Thursday, March 31, 2016

10 Cloverfield Lane Movie Review

10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍ (10 Cloverfield Lane, 2016, English)
2008ല്‍ ക്ലോവര്‍ഫീല്‍ഡ് എന്നൊരു ചിത്രം പുറത്തിറങ്ങി. സവിശേഷമായ promotion രീതികള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ monster movie വലിയൊരു വിജയമാവുകയായിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ ലെറ്റ്‌ മി ഇന്‍, പ്ലാനെറ്റ് ഓഫ് ഏപ്സ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എന്നാല്‍ വളരെ രഹസ്യമായി ക്ലോവര്‍ഫീല്‍ഡിന് ഒരു തുടര്‍ച്ച അണിയറയില്‍ മറ്റൊരു സംവിധായകന്റെ കീഴില്‍ ഒരുങ്ങുന്നുണ്ടായിരുന്നു. ചിത്രത്തിന്റെ റിലീസിനു രണ്ടുമാസം മുന്‍പുമാത്രമാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതുതന്നെ. 10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍ എന്ന് പേരിട്ട ചിത്രം ക്ലോവര്‍ഫീല്‍ഡിന്റെ പൂര്‍ണ്ണമായൊരു തുടര്‍ച്ച അല്ലെങ്കിലും അതുമായി രക്തബന്ധം പുലര്‍ത്തുന്ന ഒന്നാണെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്. Dan Trachtenberg സംവിധാനം ചെയ്ത് Mary Elizabeth Winstead, John Goodman, John Gallagher Jr തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രം മാര്‍ച്ച്‌ 11ന് റിലീസ് ആവുകയും മികച്ച അഭിപ്രായത്തോടെ വിജയത്തിലേക്ക് കുതിക്കുകയും ചെയ്തു. ആദ്യചിത്രത്തിനുശേഷം സമീപഭാവിയില്‍ എപ്പോഴോ ആണ് ഈ ചിത്രത്തിലെ സംഭവങ്ങള്‍ അരങ്ങേറുന്നത്.

തന്റെ ബോയ്‌ഫ്രണ്ടിനെ കാണാനായി കാറില്‍ പോവുകയായിരുന്ന മിഷേല്‍ എന്ന യുവതി ഒരു ആക്സിഡന്റില്‍പ്പെടുന്നു. പിന്നീട് ബോധം തിരിച്ചുകിട്ടുമ്പോള്‍ അജ്ഞാതമായൊരിടത്ത് മുറിവുകള്‍ പരിചരിക്കപ്പെട്ടനിലയില്‍ സ്വയം കാണുന്ന മിഷേലിനെ തുടര്‍ന്നുനേരിട്ടത് അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ ആയിരുന്നു. തുടര്‍ന്ന്‍ മിഷേലിന്റെയും മിഷേലിനെ അവിടെ സംരക്ഷിക്കുന്നവരുടെയും ജീവിതങ്ങളില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്. ഇനിയെന്തുസംഭവിക്കും എന്നുള്ള ആകാംക്ഷ പ്രേക്ഷകമനസ്സുകളില്‍ സൃഷ്ടിക്കാന്‍ ചിത്രത്തിലുടനീളം സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താതെതന്നെയാണ് ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നത്.
പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. മിഷേലിനെ അവതരിപ്പിച്ച Mary Elizabeth Winstead കഴിവുള്ളൊരു നടിയാണ് താന്‍ എന്ന് വീണ്ടും തെളിയിച്ചു. മറ്റുസാങ്കേതികവിഭാഗങ്ങളിലെല്ലാം ചിത്രം മികച്ചനിലവാരം പുലര്‍ത്തി.
ചുരുക്കത്തില്‍ നല്ലൊരു ത്രില്ലറാണ് 10 ക്ലോവര്‍ഫീല്‍ഡ് ലെയ്ന്‍. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം. കാണാന്‍ ശ്രമിക്കുക.
#ShyamNTK

No comments:

Post a Comment