ലോഹിതദാസ് രചിച്ച് ഹരികുമാര്‍ സംവിധാനം ചെയ്ത ഉദ്യാനപാലകന്‍ എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രണയചിത്രങ്ങളില്‍ ഒന്നാണിത്. സുധാകരന്‍നായരായി മമ്മൂട്ടിയും ഇന്ദുവായി കാവേരിയും ഡോക്ടര്‍ രാംമോഹനായി ബിജു മേനോനും അഭിനയിച്ചിരിക്കുന്നു.
(പുറത്ത് സുധാകരന്‍നായര്‍ കാത്തുനില്‍ക്കുന്നുണ്ടെന്നറിഞ്ഞ് അദ്ദേഹത്തെ കാണാനായി വീടിനുപുറത്തേയ്ക്ക് കടന്നുവരുന്ന ഇന്ദു. സുധാകരനെ കണ്ടതും തേങ്ങിക്കൊണ്ട് അയാളുടെ അടുത്തേയ്ക്ക് ഇന്ദു ഓടിച്ചെല്ലുന്നു.)
സുധാകരന്‍: മൂന്നാലുദിവസംകൊണ്ട് കുട്ടി വല്ലാണ്ടായിപ്പോയല്ലോ..
(തേങ്ങുന്ന ഇന്ദു)
സുധാ: കരയണ്ടാ, ഞാന്‍ പറയണത് സമാധാനായിട്ട് കേള്‍ക്കണം.. എന്തിനാ കരയണേ.. നമ്മളെ ഓര്‍ത്ത് എത്രപേരാ ദുഃഖിക്കണേ. നമ്മളൊക്കെ മനുഷ്യരാ, ചെലപ്പൊ തെറ്റുപറ്റും, അറിഞ്ഞും അറിയാതെയും. തെറ്റാണെന്ന് തോന്നുമ്പോള്‍ അത് തിരുത്താന്‍ നോക്കുക, അത്രയേ ചെയ്യാനുള്ളൂ.
ഇന്ദു: ഞാനിപ്പഴും വരാന്‍ തയ്യാറാ, എന്നെ കൊണ്ടുപുവ്വില്ലേ?
സുധാ: എങ്ങട്? ഒരു ഹാന്റികാപ്ഡ് എക്സ് സര്‍വീസ്മാന്റെ കൂടെയോ? ഓരോന്നിനും ഓരോ യോഗണ്ട്, ചേര്‍ച്ചണ്ട്.. ഈ കാക്കേടെ കൂട്ടില് കുയില് മുട്ടയിടണത് കേട്ടിട്ടില്ലേ
(പശ്ചാത്തലത്തില്‍ ദൂരെ എവിടെനിന്നോ ഒരു കുയിലിന്റെ കൂജനം)
സുധാ: (തുടരുന്നു) വിരിഞ്ഞ് കുഞ്ഞാവണതുവരെ കുയില് കരുതണതെന്താ? ന്റെ കുട്ടി. ന്നാ കാക്കയ്ക്ക് അറിയാഞ്ഞിട്ടാണോ? അല്ല.. വളരുമ്പോ കുയിലിനെപ്പോലെ കൂവുംന്നും പറന്നുപോവുംന്നും ഒക്കെ അറിയാം. അതിന് വെഷമിച്ചിട്ട് കാര്യല്ല്യ..
(തേങ്ങുന്ന ഇന്ദു)
സുധാ: (തുടരുന്നു) അച്ഛനും ഡോക്ടര്‍ ദാമോദരനും ഒക്കെ എന്നോട് സംസാരിച്ചു. ആലോചിച്ചപ്പോ അവര് പറയണത് വളരെ ശര്യാ. തെറ്റുപറ്റിയത് നമുക്കാ. അമ്മുന്ദു കുട്ട്യന്നെയാ, തെറ്റുപറ്റും. ഞാനതാണോ, നന്ദികേടാ കാട്ട്യേ. ഇപ്പൊ, എനിക്കന്നെ എന്നോട് ദേഷ്യം തോന്ന്വാ.
ഇന്ദു: (വിതുമ്പിക്കൊണ്ട്) എനിക്ക് തെറ്റുപറ്റീട്ടില്യ.
സുധാ: നമ്മുടെ തെറ്റുകള് നമ്മളെക്കാള്‍ വേഗത്തില് മനസ്സിലാവുക മറ്റുള്ളോര്‍ക്കാ. നമുക്ക് അത് ഏറ്റവും അവസാനേ മനസ്സിലാവൂ. ഓരോ ജന്മത്തിലും നമുക്ക് ഓരോ വിധിയാ. ഈ ജന്മത്തില് മുല്ലശ്ശേരിയിലെ കുട്ടിയായിട്ടു ജനിച്ച്, ഡോക്ടര്‍ രാംമോഹന്റെ ഭാര്യയായിട്ട്, നല്ല അന്തസ്സും ബഹുമാനോം ഒക്കെ കിട്ടി, സൗഭാഗ്യവതിയായിട്ട് കഴിയാനാ കുട്ടിടെ വിധി. എന്റെയാണെങ്കിലോ, ഓരോ മുട്ടവിരിഞ്ഞും കുയിലുകള്‍ പറന്നുപോവണത് കാണാന്‍, കുറേ പൂക്കള് വളര്‍ത്താന്‍, അതിന്റെ കാവല്‍ക്കാരനായി സുഖായിട്ട് കഴിയാന്‍. തലേല് വരച്ചിട്ടുണ്ടേയ്!
(പകച്ചുനില്‍ക്കുന്ന ഇന്ദുവിനഭിമുഖമായി നടന്നുവന്നുകൊണ്ട്)
സുധാ: അടുത്ത ജന്മത്തില്, ഒരു കുതിരയെ ഒക്കെ വാങ്ങി, ഒരു മന്ത്രികുമാരനെപ്പോലെ വന്ന്, രാജകുമാരിയെ രക്ഷിച്ചുകൊണ്ട് പോവും. ആ ജന്മത്തേക്ക് ഓര്‍ത്തുവെയ്ക്കാന്‍ ഞാനൊരു സമ്മാനം തരാം.
(ചുറ്റുമതിലില്‍ വെച്ചിരിക്കുന്ന പൊതിയില്‍നിന്ന് ഒരു ചെമ്പനീര്‍പ്പൂവ് എടുക്കുത്ത് ഇന്ദുവിനുനേരെ നീട്ടിക്കൊണ്ട്)
സുധാ: ഇത് വാങ്ങുക, ഇത്.. എന്റെ മനസ്സാണ്.. ഇതിലെ ഇതളുകള് കൊഴിഞ്ഞുപോവും, എന്റെ ജീവിതം പോലെ. പക്ഷേ, ഈ ഓര്‍മ്മ ണ്ടല്ലോ, അത് ഇണ്ടാവണം. അടുത്തജന്മത്തേയ്ക്ക്.
(പൂവ് ഇന്ദുവിന്റെ കയ്യില്‍ നല്‍കിക്കൊണ്ട് 'പോട്ടെ' എന്ന് കണ്ണുകള്‍കൊണ്ടുമാത്രം പറഞ്ഞ് സുധാകരന്‍ ഇന്ദുവില്‍നിന്ന് നടന്നകലുന്നു. തിരിഞ്ഞുനോക്കാതെ നടന്നുപോവുന്ന സുധാകരന്റെ അടുത്തേയ്ക്ക് വിതുമ്പിക്കൊണ്ട് ഓടാന്‍ ശ്രമിക്കുന്ന ഇന്ദുവിനെ ഡോക്ടര്‍ രാംമോഹന്‍ തടയുന്നു. വിതുമ്പിക്കൊണ്ട് രാംമോഹന്റെ നെഞ്ചിലേക്ക് തലചായ്ക്കുന്ന ഇന്ദു. സുധാകരന്‍ തിരിഞ്ഞുനോക്കാതെ നടന്നകലുന്നു, വിദൂരതയിലേക്ക്.)
No comments:
Post a Comment