Wednesday, July 22, 2015

മുത്തശ്ശി ചൊല്ലിത്തന്ന നിത്യമന്ത്രങ്ങള്‍ / ശ്ലോകങ്ങള്‍

മുത്തശ്ശിയും ഞാനും കുഞ്ഞ്യോപ്പോളും

വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുത്തശ്ശി ചൊല്ലിത്തന്ന ചില ശ്ലോകശകലങ്ങള്‍ (ശ്ലോകം എന്നാണോ ഉദ്ധരണി എന്നാണോ ശകലം എന്നാണോ വിളിക്കേണ്ടത് എന്നറിയില്ല, സാദരം ക്ഷമിക്കുക) താഴെ കൊടുക്കുന്നു. മൂന്നോ നാലോ വയസ്സുമുതല്‍ എന്നും രാത്രി ഉറങ്ങുന്നതിനുമുന്‍പ് ഇവ ചൊല്ലാന്‍ ശ്രദ്ധിക്കാറുണ്ട്. ആര്‍ക്കെങ്കിലും ഉപകാരമാവുമെങ്കില്‍ സന്തോഷം. തെറ്റുകള്‍ ഉണ്ടെങ്കില്‍ പറഞ്ഞുതന്ന് സഹായിക്കൂ.
------------------------------------------
"ആലത്തിയൂരെ ഹനുമാനേ, പേടിസ്വപ്നം കാണരുതേ, പേടിസ്വപ്നം കണ്ടാലോ എന്നെ തട്ടിമുട്ടിഉരുട്ടി ഉണര്‍ത്തണേ"

പേടിസ്വപ്‌നങ്ങള്‍ കാണാതിരിക്കാനുള്ള മന്ത്രം. ആദ്യമൊക്കെ ആലത്തൂരെ ഹനുമാനേ എന്നാണ് മനസ്സിലാക്കിയിരുന്നത്, പിന്നെ കുറേക്കഴിഞ്ഞാണ് പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ അല്ല, മലപ്പുറം ജില്ലയിലെ ആലത്തിയൂരില്‍ ആണ് ഏറെ പ്രസിദ്ധമായ ഹനുമാന്‍ ക്ഷേത്രം ഉള്ളതെന്ന് മനസ്സിലാക്കിയത്.
------------------------------------------
"അര്‍ജുനന്‍, ഫല്‍ഗുനന്‍, പാര്‍ത്ഥന്‍, വിജയനും,
വിശ്രുതമായ പേര്‍ പിന്നെക്കിരീടിയും
ശ്വേതാശ്വനെന്നും, ധനഞ്ജയന്‍, ജിഷ്ണുവും
ഭീതീഹരം സവ്യസാചി, ഭീഭത്സുവും
പത്തുനാമങ്ങളും ഭക്ത്യാ ജപിക്കിലോ,
നിത്യം ഭയങ്ങളകന്നുപോം, നിശ്ചയം"

അര്‍ജുനന്റെ പത്തുനാമങ്ങള്‍ അടങ്ങിയ ശ്ലോകം. ഇതിന്റെ പല വകഭേദങ്ങള്‍ ഉണ്ടെന്ന് തോന്നുന്നു. നെറ്റില്‍ വെറുതെ സെര്‍ച്ച്‌ ചെയ്തപ്പോള്‍ ശ്വേതാശ്വനുപകരം ശ്വേതവാഹനന്‍ എന്നും കണ്ടു. പിന്നൊരു കാര്യം, ഇതിലെ നാലാമത്തെ വരിയിലെ 'ഭീതീഹരം' എന്നതിന് ഇത്രയും കാലം ഞാന്‍ 'പ്രീതീഹരം' എന്നാണ് ചൊല്ലിയിരുന്നത്. ഇന്ന് 'Randomwritez' എന്നൊരു ബ്ലോഗില്‍ ഈ ശ്ലോകം കണ്ടപ്പോഴാണ് 'ഭീതീഹരം' ആണെന്ന് മനസ്സിലായത്. ആലോചിച്ചാല്‍ കാര്യം ശരിയാണ്, പ്രീതിയെ അല്ല, മറിച്ച് ഭീതിയെ ആണല്ലോ ഹരിക്കേണ്ടത്.
------------------------------------------
"അഹല്യാ, ദ്രൗപദീ, സീതാ, താരാ, മണ്ഡോദരീ, തഥാ പഞ്ചകന്യസ്മരേ നിത്യം, സര്‍വ്വപാപവിനാശിനീം"

പഞ്ചകന്യമാരെ സ്മരിക്കാനുള്ള ശ്ലോകം. നെറ്റില്‍ വായിച്ചതുപ്രകാരം ചിലര്‍ സീതയ്ക്കുപകരം കുന്തിയെ പഞ്ചകന്യമാരില്‍ ഒരാളായി പറയാറുണ്ടത്രേ. അതൊരു പുതിയ അറിവായിരുന്നു.
------------------------------------------
"യാതൊരു കൃഷ്ണന്‍തന്റെ സുന്ദരവദനവും
ചേതോമോഹന മകരാകൃതി കുണ്ഡലവും
കണ്ടുകണ്ടാനന്ദിച്ച നാരിമാര്‍ നരന്മാര്‍ക്കും
ഉണ്ടായീലൊരുനാളും തൃപ്തിയെന്നല്ലോ കേള്‍പ്പൂ!
യാദവകുലേ പിറന്നമ്പാടി തന്നില്‍ച്ചെന്നു
മോദേനാ വാണു, ശത്രുസംഹാരം ചെയ്തുപിന്നെ,
സുന്ദരിമാരില്‍ ബഹുപുത്രന്മാരെ ജനിപ്പിച്ചു,
തന്നുടെ യശസ്സവനീ തലേ നിറച്ചിനാന്‍
ശക്രപുത്രനു നിശസ്സുണ്ടാക്കി നിജാപാദാ,
ഭക്തനാമുദ്ധവര്‍ക്കായിക്കൊണ്ടു ജ്ഞാനോപദേശം ചെയ്തു
രാമനുമൊരുമിച്ചു വൈകുണ്ഡം പുക്കൂ,
കോമളമൂര്‍ത്തിയായ കൃഷ്ണനു നമസ്കാരം!"

ഭാഗവതം മുഴുവന്‍ വായിച്ച ഫലമാണ് ഈ ഭാഗവതത്തിലെ ഈ ശ്ലോകം/ ഉദ്ധരണി ചൊല്ലുന്നതുകൊണ്ട് ലഭിക്കുക എന്ന് പണ്ട് മുത്തശ്ശി പറഞ്ഞുതന്നിരുന്നു.
------------------------------------------
"അടിഗരുഡന്‍, മുടിഗരുഡന്‍, ചുറ്റും ഗരുഡന്‍, ശ്രീ ഗരുഡായ നമ:"

ഗരുഡന്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ നമ്മെ സംരക്ഷിക്കും എന്ന വിശ്വാസത്തിലാണ് ഇത് ചൊല്ലുന്നതത്രേ.
------------------------------------------
"ചുറ്റും ഗരുഡന്‍, മുറ്റും ഗരുഡന്‍, പിന്‍പും ഗരുഡന്‍, മുന്‍പും ഗരുഡന്‍, തലയ്ക്കലും ഗരുഡന്‍, കാല്‍ക്കലും ഗരുഡന്‍, ഗരുഡായ നമ:"

തൊട്ടുമുന്‍പത്തെ ശ്ലോകത്തിന്റെ ഒരു extended version. ഇത് മുത്തശ്ശി പറഞ്ഞുതന്നതല്ല, വേറെ എവിടുന്നോ കയറിക്കൂടിയതാണെന്നാണ് ഓര്‍മ്മ. എവിടുന്നാണെന്ന് ഒരു പിടിയും ഇല്ല.
------------------------------------------

No comments:

Post a Comment