Friday, November 6, 2015

Main Aur Charles Movie Review

മേം ഓര്‍ ചാള്‍സ് (Main aur Charles, 2015, Hindi)
പ്രവാല്‍ രാമന്റെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയചിത്രമാണ് മേം ഓര്‍ ചാള്‍സ്. ചാള്‍സ് ശോഭരാജ് എന്ന സീരിയല്‍ കില്ലറിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രത്തില്‍ ചാള്‍സിനെ അവതരിപ്പിച്ചത് രണ്‍ദീപ് ഹൂഡ ആണ്. ആദില്‍ ഹുസൈന്‍, റിച്ചാ ചദ്ദ, അലക്സ് ഓ നീല്‍ തുടങ്ങിയവര്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
1968ല്‍ തായ്ലാന്‍ഡില്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തി രക്ഷപ്പെടുന്ന ചാള്‍സ് പിന്നെ പലപ്പോഴും പോലീസിന്റെ പിടിയില്‍ ആവുന്നെങ്കിലും രക്ഷപ്പെടുന്നു. തന്റെ അത്യന്തം ആകര്‍ഷകമായ വ്യക്തിത്വത്താല്‍ പല  ടൂറിസ്റ്റുകളെയും ആകര്‍ഷിച്ച് തന്റെ വരുതിയില്‍ കൊണ്ടുവന്നശേഷം അവരെ കൊലപ്പെടുത്തി അവരുടെ പണവും പാസ്പോര്‍ട്ടും കൈക്കലാക്കുകയായിരുന്നു ചാള്‍സിന്റെ പ്രധാനലലക്ഷ്യം. ആ പാസ്പോര്‍ട്ടുകളില്‍ കൃത്രിമം നടത്തി പല പേരുകളില്‍ പലയിടങ്ങളില്‍ ജീവിക്കുന്ന ചാള്‍സ് പിന്നീടൊരിക്കല്‍ ഇന്ത്യയില്‍ ഡല്‍ഹി പോലീസിന്റെ പിടിയിലാകുന്നു. അതിനുശേഷം പതിനൊന്നുവര്‍ഷം ജയിലില്‍ കിടന്ന ചാള്‍സ് തന്റെ ശിക്ഷതീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ചില സഹതടവുകാരോടൊപ്പം ജയില്‍ ചാടുന്നു, തന്റെ സ്വന്തം സ്റ്റൈലില്‍. അതെത്തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥസംഭവങ്ങള്‍ അല്‍പം മസാലയും ചേര്‍ത്ത് പ്രവാല്‍ രാമന്‍ വിളമ്പിയപ്പോള്‍ അത് അത്യന്തം രുചികരമല്ലെങ്കിലും ആസ്വദനീയമായ ഒരു ചിത്രംതന്നെയായിമാറി. തന്റെ കഴിഞ്ഞചിത്രങ്ങളിലൂടെ ഹൊറര്‍, ത്രില്ലര്‍ തുടങ്ങിയ genreകളില്‍ സ്വന്തം കഴിവുതെളിയിച്ച സംവിധായകന്‍ ഇത്തവണ വളരെ ഡാര്‍ക്ക്‌ ആയ മൂഡിലുള്ള ഒരു എന്റര്‍ടൈനര്‍ ഒരുക്കിക്കൊണ്ട് തന്റെ കഴിവ് വീണ്ടും തെളിയിച്ചു. ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡിനോട് ഇണങ്ങിനിന്നു. പത്തുനാല്‍പ്പതുവര്‍ഷം മുന്‍പത്തെ ഗോവയും മറ്റും recreate ചെയ്തത് വളരെ convincing ആയിത്തോന്നി.
രണ്‍ദീപ് ഹൂഡ തന്റെ വേഷം എപ്പോഴത്തെയും പോലെ മികച്ചതാക്കി. വളരെ ശാന്തനായ, ഒരിക്കലും ദേഷ്യപ്പെടാത്ത ചാള്‍സിനെ അദ്ദേഹം വളരെ നല്ലരീതിയില്‍ത്തന്നെ അവതരിപ്പിച്ചു. അദ്ദേഹത്തിന്‍റെ നേപ്പാളി ചുവയുള്ള സംസാരവും ഏറെ വിശ്വസനീയമായിരുന്നു. വളരെ ചെറിയ സ്വഭാവവൈശിഷ്യങ്ങള്‍ക്കുപോലും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് ചാള്‍സിനെ അവതരിപ്പിച്ച രണ്‍ദീപ് ഏറെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പോലീസ് ഉദ്യോഗസ്ഥനായി ആദില്‍ ഹുസൈനും മികച്ചുനിന്നു. അദ്ദേഹത്തിന്റെ കരിയറിലെതന്നെ മികച്ചവേഷങ്ങളില്‍ ഒന്നായിരിക്കും അത്. ഉറുമിയിലെ വാസ്കോഡഗാമ അലക്സ് ഓ നീലും ഒരു മുഴുനീളവേഷത്തില്‍ തിളങ്ങി. പേരറിയാത്ത മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി. റിച്ചാ ചദ്ദയ്ക്ക് അവരുടെ മറ്റുകഥാപാത്രങ്ങളുടെ അത്ര പെര്‍ഫോം ചെയ്യാനുള്ള സ്കോപ്പ് ഉണ്ടായിരുന്നില്ലെങ്കിലും ഉള്ളത് അവര്‍ വൃത്തിയായി ചെയ്തു.
ആദ്യമൊരു അപൂര്‍ണ്ണത തോന്നുമെങ്കിലും കാര്യങ്ങള്‍ ചുരുളഴിഞ്ഞുതുടങ്ങുമ്പോള്‍ മികച്ചൊരു അനുഭവമായി മാറുന്നൊരു ചിത്രമാണ് മേം ഓര്‍ ചാള്‍സ്. കാണാന്‍ ശ്രമിക്കാം.

No comments:

Post a Comment