Sunday, November 1, 2015

Masaan Movie Review

മസാന്‍ (Masaan, 2015, Hindi)
ചില ചിത്രങ്ങള്‍ അങ്ങനെയാണ്, വല്ലാത്തൊരു വേദന മനസ്സില്‍ അവശേഷിപ്പിക്കും. അങ്ങനെ ഏറെ വേദനയും നിരാശയും മറ്റും എന്റെയുള്ളില്‍ ഉണര്‍ത്തിയ ഒരു ചിത്രമാണ് മസാന്‍. നീരജ് ഘൈവന്‍ എന്ന യുവസംവിധായകന്റെ ആദ്യചിത്രമാണ് ഇത്. വരുണ്‍ ഗ്രോവര്‍ രചന നിര്‍വഹിച്ച ചിത്രത്തില്‍ റിച്ചാ ചദ്ദ, വിക്കി കൗശല്‍, ശ്വേതാ ത്രിപാഠി, സഞ്ജയ്‌ മിശ്ര തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ഇടം എന്നാണ് മസാന്‍ എന്ന പദത്തിന്റെ അര്‍ഥം. പേരുപോലെത്തന്നെ കയ്പ്പേറിയ ഓര്‍മ്മകള്‍ ദഹിപ്പിച്ച് ജീവിതത്തില്‍ ഉയര്‍ന്നുപറക്കാന്‍ ശ്രമിക്കുക എന്ന സന്ദേശംതന്നെയാണ് ചിത്രം മുന്നോട്ടുവെയ്ക്കുന്നത്.
ദേവി എന്ന യുവതി എന്നത്തെയുംപോലെ വാരണാസിയിലെ തന്റെ വീട്ടില്‍നിന്ന് ജോലിക്കിറങ്ങുന്ന രംഗത്തിലൂടെയാണ്‌ ചിത്രം ആരംഭിക്കുന്നത്. വഴിയിലുള്ള ഒരു പൊതുശൗചാലയത്തില്‍ കയറി ചുരിദാര്‍ മാറ്റി അവര്‍ സാരി ഉടുക്കുമ്പോള്‍ പ്രേക്ഷകന് മനസ്സിലാകുന്നു, അവര്‍ ജോലിക്കല്ല അന്ന് പോകുന്നത്. തന്നെക്കാത്തുനിന്ന കാമുകനടുത്തേയ്ക്കാണ് അവര്‍ പോവുന്നത്. ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ അഭിനയിച്ച് ഒരു ലോഡ്ജില്‍ അവര്‍ മുറിയെടുക്കുന്നു, ശാരീരികമായി അടുത്തറിയാന്‍. എന്നാല്‍ അപ്രതീക്ഷിതമായ ഒരു സംഭവം അവരുടെ ജീവിതം മാറ്റിമറിയ്ക്കുകയാണ്.. അതിനുശേഷമുള്ള പ്രത്യാഘാതങ്ങള്‍ ദേവിയുടെയും അച്ഛന്‍ വിദ്യാധറിന്റെയും ജീവിതങ്ങളെ പ്രതീക്ഷയുടെ രശ്മികള്‍പോലും കടന്നുവരാന്‍ മടിക്കുന്നത്ര ആഴത്തിലുള്ള പടുകുഴിയിലേക്ക് തള്ളിയിടുന്നു. പക്ഷേ ജീവിതമല്ലേ, ജീവിച്ചുതീര്‍ത്തല്ലേ പറ്റൂ. അവരുടെ നിശബ്ദജീവനസമരങ്ങളാണ് പ്രേക്ഷകര്‍ക്ക് പിന്നീട് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഒപ്പം പാരമ്പര്യമായി ഗംഗാതീരത്ത് മൃതശരീരങ്ങള്‍ സംസ്കരിക്കുന്ന കുലത്തൊഴിലുള്ള ഒരു കുടുംബത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ദീപക്കിന്റെയും ശാലുവിന്റെയും പ്രണയവും. ഒടുവില്‍ നിരാശനിറഞ്ഞ രണ്ടാത്മാക്കള്‍ അലഹബാദിലെ ത്രിവേണീസംഗമതീരത്ത് കൂട്ടിമുട്ടുന്നിടത്ത് വീണ്ടും സന്തോഷത്തിന്റെയും സുഖത്തിന്റെയും പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നതെങ്കിലും നെഞ്ചില്‍ ഒരു കല്ല്‌ കയറ്റിവെച്ച അവസ്ഥയാണ് എനിക്ക് ഉണ്ടായത്. നഷ്ടബോധമോ, നിരാശയോ, എന്തൊക്കെയോ കലര്‍ന്ന ഒരവസ്ഥ.
സാധാരണ ഞാന്‍ സിനിമകള്‍ പോസ് ചെയ്യുന്നത് എന്തെങ്കിലും കഴിക്കാനോ ഫേസ്ബുക്ക്‌ നോക്കാനോ ആണെങ്കില്‍ ഈ സിനിമയ്ക്കിടയില്‍ കരച്ചിലും വീര്‍പ്പുമുട്ടലും അടക്കാനാവാത്ത നിമിഷങ്ങളിലാണ് എനിക്ക് അങ്ങനെ ചെയ്യേണ്ടിവന്നത്. അത്രയ്ക്ക് ഉള്ളില്‍ തട്ടുന്ന പല രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു. ആയകാലത്ത് മര്യാദയ്ക്കൊരു പ്രണയംപോലും ഇല്ലാതെ നടന്നതിന്റെ നഷ്ടബോധാമാകാം ചിലപ്പോള്‍ അതിനുകാരണം. എന്തായാലും നാടകീയത പരമാവധി ഒഴിവാക്കി വളരെ subtle ആയ രംഗങ്ങളിലൂടെ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സംവിധായകനും രചയിതാവിനും സാധിച്ചു. ചിത്രത്തില്‍ അത്രയേറെ involved ആയതുകൊണ്ട് ചില രംഗങ്ങളില്‍ കഥാപാത്രങ്ങളുടെ അവസ്ഥകണ്ട് രചയിതാക്കളോട് അമര്‍ഷം വരെ തോന്നിപ്പോയി. ഇന്ത്യന്‍ ഓഷ്യന്റെ ഗാനങ്ങള്‍ ഇമ്പമുള്ളതും കഥാസന്ദര്‍ഭങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നവയും ആയിരുന്നു. അവിനാശ് അരുണിന്റെ cinematography, നിതിന്‍ ബൈദിന്റെ എഡിറ്റിംഗ് എന്നിവ ഏറെ നിലവാരം പുലര്‍ത്തി.
ചിത്രത്തിലെ പ്രധാനനടീനടന്മാരെപ്പറ്റി എത്ര പുകഴ്ത്തിപ്പറഞ്ഞാലും അധികമാവില്ല. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങള്‍ ആണ് ഏവരും കാഴ്ചവെച്ചത്. റിച്ചാ ചദ്ദ ദേവി എന്ന വേഷത്തില്‍ മികച്ചുനിന്നപ്പോള്‍ ദേവിയുടെ അച്ഛന്റെ വേഷത്തില്‍ സഞ്ജയ്‌ മിശ്ര അസാധ്യപ്രകടനം ആയിരുന്നു. പിന്നെയും പിന്നെയും ഈ മനുഷ്യന്റെ മുന്നില്‍ നമിച്ചുപോവുന്നു. എത്ര മിതത്വമുള്ള, എങ്കിലും ഹൃദയസ്പര്‍ശിയായ രീതിയില്‍ ആണ് ഇദ്ദേഹം ഓരോ വേഷങ്ങളും അവതരിപ്പിക്കുന്നത്.. ദേവി പഠനം തുടരാനായി അലഹബാദിലേയ്ക്ക് പോകുന്നകാര്യം അച്ഛന്റെ മുന്നില്‍ അവതരിപ്പിക്കുന്നരംഗത്തില്‍ ഇദ്ദേഹത്തിന്‍റെ പ്രകടനം ഏറെ കരയിപ്പിച്ചു. കഴിഞ്ഞവര്‍ഷം ആംഖോം ദേഖിയിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ ക്രിടിക്സ് അവാര്‍ഡ്‌ നേടിയ ഇദ്ദേഹത്തിന് ഈ ചിത്രത്തിലെ പ്രകടനത്തിനും പുരസ്കാരങ്ങള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ദീപക് എന്ന കഥാപാത്രമായി വിക്കി കൗശല്‍ തിളങ്ങി. സംവിധായകന്‍ ബേസില്‍ ജോസഫിനോട് ചില രംഗങ്ങളില്‍ രൂപസാദൃശ്യം പുലര്‍ത്തിയ അദ്ദേഹം
വളരെ നിഷ്കളങ്കനായ തന്റെ കഥാപാത്രത്തെ മനോഹരമാക്കി. അതുപോലെത്തന്നെ ശ്വേതാ ത്രിപാഠിയും മികച്ചുനിന്നു. പോലീസുകാരന്റെ വേഷത്തില്‍ എത്തിയ നടനും സദ്ധ്യാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പങ്കജ് ത്രിപാഠിയും മികച്ചുനിന്നു.
വര്‍ത്തമാനകാലഭാരതത്തിലെ സമൂഹത്തിലെ ചില കയ്പ്പേറിയ സത്യങ്ങളും ദുരവസ്ഥകളും മായംചേര്‍ക്കാതെ വരച്ചുകാണിക്കുന്ന മികച്ചൊരു ചിത്രമാണ് മസാന്‍. ഹിന്ദി സിനിമ എന്നാല്‍ തുണി ഉരിയലും ഐറ്റം ഡാന്‍സും ചുംബനരംഗങ്ങളും മാത്രമാണെന്ന് അഭിപ്രായമുള്ള എല്ലാവരും കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment