മൂന്നുചക്രമുള്ള ഒരു ഉന്തുവണ്ടിയില്‍ മഞ്ഞയും വെള്ളയും
നിറങ്ങളിലുള്ള പേരറിയാത്ത ചില പൂവുകള്‍ വില്‍ക്കുന്ന ഒരു പൂക്കച്ചവടക്കാരനെ
സ്വപ്നം കണ്ട് ഉറങ്ങുകയായിരുന്നു അയാള്‍. "പൂ വേണോ, പൂ,
നല്ല വാസനപ്പൂ!" എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് പൂ വിറ്റിരുന്ന അയാളുടെ
മൂക്കിനുതാഴത്തെ വണ്ടിനെപ്പോലുള്ള മീശയ്ക്കുചുറ്റും ഒരു ഈച്ച വട്ടമിട്ട്
പറക്കുന്നുണ്ടായിരുന്നു. ആ ഈച്ച പൂക്കച്ചവടക്കാരന്റെ മീശ മണമുള്ള മറ്റൊരു
പൂവാണെന്നുകരുതി അതിനുചുറ്റും പറക്കുകയാവാം എന്ന് സ്വപ്നത്തില്‍ അയാള്‍
ചിന്തിച്ചു. അതോ ആ മീശ ശരിക്കും ഒരു പൂവുതന്നെയാണോ! അതറിയാനായി പൂക്കാരന്റെ
അടുത്തേയ്ക്ക് ചെല്ലാനൊരുങ്ങുമ്പോഴാണ് പൂക്കാരന്‍ 'പൂവേണോ പൂ'
എന്ന വായ്ത്താരിയ്ക്കൊപ്പം പോക്കറ്റില്‍നിന്ന് ഒരു മണിയെടുത്ത് 'ണിം, ണിം, ണിം' എന്ന് ശബ്ദമുണ്ടാക്കാന്‍ തുടങ്ങിയത്. 'ണിം, ണിം, ണിം, ണിം' താളത്തിനൊത്ത് പൂക്കളും പൂക്കാരനും മെല്ലെമെല്ലെ
നൃത്തംവെച്ച് നീങ്ങിക്കൊണ്ടിരുന്നു.
'ണിം, ണിം, ണിം, ണിം...' മണിയൊച്ച നേര്‍ത്തുനേര്‍ത്തു വരുന്നു.
"സാര്‍, വാതില്‍
തുറക്കൂ" എന്ന സ്ത്രീശബ്ദമാണ് ഇപ്പോള്‍ മണിയൊച്ചയ്ക്കുപകരം. എവിടെനിന്നാണ്
ഇങ്ങനെയൊരു ശബ്ദം എന്നയാള്‍ ചിന്തിക്കുമ്പോള്‍ സ്വപ്നത്തില്‍ കണ്ടതുപോലെയുള്ള ഒരു
ഈച്ച അയാളുടെ മൂക്കിന്‍തുമ്പത്ത് വന്നിരിക്കുകയും അയാളുടെ സ്വപ്നത്തെ ഭംഗിക്കുകയും
ചെയ്തു.
"സാര്‍, വാതില്‍
തുറക്കൂ"
മെല്ലെ എഴുന്നേറ്റ് ഉടുത്തിരിക്കുന്ന കാവിമുണ്ട് ശരിയാക്കി
മുഖം തുടച്ചുകൊണ്ട് അയാള്‍ ഫ്ലാറ്റിന്റെ മുന്‍വാതില്‍ തുറന്നുകൊടുത്തു.
"ഞാന്‍ എത്രനേരമായി കോളിംഗ് ബെല്‍ അടിക്കുന്നു, നല്ല ഉറക്കമായിരുന്നു അല്ലേ! ഇങ്ങനെ
പോത്തുപോലെ കിടന്നുറങ്ങിയാല്‍ വല്ല കള്ളന്മാര്‍ കേറിയാല്‍പ്പോലും അറിയില്ല!"
വെറുമൊരു വേലക്കാരിയായ ഇവള്‍ക്ക് ഇങ്ങനെ തന്നോട്
സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത് എന്നോര്‍ത്ത് ഉള്ളില്‍ അരിശം
തോന്നിയെങ്കിലും പുറമേ ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു, "ഇന്നെനിക്ക് കട്ടന്‍കാപ്പി
മതി. പാല് ഉറയൊഴിക്കാന്‍ വെച്ചോളൂ. ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കണ്ട, വീടൊന്ന് അടിച്ചുവാരിയിട്ട്
പൊയ്ക്കോളൂ"
'അമ്മകാച്ചിയിരുന്ന
എണ്ണയുടെ അതേ ഗുണം' എന്ന വിശേഷണവുമായി
വിപണിയിലെത്തിയ എണ്ണ ദേഹത്തുതേയ്ച്ച് അയാള്‍ കുളിമുറിയില്‍ കയറി. ഷവറിനുകീഴെ നില്‍ക്കുമ്പോള്‍
അയാള്‍ സ്വപ്നത്തില്‍ കണ്ട പൂക്കളെപ്പറ്റി ഓര്‍ത്തു. 'കുട്ടിക്കാലത്ത് ഇരുളില്‍
കാണാരുണ്ടായിരുന്ന അതേ പൂക്കളായിരുന്നോ ഇന്ന് സ്വപ്നത്തില്‍ കണ്ടവ!' തൊടാനോ മണക്കാനോ പറ്റാത്തതരത്തിലുള്ള, അവ്യക്തമായ വിവിധവര്‍ണ്ണങ്ങളിലുള്ള
പൂക്കള്‍ ഇരുട്ടത്ത് കാണുന്നു എന്ന കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ ചിരിക്കുക
മാത്രമേ ചെയ്തുള്ളൂ. പിന്നീട് വളര്‍ച്ചയുടെ ഏതോഘട്ടത്തില്‍ ആ പൂക്കളേ സൗകര്യപൂര്‍വ്വം
മറന്നുകളഞ്ഞു. അതോ ആ പൂക്കള്‍ മറ്റാരെയൊക്കെയോ തേടി പോയതാവുമോ!
തലതുവര്‍ത്തി കണ്ണില്‍ എന്നും ഇറ്റിക്കാറുള്ള തുള്ളിമരുന്ന്
ഇറ്റിച്ചശേഷം മധുരമില്ലാത്ത കട്ടന്‍കാപ്പി കുടിക്കുമ്പോഴാണ് അയാള്‍ക്ക് അപരിചിതമായ
ഒരു ഗന്ധം അനുഭവപ്പെട്ടത്. ദുര്‍ഗന്ധമല്ല,
പക്ഷേ ഈ ഫ്ലാറ്റില്‍ സാധാരണ ഇല്ലാത്ത ഒരു ഗന്ധം. അയാള്‍ ചുറ്റുപാടും നോക്കി, അസ്വാഭാവികമായി ഒന്നുംതന്നെയില്ല.
സാധാരണദിവസങ്ങളില്‍ വേലക്കാരി വന്നുപോയാല്‍ കുറച്ചുനേരം ഫ്ലാറ്റില്‍ തങ്ങിനില്‍ക്കുന്ന
വിലകുറഞ്ഞ മുല്ലപ്പൂ പൗഡറിന്റെ മണമല്ല,
മറ്റെന്തോ തരത്തിലുള്ള ഒരു ഗന്ധം.
കാപ്പിക്കപ്പ് താഴെവെച്ച് ആ ഗന്ധത്തിന്റെ ഉറവിടം അറിയാനായി
ഫ്ലാറ്റിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന അയാളെ ആ ഗന്ധം
പിന്തുടരുന്നുണ്ടായിരുന്നു. കിടപ്പുമുറിയില്‍ ചെന്ന് സ്വന്തം കിടക്ക
മണത്തുനോക്കിയപ്പോള്‍ അതില്‍നിന്നും അതേ ഗന്ധം പുറപ്പെടുന്നതായി മനസ്സിലാക്കിയ
അയാള്‍ തെല്ലൊരു സംശയത്തോടെ സ്വന്തം ശരീരം മണത്തുനോക്കി. അതെ, തന്നില്‍നിന്നുതന്നെയാണ് ആ ഗന്ധം
പുറപ്പെടുന്നത്! താന്‍ കിടന്നിരുന്ന കിടക്കയിലും, രാത്രി ധരിച്ച വസ്ത്രങ്ങളിലും അതേ ഗന്ധം!
'പക്ഷേ തന്റെ
ദേഹത്തിന്റെ ഗന്ധം തനിക്ക് അറിയാവുന്നതാണല്ലോ! പെട്ടെന്നൊരു ദിവസം അതെങ്ങനെ
വേറൊന്നായി! ഇത്രയും കാലം സ്വന്തം എന്നുകരുതിയ ആ ഗന്ധം പോയി മറ്റൊരു ഗന്ധം ആവുകയോ!' ഇതെങ്ങനെ സംഭവിച്ചു എന്ന്
ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്റെ നെഞ്ചില്‍ തലചായ്ച്ചുകൊണ്ട് 'ഈ മണം എനിക്ക് ഒത്തിരി ഇഷ്ടമാ' എന്ന് പറഞ്ഞിരുന്ന ഭാര്യയെ അയാള്‍ ഓര്‍ത്തു.
രണ്ടുതുള്ളി കണ്ണുനീര്‍ അയാളുടെ ചുളിവുകള്‍ വീണുതുടങ്ങിയ കവിളിലേക്ക്
ഒലിച്ചിറങ്ങി. തന്നെ ഉപേക്ഷിച്ച് പതിഞ്ഞമൂക്കും ചെറിയ കണ്ണുകളുമുള്ള ജപ്പാന്‍കാരന്‍
ബിസിനസ് പങ്കാളിയുടെകൂടെ പോകുമ്പോള്‍ എന്താണവള്‍ പറഞ്ഞത്, 'നിങ്ങള്‍ എന്നെ ഒരിക്കലും
മനസ്സിലാക്കിയിരുന്നില്ല' എന്നോ!
എത്രയോ രാത്രികളില്‍ തന്റെ നെഞ്ചില്‍ തലവെച്ചുകൊണ്ട് മൂളിപ്പാട്ടുപാടി
കിടന്നിരുന്ന, മധുരപ്രിയനായിരുന്ന
തന്റെ കാപ്പിയില്‍ മധുരം കുറഞ്ഞുപോയെന്നറിഞ്ഞ് ഒരിക്കല്‍ ചെറിയമ്മയോട്
വഴക്കുണ്ടാക്കിയ, തന്റെ
ബിസിനസ്സിന്റെ ആദ്യകാലങ്ങളില്‍ നഷ്ടങ്ങള്‍ വന്നപ്പോള്‍ അയല്‍ക്കാരുടെ ചില്ലറ
തയ്യല്‍പ്പണികള്‍ ഏറ്റെടുത്തും അമ്മയും മുത്തശ്ശിയും സ്നേഹപൂര്‍വ്വം നല്‍കിയ പഴയ
ആഭരണങ്ങള്‍ 'ഇതൊക്കെ
ഇപ്പൊ എവിടേക്ക് ഇടാനാ' എന്നും
പറഞ്ഞ് കയ്യില്‍ വെച്ചുതന്നും തന്നാലായവിധം സഹായിച്ച, തിളങ്ങുന്ന വിടര്‍ന്നകണ്ണുകളോടെയുള്ള ആ
മെലിഞ്ഞ പെണ്‍കുട്ടി, തന്റെ
രണ്ടുമക്കളെ പ്രസവിച്ചവള്‍! അവള്‍ക്കും വേണ്ടപോലെ സ്നേഹം നല്‍കാന്‍ തനിക്ക്
സാധിച്ചിരുന്നില്ലേ! ഇല്ലായിരുന്നെങ്കില്‍, തന്റെ
സ്നേഹം കിട്ടിയില്ലായിരുന്നെങ്കില്‍ എന്തിനാണ് അവള്‍ തനിക്കുവേണ്ടി ഹിന്ദി
പ്രണയഗാനങ്ങള്‍ പാടിയിരുന്നത്! തങ്ങളുടെ രണ്ടാം വിവാഹവാര്‍ഷികത്തിന് മൃഗശാല
കാണിക്കാന്‍ കൊണ്ടുപോയപ്പോള്‍ അവള്‍ മൂളിയ പാട്ട് ഏതായിരുന്നു, 'പല്‍ പല്‍ ദില്‍ കേ പാസ്...' അതോ 'സാഗര്‍ കിനാരേ..'യോ! ഓര്‍മ്മകള്‍
ക്ഷയിച്ചുതുടങ്ങിയിരിക്കുന്നു. പല ഓര്‍മ്മകളും ഇല്ലാതാവുകയും, മാഞ്ഞുപോയ ഓര്‍മ്മകളെക്കുറിച്ചുള്ള
അവ്യക്തമായ ഓര്‍മ്മകള്‍ അവശേഷിക്കുകയും ചെയ്യുന്നു.. മെല്ലെമെല്ലെ അവയും ഇല്ലാതാവുകയും, ശൂന്യത വ്യാപിക്കുകയും
ചെയ്യുമായിരിക്കും. ഒരു മനുഷ്യായുസ്സില്‍ എന്തൊക്കെ അനുഭവിക്കണം!
മൊബൈല്‍ ഫോണിന്റെ തുടരെയുള്ള റിംഗ് അയാളെ ചിന്തയില്‍നിന്നുണര്‍ത്തി.
ഇളയമകന്‍ രഘുവാണ്, കഴിഞ്ഞയാഴ്ച
കൊച്ചുമകന്റെ പിറന്നാളിന് ചെല്ലാന്‍ സാധിക്കാത്തകാരണം ഇന്ന് ഉച്ചയൂണ് എല്ലാവര്‍ക്കുംകൂടി
പുറത്തുനിന്നാവാം എന്ന് പറഞ്ഞിരുന്നു. ഫോണില്‍ മകനോട് പന്ത്രണ്ടുമണിയ്ക്ക്
റെസ്റ്റോറന്റിലേക്ക് എത്തിക്കോളാം എന്ന്
ഉറപ്പുനല്‍കിയശേഷം അയാള്‍ പുറപ്പെടാന്‍ ഒരുങ്ങി. നേരത്തെ അനുഭവപ്പെട്ട ഗന്ധം
അപ്പോഴും അയാളെ അലട്ടുന്നുണ്ടായിരുന്നു. അസ്വസ്ഥനായ അയാള്‍ വീട്ടില്‍ ഉണ്ടായിരുന്ന
പെര്‍ഫ്യൂമിന്റെ സഹായത്തോടെ ഈ ഗന്ധം അകറ്റാന്‍ സാധിക്കും എന്ന് കരുതിയെങ്കിലും
പെര്‍ഫ്യൂം കഴിഞ്ഞിരിക്കുന്നതായി കണ്ടു. തെല്ലൊരമര്‍ഷത്തോടെ തന്റെ കയ്യുള്ള
ബനിയനുമേലെ ഇളംനീല ഷര്‍ട്ടും,
കറുപ്പുപാന്റും ധരിച്ച് അയാള്‍ ഫ്ലാറ്റ് പൂട്ടി പുറത്തേയ്ക്കിറങ്ങി. 'കൊച്ചുമകന് കൊടുക്കാന്‍ പോകുന്നവഴിക്ക്
എന്തെങ്കിലും കളിപ്പാട്ടം വാങ്ങാം'
എന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അയാള്‍ മനസ്സില്‍ വിചാരിച്ചു.
************************
പന്ത്രണ്ടര കഴിഞ്ഞിട്ടാണ് രഘുവും ദീപ്തിയും അപ്പുവും
റെസ്റ്റോറന്റില്‍ എത്തിയത്. കൃത്യനിഷ്ഠയുടെ കാര്യത്തില്‍ അച്ഛന്റെ കണിശത ഓര്‍ത്തിട്ടോ
എന്തോ, രഘുവിന്റെ മുഖത്ത്
കുറ്റബോധം നിഴലിച്ചിരുന്നു. പുതിയ ഉടുപ്പുകള്‍ അണിഞ്ഞ അപ്പു സന്തോഷവാനായി
കാണപ്പെട്ടു. "മുത്തശ്ശാ,
എന്റെ ബര്‍ത്ത്ഡേ പ്രെസന്റ് എവിടെ?"
എന്നുചോദിച്ച് ഓടിവന്നപ്പോഴാണ് കളിപ്പാട്ടം വാങ്ങാന്‍ മറന്നുപോയല്ലോ എന്നോര്‍ത്തത്.
വാരിയെടുത്ത് 'ഇന്നാ
പിടിച്ചോ' എന്ന്
പറഞ്ഞുകൊണ്ട് കവിളത്ത് ഒരുമ്മ കൊടുത്തപ്പോള്‍ അവന്‍ നിഷ്കളങ്കമായി ചിരിച്ചു.
"മുത്തശ്ശാ,
എനിക്ക് ബര്‍ത്ത്ഡേയ്ക്ക് കുറേ ഗിഫ്റ്റ്സ് കിട്ടി. അവര്‍ക്കൊക്കെ റിട്ടേണ്‍
ഗിഫ്റ്റും കൊടുത്തു. അമിത് ഗിഫ്റ്റ് ഒന്നും കൊണ്ടുവന്നിരുന്നില്ല, എന്നാലും അവനും റിട്ടേണ്‍ ഗിഫ്റ്റ്
കൊടുത്തു", തനിക്ക്
പ്രിയങ്കരമായ പിസ്സയുമായി മല്ലിടുന്നതിനിടയില്‍ അപ്പു പറഞ്ഞു. അതുകേട്ട് അയാള്‍
മരുമകളെ നോക്കി ചിരിച്ചു.
"അച്ഛാ,
ഇവന്റെ ഒരു കാര്യമേ! ഇവന് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വേണമത്രേ! 'ക്ലാഷ് ഓഫ് ക്ലാന്‍സ്' കളിക്കാനാണെന്ന്! ഞാനൊക്കെ മൊബൈല്‍
വാങ്ങിയതുതന്നെ എം.സി.എക്ക് പഠിക്കുമ്പോഴാ!" രഘുവിന്റെ തമാശരീതിയിലുള്ള
പരാതി.
രഘുവും ദീപ്തിയും വളരെക്കുറച്ചുമാത്രമേ പരസ്പരം
സംസാരിക്കുന്നുള്ളൂ എന്നകാര്യം അയാള്‍ ശ്രദ്ധിച്ചു. 'ഇവര്‍ക്ക് ഇടയ്ക്കൊക്കെ ഒന്ന്
പൊട്ടിച്ചിരിച്ചുകൂടേ! രാമുവിന്റെയും രഘുവിന്റെയും കുട്ടിക്കാലത്ത് എത്ര
രസകരമായിരുന്നു ഭക്ഷണവേളകള്‍! കുട്ടികളുടെ പരസ്പരമുള്ള ചെറിയചെറിയ വഴക്കുകളും, തമാശകളും മറ്റും നിറഞ്ഞ തീന്‍മേശകള്‍.അന്നൊന്നും
മനുഷ്യര്‍ക്ക് ഇത്രയേറെ ഗൗരവം ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു!'
"അച്ഛന്‍ ഇന്ന് ഏത് പെര്‍ഫ്യൂമാ അടിച്ചത് എന്ന് ഞാന്‍
പറയട്ടേ?" പെട്ടെന്നുള്ള
രഘുവിന്റെ ചോദ്യം അയാളെ അമ്പരപ്പിച്ചു. പെര്‍ഫ്യൂമോ! അമ്പരപ്പ് പുറത്തുകാട്ടാതെ
അയാള്‍ ചോദിച്ചു. "ഏതാ, പറ കേള്‍ക്കട്ടെ!".
"പേരറിയില്ല,
പക്ഷേ മുത്തശ്ശന്‍ ഉപയോഗിച്ചിരുന്ന അതേ പെര്‍ഫ്യൂം! അല്ലേ, അല്ലേ!"
"എങ്ങനെ മനസ്സിലായി?" അയാള്‍ ഞെട്ടലൊതുക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.
"പണ്ട് മുത്തശ്ശന്റെ ഒപ്പം ഇരിക്കുമ്പോള്‍ ഉള്ള അതേ
മണം, അതാ ഇപ്പൊ അച്ഛന്റെ
ദേഹത്തുനിന്ന് വരുന്നേ!"
'സ്വന്തം
അച്ഛന്റെ മണം തനിക്കുപോലും ഓര്‍മ്മയില്ലാത്തപ്പോള്‍ കുട്ടിക്കാലത്ത് മാത്രം കണ്ട
മുത്തശ്ശന്റെ മണം ഇവനെങ്ങനെ ഓര്‍മ്മിക്കുന്നു! അതെങ്ങനെയോ ആവട്ടെ, അച്ഛന്റെ മണം പെട്ടെന്നൊരുദിവസം എങ്ങനെ
തനിക്കുകിട്ടി! തന്റെ മണം എങ്ങനെയാണ് തനിക്ക് നഷ്ടപ്പെട്ടത്! എന്താണ് ഈശ്വരാ
സംഭവിക്കുന്നത്!' എന്നുതുടങ്ങിയ
ചിന്തകളാല്‍ അസ്വസ്ഥനായ അയാള്‍ക്ക് തന്റെ ഭക്ഷണം മുഴുമിപ്പിക്കാന്‍ സാധിച്ചില്ല.
"മുത്തശ്ശാ,
ഞാന്‍ ഇന്ന് മുത്തശ്ശന്റെ വീട്ടിലേക്ക് വരട്ടേ?" അപ്പു ചോദിച്ചപ്പോള്‍ അയാള്‍ രഘുവിനെയും ദീപ്തിയെയും
ചോദ്യഭാവത്തില്‍ നോക്കി. "അങ്ങനെയാണെങ്കില്‍ ഞാനും വരാം അച്ഛാ, രാത്രിയായാല്‍ അവന്‍ മഹാവികൃതിയാ"
എന്ന് ദീപ്തി പറഞ്ഞപ്പോള്‍ രഘു വിലക്കി. "നീ ഇന്നുപോയാല്‍ ശരിയാവില്ല, നാളെ പുലര്‍ച്ചെ എന്നെ എയര്‍പോര്‍ട്ടില്‍
ഡ്രോപ്പ് ചെയ്യാനുള്ളതല്ലേ!"
ഒടുവില്‍ കൊച്ചുമകനെ തന്നോടൊപ്പം ഒറ്റയ്ക്ക് അയക്കാം എന്ന തീരുമാനത്തില്‍
എത്തിയപ്പോള്‍ സന്തോഷംകൊണ്ട് അവന്‍ തുള്ളിച്ചാടി.
"യേ,
യേ, ഇന്ന്
മുത്തശ്ശന്റെകൂടെ! ബൈ അച്ഛാ, ബൈ
മമ്മീ!!!"
***************************
രണ്ടാള്‍ക്ക് ചപ്പാത്തിയും കറിയും ഉണ്ടാക്കിവെക്കാന്‍
വേലക്കാരിയോട് വിളിച്ചുപറഞ്ഞതുകൊണ്ട് ഫ്രിഡ്ജില്‍നിന്ന് പഴയഭക്ഷണം
ചൂടാക്കിക്കഴിക്കണ്ടല്ലോ എന്ന ആശ്വാസത്തില്‍ അപ്പുവിനൊപ്പം കളിക്കുന്നതിനിടയിലും 'അച്ഛന്റെ ഗന്ധം' അയാളെ അലട്ടുന്നുണ്ടായിരുന്നു. നന്നായി
സോപ്പുതേച്ച് കുളിച്ചിട്ടും മാറാത്ത ഇങ്ങനെയൊരു ഗന്ധം!
"സമയം ഏഴരയായി! അപ്പൂന് കുളിച്ച് മാമുണ്ട് ഉറങ്ങണ്ടേ?" അയാള്‍ ചോദിച്ചു.
"കുറച്ചുനേരം കൂടി കളിക്കാം മുത്തശ്ശാ, വീട്ടില്‍ ചെന്നാല്‍ അപ്പൂന് കളിക്കാന്‍
കൂട്ടിന് ആരും ഇല്ല!".
ഒരേയൊരു കുഞ്ഞ് മതി എന്ന രഘുവിന്റെയും ദീപ്തിയുടെയും
തീരുമാനത്തിനെ താന്‍ എതിര്‍ത്തത് ഏറെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയകാര്യം അയാള്‍ ഓര്‍ത്തു.
'ഇക്കാലത്ത് രണ്ടാളുടെ
വരുമാനം കൊണ്ടുപോലും കഴിഞ്ഞുകൂടാന്‍ പറ്റാത്ത അവസ്ഥയാണ്, അപ്പോഴാ രണ്ടുകുട്ടികള്‍കൂടി!' എന്ന് അവര്‍ ചൊടിച്ചപ്പോള്‍ അവരുടെ
ഇന്നത്തെ നൂറിലൊന്ന് വരുമാനം പോലും ഇല്ലാതെ രണ്ടുകുട്ടികളെ പോറ്റിയ കഥ അയാള്‍
പറഞ്ഞില്ല.
"അയ്യോ,
കറന്റ് പോയല്ലോ! അപ്പൂന് പേടിയാവുന്നു!"
കൊച്ചുമകനെ വാരിയെടുത്ത് 'പേടിക്കണ്ട അപ്പൂ'
എന്നുപറഞ്ഞ് മെഴുകുതിരി തെരയാന്‍ അയാള്‍ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ല.
ഇതെന്താണ് പതിവില്ലാതെ ആള്‍ക്കാരെ കഷ്ടപ്പെടുത്താന്‍ ഒരു പവര്‍കട്ട് എന്ന്
മനസ്സില്‍ പഴിച്ചുകൊണ്ട് അയാള്‍ സോഫയില്‍ ഇരുന്നു.
"അപ്പൂന് ഇരുട്ടത്ത് ഇരിക്കാന്‍ പേടിയുണ്ടോ?"
"ഒറ്റയ്ക്കാണെങ്കില്‍ പേടിയാ, പക്ഷേ മുത്തശ്ശന്‍ ഉള്ളതോണ്ട് പേടി
ഇല്ല" എന്ന് പറഞ്ഞുകൊണ്ട് അപ്പു അയാളുടെ മടിയില്‍ തലവെച്ചുകിടന്നു.
"മുത്തശ്ശന്‍ ഏതുസോപ്പ് തേച്ചാ കുളിക്കാറേ?"
"പിയേഴ്സ് സോപ്പ്, എന്താ അപ്പൂ,
അപ്പൂനും വേണോ പിയേഴ്സ് സോപ്പ്?"
"അതല്ല,
മുത്തശ്ശന്റെ മണം എന്തുരസാ! അച്ഛന്റെ മണം ഇത്രേം രസമില്ല."
തന്റെ അച്ഛന്റെ ഗന്ധം ഒരിക്കല്‍പ്പോലും ശ്രദ്ധിച്ചതായി ഓര്‍ക്കുന്നില്ലല്ലോ
എന്നതില്‍ അയാള്‍ക്ക് വളരെയേറെ ദുഃഖം തോന്നി. അച്ഛനും ഒരുനാള്‍ പെട്ടെന്ന് തന്റെ
ഗന്ധം നഷ്ടപ്പെടുകയും മുത്തശ്ശന്റെ ഗന്ധം ലഭിക്കുകയും ചെയ്തിട്ടുണ്ടാവുമോ!
"മുത്തശ്ശാ,
ഇരുട്ടത്ത് മുത്തശ്ശന് എന്താ കാണണേ?"
"ഇരുട്ടത്ത് എന്തുകാണാനാ അപ്പൂ, ഇരുട്ടത്ത് ഇരുട്ടുതന്നെ!"
"അതല്ല,
ഈ ബ്ലാക്ക് കളറിന്റെ ഇടയില്‍ എനിക്ക് ഓരോരോ ഫ്ലവേഴ്സ് കാണാലോ! യെല്ലോ, ബ്ലൂ, വൈറ്റ് അങ്ങനെ പലപല കളര്‍ പൂക്കള്‍"
"അപ്പു പറഞ്ഞപ്പോ മുത്തശ്ശനും അങ്ങനെ പൂക്കള്‍
കാണുന്നുണ്ട് എന്ന് തോന്നുന്നു"
"മുത്തശ്ശാ,
ഒരു കഥ പറഞ്ഞുതരൂ!"
"കഥയോ?
എന്തുകഥയാ വേണ്ടേ അപ്പൂന്?"
"എന്തെങ്കിലും കഥ"
"പറഞ്ഞുതരാം,
ഒരിടത്തൊരിടത്ത്.. ഒരു പൂക്കച്ചവടക്കാരന്‍ ഉണ്ടായിരുന്നു, മൂന്നുചക്രമുള്ള ഒരു വണ്ടിയില്‍ നല്ല
മണമുള്ള മഞ്ഞപ്പൂക്കളും വെള്ളപ്പൂക്കളും ഒക്കെ വില്‍ക്കുന്ന ഒരു പൂക്കച്ചവടക്കാരന്‍..."
No comments:
Post a Comment