Saturday, April 18, 2015

Mr X 2D Movie Review

മിസ്റ്റര്‍ എക്സ് 2D (Mr.X 2D, 2015, Hindi)
Mr X 2D Movie Poster

Trailer ഇറങ്ങുന്നതുവരെ അത്യാവശ്യം പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും trailer കണ്ടതോടെ മിസ്റ്റര്‍ എക്സിലുള്ള പ്രതീക്ഷ ഒക്കെ പോയിരുന്നു. ഇന്ന് അല്ലറചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ ഒരു മാളില്‍ പോയപ്പോള്‍ അവിടത്തെ സിനിമാഹോളില്‍ കൃത്യസമയത്ത് ഈ പടം ഉണ്ടെന്നറിഞ്ഞപ്പോള്‍ ഒന്ന് കണ്ടേക്കാം എന്നുകരുതി കയറിയതാണ്.
വിക്രം ഭട്ട് സംവിധാനം ചെയ്ത് ഇമ്രാന്‍ ഹാഷ്മി. അമൈറാ ദസ്തുര്‍, അരുണോദയ് സിംഗ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ പടമാണ് ഇത്. ഹോളോമാന്‍ അഥവാ അദൃശ്യമനുഷ്യന്‍ എന്ന ആശയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
വില്ലന്മാരാല്‍ ചതിക്കപ്പെട്ട് ദേഹമാസകലം പൊള്ളലേറ്റുകിടന്ന നായകന് രക്ഷപ്പെടാനുള്ള ഒരു ചെറിയ ചാന്‍സ് ഉണ്ടെന്ന പേരില്‍ ഇതുവരെ ആരിലും പരീക്ഷിച്ചിട്ടില്ലാത്ത ഒരു മരുന്ന് നല്‍കുന്നു. അത് കഴിച്ചതോടെ അദൃശ്യനായ നായകന്‍ സാധാരണത്തെപോലെ പ്രതികാരം തീര്‍ക്കുന്നു, സ്ഥിരം ഇടി-വെടി-പുക കഥതന്നെയാണ് മിസ്റ്റര്‍ എക്സിന്റെതും. എന്നാല്‍ ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് ഇതിലെ logic തൊട്ടുതീണ്ടിയിട്ടില്ലാത്ത ആശയങ്ങളും കഥാസന്ദര്‍ഭങ്ങളും ആണ്.. അദൃശ്യമനുഷ്യന്റെ കഥ പറയുമ്പോള്‍ ഒരു പരിധിവരെയൊക്കെ logic ഇല്ലായ്മ കണ്ടില്ലെന്നുവെക്കാം. പക്ഷേ ഇത് അതിലും ഒരുപാട് അപ്പുറത്ത് സഹനശക്തിയും താണ്ടി ഒരു ലെവലില്‍ ഉള്ള അസംബന്ധം ആവുമ്പോള്‍, അതും shoddy vfxന്റെ മേമ്പൊടിയോടെ, മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്നതാണ്.തരക്കേടില്ലാത്ത ഒന്നുരണ്ട് ട്വിസ്റ്റുകള്‍ ഉണ്ടായിരുന്നു, അത്രതന്നെ.
അനേഗനിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ച അമൈറാ ദസ്തുര്‍ തന്റെ വേഷം തരക്കേടില്ലാതെ ചെയ്തു. പടുകൂറ്റന്‍ ആയ അരുണോദയ് സിംഗ് കൂടുതല്‍ പ്രായമുള്ള ഒരാളുടെ വേഷമാണ് ചെയ്തത്, അദ്ദേഹവും മോശമാക്കിയില്ല. ഇമ്രാന്‍ ഹാഷ്മി വളരെ നല്ല നടനാണ്‌, അദ്ദേഹത്തിന്റെ കഴിവ് explore ചെയ്യാന്‍ കെല്‍പ്പുള്ള തിരക്കഥകള്‍ ഒന്നും അദ്ദേഹത്തിന് കിട്ടുന്നില്ലല്ലോ എന്നത് തീര്‍ത്തും നിരാശാജനകമാണ്. ഒരു average hit എങ്കിലും കിട്ടാനുള്ള തത്രപ്പാടില്‍ ചെയ്യുന്നതാവും ചിലപ്പോള്‍ ഇതൊക്കെ. ഈ ചിത്രത്തിലും അദ്ദേഹത്തിന് പുതുതായും കാര്യമായും ഒന്നുംതന്നെ ചെയ്യാനില്ല.
അങ്കിത് തിവാരിയുടെയും ജീത് ഗാംഗുലിയുടെയും പാട്ടുകള്‍ ഹിറ്റ്‌ ആണെന്ന് കേട്ടു, എനിക്ക് ആകെ ടൈറ്റില്‍ song മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ. വിക്രം ഭട്ടിന്റെ സംവിധാനം ഒരു പുതുമയും ഇല്ലാതെ പഴയ വഴികളിലൂടെതന്നെ ഓടിക്കൊണ്ടിരിക്കുന്നു. മറ്റ് technical aspectsല്‍ എടുത്തുപറയാന്‍ മാത്രം ഒന്നുമില്ല, പശ്ചാത്തലസംഗീതം നന്നായിരുന്നു.
ചില ഭാഗങ്ങളില്‍ കുറേശ്ശെ ത്രില്ലിംഗ് ആണെന്നതൊഴിച്ചാല്‍ അത്യാവശ്യം നിരാശപ്പെടുത്തുന്ന ഒരു ചിത്രമാണ് മിസ്റ്റര്‍ എക്സ്. ഇമ്രാന്‍ ഹാഷ്മിയില്‍നിന്ന് നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. ചിത്രം കഴിയുമ്പോള്‍ കൂടെ പോന്നത് ടൈറ്റില്‍ സോങ്ങില്‍ മഹേഷ്‌ ഭട്ട് പാടിയ 'You can call me X' എന്നുതുടങ്ങുന്ന വരികള്‍ മാത്രം...

Wednesday, April 15, 2015

സൗദാമിനി - ചില നിരീക്ഷണങ്ങള്‍

Soudamini Movie Poster
ആദ്യമേ പറയാം ഇതൊരു ട്രോള്‍ പോസ്റ്റ്‌ അല്ല.. മുന്‍പ് പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഈ ചിത്രം കാണാന്‍ സാധിച്ചിരുന്നില്ല. ഡൌണ്‍ലോഡ് ചെയ്തുവെച്ചിരുന്നെങ്കിലും കളക്ഷനില്‍ ഉള്ള ഒരുപാട് സിനിമകളില്‍ ഒന്നായി അത് അവിടെ കിടന്നു. ഇന്ന് ഒരു ഫേസ്ബുക്ക്‌ ഗ്രൂപ്പിലെ ഒരു പോസ്റ്റില്‍ ഈ ചിത്രം അസ്സല്‍ കള്‍ട്ട് ആണെന്നും മറ്റും കണ്ടപ്പോള്‍ ഒന്ന് കാണണം എന്ന് തോന്നി, കണ്ടു.. കണ്ടപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു.
എല്ലാവരും പറഞ്ഞപോലെ അത്രയ്ക്ക് മോശം സിനിമ ആയി എനിക്ക് തോന്നിയില്ല ഈ ചിത്രം.. അത്യാവശ്യം ക്രീപ്പി ആയ ഒരു മൂഡില്‍ ചിത്രത്തെ കൊണ്ടുപോകാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.. പ്രധാന പോരായ്മ കാസ്റ്റിങ്ങില്‍ ആയിരുന്നു, കുളപ്പുള്ളി ലീല, കലാമണ്ഡലം കേശവന്‍ നായര്, കലാഭവന്‍ സന്തോഷ്‌ പിന്നെ ഒന്നുരണ്ടു സഹനടന്മാരും നടികളും ഒഴിച്ച്, പ്രധാനവേഷത്തില്‍ വന്ന ആളുകള്‍ കുളമാക്കിയപോലെയാണ് തോന്നിയത്.. സൗദാമിനി അടക്കം നാല് നായികമാരും, മൂന്നുനായകന്മാരും അത്യാവശ്യം നന്നായി വെറുപ്പിച്ചു. പിന്നെ സ്പെഷ്യല്‍ എഫക്ട്സ് ഒന്നും അങ്ങോട്ട്‌ ഏശിയില്ല, വളരെ amateur ആയ രീതിയിലാണ് അതൊക്കെ ചെയ്തിരിക്കുന്നത്.
ഈ ചിത്രത്തിലെ അധികം പേര്‍ ശ്രദ്ധിക്കാത്ത ഒരു കാര്യം എന്താണെന്നുവെച്ചാല്‍, ഇതിന്റെ ഗാനരചന പി.ഭാസ്കരനും സംഗീതം ജെറി അമല്‍ദേവും ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇവര്‍ രണ്ടുപേരും തങ്ങളുടെ മേഖലകളില്‍നിന്ന് ഏകദേശം വിരമിച്ചതിന് ശേഷമാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഇത് മറ്റൊരു സാധ്യതയ്ക്ക് വഴിതെളിക്കുന്നു, ഒരുപക്ഷേ കുറേക്കാലം മുന്‍പേ എഴുതിയ തിരക്കഥ, അന്ന് സിനിമ തുടങ്ങാനായി ഗാനങ്ങള്‍ കമ്പോസ് ചെയ്യുകയും, പിന്നീട് പണം ഇല്ലാത്തതിനാല്‍ സിനിമ shelve ചെയ്യുകയും ചെയ്തിരിക്കാം. പിന്നീട് കുറേക്കൂടി കഴിഞ്ഞ് എന്തായാലും ഉള്ള പണം വെച്ച് ചെയ്യാം എന്നുകരുതി സീരിയല്‍ നടന്മാരെയൊക്കെ വെച്ച് ഒരുക്കിയത് ആവാം.
വി.പി. ഭാനുമതി രചിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പാലക്കാട്‌-തൃശ്ശൂര്‍ റൂട്ടില്‍ ഓടുന്ന കുറേ ബസ്സുകളുടെ ഉടമയായ എസ്.സുന്ദരരാജനാണ്. പി.ഗോപികുമാര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ അത്യാവശ്യം നല്ല ഒന്നായിട്ടാണ് തോന്നിയത്. സംഭാഷണങ്ങള്‍ ആയാലും അത്യാവശ്യം നാച്ചുറല്‍ ആയിരുന്നു. ഹൊറര്‍ രംഗങ്ങളില്‍ മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത തരത്തിലുള്ള ചില ഐറ്റംസൊക്കെ കാണാം.. ഒരു creature കുട്ടി ഉണ്ടാവുന്നതും, ജഗദീഷ് സൈക്കിളില്‍ കയറ്റി ഇരുത്തിയ കുട്ടി സൈക്കിള്‍ യാത്രയ്ക്കിടയില്‍ വളരുന്നതും മറ്റും പ്രേക്ഷകമനസ്സില്‍ അസ്വസ്ഥത ഉണര്‍ത്തുന്നവിധത്തിലുള്ള നല്ല ആശയങ്ങള്‍ ആയിരുന്നു, മികച്ച technitians ഇല്ലാത്തതിനാല്‍ വേണ്ടത്ര ഏശിയില്ല. പിന്നെ വളരെ ഷോക്കിംഗ് ആയ ഒരു കാര്യം, സാധാരണ ഇങ്ങനെ വരുന്ന ചിത്രങ്ങളില്‍ ഒരവസരവും പാഴാക്കാതെ നായികമാരുടെയോ സഹനടിമാരുടെയോ മേനിപ്രദര്‍ശനം ഉണ്ടാകാറുണ്ട്. എന്നാല്‍ അങ്ങനെ ഒരു രംഗം പോലും ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചില്ല എന്നത് എന്നെ അമ്പരപ്പിച്ചു. തിരക്കഥയില്‍ കാലാനുസൃതമായ കുറച്ച് മാറ്റങ്ങളൊക്കെ വരുത്തി ഒന്നൂടെ പോളിഷ് ചെയ്തെടുത്ത് കുറച്ചൂടെ നല്ല നടീനടന്മാരെ തെരഞ്ഞെടുത്ത് നല്ല technitiansനെയും വരുത്തി നന്നായി ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ മലയാളത്തിലെ നല്ല ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാകുമായിരുന്നെനേ ഇതും..

Monday, April 13, 2015

Dharam Sankat Mein Movie Review

ധരംസങ്കട് മേം (Dharam Sankat Mein, 2015, Hindi)
Dharam Sankat Mein Movie Poster

The Infidel എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ റീമേക്ക് ആയി ഫവാദ് ഖാന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതിയ ഹിന്ദി ചിത്രമാണ് ധരംസങ്കട് മേം. പരേഷ് റാവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെതന്നെ മുന്‍കാലചിത്രമായ OMG Oh My God പോലെ ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന പല അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വിമര്‍ശിക്കുന്ന ഒന്നാണ്.
ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന ഒരു സന്തുഷ്ട ജൈന്‍ കുടുംബത്തിലെ ഗൃഹനാഥനാണ് ധരംപാല്‍. ജീവിതത്തെ ഈസി ആയി കാണുന്ന, ഒരുപാട് മതപരമായ വിശ്വാസങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു സാധാരണ caterer ആയ അദ്ദേഹത്തിന് പക്ഷേ മുസ്ലീം വിഭാഗത്തോട് അകാരണമായ വിരോധമാണ്. അവരുടെ ജീവിതശൈലിയെയും മറ്റും അവജ്ഞയോടെ മാത്രം നോക്കിക്കാണുന്ന ധരം ഒരുനാള്‍ മരിച്ചുപോയ തന്റെ അമ്മയുടെ ബാങ്ക് ലോക്കര്‍ തുറക്കുമ്പോള്‍ ആണ് ഞെട്ടിപ്പിക്കുന്ന ഒരു സത്യം മനസ്സിലാക്കുന്നത്; അദ്ദേഹത്തെ അച്ഛനമ്മമാര്‍ ദത്തെടുത്തുവളര്‍ത്തിയതാണ്. അദ്ദേഹം പിറന്നതോ, ഒരു മുസ്ലീം കുടുംബത്തിലും! ഇക്കാര്യം മനസ്സിലാക്കിയതിനാല്‍ ധര്‍മ്മസങ്കടത്തിലാഴ്ന്ന ധരംപാലിന്റെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്ന കുറച്ച് incidents ആണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ സംവിധായകന്‍ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇതിനൊപ്പം തന്നെ കപട-ആള്‍ദൈവങ്ങളെയും മുസ്ലീം വിഭാഗത്തോട് ചിലര്‍ക്കുള്ള അവജ്ഞയെയും മറ്റും കണക്കിന് വിമര്‍ശിച്ചിട്ടുമുണ്ട് ചിത്രത്തില്‍.
Murder, Jism, A Wednesday തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയ ഫവാദ് ഖാന്റെ ആദ്യസംവിധാനസംരംഭമാണ് ഈ ചിത്രം. ആദ്യചിത്രത്തില്‍ത്തന്നെ സ്ഥിരം കച്ചവടസമവാക്യങ്ങളില്‍നിന്ന് മാറിനടന്നുകൊണ്ട് പ്രതീക്ഷ നല്‍കുന്നുണ്ട് അദ്ദേഹം. തീര്‍ത്തും sensitive ആയൊരു വിഷയത്തെ അത്യാവശ്യം ഗൗരവത്തോടെയും കയ്യടക്കത്തോടെയും അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ആദ്യസംരംഭം ആയതുകൊണ്ടുള്ള പോരായ്മകള്‍ പലയിടത്തും കാണാമെങ്കിലും തരക്കേടില്ലാത്ത ഒരു ക്ലൈമാക്സിലൂടെ ചിത്രം അവസാനിപ്പിക്കുമ്പോള്‍ പ്രേക്ഷകരിലേക്ക് ഉദ്ദേശിച്ച സന്ദേശം എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നുതന്നെവേണം പറയാന്‍.
പരേഷ് റാവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച OMG Oh My God എന്ന ചിത്രവുമായി താരതമ്യങ്ങള്‍ ഉണ്ടാകും എന്നതുതന്നെയാണ് ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു മുഖ്യഘടകം. OMG Oh My God കുറേക്കൂടി hard-hitting ആയ ഒരു ചിത്രമായിരുന്നു. പക്ഷേ ധരംസങ്കട് മേം എന്ന ചിത്രത്തിന് അത്രത്തോളം സ്വാധീനം പ്രേക്ഷകരില്‍ ചെലുത്താന്‍ സാധിക്കുമോ എന്നകാര്യം സംശയമാണ്. താരതമ്യേന കെട്ടുറപ്പ് കുറഞ്ഞ ഒരു തിരക്കഥയും കുറിക്കുകൊള്ളുന്ന സംഭാഷണശകലങ്ങളുടെ കുറവും ഒക്കെയാവാം കാരണങ്ങള്‍. എന്നിരുന്നാലും ഈ താരതമ്യം നടത്താത്തപക്ഷം നല്ലൊരു അനുഭവമാണ് ധരംസങ്കട് മേം.
പരേഷ് റാവല്‍ തന്നെയാണ് ചിത്രത്തിന്റെ ജീവനാഡി. ധരംപാലിന്റെ വേഷം തന്റേതായ ശൈലിയില്‍ അനായാസേന അദ്ദേഹം കൈകാര്യം ചെയ്തു. ഒരുപാട് ചിത്രങ്ങള്‍ ഒന്നും ചെയ്യുന്നില്ലെങ്കിലും ഇടക്കൊക്കെ ഇങ്ങനെ ഓരോ പ്രകടനങ്ങള്‍ മതി പ്രേക്ഷകരുടെ മനസ്സുകീഴടക്കാന്‍. ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷം ചെയ്തത് നസിറുദ്ദീന്‍ ഷാ ആണ്. അദ്ദേഹത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷപ്പകര്‍ച്ചയാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചത്. നീലാനന്ദ് എന്ന കപടസ്വാമിയുടെ വേഷം അദ്ദേഹം മനോഹരമാക്കി എന്ന് പറയാനാവില്ല എങ്കിലും വൃത്തിയായി ചെയ്തു. അനു കപൂറിന്റെ മെഹ്മൂദ് ഷാ എന്ന കഥാപാത്രവും മികച്ചുനിന്നു. മറ്റുനടീനടന്മാരെല്ലാം അവരവരുടെ വേഷം ഭംഗിയാക്കി. പഞ്ചാബി ഗായകനും നടനുമായ ഗിപ്പി ഗ്രേവാള്‍ അതിഥിവേഷത്തില്‍ തിളങ്ങി. 
മീത് ബ്രോസ് അന്ജാന്‍, സച്ചിന്‍ ഗുപ്ത, ജതിന്ദര്‍ ഷാ എന്നിവരുടെ ഗാനങ്ങള്‍ വളരെയേറെ ഉയര്‍ന്നനിലവാരം പുലര്‍ത്തുന്നവയാണ്. ചെയ്യുന്ന 80% പാട്ടുകളും മികച്ചതായിട്ടും സച്ചിന്‍ ഗുപ്തയ്ക്ക് എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നില്ല എന്നത് ഒരു ഉത്തരമില്ലാത്ത ചോദ്യമായി തുടരുന്നു. മറ്റുസാങ്കേതികമേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ തങ്ങളുടെ ജോലികള്‍ വൃത്തിയായി ചെയ്തു.
കൊച്ചുകൊച്ചുകുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാന്‍ സാധിക്കുമെങ്കിലും ഉദ്ദേശശുദ്ധികൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ഒരുവട്ടം കാണാവുന്ന ചിത്രംതന്നെയാണ് ധരംസങ്കട് മേം. കാണാന്‍ ശ്രമിക്കുക.

Roar the Tigers of Sunderbans Movie Review


Roar the Tigers of Sunderbans Movie Poster
റോര്‍; ടൈഗേഴ്സ് ഓഫ് ദ സുന്ദര്‍ബന്‍സ് (Roar; Tigers of the Sunderbans, 2014, Hindi)
കമല്‍ സദ്‌നാഥിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ചിത്രമാണ് റോര്‍. ഇന്ത്യന്‍ സിനിമയില്‍ വളരെക്കുറച്ചുമാത്രം പരീക്ഷിച്ചുകണ്ടിട്ടുള്ള survival drama ജോണറിലുള്ള ചിത്രം സുന്ദര്‍ബന്‍സ് വനങ്ങളിലെ വെള്ളക്കടുവയെ വേട്ടയാടാന്‍ ചെന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.
ആരോ വെച്ച കെണിയില്‍ പെട്ടുകിടന്ന ഒരു വെള്ളക്കടുവക്കുഞ്ഞിനെ രക്ഷിച്ച് കൊണ്ടുവന്ന ഉദയ് എന്ന Wildlife journalistനെ അന്നുരാത്രിതന്നെ കുഞ്ഞിന്റെ അമ്മയായ വെള്ളക്കടുവ ആക്രമിച്ചുകൊല്ലുകയും മൃതശരീരം കൊണ്ടുപോവുകയും ചെയ്യുന്നു. ഇതറിഞ്ഞ ഉദയിന്റെ സഹോദരനായ കമാന്‍ഡോ ഓഫീസര്‍ പണ്ഡിറ്റ്‌ അനുജന്റെ മൃതദേഹം വീണ്ടെടുക്കാനും അനുജനെ കൊന്ന വെള്ളക്കടുവയോട് പ്രതികാരം ചെയ്യാനുമായി തന്റെ ടീമിനൊപ്പം സുന്ദര്‍ബന്‍സിലേക്ക് തിരിക്കുന്നു. ഒരു ഗൈഡിന്റെയും, ഒരു Tiger trackerന്റെയും സഹായത്തോടെ വലിയ ബുദ്ധിമുട്ടില്ലാതെ കാര്യം സാധിച്ച് തിരിച്ചുപോരാം എന്ന് കരുതിയ അവരെ പക്ഷേ വനത്തിനുള്ളില്‍ കാത്തിരുന്നത് പ്രതീക്ഷിച്ചതിലും അപ്പുറമുള്ള അപകടങ്ങളായിരുന്നു. അവയ്ക്കിടയിലൂടെയുള്ള അവരുടെ യാത്രയാണ് ചിത്രം.
സാധാരണ ഇത്തരം subjects ഇന്ത്യയില്‍ സിനിമയാക്കുമ്പോള്‍ കച്ചവടവല്‍ക്കരണത്തിനുവേണ്ടി സംവിധായകര്‍ കുത്തിക്കയറ്റാറുള്ള അനാവശ്യ റൊമാന്‍സ്, മേനിപ്രദര്‍ശനം, കോമഡി രംഗങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കാന്‍ സാധിച്ചു എന്നത് ഈ ചിത്രത്തിന്റെ വലിയൊരു മേന്മയായി തോന്നി. അത്തരം രംഗങ്ങള്‍ ചേര്‍ക്കാന്‍ പല അവസരങ്ങള്‍ ഉണ്ടായിട്ടും ഒരു tribal ഗാനം ഒഴികെ പ്രധാനകഥയില്‍നിന്ന് ഒരുവിധം വ്യതിചലിക്കാതെതന്നെയാണ് സംവിധായകന്‍ ചിത്രം മുന്നോട്ടുകൊണ്ടുപോയിരിക്കുന്നത്. എന്നിരുന്നാലും ചുരുക്കം ചിലയിടങ്ങളില്‍ കയറിവന്ന ക്ലീഷേ രംഗങ്ങളും മേനിപ്രദര്‍ശനവും കല്ലുകടിയായി തോന്നി. അത്യാവശ്യം ത്രില്ലിംഗ് ആയി ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകാനും തെറ്റില്ലാത്ത രീതിയില്‍ അവസാനിപ്പിക്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്.
ഇത്തരം ജോണരുകളില്‍ വരുന്ന ചിത്രങ്ങളില്‍ അധികവും താരതമ്യേന പുതുമുഖങ്ങള്‍ ആയിരിക്കും എന്നതിനാല്‍ വലിയ അഭിനയമുഹൂര്‍ത്തങ്ങള്‍ ഒന്നും ഇത്തരം ചിത്രങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. പ്രധാനവേഷങ്ങള്‍ ചെയ്ത എല്ലാവരും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. കടുവകളുടെ രംഗങ്ങള്‍ ഒട്ടുമിക്കതുംതന്നെ യഥാര്‍ത്ഥകടുവകളെ ഉപയോഗിച്ച് ക്രോമയുടെ സഹായത്താല്‍ ചെയ്തതിനാല്‍ ഇന്ത്യന്‍ സിനിമകളില്‍ പ്രതീക്ഷിക്കാവുന്ന vfx കടുവകളെക്കാള്‍ originality തോന്നി.
ഹോളിവുഡ് ചിത്രങ്ങളുമായി താരതമ്യം ചെയ്യാത്തിടത്തോളം ഇന്ത്യന്‍ സിനിമയില്‍ ചുരുങ്ങിയ മുതല്‍മുടക്കില്‍ ചെയ്തത് എന്ന factor വെച്ചുനോക്കിയാല്‍ മികച്ചൊരു attempt തന്നെയാണ് ഈ ചിത്രം. കാണാന്‍ ശ്രമിക്കുക.

Sunday, April 12, 2015

ഗന്ധം


മൂന്നുചക്രമുള്ള ഒരു ഉന്തുവണ്ടിയില്‍ മഞ്ഞയും വെള്ളയും നിറങ്ങളിലുള്ള പേരറിയാത്ത ചില പൂവുകള്‍ വില്‍ക്കുന്ന ഒരു പൂക്കച്ചവടക്കാരനെ സ്വപ്നം കണ്ട് ഉറങ്ങുകയായിരുന്നു അയാള്‍. "പൂ വേണോ, പൂ, നല്ല വാസനപ്പൂ!" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് പൂ വിറ്റിരുന്ന അയാളുടെ മൂക്കിനുതാഴത്തെ വണ്ടിനെപ്പോലുള്ള മീശയ്ക്കുചുറ്റും ഒരു ഈച്ച വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു. ആ ഈച്ച പൂക്കച്ചവടക്കാരന്റെ മീശ മണമുള്ള മറ്റൊരു പൂവാണെന്നുകരുതി അതിനുചുറ്റും പറക്കുകയാവാം എന്ന് സ്വപ്നത്തില്‍ അയാള്‍ ചിന്തിച്ചു. അതോ ആ മീശ ശരിക്കും ഒരു പൂവുതന്നെയാണോ! അതറിയാനായി പൂക്കാരന്റെ അടുത്തേയ്ക്ക് ചെല്ലാനൊരുങ്ങുമ്പോഴാണ് പൂക്കാരന്‍ 'പൂവേണോ പൂ' എന്ന വായ്ത്താരിയ്ക്കൊപ്പം പോക്കറ്റില്‍നിന്ന് ഒരു മണിയെടുത്ത് 'ണിം, ണിം, ണിം' എന്ന് ശബ്ദമുണ്ടാക്കാന്‍ തുടങ്ങിയത്. 'ണിം, ണിം, ണിം, ണിം' താളത്തിനൊത്ത് പൂക്കളും പൂക്കാരനും മെല്ലെമെല്ലെ നൃത്തംവെച്ച് നീങ്ങിക്കൊണ്ടിരുന്നു.
'ണിം, ണിം, ണിം, ണിം...' മണിയൊച്ച നേര്‍ത്തുനേര്‍ത്തു വരുന്നു. "സാര്‍, വാതില്‍ തുറക്കൂ" എന്ന സ്ത്രീശബ്ദമാണ് ഇപ്പോള്‍ മണിയൊച്ചയ്ക്കുപകരം. എവിടെനിന്നാണ് ഇങ്ങനെയൊരു ശബ്ദം എന്നയാള്‍ ചിന്തിക്കുമ്പോള്‍ സ്വപ്നത്തില്‍ കണ്ടതുപോലെയുള്ള ഒരു ഈച്ച അയാളുടെ മൂക്കിന്‍തുമ്പത്ത് വന്നിരിക്കുകയും അയാളുടെ സ്വപ്നത്തെ ഭംഗിക്കുകയും ചെയ്തു.
"സാര്‍, വാതില്‍ തുറക്കൂ"
മെല്ലെ എഴുന്നേറ്റ് ഉടുത്തിരിക്കുന്ന കാവിമുണ്ട്‌ ശരിയാക്കി മുഖം തുടച്ചുകൊണ്ട് അയാള്‍ ഫ്ലാറ്റിന്റെ മുന്‍വാതില്‍ തുറന്നുകൊടുത്തു.
"ഞാന്‍ എത്രനേരമായി കോളിംഗ് ബെല്‍ അടിക്കുന്നു, നല്ല ഉറക്കമായിരുന്നു അല്ലേ! ഇങ്ങനെ പോത്തുപോലെ കിടന്നുറങ്ങിയാല്‍ വല്ല കള്ളന്മാര്‍ കേറിയാല്‍പ്പോലും അറിയില്ല!"
വെറുമൊരു വേലക്കാരിയായ ഇവള്‍ക്ക് ഇങ്ങനെ തന്നോട് സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത് എന്നോര്‍ത്ത് ഉള്ളില്‍ അരിശം തോന്നിയെങ്കിലും പുറമേ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു, "ഇന്നെനിക്ക് കട്ടന്‍കാപ്പി മതി. പാല് ഉറയൊഴിക്കാന്‍ വെച്ചോളൂ. ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കണ്ട, വീടൊന്ന് അടിച്ചുവാരിയിട്ട് പൊയ്ക്കോളൂ"
'അമ്മകാച്ചിയിരുന്ന എണ്ണയുടെ അതേ ഗുണം' എന്ന വിശേഷണവുമായി വിപണിയിലെത്തിയ എണ്ണ ദേഹത്തുതേയ്ച്ച് അയാള്‍ കുളിമുറിയില്‍ കയറി. ഷവറിനുകീഴെ നില്‍ക്കുമ്പോള്‍ അയാള്‍ സ്വപ്നത്തില്‍ കണ്ട പൂക്കളെപ്പറ്റി ഓര്‍ത്തു. 'കുട്ടിക്കാലത്ത് ഇരുളില്‍ കാണാരുണ്ടായിരുന്ന അതേ പൂക്കളായിരുന്നോ ഇന്ന് സ്വപ്നത്തില്‍ കണ്ടവ!' തൊടാനോ മണക്കാനോ പറ്റാത്തതരത്തിലുള്ള, അവ്യക്തമായ വിവിധവര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ ഇരുട്ടത്ത്‌ കാണുന്നു എന്ന കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. പിന്നീട് വളര്‍ച്ചയുടെ ഏതോഘട്ടത്തില്‍ ആ പൂക്കളേ സൗകര്യപൂര്‍വ്വം മറന്നുകളഞ്ഞു. അതോ ആ പൂക്കള്‍ മറ്റാരെയൊക്കെയോ തേടി പോയതാവുമോ!
തലതുവര്‍ത്തി കണ്ണില്‍ എന്നും ഇറ്റിക്കാറുള്ള തുള്ളിമരുന്ന് ഇറ്റിച്ചശേഷം മധുരമില്ലാത്ത കട്ടന്‍കാപ്പി കുടിക്കുമ്പോഴാണ് അയാള്‍ക്ക് അപരിചിതമായ ഒരു ഗന്ധം അനുഭവപ്പെട്ടത്. ദുര്‍ഗന്ധമല്ല, പക്ഷേ ഈ ഫ്ലാറ്റില്‍ സാധാരണ ഇല്ലാത്ത ഒരു ഗന്ധം. അയാള്‍ ചുറ്റുപാടും നോക്കി, അസ്വാഭാവികമായി ഒന്നുംതന്നെയില്ല. സാധാരണദിവസങ്ങളില്‍ വേലക്കാരി വന്നുപോയാല്‍ കുറച്ചുനേരം ഫ്ലാറ്റില്‍ തങ്ങിനില്‍ക്കുന്ന വിലകുറഞ്ഞ മുല്ലപ്പൂ പൗഡറിന്റെ മണമല്ല, മറ്റെന്തോ തരത്തിലുള്ള ഒരു ഗന്ധം.
കാപ്പിക്കപ്പ് താഴെവെച്ച്‌ ആ ഗന്ധത്തിന്റെ ഉറവിടം അറിയാനായി ഫ്ലാറ്റിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന അയാളെ ആ ഗന്ധം പിന്തുടരുന്നുണ്ടായിരുന്നു. കിടപ്പുമുറിയില്‍ ചെന്ന് സ്വന്തം കിടക്ക മണത്തുനോക്കിയപ്പോള്‍ അതില്‍നിന്നും അതേ ഗന്ധം പുറപ്പെടുന്നതായി മനസ്സിലാക്കിയ അയാള്‍ തെല്ലൊരു സംശയത്തോടെ സ്വന്തം ശരീരം മണത്തുനോക്കി. അതെ, തന്നില്‍നിന്നുതന്നെയാണ് ആ ഗന്ധം പുറപ്പെടുന്നത്! താന്‍ കിടന്നിരുന്ന കിടക്കയിലും, രാത്രി ധരിച്ച വസ്ത്രങ്ങളിലും അതേ ഗന്ധം!
'പക്ഷേ തന്റെ ദേഹത്തിന്റെ ഗന്ധം തനിക്ക് അറിയാവുന്നതാണല്ലോ! പെട്ടെന്നൊരു ദിവസം അതെങ്ങനെ വേറൊന്നായി! ഇത്രയും കാലം സ്വന്തം എന്നുകരുതിയ ആ ഗന്ധം പോയി മറ്റൊരു ഗന്ധം ആവുകയോ!' ഇതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്റെ നെഞ്ചില്‍ തലചായ്ച്ചുകൊണ്ട് 'ഈ മണം എനിക്ക് ഒത്തിരി ഇഷ്ടമാ' എന്ന് പറഞ്ഞിരുന്ന ഭാര്യയെ അയാള്‍ ഓര്‍ത്തു. രണ്ടുതുള്ളി കണ്ണുനീര്‍ അയാളുടെ ചുളിവുകള്‍ വീണുതുടങ്ങിയ കവിളിലേക്ക് ഒലിച്ചിറങ്ങി. തന്നെ ഉപേക്ഷിച്ച് പതിഞ്ഞമൂക്കും ചെറിയ കണ്ണുകളുമുള്ള ജപ്പാന്‍കാരന്‍ ബിസിനസ് പങ്കാളിയുടെകൂടെ പോകുമ്പോള്‍ എന്താണവള്‍ പറഞ്ഞത്, 'നിങ്ങള്‍ എന്നെ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല' എന്നോ! എത്രയോ രാത്രികളില്‍ തന്റെ നെഞ്ചില്‍ തലവെച്ചുകൊണ്ട് മൂളിപ്പാട്ടുപാടി കിടന്നിരുന്ന, മധുരപ്രിയനായിരുന്ന തന്റെ കാപ്പിയില്‍ മധുരം കുറഞ്ഞുപോയെന്നറിഞ്ഞ് ഒരിക്കല്‍ ചെറിയമ്മയോട് വഴക്കുണ്ടാക്കിയ, തന്റെ ബിസിനസ്സിന്റെ ആദ്യകാലങ്ങളില്‍ നഷ്ടങ്ങള്‍ വന്നപ്പോള്‍ അയല്‍ക്കാരുടെ ചില്ലറ തയ്യല്‍പ്പണികള്‍ ഏറ്റെടുത്തും അമ്മയും മുത്തശ്ശിയും സ്നേഹപൂര്‍വ്വം നല്‍കിയ പഴയ ആഭരണങ്ങള്‍ 'ഇതൊക്കെ ഇപ്പൊ എവിടേക്ക് ഇടാനാ' എന്നും പറഞ്ഞ് കയ്യില്‍ വെച്ചുതന്നും തന്നാലായവിധം സഹായിച്ച, തിളങ്ങുന്ന വിടര്‍ന്നകണ്ണുകളോടെയുള്ള ആ മെലിഞ്ഞ പെണ്‍കുട്ടി, തന്റെ രണ്ടുമക്കളെ പ്രസവിച്ചവള്‍! അവള്‍ക്കും വേണ്ടപോലെ സ്നേഹം നല്‍കാന്‍ തനിക്ക് സാധിച്ചിരുന്നില്ലേ! ഇല്ലായിരുന്നെങ്കില്‍, തന്റെ സ്നേഹം കിട്ടിയില്ലായിരുന്നെങ്കില്‍ എന്തിനാണ് അവള്‍ തനിക്കുവേണ്ടി ഹിന്ദി പ്രണയഗാനങ്ങള്‍ പാടിയിരുന്നത്! തങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികത്തിന് മൃഗശാല കാണിക്കാന്‍ കൊണ്ടുപോയപ്പോള്‍ അവള്‍ മൂളിയ പാട്ട് ഏതായിരുന്നു, 'പല്‍ പല്‍ ദില്‍ കേ പാസ്...' അതോ 'സാഗര്‍ കിനാരേ..'യോ! ഓര്‍മ്മകള്‍ ക്ഷയിച്ചുതുടങ്ങിയിരിക്കുന്നു. പല ഓര്‍മ്മകളും ഇല്ലാതാവുകയും, മാഞ്ഞുപോയ ഓര്‍മ്മകളെക്കുറിച്ചുള്ള അവ്യക്തമായ ഓര്‍മ്മകള്‍ അവശേഷിക്കുകയും ചെയ്യുന്നു.. മെല്ലെമെല്ലെ അവയും ഇല്ലാതാവുകയും, ശൂന്യത വ്യാപിക്കുകയും ചെയ്യുമായിരിക്കും. ഒരു മനുഷ്യായുസ്സില്‍ എന്തൊക്കെ അനുഭവിക്കണം!
മൊബൈല്‍ ഫോണിന്റെ തുടരെയുള്ള റിംഗ് അയാളെ ചിന്തയില്‍നിന്നുണര്‍ത്തി. ഇളയമകന്‍ രഘുവാണ്, കഴിഞ്ഞയാഴ്ച കൊച്ചുമകന്റെ പിറന്നാളിന് ചെല്ലാന്‍ സാധിക്കാത്തകാരണം ഇന്ന് ഉച്ചയൂണ് എല്ലാവര്‍ക്കുംകൂടി പുറത്തുനിന്നാവാം എന്ന് പറഞ്ഞിരുന്നു. ഫോണില്‍ മകനോട് പന്ത്രണ്ടുമണിയ്ക്ക് റെസ്റ്റോറന്റിലേക്ക്  എത്തിക്കോളാം എന്ന് ഉറപ്പുനല്‍കിയശേഷം അയാള്‍ പുറപ്പെടാന്‍ ഒരുങ്ങി. നേരത്തെ അനുഭവപ്പെട്ട ഗന്ധം അപ്പോഴും അയാളെ അലട്ടുന്നുണ്ടായിരുന്നു. അസ്വസ്ഥനായ അയാള്‍ വീട്ടില്‍ ഉണ്ടായിരുന്ന പെര്‍ഫ്യൂമിന്റെ സഹായത്തോടെ ഈ ഗന്ധം അകറ്റാന്‍ സാധിക്കും എന്ന് കരുതിയെങ്കിലും പെര്‍ഫ്യൂം കഴിഞ്ഞിരിക്കുന്നതായി കണ്ടു. തെല്ലൊരമര്‍ഷത്തോടെ തന്റെ കയ്യുള്ള ബനിയനുമേലെ ഇളംനീല ഷര്‍ട്ടും, കറുപ്പുപാന്റും ധരിച്ച് അയാള്‍ ഫ്ലാറ്റ് പൂട്ടി പുറത്തേയ്ക്കിറങ്ങി. 'കൊച്ചുമകന് കൊടുക്കാന്‍ പോകുന്നവഴിക്ക് എന്തെങ്കിലും കളിപ്പാട്ടം വാങ്ങാം' എന്ന് കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ അയാള്‍ മനസ്സില്‍ വിചാരിച്ചു.

************************

പന്ത്രണ്ടര കഴിഞ്ഞിട്ടാണ് രഘുവും ദീപ്തിയും അപ്പുവും റെസ്റ്റോറന്റില്‍ എത്തിയത്. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ അച്ഛന്റെ കണിശത ഓര്‍ത്തിട്ടോ എന്തോ, രഘുവിന്റെ മുഖത്ത് കുറ്റബോധം നിഴലിച്ചിരുന്നു. പുതിയ ഉടുപ്പുകള്‍ അണിഞ്ഞ അപ്പു സന്തോഷവാനായി കാണപ്പെട്ടു. "മുത്തശ്ശാ, എന്റെ ബര്‍ത്ത്ഡേ പ്രെസന്റ് എവിടെ?" എന്നുചോദിച്ച് ഓടിവന്നപ്പോഴാണ് കളിപ്പാട്ടം വാങ്ങാന്‍ മറന്നുപോയല്ലോ എന്നോര്‍ത്തത്. വാരിയെടുത്ത് 'ഇന്നാ പിടിച്ചോ' എന്ന് പറഞ്ഞുകൊണ്ട് കവിളത്ത് ഒരുമ്മ കൊടുത്തപ്പോള്‍ അവന്‍ നിഷ്കളങ്കമായി ചിരിച്ചു.
"മുത്തശ്ശാ, എനിക്ക് ബര്‍ത്ത്ഡേയ്ക്ക് കുറേ ഗിഫ്റ്റ്സ് കിട്ടി. അവര്‍ക്കൊക്കെ റിട്ടേണ്‍ ഗിഫ്റ്റും കൊടുത്തു. അമിത് ഗിഫ്റ്റ് ഒന്നും കൊണ്ടുവന്നിരുന്നില്ല, എന്നാലും അവനും റിട്ടേണ്‍ ഗിഫ്റ്റ് കൊടുത്തു", തനിക്ക് പ്രിയങ്കരമായ പിസ്സയുമായി മല്ലിടുന്നതിനിടയില്‍ അപ്പു പറഞ്ഞു. അതുകേട്ട് അയാള്‍ മരുമകളെ നോക്കി ചിരിച്ചു.
"അച്ഛാ, ഇവന്റെ ഒരു കാര്യമേ! ഇവന് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വേണമത്രേ! 'ക്ലാഷ് ഓഫ് ക്ലാന്‍സ്' കളിക്കാനാണെന്ന്! ഞാനൊക്കെ മൊബൈല്‍ വാങ്ങിയതുതന്നെ എം.സി.എക്ക് പഠിക്കുമ്പോഴാ!" രഘുവിന്റെ തമാശരീതിയിലുള്ള പരാതി.
രഘുവും ദീപ്തിയും വളരെക്കുറച്ചുമാത്രമേ പരസ്പരം സംസാരിക്കുന്നുള്ളൂ എന്നകാര്യം അയാള്‍ ശ്രദ്ധിച്ചു. 'ഇവര്‍ക്ക് ഇടയ്ക്കൊക്കെ ഒന്ന് പൊട്ടിച്ചിരിച്ചുകൂടേ! രാമുവിന്റെയും രഘുവിന്റെയും കുട്ടിക്കാലത്ത് എത്ര രസകരമായിരുന്നു ഭക്ഷണവേളകള്‍! കുട്ടികളുടെ പരസ്പരമുള്ള ചെറിയചെറിയ വഴക്കുകളും, തമാശകളും മറ്റും നിറഞ്ഞ തീന്‍മേശകള്‍.അന്നൊന്നും മനുഷ്യര്‍ക്ക് ഇത്രയേറെ ഗൗരവം ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു!'
"അച്ഛന്‍ ഇന്ന് ഏത് പെര്‍ഫ്യൂമാ അടിച്ചത് എന്ന് ഞാന്‍ പറയട്ടേ?" പെട്ടെന്നുള്ള രഘുവിന്റെ ചോദ്യം അയാളെ അമ്പരപ്പിച്ചു. പെര്‍ഫ്യൂമോ! അമ്പരപ്പ് പുറത്തുകാട്ടാതെ അയാള്‍ ചോദിച്ചു. "ഏതാ, പറ കേള്‍ക്കട്ടെ!".
"പേരറിയില്ല, പക്ഷേ മുത്തശ്ശന്‍ ഉപയോഗിച്ചിരുന്ന അതേ പെര്‍ഫ്യൂം! അല്ലേ, അല്ലേ!"
"എങ്ങനെ മനസ്സിലായി?" അയാള്‍ ഞെട്ടലൊതുക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.
"പണ്ട് മുത്തശ്ശന്റെ ഒപ്പം ഇരിക്കുമ്പോള്‍ ഉള്ള അതേ മണം, അതാ ഇപ്പൊ അച്ഛന്റെ ദേഹത്തുനിന്ന് വരുന്നേ!"
'സ്വന്തം അച്ഛന്റെ മണം തനിക്കുപോലും ഓര്‍മ്മയില്ലാത്തപ്പോള്‍ കുട്ടിക്കാലത്ത് മാത്രം കണ്ട മുത്തശ്ശന്റെ മണം ഇവനെങ്ങനെ ഓര്‍മ്മിക്കുന്നു! അതെങ്ങനെയോ ആവട്ടെ, അച്ഛന്റെ മണം പെട്ടെന്നൊരുദിവസം എങ്ങനെ തനിക്കുകിട്ടി! തന്റെ മണം എങ്ങനെയാണ് തനിക്ക് നഷ്ടപ്പെട്ടത്! എന്താണ് ഈശ്വരാ സംഭവിക്കുന്നത്!' എന്നുതുടങ്ങിയ ചിന്തകളാല്‍ അസ്വസ്ഥനായ അയാള്‍ക്ക് തന്റെ ഭക്ഷണം മുഴുമിപ്പിക്കാന്‍ സാധിച്ചില്ല.
"മുത്തശ്ശാ, ഞാന്‍ ഇന്ന് മുത്തശ്ശന്റെ വീട്ടിലേക്ക് വരട്ടേ?" അപ്പു ചോദിച്ചപ്പോള്‍ അയാള്‍ രഘുവിനെയും ദീപ്തിയെയും ചോദ്യഭാവത്തില്‍ നോക്കി. "അങ്ങനെയാണെങ്കില്‍ ഞാനും വരാം അച്ഛാ, രാത്രിയായാല്‍ അവന്‍ മഹാവികൃതിയാ" എന്ന് ദീപ്തി പറഞ്ഞപ്പോള്‍ രഘു വിലക്കി. "നീ ഇന്നുപോയാല്‍ ശരിയാവില്ല, നാളെ പുലര്‍ച്ചെ എന്നെ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യാനുള്ളതല്ലേ!"
ഒടുവില്‍ കൊച്ചുമകനെ തന്നോടൊപ്പം ഒറ്റയ്ക്ക് അയക്കാം എന്ന തീരുമാനത്തില്‍ എത്തിയപ്പോള്‍ സന്തോഷംകൊണ്ട് അവന്‍ തുള്ളിച്ചാടി.
"യേ, യേ, ഇന്ന് മുത്തശ്ശന്റെകൂടെ! ബൈ അച്ഛാ, ബൈ മമ്മീ!!!"

 ***************************
  
രണ്ടാള്‍ക്ക് ചപ്പാത്തിയും കറിയും ഉണ്ടാക്കിവെക്കാന്‍ വേലക്കാരിയോട് വിളിച്ചുപറഞ്ഞതുകൊണ്ട് ഫ്രിഡ്ജില്‍നിന്ന് പഴയഭക്ഷണം ചൂടാക്കിക്കഴിക്കണ്ടല്ലോ എന്ന ആശ്വാസത്തില്‍ അപ്പുവിനൊപ്പം കളിക്കുന്നതിനിടയിലും 'അച്ഛന്റെ ഗന്ധം' അയാളെ അലട്ടുന്നുണ്ടായിരുന്നു. നന്നായി സോപ്പുതേച്ച് കുളിച്ചിട്ടും മാറാത്ത ഇങ്ങനെയൊരു ഗന്ധം!
"സമയം ഏഴരയായി! അപ്പൂന് കുളിച്ച് മാമുണ്ട് ഉറങ്ങണ്ടേ?" അയാള്‍ ചോദിച്ചു.
"കുറച്ചുനേരം കൂടി കളിക്കാം മുത്തശ്ശാ, വീട്ടില്‍ ചെന്നാല്‍ അപ്പൂന് കളിക്കാന്‍ കൂട്ടിന് ആരും ഇല്ല!".
ഒരേയൊരു കുഞ്ഞ് മതി എന്ന രഘുവിന്റെയും ദീപ്തിയുടെയും തീരുമാനത്തിനെ താന്‍ എതിര്‍ത്തത് ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയകാര്യം അയാള്‍ ഓര്‍ത്തു. 'ഇക്കാലത്ത് രണ്ടാളുടെ വരുമാനം കൊണ്ടുപോലും കഴിഞ്ഞുകൂടാന്‍ പറ്റാത്ത അവസ്ഥയാണ്, അപ്പോഴാ രണ്ടുകുട്ടികള്‍കൂടി!' എന്ന് അവര്‍ ചൊടിച്ചപ്പോള്‍ അവരുടെ ഇന്നത്തെ നൂറിലൊന്ന് വരുമാനം പോലും ഇല്ലാതെ രണ്ടുകുട്ടികളെ പോറ്റിയ കഥ അയാള്‍ പറഞ്ഞില്ല.
"അയ്യോ, കറന്റ് പോയല്ലോ! അപ്പൂന് പേടിയാവുന്നു!"
കൊച്ചുമകനെ വാരിയെടുത്ത് 'പേടിക്കണ്ട അപ്പൂ' എന്നുപറഞ്ഞ് മെഴുകുതിരി തെരയാന്‍ അയാള്‍ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല. ഇതെന്താണ് പതിവില്ലാതെ ആള്‍ക്കാരെ കഷ്ടപ്പെടുത്താന്‍ ഒരു പവര്‍കട്ട് എന്ന് മനസ്സില്‍ പഴിച്ചുകൊണ്ട് അയാള്‍ സോഫയില്‍ ഇരുന്നു.
"അപ്പൂന് ഇരുട്ടത്ത്‌ ഇരിക്കാന്‍ പേടിയുണ്ടോ?"
"ഒറ്റയ്ക്കാണെങ്കില്‍ പേടിയാ, പക്ഷേ മുത്തശ്ശന്‍ ഉള്ളതോണ്ട്‌ പേടി ഇല്ല" എന്ന് പറഞ്ഞുകൊണ്ട് അപ്പു അയാളുടെ മടിയില്‍ തലവെച്ചുകിടന്നു.
"മുത്തശ്ശന്‍ ഏതുസോപ്പ് തേച്ചാ കുളിക്കാറേ?"
"പിയേഴ്സ് സോപ്പ്, എന്താ അപ്പൂ, അപ്പൂനും വേണോ പിയേഴ്സ് സോപ്പ്?"
"അതല്ല, മുത്തശ്ശന്റെ മണം എന്തുരസാ! അച്ഛന്റെ മണം ഇത്രേം രസമില്ല."
തന്റെ അച്ഛന്റെ ഗന്ധം ഒരിക്കല്‍പ്പോലും ശ്രദ്ധിച്ചതായി ഓര്‍ക്കുന്നില്ലല്ലോ എന്നതില്‍ അയാള്‍ക്ക് വളരെയേറെ ദുഃഖം തോന്നി. അച്ഛനും ഒരുനാള്‍ പെട്ടെന്ന് തന്റെ ഗന്ധം നഷ്ടപ്പെടുകയും മുത്തശ്ശന്റെ ഗന്ധം ലഭിക്കുകയും ചെയ്തിട്ടുണ്ടാവുമോ!
"മുത്തശ്ശാ, ഇരുട്ടത്ത്‌ മുത്തശ്ശന് എന്താ കാണണേ?"
"ഇരുട്ടത്ത്‌ എന്തുകാണാനാ അപ്പൂ, ഇരുട്ടത്ത്‌ ഇരുട്ടുതന്നെ!"
"അതല്ല, ഈ ബ്ലാക്ക്‌ കളറിന്റെ ഇടയില്‍ എനിക്ക് ഓരോരോ ഫ്ലവേഴ്സ് കാണാലോ! യെല്ലോ, ബ്ലൂ, വൈറ്റ് അങ്ങനെ പലപല കളര്‍ പൂക്കള്‍"
"അപ്പു പറഞ്ഞപ്പോ മുത്തശ്ശനും അങ്ങനെ പൂക്കള്‍ കാണുന്നുണ്ട് എന്ന് തോന്നുന്നു"
"മുത്തശ്ശാ, ഒരു കഥ പറഞ്ഞുതരൂ!"
"കഥയോ? എന്തുകഥയാ വേണ്ടേ അപ്പൂന്?"
"എന്തെങ്കിലും കഥ"
"പറഞ്ഞുതരാം, ഒരിടത്തൊരിടത്ത്.. ഒരു പൂക്കച്ചവടക്കാരന്‍ ഉണ്ടായിരുന്നു, മൂന്നുചക്രമുള്ള ഒരു വണ്ടിയില്‍ നല്ല മണമുള്ള മഞ്ഞപ്പൂക്കളും വെള്ളപ്പൂക്കളും ഒക്കെ വില്‍ക്കുന്ന ഒരു പൂക്കച്ചവടക്കാരന്‍..."

Saturday, April 11, 2015

Norwegian Wood Movie Review

നോര്‍വീജിയന്‍ വുഡ് (Norwegian Wood a.k.a Noruwei no mori, 2010, Japanese)
Norwegian Wood a.k.a Noruwei no mori Poster

Haruki Murakamiയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി Tran Anh Hung സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രമാണ് നോര്‍വീജിയന്‍ വുഡ്. ബീറ്റില്‍സിന്റെ ഇതേ പേരിലുള്ള ഗാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പേര് നോവലിനും ചിത്രത്തിനും നല്‍കിയത്.
1960കളില്‍ ടോക്കിയോയില്‍ ജീവിക്കുന്ന Watanabe എന്ന പത്തൊമ്പതുകാരനിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. തന്റെ നല്ല സുഹൃത്തായിരുന്ന കിസുകിയുടെ മരണത്തിന് കുറച്ചുമാസങ്ങള്‍ക്ക് ശേഷം കിസുകിയുടെ girlfriend ആയിരുന്ന Naokoവിനെ കണ്ടുമുട്ടുന്നു. പരസ്പരം അടുക്കുന്ന ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുമ്പോള്‍ ഒരുനാള്‍ ഒരു പ്രത്യേകകാരണത്താല്‍ നഓകോ Watanabeയെ വിട്ടുപോകുന്നു. പിന്നീട് മിഡോരി എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന Watanabeയുടെ ജീവിതത്തിലേക്ക് വീണ്ടും നഓകോ കടന്നുവരുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. ആദ്യം കേള്‍ക്കുമ്പോള്‍ ഒരു സാധാരണ ത്രികോണപ്രണയകഥ ആണെന്ന് തോന്നുമെങ്കിലും അത്തരത്തിലുള്ള മറ്റുചിത്രങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒട്ടേറെ സവിശേഷതകള്‍ ഈ ചിത്രത്തിനുണ്ട്. ഓരോ മനുഷ്യനും ജീവിതത്തില്‍ പ്രണയവും ലൈംഗികതയും ആവശ്യമാണെന്നും, ഇവയുടെ കാര്യത്തില്‍ പലപ്പോഴും മനുഷ്യന്‍ ഏറെ സ്വാര്‍ത്ഥനാണെന്നും ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നു.
ദ സെന്റ്‌ ഓഫ് ഗ്രീന്‍ പപ്പായ എന്ന തന്റെ ആദ്യചിത്രത്തിലൂടെത്തന്നെ പല പുരസ്കാരങ്ങളും നേടി സ്വന്തം കഴിവുതെളിയിച്ച സംവിധായകന്‍ Tran Anh Hungന്റെ മറ്റൊരു മികച്ച ചിത്രംതന്നെയാണ് നോര്‍വീജിയന്‍ വുഡ്. നോവലിന്റെ ഒരു രത്നച്ചുരുക്കം മാത്രമായി സിനിമ ഒതുങ്ങിപ്പോയി എന്ന് പല നിരൂപകരും വിമര്‍ശിച്ചെങ്കിലും പ്രേക്ഷകന്റെ മനസ്സില്‍ ആഴത്തില്‍ പതിയുന്ന രീതിയിലുള്ള ഒരു ചിത്രം തന്നെയാണ് സംവിധായകന്‍ ഒരുക്കിയത്. പല രംഗങ്ങളിലും സംഭാഷണങ്ങളിലും ലൈംഗികതയുടെ അതിപ്രസരം കാണാന്‍ സാധിക്കുമെങ്കിലും ഒരിക്കല്‍പ്പോലും അരോചകമാകാത്തവിധം വളരെ സൂക്ഷ്മതയോടെ അത്തരം രംഗങ്ങളെ സംവിധായകന്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഇരുത്തം വന്ന, കയ്യടക്കമുള്ള ഒരു സംവിധായകന് മാത്രം സാധിക്കുന്ന ഒന്ന്. നായകന്‍റെ കാഴ്ചപ്പാടിലൂടെ ചിത്രം മുന്നോട്ടുപോകുന്നതിനാലോ അതോ എഴുത്തിന്റെ പ്രത്യേകതകൊണ്ടോ എന്നറിയില്ല, നായകന്‍ ഒഴിച്ച് ഒട്ടുമിക്ക കഥാപാത്രങ്ങളും ഒട്ടുംതന്നെ loveable ആയി തോന്നിയില്ല. എന്തൊക്കെയോ ദുഃഖങ്ങള്‍ കടിച്ചുപിടിച്ച് പുറമേ ചിരിച്ച് നടക്കുന്നവര്‍. എങ്കിലും എപ്പോഴും പുഞ്ചിരിക്കാതെ ഇടക്കൊക്കെ ഓരോ പൊട്ടിക്കരച്ചിലുകള്‍ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകനും ഒരുപോലെ ആശ്വാസമായി.
പ്രധാനവേഷങ്ങള്‍ ചെയ്ത Ken'ichi Matsuyama, Rinko Kikuchi, Kiko Mizuhara എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. Mark Lee Ping Binന്റെ ഫ്രെയിമുകള്‍ അത്യന്തം മിഴിവുള്ളവയായിരുന്നു. അതേപോലെ There Will Be Blood, Inherent Vice തുടങ്ങിയ ചിത്രങ്ങളുടെ സംഗീതസംവിധായകനായ Jonny Greenwoodന്റെയും Can എന്ന ബാന്‍ഡിന്റെയും ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു. ഇടക്ക് പശ്ചാത്തലത്തില്‍ കയറിവരുന്ന ബീറ്റില്‍സിന്റെ Norwegian Wood എന്ന ഗാനവും ആകര്‍ഷകമായി.
സാധാരണപ്രണയകഥകളില്‍ നിന്ന് വിട്ടുമാറി കുറേക്കൂടി ആഴത്തിലുള്ള വികാരനിര്‍ഭരമായ ഒരു ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ കാണാന്‍ ശ്രമിക്കുക. സിനിമ suggest ചെയ്ത Parvatiക്ക് നന്ദി

Wednesday, April 8, 2015

Pirivom Santhippom Movie Review

Pirivom Santhippom Movie Poster
പിരിവോം സന്ധിപ്പോം (Pirivom Santhippom, 2008, Tamil)
കറു പഴനിയപ്പന്റെ സംവിധാനത്തില്‍ സ്നേഹ, ചേരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് കുടുംബചിത്രമാണ് പിരിവോം സന്ധിപ്പോം. ജയറാം, എം.എസ്.ഭാസ്കര്‍, ദിവ്യദര്‍ശിനി, ലക്ഷ്മി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയിരിക്കുന്നു.
തന്റെ അച്ഛനമ്മമാരുടെ ഒറ്റമകളാണ് വിശാലാക്ഷി. വിവാഹപ്രായമായ വിശാലാക്ഷിയുടെ ആഗ്രഹപ്രകാരം അവരെ ഒരു വലിയ കൂട്ടുകുടുംബത്തിലെ അംഗമായ നടേശന് വിവാഹം ചെയ്തുകൊടുക്കുന്നു. കൂട്ടുകുടുംബത്തിലെ ഒരു അംഗമായി സന്തോഷപൂര്‍വ്വം ജീവിതം നയിച്ച വിശാലാക്ഷിയുടെ ആ സന്തോഷം പക്ഷേ താല്‍ക്കാലികമായിരുന്നു. ഏറെ ദൂരെയുള്ള മറ്റൊരു സ്ഥലത്തേക്ക് നടേശന് ട്രാന്‍സ്ഫര്‍ കിട്ടുന്നതോടെ നടേശനോടൊപ്പം അവിടേക്ക് താമസം മാറ്റുന്ന വിശാലാക്ഷിയുടെ ജീവിതം ഏകാന്തതമൂലം ദുസ്സഹമാകുന്നു. ആ പ്രശ്നം കൂടുതല്‍ വഷളാവുന്നതും പിന്നീടുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
വളരെ sensitive ആയ ഒരു വിഷയം അത്യന്തം മനോഹരമായിത്തന്നെ സംവിധായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രേക്ഷകരെ വളരെയേറെ രസിപ്പിച്ചുകൊണ്ടുള്ള ഒരു ഒന്നാം പകുതിയും പ്രേക്ഷകരെ ആശങ്കയില്‍ ആഴ്ത്തുന്ന രണ്ടാം പകുതിയും കയ്യടക്കത്തോടെ execute ചെയ്യാന്‍ സാധിച്ചത് നല്ലൊരു നേട്ടംതന്നെയാണ്. അവസാനത്തെ കുറച്ചുരംഗങ്ങള്‍ സിനിമ പെട്ടെന്ന് തീര്‍ക്കാന്‍ വേണ്ടി ചെയ്തതുപോലെ തോന്നാമെങ്കിലും മോശമല്ലാത്ത ഒരു ending ചിത്രത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.
സ്നേഹയുടെ അഭിനയജീവിതത്തിലെതന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഈ ചിത്രത്തിലെ വിശാലാക്ഷി. വളരെ സങ്കീര്‍ണ്ണമായ ഈ കഥാപാത്രത്തെ തീര്‍ത്തും convincing ആയി സ്നേഹയ്ക്ക് അവതരിപ്പിക്കാന്‍ സാധിച്ചു. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡ് അടക്കം ഏറെ പുരസ്കാരങ്ങള്‍ ഈ വേഷത്തിന് സ്നേഹക്ക് ലഭിക്കുകയുണ്ടായി. നടേശന്‍ എന്ന കഥാപാത്രത്തെ തന്റെ സ്വതസിദ്ധമായ ഭാവങ്ങളിലൂടെ ചേരനും ഭംഗിയാക്കി. ഡോക്ടറുടെ വേഷത്തില്‍ വന്ന ജയറാം നല്ല പ്രകടനമായിരുന്നു കാഴ്ചവെച്ചത്. നടേശന്റെ ചെറിയച്ഛന്റെ വേഷത്തില്‍ വന്ന എം.എസ്.ഭാസ്കര്‍ തന്റെ സ്ഥിരം കോമഡിവേഷങ്ങളില്‍ നിന്ന് കുറച്ച് വിട്ടുമാറിക്കൊണ്ടുള്ള നല്ലൊരു വേഷം ചെയ്തു. മറ്റെല്ലാ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ നന്നാക്കി.
വിദ്യാസാഗറിന്റെ മികച്ച ചില ഗാനങ്ങളും ഈ ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. മറ്റ് ക്രൂ മെമ്പര്‍മാരും തങ്ങളുടെ മേഖലകള്‍ ഭംഗിയാക്കി. കുടുംബത്തോടൊപ്പം കാണാവുന്ന നല്ലൊരു ചിത്രംതന്നെയാണ് പിരിവോം സന്ധിപ്പോം. പ്രേക്ഷകനെ entertain ചെയ്യിക്കുന്നതിനൊപ്പംതന്നെ നല്ല ചില ചിന്തകളും സന്ദേശങ്ങളും നല്‍കുന്ന ഒന്ന്. കാണാന്‍ ശ്രമിക്കുക.

Tuesday, April 7, 2015

Parasyte Part One Movie Review

പാരസൈറ്റ്: പാര്‍ട്ട്‌ 1 (Parasyte: Part 1, 2014, Japanese)

Parasyte Part One Movie Poster

ഹിതോഷി ഇവാക്കിയുടെ ഇതേ പേരിലുള്ള Mangaയെ ബേസ് ചെയ്ത് ജാപ്പനീസ് സംവിധായകന്‍ തകാഷി യമസാക്കി ഒരുക്കിയ ദ്വിചിത്രപരമ്പരയിലെ ആദ്യ ചിത്രമാണ് പാരസൈറ്റ് പാര്‍ട്ട്‌ 1. Shota Sometani, Ai Hashimoto, Eri Fukatsu തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കാഴ്ചയില്‍ തേളിനെപ്പോലെ തോന്നിക്കുന്ന ഇഴജന്തുക്കളായ ഒരുപറ്റം അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് വരുന്നു, അവര്‍ ചില മനുഷ്യരുടെ ചെവിയിലൂടെയും മൂക്കിലൂടെയും മറ്റും ശരീരത്തിനുള്ളിലേക്ക് കടന്ന് തലച്ചോറിന്റെ നിയന്ത്രണം കൈക്കലാക്കുന്നു. മറ്റുഭക്ഷണങ്ങള്‍ അവ്യക്തമായ എന്തോ കാരണത്താല്‍ കഴിക്കാന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ മറ്റുമനുഷ്യരെത്തന്നെയാണ് ഭക്ഷണമാക്കുന്നത്. ഇങ്ങനെ വന്ന അന്യഗ്രഹജീവികളില്‍ ഒന്ന് teenager ആയ നായകന്‍ ഉറങ്ങുമ്പോള്‍ ചെവിയിലൂടെ അയാളുടെ ബ്രെയിനില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നു. ഇയര്‍ഫോണ്‍ വെച്ചിരിക്കുന്നതിനാല്‍ ചെവിയിലേക്ക് കടക്കാന്‍ സാധിക്കാത്ത അന്യഗ്രഹജീവി മൂക്കില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ നായകന്‍ ഉണരുകയും അതിനെ തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നു. ആ വെപ്രാളത്തില്‍ ജീവി നായകന്‍റെ വലതുകയ്യില്‍ കയറുന്നു. പിന്നീട് ബ്രെയിനില്‍ എത്താന്‍ സാധിക്കാത്തതുമൂലം അത് കയ്യില്‍ത്തന്നെ കൂടുന്നു, തലച്ചോറ് ആ ജീവി കയ്യടക്കാത്തതുകാരണം നായകന് ബുദ്ധിയും ബോധവും എല്ലാം ഉണ്ട്, പക്ഷേ വലത്തേകയ്യില്‍ ഈ ജീവിയും ഉണ്ട്. പോസ്റ്ററില്‍ കാണുന്നപോലെയും, മറ്റുപലരൂപങ്ങളിലും ഒക്കെ മാറാന്‍ അതിന് കഴിയും. അതിന് തോന്നുമ്പോള്‍ തോന്നുന്നതുപോലെ അത് പെരുമാറും. ഈ ജീവികള്‍ ഭൂമിയില്‍ വന്നത് ഇവിടം കയ്യടക്കാനും അധീനതയില്‍ ആക്കാനും ആണെന്നും, നഗരത്തിലെ അടുത്തിടെ നടന്ന കൊലപാതകങ്ങള്‍ക്കുകാരണം ഇവയാനെന്നും മനസ്സിലായ നായകന്‍ ഇവര്‍ക്കെതിരെ പോരാടാന്‍ ഇറങ്ങുന്നു, അപ്പോഴേക്കും നായകന്‍റെ സുഹൃത്തായ നല്ലമനസ്സുള്ള അന്യഗ്രഹജീവിയും നായകനെ കുറെയൊക്കെ സപ്പോര്‍ട്ട് ചെയ്യുന്നു... അങ്ങനെ കുറേ ഫൈറ്റും മറ്റും കഴിഞ്ഞ് ഒടുവില്‍ ഒന്നുരണ്ട് മെയിന്‍ അന്യഗ്രഹവില്ലന്മാരെ കൊന്നശേഷം നായകന്‍ താന്‍ രക്ഷിച്ച നായിക അഡ്മിറ്റ്‌ ആയ ആശുപത്രിമുറിയില്‍ നിന്ന് വിദൂരതയിലേക്ക് നോക്കുമ്പോള്‍ 'തുടരും' എന്ന് പറഞ്ഞുകൊണ്ട് ആദ്യഭാഗം അവസാനിക്കുന്നു!
സിനിമ വലിയ രസം ഒന്നുമില്ലെങ്കിലും ഈ ചിത്രത്തില്‍ അന്യഗ്രഹജീവികള്‍ ഉന്നയിക്കുന്ന ചില ന്യായങ്ങള്‍ ഉണ്ട്, അവ ശരിയല്ലേ എന്ന് നമുക്ക് തോന്നിപ്പോകും. ഉദാഹരണത്തിന് 'മനുഷ്യരെ ഭക്ഷിക്കുകയും, അവരുടെ തലച്ചോറിനെ നിയന്ത്രിക്കുകയും ചെയ്യുന്നത് തെറ്റാണെന്ന്' നായകന്‍ പറയുമ്പോള്‍ 'എല്ലാവര്‍ക്കും തങ്ങളുടെ നിലനില്‍പ്പാണ് വലുത്, തങ്ങളുടെ നിലനില്‍പ്പിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഓരോ ജീവജാലവും, അത്രതന്നെയേ ഞങ്ങളും ചെയ്യുന്നുള്ളൂ' എന്ന് അന്യഗ്രഹജീവി പറയുന്നുണ്ട്. ഇത്തരം ചില ചിന്തകള്‍ ഉണര്‍ത്തുന്നുണ്ട് എന്നതൊഴിച്ചാല്‍ വല്യ ഗുണം ഒന്നുമില്ലാത്ത ഒരു ചിത്രമാണ് പാരസൈറ്റ്. അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും മറ്റും തങ്ങളുടെ ജോലി മോശമാക്കാതെ ചെയ്തെങ്കിലും അത്ര ശക്തമായ നിമിഷങ്ങള്‍ ഒന്നും ചിത്രത്തിലില്ല. സിനിമ കഴിഞ്ഞശേഷം രണ്ടാം ഭാഗത്തിന്റെ ടീസര്‍ കാണിച്ചിരുന്നു, അത് ചിലപ്പോള്‍ ഇതിലേറെ നന്നായിരിക്കും എന്ന് തോന്നുന്നു. ടോറന്റില്‍ വരുമ്പോള്‍ വേണമെങ്കില്‍ കാണാം.