ചെയ്യിക്കുന്ന രീതിയില്‍. ഇനിയും ഏറെ മികച്ച ചിത്രങ്ങള്‍ സംവിധായകനില്‍നിന്ന് പ്രതീക്ഷിക്കാം.
പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച Brie Larson, Jacob Tremblay എന്നീ രണ്ടുപേരും അസാധ്യപ്രകടനങ്ങള്‍ ആണ് കാഴ്ചവെച്ചത്. ഒരു ചെറിയകുട്ടിയ്ക്കൊക്കെ ഇത്ര flawless performance സാധിക്കുമോ എന്നുതോന്നിപ്പിക്കുന്നവിധത്തിലായിരുന്നു Jacob Tremblayയുടെ പ്രകടനം. ഇത്തവണത്തെ കുറച്ച് അവാര്‍ഡുകള്‍ എങ്കിലും ഈ ചിത്രം കൊണ്ടുപോകും എന്നകാര്യത്തില്‍ അധികം സംശയമൊന്നും വേണ്ട, സാങ്കേതികപരമായും ഉയര്‍ന്ന നിലവാരമാണ് ചിത്രം പുലര്‍ത്തിയത്.
ഇനി റൂം എന്ന നോവല്‍ രചിക്കാന്‍ Emma Donoghueയെ പ്രേരിപ്പിച്ച Fritzl caseലേക്ക് വരാം. Josef Fritzl എന്നയാള്‍ തന്റെ മകളെ വീടിന്റെ ബേസ്മെന്റിന്റെ ഒരുഭാഗത്ത്‌ 24 വര്‍ഷം അടച്ചുപാര്‍പ്പിക്കുകയും, അവരുമായി പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ഏഴുകുഞ്ഞുങ്ങളെ ഉണ്ടാക്കുകയും ചെയ്തു. ഒടുവില്‍ 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് അവര്‍ രക്ഷപ്പെടുകയും പുറംലോകം കാണുകയും ഉണ്ടായത്. റൂം എന്ന സിനിമകാണുന്ന അത്രയുംതന്നെ ഷോക്ക് ഈ സംഭവത്തെക്കുറിച്ച് വായിച്ചപ്പോഴും ഉണ്ടായി. Fritzl Case എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.
മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന, അത്യന്തം മികവുറ്റ ഒരു ചിത്രമാണ് റൂം. അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്ന്. എല്ലാവരും കാണുക. വീണ്ടും പറയട്ടെ, ഇതിന്റെ കഥ എത്രകുറച്ച് നിങ്ങള്‍ അറിയുന്നോ, അത്രയുമധികം ആസ്വദനീയമാകും നിങ്ങള്‍ക്ക് ഈ ചിത്രം.