Thursday, July 30, 2015

Ada Apa Dengan Cinta? Movie Review

അട അപ ഡെന്‍ഗന്‍ ചിന്ത? (Ada Apa Dengan Cinta?, 2002, Indonesian)
Rudy Soedjarwo സംവിധാനം ചെയ്ത് Dian Sastrowardoyo, Nicholas Saputra, Titi Kamal, Ladya Cheryl തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ഇന്തോനേഷ്യന്‍ ചിത്രമായിരുന്നു Ada Apa Dengan Cinta?. റൊമാന്റിക്‌ കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രം വലിയ വിജയം നേടുകയും നിരൂപകശ്രദ്ധപിടിച്ചുപറ്റുകയും ചെയ്ത ഒന്നായിരുന്നു.
സ്കൂളില്‍ തന്റെ കൂട്ടുകാരികള്‍ക്കൊപ്പം സന്തോഷകരമായ വിദ്യാര്‍ഥിജീവിതം നയിക്കുന്ന കൗമാരക്കാരിയാണ് ചിന്ത. പഠനത്തിലും കലാപരമായ കാര്യങ്ങളിലും ഒരുപോലെ മിടുക്കിയായ ചിന്തയാണ് ഒട്ടെല്ലാവര്‍ഷങ്ങളിലും സ്കൂള്‍ നടത്തുന്ന കവിതാരചനാമത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കാറുള്ളത്. എന്നാല്‍ ഇത്തവണത്തെ കവിതാരചനാമത്സരത്തില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രംഗ എന്ന വിദ്യാര്‍ഥി ഒന്നാം സമ്മാനം നേടുന്നു. ഇക്കാര്യമറിഞ്ഞ് ചിന്തയും കൂട്ടരും പകച്ചുപോവുന്നുണ്ടെങ്കിലും സ്കൂള്‍ മാസികയ്ക്കുവേണ്ടി ചിന്ത രംഗയുടെ അഭിമുഖം എടുക്കാന്‍ പോവുന്നു. എന്നാല്‍ രംഗ അഭിമുഖം നല്‍കാന്‍ താല്പര്യം കാണിക്കുന്നില്ല. അങ്ങനെ പരസ്പരം ഉടക്കുന്ന അവര്‍ പിന്നീട് സാധാരണ സിനിമകളിലെപ്പോലെ അടുക്കുകയും മറ്റും ചെയ്യുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
കഥാപരമായി വലിയ പുതുമയൊന്നും ഇല്ലെങ്കിലും നടീനടന്മാരുടെ വളരെ സ്വാഭാവികമായ പ്രകടനങ്ങള്‍ കാരണം പ്രേക്ഷകന് ഒരു സിനിമകാണുകയാനെന്ന അനുഭവംപോലും ഈ ചിത്രം നല്‍കുന്നില്ല, പകരം യഥാര്‍ത്ഥജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ കാണുന്നപോലെ ഈ ചിത്രം കാണാന്‍ സാധിക്കും. ഒട്ടും pretentious അല്ലാത്ത അവതരണശൈലിയും സ്വാഭാവികമായ സംഭാഷണങ്ങളും മൂലം ചിത്രം കൂടുതല്‍ ആസ്വാദ്യകരമാവുന്നു. ക്ലൈമാക്സ് ചിത്രത്തിന്റെ അതുവരെയുള്ള നിലവാരത്തിലേക്ക് ഉയര്‍ന്നുവോ എന്നകാര്യം സംശയമാണെങ്കിലും പ്രേക്ഷകനെ നിരാശപ്പെടുത്തില്ല. വളരെ മനോഹരമായ കുറേ കവിതാശകലങ്ങള്‍ അവിടിവിടായി ഉള്‍പ്പെടുത്തിയതും ചിത്രത്തിന്‍റെ മാറ്റുകൂട്ടി.
റൊമാന്റിക്‌ കോമഡികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു പുഞ്ചിരിയോടെ ഇരുന്ന് കാണാവുന്ന ഒരു ചിത്രമാണ് ഇത്. കാണാന്‍ ശ്രമിക്കുക.

Tuesday, July 28, 2015

The Science of Sleep Movie Review

The Science of Sleep Poster
ദ സയന്‍സ് ഓഫ് സ്ലീപ്പ് (The Science of Sleep aka La Science des rêves, 2006, French)
Eternal Sunshine of the Spotless Mind എന്ന മനോഹരമായ ക്ലാസിക് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ Michel Gondry സംവിധാനം ചെയ്ത മറ്റൊരു രസകരമായ ചിത്രമാണ് സയന്‍സ് ഓഫ് സ്ലീപ്‌. Gael García Bernal, Charlotte Gainsbourg എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഒരു റൊമാന്റിക്‌ ഫാന്റസി മൂഡിലാണ് ഒരുക്കിയിരിക്കുന്നത്.
തന്റെ സ്വപ്നങ്ങളും യഥാര്‍ത്ഥജീവിതവും തമ്മില്‍ വേര്‍തിരിക്കുന്നതിനുള്ള കഴിവ് ഇത്തിരി കുറവുള്ള ആളാണ്‌ സ്റ്റെഫാന്‍. അധികമൊന്നും ഇല്ല, ഒരു അമ്പത് പൈസയുടെ കുറവ്. ജന്മംകൊണ്ട് ഫ്രഞ്ചുകാരന്‍ ആണെങ്കിലും മെക്സിക്കോയില്‍ വളര്‍ന്നതുകൊണ്ട് ഫ്രഞ്ച് സംസാരിക്കാനും മനസ്സിലാക്കാനും ബുദ്ധിമുട്ടുള്ള സ്റ്റെഫാന്‍ തന്റെ പുതിയ ജോലിയ്ക്കായി ഫ്രാന്‍സിലേക്ക് വരുന്നിടത്താണ് ചിത്രത്തിന്‍റെ കഥ തുടങ്ങുന്നത്. തന്റെ കുടുംബവീട്ടില്‍ താമസമാക്കുന്ന സ്റ്റെഫാന്‍ അടുത്തമുറിയില്‍ വാടകയ്ക്ക് താമസിക്കുന്ന സ്റ്റെഫാനിയെയും അവരുടെ സുഹൃത്ത് സോയിനെയും പരിചയപ്പെടുന്നു. തന്നെപ്പോലെ സ്റ്റെഫാനിയും കലാപരമായ കാര്യങ്ങളില്‍ താല്‍പര്യവും കഴിവും ഉള്ളയാള്‍ ആണെന്ന് സ്റ്റെഫാന്‍ മനസ്സിലാക്കുന്നു. ഇവരുടെ ജീവിതങ്ങളില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ പിന്നീട്. കഥാപരമായി വലിയ പുതുമ ഒന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും പാത്രസൃഷ്ടിയിലും അവതരണശൈലിയിലും സംവിധായകന്‍ ഏറെ വ്യത്യസ്തത പുലര്‍ത്തിയതിനാല്‍ ചിത്രം വളരെ ആസ്വദനീയമായ ഒന്നായിമാറി. കണ്ടുശീലിച്ച രീതികളില്‍നിന്ന് ഏറെ മാറിനടന്നുകൊണ്ടാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. രസകരമായ സ്വപ്നങ്ങളും, പലപ്പോഴും അതിലും രസകരമായ യഥാര്‍ത്ഥസംഭവങ്ങളും വേര്‍തിരിക്കാന്‍ ആവാത്തവിധം കൂടിക്കുഴഞ്ഞ് കിടക്കുന്ന അവസ്ഥയാണ് പ്രേക്ഷകന് കാണാന്‍ കഴിയുക. ദൈനംദിനജീവിതത്തില്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോവുന്ന രസകരമായ ഒരുപാട് ചെറിയ കാര്യങ്ങളെപ്പറ്റിയും ചിത്രത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഏറെ ചിരിപ്പിക്കുന്ന ഒരുപാട് രംഗങ്ങളും ചിത്രത്തില്‍ ഉടനീളം കഥയോടുചേര്‍ന്നുപോവുന്നുണ്ട്. വളരെ മനോഹരമായ ഒരുപാട് സന്ദര്‍ഭങ്ങളും സംഭാഷണശകലങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇങ്ങനെ എല്ലാ കാര്യങ്ങളും കൊണ്ട് വെറുമൊരു ചലച്ചിത്രം എന്നതിലുപരി വളരെ രസകരമായതും, വൈകാരികമായി ഏറെ ആഴത്തില്‍ സ്പര്‍ശിക്കുന്നതുമായ ഒരു ചലച്ചിത്രാനുഭാവമായി മാറുകയാണ് സയന്‍സ് ഓഫ് സ്ലീപ്പ്.
പ്രധാനനടീനടന്മാര്‍ എല്ലാവരും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു. ആന്റിക്രൈസ്റ്റ് കണ്ടവര്‍ക്ക് ഏറെ പേടിതോന്നിയിരിക്കാവുന്ന അതിലെ നായിക Charlotte Gainsbourgയുടെ തികച്ചും വ്യത്യസ്തമായൊരു പ്രകടനമാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചത്. Introvert ആയ സ്റ്റെഫാനിയുടെ വേഷം അവര്‍ മനോഹരമാക്കി. സ്റ്റെഫാന്റെ വേഷത്തില്‍ Gael García Bernalയും മികച്ചുനിന്നു. മറ്റെല്ലാവരും തങ്ങളുടെ വേഷങ്ങള്‍ നന്നായിത്തന്നെ ചെയ്തു. ചിത്രത്തിന്‍റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും നല്ല നിലവാരം പുലര്‍ത്തി.
സിനിമ സ്വപ്നം കാണുന്നവരുടേതാണെന്ന് പൊതുവേ പറയാറുണ്ട്. എന്നാല്‍ സ്വപ്നം കാണുന്നവരെപ്പറ്റിയുള്ള ഒരു സിനിമയാണ് സയന്‍സ് ഓഫ് സ്ലീപ്പ്. എന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച വളരെ മികച്ചൊരു ചിത്രം. എല്ലാവരും കാണാന്‍ ശ്രമിക്കുക.

Friday, July 24, 2015

ഉദ്യാനപാലകന്‍ - മനോഹരമായൊരു ക്ലൈമാക്സ്


ലോഹിതദാസ് രചിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത ഉദ്യാനപാലകന്‍ എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രണയചിത്രങ്ങളില്‍ ഒന്നാണിത്. സുധാകരന്‍നായരായി മമ്മൂട്ടിയും ഇന്ദുവായി കാവേരിയും ഡോക്ടര്‍ രാംമോഹനായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു.

(പുറത്ത് സുധാകരന്‍നായര്‍ കാത്തുനില്‍ക്കുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാനായി വീടിനുപുറത്തേയ്ക്ക് കടന്നുവരുന്ന ഇന്ദു. സുധാകരനെ കണ്ടതും തേങ്ങിക്കൊണ്ട് അയാളുടെ അടുത്തേയ്ക്ക് ഇന്ദു ഓടിച്ചെല്ലുന്നു.)
സുധാകരന്‍: മൂന്നാലുദിവസംകൊണ്ട് കുട്ടി വല്ലാണ്ടായിപ്പോയല്ലോ..
(തേങ്ങുന്ന ഇന്ദു)
സുധാ: കരയണ്ടാ, ഞാന്‍ പറയണത് സമാധാനായിട്ട് കേള്‍ക്കണം.. എന്തിനാ കരയണേ.. നമ്മളെ ഓര്‍ത്ത് എത്രപേരാ ദുഃഖിക്കണേ. നമ്മളൊക്കെ മനുഷ്യരാ, ചെലപ്പൊ തെറ്റുപറ്റും, അറിഞ്ഞും അറിയാതെയും. തെറ്റാണെന്ന് തോന്നുമ്പോള്‍ അത് തിരുത്താന്‍ നോക്കുക, അത്രയേ ചെയ്യാനുള്ളൂ.
ഇന്ദു: ഞാനിപ്പഴും വരാന്‍ തയ്യാറാ, എന്നെ കൊണ്ടുപുവ്വില്ലേ?
സുധാ: എങ്ങട്? ഒരു ഹാന്റികാപ്ഡ് എക്സ് സര്‍വീസ്മാന്റെ കൂടെയോ? ഓരോന്നിനും ഓരോ യോഗണ്ട്, ചേര്‍ച്ചണ്ട്.. ഈ കാക്കേടെ കൂട്ടില് കുയില് മുട്ടയിടണത് കേട്ടിട്ടില്ലേ
(പശ്ചാത്തലത്തില്‍ ദൂരെ എവിടെനിന്നോ ഒരു കുയിലിന്റെ കൂജനം)
സുധാ: (തുടരുന്നു) വിരിഞ്ഞ് കുഞ്ഞാവണതുവരെ കുയില് കരുതണതെന്താ? ന്റെ കുട്ടി. ന്നാ കാക്കയ്ക്ക് അറിയാഞ്ഞിട്ടാണോ? അല്ല.. വളരുമ്പോ കുയിലിനെപ്പോലെ കൂവുംന്നും പറന്നുപോവുംന്നും ഒക്കെ അറിയാം. അതിന് വെഷമിച്ചിട്ട് കാര്യല്ല്യ..
(തേങ്ങുന്ന ഇന്ദു)
സുധാ: (തുടരുന്നു) അച്ഛനും ഡോക്ടര്‍ ദാമോദരനും ഒക്കെ എന്നോട് സംസാരിച്ചു. ആലോചിച്ചപ്പോ അവര് പറയണത് വളരെ ശര്യാ. തെറ്റുപറ്റിയത് നമുക്കാ. അമ്മുന്ദു കുട്ട്യന്നെയാ, തെറ്റുപറ്റും. ഞാനതാണോ, നന്ദികേടാ കാട്ട്യേ. ഇപ്പൊ, എനിക്കന്നെ എന്നോട് ദേഷ്യം തോന്ന്വാ.
ഇന്ദു: (വിതുമ്പിക്കൊണ്ട്) എനിക്ക് തെറ്റുപറ്റീട്ടില്യ.
സുധാ: നമ്മുടെ തെറ്റുകള് നമ്മളെക്കാള്‍ വേഗത്തില് മനസ്സിലാവുക മറ്റുള്ളോര്‍ക്കാ. നമുക്ക് അത് ഏറ്റവും അവസാനേ മനസ്സിലാവൂ. ഓരോ ജന്മത്തിലും നമുക്ക് ഓരോ വിധിയാ. ഈ ജന്മത്തില് മുല്ലശ്ശേരിയിലെ കുട്ടിയായിട്ടു ജനിച്ച്, ഡോക്ടര്‍ രാംമോഹന്റെ ഭാര്യയായിട്ട്, നല്ല അന്തസ്സും ബഹുമാനോം ഒക്കെ കിട്ടി, സൗഭാഗ്യവതിയായിട്ട് കഴിയാനാ കുട്ടിടെ വിധി. എന്റെയാണെങ്കിലോ, ഓരോ മുട്ടവിരിഞ്ഞും കുയിലുകള്‍ പറന്നുപോവണത് കാണാന്‍, കുറേ പൂക്കള് വളര്‍ത്താന്‍, അതിന്റെ കാവല്‍ക്കാരനായി സുഖായിട്ട് കഴിയാന്‍. തലേല് വരച്ചിട്ടുണ്ടേയ്!
(പകച്ചുനില്‍ക്കുന്ന ഇന്ദുവിനഭിമുഖമായി നടന്നുവന്നുകൊണ്ട്)
സുധാ: അടുത്ത ജന്മത്തില്, ഒരു കുതിരയെ ഒക്കെ വാങ്ങി, ഒരു മന്ത്രികുമാരനെപ്പോലെ വന്ന്, രാജകുമാരിയെ രക്ഷിച്ചുകൊണ്ട് പോവും. ആ ജന്മത്തേക്ക് ഓര്‍ത്തുവെയ്ക്കാന്‍ ഞാനൊരു സമ്മാനം തരാം.
(ചുറ്റുമതിലില്‍ വെച്ചിരിക്കുന്ന പൊതിയില്‍നിന്ന് ഒരു ചെമ്പനീര്‍പ്പൂവ് എടുക്കുത്ത് ഇന്ദുവിനുനേരെ നീട്ടിക്കൊണ്ട്)
സുധാ: ഇത് വാങ്ങുക, ഇത്.. എന്റെ മനസ്സാണ്.. ഇതിലെ ഇതളുകള് കൊഴിഞ്ഞുപോവും, എന്റെ ജീവിതം പോലെ. പക്ഷേ, ഈ ഓര്‍മ്മ ണ്ടല്ലോ, അത് ഇണ്ടാവണം. അടുത്തജന്മത്തേയ്ക്ക്.
(പൂവ് ഇന്ദുവിന്റെ കയ്യില്‍ നല്‍കിക്കൊണ്ട് 'പോട്ടെ' എന്ന് കണ്ണുകള്‍കൊണ്ടുമാത്രം പറഞ്ഞ് സുധാകരന്‍ ഇന്ദുവില്‍നിന്ന് നടന്നകലുന്നു. തിരിഞ്ഞുനോക്കാതെ നടന്നുപോവുന്ന സുധാകരന്റെ അടുത്തേയ്ക്ക് വിതുമ്പിക്കൊണ്ട് ഓടാന്‍ ശ്രമിക്കുന്ന ഇന്ദുവിനെ ഡോക്ടര്‍ രാംമോഹന്‍ തടയുന്നു. വിതുമ്പിക്കൊണ്ട് രാംമോഹന്റെ നെഞ്ചിലേക്ക് തലചായ്ക്കുന്ന ഇന്ദു. സുധാകരന്‍ തിരിഞ്ഞുനോക്കാതെ നടന്നകലുന്നു, വിദൂരതയിലേക്ക്.)

Wednesday, July 22, 2015

Gett: The Trial of Viviane Amsalem Movie Review

Gett: The Trial of Viviane Amsalem Movie Poster
ഗെറ്റ്: ദ ട്രയല്‍ ഓഫ് വിവിയന്‍ അംസലേം (Gett: The Trial of Viviane Amsalem, 2015, Hebrew/French)
ഇസ്രായേലി സഹോദരീസഹോദരന്മാരായ Ronit Elkabetz, Shlomi Elkabetz എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഇസ്രായേലി ചിത്രമാണ് ഗെറ്റ്. ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ ഈ ചിത്രത്തില്‍ Ronit Elkabetz, Sasson Gabai, Menashe Noy, Simon Abkarian തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മുപ്പതുവര്‍ഷം പ്രായം ചെന്ന തന്റെ കുടുംബജീവിതത്തില്‍ അസംതൃപ്തയായ വിവിയന്‍ തന്റെ ഭര്‍ത്താവിനോട് വിവാഹമോചനം ആവശ്യപ്പെടുന്നു. എന്നാല്‍ കോടതിയിലെ തുടര്‍ന്നുള്ള വിചാരണകള്‍ക്കപ്പുറവും അയാള്‍ തന്റെ ഭാര്യയ്ക്ക് വിവാഹമോചനം അഥവാ 'Gett' നല്‍കുന്നില്ല. അവിടുത്തെ religious  courtന്റെ വ്യവസ്ഥിതി അനുസരിച്ച് ഭര്‍ത്താവിന്‍റെ തീരുമാനമാണ് ഒരു വിവാഹമോചനത്തിന്റെ  കാര്യത്തില്‍ അന്തിമവിധി. കോടതിക്ക് അയാളെ നിര്‍ബന്ധിക്കാമെങ്കിലും വിധി അടിച്ചേല്‍പ്പിക്കാന്‍ ആവില്ല. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഒറ്റവരിയില്‍ ഒട്ടും സംഭവബഹുലമായി തോന്നാത്ത കഥയെ ഏറെ interesting ആക്കുന്നത് സംവിധായകര്‍ അത് മുന്നോട്ടുകൊണ്ടുപോവുന്ന രീതിയും, നടീനടന്മാരുടെ ശക്തമായ പ്രകടനങ്ങളുമാണ്. അഞ്ചുവര്‍ഷത്തെ കാലയളവില്‍ നടക്കുന്ന ചിത്രത്തിലെ എല്ലാ രംഗങ്ങളും കുടുംബകോടതിയുടെ വിചാരണാമുറിയിലും വിചാരണയ്ക്കായി കാത്തിരിക്കുന്ന മുറിയിലും ആണ് അരങ്ങേറുന്നത്. ഇസ്രായേലി ചിത്രമാണെങ്കില്‍പ്പോലും നമ്മുടെ സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളുടെയും നേര്‍ക്കാഴ്ചയല്ലേ ഇത് എന്ന് തോന്നിപ്പോവുന്നവിധത്തില്‍ ആണ് പല രംഗങ്ങളും. ഒറ്റനോട്ടത്തില്‍ സംതൃപ്തരെന്നുതോന്നിപ്പിക്കുന്ന പല ദാമ്പത്യജീവിതങ്ങളിലും ഭീകരമായ അസ്വാരസ്യങ്ങള്‍ ഉണ്ടാവാം എന്ന സൂചനയും ഈ ചിത്രം നല്‍കുന്നു.
Ronit Elkabetzന്റെയും Shlomi Elkabetzന്റെയും ചേര്‍ന്നുള്ള മൂന്നാമത്തെ സംവിധാനസംരംഭമാണ് ഈ ചിത്രം. ഇവരുടെ മുന്‍ചിത്രങ്ങള്‍ കണ്ടിട്ടില്ലെങ്കിലും അവ നല്ല പ്രേക്ഷകാഭിപ്രായം നേടിയവയാണെന്നാണ് ഇന്റര്‍നെറ്റ്‌ പറയുന്നത്. എന്തായാലും മുന്‍ചിത്രങ്ങള്‍ നല്‍കിയ സല്‍പ്പേര് ഒരുപടികൂടെ ഉയര്‍ത്താന്‍ ഈ ചിത്രത്തില്‍ അവര്‍ക്കായി. വളരെ ശക്തമായ സംഭാഷണശകലങ്ങളും, കഥാപാത്രങ്ങളുടെ സൂക്ഷ്മമായ ഭാവപ്രകടനങ്ങളുടെ മഹത്തരമായ വരച്ചുകാട്ടലുകളും കൊണ്ട് ഒരു ക്ലാസിക് സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചു. Jeanne Lapoirieന്റെ ഛായാഗ്രഹണം മികച്ചുനിന്നു. പശ്ചാത്തലസംഗീതം അധികമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഉള്ള രംഗങ്ങളില്‍ വളരെ സ്വാധീനം ചെലുത്തി.
സംവിധായിക എന്ന ജോലിയ്ക്കൊപ്പം ചിത്രത്തിലെ പ്രധാനകഥാപാത്രമായ വിവിയന്‍ ആയി വേഷമിട്ടതും Ronit Elkabetz ആണ്. ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള ഒരു അസാമാന്യപ്രകടനം ആയിരുന്നു അവര്‍ കാഴ്ചവെച്ചത്. വികാരങ്ങള്‍ വളരെ അടക്കിപ്പിടിച്ചുള്ള രംഗങ്ങളിലും, വികാരവിക്ഷോഭരംഗങ്ങളിലും ഒരുപോലെ അവര്‍ മികച്ചുനിന്നു. സ്ക്രീനില്‍ ഏറെ മനോഹരിയായി കാണപ്പെട്ട അവരുടെ ചിലസമയത്തെ സ്ക്രീനിലേക്കുള്ള നോട്ടം ഭീതിദമായിരുന്നു. വിവിയന്റെ ഭര്‍ത്താവായി വേഷമിട്ട Simon Abkarian തന്റെ controlled ആയ അഭിനയത്തിലൂടെ പ്രേക്ഷകനെ അതിശയിപ്പിച്ചു. അവസാനരംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ മികവുറ്റതായിരുന്നു. മറ്റുനടീനടന്മാര്‍ എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ വളരെ നന്നായിതന്നെ ചെയ്തു.
ഈ ചിത്രത്തില്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം ഇതിലെ സംഭാഷണങ്ങള്‍ ആണ്. സംഭാഷണങ്ങളിലെ ഇംഗ്ലീഷ് പദപ്രയോഗം നോക്കുകയാണെങ്കില്‍ അഞ്ചുശതമാനത്തിലും കുറവാണ്. ഓരോ ചെറിയ വസ്തുക്കള്‍ക്കുപോലും അവര്‍ സ്വന്തം ഭാഷയിലെ വാക്കുകള്‍ ഉപയോഗിക്കുന്നതുകാണുമ്പോഴാണ് നമ്മളൊക്കെ എത്രത്തോളം ഇംഗ്ലീഷിനെ ആശ്രയിക്കുന്നു എന്ന് തോന്നുന്നത്. എന്തായാലും, സാധാരണമനുഷ്യരുടെ ജീവിതവും അവരുടെ നിസ്സഹായാവസ്ഥകളും വരച്ചുകാട്ടുന്ന നല്ല ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ ഈ ചിത്രം കാണാതിരിക്കരുത്.

മുത്തശ്ശി ചൊല്ലിത്തന്ന നിത്യമന്ത്രങ്ങള്‍ / ശ്ലോകങ്ങള്‍

മുത്തശ്ശിയും ഞാനും കുഞ്ഞ്യോപ്പോളും

വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുത്തശ്ശി ചൊല്ലിത്തന്ന ചില ശ്ലോകശകലങ്ങള്‍ (ശ്ലോകം എന്നാണോ ഉദ്ധരണി എന്നാണോ ശകലം എന്നാണോ വിളിക്കേണ്ടത് എന്നറിയില്ല, സാദരം ക്ഷമിക്കുക) താഴെ കൊടുക്കുന്നു. മൂന്നോ നാലോ വയസ്സുമുതല്‍ എന്നും രാത്രി ഉറങ്ങുന്നതിനുമുന്‍പ് ഇവ ചൊല്ലാന്‍ ശ്രദ്ധിക്കാറുണ്ട്. ആര്‍ക്കെങ്കിലും ഉപകാരമാവുമെങ്കില്‍ സന്തോഷം. തെറ്റുകള്‍ ഉണ്ടെങ്കില്‍ പറഞ്ഞുതന്ന് സഹായിക്കൂ.
------------------------------------------
"ആലത്തിയൂരെ ഹനുമാനേ, പേടിസ്വപ്നം കാണരുതേ, പേടിസ്വപ്നം കണ്ടാലോ എന്നെ തട്ടിമുട്ടിഉരുട്ടി ഉണര്‍ത്തണേ"

പേടിസ്വപ്‌നങ്ങള്‍ കാണാതിരിക്കാനുള്ള മന്ത്രം. ആദ്യമൊക്കെ ആലത്തൂരെ ഹനുമാനേ എന്നാണ് മനസ്സിലാക്കിയിരുന്നത്, പിന്നെ കുറേക്കഴിഞ്ഞാണ് പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ അല്ല, മലപ്പുറം ജില്ലയിലെ ആലത്തിയൂരില്‍ ആണ് ഏറെ പ്രസിദ്ധമായ ഹനുമാന്‍ ക്ഷേത്രം ഉള്ളതെന്ന് മനസ്സിലാക്കിയത്.
------------------------------------------
"അര്‍ജുനന്‍, ഫല്‍ഗുനന്‍, പാര്‍ത്ഥന്‍, വിജയനും,
വിശ്രുതമായ പേര്‍ പിന്നെക്കിരീടിയും
ശ്വേതാശ്വനെന്നും, ധനഞ്ജയന്‍, ജിഷ്ണുവും
ഭീതീഹരം സവ്യസാചി, ഭീഭത്സുവും
പത്തുനാമങ്ങളും ഭക്ത്യാ ജപിക്കിലോ,
നിത്യം ഭയങ്ങളകന്നുപോം, നിശ്ചയം"

അര്‍ജുനന്റെ പത്തുനാമങ്ങള്‍ അടങ്ങിയ ശ്ലോകം. ഇതിന്റെ പല വകഭേദങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു. നെറ്റില്‍ വെറുതെ സെര്‍ച്ച്‌ ചെയ്തപ്പോള്‍ ശ്വേതാശ്വനുപകരം ശ്വേതവാഹനന്‍ എന്നും കണ്ടു. പിന്നൊരു കാര്യം, ഇതിലെ നാലാമത്തെ വരിയിലെ 'ഭീതീഹരം' എന്നതിന് ഇത്രയും കാലം ഞാന്‍ 'പ്രീതീഹരം' എന്നാണ് ചൊല്ലിയിരുന്നത്. ഇന്ന് 'Randomwritez' എന്നൊരു ബ്ലോഗില്‍ ഈ ശ്ലോകം കണ്ടപ്പോഴാണ് 'ഭീതീഹരം' ആണെന്ന് മനസ്സിലായത്. ആലോചിച്ചാല്‍ കാര്യം ശരിയാണ്, പ്രീതിയെ അല്ല, മറിച്ച് ഭീതിയെ ആണല്ലോ ഹരിക്കേണ്ടത്.
------------------------------------------
"അഹല്യാ, ദ്രൗപദീ, സീതാ, താരാ, മണ്ഡോദരീ, തഥാ പഞ്ചകന്യസ്മരേ നിത്യം, സര്‍വ്വപാപവിനാശിനീം"

പഞ്ചകന്യമാരെ സ്മരിക്കാനുള്ള ശ്ലോകം. നെറ്റില്‍ വായിച്ചതുപ്രകാരം ചിലര്‍ സീതയ്ക്കുപകരം കുന്തിയെ പഞ്ചകന്യമാരില്‍ ഒരാളായി പറയാറുണ്ടത്രേ. അതൊരു പുതിയ അറിവായിരുന്നു.
------------------------------------------
"യാതൊരു കൃഷ്ണന്‍തന്റെ സുന്ദരവദനവും
ചേതോമോഹന മകരാകൃതി കുണ്ഡലവും
കണ്ടുകണ്ടാനന്ദിച്ച നാരിമാര്‍ നരന്മാര്‍ക്കും
ഉണ്ടായീലൊരുനാളും തൃപ്തിയെന്നല്ലോ കേള്‍പ്പൂ!
യാദവകുലേ പിറന്നമ്പാടി തന്നില്‍ച്ചെന്നു
മോദേനാ വാണു, ശത്രുസംഹാരം ചെയ്തുപിന്നെ,
സുന്ദരിമാരില്‍ ബഹുപുത്രന്മാരെ ജനിപ്പിച്ചു,
തന്നുടെ യശസ്സവനീ തലേ നിറച്ചിനാന്‍
ശക്രപുത്രനു നിശസ്സുണ്ടാക്കി നിജാപാദാ,
ഭക്തനാമുദ്ധവര്‍ക്കായിക്കൊണ്ടു ജ്ഞാനോപദേശം ചെയ്തു
രാമനുമൊരുമിച്ചു വൈകുണ്ഡം പുക്കൂ,
കോമളമൂര്‍ത്തിയായ കൃഷ്ണനു നമസ്കാരം!"

ഭാഗവതം മുഴുവന്‍ വായിച്ച ഫലമാണ് ഈ ഭാഗവതത്തിലെ ഈ ശ്ലോകം/ ഉദ്ധരണി ചൊല്ലുന്നതുകൊണ്ട് ലഭിക്കുക എന്ന് പണ്ട് മുത്തശ്ശി പറഞ്ഞുതന്നിരുന്നു.
------------------------------------------
"അടിഗരുഡന്‍, മുടിഗരുഡന്‍, ചുറ്റും ഗരുഡന്‍, ശ്രീ ഗരുഡായ നമ:"

ഗരുഡന്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ നമ്മെ സംരക്ഷിക്കും എന്ന വിശ്വാസത്തിലാണ് ഇത് ചൊല്ലുന്നതത്രേ.
------------------------------------------
"ചുറ്റും ഗരുഡന്‍, മുറ്റും ഗരുഡന്‍, പിന്‍പും ഗരുഡന്‍, മുന്‍പും ഗരുഡന്‍, തലയ്ക്കലും ഗരുഡന്‍, കാല്‍ക്കലും ഗരുഡന്‍, ഗരുഡായ നമ:"

തൊട്ടുമുന്‍പത്തെ ശ്ലോകത്തിന്റെ ഒരു extended version. ഇത് മുത്തശ്ശി പറഞ്ഞുതന്നതല്ല, വേറെ എവിടുന്നോ കയറിക്കൂടിയതാണെന്നാണ് ഓര്‍മ്മ. എവിടുന്നാണെന്ന് ഒരു പിടിയും ഇല്ല.
------------------------------------------

Tuesday, July 21, 2015

Tony Takitani Movie Review

Tony Takitani Movie Poster
ടോണി തകിടാനി (Tony Takitani, 2005, Japanese)
പ്രശസ്ത ജാപ്പനീസ് സാഹിത്യകാരന്‍ ഹരാകി മുരകാമിയുടെ ഒരു ചെറുകഥയെ ആസ്പദമാക്കി ജുന്‍ ഇച്ചിക്കാവ സംവിധാനം ചെയ്ത ചിത്രമാണ് ടോണി തകിടാനി. Issey Ogata, Rie Miyazawa എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം romantic drama ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്.
ഒരു സ്ഥാപനത്തില്‍ technical illustrator ആയി ജോലിചെയ്യുന്ന ടോണി തന്റെ client ആയ എയ്ക്കോയുമായി പ്രണയത്തിലാവുന്നു. തന്നെക്കാള്‍ പതിനഞ്ചുവയസ്സിന് ഇളയതാണെങ്കിലും ടോണി എയ്ക്കോയെ വിവാഹം ചെയ്യുന്നു. വിവാഹശേഷം സന്തോഷം നിറഞ്ഞ ജീവിതം നയിച്ച ടോണിയെ അലട്ടിയിരുന്ന ഒരേയൊരു കാര്യം പുതുവസ്ത്രങ്ങളോട് തന്റെ ഭാര്യയ്ക്കുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു. ആ അഭിനിവേശത്തിന് കടിഞ്ഞാണിടാന്‍ ടോണിയും എയ്ക്കോയും ശ്രമിച്ചെങ്കിലും അവരുടെ ജീവിതങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിയുകയായിരുന്നു. അങ്ങനെ അപ്രതീക്ഷിതമായൊരു വഴിത്തിരിവില്‍ കഥ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് കടക്കുകയും മറ്റും ചെയ്യുന്നു.
ഒരു സിനിമയാക്കാന്‍ മാത്രം content ഈ കഥയില്‍ ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ സംശയംതന്നെയാണ്. ഒന്നേക്കാല്‍ മണിക്കൂര്‍ മാത്രമേ ദൈര്‍ഘ്യം ഉണ്ടായിരുന്നുള്ളൂവെങ്കിലും മൂന്നാമതൊരാളുടെ narration അമിതമായി ഉപയോഗിച്ചതുകൊണ്ടും പലപ്പോഴും വലിച്ചുനീട്ടി എന്ന് തോന്നിപ്പിക്കുന്ന രംഗങ്ങള്‍ കൊണ്ടും ചിലയിടങ്ങളിലെങ്കിലും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്നുണ്ട് ചിത്രം. എന്നിരുന്നാലും പ്രധാനനടീനടന്മാരുടെ മികവുറ്റ പ്രകടനം മൂലം ചിത്രം മുഴുവനായി കാണാന്‍ പ്രേക്ഷകര്‍ പ്രേരിതരാകും.
മെല്ലെപ്പോവുന്ന, അത്ര കളര്‍ഫുള്‍ ഒന്നുമല്ലാത്ത റൊമാന്റിക്‌ ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടമുള്ളവര്‍ കാണാന്‍ ശ്രമിക്കുക.

Big Man Japan Movie Review

Big Man Japan Poster
ബിഗ്‌ മാന്‍ ജപ്പാന്‍ (Big Man Japan, 2007, Japanese)
ഹിതോഷി മത്സുമോട്ടോയുടെ സംവിധാനത്തില്‍ പുറത്തുവന്ന ജാപ്പനീസ് ആക്ഷേപഹാസ്യചിത്രമാണ് ബിഗ്‌ മാന്‍ ജപ്പാന്‍. സംവിധായകന്‍ തന്നെ ബിഗ്‌ മാന്‍ ജപ്പാന്‍ എന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ Tomoji Hasegawa, Riki Takeuchi, Shion Machida തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മോക്യുമെന്ററി ശൈലിയിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഏതൊരു സാധാരണക്കാരനെയും പോലെ ജീവിതം നയിക്കുന്ന നായകനെ ഒരു journalist ഇന്റര്‍വ്യൂ ചെയ്യുന്ന രംഗത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മറ്റുജനങ്ങളില്‍നിന്ന് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ഇദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവമാണ്. ജപ്പാനെ ആക്രമിക്കുന്ന ഭീകരജീവികളെ തുരത്തുക എന്ന ജോലിയാണ് ഇദ്ദേഹത്തിന് ഗവണ്മെന്റ് നല്‍കിയിരിക്കുന്നത്. അവശ്യഘട്ടങ്ങളില്‍ നൂറടി ഉയരമുള്ള ആളായി മാറാനും ഭീകരജീവികളുമായി യുദ്ധം ചെയ്യാനും ഉള്ള കഴിവ് പരമ്പരാഗതമായി ലഭിച്ചു എന്നതാണ് ഇദ്ദേഹത്തെ ഈ ജോലിയ്ക്ക് പ്രാപ്തനാക്കുന്ന ഘടകം. തുടര്‍ന്ന് ബിഗ്‌ മാന്‍ ജപ്പാന്റെ ഭീകരജീവികളുമായുള്ള മല്‍പ്പിടിത്തങ്ങളിലൂടെയും, ബിഗ്‌ മാന്‍ ജപ്പാന്റെ കുടുംബാംഗങ്ങളുടെ ഇന്റര്‍വ്യൂകളിലൂടെയും ചിത്രം മുന്നോട്ടുപോവുന്നു. ഒരിക്കല്‍ ശൈശവാവസ്ഥയില്‍ ഉള്ള ഭീകരജീവി ബിഗ്‌ മാന്‍ ജപ്പാന് പറ്റുന്ന ഒരു കയ്യബദ്ധത്തില്‍ മരിക്കുന്നതോടെ ജനങ്ങള്‍ അദ്ദേഹത്തിന് എതിരെ തിരിയുന്നു. പിന്നീടുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തെ പരിസമാപ്തിയില്‍ കൊണ്ടെത്തിക്കുന്നത്.
വളരെ unrealisticഉം amateurishഉം ആയ ഗ്രാഫിക് വര്‍ക്കുകള്‍ ചിത്രത്തിന്റെ പ്രത്യേകതയാണ്. അവയൊക്കെ ചിത്രത്തിന്‍റെ മൂഡിനോട് യോജിച്ചുപോവുന്നുമുണ്ട്. ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ഭീകരജീവികള്‍ മറ്റു monster movies കാണുന്ന പ്രേക്ഷകരെ തലയറഞ്ഞുചിരിപ്പിക്കാന്‍ പോന്നവയാണ്. പല ഡയലോഗുകളും വളരെ രസകരമായിരുന്നു. ജപ്പാനിലെ രാഷ്ട്രീയാവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്ന പല സന്ദര്‍ഭങ്ങളും ഡയലോഗുകളും ചിത്രത്തില്‍ ഉണ്ടായിരുന്നു. പ്രേക്ഷകനെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നരീതിയില്‍ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ബിഗ്‌ മാന്‍ ജപ്പാന്റെ വേഷവും അദ്ദേഹം നന്നായി കൈകാര്യം ചെയ്തു.
ഏറെ മികച്ച ഒരു ആക്ഷേപഹാസ്യചിത്രമാണ് ബിഗ്‌ മാന്‍ ജപ്പാന്‍. Spoof, black humour, satire എന്നിവയൊക്കെ വേണ്ടപോലെ ചേര്‍ത്തുകൊണ്ട് ഉണ്ടാക്കിയ ഒന്ന്. കാണാന്‍ ശ്രമിക്കുക.

Monday, July 20, 2015

Ju on; The Final Curse Movie Review

Ju On The Final Curse Poster
ജു ഓണ്‍ ദ ഫൈനല്‍ കഴ്സ് (Ju on; The Final Curse, 2015, Japanese)
ഹൊറര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ മിക്കവാറും കണ്ടിരിക്കാന്‍ സാധ്യതയുള്ള പടങ്ങളാണ് Grudgeഉം അതിന്റെ തുടര്‍ഭാഗങ്ങളും. 1998ല്‍ ഒരു ജാപ്പനീസ് ഷോര്‍ട്ട്ഫിലിമില്‍ തുടങ്ങി പിന്നീട് ജാപ്പനീസ് feature film ആവുകയും, അതിന്റെ ഹോളിവുഡ് റീമേക്കും അതിന്റെ അടുത്ത ഭാഗങ്ങളും മറ്റും വരികയും ചെയ്ത് ഇപ്പോള്‍ പതിനൊന്നാമത്തെ full length feature filmല്‍ എത്തിനില്‍ക്കുന്നു ജു ഓണ്‍ അഥവാ ഗ്രഡ്ജ്. സിനിമകള്‍ കൂടാതെ അഞ്ച് നോവലുകള്‍ക്കും രണ്ട് കോമിക് സീരീസിനും ഒരു ഗെയ്മിനും ഒക്കെ പ്രചോദനമായിട്ടുണ്ട് ഈ ചിത്രങ്ങള്‍. Ju On; The Beginning of the End എന്നപേരില്‍ കഴിഞ്ഞവര്‍ഷം പുറത്തുവന്ന ഈ സീരീസിലെ പത്താമത്തെ ചിത്രം ഒരു റീബൂട്ട് പോലെയായിരുന്നു, അതിന്റെ തുടര്‍ച്ചയായി വന്ന ചിത്രമാണ് ജു ഓണ്‍ ദ ഫൈനല്‍. ഇന്‍ഫെക്ഷന്‍ എന്ന നല്ലൊരു ജാപ്പനീസ് ഹൊറര്‍ ത്രില്ലറും, തായ് ഹൊറര്‍ ചിത്രമായ ഷട്ടറിന്റെ മോശം ഹോളിവുഡ് റീമേക്കും സംവിധാനം ചെയ്ത മസായുക്കി ഒച്ചിയായി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു വീട്ടില്‍ ഒരു കുടുംബത്തിലെ അമ്മയും മകനും കൊല്ലപ്പെടുകയും അവിടെ ഉടലെടുത്ത അവരുടെ ശാപം അവരുടെ ആത്മാക്കളായി ആ വീട്ടില്‍ വരികയോ അതുമായി എന്തെങ്കിലും ബന്ധം ഉണ്ടാവുകയോ ചെയ്യുന്ന ആളുകളെ വേട്ടയാടുന്നതും മറ്റുമാണ് കഥ. കഴിഞ്ഞ ഭാഗങ്ങളിലൊക്കെ കാണിച്ച അതേ സംഭവങ്ങള്‍ തന്നെയാണ് ഇതിലും. സാധാരണപ്രേതങ്ങളില്‍നിന്ന് വ്യത്യസ്തമായി വെറുതെ ആളുകളെ കൊല്ലുന്ന വൃത്തികെട്ട ശീലമാണ് ഈ പ്രേതങ്ങള്‍ക്ക്. വാതില്‍ അടയ്ക്കുമ്പോള്‍ ഉണ്ടാവുന്ന കരകരപ്പന്‍ ശബ്ദവും ചീഞ്ഞ വിളറിവെളുത്ത ശരീരവും ഈ പ്രേതങ്ങളുടെ പ്രത്യേകതയാണ്. അമ്മപ്രേതം സൗകര്യംപോലെ നിലത്ത് ഇഴയുകയോ നടക്കുകയോ ചെയ്യുമ്പോള്‍ മകന്‍പ്രേതം മിക്കവാറും ഒരു വെളുത്ത ജെട്ടി ഇട്ട് കണ്ണൊക്കെ എഴുതി കൊല്ലപ്പെടാന്‍ പോവുന്നവരുടെ വീട്ടില്‍ അലഞ്ഞുതിരിയുകയാണ് പതിവ്. ഈ ചിത്രത്തിലും പതിവുകള്‍ ഒന്നും തെറ്റിക്കുന്നില്ല. പേടിയെക്കാളേറെ ദേഷ്യവും വെറുപ്പും ആണ് ഈ പ്രേതങ്ങളോട് എന്നും തോന്നിയിട്ടുള്ളത്. ചിലചിത്രങ്ങളിലെ പ്രേതങ്ങളോടു ഒരു സിമ്പതി ഒക്കെ തോന്നുമെങ്കിലും ഈ പടത്തിലെ അളിഞ്ഞ പ്രേതങ്ങളെ കാണുമ്പോള്‍ ചവിട്ടിക്കൊല്ലാനാണ് തോന്നാറുള്ളത്. ഈ സീരീസിലെ അവസാനത്തെ ചിത്രം ആണെന്ന് അറിഞ്ഞപ്പോള്‍ ഏറെ വെറുക്കപ്പെട്ട ഈ പ്രേതങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാവും, ചിലപ്പോള്‍ ഇവയുടെ ആക്രമണങ്ങള്‍ അവസാനിക്കും എന്നൊക്കെ പ്രതീക്ഷിച്ചാണ് പോയതെങ്കിലും ഒരു ഒലക്കയും നടന്നില്ല. ചെക്കനും അമ്മയും ഇഴയുക, അലറുക, കതകുതുറക്കുന്നപോലത്തെ ശബ്ദം ഉണ്ടാക്കുക, ആളുകളെ കൊല്ലുക തുടങ്ങിയ തങ്ങളുടെ അലമ്പുപരിപാടികള്‍ തുടരുന്നിടത്ത് ചിത്രം അവസാനിക്കുന്നു. ഇവര്‍ ഇത് ഇപ്പോഴൊന്നും അവസാനിപ്പിക്കും എന്ന് തോന്നുന്നില്ല. എന്തായാലും തീയറ്ററിലെ തിരക്കും ആളുകളുടെ പ്രതികരണവും അടുത്തവര്‍ഷവും ഈ ഗ്രഡ്ജ് തുടരാനാണ് സാധ്യത. ഗ്രഡ്ജ് സീരീസിന്റെ ആരാധകര്‍ക്ക് ടോറന്റ് വരുമ്പോള്‍ വെറുതെ കാണാം, പ്രത്യേകിച്ച് പുതുമയൊന്നും ഇല്ല. കാണുന്നതിനുമുന്‍പ് Ju On; The Beginning of the End കാണുന്നത് നന്നായിരിക്കും.

YellowBrickRoad Movie Review

യെല്ലോബ്രിക്ക്റോഡ്‌ (YellowBrickRoad, 2010, English)
1940ല്‍ ഒരു ഗ്രാമത്തിലെ ജനങ്ങള്‍ മുഴുവനും ഒരു മലയ്ക്കുമുകളില്‍ യെല്ലോബ്രിക്ക്റോഡ്‌ എന്ന് അടയാളപ്പെടുത്തിയ വഴിയിലൂടെ കാട്ടിനുള്ളിലേക്ക് അജ്ഞാതമായ എന്തോ കാരണത്താല്‍ നടന്നുനീങ്ങുന്നു. പിന്നീട് അന്വേഷണത്തില്‍ അവരില്‍ ഒട്ടുമിക്കവരുടെയും മൃതദേഹങ്ങള്‍ തണുത്തുമരവിച്ചനിലയിലും, മൃഗീയമായി കീറിമുറിക്കപ്പെട്ടരീതിയിലും വീണ്ടെടുക്കപ്പെടുന്നു. എഴുപതുവര്‍ഷങ്ങള്‍ക്കുശേഷം ഒരുകൂട്ടം അന്വേഷകര്‍ ഇതിനുപിന്നിലെ രഹസ്യം അന്വേഷിച്ച് യെല്ലോബ്രിക്ക്റോഡിലൂടെ ഒരു യാത്ര നടത്തുകയും, അവിടെ വിചിത്രവും ഭീകരവുമായ അനുഭവങ്ങള്‍ അവരെ കാത്തിരിക്കുകയും ചെയ്യുന്നു. എന്തായിരുന്നു ഗ്രാമവാസികളുടെ യാത്രയുടെ ലക്ഷ്യം? അവര്‍ക്ക് എന്തുസംഭവിച്ചു?
ജെസ്സെ ഹോളണ്ട്, ആന്‍ഡി മിട്ടന്‍ എന്നിവര്‍ ചേര്‍ന്നാണ് യെല്ലോബ്രിക്ക്റോഡ്‌ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. Cassidy Freeman, Anessa Ramsey, Lee Wilkof, Laura Heisler, Clark Freeman തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലുടനീളം സംഘര്‍ഷഭരിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സംവിധായകര്‍ക്ക് സാധിച്ചിട്ടുണ്ട്. പല രംഗങ്ങളും പ്രേക്ഷകരില്‍ അസ്വസ്ഥത ഉണര്‍ത്തും. മുഴുവനായി ഹൊറര്‍ വിഭാഗത്തില്‍ പെടുത്താന്‍ സാധിക്കാത്ത ഈ ചിത്രത്തെ ഹൊറര്‍ മിസ്റ്ററി ജനുസ്സില്‍ പെടുത്താവുന്നതാണ്. ക്ലൈമാക്സിനോട് അനുബന്ധിച്ചുള്ള രംഗങ്ങള്‍ പ്രേക്ഷകനെ ചിലപ്പോള്‍ ആശയക്കുഴപ്പത്തില്‍ എത്തിച്ചേക്കാം, കാരണം പല ചോദ്യങ്ങള്‍ക്കും തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കാതെയാണ് ചിത്രം അവസാനിക്കുന്നത്. ഉത്തരങ്ങള്‍ നല്‍കാത്തതാണോ അതോ എനിക്ക് മനസ്സിലാവാത്തതാണോ എന്ന് എനിക്കറിയില്ല.
തരക്കേടില്ലാത്ത ഒരു ഹൊറര്‍ ത്രില്ലറാണ് യെല്ലോബ്രിക്ക്റോഡ്‌. കാണാന്‍ ശ്രമിക്കുക.
Note: ഈ ചിത്രം കണ്ടുകഴിഞ്ഞാല്‍ ഒരുപക്ഷേ ഗോണ്‍ വിത്ത് ദ വിന്റും വിസാര്‍ഡ് ഓഫ് ഓസും നമുക്ക് പഴയ കാഴ്ചപ്പാടില്‍ കാണാന്‍ സാധിച്ചെന്നുവരില്ല.

Friday, July 17, 2015

Bajrangi Bhaijaan Movie Review

ബജ്രംഗി ഭായ്ജാന്‍ (Bajrangi Bhaijaan, 2015, Hindi)
സംവിധായകന്‍ കബീര്‍ ഖാന്റെ നാലാമത്തെ ചിത്രമാണ് ബജ്രംഗി ഭായ്ജാന്‍. സല്‍മാന്‍ ഖാന്‍, റോക്ക്ലൈന്‍ വെങ്കടേഷ്, കബീര്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍, ഹര്‍ഷാലി മല്‍ഹോത്ര, നവാസുദ്ദീന്‍ സിദ്ദിഖി, കരീനാ കപൂര്‍ ഖാന്‍ തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റിലീസായ സല്‍മാന്‍ ഖാന്റെ ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രങ്ങള്‍ മിക്കതും കണ്ടതുകാരണം അതേ ലെവലിലുള്ള ഒരു സാധാരണ മസാല പടം, അത്രയേ ബജ്രംഗി ഭായ്ജാനില്‍ നിന്നും പ്രതീക്ഷിച്ചിരുന്നുള്ളൂ.. കബീര്‍ ഖാന്റെ കാബൂള്‍ എക്സ്പ്രസ്സും ന്യൂയോര്‍ക്കും ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഏക്‌ ഥാ ടൈഗര്‍ സാമാന്യം ബോറടിപ്പിച്ച ഒരു ചിത്രമായിരുന്നു. അതിനാല്‍ ആ ഒരു ലെവലൊക്കെ ഉള്ള ഒരു പടം ആവുമെന്നേ കരുതിയുള്ളൂ. എന്നാല്‍ പ്രതീക്ഷകളെയൊക്കെ മാറ്റിമറിച്ചുകൊണ്ട് നല്ലൊരു അനുഭവമാവുകയായിരുന്നു ബജ്രംഗി ഭായ്ജാന്‍. സല്‍മാന്‍ ഖാന്റെ കരിയറിലെതന്നെ ഏറ്റവും മികച്ച ഒന്നെന്ന് നിസ്സംശയം പറയാവുന്ന ഒരു ചിത്രം.
ചിത്രത്തിന്‍റെ ട്രൈലറില്‍ പറയുന്നപോലെതന്നെയാണ് കഥ മുന്നോട്ടുപോവുന്നത്. സംസാരശേഷിയില്ലാത്ത ഷാഹിദ എന്ന പാകിസ്ഥാനി പെണ്‍കുട്ടി ഒരു പ്രത്യേകസാഹചര്യത്തില്‍ ഡല്‍ഹിയിലുള്ള പവന്‍കുമാര്‍ ചതുര്‍വേദി അഥവാ ബജ്രംഗി എന്നയാളുടെ അടുത്ത് എത്തിച്ചേരുന്നു. കുട്ടിയെ തിരികെ അച്ഛനമ്മമാരുടെ അടുത്തെത്തിക്കാന്‍ ബജ്രംഗി നടത്തുന്ന ശ്രമങ്ങളും മറ്റുമാണ് ചിത്രത്തില്‍ പിന്നീട്. അത്യാവശ്യം പ്രവചനീയമായിത്തന്നെയാണ് കഥ മുന്നോട്ടുപോവുന്നത് എങ്കിലും മികച്ച ഹാസ്യരംഗങ്ങളും മറ്റും ഉള്‍പ്പെടുത്തിയതിനാല്‍ പ്രേക്ഷകര്‍ക്ക് ബോറടിക്കാതെ ചിത്രം കണ്ടിരിക്കാം. ചിത്രത്തിന്‍റെ പല ഘട്ടങ്ങളിലും cinematic freedom സംവിധായകന്‍ എടുത്തിട്ടുള്ളതിനാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് പ്രേക്ഷകന് തോന്നുമെങ്കിലും ആകെമൊത്തം ആസ്വദനീയമായ ഒരു ചിത്രംതന്നെയാണ് ഇത്.
ഒരു ആഘോഷചിത്രത്തിനുവേണ്ട ചേരുവകള്‍ മിക്കതും, അതേസമയം തന്നെ പ്രേക്ഷകനെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ ഉതകുന്ന ചേരുവകളും ചേര്‍ത്തുകൊണ്ടാണ് കബീര്‍ ഖാനും ടീമും ബജ്രംഗി ഭായ്ജാന്‍ ഒരുക്കിയിരിക്കുന്നത്. സല്‍മാന്‍ ഖാന്‍ കഴിഞ്ഞ കുറേ നാളായി അണിഞ്ഞിരുന്ന സൂപ്പര്‍ഹീറോ പരിവേഷത്തെ അഴിച്ചുവെയ്പ്പിച്ച് അദ്ദേഹത്തിന് ഒരു സാധാരണക്കാരന്റെ വേഷം നല്കിയതും പ്രശംസനീയമായി. അസീം മിശ്രയുടെ ഛായാഗ്രഹണം വളരെ മികച്ചുനിന്നു. പ്രീതത്തിന്റെ ഗാനങ്ങളും നല്ല നിലവാരം പുലര്‍ത്തി.
സല്‍മാന്‍ ഖാന്റെ കരിയറിലെ മികച്ച പ്രകടനങ്ങളില്‍ ഒന്നുതന്നെ ആണ് ഈ ചിത്രത്തിലേത്. സാധുവും സത്യസന്ധനുമായ ബജ്രംഗിയെ അദ്ദേഹം മനോഹരമാക്കി. അത്രയധികം അഭിനയിച്ചുതകര്‍ക്കാന്‍ ഉള്ള രംഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും കഥാപാത്രം ആവശ്യപ്പെടുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ അദ്ദേഹത്തിനുസാധിച്ചു. എന്നാല്‍ ശരിക്കുമുള്ള show stealer ഹര്‍ഷാലി മല്‍ഹോത്ര എന്ന കൊച്ചുമിടുക്കി ആയിരുന്നു. ചിത്രത്തില്‍ ആദ്യാവസാനം നിറഞ്ഞുനിന്ന മുന്നി അഥവാ ഷാഹിദ എന്ന കഥാപാത്രം ഹര്‍ഷാലിയുടെ കൈകളില്‍ സുരക്ഷിതമായിരുന്നു. വരുംദിനങ്ങളില്‍ ഈ കുട്ടി ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റും എന്നതില്‍ സംശയമില്ല. സല്‍മാന്‍ ഖാനുമായുള്ള കുട്ടിയുടെ chemistry അപാരമായിരുന്നു. വരും ചിത്രങ്ങളില്‍ ഏതിലെങ്കിലും ഇവര്‍ അച്ഛനും മകളുമായി അഭിനയിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. പുതിയതലമുറയിലെ മികച്ച സ്വഭാവനടന്മാരില്‍ ഒരാളായ നവാസുദ്ദീന്‍ സിദ്ദിഖിയും തന്റെ വേഷം ഭംഗിയാക്കി. ഇവര്‍ മൂന്നുപേരും ചേര്‍ന്നുള്ള ധാരാളം ഹാസ്യരംഗങ്ങള്‍ ചിത്രത്തില്‍ മികച്ചുനിന്നു. മറ്റുനടീനടന്മാരായ കരീനാ കപൂര്‍, ശരദ് സക്സേന, ഓം പുരി, രാജേഷ്‌ ശര്‍മ തുടങ്ങിയവരൊക്കെ തങ്ങളുടെ വേഷങ്ങള്‍ വേണ്ടവിധം നന്നാക്കി. സല്‍മാന്‍ ഖാന്റെ ഡ്യൂപ്പ് ആയി പ്രവര്‍ത്തിക്കുന്ന യുവാവിനെ ഒരു ചെറിയ വേഷത്തില്‍ കാണാന്‍ സാധിച്ചത് സന്തോഷമുളവാക്കി.
സ്ഥിരം ബോളിവുഡ് മസാലകള്‍ക്കിടയില്‍ അല്‍പം വേറിട്ടൊരു പരീക്ഷണം, അതാണ്‌ ഈ ചിത്രം. ചില predictable elements ഒഴിവാക്കിയിരുന്നെങ്കില്‍ ധീരമായ പരീക്ഷണം എന്ന് വിളിക്കാമായിരുന്ന ഒന്ന്. എന്നിരുന്നാലും നല്ലൊരു ഫീല്‍ ഗുഡ് entertainer തന്നെയാണ് ഈ ചിത്രം. അവിശ്വസനീയമായ സംഘട്ടനരംഗങ്ങളും, ഐറ്റം ഡാന്‍സും, പൈങ്കിളി പ്രണയവും ഒന്നും ഇല്ലാതെതന്നെ സാധാരണപ്രേക്ഷകന് ഇഷ്ടപ്പെടുന്ന ഒന്ന്. കാണാന്‍ ശ്രമിക്കുക.

Saturday, July 4, 2015

Strange Circus Movie Review

Strange Circus Poster
സ്ട്രെയ്ന്‍ജ് സര്‍ക്കസ് (Strange Circus, 2005, Japanese)
കോള്‍ഡ് ഫിഷ്‌, സുയ്സൈഡ് ക്ലബ്‌ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ Sion Sonoയുടെ മറ്റൊരു ചിത്രം. ധാരാളം incestഉം സൈക്കോ charactersഉം വിചിത്രമായ കഥാസന്ദര്‍ഭങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് Takashi Miikeന്റെ സിനിമകളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു ചിത്രം. Masumi Miyazaki മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം mindfucking movies ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്.
കഥ വിശദീകരിച്ചാല്‍ അതിന്റെ രസം പോവും എന്നതിനാല്‍ അത് പറയുന്നില്ല. എന്തായാലും നല്ലൊരു enjoyable drama ആണ് പടം. വയലന്‍സിന്റെയും സെക്സിന്റെയും അതിപ്രസരം കാണാമെങ്കിലും കഥ അങ്ങനത്തെ ആയതുകൊണ്ട് ആ രംഗങ്ങള്‍ ന്യായീകരിക്കപ്പെടുന്നു. കലാപരമായി മികച്ചുനില്‍ക്കുന്ന ഭ്രാന്തന്‍ പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ മിസ്സ്‌ ചെയ്യരുതാത്ത ഒരു പടം, കാണാന്‍ ശ്രമിക്കുക.