Wednesday, April 15, 2015

സൗദാമിനി - ചില നിരീക്ഷണങ്ങള്‍

Soudamini Movie Poster
ആദ്യമേ പറയാം ഇതൊരു ട്രോള്‍ പോസ്റ്റ്‌ അല്ല.. മുന്‍പ് പലപ്പോഴും കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഈ ചിത്രം കാണാന്‍ സാധിച്ചിരുന്നില്ല. ഡൌണ്‍ലോഡ് ചെയ്തുവെച്ചിരുന്നെങ്കിലും കളക്ഷനില്‍ ഉള്ള ഒരുപാട് സിനിമകളില്‍ ഒന്നായി അത് അവിടെ കിടന്നു. ഇന്ന് ഒരു ഫേസ്ബുക്ക്‌ ഗ്രൂപ്പിലെ ഒരു പോസ്റ്റില്‍ ഈ ചിത്രം അസ്സല്‍ കള്‍ട്ട് ആണെന്നും മറ്റും കണ്ടപ്പോള്‍ ഒന്ന് കാണണം എന്ന് തോന്നി, കണ്ടു.. കണ്ടപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ പങ്കുവെക്കുന്നു.
എല്ലാവരും പറഞ്ഞപോലെ അത്രയ്ക്ക് മോശം സിനിമ ആയി എനിക്ക് തോന്നിയില്ല ഈ ചിത്രം.. അത്യാവശ്യം ക്രീപ്പി ആയ ഒരു മൂഡില്‍ ചിത്രത്തെ കൊണ്ടുപോകാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.. പ്രധാന പോരായ്മ കാസ്റ്റിങ്ങില്‍ ആയിരുന്നു, കുളപ്പുള്ളി ലീല, കലാമണ്ഡലം കേശവന്‍ നായര്, കലാഭവന്‍ സന്തോഷ്‌ പിന്നെ ഒന്നുരണ്ടു സഹനടന്മാരും നടികളും ഒഴിച്ച്, പ്രധാനവേഷത്തില്‍ വന്ന ആളുകള്‍ കുളമാക്കിയപോലെയാണ് തോന്നിയത്.. സൗദാമിനി അടക്കം നാല് നായികമാരും, മൂന്നുനായകന്മാരും അത്യാവശ്യം നന്നായി വെറുപ്പിച്ചു. പിന്നെ സ്പെഷ്യല്‍ എഫക്ട്സ് ഒന്നും അങ്ങോട്ട്‌ ഏശിയില്ല, വളരെ amateur ആയ രീതിയിലാണ് അതൊക്കെ ചെയ്തിരിക്കുന്നത്.
ഈ ചിത്രത്തിലെ അധികം പേര്‍ ശ്രദ്ധിക്കാത്ത ഒരു കാര്യം എന്താണെന്നുവെച്ചാല്‍, ഇതിന്റെ ഗാനരചന പി.ഭാസ്കരനും സംഗീതം ജെറി അമല്‍ദേവും ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇവര്‍ രണ്ടുപേരും തങ്ങളുടെ മേഖലകളില്‍നിന്ന് ഏകദേശം വിരമിച്ചതിന് ശേഷമാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഇത് മറ്റൊരു സാധ്യതയ്ക്ക് വഴിതെളിക്കുന്നു, ഒരുപക്ഷേ കുറേക്കാലം മുന്‍പേ എഴുതിയ തിരക്കഥ, അന്ന് സിനിമ തുടങ്ങാനായി ഗാനങ്ങള്‍ കമ്പോസ് ചെയ്യുകയും, പിന്നീട് പണം ഇല്ലാത്തതിനാല്‍ സിനിമ shelve ചെയ്യുകയും ചെയ്തിരിക്കാം. പിന്നീട് കുറേക്കൂടി കഴിഞ്ഞ് എന്തായാലും ഉള്ള പണം വെച്ച് ചെയ്യാം എന്നുകരുതി സീരിയല്‍ നടന്മാരെയൊക്കെ വെച്ച് ഒരുക്കിയത് ആവാം.
വി.പി. ഭാനുമതി രചിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പാലക്കാട്‌-തൃശ്ശൂര്‍ റൂട്ടില്‍ ഓടുന്ന കുറേ ബസ്സുകളുടെ ഉടമയായ എസ്.സുന്ദരരാജനാണ്. പി.ഗോപികുമാര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ അത്യാവശ്യം നല്ല ഒന്നായിട്ടാണ് തോന്നിയത്. സംഭാഷണങ്ങള്‍ ആയാലും അത്യാവശ്യം നാച്ചുറല്‍ ആയിരുന്നു. ഹൊറര്‍ രംഗങ്ങളില്‍ മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത തരത്തിലുള്ള ചില ഐറ്റംസൊക്കെ കാണാം.. ഒരു creature കുട്ടി ഉണ്ടാവുന്നതും, ജഗദീഷ് സൈക്കിളില്‍ കയറ്റി ഇരുത്തിയ കുട്ടി സൈക്കിള്‍ യാത്രയ്ക്കിടയില്‍ വളരുന്നതും മറ്റും പ്രേക്ഷകമനസ്സില്‍ അസ്വസ്ഥത ഉണര്‍ത്തുന്നവിധത്തിലുള്ള നല്ല ആശയങ്ങള്‍ ആയിരുന്നു, മികച്ച technitians ഇല്ലാത്തതിനാല്‍ വേണ്ടത്ര ഏശിയില്ല. പിന്നെ വളരെ ഷോക്കിംഗ് ആയ ഒരു കാര്യം, സാധാരണ ഇങ്ങനെ വരുന്ന ചിത്രങ്ങളില്‍ ഒരവസരവും പാഴാക്കാതെ നായികമാരുടെയോ സഹനടിമാരുടെയോ മേനിപ്രദര്‍ശനം ഉണ്ടാകാറുണ്ട്. എന്നാല്‍ അങ്ങനെ ഒരു രംഗം പോലും ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചില്ല എന്നത് എന്നെ അമ്പരപ്പിച്ചു. തിരക്കഥയില്‍ കാലാനുസൃതമായ കുറച്ച് മാറ്റങ്ങളൊക്കെ വരുത്തി ഒന്നൂടെ പോളിഷ് ചെയ്തെടുത്ത് കുറച്ചൂടെ നല്ല നടീനടന്മാരെ തെരഞ്ഞെടുത്ത് നല്ല technitiansനെയും വരുത്തി നന്നായി ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ മലയാളത്തിലെ നല്ല ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാകുമായിരുന്നെനേ ഇതും..

1 comment:

  1. ഇന്നിറങ്ങുന്ന മലയാള പടങ്ങളേക്കാൾ എത്രയോ ഭേദമാണ് ഈ പടം എനിക്ക് ഇഷ്ടപ്പെട്ടു

    ReplyDelete