Monday, November 9, 2015

You are the apple of my eye Movie Review

യു ആര്‍ ദി ആപ്പിള്‍ ഓഫ് മൈ ഐ (You are the apple of my eye, 2011, Taiwanese)
തായ്വാനീസ് സാഹിത്യകാരന്‍ Giddens Ko തന്റെ ജീവിതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രചിച്ച അതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് യു ആര്‍ ദി ആപ്പിള്‍ ഓഫ് മൈ ഐ. Giddens Ko തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ Ko Chen-tung, Michelle Chen, Owodog തുടങ്ങിയവര്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിച്ചു.
ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന യുവാവായ കോച്ചിങ്ങിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അയാളുടെ സ്കൂള്‍ ജീവിതത്തിലേക്ക് പോവുന്ന ചിത്രം 1990കളിലെ കോച്ചിങ്ങിന്റെയും സുഹൃത്തുക്കളുടെയും കഥപറയുന്നു. ഹൈസ്കൂളില്‍ ഏറെ വികൃതിയായ കോച്ചിങ്ങിനെ നന്നാക്കാനായി ടീച്ചര്‍ ക്ലാസിലെ മിടുക്കിയായ വിദ്യാര്‍ഥിനി ഷെഞ്ചായിയുടെ കൂടെ ഇരുത്തുന്നു. കോച്ചിങ്ങിന്റെ കൂട്ടുകാരുടെ ഒക്കെ സ്വപ്നങ്ങളിലെ റാണിയായ ഷെഞ്ചായി പക്ഷേ കോച്ചിങ്ങിന്റെ കണ്ണില്‍ പക്ഷേ അവര്‍ സാധാരണ ഒരു പെണ്‍കുട്ടി എന്നതിലും അപ്പുറം ഒന്നും ആയിരുന്നില്ല. സ്കൂളിലെ പല സംഭവങ്ങളിലൂടെയും അവര്‍ തമ്മിലുള്ള സൗഹൃദം വളരുകയും മറ്റും ചെയ്യുന്നു. പിന്നീട് അവര്‍ കോളേജില്‍ ചേരുകയും വെവ്വേറെ ഇടങ്ങളില്‍ ആവുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.
തന്റെ ആദ്യചിത്രംതന്നെ മികച്ച ഒന്നാക്കാന്‍ കഴിഞ്ഞതില്‍ സംവിധായകന് അഭിമാനിക്കാം. വളരെ രസകരമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോവുന്ന ചിത്രത്തെ നല്ലരീതിയില്‍ അവസാനിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. സാധാരണ ക്ലീഷേ അവസാനിപ്പിക്കലുകളില്‍നിന്ന് വിട്ടുമാറി കൂടുതല്‍ realistic ആയ ഒരു അവസാനം ആയിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു. അഭിനേതാക്കളും അവരുടെ വേഷങ്ങള്‍ വൃത്തിയായി ചെയ്തു. നായികയെ കാണാന്‍ നല്ല രസമുണ്ടായിരുന്നു. വളരെ വിചിത്രമായ പല പാത്രസൃഷ്ടികളും ചിത്രത്തില്‍ കാണാന്‍ സാധിച്ചു. വീട്ടില്‍ നഗ്നരായി നടക്കുന്ന നായകനും നായകന്‍റെ അച്ഛനും ഒക്കെ വ്യത്യസ്തമായ ആശയങ്ങളായിരുന്നു.

മനസ്സുനിറഞ്ഞുകൊണ്ട് കാണാവുന്ന നല്ലൊരു റൊമാന്റിക്‌ കോമഡി ആണ് ഈ ചിത്രം. നല്ല സുഹൃത്ത്ബന്ധങ്ങളുടെ കഥയും ചിത്രം പറയുന്നുണ്ട്. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു അനുഭവമാവും തായ്‌വാനിലെയും ഹോങ്കോങ്ങിലെയും സിംഗപ്പോരിലെയും മറ്റും ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ഈ ചിത്രം. കാണാന്‍ ശ്രമിക്കാം.

Saturday, November 7, 2015

Rasputin Movie Review

റാസ്‌പ്പുടിന്‍ (Rasputin, 2015, Malayalam)
ജിനു ജി ഡാനിയല്‍ സംവിധാനം ചെയ്ത് വിനയ് ഫോര്‍ട്ട്‌, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്‌ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രമാണ് റാസ്‌പ്പുടിന്‍. 2013ല്‍ എപ്പോഴോ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഇക്കൊല്ലം ഓഗസ്റ്റില്‍ ആണ് റിലീസ് ചെയ്തത്. അന്തര്‍മുഖനായ സുശീലന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ബാല്യകാലസുഹൃത്തുക്കളായ സുശീലനും രാധയും ഗോപാലനും ഇപ്പോള്‍ ഒരുമിച്ച് ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിചെയ്യുകയാണ്. Playboy ആയ രാധയുടെയും അന്തര്‍മുഖരായ മറ്റുരണ്ടുപേരുടെയും ജീവിതങ്ങളില്‍ നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെ അവര്‍ ജീവിതം പഠിക്കുന്നതും മറ്റുമാണ് ഹാസ്യത്തില്‍ ചാലിച്ച് സംവിധായകന്‍ പറയുന്നത്. പ്രധാനമായും സുശീലന്‍ എന്ന കഥാപാത്രത്തിലൂടെ മുന്നോട്ടുപോവുന്ന ചിത്രം പക്ഷേ രാധയുടെയും ഗോപാലന്റെയും കഥകള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.
അധികം വേഗതയൊന്നും ഇല്ലാതെ ജീവിതത്തിന്റെ താളത്തില്‍ മുന്നോട്ടുപോകുന്ന ചിത്രം ശരിക്കും ജീവിതഗന്ധി എന്നൊക്കെ വിളിക്കാവുന്ന ഒന്നാണ്, ഞാനടക്കം ഈ പ്രായത്തിലുള്ള പലരും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ അവയുടെ പ്രാധാന്യം നഷ്ടപ്പെടുത്താതെ സംവിധായകന്‍ വരച്ചുകാട്ടിയിട്ടുണ്ട്. ഏറെ രസകരമായ രംഗങ്ങളും ചിത്രത്തില്‍ ഉണ്ട്. ഹാസ്യരംഗങ്ങള്‍ ഒക്കെ കഥാസന്ദര്‍ഭങ്ങളോട് ഏറെ ചേര്‍ന്നുനില്ക്കുന്നവ ആയിരുന്നു. സമൂഹത്തില്‍ നമ്മള്‍ കാണുന്ന ചില മനുഷ്യരെയും മറ്റുംതന്നെയാണ് ചിത്രത്തിലും നമുക്ക് കാണാന്‍ സാധിക്കുക. മനസ്സുനിറയ്ക്കുന്നരീതിയിലുള്ള നല്ലൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്. നല്ല രസകരമായി തുടങ്ങി ഇടയ്ക്കൊക്കെ ഒന്ന് വലിയുന്നുണ്ടെങ്കിലും നല്ലരീതിയില്‍ അവസാനിപ്പിച്ചത് ചിത്രത്തിന് ഗുണകരമായി. ചിത്രത്തിലെ നാടകീയത ഇല്ലാത്ത സംഭാഷണങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തി.
സുശീലനെ അവതരിപ്പിച്ചത് വിനയ് ഫോര്‍ട്ട്‌ ആണ്. അന്തര്‍മുഖനായ ആ കഥാപാത്രത്തെ അദ്ദേഹം മികച്ചതാക്കി. എങ്കിലും ശരിക്കും തകര്‍ത്തുവാരിയത് ശ്രീനാഥ് ഭാസിയാണ്. ശരിക്കും മൂപ്പരുടെ കരിയര്‍ ബെസ്റ്റ് എന്നൊക്കെ പറയാവുന്ന വേഷം. അന്യായപെര്‍ഫക്ഷനോടെ ആണ് അദ്ദേഹം രാധ എന്നകഥാപാത്രത്തെ അവതരിപ്പിച്ചത്. അസാധ്യ ഡയലോഗ് ഡെലിവറിയും സ്വതസിദ്ധമായ mannerismsഉം കൊണ്ട് തകര്‍ത്തുവാരുകയായിരുന്നു അങ്ങേര്. ഒരുപാട് ചിരിപ്പിച്ച ഒട്ടേറെ രംഗങ്ങളില്‍ അദ്ദേഹം പൊളിച്ചടുക്കി. ഗോപാലന്‍ അഥവാ ഗോപ്സിനെ അവതരിപ്പിച്ച അജു വര്‍ഗീസും നന്നായി. തീവ്രകമ്യൂണിസ്റ്റ് ആയ സുശീലന്റെ അച്ഛന്‍കഥാപാത്രത്തെ ജോയ് മാത്യു ഗംഭീരമാക്കി. അദ്ദേഹത്തിന്റെ കുറേ ഡയലോഗുകളും ചിരിക്കാന്‍ വഴിയൊരുക്കി. നായികമാരില്‍ വന്ദനയ്ക്കും ശൃന്ദയ്ക്കും ആണ് കൂടുതല്‍ പ്രാധാന്യം ഉണ്ടായിരുന്നത്, അവര്‍ അവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. മറ്റുനടീനടന്മാരും നന്നായി. നന്ദു മാത്രം ഇത്തിരി ബോര്‍ ആയോ എന്ന് തോന്നി ചിലപ്പോഴൊക്കെ.
ഒരുപാട് ചിരിക്കാനും, ഇത്തിരി ചിന്തിക്കാനും ഉള്ള ഒരു ചിത്രമാണ് റാസ്‌പ്പുടിന്‍. ഇന്നത്തെ തലമുറയ്ക്ക് ഏറെ relate ചെയ്യാന്‍ സാധിക്കുന്ന ഒന്ന്. ഡിവിഡി ഇറങ്ങുമ്പോള്‍ ഫോട്ടോസഹിതമുള്ള ഡയലോഗ് പോസ്റ്റുകള്‍ ഒരുപാട് വരാന്‍ സാധ്യതയുള്ള ഒരു സിനിമ. കണ്ടുനോക്കാം. ചിത്രം കാണാന്‍ അവസരമൊരുക്കിയ Team Reelmonkന് നന്ദി.

Friday, November 6, 2015

Ottaal Movie Review

ഇന്നാദ്യമായി അന്യനാട്ടില്‍ നിന്നുകൊണ്ട് ഒരു മലയാളസിനിമ റിലീസ് ദിവസംതന്നെ കണ്ടു. ക്ഷമയില്ലാത്ത ആളുകളുടെ മുറുമുറുപ്പും, സ്ക്രീനിനടുത്തുള്ള 'എക്സിറ്റ്' ബോര്‍ഡുകളുടെ വെളിച്ചവും, മുന്നിലത്തെ വരിയില്‍ ഇരിക്കുന്ന ആളുടെ തല സ്ക്രീനിന്റെ ഒരു ഭാഗം മറയ്ക്കുന്നതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതയും ഒന്നുമില്ലാതെ സമ്പൂര്‍ണ്ണശാന്തതയില്‍, പൂര്‍ണ്ണമായി ആസ്വദിച്ചുകൊണ്ട്. ആദ്യമേ ഇതിന് വഴിയൊരുക്കിയ reelmonk.comന് നന്ദിപറയട്ടെ. മലയാളസിനിമാരംഗത്ത് വിപ്ലവകരമായ വലിയൊരു ചുവടാണ് അവര്‍ വെച്ചിരിക്കുന്നത്, ഇനിയും ഏറെ സ്വതന്ത്രസംവിധായകര്‍ക്ക് തങ്ങളുടെ ചിത്രങ്ങള്‍ വിട്ടുവീഴ്ചകള്‍ കൂടാതെ ചെയ്യാനും അവ പ്രേക്ഷകരിലേക്ക് എത്തിക്കാനും പ്രചോദനമാകുന്ന ഒരു ധീരമായ ചുവട്. ഒറ്റാല്‍ എന്ന ഈ ചിത്രം തീയറ്റര്‍ റിലീസിന്റെ അന്നുതന്നെ ലോകത്തെങ്ങും ഉള്ള സിനിമാപ്രേമികള്‍ക്ക് കാണാനുള്ള അവസരം ഒരുക്കിത്തന്ന Team Reelmonkന് എത്രനന്ദിപറഞ്ഞാലാണ് മതിയാവുക!
ഇപ്രാവശ്യം ദേശീയപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തില്‍നിന്ന് ജയരാജിന്റെ ഒറ്റാലും പുരസ്കാരജേതാക്കളുടെ പട്ടികയില്‍ ഉണ്ടായിരുന്നെന്ന കാര്യം സന്തോഷമുളവാക്കുന്നതായിരുന്നു. എന്നാല്‍ പൊതുജനത്തിന് കിട്ടാക്കനി ആയ മറ്റൊരു അവാര്‍ഡ്‌ ചിത്രം ആയിപ്പോവുമോ ഇതും എന്ന ഭയം മനസ്സില്‍ ഉണ്ടായിരുന്നു. 2011ലെ മികച്ചചിത്രത്തിനുള്ള ദേശീയ, സംസ്ഥാനപുരസ്കാരങ്ങള്‍ ലഭിച്ച ശ്രീ. സുവീരന്റെ ബ്യാരി, ശ്രീ. എം.ജി.ശശിയുടെ അടയാളങ്ങള്‍, ശ്രീ. എം.ജി.ശശിയുടെതന്നെ മറ്റൊരു മികച്ചചിത്രമായ ജാനകി തുടങ്ങി മറ്റനേകം ചിത്രങ്ങളെപ്പോലെ ഇതും പൊതുജനത്തിലേക്ക് എത്താതെ പോവും എന്നുതന്നെയായിരുന്നു നിരാശയോടെ കരുതിയതും. അക്കാദമി അവാര്‍ഡുകള്‍ നേടിയ എല്ലാ ചിത്രങ്ങളുടെയും ബ്ലൂറെയോ ഡിവിഡിയോ ലഭ്യമാണ് എന്ന അവസ്ഥയിളും മലയാളത്തില്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ ചിന്താ രവിയുടെ  'ഒരേതൂവല്‍പ്പക്ഷികളും' രാജീവ് വിജയരാഘവന്റെ 'മാര്‍ഗവും' എം.പി സുകുമാരന്‍ നായരുടെ 'കഴകവും' മറ്റും ഈ തലമുറയിലെ എത്ര സിനിമാപ്രേമികള്‍ക്ക് അറിയാം? ഇങ്ങനെ കലാപരമായി മികച്ചുനില്‍ക്കുന്ന ചിത്രങ്ങളെ പൊതുജനത്തിലേക്ക് എത്തിക്കുക എന്ന ദൈവീകപ്രവൃത്തി മെല്ലെമെല്ലെയാണെങ്കിലും അവര്‍ ഏറ്റെടുത്ത് നടത്തിയത് വലിയകാര്യമാണ്. രാജീവ്‌ രവിയുടെ സ്റ്റീവ് ലോപ്പസ്സിലൂടെ തുടങ്ങിവെച്ച ഈ വിപ്ലവം ഇനിയും മികച്ച ചിത്രങ്ങള്‍ സൈറ്റില്‍ റിലീസ് ചെയ്യുന്നതിലൂടെ തുടരും എന്ന് പ്രതീക്ഷിക്കുന്നു.
ഒറ്റാലിലേക്ക് വരാം. പലഗാനങ്ങളിലും കേട്ടിട്ടുള്ള ഒരു വാക്ക് ആണെങ്കിലും ഇതിന്റെ അര്‍ഥം അറിയില്ലായിരുന്നു, മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണത്രേ അത്, ഒരു കെണി. പെട്ടാല്‍ ഒരുപക്ഷേ ഒരിക്കലും പുറത്തുകടക്കാന്‍ സാധിക്കാത്തതരത്തിലുള്ള ഒന്ന്. ഒരു പാവം മീന്‍കുഞ്ഞിനെപ്പോലെ അത്തരമൊരു കെണിയില്‍ പെട്ടുപോവുന്ന, അതില്‍നിന്ന് രക്ഷപ്പെടുത്താന്‍ കേണപേക്ഷിക്കുന്ന ഒരു ജീവന്റെ കഥയാണ് ഒറ്റാല്‍. നിഷ്കളങ്കനായ കുട്ടപ്പായിയുടെയും അവന്റെ വല്യപ്പച്ചായിയുടെയും കഥ. അവരുടെ താറാവുകളുടെ കഥ. ഒരു മീനിനെപ്പോലും കിട്ടുന്നില്ലെങ്കിലും പ്രതീക്ഷകൈവിടാതെ ചൂണ്ടയിട്ടുകൊണ്ടേ ഇരിക്കുന്ന അവുതപ്പച്ചന്റെ കഥ. കുട്ടനാടിന്റെ കഥ. അതൊക്കെയാണ്‌ ഒറ്റാല്‍. എക്കാലത്തും പ്രസക്തിയുള്ള ഒരു വിഷയത്തെ അതിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞുപോകാതെ അവതരിപ്പിച്ചുകൊണ്ട് ജയരാജ്‌ എന്ന സംവിധായകന്‍ നമ്മെ വീണ്ടും വിസ്മയിപ്പിക്കുന്നു. ചില അഭിനേതാക്കളുടെ അഭിനയത്തിലെ പോരായ്മകളും, ചിലപ്പോഴെങ്കിലും സംഭാഷണങ്ങളില്‍ കയറിവരുന്ന നാടകീയതയും മറ്റും പ്രമേയത്തിന്റെ ശക്തികൊണ്ടും നന്മവറ്റിയിട്ടില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍കൊണ്ടും പ്രേക്ഷകരെ മറക്കാന്‍ സഹായിച്ചെങ്കില്‍ അത് സംവിധായകന്റെ മികവുതന്നെയാണ്. ആന്‍റണ്‍ ചെഖോവിന്റെ വങ്ക എന്ന ചെറുകഥയെ ആസ്പദമാക്കിയാണത്രേ ചിത്രം രചിച്ചിരിക്കുന്നത്. നൂറ്റമ്പതോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതപ്പെട്ട ആ കഥ മറ്റൊരു നാട്ടിലേക്ക്, ഇന്നത്തെ കാലഘട്ടത്തിലേക്ക് പറിച്ചുനടുന്നതില്‍ ജോഷി മംഗലത്ത് വിജയിച്ചു എന്നുതന്നെവേണം പറയാന്‍. ഒരു വിങ്ങലോടെയേ ഈ ചിത്രം കണ്ടുതീര്‍ക്കാന്‍ സാധിക്കൂ.

ശ്രീവത്സന്‍.ജെ,മേനോന്റെ പശ്ചാത്തലസംഗീതവും ചിത്രത്തെ ഇത്രയേറെ ഹൃദയഹാരി ആക്കിയതില്‍ പങ്കുവഹിച്ചു. ഐസക് തോമസ്‌ കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തലസംഗീതത്തോട്‌ കിടപിടിക്കുന്നതരത്തിലുള്ള ഈണങ്ങള്‍ ആണ് അദ്ദേഹം ചിത്രത്തിനായി ഒരുക്കിയത്. കാവാലം നാരായണപ്പണിക്കരുടെ മികച്ചൊരു ഗാനവും ചിത്രത്തിലുണ്ട്. എം.ജെ.രാധാകൃഷ്ണന്‍റെ ദൃശ്യങ്ങള്‍ മികച്ചുനിന്നെങ്കിലും, ഡിജിറ്റലിനുപകരം ഫിലിം ആയിരുന്നെങ്കില്‍ ഒന്നുകൂടെ മിഴിവുറ്റതാകുമേനെ എന്ന് തോന്നിപ്പിച്ചു.

കുട്ടപ്പായിയെ അവതരിപ്പിച്ച കൊച്ചുമിടുക്കന്‍ അശാന്ത് ഷാ, കുട്ടപ്പായിയുടെ വല്യപ്പച്ചായിയെ അവതരിപ്പിച്ച കുമരകം വാസുദേവന്‍‌ എന്ന പുതുമുഖനടന്‍, ഇവര്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം ആയിരുന്നു. പരിചിതമല്ലാത്ത മുഖങ്ങള്‍ ആയതിനാല്‍ കൂടുതല്‍ സ്വാഭാവികത ഇവരുടെ പ്രകടനങ്ങളില്‍ അനുഭവപ്പെട്ടു. ജയരാജിന്റെ ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ വാവച്ചന്‍ ഇതിലും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം വളരെ രസകരമായിത്തോന്നി. സബിതാ ജയരാജ്‌ തന്റെ വേഷം കുഴപ്പമില്ലാതെ ചെയ്തു എന്നേ പറയാനാവൂ. ഷൈന്‍ ടോം ചാക്കോയും ചെറുതെങ്കിലും പ്രാധാന്യമുള്ളൊരു വേഷത്തില്‍ നന്നായി. ടിങ്കു എന്ന കുട്ടിയുടെ വേഷത്തില്‍ വന്ന ഹാഫിസ് മുഹമ്മദും തന്റെ വേഷം ഭംഗിയാക്കി.

എല്ലാവരും കണ്ടിരിക്കേണ്ട മികച്ചൊരു ചലച്ചിത്രാനുഭവമാണ് ഒറ്റാല്‍. സാധിക്കുന്നവര്‍ കാണാന്‍ ശ്രമിക്കുക. നാളെ ഒരുപക്ഷേ ഈ ചിത്രം ടോറന്റില്‍ വരുമായിരിക്കും, പക്ഷേ ഇന്ന് നമ്മള്‍ ഇത് പണംനല്‍കി കണ്ടാല്‍ ഇനി വരാന്‍പോവുന്ന ഒരുപാട് ചിത്രങ്ങള്‍ക്ക് ഓണ്‍ലൈന്‍ റിലീസ് ഒരുക്കാന്‍ ഇതൊരു പ്രചോദനമായേക്കും. ഒരു മാറ്റം അനിവാര്യമാണല്ലോ.
ലിങ്ക് വേണ്ടവര്‍ക്ക്: Ottaal Movie Watch Online

Purgatorio / Purgatory Movie Review

പുര്‍ഗറ്റോറിയോ (Purgatario, 2014, Spanish)
കത്തോലിക്കാവിശ്വാസപ്രകാരം മരണത്തിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ യോഗ്യരായവര്‍ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കുന്നതിനുമുന്‍പുള്ള ഒരു താല്‍ക്കാലികമായ അവസ്ഥയാണത്രേ purgatory. ഒരു ശുദ്ധീകരണപ്രക്രിയയിലൂടെ ആത്മാവ് കടന്നുപോവുന്ന അവസ്ഥ. എന്തായാലും സിന്ദഗി നാ മിലേഗി ദൊബാരായിലും മറ്റുചില സ്പാനിഷ്‌ ചിത്രങ്ങളിലും അസിസ്റ്റന്റ്‌ ആയി പ്രവര്‍ത്തിച്ച Pau Texidor ഒരുക്കിയ അതേപേരിലുള്ള സ്പാനിഷ്‌ ചിത്രം ഒരു ഹൊറര്‍ ത്രില്ലറാണ്. ഗെയിം ഓഫ് ത്രോണ്‍സിലൂടെയും ഷെര്‍ലക്കിലൂടെയും മറ്റും അന്താരാഷ്‌ട്രശ്രദ്ധ പിടിച്ചുപറ്റിയ Oona Chaplin ആണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ കുറഞ്ഞ ബജറ്റില്‍ ഒരു അപ്പാര്‍ട്ടുമെന്റില്‍ വെച്ച് ഒരുക്കിയ ഈ ചിത്രത്തില്‍ അവരെക്കൂടാതെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത് Sergi Méndez, Andrés Gertrúdix തുടങ്ങിയവരാണ്.
പുതിയൊരു ഫ്ലാറ്റിലേക്ക് താമസം മാറിയ ദമ്പതികളായ മാര്‍ത്തയും ലൂയിസും ആ ഫ്ലാറ്റ് വാസയോഗ്യമാക്കാന്‍ ഒരുക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. തലേദിവസമോ മറ്റോ മാത്രമാണ് അവര്‍ ആ ഫ്ലാറ്റിലേക്ക് മാറിയത് എന്നതിനാല്‍ റൂമുകളുടെ സജ്ജീകരണവും മറ്റും പൂര്‍ത്തിയായിട്ടില്ല. അതിനിടെ ഓഫീസില്‍ മറ്റൊരാള്‍ക്ക് അപ്രതീക്ഷിതമായി ലീവ് എടുക്കേണ്ടിവന്നതിനാല്‍ ലൂയിസിന് വൈകുന്നേരത്തെ ഷിഫ്റ്റില്‍ ഓഫീസിലേക്ക് പോവേണ്ടിവരുന്നു. ഇരുട്ടിക്കഴിഞ്ഞശേഷം മാര്‍ത്ത ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീ മാര്‍ത്തയുടെ അടുത്തുവന്ന് അവരുടെ ഭര്‍ത്താവ് ഒരു അപകടത്തില്‍ പെട്ടു, അതിനാല്‍ അവര്‍ അയാളെ കണ്ട് മടങ്ങിവരുന്നതുവരെ തന്റെ മകനെ ഒന്ന് നോക്കാമോ എന്ന് ആവശ്യപ്പെടുന്നു. അവര്‍ പോയശേഷം ഫ്ലാറ്റില്‍ മാര്‍ത്തയും പതിനൊന്നുവയസ്സുകാരന്‍ ഡാനിയലും മാത്രമാവുന്നു.പിന്നീട് അവിടെ സംഭവിക്കുന്ന അവിശ്വസനീയമായ സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
പുതിയൊരു വീട്, അവിടേക്ക് മാറുന്ന കുടുംബം ഇതൊക്കെ കണ്ടപ്പോള്‍ ഇല്ലാത്ത പൈസ കൊടുത്ത് തീയറ്ററില്‍ വന്നത് ഈ ക്ലീഷേ കാണാന്‍ ആണല്ലോ എന്ന് തോന്നിപ്പോയെങ്കിലും ചിത്രം പോകെപ്പോകെ interesting ആയി മാറുകയായിരുന്നു. പെട്ടെന്ന് ശബ്ദം ഉണ്ടാക്കിയും രൂപങ്ങള്‍ കാണിച്ചും പ്രേക്ഷകനെ പേടിപ്പിക്കാന്‍ ശ്രമിക്കാതെ abnormal ആയ ചില സന്ദര്‍ഭങ്ങളിലൂടെ പ്രേക്ഷകന്റെ മനസ്സില്‍ ഒരു ഭീതി ഉളവാക്കാന്‍ സംവിധായകന് സാധിച്ചു. ഒരു ഹൊറര്‍ ത്രില്ലര്‍ ആണെങ്കിലും മികച്ചൊരു ഇമോഷണല്‍ പശ്ചാത്തലവും ചിത്രത്തിനുണ്ട്. ചിത്രത്തിന്‍റെ അടിത്തറ ശക്തമാക്കാന്‍ അത് സഹായിച്ചു. അവസാനത്തോട് അടുക്കുമ്പോള്‍ പ്രേക്ഷകമനസ്സിനെ വൈകാരികമായി സ്പര്‍ശിക്കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. ആദ്യാവസാനം ഒരു നിഗൂഢതനിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ സംവിധായകന് സാധിച്ചു.
Oona Chaplin തന്റെ വേഷം ഭംഗിയാക്കി. ഡാനിയലിനെ അവതരിപ്പിച്ച പയ്യനും കൊള്ളാമായിരുന്നു. ചിത്രത്തിന്‍റെ 80%ഉം ഇവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബാക്കി നടീനടന്മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.
ഒട്ടും വലിച്ചുനീട്ടാതെ ഒന്നരമണിക്കൂറിലും താഴെനിന്നുകൊണ്ട് മികച്ചരീതിയില്‍ത്തന്നെ ചിത്രത്തെ വാര്‍ത്തെടുത്തിട്ടുണ്ട് സംവിധായകനും കൂട്ടരും. പേടിപ്പിക്കുന്നതിനോടൊപ്പം പ്രേക്ഷകഹൃദയങ്ങളെ സ്പര്‍ശിക്കുകകൂടി ചെയ്യുന്ന നല്ലൊരു ചിത്രമാണ് പുര്‍ഗറ്റോറിയോ. കാണാന്‍ ശ്രമിക്കുക.

Main Aur Charles Movie Review

മേം ഓര്‍ ചാള്‍സ് (Main aur Charles, 2015, Hindi)
പ്രവാല്‍ രാമന്റെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയചിത്രമാണ് മേം ഓര്‍ ചാള്‍സ്. ചാള്‍സ് ശോഭരാജ് എന്ന സീരിയല്‍ കില്ലറിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രത്തില്‍ ചാള്‍സിനെ അവതരിപ്പിച്ചത് രണ്‍ദീപ് ഹൂഡ ആണ്. ആദില്‍ ഹുസൈന്‍, റിച്ചാ ചദ്ദ, അലക്സ് ഓ നീല്‍ തുടങ്ങിയവര്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
1968ല്‍ തായ്ലാന്‍ഡില്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തി രക്ഷപ്പെടുന്ന ചാള്‍സ് പിന്നെ പലപ്പോഴും പോലീസിന്റെ പിടിയില്‍ ആവുന്നെങ്കിലും രക്ഷപ്പെടുന്നു. തന്റെ അത്യന്തം ആകര്‍ഷകമായ വ്യക്തിത്വത്താല്‍ പല  ടൂറിസ്റ്റുകളെയും ആകര്‍ഷിച്ച് തന്റെ വരുതിയില്‍ കൊണ്ടുവന്നശേഷം അവരെ കൊലപ്പെടുത്തി അവരുടെ പണവും പാസ്പോര്‍ട്ടും കൈക്കലാക്കുകയായിരുന്നു ചാള്‍സിന്റെ പ്രധാനലലക്ഷ്യം. ആ പാസ്പോര്‍ട്ടുകളില്‍ കൃത്രിമം നടത്തി പല പേരുകളില്‍ പലയിടങ്ങളില്‍ ജീവിക്കുന്ന ചാള്‍സ് പിന്നീടൊരിക്കല്‍ ഇന്ത്യയില്‍ ഡല്‍ഹി പോലീസിന്റെ പിടിയിലാകുന്നു. അതിനുശേഷം പതിനൊന്നുവര്‍ഷം ജയിലില്‍ കിടന്ന ചാള്‍സ് തന്റെ ശിക്ഷതീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ചില സഹതടവുകാരോടൊപ്പം ജയില്‍ ചാടുന്നു, തന്റെ സ്വന്തം സ്റ്റൈലില്‍. അതെത്തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥസംഭവങ്ങള്‍ അല്‍പം മസാലയും ചേര്‍ത്ത് പ്രവാല്‍ രാമന്‍ വിളമ്പിയപ്പോള്‍ അത് അത്യന്തം രുചികരമല്ലെങ്കിലും ആസ്വദനീയമായ ഒരു ചിത്രംതന്നെയായിമാറി. തന്റെ കഴിഞ്ഞചിത്രങ്ങളിലൂടെ ഹൊറര്‍, ത്രില്ലര്‍ തുടങ്ങിയ genreകളില്‍ സ്വന്തം കഴിവുതെളിയിച്ച സംവിധായകന്‍ ഇത്തവണ വളരെ ഡാര്‍ക്ക്‌ ആയ മൂഡിലുള്ള ഒരു എന്റര്‍ടൈനര്‍ ഒരുക്കിക്കൊണ്ട് തന്റെ കഴിവ് വീണ്ടും തെളിയിച്ചു. ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡിനോട് ഇണങ്ങിനിന്നു. പത്തുനാല്‍പ്പതുവര്‍ഷം മുന്‍പത്തെ ഗോവയും മറ്റും recreate ചെയ്തത് വളരെ convincing ആയിത്തോന്നി.
രണ്‍ദീപ് ഹൂഡ തന്റെ വേഷം എപ്പോഴത്തെയും പോലെ മികച്ചതാക്കി. വളരെ ശാന്തനായ, ഒരിക്കലും ദേഷ്യപ്പെടാത്ത ചാള്‍സിനെ അദ്ദേഹം വളരെ നല്ലരീതിയില്‍ത്തന്നെ അവതരിപ്പിച്ചു. അദ്ദേഹത്തിന്‍റെ നേപ്പാളി ചുവയുള്ള സംസാരവും ഏറെ വിശ്വസനീയമായിരുന്നു. വളരെ ചെറിയ സ്വഭാവവൈശിഷ്യങ്ങള്‍ക്കുപോലും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് ചാള്‍സിനെ അവതരിപ്പിച്ച രണ്‍ദീപ് ഏറെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പോലീസ് ഉദ്യോഗസ്ഥനായി ആദില്‍ ഹുസൈനും മികച്ചുനിന്നു. അദ്ദേഹത്തിന്റെ കരിയറിലെതന്നെ മികച്ചവേഷങ്ങളില്‍ ഒന്നായിരിക്കും അത്. ഉറുമിയിലെ വാസ്കോഡഗാമ അലക്സ് ഓ നീലും ഒരു മുഴുനീളവേഷത്തില്‍ തിളങ്ങി. പേരറിയാത്ത മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി. റിച്ചാ ചദ്ദയ്ക്ക് അവരുടെ മറ്റുകഥാപാത്രങ്ങളുടെ അത്ര പെര്‍ഫോം ചെയ്യാനുള്ള സ്കോപ്പ് ഉണ്ടായിരുന്നില്ലെങ്കിലും ഉള്ളത് അവര്‍ വൃത്തിയായി ചെയ്തു.
ആദ്യമൊരു അപൂര്‍ണ്ണത തോന്നുമെങ്കിലും കാര്യങ്ങള്‍ ചുരുളഴിഞ്ഞുതുടങ്ങുമ്പോള്‍ മികച്ചൊരു അനുഭവമായി മാറുന്നൊരു ചിത്രമാണ് മേം ഓര്‍ ചാള്‍സ്. കാണാന്‍ ശ്രമിക്കാം.

Sunday, November 1, 2015

Someone Like Me Movie Review

സംവണ്‍ ലൈക് മി (Someone like Me aka Eine wen iig, dr Dällebach Kari, 2012, Swiss German)
അടുത്തുള്ള തീയറ്ററില്‍ നടന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് യാദൃശ്ചികമായി കാണാന്‍ സാധിച്ച ചിത്രമാണിത്. Xavier Koller എന്ന സീനിയര്‍ സ്വിറ്റ്സര്‍ലന്‍ഡ് സംവിധായകന്‍ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത് Hanspeter Müller, Carla Juri, Nils Althaus തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു മുറിച്ചുണ്ടനായ മനുഷ്യന്റെ കഥ പറയുന്നു.
1800കളുടെ അവസാനം. കാരി എന്ന യുവാവ് മുറിച്ചുണ്ടനായി പിറന്നയാളാണ്. വളര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കും എന്ന കാരണത്താല്‍ ജനിച്ചപ്പോഴേ കാരിയെ ഉപേക്ഷിച്ചോളാന്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും കാരിയുടെ അമ്മ തന്റെ ഏഴാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കുന്നില്ല. കാരിയെ അമ്മ വളര്‍ത്തിവലുതാക്കുന്നു. യുവാവായ കാരി ബേണ്‍ നഗരത്തില്‍ ഒരു ബാര്‍ബര്‍ഷോപ്പ് നടത്താന്‍ തുടങ്ങുന്നു. തന്റെ രൂപവൈകല്യത്തെപ്പറ്റി സദാ ബോധവാനായ കാരി ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍വെച്ച് ഒരു ധനികകുടുംബാംഗമായ ആന്‍മേരിയെ പരിചയപ്പെടുന്നു. ആദ്യദര്‍ശനത്തില്‍ത്തന്നെ അവര്‍ പരസ്പരം ഏകദേശം പ്രണയബദ്ധരാവുകയാണ്. ആദ്യമൊക്കെ ആ പ്രണയം ആസ്വദിക്കുന്ന കാരി പക്ഷേ പിന്നീട് തന്റെ മുഖവൈകല്യം ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നോര്‍ത്ത് ആന്‍മേരിയെ പ്രണയത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അവര്‍ അതിന് വഴങ്ങുന്നില്ല. പിന്നീടുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. മദ്ധ്യവയസ്കനായ കാരിയുടെ ബാല്യം മുതലുള്ള ഓര്‍മ്മകളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. ഒടുവില്‍ ഒട്ടും അതിഭാവുകത്വമില്ലാത്ത ഒരു ക്ലൈമാക്സിലൂടെ ചിത്രം അവസാനിക്കുമ്പോള്‍ നല്ലൊരു ചിത്രം കണ്ട സംതൃപ്തിയാണ് പ്രേക്ഷകന് ഉണ്ടാവുക.
കാരിയുടെ മൂന്നുഘട്ടങ്ങളില്‍ ഉള്ള വേഷങ്ങള്‍ അവതരിപ്പിച്ച നടന്മാര്‍ ആ വേഷങ്ങള്‍ നന്നായിത്തന്നെ ചെയ്തു. അഭിനയത്തിലും ചേഷ്ടകളിലും ഒരു consistency കൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചു. നായികയായ ആന്‍മേരിയെ അവതരിപ്പിച്ച Carla Juri ഏറെ മനോഹരിയായി കാണപ്പെട്ടു. വളരെ നിഷ്കളങ്കമായ ഇവരുടെ പ്രണയരംഗങ്ങള്‍ ഏറെ മികച്ചുനിന്നു.
ഇഴഞ്ഞുനീങ്ങുന്ന ഒരു ചിത്രം പ്രതീക്ഷിച്ചുപോയ എനിക്ക് കിട്ടിയത് നല്ലൊരു feel-good ജീവിതകഥയാണ്. നല്ല ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവരെ ഈ ചിത്രം നിരാശപ്പെടുത്താന്‍ ഇടയില്ല. കാണാന്‍ ശ്രമിക്കുക.

Masaan Movie Review

മസാന്‍ (Masaan, 2015, Hindi)
ചില ചിത്രങ്ങള്‍ അങ്ങനെയാണ്, വല്ലാത്തൊരു വേദന മനസ്സില്‍ അവശേഷിപ്പിക്കും. അങ്ങനെ ഏറെ വേദനയും നിരാശയും മറ്റും എന്റെയുള്ളില്‍ ഉണര്‍ത്തിയ ഒരു ചിത്രമാണ് മസാന്‍. നീരജ് ഘൈവന്‍ എന്ന യുവസംവിധായകന്റെ ആദ്യചിത്രമാണ് ഇത്. വരുണ്‍ ഗ്രോവര്‍ രചന നിര്‍വഹിച്ച ചിത്രത്തില്‍ റിച്ചാ ചദ്ദ, വിക്കി കൗശല്‍, ശ്വേതാ ത്രിപാഠി, സഞ്ജയ്‌ മിശ്ര തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ഇടം എന്നാണ് മസാന്‍ എന്ന പദത്തിന്റെ അര്‍ഥം. പേരുപോലെത്തന്നെ കയ്പ്പേറിയ ഓര്‍മ്മകള്‍ ദഹിപ്പിച്ച് ജീവിതത്തില്‍ ഉയര്‍ന്നുപറക്കാന്‍ ശ്രമിക്കുക എന്ന സന്ദേശംതന്നെയാണ് ചിത്രം മുന്നോട്ടുവെയ്ക്കുന്നത്.
ദേവി എന്ന യുവതി എന്നത്തെയുംപോലെ വാരണാസിയിലെ തന്റെ വീട്ടില്‍നിന്ന് ജോലിക്കിറങ്ങുന്ന രംഗത്തിലൂടെയാണ്‌ ചിത്രം ആരംഭിക്കുന്നത്. വഴിയിലുള്ള ഒരു പൊതുശൗചാലയത്തില്‍ കയറി ചുരിദാര്‍ മാറ്റി അവര്‍ സാരി ഉടുക്കുമ്പോള്‍ പ്രേക്ഷകന് മനസ്സിലാകുന്നു, അവര്‍ ജോലിക്കല്ല അന്ന് പോകുന്നത്. തന്നെക്കാത്തുനിന്ന കാമുകനടുത്തേയ്ക്കാണ് അവര്‍ പോവുന്നത്. ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ അഭിനയിച്ച് ഒരു ലോഡ്ജില്‍ അവര്‍ മുറിയെടുക്കുന്നു, ശാരീരികമായി അടുത്തറിയാന്‍. എന്നാല്‍ അപ്രതീക്ഷിതമായ ഒരു സംഭവം അവരുടെ ജീവിതം മാറ്റിമറിയ്ക്കുകയാണ്.. അതിനുശേഷമുള്ള പ്രത്യാഘാതങ്ങള്‍ ദേവിയുടെയും അച്ഛന്‍ വിദ്യാധറിന്റെയും ജീവിതങ്ങളെ പ്രതീക്ഷയുടെ രശ്മികള്‍പോലും കടന്നുവരാന്‍ മടിക്കുന്നത്ര ആഴത്തിലുള്ള പടുകുഴിയിലേക്ക് തള്ളിയിടുന്നു. പക്ഷേ ജീവിതമല്ലേ, ജീവിച്ചുതീര്‍ത്തല്ലേ പറ്റൂ. അവരുടെ നിശബ്ദജീവനസമരങ്ങളാണ് പ്രേക്ഷകര്‍ക്ക് പിന്നീട് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഒപ്പം പാരമ്പര്യമായി ഗംഗാതീരത്ത് മൃതശരീരങ്ങള്‍ സംസ്കരിക്കുന്ന കുലത്തൊഴിലുള്ള ഒരു കുടുംബത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ദീപക്കിന്റെയും ശാലുവിന്റെയും പ്രണയവും. ഒടുവില്‍ നിരാശനിറഞ്ഞ രണ്ടാത്മാക്കള്‍ അലഹബാദിലെ ത്രിവേണീസംഗമതീരത്ത് കൂട്ടിമുട്ടുന്നിടത്ത് വീണ്ടും സന്തോഷത്തിന്റെയും സുഖത്തിന്റെയും പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നതെങ്കിലും നെഞ്ചില്‍ ഒരു കല്ല്‌ കയറ്റിവെച്ച അവസ്ഥയാണ് എനിക്ക് ഉണ്ടായത്. നഷ്ടബോധമോ, നിരാശയോ, എന്തൊക്കെയോ കലര്‍ന്ന ഒരവസ്ഥ.
സാധാരണ ഞാന്‍ സിനിമകള്‍ പോസ് ചെയ്യുന്നത് എന്തെങ്കിലും കഴിക്കാനോ ഫേസ്ബുക്ക്‌ നോക്കാനോ ആണെങ്കില്‍ ഈ സിനിമയ്ക്കിടയില്‍ കരച്ചിലും വീര്‍പ്പുമുട്ടലും അടക്കാനാവാത്ത നിമിഷങ്ങളിലാണ് എനിക്ക് അങ്ങനെ ചെയ്യേണ്ടിവന്നത്. അത്രയ്ക്ക് ഉള്ളില്‍ തട്ടുന്ന പല രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു. ആയകാലത്ത് മര്യാദയ്ക്കൊരു പ്രണയംപോലും ഇല്ലാതെ നടന്നതിന്റെ നഷ്ടബോധാമാകാം ചിലപ്പോള്‍ അതിനുകാരണം. എന്തായാലും നാടകീയത പരമാവധി ഒഴിവാക്കി വളരെ subtle ആയ രംഗങ്ങളിലൂടെ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സംവിധായകനും രചയിതാവിനും സാധിച്ചു. ചിത്രത്തില്‍ അത്രയേറെ involved ആയതുകൊണ്ട് ചില രംഗങ്ങളില്‍ കഥാപാത്രങ്ങളുടെ അവസ്ഥകണ്ട് രചയിതാക്കളോട് അമര്‍ഷം വരെ തോന്നിപ്പോയി. ഇന്ത്യന്‍ ഓഷ്യന്റെ ഗാനങ്ങള്‍ ഇമ്പമുള്ളതും കഥാസന്ദര്‍ഭങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നവയും ആയിരുന്നു. അവിനാശ് അരുണിന്റെ cinematography, നിതിന്‍ ബൈദിന്റെ എഡിറ്റിംഗ് എന്നിവ ഏറെ നിലവാരം പുലര്‍ത്തി.
ചിത്രത്തിലെ പ്രധാനനടീനടന്മാരെപ്പറ്റി എത്ര പുകഴ്ത്തിപ്പറഞ്ഞാലും അധികമാവില്ല. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങള്‍ ആണ് ഏവരും കാഴ്ചവെച്ചത്. റിച്ചാ ചദ്ദ ദേവി എന്ന വേഷത്തില്‍ മികച്ചുനിന്നപ്പോള്‍ ദേവിയുടെ അച്ഛന്റെ വേഷത്തില്‍ സഞ്ജയ്‌ മിശ്ര അസാധ്യപ്രകടനം ആയിരുന്നു. പിന്നെയും പിന്നെയും ഈ മനുഷ്യന്റെ മുന്നില്‍ നമിച്ചുപോവുന്നു. എത്ര മിതത്വമുള്ള, എങ്കിലും ഹൃദയസ്പര്‍ശിയായ രീതിയില്‍ ആണ് ഇദ്ദേഹം ഓരോ വേഷങ്ങളും അവതരിപ്പിക്കുന്നത്.. ദേവി പഠനം തുടരാനായി അലഹബാദിലേയ്ക്ക് പോകുന്നകാര്യം അച്ഛന്റെ മുന്നില്‍ അവതരിപ്പിക്കുന്നരംഗത്തില്‍ ഇദ്ദേഹത്തിന്‍റെ പ്രകടനം ഏറെ കരയിപ്പിച്ചു. കഴിഞ്ഞവര്‍ഷം ആംഖോം ദേഖിയിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ ക്രിടിക്സ് അവാര്‍ഡ്‌ നേടിയ ഇദ്ദേഹത്തിന് ഈ ചിത്രത്തിലെ പ്രകടനത്തിനും പുരസ്കാരങ്ങള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ദീപക് എന്ന കഥാപാത്രമായി വിക്കി കൗശല്‍ തിളങ്ങി. സംവിധായകന്‍ ബേസില്‍ ജോസഫിനോട് ചില രംഗങ്ങളില്‍ രൂപസാദൃശ്യം പുലര്‍ത്തിയ അദ്ദേഹം
വളരെ നിഷ്കളങ്കനായ തന്റെ കഥാപാത്രത്തെ മനോഹരമാക്കി. അതുപോലെത്തന്നെ ശ്വേതാ ത്രിപാഠിയും മികച്ചുനിന്നു. പോലീസുകാരന്റെ വേഷത്തില്‍ എത്തിയ നടനും സദ്ധ്യാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പങ്കജ് ത്രിപാഠിയും മികച്ചുനിന്നു.
വര്‍ത്തമാനകാലഭാരതത്തിലെ സമൂഹത്തിലെ ചില കയ്പ്പേറിയ സത്യങ്ങളും ദുരവസ്ഥകളും മായംചേര്‍ക്കാതെ വരച്ചുകാണിക്കുന്ന മികച്ചൊരു ചിത്രമാണ് മസാന്‍. ഹിന്ദി സിനിമ എന്നാല്‍ തുണി ഉരിയലും ഐറ്റം ഡാന്‍സും ചുംബനരംഗങ്ങളും മാത്രമാണെന്ന് അഭിപ്രായമുള്ള എല്ലാവരും കാണാന്‍ ശ്രമിക്കുക.