Saturday, March 28, 2015

The Children Movie Review

The Children Movie Posterദ ചില്‍ഡ്രന്‍ (The Children, 2008, English)
ന്യൂ ഇയര്‍ ആഘോഷിക്കാനായി മഞ്ഞുമൂടിയ ഒരു ഉള്‍പ്രദേശത്തുള്ള തങ്ങളുടെ വീട്ടില്‍ എത്തിച്ചേര്‍ന്ന രണ്ട് കുടുംബങ്ങള്‍. കുട്ടികളുടെ കളിയും ചിരിയും, വലിയവരുടെ തമാശകളും മറ്റുമായി എല്ലാം വളരെ നല്ല രീതിയില്‍ പോകുന്നെന്ന് അവര്‍ കരുതിയെങ്കിലും അവരറിയാതെ ഒരു ദുരന്തം അവരെ പിന്തുടരുന്നുണ്ടായിരുന്നു...
എത്രയോ സിനിമകളില്‍ കണ്ടുമറന്ന കഥ, അല്ലേ! ആകെ ഒരു വ്യത്യാസം മറ്റുപടങ്ങളില്‍ ഒരുപറ്റം സുഹൃത്തുക്കള്‍ ആണെങ്കില്‍ ഇതില്‍ രണ്ടുകുടുംബങ്ങള്‍! ഇങ്ങനെ കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. ഇതേ രീതിയിലുള്ള മറ്റുചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തവും disturbingുമായ ഒരനുഭവമാണ് ദ ചില്‍ഡ്രന്‍.
Tom Shanklandന്റെ സംവിധാനത്തില്‍ 2008ല്‍ പുറത്തുവന്ന ഒരു ബ്രിട്ടീഷ് ചിത്രമാണിത്. വളരെ ചുരുങ്ങിയ മുതല്‍മുടക്കില്‍ പ്രേക്ഷകനെ വളരെയേറെ ആകര്‍ഷിക്കത്തക്കവിധമുള്ള ഒരു ചിത്രം ചെയ്യുന്നതില്‍ സംവിധായകന്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു. മെല്ലെയുള്ള ഒരു തുടക്കത്തില്‍നിന്ന് ആദ്യ ഇരുപതുമിനിറ്റ് കഴിയുമ്പോഴേക്കും പ്രേക്ഷകനെ വിഹ്വലനാക്കുന്ന രീതിയിലേക്ക് ചിത്രത്തെ കൊണ്ടുപോകാന്‍ സംവിധായകന് സാധിച്ചു. അസ്വസ്ഥതയുടെയും ആകാംക്ഷയുടെയും മുള്‍മുനയില്‍ നിന്നുകൊണ്ടുള്ള ഒരു യാത്രയാണ് പിന്നെ അങ്ങോട്ട്‌. ഒടുവില്‍ സംഭവിക്കരുതേ എന്ന് ആഗ്രഹിച്ച കാര്യം തന്നെ സംഭവിക്കുമോ എന്ന് ചിന്തിപ്പിച്ചുകൊണ്ട് പ്രേക്ഷകനെ പരിഭ്രാന്തിയില്‍ ആഴ്ത്തിയ ഒരു അവസാനവും കൂടിയായപ്പോള്‍ വളരെ disturbing ആയൊരു അനുഭവമായി മാറി ദ ചില്‍ഡ്രന്‍.
ചില ചിത്രങ്ങള്‍ കാണുമ്പോള്‍ അതിലെ ചില കഥാപാത്രങ്ങളോട് നമുക്ക് വല്ലാത്ത ദേഷ്യവും വെറുപ്പും തോന്നിയേക്കാം. അത്തരത്തില്‍ നമ്മുടെ അത്യന്തം വെറുപ്പ്‌ പിടിച്ചുപറ്റാന്‍ ഇതിലെ ചില കഥാപാത്രങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അത് സംവിധായകന്റെയും അഭിനേതാക്കളുടെയും വിജയം തന്നെയാണ്. കുഞ്ഞുങ്ങളും വലിയവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. ചെറിയ ബജറ്റിനുള്ളില്‍ നിന്നുകൊണ്ട് special effectsഉം മറ്റും അതത് വിഭാഗങ്ങളിലെ സാങ്കേതികവിദഗ്ദ്ധര്‍ വൃത്തിയായി ചെയ്തു.
കുറേക്കാലത്തിനുശേഷം കണ്ട നല്ലൊരു disturbing thriller ആണ് ഇത്. ഈ ജോണറില്‍ ഉള്ള ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ എന്തായാലും കാണാന്‍ ശ്രമിക്കുക. ഇഷ്ടപ്പെടും.

Friday, March 27, 2015

Biology 101 Movie Review

Biology 101 Movie Poster
ബയോളജി 101 (Biology 101, 2011, English)
ക്രിസ്റ്റഫര്‍ സ്മിത്ത് സംവിധാനം ചെയ്ത ആദ്യ ഫീച്ചര്‍ ഫിലിം ആണ് ബയോളജി 101. David Christian Welborn, Noelle DuBois, Deborah O'Brien, Emily Bicks തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മധ്യവയസ്കനായ ഒരു ബയോളജി അധ്യാപകനാണ് പൊള്ളാര്‍ഡ്. കൗമാരപ്രായക്കാരിയായ ഒരു മകള്‍ ഉള്ള അദ്ദേഹത്തിന്റെ വിവാഹബന്ധത്തില്‍ ചെറിയ ഉലച്ചിലുകള്‍ ഉണ്ട്. ഒരു porn dating വെബ്‌സൈറ്റിലെ മോഡലില്‍ addicted ആണ് പൊള്ളാര്‍ഡ്. അങ്ങനെയിരിക്കെ ഒരിക്കല്‍ പൊള്ളാര്‍ഡിന്റെ ക്ലാസില്‍ കാഴ്ചയില്‍ ആ porn മോഡലിനെപ്പോലെത്തന്നെ തോന്നിപ്പിക്കുന്ന ഒരു വിദ്യാര്‍ഥിനി വന്നുചേരുന്നു. അതിനുശേഷം പൊള്ളാര്‍ഡ് അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്.
പ്രതീക്ഷയേകുന്ന ഒരു തുടക്കം നല്‍കാന്‍ ആയെങ്കിലും പിന്നീട് ആ പ്രതീക്ഷ നിലനിര്‍ത്താന്‍ സംവിധായകന് കഴിയാതെ പോയി. ഒട്ടും ത്രില്ലിംഗ് അല്ലാതെ ഒച്ചിഴയുന്നപോലെ മുന്നോട്ടുനീങ്ങിയ ചിത്രത്തില്‍ പിന്നീട് ആകര്‍ഷകമായത് സാധാരണയില്‍ നിന്നും അല്പം വിട്ടുമാറിയിട്ടുള്ള ഒരു ക്ലൈമാക്സാണ്.
അഭിനേതാക്കള്‍ ഒക്കെ കുളമാക്കാതെ തങ്ങളുടെ വേഷങ്ങള്‍ ചെയ്തു. സംവിധാനവും തരക്കേടില്ല. കുഞ്ഞുബജറ്റില്‍ ചെയ്ത ചിത്രത്തില്‍ ചിലപ്പോഴെങ്കിലും അക്കാര്യം മുഴച്ചുനില്‍ക്കുന്നുണ്ട്.
മൊത്തത്തില്‍ ഒരു average പടം, അത്രേ ഉള്ളൂ. ഒന്നേക്കാല്‍ മണിക്കൂറേ ഉള്ളൂ എന്നത് വലിയൊരു ഗുണമാണ്. വേണമെങ്കില്‍ കാണാം

Thursday, March 26, 2015

Elizabeth Ekadeshi Movie Review

Elizabeth Ekadeshi Movie Poster
എലിസബത്ത്‌ ഏകാദശി (Elizabeth Ekadeshi, 2014 ,Marathi)
ഹരിശ്ച്ചന്ദ്രാചി ഫാക്ടറിയിലൂടെ ഫാല്‍ക്കെയുടെ ജീവിതകഥ അഭ്രപാളികളിലേക്ക് പകര്‍ത്തിയ സംവിധായകന്‍ പരേഷ് മോകാഷിയുടെ രണ്ടാമത്തെ ചിത്രമാണ് എലിസബത്ത് ഏകാദശി. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച ഈ ചിത്രം പണ്ഡര്‍പുരത്തെ വിഠലക്ഷേത്രത്തില്‍ നടക്കുന്ന ഏകാദശി ഉത്സവത്തോടനുബന്ധിച്ച് ഒരു കുടുംബത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്. Shrirang Mahajan, Sayali Bhandarkavathekar, Nandita Dhuri തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു.
ദാരിദ്ര്യം ഏറെ കഷ്ടപ്പെടുത്തുന്ന ഒരു കുടുംബത്തിലെ മൂത്ത ആണ്‍കുട്ടിയാണ് ധ്യാനേഷ്. ധ്യാനേഷിന് തന്റെ അച്ഛന്‍ സ്നേഹത്തോടെ ഉണ്ടാക്കിക്കൊടുത്ത സൈക്കിള്‍ ആണ് എലിസബത്ത്. അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിലായ ആ കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗ്ഗം അമ്മ തയ്ച്ചുണ്ടാക്കുന്ന സ്വെറ്ററുകളും മറ്റും ആണ്. എന്നാല്‍ ഒരു ദിവസം തയ്യല്‍ മിഷ്യന്‍ ജപ്തിചെയ്യുന്ന ബാങ്കുകാര്‍ നാലുദിവസങ്ങള്‍ക്കുള്ളില്‍ 5000 രൂപ അടച്ചാല്‍ തയ്യല്‍ മിഷ്യന്‍ തിരികെനല്‍കാം എന്ന് വാക്കുനല്‍കുന്നു. അത്രയും പണം ഇല്ലാത്തതിനാല്‍ എലിസബത്തിനെ വില്‍ക്കാന്‍ അമ്മ തീരുമാനിക്കുമ്പോള്‍ അത് സംഭവിക്കാതിരിക്കാന്‍ ധ്യാനേഷിനും ധ്യാനേഷിന്റെ കുഞ്ഞുപെങ്ങള്‍ക്കും മുന്നില്‍ വേറെ എന്തെങ്കിലും മാര്‍ഗത്താല്‍ പണം ഉണ്ടാക്കുക എന്ന ഒരു വഴിയേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. വര്‍ഷത്തില്‍ ഒരിക്കല്‍ മഹാരാഷ്ട്രക്കാര്‍ കൊണ്ടാടുന്ന ഏകാദശിയുടെ അവസരത്തില്‍ കച്ചവടം ചെയ്തും മറ്റും ഏതുവിധേനയും പണം ഉണ്ടാക്കാനായി ഉള്ള ഇവരുടെ പരക്കംപാച്ചിലും മറ്റുമാണ് സിനിമയില്‍ പിന്നീട്.
വളരെ കയ്യടക്കത്തോടെയാണ് സംവിധായകന്‍ ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ദാരിദ്ര്യവും പരിവട്ടവും കാണിക്കുന്നുവെങ്കിലും ഒരിക്കല്‍പ്പോലും അനാവശ്യമായ സെന്റിമെന്റ്സ് കുത്തിക്കേറ്റി പ്രേക്ഷകരുടെ അനുകമ്പവഴി അവരെ കയ്യിലെടുക്കാന്‍ സംവിധായകന്‍ ശ്രമിച്ചില്ല എന്നത് വലിയൊരു പ്ലസ്‌ പോയിന്റ്‌ ആയി തോന്നി. സിനിമയുടെ അവസാനരംഗങ്ങള്‍ പെട്ടെന്ന് സിനിമ തീര്‍ക്കാനുള്ള ഓട്ടപ്പാച്ചില്‍പോലെ തോന്നിയെങ്കിലും നല്ലൊരു ഫീല്‍ ആണ് ചിത്രം അവസാനിക്കുമ്പോള്‍ പ്രേക്ഷകന് കിട്ടുന്നത്. പല സ്ഥലങ്ങളിലും പ്രേക്ഷകന്റെ കണ്ണുനനയിക്കാന്‍ വേണ്ട ഹൃദയസ്പര്‍ശിയായ പല രംഗങ്ങളും ചിത്രത്തിലുണ്ട്.
പ്രധാനവേഷങ്ങളില്‍ എത്തിയ കുട്ടികള്‍ എല്ലാവരും നല്ല പ്രകടനം കാഴ്ചവെച്ചു. മിക്കകുട്ടികളുടെയും ആദ്യചിത്രമായിരുന്നു ഇത് എന്നത് കൗതുകമുണര്‍ത്തുന്നു, അവരുടെ പക്വതയുള്ള പ്രകടനങ്ങള്‍ കാണുമ്പോള്‍. അമ്മവേഷം ചെയ്ത നന്ദിതാ ധുരി, മുത്തശ്ശിയുടെ വേഷം ചെയ്ത നദി തുടങ്ങി മറ്റ് അഭിനേതാക്കളും അവരുടെ വേഷങ്ങള്‍ നന്നാക്കി.
ആദ്യചിത്രത്തിലൂടെ ഏറെ പ്രശംസ ഏറ്റുവാങ്ങിയ സംവിധായകന്റെ രണ്ടാമത്തെ ചിത്രവും പ്രേക്ഷകര്‍ക്ക് നല്ലൊരു അനുഭവമാണ്‌. ഒന്നരമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന നല്ല ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ കാണാന്‍ ശ്രമിക്കുക. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ദേശീയ അവാര്‍ഡുകളില്‍ മികച്ച Children's filmനുള്ള പുരസ്കാരം തമിഴ് ചിത്രമായ കാക്കമുട്ടയ്ക്കൊപ്പം ഈ ചിത്രവും പങ്കിട്ടിരുന്നു.

Saturday, March 21, 2015

Hunterrr Movie Review

Hunterrr Movie Posterഹണ്ടര്‍ (Hunterrr, 2015, Hindi)
അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്ട്വാനെ, വികാസ് ഭേല്‍ തുടങ്ങിയവര്‍ ഫാന്റം പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ നിര്‍മ്മിച്ച്‌ നവാഗതനായ ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണിയുടെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയചിത്രമാണ് ഹണ്ടര്‍. ഗുല്‍ഷന്‍ ദേവയ്യാ പ്രധാനകഥാപാത്രത്തെ അവതരിച്ചപ്പോള്‍ മറ്റുവേഷങ്ങള്‍ കൈകാര്യം ചെയ്തത് രാധികാ ആപ്തെ, വീണാ സക്സേന, സായ് തംഹങ്കര്‍, സൂരജ് ജഗ്ഗാന്‍ തുടങ്ങിയവരാണ്.
നമുക്കിടയില്‍ ചിലരെ കാണാന്‍ സാധിക്കും, കാഴ്ചയില്‍ അത്ര ഭയങ്കര ആകര്‍ഷകമായ ലുക്ക്‌സോ, സിക്സ് പാക്ക് ശരീരമോ ഒന്നുമില്ലാത്ത വെറും സാധാരണക്കാരായ ചിലര്‍. എന്നാല്‍ സ്ത്രീവിഷയത്തില്‍ ഉസ്താദുകള്‍ ആയിരിക്കും ഇവരില്‍ പലരും. ആഗ്രഹിക്കുന്ന സ്ത്രീകളെ തന്റെ വരുതിക്ക് കൊണ്ടുവരിക, ചൊല്‍പ്പടിയില്‍ നിര്‍ത്തുക തുടങ്ങിയ കലകളില്‍ ഇവര്‍ അഗ്രഗണ്യര്‍ ആയിരിക്കും. അത്തരത്തില്‍ ഉള്ളൊരു ചെറുപ്പക്കാരന്റെ കഥയാണ് ഹണ്ടര്‍ പറയുന്നത്.
മന്ദാര്‍ പോംക്ഷേ എന്ന മറാത്തി യുവാവിന്റെ ജീവിതകഥയാണ് ഹണ്ടര്‍. കുട്ടിക്കാലം തൊട്ടേ പെണ്‍കുട്ടികളില്‍ ആകൃഷ്ടനായ മന്ദാര്‍ പക്ഷേ സ്നേഹത്തെക്കാളേറെ ലൈംഗികതയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഇങ്ങനെ പല സ്ത്രീകളിലൂടെ കടന്നുപോയ മന്ദാര്‍ അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനുവഴങ്ങി ഒടുവില്‍ വിവാഹിതനാകാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും മന്ദാറിന്റെ കഴിഞ്ഞ കാലവും മറ്റും ചേര്‍ത്ത് നോണ്‍ ലീനിയര്‍ ശൈലിയിലാണ് സംവിധായകന്‍ മന്ദാറിന്റെ കഥ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ഒരു adult കോമഡി ആണെന്നിരിക്കിലും ഒരിക്കല്‍പ്പോലും vulgar ആകാത്തവിധത്തില്‍ ചിത്രം മുന്നോട്ടുപോകുന്നു. 'എപ്പോഴും second bestനെ വളയ്ക്കാന്‍ ശ്രമിക്കുക, വളയാനുള്ള സാധ്യതകള്‍ ഏറെയാണ്' എന്ന നിലപാടില്‍ തുടങ്ങുന്ന കൊച്ചുമന്ദാറിന്റെ ആദ്യപ്രണയം മുതലുള്ള രംഗങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കും എന്നതില്‍ സംശയമില്ല. ഒരു adult കോമഡി ആണെങ്കില്‍പ്പോലും പ്രേക്ഷകന്റെ ഉള്ളില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്ന പല രംഗങ്ങളും, നമ്മള്‍ സന്തോഷത്തോടെ ചെയ്യുന്ന ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ നമ്മള്‍ എങ്ങനെ അതിനെ നോക്കിക്കാണുന്നു എന്നൊക്ക കാട്ടിത്തരുന്ന ചില രംഗങ്ങളും ചിത്രത്തിലുണ്ട്.
ഗുല്‍ഷന്‍ ദേവയ്യ തന്നെയാണ് ഹണ്ടറിന്റെ നട്ടെല്ല്. നാടകരംഗത്തുനിന്നും വന്ന് ദാറ്റ് ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്സ്, ശൈത്താന്‍, രാം ലീല തുടങ്ങിയ ചിത്രങ്ങളിലൂടെ കഴിവുതെളിയിച്ച ഇദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് എന്ന് വിളിക്കാവുന്ന വേഷമാണ് മന്ദാര്‍ പോംക്ഷേ. പതിനാറുവയസ്സുമുതലുള്ള മന്ദാറിന്റെ ജീവിതം ഒരിക്കല്‍പ്പോലും എച്ചുകെട്ടല്‍ തോന്നിപ്പിക്കാതെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. മന്ദാറിന്റെ ബാല്യകാലം അവതരിപ്പിച്ച പേരറിയാത്ത കൊച്ചുമിടുക്കനും വളരെ നന്നായി. 
നായികാവേഷം രാധികാ ആപ്തേ നന്നാക്കി. മറ്റ് സഹനായികമാരില്‍ വീണാ സക്സേനയും സായ് തംഹങ്കറും നന്നായിരുന്നു. മറാത്തി നടിയായ സായ് തംഹങ്കറിന്റെ വ്യത്യസ്തമായ ഒരു വേഷമാണ് ഇതിലെ ജ്യോത്സ്ന എന്ന അസംതൃപ്തയായ വീട്ടമ്മയുടേത്. ഗായകനായ സൂരജ് ജഗ്ഗാന്‍ ചെറുതെങ്കിലും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ തിളങ്ങി. പേരറിയാത്ത ചില സഹനടന്മാരും നല്ലപ്രകടനം കാഴ്ചവെച്ചു.
പുതുമുഖസംവിധായകന്റെ പോരായ്മകള്‍ ചിലയിടങ്ങളില്‍ കാണാമെങ്കിലും തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയം എടുത്ത് അതിനെ സമര്‍ത്ഥമായി കൈകാര്യം ചെയ്തതിനു ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണി പ്രശംസ അര്‍ഹിക്കുന്നു. മറ്റുസാങ്കേതികവിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചവരും തങ്ങളുടെ ജോലി ഭംഗിയാക്കി. ഖാമോശ് ഷായുടെ ഗാനങ്ങള്‍ മികവുറ്റതും ചിത്രത്തിനോട് ചേര്‍ന്നുപോകുന്നതും ആയിരുന്നു. ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിലയിടങ്ങളില്‍ അമിത് ത്രിവേദിയുടെ ശൈലി അനുസ്മരിപ്പിച്ചു.
പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കൊച്ചുചിത്രമാണ് ഹണ്ടര്‍. അതോടൊപ്പംതന്നെ പലയിടങ്ങളിലും കാണികളെ ചിന്തിപ്പിക്കാനും ഈ ചിത്രത്തിന് സാധിക്കുന്നു എന്നത് ഒരു ബോണസ് മാത്രം. Adult കോമഡി എന്നുപറയുമ്പോള്‍ Grand Masti പോലെ over the top അഭിനയവും loud jokesഉം ദ്വയാര്‍ത്ഥപ്രയോഗങ്ങളും മറ്റും പ്രതീക്ഷിക്കരുത്, കുറച്ചുകൂടി വൈകാരികമായി, എന്നാല്‍ രസച്ചരട് പൊട്ടിക്കാതെതന്നെ മെല്ലെ മുന്നോട്ടുപോകുന്ന ഒരു ചിത്രമാണിത്. കാണാന്‍ ശ്രമിക്കുക

Thursday, March 19, 2015

Saare Jahaan Se Mehnga Movie Review

Saare Jahaan Se Mehnga Movie Poster
സാരേ ജഹാന്‍ സേ മെഹംഗാ (Saare Jahaan Se Mehnga, 2013, Hindi)
ദേവ് ഡി, നോ സ്മോക്കിംഗ്, പ്യാര്‍ കാ പഞ്ചനാമാ തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച അന്‍ശുല്‍ ശര്‍മ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സാരേ ജഹാന്‍ സേ മെഹംഗാ. എല്ലായിടങ്ങളെക്കാളും വിലകൂടിയത് എന്നര്‍ഥം വരുന്ന പേരുള്ള ചിത്രം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
പുത്തന്‍പാല്‍ എന്ന മധ്യവയസ്കന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ജീവിതങ്ങളെ ചുറ്റിപ്പറ്റി നീങ്ങുന്ന കഥ നാട്ടിലെ വിലക്കയറ്റത്തെ രസകരമായി വിമര്‍ശിക്കുന്നുണ്ട്. നിത്യവൃത്തിക്ക് തന്റെ വരുമാനം തികയാത്തതുമൂലം തന്റെ അച്ഛനില്‍ നിന്നും മറ്റും സ്ഥിരമായി പഴി കേള്‍ക്കുന്ന പുത്തന്‍പാലിനോട് ഒരുദിവസം ഒരു സുഹൃത്ത് സര്‍ക്കാരിന്റെ പുതിയൊരു ലോണ്‍ സ്കീമിനെപ്പറ്റി പറയുന്നു. പുതിയൊരു കട തുടങ്ങാനായി ഒരുലക്ഷം രൂപ ലോണ്‍ എടുക്കുകയാണെങ്കില്‍ മൂന്നുവര്‍ഷം കഴിഞ്ഞ് തിരിച്ചടച്ചാല്‍ മതി എന്ന സ്കീം. അങ്ങനെ അയാള്‍ സ്വന്തം അനിയന്റെ പേരില്‍ ഒരുലക്ഷം രൂപ ലോണ്‍ എടുക്കുകയും, മൂന്നുവര്‍ഷത്തേക്കുള്ള നിത്യോപയോഗസാധനങ്ങള്‍ (പെട്ടെന്ന് കേടുവരാത്തവ) വാങ്ങി സംഭരിച്ചുവെയ്ക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിനാല്‍ ഇനിയുള്ള മൂന്നുവര്‍ഷത്തെ വിലക്കയറ്റം തങ്ങളുടെ ജീവിതത്തെ ബാധിക്കില്ല എന്ന് കരുതിയ അവരെ പക്ഷേ കാത്തിരുന്നത് കൂടുതല്‍ പ്രശ്നങ്ങളും നൂലാമാലകളും ആയിരുന്നു. ഈ പ്രശ്നങ്ങളില്‍ നിന്ന് തന്ത്രപരമായി അവര്‍ എങ്ങനെ രക്ഷപ്പെടുന്നു എന്നതും മറ്റുമാണ് ചിത്രം പറയുന്നത്. ഇത്തരം കൊച്ചുചിത്രങ്ങളില്‍ പൊതുവേ കാണാറുള്ള ഒരു ഗ്രാമീണപ്രണയം ഇതിലും കാണാന്‍ സാധിക്കും. വളരെ subtle ആയി ആണ് സംവിധായകന്‍ ഈ പ്രണയവും കൈകാര്യം ചെയ്തിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ആംഖോം ദേഖി എന്ന മനോഹരമായ ചിത്രത്തിലൂടെ തന്റെ കരിയറിലെതന്നെ മികച്ച വേഷം ചെയ്ത സഞ്ജയ്‌ മിശ്രയുടെ മറ്റൊരു നല്ല വേഷമാണ് ഈ ചിത്രത്തിലെ പുത്തന്‍പാല്‍. ഒരു മധ്യവര്‍ത്തി കുടുംബത്തിലെ സാധാരണ ഗൃഹനാഥന്റെ വേഷം അദ്ദേഹം മനോഹരമാക്കി. അദ്ദേഹത്തിന്റെ കരച്ചില്‍ രംഗങ്ങള്‍ അന്യായമാണ്, അത്രയും നാച്ചുറല്‍ ആയാണ് അദ്ദേഹം ആ രംഗങ്ങളൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ക്കായി ആവോളം ഉപയോഗിക്കാനുള്ള കഴിവ് അദ്ദേഹത്തില്‍ ഉണ്ട് എന്നകാര്യം സാധാരണ slapstick ഹാസ്യകഥാപാത്രങ്ങള്‍ക്കായി മാത്രം അദ്ദേഹത്തെ ഉപയോഗിക്കുന്ന സംവിധായകരോട് ഉറക്കെ വിളിച്ചോതുകയാണ് ഈ കഥാപാത്രം. ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ പ്രഗതി പാണ്ഡേ എന്ന നടി പുത്തന്‍പാലിന്റെ ഭാര്യയായ നൂരിയുടെ വേഷം ഒരു പുതുമുഖത്തിന്റെ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ ഭംഗിയാക്കി. മറ്റുനടീനടന്മാരായ വിശ്വമോഹന്‍ ബഡോല, രഞ്ജന്‍ ഛബ്ര, ദിശാ പാണ്ഡേ, രാജ്പാല്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു. സക്കീര്‍ ഹുസൈന്റെ പോലീസ് വേഷവും മികച്ചുനിന്നു. സാങ്കേതികവശങ്ങള്‍ എല്ലാം തന്നെ അതതുമേഖലകളിലെ ആളുകള്‍ വൃത്തിയായി ചെയ്തു.
വിലക്കയറ്റം മധ്യവര്‍ത്തിസമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് നര്‍മത്തില്‍ ചാലിച്ച് പറയുന്ന ഈ ചിത്രം രസകരമായ പല മുഹൂര്‍ത്തങ്ങളും പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. ക്ലൈമാക്സില്‍ അല്പം നാടകീയത കലര്‍ന്നെങ്കിലും നടീനടന്മാരുടെ മികച്ച പ്രകടനവും മറ്റും കാരണം ഒരുതവണ കാണാവുന്ന ഒന്നുതന്നെയാണ് ഈ ചിത്രം. എല്ലാവരും കാണാന്‍ ശ്രമിക്കുക.

Dum Lagake Haisha Movie Review

Dum Lagake Haisha Movie Poster
ദം ലഗാകേ ഹൈഷാ (Dum Laga Ke Haisha aka My Fat Bride, 2015, Hindi)
നവാഗതനായ ശരത് കടാരിയയുടെ സംവിധാനത്തില്‍ ആയുഷ്മാന്‍ ഖുരാന, ഭൂമി പെഡ്നേക്കര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമാണ് ദം ലഗാകേ ഹൈഷാ. സഞ്ജയ്‌ മിശ്ര, സീമാ പഹ്വാ, അല്‍ക്കാ അമീന്‍, ഷീബാ ചദ്ധാ തുടങ്ങിയവര്‍ മറ്റുവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
90s നമ്മുടെ തലമുറയ്ക്ക് വളരെയേറെ ഗൃഹാതുരസ്മരണകള്‍ തരുന്ന ഒരു കാലഘട്ടമാണ്. ലോകം ഇത്രയേറെ വേഗത്തില്‍ ചലിക്കാന്‍ തുടങ്ങുന്നതിനും മുന്‍പ്, ഓഡിയോ കാസറ്റുകളുടെയും, മുഴുവനായി കച്ചവടവല്‍ക്കരിക്കപ്പെടുന്നതിനും മുന്‍പുള്ള ക്രിക്കറ്റിന്റെയും, കുമാര്‍ സാനുവിന്റെയും ഉദിത് നാരായണന്റെയും അല്‍ക്കാ യാഗ്നിക്കിന്റെയും പ്രണയഗാനങ്ങളുടെയും കാലം. ഈ മനോഹരകാലത്ത് രണ്ടുകുടുംബങ്ങളില്‍ നടക്കുന്ന കഥയാണ് സംവിധായകന്‍ ഈ ചിത്രത്തിലൂടെ പറയുന്നത്. അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനുവഴങ്ങി സാധാരണയില്‍ കൂടുതല്‍ തടിയുള്ള സന്ധ്യയെ വിവാഹം കഴിക്കേണ്ടിവരുന്ന പ്രേം എന്ന ചെറുപ്പക്കാരന്‍ അക്കാര്യത്തില്‍ ഒട്ടും സന്തുഷ്ടനല്ല. എന്നാല്‍ മുഴുവനായും മുതിര്‍ന്നവരുടെ പക്വത കൈവന്നിട്ടില്ലാത്ത പ്രേമിന് സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും കുറവാണ്. ഇവരുടെ ജീവിതങ്ങളിലെ അസ്വാരസ്യങ്ങള്‍ കുടുംബങ്ങളെ ബാധിക്കുന്നതും, ഒടുവില്‍ അസ്വാരസ്യങ്ങള്‍ സ്വാരസ്യങ്ങള്‍ ആവുന്നതും നായികയും നായകനും ഒന്നിക്കുന്നതും ഒക്കെയാണ് കഥ. വളരെ സാധാരണമായ, പ്രവചനീയമായ ഈയൊരു കഥയെ മനോഹരമായ ഒരു സിനിമാനുഭവം ആക്കിയതില്‍ സംവിധായകനും അഭിനേതാക്കള്‍ക്കും ഉള്ള പങ്ക് ചെറുതല്ല. 90കളുടെ പശ്ചാത്തലത്തില്‍ കഥ പറയുമ്പോള്‍ അന്നത്തെ കാലഘട്ടം അതുപോലെ പറിച്ചുനടാന്‍ സംവിധായകന് സാധിച്ചു. 
ആയുഷ്മാന്‍ ഖുരാന നല്ലൊരു നടനാണെന്ന് വീണ്ടും തെളിയിക്കുന്നു. സിനിമകള്‍ പലതും പരാജയപ്പെടുന്നുവെങ്കിലും തന്റെ വേഷങ്ങള്‍ അദ്ദേഹം ഭംഗിയാക്കാറുണ്ട്. ഈ ചിത്രത്തിലും ആ പതിവ് അദ്ദേഹം തെറ്റിച്ചില്ല. പ്രേമിന്റെ വേഷം അദ്ദേഹം മികവുറ്റതാക്കി. എന്നിരുന്നാലും സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന് പുതുമുഖമായ ഭൂമിയുടെ മനോഹരമായ പ്രകടനമാണ്. ഒരിക്കല്‍പ്പോലും ഒരു പുതുമുഖം എന്ന് തോന്നാത്തവിധം beautiful, charming and excellent ആയൊരു പ്രകടനം ആണ് അവര്‍ കാഴ്ചവെച്ചത്. സന്ധ്യ എന്ന കഥാപാത്രം അവരുടെ കൈകളില്‍ ഭദ്രമായിരുന്നു. ചിത്രത്തില്‍ കാണുന്ന അത്ര തടി ശരിക്കും ഇല്ലെങ്കിലും സാധാരണയില്‍ കവിഞ്ഞ തടി ഉള്ള ഇവരെ തേടി ഇനിയും എത്ര വേഷങ്ങള്‍ വരും എന്നത് കണ്ടറിയണം. പക്ഷേ ഏതൊരു മുന്‍നിര നടിയുടെ അത്രയും തന്നെ അഭിനയം (ശരീരപ്രദര്‍ശനം അല്ല) തനിക്ക് വഴങ്ങും എന്ന് ഭൂമി തെളിയിച്ചു. മറ്റുവേഷങ്ങള്‍ ചെയ്തവര്‍ തങ്ങളുടെ വേഷങ്ങള്‍ നന്നാക്കി. സഞ്ജയ്‌ മിശ്ര വീണ്ടും വീണ്ടും കഴിവ് തെളിയിക്കുന്നു.
ഈ ചിത്രത്തിന്റെ മറ്റൊരു മുഖ്യാകര്‍ഷണം അനു മാലിക്കിന്റെ ഗാനങ്ങളാണ്. മികച്ച ഒരുപിടി ഗാനങ്ങള്‍ അദ്ദേഹം ഒരു ഇടവേളയ്ക്കുശേഷം നല്ലൊരു ചിത്രത്തിലൂടെ നമുക്ക് സമ്മാനിച്ചപ്പോള്‍ സുഖകരമായ ഒരനുഭവമായമാറി അത്. ഒരു ഇടവേളയ്ക്കുശേഷം കുമാര്‍ സാനു പാടിയ രണ്ടുപാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. മറ്റ് ഗാനങ്ങളും നന്നായിരുന്നു.
അധികം കൊട്ടിഘോഷിക്കപ്പെടാതെ റിലീസ് ആയി ആദ്യദിനങ്ങളില്‍ വളരെ കുറഞ്ഞ കളക്ഷന്‍ മാത്രം ലഭിച്ച ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം മൂലം മെല്ലെ പിടിച്ചുകയറുകയും മോശമല്ലാത്ത കളക്ഷന്‍ നേടുകയും ചെയ്തു. രണ്ടാം വാരത്തിലെ കളക്ഷന്‍ ആദ്യവാരത്തിലും കൂടുതല്‍ ആവുക എന്ന ബോളിവുഡില്‍ വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന പ്രതിഭാസവും ഈ ചിത്രത്തിന്റെ കാര്യത്തില്‍ സംഭവിച്ചു. സ്ഥിരം ബോളിവുഡ് ചേരുവകള്‍ മിക്കതും ഒഴിവാക്കിക്കൊണ്ട് ചെയ്ത നല്ലൊരു ചിത്രം തന്നെയാണ് ദം ലഗാകേ ഹൈഷാ. ബോളിവുഡിലെ ടോപ്‌ ബാനറുകളില്‍ ഒന്നായ യഷ് രാജ് ഫിലിംസില്‍ നിന്ന് സമീപകാലത്ത് ലഭിച്ച ഏറ്റവും മികച്ച ചിത്രം. എല്ലാവരും കാണാന്‍ ശ്രമിക്കുക.

Friday, March 13, 2015

99 Movie Review

99 Hindi Movie Poster
99 (99, 2009, Hindi)
ഗോ ഗോവ ഗോണ്‍, ശോര്‍ ഇന്‍ ദ സിറ്റി എന്നീ ചിത്രങ്ങളിലൂടെ പിന്നീട് ശ്രദ്ധേയരായ കൃഷ്ണ ഡി.കെയും രാജ് നിദിമൊരുവും ചേര്‍ന്ന് ഒരുക്കിയ ആക്ഷേപഹാസ്യചിത്രമാണ് 99. കുനാല്‍ ഖേമു, സൈറസ് ബ്രോച്ച, സോഹാ അലി ഖാന്‍, ബൊമ്മന്‍ ഇറാനി, മഹേഷ്‌ മഞ്ജരേക്കര്‍, വിനോദ് ഖന്ന തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം 1999ന്റെ അവസാനമാസങ്ങളില്‍ ചിലരുടെ ജീവിതങ്ങളില്‍ നടക്കുന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്.
കള്ളന്മാരായ രണ്ട് സുഹൃത്തുക്കള്‍ ഒരു പ്രത്യേകസാഹചര്യത്തില്‍ ഒരാവശ്യത്തിനായി ബോംബേയില്‍ നിന്ന് ഡെല്‍ഹിയിലേക്ക് വരികയും അവിടത്തെ ചില ക്രിക്കറ്റ് വാതുവെപ്പ് സംഭവങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. പിന്നീട് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുന്ന ഇവര്‍ എങ്ങനെ ആ പ്രശ്നങ്ങളില്‍ നിന്നൊക്കെ കരകയറുന്നു എന്നൊക്കെയാണ് സിനിമയുടെ ഉള്ളടക്കം. ആ കാലഘട്ടത്തില്‍ നടന്ന പല സംഭവങ്ങളും രചയിതാക്കള്‍ മനോഹരമായി സാങ്കല്‍പ്പികമായ കഥയിലേക്ക് വിളക്കിച്ചേര്‍ത്തിരിക്കുന്നു. വളരെ രസകരമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോവുന്ന സിനിമ പ്രേക്ഷകനെ ഒരു നിമിഷം പോലും മുഷിപ്പിക്കാത്തരീതിയിലാണ് മുന്നോട്ടുനീങ്ങുന്നത്. ഒടുവില്‍ നല്ലൊരു ക്ലൈമാക്സോടെ ചിത്രം അവസാനിക്കുമ്പോള്‍ പ്രേക്ഷകന് മികച്ചൊരു സ്പൂഫ്-ആക്ഷേപഹാസ്യ ചിത്രം കണ്ടതിന്റെ സംതൃപ്തി ഉണ്ടാകും. അക്കാലത്തെ ടെക്നോളജി, ജീവിതശൈലി, ആഭ്യന്തരപ്രശ്നങ്ങള്‍ തുടങ്ങിയവ എല്ലാം വളരെ subtle ആയി നിര്‍ദോഷപരമായ ഹാസ്യരംഗങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. പിണങ്ങിയിരിക്കുന്ന തന്റെ ഭാര്യയ്ക്ക് സമ്മാനമായി നോക്കിയയുടെ ഒരു സോപ്പുപെട്ടി മൊബൈല്‍ വാങ്ങിക്കൊണ്ടുവരുന്ന ബൊമ്മന്‍ ഇറാനിയുടെ കഥാപാത്രം ഭാര്യയെ സന്തോഷിപ്പിക്കാനായി 'ഈ ഫോണില്‍ പോളിഫോണിക് റിംഗ്ടോണ്‍ ഉണ്ട്, പോരാത്തതിന് സ്നേക്ക് ഗെയിമും ഉണ്ട്' എന്നൊക്കെ പറയുന്ന രംഗവും മറ്റും ഇതിന് ഉദാഹരണമാണ്.
സംവിധായകരുടെ ആദ്യ mainstream feature film ശ്രമം മികച്ചതാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പിഴവുകള്‍ ആവുന്നത്ര ഒഴിവാക്കാന്‍ ശ്രമിച്ചാണ് അവര്‍ ചിത്രം ഒരുക്കിയത്. ഡെല്‍ഹിയുടെ മനോഹാരിത ഒപ്പിയെടുക്കാന്‍ സിനിമാറ്റോഗ്രാഫര്‍ രാജീവ് രവിക്കും സാധിച്ചു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം നല്ല നിലവാരം പുലര്‍ത്തി.
കുനാല്‍ ഖേമു എന്ന നടന്‍ സുരക്ഷിതമായി തനിക്ക് ചേരുന്നപോലത്തെ റോളുകള്‍ തെരഞ്ഞെടുത്ത് അവ മോശമാക്കാതെ ചെയ്യുന്ന ഒരാളാണ്. തന്റെ വേഷം അദ്ദേഹം അത്യാവശ്യം നന്നായി ചെയ്തു. സൈറസ് ബ്രോച്ച, അമിത് മിസ്ത്രി, ബൊമ്മന്‍ ഇറാനി തുടങ്ങിയവരുടെ തമാശരംഗങ്ങള്‍ വളരെയേറെ ആസ്വാദ്യകരമായിരുന്നു. സോഹാ അലി ഖാന്‍ തന്റെ റോള്‍ ഭംഗിയാക്കിയപ്പോള്‍ മഹേഷ്‌ മഞ്ജരേക്കര്‍, വിനോദ് ഖന്ന തുടങ്ങിയവര്‍ തങ്ങളുടെ റോളുകളില്‍ തകര്‍ത്തു. ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ആക്ഷേപഹാസ്യചിത്രങ്ങളില്‍ മികച്ച ഒന്നായിട്ടാണ് എനിക്ക് തോന്നിയത്. എല്ലാവരും കാണാന്‍ ശ്രമിക്കുക. 

I Fine Thank You Love You Movie Review

I Fine Thank You Love You Movie Posterഐ ഫൈന്‍, താങ്ക് യു, ലവ് യു (I Fine Thank You Love You, 2015, Thai)
തായ് സൂപ്പര്‍ഹിtറ്റ് ചിത്രമായ ATM, ഒരുക്കിയ Mez Tharatorn സംവിധാനം ചെയ്ത ഏറ്റവും പുതിയ റൊമാന്റിക്‌ കോമഡി ചിത്രമാണ് ഐ ഫൈന്‍, താങ്ക് യു, ലവ് യു. ഒരു സ്പോക്കണ്‍ ഇംഗ്ലീഷ് അധ്യാപികയുടെയും, അവരുടെ ഇംഗ്ലീഷ് നന്നായി അറിയാത്ത ഒരു വിദ്യാര്‍ഥിയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. Preechaya Pongthananikorn, Sunny Suwanmethanon എന്നിവരാണ് നായികാനായകന്മാരെ അവതരിപ്പിച്ചിരിക്കുന്നത്.
ഏഷ്യന്‍ ഹൊറര്‍ സിനിമകള്‍ പെട്ടെന്നൊന്നും മടുക്കില്ലെങ്കിലും ഏഷ്യന്‍ പ്രണയകഥകള്‍ പെട്ടെന്നുതന്നെ മടുത്ത ഒരാളാണ് ഞാന്‍. ഏഷ്യന്‍ എന്നുപറയുമ്പോള്‍ ജാപ്പനീസ്, മാന്‍ഡറിന്‍, തായ്, ഇന്തോനേഷ്യന്‍ എല്ലാം ചേര്‍ത്താണ് പറയുന്നത്. My Sassy Girl, Sepet, A Millionaire's First Love തുടങ്ങിയ പടങ്ങള്‍ തരക്കേടില്ലാതെ പോയപ്പോള്‍ പിന്നീട് കണ്ട 100 Days with Mr arrogant, Truth Behind the Beauty തുടങ്ങിയ ചിത്രങ്ങള്‍ അരോചകമായിരുന്നു. ഒരേ പോലെയുള്ള കഥാരീതികളും, നായികമാരുടെ over the top അഭിനയവും കാരണം വെറുത്തുപോയ ഒരു മേഖലയായിരുന്നു Asian romantic comedies. എന്നാല്‍ മേല്‍പ്പറഞ്ഞ ഐ ഫൈന്‍, താങ്ക് യു, ലവ് യു എന്ന ചിത്രത്തിന്റെ ടൈറ്റില്‍ എന്നെ ആകര്‍ഷിച്ചതിനാലും, ഇതുവരെ ഒരു ഫോറിന്‍ സിനിമയും തീയറ്ററില്‍ കണ്ടിട്ടില്ലാത്തതിനാലും, ഇംഗ്ലീഷ് സബ്ടൈറ്റിലോടുകൂടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് എന്ന് അറിഞ്ഞതിനാലുമാണ് ഈ ചിത്രം കാണാം എന്നുവെച്ചത്.
എന്തായാലും തീരുമാനത്തെ സാധൂകരിക്കും വിധം മികച്ചൊരു സിനിമയായിരുന്നു ഇത്. കണ്ടുമറന്ന പല കഥാസന്ദര്‍ഭങ്ങളും ഉണ്ടെങ്കിലും സംവിധാനമികവുകൊണ്ടും രസകരമായ കോമഡികള്‍കൊണ്ടും ചിത്രം ആസ്വാദ്യമായ ഒരു കാഴ്ചയായി. കണ്ണിനിമ്പമേകുന്ന ഫ്രെയിംസും, ചിത്രത്തോട് ഇഴുകിച്ചേര്‍ന്നുകിടക്കുന്ന പശ്ചാത്തലസംഗീതവും, കാണാന്‍ കൊള്ളാവുന്ന നടീനടന്മാരുടെ നല്ല പ്രകടനങ്ങളും ചിത്രത്തെ മികച്ചതാക്കി. ഹാസ്യരംഗങ്ങള്‍ ഒന്നോ രണ്ടോ അവസരങ്ങളില്‍ ഒരു പരിധിക്കപ്പുറം ആഭാസകരമാവുന്നുണ്ടോ എന്ന് തോന്നിയെങ്കിലും തീയറ്ററിലെ മറ്റുള്ളവരുടെ പ്രതികരണത്തില്‍നിന്ന് എല്ലാവരും നന്നായി അവ ആസ്വദിക്കുന്നുണ്ടായിരുന്നു എന്ന് മനസ്സിലായി. ഓരോ കോമഡികള്‍ക്കും ആര്‍ത്തുലഞ്ഞു ചിരിക്കുന്ന പ്രേക്ഷകരെ ആണ് കാണാന്‍ സാധിച്ചത്. കോമഡി രംഗങ്ങള്‍ മാത്രമല്ല, പ്രണയരംഗങ്ങളും അതിന്റെ freshness മൂലം ചിത്രത്തിനുശേഷവും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നവയാണ്.
എല്ലാ പ്രണയകഥകളും ആശയപരമായി ഏകദേശം ഒരുപോലെതന്നെയാണ്. അവതരണശൈലിയില്‍ കൊണ്ടുവരുന്ന രസകരമായ മാറ്റങ്ങളാണ് ചിലവയെ മറ്റുള്ളവയെക്കാള്‍ മികച്ചവയും ആസ്വാദ്യകരവും ആക്കുന്നത്. അത്തരത്തില്‍ മികച്ചുനില്‍ക്കുന്ന ഒരു ചിത്രമാണ് ഐ ഫൈന്‍, താങ്ക് യു, ലവ് യു. ഈ ജോനരില്‍ ഉള്ള ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

Thursday, March 12, 2015

What We do in the Shadows Movie Review

What We do in the Shadows Movie Posterവാട്ട് വീ ഡൂ ഇന്‍ ദ ഷാഡോസ്‌ (What We do in the Shadows, 2014, English)
ബോയ്‌ എന്ന 2010ലെ ന്യൂസിലാന്‍ഡ്‌ പണംവാരിപ്പടത്തിനുശേഷം അതിന്റെ സംവിധായകന്‍ Taika Waititi തന്റെ സുഹൃത്തായ Jemaine Clementനോടൊപ്പം ചേര്‍ന്ന് സംവിധാനം ചെയ്ത Mokumentary ഹാസ്യചിത്രമാണ് What We do in the Shadows. സംവിധായകരുടെ ഇതേ പേരിലുള്ള 2006ല്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രത്തെ ആസ്പദമാക്കി ചെയ്ത ചിത്രം മികച്ച നിരൂപകാഭിപ്രായം ആണ് നേടിയത്.
ഒരു ടെലിവിഷന്‍ ക്രൂവിന് ഒരു വീട്ടില്‍ താമസിക്കുന്ന Vampiresനെ അഭിമുഖം ചെയ്യാനും അവരെക്കുറിച്ച് ഒരു documentary ഷൂട്ട്‌ ചെയ്യാനും അവസരം ലഭിക്കുന്നു. അങ്ങനെ അവര്‍ കണ്ടുമുട്ടുന്ന ചില വാമ്പയറുകളും അവരുടെ ജീവിതവും മറ്റുമാണ് ചിത്രത്തിലൂടെ രസകരമായി ആവിഷ്കരിച്ചിരിക്കുന്നത്. യഥാക്രമം 862, 317, 183 വര്‍ഷം പ്രായമുള്ള മൂന്നു വാമ്പയറുകളും, ഇടയ്ക്കുമാത്രം പുറത്തിറങ്ങുന്ന, രൂപത്തില്‍ 1922 ഹൊറര്‍ ക്ലാസിക് ആയ Nosferatuവിലെ രക്തദാഹിയെ ഓര്‍മ്മിപ്പിക്കുന്ന 8000വര്‍ഷം പ്രായമുള്ള ഒരു വൃദ്ധന്‍ വാമ്പയറും ആണ് വീട്ടിലെ താമസക്കാര്‍. അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും, അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മറ്റുകഥാപാത്രങ്ങളും, Werewolvesമായുള്ള ഇവരുടെ ശത്രുതയും, ഇവരുടെ ജീവിതത്തിലെ നിയമങ്ങളും എല്ലാം രസകരമായി അവതരിപ്പിക്കാന്‍ സംവിധായകര്‍ക്ക് സാധിച്ചു. ഒരു സീരിയസ് ട്രാക്കിലേക്ക് കടക്കാതെ സ്പൂഫ് രീതിയിലാണ് ചിത്രം മുന്നോട്ടുപോകുന്നത്. സാധാരണ വാമ്പയര്‍ ചിത്രങ്ങളില്‍ നമ്മള്‍ കാണാത്ത പല കാര്യങ്ങളും, ചിന്തിക്കാത്ത പല സംഭവങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയതായി വാമ്പയര്‍ ആയ ചെറുപ്പക്കാരന്റെ അത്ഭുതവും ആവേശവും എല്ലാം രസകരമായി വരച്ചുകാട്ടിയിട്ടുണ്ട്.
പ്രധാനകഥാപാത്രങ്ങളില്‍ രണ്ടുപേരെ സംവിധായകര്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു. സംഭാഷണങ്ങള്‍ മുന്‍കൂട്ടി എഴുതുന്നതിനുപകരം തിരക്കഥയുടെ ഒരു outline രചിച്ചശേഷം മിക്കവാറും എല്ലാ ഡയലോഗുകളും നടീനടന്മാര്‍ തന്നെ അവസരോചിതമായി സ്വന്തമായി പറഞ്ഞതിനാല്‍ സിനിമയിലുടനീളം ആ ഒരു നാച്ചുരാലിറ്റി പ്രേക്ഷകന് ഫീല്‍ ചെയ്യും. എല്ലാ നടീനടന്മാരും അവരുടെ വേഷങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു. ചെറിയൊരു ബജറ്റില്‍ പ്രേക്ഷകനെ ബോര്‍ അടിപ്പിക്കാത്ത ഒരു നല്ല ഹാസ്യചിത്രം സമ്മാനിക്കാന്‍ സാധിച്ചു എന്നത് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
വാമ്പയറുകള്‍, സോംബികള്‍ എന്നൊക്കെ പറഞ്ഞാല്‍ വെറുതെ മനുഷ്യനെ പേടിപ്പിക്കുക, രക്തം കുടിക്കുക ഈ പരിപാടികള്‍ മാത്രം ചെയ്ത് നടക്കുന്നവര്‍ ആണെന്ന് കരുതുന്നവര്‍ വാമ്പയറുകളുടെ ജീവിതത്തിന്റെ മറ്റൊരു വശത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ ചിത്രം കാണുക. മനസ്സിന് ഒരു നല്ല ഫീല്‍ തരുന്ന ഈ ചിത്രം കണ്ടുകഴിഞ്ഞാല്‍ നിങ്ങള്‍ വാമ്പയറുകളെ നോക്കിക്കാണുന്ന രീതിതന്നെ മാറും എന്നാണ് പ്രതീക്ഷ. കാണാന്‍ ശ്രമിക്കുക.

Saturday, March 7, 2015

Ellam Chettante Ishtam Pole Movie Review

Ellam Chettante Ishtam Pole Movie Poster
എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ (2014, മലയാളം)
ഹരിദാസ്‌ സംവിധാനം ചെയ്ത ചിത്രമാണ് എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ. ഈ ഹരിദാസ്‌ എന്നാല്‍ ജോസേട്ടന്റെ ഹീറോ, മാജിക് ലാമ്പ് തുടങ്ങിയ ചിത്രങ്ങള്‍ ചെയ്ത കെ.കെ ഹരിദാസ് ആണോ, അതോ കഥ സംവിധാനം കുഞ്ചാക്കോ ചെയ്ത ഹരിദാസ്‌ കേശവന്‍ ആണോ അതോ മറ്റൊരാളാണോ എന്നൊന്നും അറിയില്ല. എന്തായാലും മേല്‍പ്പറഞ്ഞ ഹരിദാസുമാരുടെ ശ്രേണിയില്‍ പെടുത്താവുന്ന മറ്റൊരു സംവിധായകനാണ് ഇപ്പറഞ്ഞ ഹരിദാസ്‌.
ഭാര്യാഭര്‍തൃബന്ധങ്ങളില്‍ ഉണ്ടാവുന്ന ഉലച്ചിലുകളും സ്ത്രീപുരുഷസമത്വത്തിന്റെ പ്രാധാന്യവും മറ്റും പല ചിത്രങ്ങളിലായി മലയാളി പ്രേക്ഷകര്‍ പണ്ടുമുതലേ കാണാന്‍ തുടങ്ങിയിട്ടുണ്ട്. അത്തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ചില വിഷയങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത് എന്ന് ചിത്രം തുടങ്ങി കുറച്ചുകഴിയുമ്പോള്‍ത്തന്നെ പ്രേക്ഷകന് മനസ്സിലാവും. എന്നാല്‍ മേമ്പൊടി ചാലിച്ചതില്‍ ചെറുതല്ലാത്ത പിഴവ് സംഭവിച്ചതിനാല്‍ ഉദ്ദേശിച്ചപോലത്തെ രുചിയൊന്നും ഇല്ലാത്ത ഒരു വിഭവമാണ് നമുക്ക് ലഭിച്ചത്. അതിന് സംവിധായകനെ കുറ്റം പറയാനും ആവില്ല. ഒരുപക്ഷേ പണ്ടെപ്പോഴോ എഴുതിവെച്ച തിരക്കഥ ഇപ്പോഴായിരിക്കും സംവിധാനം ചെയ്യാന്‍ സാധിച്ചത്.
ഈ ചിത്രത്തിന്റെ കഥയെക്കുറിച്ച് പറയാനാണെങ്കില്‍ നേരത്തെ പറഞ്ഞപോലെ പണ്ടെങ്ങോ ഇറങ്ങേണ്ട ഒരു കഥയായിട്ടാണ് തോന്നിയത്. നല്ലരീതിയില്‍ കുടുംബജീവിതം നയിക്കുന്ന നായകന്‍റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരുകൂട്ടം സ്ത്രീസമത്വവാദികള്‍ ആയ കൊച്ചമ്മമാര്‍ അയാളുടെ ജീവിതത്തില്‍ ചെയ്തുകൂട്ടുന്ന വിക്രിയകളാണ് കഥാതന്തു. ഭര്‍ത്താക്കന്മാരെക്കൊണ്ട് തുണി അലക്കിക്കുക, ഭക്ഷണം ഉണ്ടാക്കിക്കുക, നിലം തുടപ്പിക്കുക എന്നുതുടങ്ങിയ ദൈനംദിന പ്രവൃത്തികളില്‍ രസം കണ്ടെത്തിയിരുന്ന ഇവര്‍ നായകനെ കണ്ടതോടെ ഇല്ലാത്ത സ്ത്രീപീഡനക്കേസില്‍ നായകനെ കുടുക്കുക, തന്റെ ഭാര്യയെ നായകനില്‍ നിന്ന് അകറ്റുക, ഡിവോഴ്സ് നോട്ടീസ് അയപ്പിക്കുക തുടങ്ങിയ കൊച്ചുകൊച്ചുകലാപരിപാടികള്‍ നടത്താന്‍ തുടങ്ങുന്നു. അങ്ങനെ കോഞ്ഞാട്ടയായി നായകന്‍റെ ജീവിതം നില്‍ക്കുമ്പോള്‍ നായികയ്ക്ക് താന്‍ ചെയ്തത് തെറ്റാണെന്ന ബോധം ഉണ്ടാവുകയും, തെറ്റിദ്ധാരണകള്‍ ഒക്കെ മാറി അവര്‍ ഒന്നിക്കുകയും, (കപട)സ്ത്രീസമത്വവാദി കൊച്ചമ്മമാരെ ഭര്‍ത്താക്കന്മാര്‍ പഞ്ഞിക്കിടുകയും ചെയ്യുമ്പോള്‍ ശുഭം, പ്രേക്ഷകര്‍ കൈയ്യടിക്കുന്നു.
മലയാളസിനിമ കണ്ടുമറന്ന പല രംഗങ്ങളും ഈ ചിത്രത്തിലൂടെ പുനരവതരിക്കപ്പെടുന്നുണ്ട്. വീട്ടുകാര്‍ കാണാതെ മദ്യം കൊണ്ടുവന്ന് അരിഷ്ടത്തില്‍ ചേര്‍ത്ത് കഴിക്കുന്ന നായകന്‍റെ അച്ഛന്‍, ഭാര്യയെപേടിച്ച് വീട്ടുജോലികള്‍ ഒക്കെ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്‍, വക്കീല്‍ തുടങ്ങിയവരേ ഈ ചിത്രത്തില്‍ കാണാം, ഇത്തരം കഥാപാത്രങ്ങളെ വീണ്ടും കാണാന്‍ സാധിച്ചതില്‍ ഗൃഹാതുരത്വം തോന്നി. സമൂഹത്തില്‍ സ്ത്രീകള്‍ സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ ഒക്കെ പുരുഷന്മാര്‍ ചെയ്യുന്നത് കാണിച്ചുകൊണ്ട് ഒരു പാട്ടുണ്ടായിരുന്നു, അത് മോശമായില്ല.
മറ്റൊരു പ്രധാനമേന്മ ഇതില്‍ മുഖ്യവേഷങ്ങളില്‍ എത്തിയവരുടെ പ്രകടനങ്ങള്‍ ആണ്. കൊച്ചമ്മ ഗ്യാങ്ങില്‍ സോന, ലക്ഷ്മി ശര്‍മ്മ, സോണിയ, സാന്ദ്രാ ശേഖര്‍, പിന്നെ ടമാര്‍ പടാറില്‍ ബാബുരാജിന്റെ ഭാര്യ ആയി അഭിനയിച്ച ആ നടി(പേരറിയില്ല) എന്നിവരാണ്. സോനയുടെ ഭര്‍ത്താവായി സുനില്‍ സുഖദ എത്തുമ്പോള്‍ സോണിയയുടെ ഭര്‍ത്താവായി ശശി കലിംഗ എത്തുന്നു. മറ്റൊരു പ്രധാനവേഷത്തില്‍ സിദ്ധാര്‍ഥ് ശിവയും പിന്നെ പേരറിയാത്ത ഏതോ ഒരാളും ഉണ്ട്. ഇവരുടെ dazzling chemistry ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. വേറൊരു മുഖ്യാകര്‍ഷണം സോണിയയുടെ ശബ്ദമാണ്. മാനസികവളര്‍ച്ച ഇല്ലാത്തവരെയും ശാരീരികവളര്‍ച്ച ഇല്ലാത്തവരെയും സമൂഹത്തില്‍ കാണാനാകും. എന്നാല്‍ ശബ്ദവളര്‍ച്ച ഇല്ലാത്ത ഒരു പ്രത്യേകനടിയാണ് സോണിയ. മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ കെട്ട അതേ ശബ്ദം. എന്നാലും ആള് വലുതായി കേട്ടോ. നായികയായി വന്ന ചാരുലത അഭിനയത്തിലൂടെ പറ്റാവുന്നിടത്തോളം കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ ശ്രമിച്ചെങ്കിലും ലുക്ക്‌വൈസ് ഒരു miscast ആയി തോന്നി.
ജയറാമോ അനൂപ്‌ മേനോനോ മറ്റോ ചെയ്യേണ്ടിയിരുന്ന നായകവേഷം എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് വന്നുപെട്ടത് മണികണ്ഠന്‍ പട്ടാമ്പിയുടെ കയ്യില്‍. എന്തായാലും ആ വേഷം അദ്ദേഹം ഭദ്രമാക്കി. എന്തുവേഷം നല്‍കിയാലും സിനിമയുടെ ആകെയുള്ള നിലവാരം നോക്കാതെ നല്ല രീതിയില്‍ തന്നെ തന്റെ വേഷം അദ്ദേഹം അവതരിപ്പിക്കും എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. കൂടുതല്‍ അവസരങ്ങള്‍ ഇദ്ദേഹത്തെ തേടി വരട്ടെ.
പൂര്‍ണ്ണമായ കള്‍ട്ട് എന്ന വിശേഷണത്തിന് ഈ ചിത്രം അര്‍ഹമല്ല എന്ന കാര്യം അടിവരയിട്ട് പറയട്ടെ. പ്രത്യേകിച്ച് ഇരുപത്തഞ്ചും മുപ്പതും വര്‍ഷം പ്രവൃത്തിപരിചയം ഉള്ള സംവിധായകരും നടന്മാരും ഉണ്ടാക്കിത്തള്ളുന്ന ചില പടപ്പുകള്‍ കാണുമ്പോള്‍. പിന്നൊരു കാര്യം പോസ്റ്ററുകളില്‍ അല്‍പവസ്ത്രധാരിണികളായ നടിമാരുടെ ചിത്രങ്ങള്‍ കണ്ട് അത്തരം രംഗങ്ങള്‍ പ്രതീക്ഷിച്ചുപോയാല്‍ നിരാശപ്പെടേണ്ടിവരും. കുടുംബത്തോടൊപ്പം ഇരുന്ന് കാണാന്‍ പറ്റിയ ഒരു ചിത്രമാണിത്. സ്വന്തം കുടുംബത്തോട് നേരിട്ട് ദേഷ്യപ്പെടാനോ വഴക്കുപറയാനോ സാധിക്കാത്ത അവസരങ്ങളില്‍ അവര്‍ക്കിട്ട് പണികൊടുക്കാന്‍ ഉപകരിക്കുന്ന ഒന്ന്!

Thursday, March 5, 2015

Road to Sangam Movie Review

Road to Sangam Movie Poster
റോഡ്‌ ടു സംഗം (Road to Sangam, 2010, Hindi)
അമിത് റായിയുടെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ ചിത്രമാണ് റോഡ്‌ ടു സംഗം. പരേഷ് റാവൽ, ഓം പുരി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു മികച്ച എഞ്ചിൻ മെക്കാനിക് ആയ ഹസ്മത്തുള്ളാ എന്ന മധ്യവയസ്കന് തന്റെ പരിചയമുള്ള കസ്റ്റമർമാരിൽ ഒരാളിൽ നിന്ന് ഒരു പഴയ എഞ്ചിൻ റിപ്പയർ ചെയ്യാൻ ലഭിക്കുന്നു. വർഷത്തിൽ മുന്നൂറോളം എഞ്ചിനുകൾ റിപ്പയർ ചെയ്യുന്ന ഹസ്മത്തുള്ളാ അവയിൽ ഒന്നിന് നൽകുന്ന പ്രാധാന്യത്തോടെ ആ എഞ്ചിൻ റിപ്പയർ ചെയ്യാൻ തുടങ്ങുന്നു. പിന്നീടാണ് ആ എഞ്ചിന്റെ ചരിത്രപ്രാധാന്യം ഹസ്മത്തുള്ളാ മനസ്സിലാക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഗംഗായമുനാ സംഗമത്തിൽ ഒഴുക്കാനായി കൊണ്ടുപോയ ട്രക്കിന്റെ എഞ്ചിൻ ആണ് താൻ റിപ്പയർ ചെയ്യുന്നത് എന്നറിഞ്ഞ ഹസ്മത്തുള്ളാ തന്റെ ആരോഗ്യപ്രശ്നങ്ങൾ ഒക്കെ മാറ്റിവെച്ച് ഏറ്റവും മികച്ച രീതിയിൽത്തന്നെ ആ എഞ്ചിൻ റിപ്പയർ ചെയ്യാൻ ഒരുങ്ങുന്നു. എന്നാൽ പലരുടെയും എതിർപ്പുകൾ മൂലം ആ ജോലി എളുപ്പമായിരുന്നില്ല. എല്ലാ തടസ്സങ്ങളും നീക്കി ഹസ്മത്തുള്ളാ തന്റെ ലക്ഷ്യം കാണുന്ന കഥയാണ് റോഡ്‌ ടു സംഗം പറയുന്നത്.
കട്ടിയായ ഡയലോഗുകളോ ഒന്നും ഇല്ലാതെ വളരെ സിമ്പിൾ ആയ രംഗങ്ങളിലൂടെ ഗാന്ധിജി എന്ന വികാരത്തെ നല്ലരീതിയിൽത്തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പുതുമുഖസംവിധായകന് സാധിച്ചിട്ടുണ്ട്. ഹൃദയസ്പർശിയായ രംഗങ്ങളിലൂടെ മുന്നോട്ടുപോവുന്ന ചിത്രം വളരെ മനോഹരമായി അവസാനിക്കുന്നു. രാജ്യസ്നേഹം എന്നാൽ മറ്റുരാജ്യങ്ങളോടുള്ള വെറുപ്പല്ല എന്നും മറ്റും ചിത്രം പറയാതെ പറയുന്നുണ്ട്.
പരേഷ് റാവൽ എന്ന നടന്റെ അഭിനയജീവിതത്തിലെതന്നെ മികച്ചൊരു കഥാപാത്രമാണ് ഹസ്മത്തുള്ളാ. അദ്ദേഹത്തിന്റെ അഭിനയപാടവത്തെ വേണ്ടരീതിയിൽ ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ആദ്യാവസാനം ഒരു പരേഷ് റാവൽ ഷോ തന്നെയാണ് റോഡ്‌ ടു സംഗം. നെഗറ്റീവ് ടച്ച്‌ ഉള്ള കഥാപാത്രങ്ങളായി ഓം പുരിയും പവൻ മൽഹോത്രയും തങ്ങളുടെ വേഷങ്ങളിൽ ശോഭിച്ചു. ഗാന്ധിജിയുടെ നാലാം തലമുറക്കാരനായ തുഷാർ ഗാന്ധി ചിത്രത്തിൽ അദ്ദേഹമായിത്തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. സന്ദേശ് ശാന്ദില്യയുടെ ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു.
ഗാന്ധിജിയുടെ ജീവിതം പല സിനിമകൾക്കും ആസ്പദമായതുപോലെ ഗാന്ധിജി എന്ന വികാരവും പല സിനിമകൾക്കും ആസ്പദമായിട്ടുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് റോഡ്‌ ടു സംഗം. മനോഹരമായ ഈ ചിത്രം എല്ലാവരും കാണാൻ ശ്രമിക്കുക.

Wednesday, March 4, 2015

Listen Amaya Movie Review

Listen Amaya Movie Poster
ലിസണ്‍ അമായ (Listen Amaya, 2013, Hindi)
ഡൽഹിയിൽ ഒരു കോഫീ ഷോപ്പ് നടത്തുകയാണ് ലീലയും (ദീപ്തി നവാൽ) യുവതിയായ മകൾ അമായയും (സ്വരാ ഭാസ്കർ). ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന ജയന്ത് (ഫാറൂഖ് ഷേഖ്) എന്നയാൾ കാലക്രമേണ ഇവരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. ഒരവസരത്തിൽ പരസ്പരമുള്ള ഇഷ്ടം മനസ്സിലാക്കിയ വിഭാര്യനായ ജയന്തും വിധവയായ ലീലയും ഒന്നിക്കാൻ തീരുമാനിക്കുന്നു. എന്നാൽ മകൾ അമായയ്ക്ക് അത് സ്വീകാര്യമാവുന്നില്ല. തന്റെ മരിച്ചുപോയ അച്ഛനെ അമ്മ ചതിക്കുകയാണ് എന്ന് അവർക്ക് തോന്നുകയും അവർ അമ്മയുടെ ഈ തീരുമാനത്തിനെതിരെ എതിർപ്പ് പ്രകടിപ്പിക്കുന്നു. സ്വാഭാവികമായും അവരുടെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാവുന്നു. അവയൊക്കെ മറികടന്ന് എങ്ങനെ പഴയപോലെ സന്തോഷകരമായ ജീവിതത്തിലേക്ക് അവർ തിരിച്ചുവരുന്നു എന്നതാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരോട് പറയുന്നത്.
അവിനാഷ് കുമാറിന്റെ ആദ്യ ഫീച്ചർ ഫിലിം ആണ് ലിസണ്‍ അമായ. തുടക്കക്കാരന്റെ കൈപ്പിഴകൾ പലയിടത്തും സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ടെങ്കിലും നല്ലൊരു വിഷയം തന്റെ ആദ്യചിത്രത്തിനായി തെരഞ്ഞെടുത്തതിന് അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു. അത് തരക്കേടില്ലാത്ത രീതിയിൽ കണ്ടമാനം മസാലക്കൂട്ടുകളുടെ സാന്നിധ്യം ഒന്നുമില്ലാതെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തിരക്കഥയും മോശമായിരുന്നില്ല. ഇന്ദ്രനീൽ ഹരിഹരന്റെ ഗാനങ്ങൾ ശരാശരിക്കും മേലെ നിലവാരം പുലർത്തിയെങ്കിലും ചിത്രത്തിൽ ആവശ്യമുണ്ടായിരുന്നില്ല എന്ന് തോന്നി. രാംശ്രേയസ് റാവുവിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ താളത്തോട്‌ ചേർന്നുനിന്നു.
പഴയകാല ഹിറ്റ്‌ ജോഡികളായ ദീപ്തി നവാൽ, ഫാറൂഖ് ഷൈഖ് എന്നിവരുടെ വളരെ കാലത്തിനുശേഷമുള്ള ഒത്തുചേരൽ ആയിരുന്നു ഈ ചിത്രം. അവർ രണ്ടുപേരും അവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. പഴയകാലനടി അമലയുടെ വേഷവും ചെറുതെങ്കിലും പ്രാധാന്യം ഉള്ളതായിരുന്നു. ഇത്രയേറെ സീനിയർ നടീനടന്മാരുടെ കൂടെ വളരെ നന്നായിതന്നെ തന്റെ വേഷം കൈകാര്യം ചെയ്ത താരതമ്യേന പുതുമുഖമായ സ്വരാ ഭാസ്കർ അത്യന്തം പ്രശംസ അർഹിക്കുന്നു. ഒരിക്കൽപ്പോലും ചുവടിടറാതെ അവർ അമായയെ ഭംഗിയാക്കി.
നല്ലൊരു ചിത്രമാണ് ലിസണ്‍ അമായ. വളരെ മെല്ലെ നീങ്ങുന്ന ഒന്നാണെങ്കിൽപ്പോലും മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങൾ കൊണ്ടും നടീനടന്മാരുടെ നല്ല പ്രകടനങ്ങൾ കൊണ്ടും ഒരുവട്ടം കാണാവുന്ന ഒന്ന്. കാണാൻ ശ്രമിക്കുക.

Tuesday, March 3, 2015

Sunday 1993 Movie Review

Sunday 1993 Hindi Movie Poster
സണ്‍‌ഡേ (Sunday, 1993, Hindi)
ഞായറാഴ്ച എന്തുചെയ്തു എന്നതിനെക്കുറിച്ച് ഹോംവര്‍ക്ക് എഴുതിക്കൊണ്ടുവരാന്‍ ക്ലാസിലെ കുട്ടികളോട് പറഞ്ഞ അദ്ധ്യാപകന്‍ (ആശിഷ് വിദ്യാര്‍ഥി) ഹോംവര്‍ക്ക് ചെയ്യാതെ വന്ന ഒരു കുട്ടിയോട് (ഇമാദ് ദലാല്‍) എന്തുകൊണ്ട് ഹോംവര്‍ക്ക്‌ ചെയ്തില്ല എന്ന് ചോദിക്കുന്നു. ഒരുപാട് തിരക്കുകള്‍ ആയിരുന്നു, എഴുതണം എന്ന് കരുതിയെങ്കിലും സാധിച്ചില്ല എന്ന് കുട്ടി മറുപടി പറയുമ്പോള്‍ എന്നാല്‍ ഹോംവര്‍ക്ക്‌ എഴുതുന്നതിനുപകരം തന്നോട് നേരിട്ട് പറയുവാന്‍ അദ്ധ്യാപകന്‍ ആവശ്യപ്പെടുന്നു. കുട്ടി സംഭവബഹുലമായ തലേദിവസത്തെക്കുറിച്ച് പറയാന്‍ ആരംഭിക്കുന്നു...
നിര്യാതനായ പങ്കജ് അദ്വാനിയുടെ ആദ്യ സംവിധാനസംരംഭമാണ് 1993ല്‍ പുറത്തിറങ്ങിയ സണ്‍‌ഡേ. രണ്ട് ദേശീയപുരസ്കാരങ്ങള്‍ അടക്കം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ ചിത്രം പക്ഷേ തീയറ്ററുകളില്‍ റിലീസ് ആയില്ല. തീയറ്റര്‍ റിലീസിനുവേണ്ടത്ര ദൈര്‍ഘ്യം ഇല്ല എന്നതാവാം കാരണം. 58 മിനിട്ടുകള്‍ മാത്രമാണ് ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം. എന്നാല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യന്‍ സിനിമ അധികമൊന്നും കടന്നുപോയിട്ടില്ലാത്ത പല വഴികളിലൂടെയും സഞ്ചരിച്ച് fantasy, surreal തുടങ്ങിയ ജോനരുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ട് കടന്നുപോവുന്നു. ഇത്തരം വ്യത്യസ്തമായ പരീക്ഷണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ടോ എന്നോര്‍ത്ത് പ്രേക്ഷകര്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും ചിത്രം അവസാനിക്കുമ്പോള്‍.. അത്രയേറെ വ്യത്യസ്തവും അത്യന്തം രസകരവും വിചിത്രവും ആയ, ഒരിക്കല്‍പ്പോലും serious trackലേക്ക് വഴുതിവീഴാത്ത രീതിയിലുള്ള ആഖ്യാനശൈലിയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു പങ്കജ് അദ്വാനി.
രത്നാ പാഠക് ഷാ, ഇമാദ് ദലാല്‍, ശ്രീവല്ലഭ് വ്യാസ്, ദീനാ പാഠക്, ദേവന്‍ ഭോജനി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. എല്ലാവരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. മനോജ്‌ നായരുടെ ഛായാഗ്രഹണം മികവുറ്റതായിരുന്നു. വൈഡ് ഷോട്ടുകള്‍ നല്ല രീതിയില്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. രജത് ഢോലാക്കിയയുടെ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ ഒഴുക്കിനൊത്ത് ഇഴുകിച്ചേര്‍ന്നുനിന്നു. ചില ഗ്രാഫിക്സ് രംഗങ്ങളിലെ നിലവാരമില്ലായ്മ ഇറങ്ങിയ കാലവും തുച്ഛമായ ബജറ്റും കണക്കിലെടുക്കുമ്പോള്‍ മറക്കാവുന്നതാണ്.
ഇന്ത്യന്‍ സിനിമയിലെ പരീക്ഷണചിത്രങ്ങള്‍, സ്ഥിരം ശൈലിയില്‍ നിന്ന് മാറിയുള്ള ആഖ്യാനരീതി പിന്തുടര്‍ന്ന ചിത്രങ്ങള്‍ ഒക്കെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് ഈ ചിത്രം. ഓരോ സീനുകള്‍ക്കും വ്യാഖ്യാനം നല്‍കേണ്ടവര്‍ക്ക് അങ്ങനെയാവാം, അല്ലാത്തവര്‍ക്ക് മറ്റൊന്നും ചിന്തിക്കാതെ രസിച്ചിരുന്ന് കാണുകയും ചെയ്യാം.