Thursday, March 31, 2016

10 Cloverfield Lane Movie Review

10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍ (10 Cloverfield Lane, 2016, English)
2008ല്‍ ക്ലോവര്‍ഫീല്‍ഡ് എന്നൊരു ചിത്രം പുറത്തിറങ്ങി. സവിശേഷമായ promotion രീതികള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ monster movie വലിയൊരു വിജയമാവുകയായിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ ലെറ്റ്‌ മി ഇന്‍, പ്ലാനെറ്റ് ഓഫ് ഏപ്സ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എന്നാല്‍ വളരെ രഹസ്യമായി ക്ലോവര്‍ഫീല്‍ഡിന് ഒരു തുടര്‍ച്ച അണിയറയില്‍ മറ്റൊരു സംവിധായകന്റെ കീഴില്‍ ഒരുങ്ങുന്നുണ്ടായിരുന്നു. ചിത്രത്തിന്റെ റിലീസിനു രണ്ടുമാസം മുന്‍പുമാത്രമാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതുതന്നെ. 10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍ എന്ന് പേരിട്ട ചിത്രം ക്ലോവര്‍ഫീല്‍ഡിന്റെ പൂര്‍ണ്ണമായൊരു തുടര്‍ച്ച അല്ലെങ്കിലും അതുമായി രക്തബന്ധം പുലര്‍ത്തുന്ന ഒന്നാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്. Dan Trachtenberg സംവിധാനം ചെയ്ത് Mary Elizabeth Winstead, John Goodman, John Gallagher Jr തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രം മാര്‍ച്ച്‌ 11ന് റിലീസ് ആവുകയും മികച്ച അഭിപ്രായത്തോടെ വിജയത്തിലേക്ക് കുതിക്കുകയും ചെയ്തു. ആദ്യചിത്രത്തിനുശേഷം സമീപഭാവിയില്‍ എപ്പോഴോ ആണ് ഈ ചിത്രത്തിലെ സംഭവങ്ങള്‍ അരങ്ങേറുന്നത്.

തന്റെ ബോയ്‌ഫ്രണ്ടിനെ കാണാനായി കാറില്‍ പോവുകയായിരുന്ന മിഷേല്‍ എന്ന യുവതി ഒരു ആക്സിഡന്റില്‍പ്പെടുന്നു. പിന്നീട് ബോധം തിരിച്ചുകിട്ടുമ്പോള്‍ അജ്ഞാതമായൊരിടത്ത് മുറിവുകള്‍ പരിചരിക്കപ്പെട്ടനിലയില്‍ സ്വയം കാണുന്ന മിഷേലിനെ തുടര്‍ന്നുനേരിട്ടത് അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ ആയിരുന്നു. തുടര്‍ന്ന്‍ മിഷേലിന്റെയും മിഷേലിനെ അവിടെ സംരക്ഷിക്കുന്നവരുടെയും ജീവിതങ്ങളില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്. ഇനിയെന്തുസംഭവിക്കും എന്നുള്ള ആകാംക്ഷ പ്രേക്ഷകമനസ്സുകളില്‍ സൃഷ്ടിക്കാന്‍ ചിത്രത്തിലുടനീളം സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെതന്നെയാണ് ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നത്.
പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. മിഷേലിനെ അവതരിപ്പിച്ച Mary Elizabeth Winstead കഴിവുള്ളൊരു നടിയാണ് താന്‍ എന്ന് വീണ്ടും തെളിയിച്ചു. മറ്റുസാങ്കേതികവിഭാഗങ്ങളിലെല്ലാം ചിത്രം മികച്ചനിലവാരം പുലര്‍ത്തി.
ചുരുക്കത്തില്‍ നല്ലൊരു ത്രില്ലറാണ് 10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം. കാണാന്‍ ശ്രമിക്കുക.
#ShyamNTK

Friday, March 25, 2016

They're Watching Movie Review

ദേ ആര്‍ വാച്ചിംഗ് (They're watching, 2016, English)
Jay Lender, Micah Wright എന്നീ ഇരട്ടസംവിധായകരുടെ കന്നിച്ചിത്രമാണ്‌ ദേ ആര്‍ വാച്ചിംഗ്. Brigid Brannagh, Mia Faith, Kris Lemche, David Alpay തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണ്. ഒരു ടെലിവിഷന്‍ ഷോ ചിത്രീകരിക്കാനായി മോള്‍ഡോവയിലെ ഒരു ഗ്രാമത്തിലേക്ക് ചെല്ലുന്ന ഷൂട്ടിംഗ് ക്രൂവിന് നേരിടേണ്ടിവരുന്ന വിചിത്രമായ ദുരനുഭവങ്ങളെക്കുറിച്ചുള്ള ചിത്രമാണിത്.
അധികം വികസനമൊന്നും കടന്നുചെന്നിട്ടില്ലാത്ത ഒരു കൊച്ചുയൂറോപ്യന്‍ ഗ്രാമമാണ് പാവ്ലോവ്ക. വിചിത്രങ്ങളായ പല ആചാരാനുഷ്ഠാനങ്ങളും പിന്തുടരപ്പെടുന്ന, ഇരുന്നൂറോളം മാത്രം ജനസംഖ്യയുള്ള ഗ്രാമം. അവിടേയ്ക്ക് തങ്ങളുടെ ടിവി ഷോയുടെ ഒരു എപ്പിസോഡ് ഷൂട്ട്‌ ചെയ്യാനായി എത്തിയതാണ് ടെലിവിഷന്‍ പ്രൊഡ്യൂസര്‍ കേയ്റ്റും സംഘവും. ഗ്രാമത്തില്‍നിന്നല്‍പ്പം വിട്ടുമാറിയുള്ള ഒരു വീട്ടില്‍ ഷൂട്ടിംഗ് നിര്‍വഹിച്ച് തിരിച്ചുപോവുക എന്നലക്ഷ്യം മാത്രമുണ്ടായിരുന്ന അവരെ പക്ഷേ ആ ഗ്രാമത്തില്‍ കാത്തിരുന്നത് ഭീകരമായ മറ്റുചില പ്രശ്നങ്ങളായിരുന്നു. ആ പ്രശ്നങ്ങളില്‍നിന്ന് അവര്‍ രക്ഷപ്പെടുമോ, ഗ്രാമവാസികളുടെ വിചിത്രമായ പെരുമാറ്റത്തിന്റെ പിന്നിലെ കാരണമെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് കഥ പുരോഗമിക്കുമ്പോള്‍ പ്രേക്ഷകന് കാണാനാവുക.
പല ഫൗണ്ട് ഫൂട്ടേജ് ചിത്രങ്ങളിലെയും പോലെ കഥാപാത്രങ്ങളെ introduce ചെയ്യാനും അവരെ പ്രേക്ഷകര്‍ക്ക് പരിചിതരാക്കാനും ഏറെ സമയമെടുക്കുന്നുണ്ട് ഈ ചിത്രവും. എന്നാല്‍ വരാന്‍ പോവുന്ന സംഭവങ്ങളിലേക്ക് വ്യംഗ്യമായി വിരല്‍ചൂണ്ടുന്നുമുണ്ട് ഇതിനിടയിലുള്ള പല സംഭവങ്ങളും. പ്രേക്ഷകമനസ്സുകളില്‍ ഇടയ്ക്കൊക്കെ ഒരു അസ്വസ്ഥത ഉണര്‍ത്തി മുന്നോട്ടുപോവുന്ന ചിത്രത്തിന്റെ ഗതി അവസാനത്തോടടുക്കുമ്പോള്‍ മറ്റൊരുദിശയിലേക്ക് മാറുന്നു, ചിത്രത്തിന്റെ അവസാനത്തെ അരമണിക്കൂറോളം നേരം വളരെ ത്രില്ലിംഗാണ്. ബജറ്റ് ഇല്ലായ്മ പല ഗ്രാഫിക്സ് രംഗങ്ങളിലും മുഴച്ചുനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും അത്ര പ്രശ്നമായി തോന്നിയില്ല. അപ്രതീക്ഷിതമായരീതിയിലുള്ള ഒരു അന്ത്യമാണ് ചിത്രത്തിനുള്ളത്. അത്യാവശ്യം ത്രില്ലിംഗ് ആയൊരു ഹൊറര്‍ ചിത്രം കണ്ട സംതൃപ്തി മനസ്സില്‍ ഉണര്‍ത്താന്‍ ചിത്രത്തിനുസാധിച്ചു. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരൊക്കെ തെറ്റില്ലാത്ത പ്രകടനം കാഴ്ചവെച്ചു. അത്രയ്ക്ക് അഭിനയിച്ചുതകര്‍ക്കാനുള്ള സന്ദര്‍ഭങ്ങള്‍ ഒന്നുംതന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഉള്ളരംഗങ്ങളൊക്കെ മോശമാക്കാതെതന്നെ എല്ലാവരും ചെയ്തു. ഇടയ്ക്കൊക്കെ വന്നുപോവുന്ന one liners പലതും രസകരമായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിലും, പല രംഗങ്ങളിലും 80sലെ ലൊ ബജറ്റ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഹോമേജ് നല്‍കിയത് interesting ആയിത്തോന്നി.
പല ബിഗ്‌ ബജറ്റ് ഹൊറര്‍ ത്രില്ലറുകളും ഒരു Impactഉം ഉണ്ടാക്കാതെ കടന്നുപോകുന്ന ഇക്കാലത്ത് അവയെക്കാളുമൊക്കെ മെച്ചപ്പെട്ട, അത്യാവശ്യം ത്രില്ലിംഗ് ആയൊരു അനുഭവമായിരുന്നു ദേ ആര്‍ വാച്ചിംഗ്. ലൊ ബജറ്റ് ഹൊറര്‍ ത്രില്ലറുകളുടെ ആരാധകരുടെ മനസ്സുനിറയ്ക്കാന്‍പോന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം.

Thozha Movie Review

തോഴ (Thozha, 2016, Tamil)
ബൃന്ദാവനം, യെവടു തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം വംശി പൈദിപ്പള്ളി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് തോഴാ. തെലുങ്കില്‍ ഊപ്പിരി എന്നപേരിലും തമിഴില്‍ തോഴാ എന്നപേരിലും ചിത്രീകരിക്കപ്പെട്ട ചിത്രത്തില്‍ നാഗാര്‍ജുന, കാര്‍ത്തി, തമന്ന, പ്രകാശ് രാജ് തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തി. ഫ്രഞ്ച് ചിത്രമായ ഇന്‍ടച്ചബിള്‍സിന്റെ ഒഫിഷ്യല്‍ remake ആയ തോഴ മലയാളനടിയായ കല്‍പനയുടെ അവസാനചിത്രംകൂടിയാണ്. ശരീരം തളര്‍ന്ന ഒരു ധനികനായ മനുഷ്യന്റെയും അയാളുടെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലപ്പെടുത്തിയ ഒരു ചെറുപ്പക്കാരന്റെയും ഹൃദയബന്ധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്.
ജയിലില്‍നിന്ന്‍ പരോളില്‍ പുറത്തിറങ്ങിയ സീനു നല്ലനടപ്പിനായി പല ജോലികളും തേടുന്നു. അങ്ങനെയിരിക്കെ വിക്രമാദിത്യ എന്ന ശരീരം തളര്‍ന്നുകിടക്കുന്ന ധനികനെ പരിപാലിക്കാനുള്ള ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ സീനു attend ചെയ്യുന്നു. അപ്രതീക്ഷിതമായി ആ ജോലി ലഭിച്ച സീനു അവിടെ ജോലിയ്ക്കുകയറുകയും നല്ലൊരു ബന്ധം കാലക്രമേണ സീനുവും വിക്രവും തമ്മില്‍ ഉടലെടുക്കുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രത്തില്‍ പ്രേക്ഷകന് കാണാന്‍ സാധിക്കുക. ഏതാണ്ട് മൂന്നുമണിക്കൂറോളം ദൈര്‍ഘ്യമുണ്ടെങ്കിലും ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രംതന്നെയാണ് തോഴാ. Over dramatic ആക്കാതെ ഒരുക്കിയ വൈകാരികരംഗങ്ങളും, കുറിയ്ക്കുകൊള്ളുന്ന ഹാസ്യവും നല്ലരീതിയില്‍ ഫലംകണ്ടു. മുന്‍ചിത്രങ്ങളില്‍നിന്ന് സംവിധായകന്‍ ഒരുപാട് മുന്നോട്ടുവന്നിട്ടുണ്ടെന്ന കാര്യം ചിത്രത്തിലുടനീളം വ്യക്തമാണ്. ഭാഷാപരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഒറിജിനലിനോട് നീതിപുലര്‍ത്തുന്നരീതിയിലുള്ള ഒരു റീമേക്ക് തന്നെയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും ഒരു ദ്വിഭാഷാചിത്രം ഒരുക്കിയപ്പോള്‍ അവിടെയുമിവിടെയും ചില്ലറ ഡബ്ബിങ്ങ് പ്രശ്നങ്ങളും മറ്റും സംഭവിച്ചിരുന്നു, എങ്കിലും അതൊക്കെ മറന്നുകളയാവുന്നതേ ഉള്ളൂ. പ്രധാനനടീനടന്മാരേക്കൊണ്ടൊക്കെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കാര്‍ത്തിയും നാഗാര്‍ജുനയും പ്രകാശ്‌ രാജുമൊക്കെ സ്വാഭാവികമായി, വളരെ ഈസി ആയാണ് തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തത്. പ്രത്യേകിച്ച് ഹാസ്യരംഗങ്ങളൊക്കെ കാര്‍ത്തി പ്രതീക്ഷിച്ചതിലും നല്ലരീതിയില്‍ ചെയ്തു. ഏറെ മിതത്വം നിറഞ്ഞ പ്രകടനമായിരുന്നു നാഗാര്‍ജുനയുടേത്. സ്ഥിരം eye candy റോളുകളില്‍നിന്ന് തമന്നയ്ക്ക് അല്‍പമെങ്കിലും മോചനം കിട്ടിയിരിക്കുന്നു ഈ ചിത്രത്തില്‍. മറ്റുവേഷങ്ങളില്‍ വന്ന കല്‍പനയും ജയസുധയുമൊക്കെ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഒന്നുരണ്ട് അതിഥിതാരങ്ങളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്, സ്പോയിലര്‍ ആകാമെന്നതിനാല്‍ ആരൊക്കെയാണെന്ന് പറയുന്നില്ല. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയത് ഗോപിസുന്ദര്‍ ആണ്, തന്റെ ജോലി അദ്ദേഹം ഭംഗിയാക്കി. മദന്‍ കര്‍ക്കി രചിച്ച ഗാനങ്ങളുടെ വരികള്‍ പലതും മികച്ചുനിന്നു, പി.എസ്.വിനോദിന്റെ ഛായാഗ്രഹണവും ഉന്നതനിലവാരം പുലര്‍ത്തി.
ചുരുക്കിപ്പറഞ്ഞാല്‍ ഒട്ടും മടുപ്പിക്കാത്ത, ആസ്വദിച്ചുകണ്ടിരിക്കാവുന്ന നല്ലൊരു ചിത്രമാണ് തോഴ. മിക്ക തമിഴ് മുഖ്യധാരാ ഫോര്‍മുലാചിത്രങ്ങളില്‍നിന്നും വ്യത്യസ്തമായി അധികം മസാല ചുവയ്ക്കാത്ത, ശരാശരി പ്രേക്ഷകന് ആസ്വദിക്കാനാവുംവിധം പാകത്തിന് രുചിയുള്ള ഒരു ചിത്രം. കാണാന്‍ ശ്രമിക്കാം.

iGirl Movie Review

ഐഗേള്‍ (iGirl, 2016, Cantonese)
Jia Wei Kan സംവിധാനം ചെയ്ത് Ekin Cheng, Chrissie Chau, Dominic Ho, Connie Man തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ പുതിയചിത്രമാണ് ഐഗേള്‍. ഒരു റൊമാന്റിക് സയന്‍സ് ഫിക്ഷന്‍ കോമഡിയാണ് ഐഗേള്‍. രസകരമായ ട്രെയിലര്‍ ആണ് ഈ ചിത്രം കാണാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്തായാലും ആദ്യമായി ഒരു ചിത്രം തീയറ്ററില്‍ ഒറ്റയ്ക്കിരുന്നുകാണാനുള്ള ഭാഗ്യം എനിക്ക് ഈ ചിത്രംമൂലം ഉണ്ടായി. 150-200 സീറ്റിംഗ് കപ്പാസിറ്റി ഉള്ള തീയറ്ററില്‍ പൂര്‍ണ്ണമായും ഒറ്റയ്ക്കിരുന്നാണ് ഈ ചിത്രം ഞാന്‍ കണ്ടത്. പേരിനൊരു ഐഎംഡിബി പേജ് ഉണ്ടെന്നതൊഴിച്ചാല്‍ ഈ ചിത്രത്തിന്റെ കൂടുതല്‍ കാര്യമായ വിവരങ്ങളൊന്നും ഇന്റര്‍നെറ്റിലും ലഭ്യമല്ല.
വിവിധകാരണങ്ങളാല്‍ ബ്രേക്കപ്പ് ആയ മൂന്നുസുഹൃത്തുക്കള്‍, അവരില്‍ ഒരാളുടെ കമ്പ്യൂട്ടറില്‍ ഒരുദിവസം 'iGirl' എന്ന വെബ്‌സൈറ്റ് തന്നത്താനെ തുറക്കപ്പെടുന്നു. ആ വെബ്സൈറ്റ് വഴി ഒരു ഐഗേളിനെ അയാള്‍ ഓര്‍ഡര്‍ ചെയ്യുകയും രണ്ടുദിവസം കഴിയുമ്പോള്‍ അയാളുടെ വീട്ടില്‍ ഓര്‍ഡര്‍ ചെയ്ത പാക്കേജ് എത്തിച്ചേരുകയും ചെയ്യുന്നു. പാക്കേജ് തുറന്ന് അതിലെ instructions പ്രകാരം അതിനുള്ളിലെ മനുഷ്യസമാനമായ രൂപത്തെ എട്ടുമണിക്കൂര്‍ ചൂടുവെള്ളത്തില്‍ മുക്കിവെച്ച അയാളെ രാവിലെ വരവേറ്റത് മാംസവും മജ്ജയുമുള്ള, സര്‍വാംഗസുന്ദരിയായ ഒരു റോബോട്ട് ആയിരുന്നു. കാഴ്ചയില്‍ മനുഷ്യനെപ്പോലെതന്നെ ഇരിക്കുന്ന, എല്ലാ ജോലിയും ഞൊടിയിടയില്‍ perfect ആയി ചെയ്യാനുള്ള കഴിവുള്ള ഒന്നാന്തരം ഒരു മനുഷ്യറോബോട്ട്. അതിനെത്തുടര്‍ന്ന് അയാളുടെ സുഹൃത്തുക്കളും ഓരോ പെണ്‍റോബോട്ടുകളെ ഓര്‍ഡര്‍ ചെയ്യുന്നു, അവര്‍ക്കും തങ്ങളുടെ ഓര്‍ഡര്‍ പ്രകാരമുള്ള റോബോട്ട്സഖിമാരെ ലഭിക്കുന്നു. എന്നാല്‍ ഇവര്‍ ആരായിരുന്നു? എങ്ങനെയാണ് ആ വെബ്സൈറ്റ് അയാളുടെ കമ്പ്യൂട്ടറില്‍ തന്നത്താനെ തുറക്കപ്പെട്ടത്? ആരാണ് ഇതിനൊക്കെ പിന്നില്‍? ഈ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരങ്ങളും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.
വളരെ ശക്തമായ തിരക്കഥയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമാണ് ഐഗേള്‍. ശാസ്ത്രീയവശങ്ങള്‍ നോക്കിയാലും, ലോജിക് നോക്കിയാലും ഒക്കെ ഏറെ പാളിച്ചകള്‍ ഉള്ള ഒന്ന്. ഗ്രാഫിക്സും അത്ര നിലവാരമൊന്നും പുലര്‍ത്തുന്നില്ല. എന്നാല്‍ പ്രധാനനടീനടന്മാരുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ടും, രസകരമായ situational humour കൊണ്ടും ഈ പോരായ്മകള്‍ ഒരുവിധമൊക്കെ മറയ്ക്കാന്‍ സംവിധായകന് സാധിച്ചു. ഒരു സയന്‍സ് ഫിക്ഷന്‍ എന്നരീതിയിലല്ലാതെ ഒരു റൊമാന്റിക്‌ കോമഡി എന്ന രീതിയില്‍ കാണുകയാണെങ്കില്‍ ആസ്വദനീയമായൊരു ചിത്രംതന്നെയാണ് ഇത്. മികച്ച ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ക്ലൈമാക്സിനുശേഷമുള്ള രംഗങ്ങളും മികവുറ്റതായിരുന്നു.
മൊത്തത്തില്‍ പറഞ്ഞാല്‍ സാധാരണ റൊമാന്റിക് കോമഡികളില്‍നിന്ന് അല്‍പം വിട്ടുമാറിയുള്ള രസകരമായൊരു ചിത്രം, അതാണ്‌ ഐഗേള്‍. അധികം ലോജിക്ക് ചികയാന്‍ പോകാതിരുന്നാല്‍ ആസ്വദിക്കാവുന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം. 

Sunday, March 20, 2016

Kapoor and Sons Movie Review

കപൂര്‍ ആന്‍ഡ്‌ സണ്‍സ് (Kapoor& Sons, 2016, Hindi)
ഏക്‌ മേം ഔര്‍ ഏക്‌ തൂ എന്ന ചിത്രത്തിനും, ആലിയാ ഭട്ട് ജീനിയസ് ഓഫ് ദ ഇയര്‍ എന്ന short videoയ്ക്കും ശേഷം ശകുന്‍ ബത്ര സംവിധാനം ചെയ്ത പുതിയചിത്രമാണ് കപൂര്‍ ആന്‍ഡ്‌ സണ്‍സ്. ഫവാദ് ഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, രജത് കപൂര്‍, രത്നാ പാഠക് ഷാ, ഋഷി കപൂര്‍, ആലിയാ ഭട്ട് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തമിഴ്നാട്ടില്‍ ജീവിക്കുന്ന ഒരു കപൂര്‍ കുടുംബത്തിന്റെ കഥയാണ് പറയുന്നത്.
തന്റെ മകനും മകന്റെ ഭാര്യയ്ക്കുമൊപ്പം കുന്നൂരില്‍ വാര്‍ദ്ധ്യകകാലജീവിതം മുന്നോട്ടുനയിക്കുകയാണ് തൊണ്ണൂറുകാരനായ അമര്‍ജിത്ത് കപൂര് അഥവാ മുത്തച്ഛന്‍ കപൂര്‍‍. ദൈനംദിനജീവിതത്തില്‍ നാം കാണുന്നപോലെയുള്ള ഒരു സാധാരണകുടുംബം. അങ്ങനെയിരിക്കെ മുത്തച്ഛന്‍ കപൂറിന് ഒരുദിവസം ഹൃദയാഘാതം വന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കൊച്ചുമക്കളായ രാഹുല്‍ കപൂറും അര്‍ജുന്‍ കപൂറും വിദേശത്തുനിന്ന് നാട്ടിലെത്തുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. ഹാസ്യത്തിനും വൈകാരികമുഹൂര്‍ത്തങ്ങള്‍ക്കും തുല്യപ്രാധാന്യംനല്‍കി ഒരുക്കിയാണ് സംവിധായകന്‍ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. വളരെ സ്വാഭാവികമായ രംഗങ്ങളിലൂടെ മുന്നോട്ടുപോവുന്ന ചിത്രത്തിന്റെ ക്ലൈമാക്സും പ്രേക്ഷകരുടെ മനസ്സുനിറയ്ക്കുന്ന ഒന്നാണ്.
ഒരു ചിത്രത്തിന്റെ എല്ലാ മേഖലകളും പരസ്പരപൂരകങ്ങളായിമാറുക, ചിത്രത്തിന്റെ മികവിലേക്ക് contribute ചെയ്യുക ഇതൊക്കെ വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് കപൂര്‍ ആന്‍ഡ്‌ സണ്‍സ്. സിനിമാറ്റിക് ആണെങ്കിലും ഒട്ടും സിനിമാറ്റിക് ആണെന്ന് തോന്നിക്കാത്തവിധത്തിലുള്ള സന്ദര്‍ഭങ്ങള്‍, സാധാരണജീവിതത്തില്‍ ഉള്ളതിനേക്കാള്‍ ഒട്ടും നാടകീയത കൂടുതല്‍ ഇല്ലാത്ത സംഭാഷണങ്ങള്‍, കഥാപാത്രങ്ങള്‍തമ്മിലുള്ള chemistry, ഒട്ടും off the track ആകാതെ മുന്നോട്ടുപോവുന്ന കഥ, മനോഹരമായ visuals, സന്ദര്‍ഭത്തിനിണങ്ങുന്ന ഗാനങ്ങള്‍, പറയാനാണെങ്കില്‍ ഇങ്ങനെ ഒരുപാടുണ്ട്. ബോളിവുഡിലെ entertaiment formulaകള്‍ക്ക് ഉള്ളില്‍നിന്നുകൊണ്ടുതന്നെ ഇത്രയും മികച്ചൊരു ചിത്രം ഒരുക്കാന്‍ ശകുന്‍ ബത്രയ്ക്ക് സാധിച്ചത് വളരെ വലിയൊരു നേട്ടംതന്നെയാണെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ അടുത്തചിത്രത്തിനായി സാകൂതം കാത്തിരിക്കുന്നു.
എല്ലാ നടീനടന്മാരുടെയും അന്യായപ്രകടനങ്ങള്‍ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ആരെപ്പറ്റിയാണ് ആദ്യം പറയേണ്ടത് എന്നറിയില്ല, എല്ലാവരും ഒന്നിനൊന്നുമികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളെ അവതരിപ്പിച്ച ഫവാദ് ഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, രജത് കപൂര്‍, രത്നാ പാഠക് ഷാ, ഋഷി കപൂര് എന്നിവരുടെ chemistry വളരെ മികച്ചരീതിയില്‍ workout ആയി ഈ ചിത്രത്തില്‍. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം, അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം, മുത്തശ്ശനും പേരക്കുട്ടികളും തമ്മിലുള്ള ബന്ധം, ഇതൊക്കെ അത്യന്തം natural ആണ് ചിത്രത്തില്‍ പാകിസ്താനി അഭിനേതാവായ ഫവാദ് ഖാന്‍ ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിക്കും എന്നുതന്നെ പ്രതീക്ഷിക്കാം. രജത് കപൂറിനെയും രത്നാ പാഠക്കിനെയും കൂടുതല്‍ ചിത്രങ്ങളില്‍ കാണാന്‍ ആഗ്രഹിക്കുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്രയും ആലിയാ ഭട്ടും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി. കാഴ്ചയില്‍ നമ്മുടെ സിനിമാ പാരഡൈസോ ഗ്രൂപ്പ് മെമ്പര്‍ ബിബിന്‍ മോഹനെപ്പോലെയുള്ള ഒരു ഹാസ്യകഥാപാത്രവും ചിത്രത്തില്‍ ഉണ്ടായിരുന്നു. Supporting charactersനെ അവതരിപ്പിച്ച അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി.
ഒട്ടും ബോറടിക്കാതെ ഏതൊരുതരം പ്രേക്ഷകനും ആസ്വദിച്ചുകാണാവുന്ന വളരെ മികച്ചൊരു ചിത്രമാണ് കപൂര്‍ ആന്‍ഡ്‌ സണ്‍സ്. ഒരു near-to perfect family drama എങ്ങനെ ഒരുക്കാമെന്നുപഠിക്കാനായി film studentsന് refer ചെയ്യാവുന്ന, നാടകീയതയുടെ അതിപ്രസരം ഇല്ലാത്ത നല്ലൊരു ചിത്രം. കാണാന്‍ ശ്രമിക്കുക.

Friday, March 11, 2016

Kadhalum Kadanthu Pogum Movie Review

കാതലും കടന്തുപോകും (Kadhalum Kadanthu Pogum, 2016, Tamil)
സൂധുകവ്വും, എക്സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം നളന്‍ കുമാരസ്വാമി സംവിധാനംചെയ്ത പുതിയചിത്രമാണ് കാതലും കടന്തുപോകും. സംവിധായകന്റെ ആദ്യചിത്രത്തിലെ നായകനായ സൂധുകവ്വുമിലെ നായകനായ വിജയ്‌ സേതുപതിതന്നെയാണ് ഈ ചിത്രത്തിലും നായകവേഷത്തില്‍ എത്തിയിരിക്കുന്നത്. മഡോണാ സെബാസ്റ്റ്യന്‍ നായികാവേഷം അവതരിപ്പിച്ച ചിത്രത്തില്‍ ഒരുപറ്റം പുതുമുഖങ്ങളും വേഷമിട്ടിരിക്കുന്നു. My Dear Desparado എന്ന സൗത്ത് കൊറിയന്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ റീമേക്ക് ആണ് ഈ ചിത്രം. സൂധുകവ്വും അത്രയ്ക്കൊന്നും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും രസകരമായ ട്രെയിലറും മഡോണാ സെബാസ്റ്റ്യന്റെ സാന്നിധ്യവുമായിരുന്നു ഈ ചിത്രം കാണാന്‍ പ്രേരിപ്പിച്ച മുഖ്യഘടകങ്ങള്‍.
പഠനം പൂര്‍ത്തിയാക്കിയശേഷം വീട്ടുകാര്‍ ജോലിയ്ക്കുപോകാന്‍ അനുവദിക്കാത്തതിനാല്‍ അവരുടെ എതിര്‍പ്പിനെ മറികടന്ന് ചെന്നൈയിലേക്ക് ജോലിയ്ക്കായി ഒളിച്ചോടിയതാണ് യാഴിനി. ഒരു പ്രത്യേകസാഹചര്യത്തില്‍ അവര്‍ ചെറിയൊരു വീട്ടിലേക്ക് താമസംമാറുന്നു. അവിടെ അടുത്തമുറിയില്‍ താമസിക്കുന്നത് കതിര്‍ എന്ന ചെറുപ്പക്കാരനായ റൗഡിയാണ്. അവര്‍ക്കിടയില്‍ കാലക്രമേണ വിചിത്രമായൊരു സൗഹൃദം വികസിക്കുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിത്തന്നെ കഥ മുന്നോട്ടുപോകുമ്പോഴും ഒരു റൊമാന്റിക്‌ ഫീല്‍ തരാന്‍ ചിത്രത്തിനാകുന്നുണ്ട്. ഒട്ടും ബോറടിപ്പിക്കാതെ ചിത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു എന്നുതന്നെവേണം പറയാന്‍. മികച്ച പല ഒറ്റഷോട്ട് രംഗങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. ചുരുക്കം ചില രംഗങ്ങള്‍ അവിശ്വസനീയമായിത്തോന്നാമെങ്കിലും ചിത്രത്തിന്റെ രസച്ചരടുപൊട്ടിക്കുന്നില്ല എന്നതിനാല്‍ അതൊക്കെ സൗകര്യപൂര്‍വ്വം മറക്കാവുന്നതേയുള്ളൂ. ശക്തമായൊരു കഥ അവകാശപ്പെടാനില്ലെങ്കിലും മികച്ച makingഉം പ്രകടനങ്ങളും ആ പോരായ്മ നികത്തുന്നുണ്ട്.
വിജയ്‌ സേതുപതി തന്റെ വേഷം പതിവുപോലെ ഭംഗിയാക്കി. ഹാസ്യരംഗങ്ങളില്‍ ഏറെ ചിരിപ്പിച്ചു ഇദ്ദേഹം. മിതത്വം പാലിച്ചുകൊണ്ടുള്ള പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. മഡോണാ സെബാസ്റ്റ്യന്‍ തന്റെ ആദ്യത്തെ മുഴുനീളവേഷം എങ്ങനെ ചെയ്യും എന്നകാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നെങ്കിലും ഒട്ടും പതറാതെതന്നെ അവര്‍ തന്റെ വേഷം മനോഹരമാക്കി. നായകനുള്ള അത്രതന്നെ സ്ക്രീന്‍ സ്പേസ് ഉള്ള നായികാകഥാപാത്രം അവരുടെ കൈകളില്‍ ഭദ്രമായിരുന്നു. ഏറെ സുന്ദരിയുമായിരുന്നു അവര്‍ ചിത്രത്തില്‍. മറ്റുനടീനടന്മാര്‍ക്ക് താരതമ്യേന ചെയ്യാന്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവരൊക്കെ തങ്ങളുടെ വേഷങ്ങള്‍ നന്നായിത്തന്നെ ചെയ്തു. സാധാരണ 90% തമിഴ് സിനിമകളിലും കണ്ടുവരുന്ന പല ക്ലീഷേകളും (ഉദാഹരണത്തിന് നായകന്‍റെ ഉപഗ്രഹങ്ങള്‍) ഈ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല എന്നത് സന്തോഷമുളവാക്കി.
സന്തോഷ്‌ നാരായണന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം പൊതുവേ നല്ലനിലവാരം പുലര്‍ത്തിയെങ്കിലും ഒരുപക്ഷേ അപ്‌ലോഡ്‌ ചെയ്ത ഫയലിന്റെ പ്രശ്നംകൊണ്ടാവാം, ചിലയിടത്തൊക്കെ audio sync issues ഉണ്ടായിരുന്നു. ഒന്നുരണ്ടിടത്ത്‌ subtitle ഉണ്ടായിരുന്നെങ്കിലും ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല. ഇത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെട്ടിട്ടുണ്ടാവുമെന്നും വരുംദിവസങ്ങളില്‍ അവര്‍ അത് തിരുത്തുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം.
മനസ്സും, ചിലപ്പോഴൊക്കെ കണ്ണും നിറയ്ക്കുന്ന മികച്ചൊരു ചിത്രമാണ് കാതലും കടന്തുപോകും. ഈയടുത്തകാലത്ത് ഏറ്റവുമധികം ആസ്വദിച്ചുകണ്ട ഒരു തമിഴ് ചിത്രം. കാണാന്‍ ശ്രമിക്കുക.

Thursday, March 10, 2016

Daddy's Home Movie Review

ഡാഡി ഈസ്‌ ഹോം (Daddy's Home, 2015, English)
Sean Anders സംവിധാനം ചെയ്ത് Will Ferrell, Mark Wahlberg, Linda Cardellini തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച കോമഡി ചിത്രമാണ് ഡാഡി ഈസ്‌ ഹോം. ക്രിസ്മസ് സീസണില്‍ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു.
തന്റെ ഭാര്യയായ സാറയ്ക്കും, സാറയ്ക്ക് മുന്‍ഭര്‍ത്താവില്‍ ഉണ്ടായ രണ്ടുകുട്ടികള്‍ക്കുമൊപ്പം ജീവിതം നയിക്കുകയാണ് ബ്രാഡ്. കുട്ടികളെ ഏറെ സ്നേഹിക്കുന്ന ബ്രാഡ് അവരെ സന്തോഷിപ്പിക്കാന്‍ പല കാര്യങ്ങളും ചെയ്യുന്നു. അങ്ങനെ പതുക്കെ കുട്ടികള്‍ ബ്രാഡുമായി ഇണങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് അവരുടെ ജീവിതത്തിലേക്ക് സാറയുടെ മുന്‍ഭര്‍ത്താവും കുട്ടികളുടെ അച്ഛനുമായ ഡസ്റ്റി കടന്നുവരുന്നത്. ബ്രാഡിനെക്കാളും ഏറെ രസികനും charmingഉം ആയ ഡസ്റ്റിയുടെ വരവ് ബ്രാഡിനെ വിഹ്വലനാക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവപരമ്പരകളാണ് ചിത്രം. ഒറ്റവരിയില്‍ കഥ കേള്‍ക്കുമ്പോള്‍ ഏറെ സീരിയസ് ആയൊരു ചിത്രമാണെന്ന തോന്നല്‍ ഉളവാക്കുമെങ്കിലും ആദിമധ്യാന്തം ഹാസ്യത്തിന്റെ ചുവടുപിടിച്ചാണ് ചിത്രം മുന്നോട്ടുപോവുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും നമ്മളെ ചിരിപ്പിക്കുന്നവയാണ്. situational comedy മുതല്‍ slapstick വരെ പലവിധത്തിലുള്ള ഹാസ്യരംഗങ്ങള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കും. വര്‍ണ്ണവിവേചനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പല രംഗങ്ങളും നമ്മുടെ ഓണ്‍ലൈന്‍ പൊറാട്ടുനാടകങ്ങളെ ഓര്‍മ്മിപ്പിച്ചു. രണ്ടാംപകുതിയുടെ മദ്ധ്യത്തോടടുക്കുമ്പോള്‍ ഒരല്‍പം സീരിയസ് ആകുന്ന ചിത്രം പക്ഷേ അവസാനത്തോടടുക്കുമ്പോള്‍ വീണ്ടും ചിരിയുടെ അലയൊലികള്‍ പ്രേക്ഷകരില്‍ ഒരുക്കുന്നു. വളരെ രസകരമായൊരു അവസാനമാണ് ചിത്രത്തിനുള്ളത്. പ്രേക്ഷകര്‍ക്കായി നല്ലൊരു surpriseഉം സംവിധായകന്‍ അവസാനരംഗത്തില്‍ ഒരുക്കിയിട്ടുണ്ട്.
എല്ലാ നടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ചിത്രത്തിന്റെ നിര്‍മ്മാതാവുകൂടിയായ Will Ferrell ബ്രാഡ് എന്ന കഥാപാത്രത്തെ മികച്ചതാക്കി. ഡസ്റ്റിയെ അവതരിപ്പിച്ച Mark Wahlbergഉം സാറയെ അവതരിപ്പിച്ച Linda Cardelliniയും നന്നായിരുന്നു. മറ്റുനടീനടന്മാരുടെ പ്രകടനങ്ങളും ആസ്വദനീയമായിരുന്നു. മികച്ച പശ്ചാത്തലസംഗീതവും നിലവാരമുള്ള ദൃശ്യങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി.
ഏറെ രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു ചിത്രമാണ് ഡാഡി ഈസ്‌ ഹോം. ചില്ലറ മാറ്റങ്ങള്‍ വരുത്തി മലയാളത്തിലേക്ക് remake ചെയ്‌താല്‍ മറ്റൊരു ബ്ലോക്ക്‌ബസ്റ്റര്‍ ആയേക്കാവുന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം.

Tuesday, March 8, 2016

Meet The Patels Movie Review

മീറ്റ്‌ ദ പട്ടേല്‍സ് (Meet The Patels, 2015, English)
USല്‍ ജീവിക്കുന്ന ഇന്ത്യന്‍ വംശജരായ രവി പട്ടേലും ഗീതാ പട്ടേലും ചേര്‍ന്ന് ഒരുക്കിയ സെമി-ഡോക്യുമെന്ററി ചിത്രമാണ് മീറ്റ്‌ ദ പട്ടേല്‍സ്. സഹോദരീസഹോദരങ്ങളായ ഗീതയും രവിയും തങ്ങളുടെ കുടുംബാങ്ങങ്ങളുടെയും സുഹൃത്തുക്കളുടെയും മറ്റും real life footages capture ചെയ്ത്, അതും, കുറച്ച് കാര്‍ട്ടൂണ്‍ രംഗങ്ങളും ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പട്ടേല്‍ കുടുംബത്തിലെ അംഗമായ രവിയുടെ വിവാഹം നടത്താന്‍ വേണ്ടി ആ കുടുംബം നടത്തുന്ന പരിശ്രമങ്ങളെപ്പറ്റിയാണ്‌ ചിത്രം പറയുന്നത്.
Audrey എന്ന തന്റെ girlfriendമായി ബ്രേക്ക്‌അപ്പ് ആകുന്ന മുപ്പതുകാരന്‍ രവി തന്റെ അച്ഛനമ്മമാരുടെ ഇഷ്ടപ്രകാരം arranged marriage ചെയ്യാന്‍ തയ്യാറാകുന്നു. രവിയ്ക്ക് അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്താനായി അച്ഛനമ്മമാര്‍ ശ്രമിക്കുന്നു, ഈ സംഭവപരമ്പരകളൊക്കെ രവിയുടെ മൂത്തസഹോദരി ഗീത ഒരു ക്യാമറയില്‍ പകര്‍ത്തുന്നു, അതൊക്കെ വെട്ടിക്കൂട്ടി ഒരു ഡോക്യുമെന്ററി ആക്കുന്നു, അതാണ്‌ മീറ്റ്‌ ദ പട്ടേല്‍സ്. നമ്മള്‍ കാണുന്നത് ഒരു സിനിമയല്ല, മറിച്ച് യഥാര്‍ത്ഥജീവിതമാണ് എന്ന് നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന ഒന്ന്. ചിത്രത്തിന്റെ തുടക്കത്തിലെ ഒരു സീനില്‍ത്തന്നെ ക്യാമറയുടെ ഒരറ്റത്ത് തൂങ്ങിനില്‍ക്കുന്ന മൈക്രോഫോണ്‍ ചൂണ്ടിക്കാണിച്ച് രവി പറയുന്നുണ്ട്, അടുത്ത ഒന്നരമണിക്കൂര്‍ നിങ്ങള്‍ കാണാന്‍ പോവുന്നത് പലപ്പോഴും unfocussed ആയ, ഫ്രെയിം സെറ്റ് ചെയ്യാത്ത, ഫ്രെയ്മിന്റെ വലത്തേയറ്റത്ത് പലപ്പോഴും മൈക്രോഫോണ്‍ കാണാവുന്നതരത്തിലുള്ള ഒരു ചിത്രമാണ് എന്ന്. രവിയെ ചുറ്റിപ്പറ്റിയുള്ള കഥയായതുകൊണ്ട്‌ ഗീതയാണ് ചിത്രത്തിലുടനീളം ക്യാമറ കൈകാര്യം ചെയ്യുന്നത്. 2009ല്‍ ചിത്രീകരണം തുടങ്ങിയ ചിത്രം 2011-2012 ടൈമിലാണ് പൂര്‍ത്തിയാക്കപ്പെട്ടത്. എഡിറ്റിങ്ങും മറ്റും കഴിഞ്ഞ് ഒടുവില്‍ 2014ല്‍  Los Angeles Film Festivalല്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം അവിടെ Audience Award നേടുകയും Fox Searchlight ഈ ചിത്രത്തിന്റെ remake rights വാങ്ങുകയും ചെയ്തു. ഇന്ത്യന്‍-അമേരിക്കന്‍ കള്‍ച്ചറുകളിലെ നല്ലവശങ്ങളെയും മോശം വശങ്ങളെപ്പറ്റിയും ചിത്രം ചര്‍ച്ചചെയ്യുന്നുണ്ട്, ആദ്യാവസാനമുള്ള subtle natural humour ചിത്രത്തെ കൂടുതല്‍ ആസ്വദനീയമാക്കി.
ഒരു സെമി-ഡോക്യുമെന്ററി ആയതുകൊണ്ട് അഭിനേതാക്കളുടെ പ്രകടനങ്ങളെപ്പറ്റി പ്രത്യേകിച്ച് ഒന്നും പറയാനില്ല, എല്ലാവരും നല്ല രസമുണ്ടായിരുന്നു. Technically പടം വീക്ക് ആണെന്ന് പറയാം, പക്ഷേ ആദ്യംതന്നെ makers അക്കാര്യം confess ചെയ്യുന്നതുകൊണ്ട് കാണുമ്പോള്‍ നമുക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നും തോന്നില്ല. ആകെമൊത്തം നോക്കിയാല്‍ വളരെ ആസ്വദിച്ചുകണ്ടിരിക്കാവുന്ന നല്ലൊരു ചിത്രംതന്നെയാണ് മീറ്റ്‌ ദ പട്ടേല്‍സ്. കാണാന്‍ ശ്രമിക്കുക.