ദ പീനട്ട്സ് മൂവി (The Peanuts Movie, 2015, English)
Charles Monroe Schulzന്റെ ലോകപ്രശസ്തമായ പീനട്ട്സ് കോമിക് സ്ട്രിപ്പുകളെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ആനിമേഷന്‍ ചിത്രമാണ് പീനട്ട്സ് മൂവി. Horton hears a who?, Ice Age: Continental Drift എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ സ്റ്റീവ് മാര്‍ട്ടിനോ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പീനട്ട്സിനെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ആറാമത്തെ മുഴുനീളചലച്ചിത്രമാണ് ഇത്. മുപ്പത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഈ സീരീസിലെ ഇതിനുമുന്‍പത്തെ ചലച്ചിത്രം പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ സാങ്കേതികപരമായി മറ്റുചിത്രങ്ങളില്‍നിന്ന് ഏറെ മുന്നിലാണ് ഈ ചിത്രം.ചില രാജ്യങ്ങളില്‍ Snoopy and Charlie Brown: The Peanuts Movie എന്നപേരിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.
ചാര്‍ലി ബ്രൌണ്‍ എന്ന കുട്ടിയുടെയും ചാര്‍ലിയുടെ വളര്‍ത്തുനായ സ്നൂപ്പിയുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ടുപോവുന്നത്. കൂട്ടുകാര്‍ക്കിടയിലും സ്കൂളിലും അപഹാസ്യനായ ചാര്‍ലി ഒരുദിവസം അടുത്തവീട്ടിലേക്ക് താമസംമാറിയ ചുവപ്പുമുടിയുള്ള പെണ്‍കുട്ടിയില്‍ അനുരക്തനാകുന്നു. എന്നാല്‍ അവരോട് സംസാരിക്കുന്നതില്‍നിന്ന് ചാര്‍ലിയുടെ അപകര്‍ഷത ചാര്‍ലിയെ പിന്നോട്ടുവലിയ്ക്കുന്നു. സ്നൂപ്പിയും ചാര്‍ലിയുടെ ഇളയസഹോദരിയായ സാലിയും ചാര്‍ലിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിവത് പരിശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. അങ്ങനെ രസകരമായ പലവിധ misadventuresലൂടെയും മറ്റും ചിത്രം മുന്നോട്ടുപോകുന്നു. വളരെ light ആയി നീങ്ങുന്ന കഥ ഒരിക്കല്‍പ്പോലും ഒരുപരിധിയില്‍ അപ്പുറം സീരിയസ് ആകുന്നില്ല. കുട്ടികളുടെ ജീവിതവും മറ്റും നല്ലരീതിയില്‍ത്തന്നെ വരച്ചുകാട്ടിയിരിക്കുന്നു സംവിധായകന്‍. എന്നാല്‍, പ്രധാനകഥയില്‍നിന്നുമാറി സ്നൂപ്പിയുടെ ചില ഭാവനകളും സാങ്കല്‍പ്പികയാത്രകളും മറ്റും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് മനസ്സിലായില്ല. ഇതിനുമുന്‍പത്തെ പീനട്ട്സ് ചിത്രങ്ങളോ കാര്‍ട്ടൂണുകളോ കണ്ടാല്‍ ഒരുപക്ഷേ ഇതിന്റെ കാരണം മനസ്സിലായേക്കാം.
പൂര്‍ണ്ണമായും കുട്ടികളുടെ രീതിയില്‍ ചിന്തിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് ഇതെന്ന് കുട്ടികളെപ്പോലെത്തന്നെ പെരുമാറുന്ന കഥാപാത്രങ്ങളെ കാണുമ്പോള്‍ മനസ്സിലാക്കാം. അവരുടെ നിഷ്കളങ്കതയോ കൗതുകമോ ഒന്നും നഷ്ടപ്പെടുത്താതെയുള്ള പാത്രസൃഷ്ടി മികച്ചുനിന്നു. എല്ലാ കുട്ടികളും ഏറെ loveable ആയിരുന്നു. രണ്ടുപേരുടെ ശബ്ദങ്ങള്‍ ഒഴിച്ച് ചിത്രത്തിലുടനീളം ഒരു adult പോലും ഇല്ലെന്നതും ഒരു പ്രത്യേകതയായിരുന്നു. കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയവര്‍ എല്ലാവരും തങ്ങളുടെ ജോലി ഭംഗിയാക്കി. സ്നൂപ്പിയുടെയും സ്നൂപ്പിയുടെ വളര്‍ത്തുപക്ഷിയായ വുഡ്സ്റ്റോക്കിന്റെയും ശബ്ദങ്ങള്‍ നല്‍കിയത് മരിച്ചുപോയ voice artist Bill Melendez ആണ്. അദ്ദേഹത്തിന്റെ ശബ്ദം ചിത്രത്തിനായി പഴയ പീനട്ട്സ് റെക്കോര്‍ഡിംഗുകളില്‍നിന്ന് എടുക്കുകയാണ് ഉണ്ടായത്. വളരെ മികച്ച പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ പ്രത്യേകതയാണ്.
കുട്ടികളുടെ ഷൂസ് അണിഞ്ഞ് ഒരു പുഞ്ചിരിയോടെ കാണാവുന്ന രസകരമായൊരു ചിത്രമാണ് പീനട്ട്സ് മൂവി. പല രംഗങ്ങളും നിങ്ങളില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയേക്കാം. ആനിമേഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.
No comments:
Post a Comment