Friday, May 29, 2015

India Pakistan Movie Review

India Pakistan Movie Poster
ഇന്ത്യാ പാക്കിസ്ഥാന്‍ (India Pakistan, 2015, Tamil)
വിജയ്‌ ആന്റണി നായകനായി അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ് ഇന്ത്യാ പാക്കിസ്ഥാന്‍. നവാഗതനായ എന്‍. ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ സുഷമാ രാജ്, എം.എസ് ഭാസ്കര്‍, പശുപതി, ജഗന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരിക്കുന്നു. വിജയ്‌ ആന്റണിയുടെ നാന്‍, സലിം എന്നീ രണ്ടുത്രില്ലര്‍ ചിത്രങ്ങള്‍ക്കുശേഷം കുറച്ചുകൂടെ കോമഡി കലര്‍ന്ന ഒരു ചിത്രമാണ് ഇന്ത്യാ പാക്കിസ്ഥാന്‍.
ഒരേ സ്ഥലത്ത് ഓഫീസ് ഷെയര്‍ ചെയ്യുന്ന രണ്ട് advocates(നായികാനായകന്മാര്‍) തമ്മിലുള്ള വഴക്കുകളും അവര്‍ക്ക് ഒരു കേസ് ലഭിക്കുന്നതിനെത്തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിലുള്ളത്. പ്രത്യേകിച്ച് extraordinary ആയ രംഗങ്ങളോ ട്വിസ്റ്റുകളോ ഒന്നുമില്ലാതെ അവസാനം വരെ പോവുന്ന ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നത് പശുപതി, എം.എസ് ഭാസ്കര്‍, മനോബല, ജഗന്‍ തുടങ്ങിയവരുടെ കോമഡി രംഗങ്ങള്‍ തന്നെയാണ്. പല രംഗങ്ങളും തകര്‍ത്തുവാരുക ആയിരുന്നു. നായകന്‍ വിജയ്‌ ആന്റണി ആണെങ്കിലും കൂടുതല്‍ തമാശരംഗങ്ങളിലും ഇവരാണ് നന്നായി സ്കോര്‍ ചെയ്തത്. ഇത്രയും experienced ആയ comediansന്റെ അത്രയ്ക്ക് ചെയ്യാനായില്ലെങ്കിലും തന്റെ വേഷം വിജയ്‌ ആന്റണി നല്ല രീതിയില്‍ത്തന്നെ ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളില്‍ ഇനി കുറച്ചുകാലം വരാന്‍ പോവുന്ന കോമഡി സീന്‍സില്‍ ഈ ചിത്രത്തിലെ പല സീനുകളും ഉണ്ടാവും എന്നകാര്യം ഉറപ്പാണ്. ക്ലൈമാക്സ് ഒക്കെ സ്ഥിരം ഗോഡൌണ്‍ സെറ്റപ്പ് ആണെങ്കിലും ചെറിയ വ്യത്യസ്തകള്‍ കണ്ടുവന്നത് രസകരമായി.
സംവിധാനവും മറ്റും മോശമായില്ല. സാധാരണ ഒരു തമിഴ് സിനിമയുടെ ലെവലില്‍ ഒക്കെ ഉണ്ടായിരുന്നു. മറ്റൊരു പ്രത്യേകത ശ്രദ്ധിച്ചത് വിജയ്‌ ആന്റണി ഒരു സംഗീതസംവിധായകനായിട്ടും അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌ ആയിരുന്ന ദീനാ ദേവരാജന്‍ ആണ് ഈ ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തി.
ആദ്യരണ്ടുചിത്രങ്ങളിലെ സലീമിന്റെ സൈക്കോ പരിവേഷം അഴിച്ചുവെച്ച്‌ സാധാരണ കുടുംബപ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമാവുന്ന തരത്തിലുള്ള ഒരു സിനിമയിലെ കുറച്ചുകൂടെ likeable ആയ കഥാപാത്രത്തെ സ്വീകരിച്ച വിജയ്‌ ആന്റണിയുടെ നീക്കം പ്രശംസനീയമാണ്. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത ഒരുപക്ഷേ ഈ ചിത്രത്തിനുശേഷം ഏറിയേക്കാം. ഭയങ്കരമായ അഭിനയം ഒന്നുമില്ലെങ്കിലും എന്തോ ഒരു രസമാണ് അങ്ങേരെ സ്ക്രീനില്‍ കാണാന്‍. വിജയ്‌ ആന്റണിക്ക് ഇനിയും നല്ല വേഷങ്ങള്‍ കിട്ടട്ടെ എന്ന് ആശംസിക്കാം. സൂപ്പര്‍ മാസും സ്റ്റണ്ടും ഒന്നും ഇല്ലാത്ത സാധാരണ തമിഴ് പടങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ കണ്ടുനോക്കൂ ചിലപ്പോള്‍ ഇഷ്ടമായേക്കാം.

San Andreas Movie Review

San Andreas Movie Poster
സാന്‍ ആന്‍ഡ്രിയാസ് (San Andreas, 2015, English)
നമ്മുടെ ഭൂമിയുടെ പ്രതലം tectonic plates കൊണ്ട് നിര്‍മ്മിതമാണല്ലോ. ഈ പ്ലേറ്റുകള്‍ വളരെ മെല്ലെ നീങ്ങുന്നവയാണ്. പണ്ടുപണ്ട് ഇത്തരത്തില്‍ Indian tectonic plate നീങ്ങിനീങ്ങിവന്ന് Eurasian tectonic plateല്‍ ഇടിച്ചതിന്റെ ഫലമാണ് നമ്മള്‍ ഇന്നുകാണുന്ന ഹിമാലയം. ഇന്ത്യന്‍ പ്ലേറ്റ് യുറേഷ്യന്‍ പ്ലേറ്റിന്റെ അടുത്തേക്ക് കൂടുതല്‍ കൂടുതല്‍ നീങ്ങുന്നതിനാല്‍ ഹിമാലയത്തിന്റെ ഉയരം കുറച്ചുകുറച്ചായി കൂടുന്നുണ്ടെന്നും കേട്ടിട്ടുണ്ടാവുമല്ലോ. ഇതേപോലെ Pacific, North American എന്നീ രണ്ട് Tectonic plates ചേരുന്ന സ്ഥലത്ത് 810 മൈല്‍ നീണ്ടുകിടക്കുന്ന കൊക്കപോലത്തെ ഒരു സ്ഥലമുണ്ട്. Transform fault എന്ന് പറയാവുന്ന ഒന്ന്. ഇതാണ് San andreas fault. ഈ tectonic പ്ലേറ്റുകളുടെ movement മൂലം ഓരോ 100-150 വര്‍ഷങ്ങള്‍ കൂടുമ്പോഴും ഇതിന്റെ പരിസരപ്രദേശങ്ങളില്‍ ഭൂമികുലുക്കം ഉണ്ടാവാന്‍ സാധ്യതയുണ്ട്, ഭൂമികുലുക്കത്തിന്റെ ആഘാതം കൂടിയും കുറഞ്ഞും ഇരിക്കാം.
ഇതൊക്കെ ഇവിടെ എന്തിനാ പറയുന്നത് എന്നുചോദിച്ചാല്‍, ഇക്കാരണത്താല്‍ ഉണ്ടാകുന്ന ഒരു ഭൂമികുലുക്കപരമ്പരയെക്കുറിച്ചുള്ള സിനിമയാണ് സാന്‍ ആന്‍ഡ്രിയാസ്. Journey 2: Mysterious Islandന്റെ സംവിധായകന്‍ Brad Peyton ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. Dwayne Johnson, Carla Gugino, Alexandra Daddario തുടങ്ങിയവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
വൈമാനിക ജീവരക്ഷാപ്രവര്‍ത്തകനാണ് റേ. കാലിഫോര്‍ണിയയില്‍ ഉണ്ടാകുന്ന ഭൂചലനപരമ്പരയില്‍ പെട്ടുപോയ ജനങ്ങളെ രക്ഷപ്പെടുത്താനായി അദ്ദേഹം നടത്തുന്ന യാത്രയ്ക്കിടെ തന്റെ തന്റെ മകളും ഭാര്യയും ഭൂചലനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് എന്ന് മനസ്സിലാക്കുന്നു. തുടര്‍ന്ന് അവരെ രക്ഷിക്കാനുള്ള റേയുടെ ശ്രമങ്ങളും മറ്റുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കഥാപരമായി പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നത് graphics, special effects തുടങ്ങിയവ തന്നെയാണ്. ഭൂചലനത്തിന്റെ ആഘാതം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഉതകുന്നവണ്ണമുള്ള രംഗങ്ങള്‍ ചിത്രത്തിന്റെ പ്രത്യേകതയാണ്. വളരെ സൂക്ഷ്മമായ ഓരോ ചെറിയ കാര്യങ്ങള്‍പോലും നല്ലരീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. അത്തരം അപകടരംഗങ്ങളും മറ്റും വളരെ originality തോന്നിപ്പിക്കുന്നതായിരുന്നു.
ഇങ്ങനെയാണെങ്കിലും പല സ്ഥലങ്ങളിലും കയറിവരുന്ന melodrama പ്രേക്ഷകനെ മുഷിപ്പിക്കാന്‍ സാധ്യതയുള്ളതാണ്. ചിത്രം പൂര്‍ണ്ണമായും പ്രവചനീയമാണ് എന്നത് സത്യമാണെങ്കിലും മികച്ച ഗ്രാഫിക്സ് മൂലം ആ കല്ലുകടി പ്രേക്ഷകന് സൗകര്യപൂര്‍വ്വം മറക്കാവുന്നതാണ്. എന്നാല്‍ വളരെ ഗ്രിപ്പിംഗ് ആയി പോവുന്ന ചില സ്ഥലങ്ങളില്‍ കയറിവന്ന melodrama മടുപ്പ് ഉളവാക്കുന്നു. ഇത്തരം രംഗങ്ങള്‍ മുറിച്ചുമാറ്റിയിരുന്നെങ്കില്‍ കുറച്ചുകൂടെ പ്രേക്ഷകരെ ചിത്രം ആകര്‍ഷിച്ചേനെ. പല സ്ഥലങ്ങളിലും ചില ബോളിവുഡ് സിനിമകളെ കടത്തിവെട്ടുന്ന നാടകീയത കാണാന്‍ സാധിക്കും. എന്നിരുന്നാലും ഇതൊഴിച്ചുനിര്‍ത്തിയാല്‍ നല്ലൊരു disaster movie തന്നെയാണ് സാന്‍ ആന്‍ഡ്രിയാസ്. തീയറ്ററില്‍ കാണുന്നതായിരിക്കും നല്ലത്, അല്ലെങ്കില്‍ 5.1 ഓഡിയോയില്‍ നല്ല ഹോം തീയറ്ററില്‍ എങ്കിലും കണ്ടാലേ കാര്യമുള്ളൂ. കാരണം അങ്ങനെ കാണേണ്ട action രംഗങ്ങള്‍ തന്നെയാണ് ഈ ചിത്രത്തെ ആസ്വദനീയമാക്കുന്നത്. നല്ല production value ഉള്ള disaster movies ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

Friday, May 22, 2015

Tanu Weds Manu Returns Movie Review

തനു വെഡ്സ് മനു റിട്ടേണ്‍സ് (Tanu Weds Manu Returns, 2015, Hindi)
2011ല്‍ ഒരു സര്‍പ്രൈസ് ഹിറ്റ്‌ ആയിരുന്ന തനു വെഡ്സ് മനുവിന്റെ രണ്ടാം ഭാഗം സംവിധായകന്‍ ആനന്ദ് എല്‍ റായ് ചെയ്യുന്നു എന്നവാര്‍ത്ത പുറത്തുവന്നപ്പോള്‍ പലരുടെയും നെറ്റിചുളിഞ്ഞിരുന്നു. രണ്ടാം ഭാഗം ചെയ്യാന്‍ മാത്രം ഇതിലെന്തുണ്ട്! നായകനും നായികയും കണ്ടുമുട്ടുന്നു, ഒടുവില്‍ പല സംഭവവികാസങ്ങള്‍ക്കുമാവസാനം വിവാഹിതരാവുന്നു. ശുഭം, പിന്നെ അവര്‍ മാതൃകാദമ്പതികളായി  സന്തോഷമായി ജീവിച്ചോളും! ഇങ്ങനെയായിരിക്കുമല്ലോ ശുഭാന്ത്യമുള്ള ഓരോ ചിത്രങ്ങള്‍ക്കും അപ്പുറം സംഭാവിക്കാറുണ്ടാവുക! എന്നാല്‍ എന്തുകൊണ്ടോ സംവിധായകന് തനുവിനെയും മനുവിനെയും അങ്ങനെ വിട്ടുകളയാന്‍ തോന്നിയിട്ടുണ്ടാവില്ല. താന്‍ സൃഷ്‌ടിച്ച കഥാപാത്രങ്ങള്‍, അവര്‍ ഒരു രീതിയിലും ഉത്തമദമ്പതികള്‍ അല്ലെന്ന് അങ്ങേര്‍ക്കുതന്നെ ബോധ്യമുള്ളതുകൊണ്ടാവാം അവരുടെ ജീവിതത്തില്‍ പിന്നീടെന്തുസംഭവിക്കാം എന്നതിനെപ്പറ്റി സംവിധായകന്‍ ചിന്തിച്ചത്. വിവാഹത്തിനുശേഷം നായകനെ ഉത്തമപുരുഷന്റെയും നായികയെ സര്‍വംസഹയായ ധര്‍മ്മപത്നിയുടെയും ബിംബങ്ങളില്‍ തളച്ചിടാതെ വിവാഹത്തിനുമുന്‍പ് അവര്‍ എങ്ങനെയായിരുന്നോ അതേ രീതിയില്‍ സംവിധായകന്‍ സങ്കല്‍പ്പിച്ചപ്പോള്‍ ഇന്ത്യന്‍ സിനിമയിലെതന്നെ മികച്ചൊരു രണ്ടാംഭാഗമായിമാറി തനു വെഡ്സ് മനു റിട്ടേണ്‍സ്, പ്രത്യേകിച്ച് ആദ്യഭാഗത്തിന്റെ പേരുകളയുന്ന രണ്ടാം ഭാഗങ്ങള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്.
ടൈറ്റിലുകള്‍ക്കൊപ്പം 2011ലെ തനുവിന്റെയും മനുവിന്റെയും വിവാഹവീഡിയോയുടെ പ്രസക്തഭാഗങ്ങള്‍ കാണിച്ചുകൊണ്ട് തുടങ്ങുന്ന സിനിമയില്‍ അപ്പോള്‍ എല്ലാവരും സന്തോഷവാന്മാരും സന്തോഷവതികളുമാണ്. വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും മുഖങ്ങളില്‍ ചിരിമാത്രം. എന്നാല്‍ ടൈറ്റിലുകള്‍ കഴിയുന്നതോടെ വര്‍ത്തമാനകാലത്തേക്ക് വരുമ്പോള്‍ ലണ്ടനിലുള്ള തനുവും മനുവും സന്തുഷ്ടരല്ല. നാലുവര്‍ഷം നീണ്ട വിവാഹജീവിതത്തില്‍ രണ്ടുപേര്‍ക്കും പരസ്പരം മടുത്തിരിക്കുകയാണ്. അങ്ങനെ അവര്‍ കാണ്‍പൂരിലും ഡെല്‍ഹിയിലുമുള്ള തങ്ങളുടെ വീടുകളിലേക്ക് മടങ്ങിവരുന്നു. ഡെല്‍ഹിയില്‍വെച്ച് മനു കാഴ്ചയില്‍ തനുവിനെപ്പോലുള്ള ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുകയും അവര്‍ തമ്മില്‍ ഒരു ബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. അതേസമയം കാണ്‍പൂരില്‍ വിവാഹത്തിനുമുന്‍പുള്ളപോലെ അടിച്ചുപൊളി ജീവിതം നയിക്കുന്ന തനുവും കൂട്ടരും ഒരു ഘട്ടത്തില്‍ ഇക്കാര്യം അറിയുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.
ആദ്യഭാഗത്തില്‍നിന്ന് വ്യത്യസ്തമായി കുറെയേറെ നര്‍മ്മരംഗങ്ങള്‍ സംവിധായകന്‍ ഈ ചിത്രത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. അതൊന്നുംതന്നെ സിനിമയില്‍ മുഴച്ചുനില്‍ക്കുന്നില്ല എന്നത് വലിയൊരു കാര്യമാണ്. ഉടനീളം ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കിയ ഒരു ചിത്രം എന്നൊക്കെ പറയാം. അവയിലൊന്നുംതന്നെ ബോളിവുഡില്‍ അധികവും കാണുന്ന racist jokes, south indian trolls, gay jokes ഒന്നും അല്ല, നല്ല ശുദ്ധഹാസ്യംതന്നെയാണ് എന്നതും പ്രശംസനീയമാണ്. ഹാസ്യത്തോടൊപ്പംതന്നെ മികച്ചരീതിയില്‍ കഥപറഞ്ഞുപോകുന്നുണ്ട് സംവിധായകന്‍. കുറ്റങ്ങളും കുറവുകളുമുള്ള കഥാപാത്രങ്ങളും അവര്‍ കടന്നുപോകുന്ന ജീവിതസന്ദര്‍ഭങ്ങളും മൂലം പ്രേക്ഷകര്‍ അവസാനനിമിഷം വരെ ആരുടെ പക്ഷത്ത് നില്‍ക്കണം എന്ന ആശയക്കുഴപ്പത്തില്‍ ആയിരിക്കും. ഒടുവില്‍ കാണികളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ചിത്രം അവസാനിക്കുമ്പോള്‍ മികച്ചൊരു ചലച്ചിത്രാനുഭവം ലഭിച്ചതിന്റെ സംതൃപ്തി പ്രേക്ഷകന്റെ മനസ്സില്‍ തങ്ങിനില്‍ക്കും.
ഒരു സംവിധായകന്‍ എന്നനിലയില്‍ ആനന്ദ് എല്‍ റായുടെ മുന്നേറ്റം പ്രശംസനീയമാണ്. തനു വെഡ്സ് മനു, രാന്‍ഝനാ എന്നീ ചിത്രങ്ങളില്‍നിന്നും തനു വെഡ്സ് മനു റിട്ടേണ്‍സില്‍ എത്തിനില്‍ക്കുമ്പോള്‍ പ്രേക്ഷകന്റെ യുക്തിയെയും സാമാന്യബോധത്തെയും ചോദ്യംചെയ്യാതെ entertainers തരുന്ന അപൂര്‍വ്വം സംവിധായകരില്‍ ഒരാള്‍ എന്നനിലയില്‍ ഇദ്ദേഹത്തിലുള്ള പ്രതീക്ഷ ഒരുപടികൂടി ഇദ്ദേഹം ഉയര്‍ത്തുന്നു. മികച്ചുനില്‍ക്കുന്ന പാത്രസൃഷ്ടിയും ആഖ്യാനശൈലിയും തനില്‍ കൈമുതലായുണ്ടെന്ന കാര്യം അദ്ദേഹം വീണ്ടും തെളിയിക്കുന്നു. ഇനിയും നല്ല ചിത്രങ്ങള്‍ ഇദ്ദേഹത്തില്‍നിന്നും പ്രതീക്ഷിക്കാം.
ഒരു ചിത്രത്തിലെ ഓരോ നടീനടന്മാരും അസാമാന്യപ്രകടനങ്ങള്‍ കാഴ്ചവെക്കുക എന്നത് ഇക്കാലത്ത് ചിലപ്പോള്‍മാത്രം സംഭവിക്കുന്ന ഒരുകാര്യമാണ്. ഈ ചിത്രം അത്തരത്തില്‍ ഒന്നാണ്. ഏറ്റവും ചെറിയ വേഷങ്ങളില്‍ വന്ന ആളുകള്‍വരെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചു. പ്രധാനനടീനടന്മാരിലേക്ക് വരാം. കങ്കണയുടെ മികച്ചൊരു വേഷമായിരുന്നു ആദ്യഭാഗത്തിലെ തനു. ആ കഥാപാത്രത്തെ അതിന്റെ ജീവാംശം വറ്റിപ്പോകാതെയും ആത്മാവ് ചോര്‍ന്നുപോകാതെയും അതേ ഊര്‍ജസ്വലതയോടെ കങ്കണ അവതരിപ്പിച്ചു. എന്നാല്‍ കങ്കണയുടെ ദത്തോ എന്ന ഹരിയാനക്കാരി പെണ്‍കുട്ടിവേഷം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. തീയറ്ററില്‍ ഇരിക്കുന്ന പലര്‍ക്കും അത് കങ്കണയാണെന്നുതന്നെ മനസ്സിലായത് ചിത്രം കഴിയാറായപ്പോഴാണ്. ഇന്ത്യന്‍ സിനിമയിലെ മികച്ച makeoverകളുടെ ലിസ്റ്റില്‍ ഇനിമുതല്‍ കങ്കണയുടെ ദത്തോ ഉണ്ടാകും എന്നതില്‍ സംശയമില്ല. തനുവിനെക്കാളും പത്തുപന്ത്രണ്ടുവയസ്സ് പ്രായക്കുറവുള്ള ദത്തോയുടെ സംസാരശൈലിയും ശരീരഭാഷയും എല്ലാം perfect ആയിരുന്നു. കഴുത്തില്‍ ഉള്ള ഒരു മറുക് ഇടക്ക് അപ്രത്യക്ഷമാവുകയും വീണ്ടും പ്രത്യക്ഷമാവുകയും ചെയ്യുന്നു എന്നതുമാത്രമാണ് ഒരു കുറവ് കാണാന്‍ കഴിഞ്ഞത്. മനുവിന്റെ കഥാപാത്രം മാധവന്റെ കൈകളില്‍ ഭദ്രമായിരുന്നു. ആദ്യഭാഗത്തിലെ മനുവിന്റെ തുടര്‍ച്ച അത്രയുംതന്നെ നന്നായി അദ്ദേഹം ചെയ്തു. മനുവിന്റെ സുഹൃത്തായ പപ്പി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപക് ദോബ്രിയാല്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ആദ്യചിത്രത്തേക്കാള്‍ അദ്ദേഹത്തിന് പെര്‍ഫോം ചെയ്യാന്‍ അവസരം ലഭിച്ചത് സന്തോഷം ഉളവാക്കി. ആദ്യചിത്രത്തില്‍ വില്ലന്‍ പരിവേഷമുള്ള രാജാ അവസ്തി എന്ന കഥാപാത്രമായിവന്ന ജിമ്മി ഷെര്‍ഗിലും ഈ ചിത്രത്തില്‍ അതേ വേഷത്തില്‍ ഉണ്ട്. അദ്ദേഹവും മികച്ചുനിന്നു. സ്വരാ ഭാസ്കര്‍, ഇജാസ് ഖാന്‍ തുടങ്ങിയവരും ആദ്യഭാഗത്തിലെ കഥാപാത്രങ്ങളെ നന്നാക്കി. സിനിമയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു രംഗവും ഇവര്‍ക്ക് കിട്ടി എന്നത് സന്തോഷമുളവാക്കി. രാന്‍ഝനായില്‍ ധനുഷിന്റെ കൂട്ടുകാരനായി അഭിനയിച്ച മുഹമ്മദ്‌ സീഷാന്‍ അയൂബ് എന്ന നടന്‍ ഇതിലും അടിപൊളി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. രാജേഷ് ശര്‍മ്മയുടെ കഥാപാത്രവും നന്നായി.
ഗാനങ്ങള്‍ ആദ്യഭാഗത്തിന്റെ അത്ര നന്നായില്ല എന്നത് എന്റെ അഭിപ്രായത്തില്‍ ചെറിയൊരു പോരായ്മയായി തോന്നി. എന്നിരുന്നാലും കഥാഗതിയോട് ചേര്‍ന്നുപോകുന്നവയായിരുന്നു ഒട്ടുമിക്കപാട്ടുകളും പശ്ചാത്തലസംഗീതവും. മറ്റുസാങ്കേതികവശങ്ങളില്‍ എല്ലാം ചിത്രം നിലവാരം പുലര്‍ത്തി.
പ്രേക്ഷകന്റെ സാമാന്യബുദ്ധിയെ ചോദ്യംചെയ്യാതെ പ്രേക്ഷകനെ genuine ആയി രസിപ്പിക്കുന്ന, ആദ്യഭാഗത്തേക്കാള്‍ മികച്ചുനില്‍ക്കുന്ന നല്ലൊരു ചിത്രമാണ് തനു വെഡ്സ് മനു റിട്ടേണ്‍സ്. ചിത്രം അവസാനിക്കുമ്പോഴും തനുവും മനുവും എല്ലാം തികഞ്ഞവരല്ല. തനുവിന്റെയും മനുവിന്റെയും ജീവിതയാത്രകള്‍ ഇനിയും കൂടുതല്‍ ചിത്രങ്ങളില്‍ പ്രതീക്ഷിക്കാം. എല്ലാവരും കാണാന്‍ ശ്രമിക്കുക.

Thursday, May 21, 2015

Sunti@ Facebook Movie Review

Sunti @ Facebook Movie Poster
സുന്‍ടി @ ഫേസ്ബുക്ക്‌ (Sunti@ Facebook, 2015, Indonesian)
ജെയിംസ്‌ ലീ സംവിധാനം ചെയ്ത ചിത്രമാണ് സുന്‍ടി @ ഫേസ്ബുക്ക്‌. ഒരുകൂട്ടം കോളേജ് സുഹൃത്തുക്കളെ പിന്തുടരുന്ന ഒരു അജ്ഞാതശക്തിയെക്കുറിച്ചും അതിന്റെ പ്രതികാരത്തെക്കുറിച്ചും ഒക്കെയാണ് സിനിമ. ടെക്നോളജി വികസിച്ചതിനെത്തുടര്‍ന്ന് ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയക്കുക, മെസ്സേജ് അയക്കുക തുടങ്ങിയ പരിപാടികള്‍ക്കുശേഷമേ തന്റെ ഇരകളെ ഇത് ആക്രമിക്കൂ.
ചില രംഗങ്ങളില്‍ കുറേശ്ശെ പ്രതീക്ഷ നല്‍കിയെങ്കിലും ആത്യന്തികമായി പുതിയതൊന്നും നല്‍കാന്‍ ചിത്രത്തിന് കഴിയുന്നില്ല. കൂടുതല്‍ ഒന്നും പറയാനില്ല, നല്ലൊരു ഹൊറര്‍ ചിത്രത്തിനായുള്ള തിരച്ചില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Selfie Suara Kubur Movie Review

Selfie Suara Kubur Movie Poster
സെല്‍ഫി സുവാര കുബുര്‍ (Selfie Suara Kubur, 2015, Bahasa Malaysia)
എം. സുഭാഷ്‌ അബ്ദുള്ള സംവിധാനം ചെയ്ത ഒരു മലേഷ്യന്‍ ഹൊറര്‍ ചിത്രമാണിത്. Mak Jah എന്ന നടി പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു അമ്മൂമ്മയുടെ വീട്ടില്‍ ഉണ്ടാവുന്ന അല്ലറചില്ലറ പ്രേതാക്രമണങ്ങളെക്കുറിച്ചുള്ള കഥയാണ് പറയുന്നത്.
മാജാ എന്ന അമ്മൂമ്മ നഗരത്തില്‍നിന്നും മാറിയുള്ള തന്റെ വീട്ടില്‍ ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ചൂലുകള്‍ ഉണ്ടാക്കി വില്‍ക്കുന്ന മാജാ അതോടൊപ്പംതന്നെ ചില കൊച്ചുജോലികളും മറ്റും ചെയ്താണ് നിത്യവൃത്തിക്കുള്ള പണം കണ്ടെത്തുന്നത്. അങ്ങനെ സ്വരുക്കൂട്ടുന്ന പണംകൊണ്ട് ചിലപ്പോള്‍ മകന്റെ കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങാറുണ്ട് മാജാ. ചൂലുകള്‍ വാങ്ങാന്‍ വരുന്ന ചില customers, കളിപ്പാട്ടവില്‍പ്പനക്കാരനായ അമീര്‍ ഖാന്‍ എന്നിവരാണ് മാജയുടെ ഇടയ്ക്കെങ്കിലുമുള്ള സന്ദര്‍ശകര്‍. പ്രായമേറെയായെങ്കിലും നല്ലരീതിയില്‍ പാടുന്നത് മാജയുടെ ശീലമാണ്. അങ്ങനെയിരിക്കെ ഒരുദിവസം വീട്ടില്‍ കുട്ടികളുടെ ശബ്ദം കേള്‍ക്കാനിടയായ മാജ പിന്നീട് തന്റെ പെരക്കുട്ടികള്‍ക്കായി വാങ്ങിവെച്ച കളിപ്പാട്ടങ്ങളും ക്രയോണ്‍സും അലങ്കോലപ്പെട്ടുകിടക്കുന്നത് കാണുന്നു. ആ ക്രയോണുകള്‍ ഉപയോഗിച്ച് ആരോ ഒരു ചിത്രം വരച്ചിരിക്കുന്നത് കണ്ട മാജ പിന്നീട് ഒമ്പതുവയസ്സുകാരിയായ ഒരു പെണ്‍കുട്ടി കാണാതായ വിവരം ഒരു പത്രനോട്ടീസ് വഴി അറിയുന്നു. പിന്നീട് മാജയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.
വളരെ ചെറിയ മുതല്‍മുടക്കില്‍ മിക്കവാറും സ്റ്റില്‍ ഷോട്ടുകള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിച്ച ചിതം ഒരുമണിക്കൂര്‍ ഏഴുമിനിറ്റ് മാത്രമേ ഉള്ളൂ. അത്രയും നേരം വലിയ ബോര്‍ അടിപ്പിക്കാതെ പ്രേക്ഷകനെ ഇരുത്താന്‍ കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് പുതുമയൊന്നും കഥാപരമായി അവകാശപ്പെടാന്‍ ഇല്ലെങ്കിലും പ്രധാനനടിയുടെ മികച്ച അഭിനയം മൂലം കണ്ടിരിക്കാവുന്ന ഒന്നായി ചിത്രം മാറി. വാത്സല്യവും കോപവും നിരാശയും അങ്കലാപ്പും, അങ്ങനെ പല വികാരങ്ങളും ആ മ മുഖത്ത് മിന്നിമായുന്നത് കാണാന്‍ രസമുണ്ടായിരുന്നു. ആദ്യം മുതലേ ഹൊററിന് അധികം പ്രാധാന്യം നല്‍കാതെ മുന്നോട്ടുപോവുന്ന ചിത്രം പ്രേക്ഷകനെ ഞെട്ടിപ്പിക്കാനായി പ്രയോഗിക്കുന്ന സ്ഥിരം വിലകുറഞ്ഞ തന്ത്രങ്ങള്‍ അധികമൊന്നും ഉപയോഗിക്കുന്നില്ല എന്നത് ആശ്വാസമായിരുന്നു. ഒടുവില്‍ തരക്കേടില്ലാത്ത ഒരു മെസ്സെജോടെ ചിത്രം അവസാനിക്കുമ്പോള്‍ നിരാശ തോന്നിയില്ല.
വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള ഹൊറര്‍ ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണമെങ്കില്‍ കണ്ടുനോക്കാം.

Tuesday, May 19, 2015

6-5=2 Hindi Movie Review

6-5=2 Hindi Movie Poster
6-5=2, (2014, Hindi)
കന്നഡയിലെ ആദ്യ found footage horror cinema ആയ 6-5=2 ന്റെ അതേ പേരിലുള്ള ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. കന്നഡ ചിത്രം കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും subtitle കിട്ടാന്‍ ഇല്ലാത്തതിനാല്‍ ഹിന്ദി റീമേക്ക് കാണാം എന്നുവെച്ചു. ഹോളിവുഡിലും മറ്റുഭാഷകളിലും ഒരുപാട് കണ്ട സ്ഥിരം കഥതന്നെയാണ് ഈ ചിത്രത്തിന്റെയും. ഒരുകൂട്ടം സുഹൃത്തുക്കള്‍ ഒറ്റപ്പെട്ട ഒരു വനപ്രദേശത്തേക്ക് ട്രെക്കിങ്ങിനു പോവുന്നതും അവിടെവെച്ച് അവര്‍ക്ക് നേരിടേണ്ടിവരുന്ന ദുരന്തങ്ങളും മറ്റുമാണ് പടത്തില്‍.  Shock element കൂട്ടാനായി ഇത്തരത്തില്‍ ഉള്ള പല സിനിമകളിലും കാണുന്നപോലെ ഇവരില്‍ ഒരാള്‍ ക്യാമറയില്‍ പകര്‍ത്തിയ രംഗങ്ങള്‍ ആണ് സിനിമയായി എഡിറ്റ്‌ ചെയ്തുകാണിക്കുന്നത് എന്ന് ആദ്യംതന്നെ എഴുതിക്കാണിക്കുന്നുണ്ട്.
പരിഹാസ്യകഥാപാത്രമായി ഒരു അമിതവണ്ണക്കാരന്‍, ഒരു കപ്പിള്‍, ഒരു potential കപ്പിള്‍, എപ്പോഴും ക്യാമറ കൊണ്ടുനടക്കുന്ന ഒരാള്‍, ഒടുവില്‍ രക്ഷപ്പെടുന്ന ഒരാള്‍ അങ്ങനെ ഇത്തരം പടങ്ങളില്‍ വരാറുള്ള എല്ലാ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളും ഈ ചിത്രത്തിലും ഉണ്ട്. ഇത്തരം പടങ്ങള്‍ പിന്തുടരുന്ന ശൈലിയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഈ ചിത്രവും. സ്ഥിരം ഫോര്‍മാറ്റ്‌ എന്നാല്‍ ആദ്യത്തെ 30-40 മിനിറ്റ് തടി കൂടിയ നടന്റെ അമിതവണ്ണം, ഭക്ഷണശൈലി, മടി തുടങ്ങിയവയെ കളിയാക്കിക്കൊണ്ടുള്ള തമാശകള്‍, കുറച്ച് തെറിവിളി, നായികമാരുടെ ചെറിയരീതിയിലുള്ള ശരീരപ്രദര്‍ശനം, വരാന്‍ പോകുന്ന ഭീകരമായ വിധിയെപ്പറ്റി മുന്‍കൂട്ടി ക്ലൂ തരുന്നവിധത്തിലുള്ള ഒന്നുരണ്ട് ഡയലോഗ്സ് തുടങ്ങിയവയായി പോവുകയും, പിന്നീട് ഒന്നുരണ്ട് mild ആയ paranormal attacks, പിന്നെ വഴിതെറ്റി കാട്ടില്‍ പെട്ടുപോവുകയും, ഒന്നോ രണ്ടോ ആള്‍ മിസ്സിംഗ്‌ ആവുകയും മറ്റും ചെയുന്നു. പിന്നെ വഴിതേടിയുള്ള അലച്ചിലും, ഒടുവിലുള്ള പത്തോ പതിനഞ്ചോ മിനിറ്റില്‍ ഓരോരുത്തരായി കൊല്ലപ്പെടുകയും, ഏറ്റവും അവസാനം ദ്രവിച്ച എന്തെങ്കിലും രൂപം വന്ന് അവസാനത്തെ ആളെയും കൊല്ലുകയും ചെയ്യുന്നതോടെ പടം അവസാനിക്കുന്നു. പിന്നെ ഇവരുടെ ശരീരങ്ങള്‍ ഇത്ര ദിവസം കഴിഞ്ഞ് വീണ്ടെടുത്തു, ക്യാമറ ഇന്ന ദിവസം ഇന്ന സ്ഥലത്ത് വെച്ച് കിട്ടി എന്നൊക്കെ എഴുതിക്കാണിക്കുകയും ചെയ്യും. അതോടെ പടം ശുഭം. ഈ രീതിയില്‍ത്തന്നെയാണ് ഈ പടവും മുന്നോട്ടുപോവുന്നത്. പിന്നെ പ്രേതം അടുത്തുവരുമ്പോള്‍ ക്യാമറ താനേ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആവുകയും ചെറിയരീതിയില്‍ പിക്സലേറ്റഡ് ആവുകയും ചെയ്യും എന്നതിനാല്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആവുമ്പോള്‍ത്തന്നെ ശബ്ദം കുറയ്ക്കുന്നത് പെട്ടെന്നുവരുന്ന paranormal ഒച്ചകള്‍ കേട്ടുഞെട്ടുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഇത്രേം എഴുതിയതുകൊണ്ട് ഒരു സ്പോയിലര്‍ അലേര്‍ട്ട് വെക്കാമായിരുന്നില്ലേ എന്ന് ചോദിച്ചാല്‍, ഇത്തരം പടമൊക്കെ കാണുമ്പോള്‍ത്തന്നെ എന്താ സംഭവിക്കാന്‍ പോവുന്നത് എന്ന് കാണുന്നവര്‍ക്ക് അറിയാം, സ്പോയിലര്‍ അലേര്‍ട്ട്ന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.
ഹിന്ദിയില്‍ ഇതിനുമുന്‍പ് വന്ന ഫൗണ്ട് ഫൂട്ടേജ് ചിത്രങ്ങളായ Question Mark, Ragini MMS തുടങ്ങിയ ചിത്രങ്ങളെ വെച്ചുനോക്കുമ്പോള്‍ പ്രേതം / ദുരാത്മാവ്‌ / സിനിമ അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള paranormal creature ന്റെ നേരിട്ടുള്ള ഇടപെടല്‍ ചിത്രത്തില്‍ അധികം കാണിക്കുന്നില്ല എന്നാണ് തോന്നുന്നത്. ബാഗ്‌ കത്തിക്കുക, ക്യാമറ നിലത്തുവീഴ്ത്തുക, കുപ്പി എറിഞ്ഞുടയ്ക്കുക, ക്യാമറയുടെ പിന്നില്‍ വന്ന് കഥാപാത്രങ്ങളുടെ പേരുവിളിക്കുക തുടങ്ങിയ കലാപരിപാടികള്‍ ആണ് മെയിന്‍ ആയും ഈ ചിത്രത്തിലെ പ്രേതം ചെയ്യുന്നത്.
ഗൂഗിളില്‍ ഇതിന്റെ പേര് സെര്‍ച്ച്‌ ചെയ്യുമ്പോള്‍ '6-5=2 original footage' എന്നൊക്കെ സെര്‍ച്ച്‌ suggestion വരുന്നതിലൂടെ ഇതിന്റെ marketing ടീം തങ്ങളുടെ ജോലിയില്‍ വിജയം കണ്ടെത്തി എന്ന് മനസ്സിലാക്കാം. കന്നടയില്‍ വിജയമായിരുന്ന ചിത്രം ഹിന്ദിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. Found footage horror ചിത്രങ്ങളുടെ ആരാധകര്‍ക്ക് വെറുതെ ഒന്ന് കണ്ടുനോക്കാം.

Sunday, May 17, 2015

Area 51 Movie Review

Area 51 Movie Poster
ഏരിയ 51 (Area 51, 2015, English)
Paranormal Activity എന്ന ഒറ്റ ചിത്രത്തിലൂടെ സ്വന്തം വിധി മാറ്റിയെഴുതുകയും, found footage എന്ന genreന് പുതിയ മാനങ്ങള്‍ നല്‍കുകയും അതുവഴി ഒരുപാട് സിനിമാപ്രേമികള്‍ക്ക് പ്രചോദനമാവുകയും ചെയ്ത Oren Peli എന്ന സംവിധായകന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് ഏരിയ 51. 2009ല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ചിത്രം പല ആവര്‍ത്തി റീഷൂട്ട്‌ ചെയ്യേണ്ടിവന്നതിനാലും, മറ്റേന്തൊക്കെയോ കാരണങ്ങളാലും ഈ മാര്‍ച്ചിലാണ് പൂര്‍ത്തിയായത്. ആദ്യചിത്രത്തിലെപോലെ ഇതിലും താരതമ്യേന പുതുമുഖങ്ങളെയാണ് പ്രധാനവേഷങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ അതേ പേരുകള്‍തന്നെ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്നു. ആദ്യചിത്രം പോലെ found footage ആയിത്തന്നെയാണ് ഈ ചിത്രവും സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്.
അമേരിക്കയില്‍ military സംബന്ധമായ പരീക്ഷണങ്ങളും മറ്റും നടക്കുന്നു എന്ന് ഗവണ്മെന്റ് പറയുന്ന സ്ഥലമാണ് ഏരിയ 51. പൊതുജനത്തിന് ഒരിക്കലും പ്രവേശനം ഇല്ലാത്ത ഈ സ്ഥലത്ത് പക്ഷേ അന്യഗ്രഹജീവികളുടെ സന്ദര്‍ശനവും, മറ്റുപല പരീക്ഷണങ്ങളും നടക്കുന്നുണ്ടെന്നാണ് കിംവദന്തി. ഈ സ്ഥലത്തിന്റെ അടുത്തേയ്ക്കുപോലും സാധാരണജനങ്ങള്‍ക്ക് പോകാന്‍ പറ്റാത്തരീതിയിലുള്ള സെക്യൂരിറ്റി ഉള്ളതിനാല്‍ അവിടെ പുറംലോകം കാണാത്ത പല പരീക്ഷണങ്ങളും നടക്കുന്നുണ്ടെന്ന വാദം പലരും ഉന്നയിക്കുന്നുണ്ട്. ഒരുകൂട്ടം ചെറുപ്പക്കാര്‍ കുറെയേറെ സജ്ജീകരണങ്ങളുമായി ഏതുവിധവും ഇതിനകത്തെക്ക് കയറിപ്പറ്റാനായി നടത്തുന്ന ശ്രമങ്ങളും അവരെ കാത്തിരുന്ന പ്രത്യാഘാതങ്ങളും മറ്റുമാണ് ചിത്രത്തില്‍ പ്രേക്ഷകന് കാണാന്‍ സാധിക്കുക.
തന്റെ രണ്ടാമത്തെ സംവിധാനസംരംഭത്തിലേക്ക് കടന്നപ്പോഴും അധികമൊന്നും സംവിധായകന്‍ എന്ന നിലയില്‍ Oren Peli മുന്നോട്ടുപോയിട്ടില്ല എന്ന് പറയേണ്ടിവരും ചിത്രം കാണുമ്പോള്‍. ഒരുപക്ഷേ ആദ്യചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും മേല്‍ അത്രയേറെ സ്വാധീനം ചെലുത്താന്‍ സാധിച്ച അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍നിന്നും അത്രയ്ക്ക് പ്രതീക്ഷയര്‍പ്പിച്ചതിനാലാവാം ഈ അഭിപ്രായം. കഴിഞ്ഞ അഞ്ചാറുവര്‍ഷത്തില്‍ ഇറങ്ങിയ പല found footage ചിത്രങ്ങളിലും കാണാന്‍ സാധിച്ച way of filmmakingല്‍ നിന്ന് അധികം പുതുമകള്‍ ഒന്നുംതന്നെ ഈ ചിത്രത്തിനും അവകാശപ്പെടാനില്ല. ഇത്തരത്തില്‍ ഉള്ള അധികചിത്രങ്ങളിലും കാണാറുള്ള പ്രേതാത്മാക്കള്‍ക്കുപകരം മറ്റുചില creatures ആണ് ഇതില്‍ ഉള്ളത് എന്നതാണ് ഒരു വ്യത്യാസം. പിന്നെ ഏറെ സുരക്ഷാസംവിധാനങ്ങള്‍ ഉള്ള നിയന്ത്രിതമേഖലകളില്‍ കടന്നുകൂടാന്‍ ഉതകുന്ന സാങ്കേതികതന്ത്രങ്ങളെപ്പറ്റി അത്യാവശ്യം ഗവേഷണം നടത്തിയിട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്നത് നല്ലൊരു കാര്യമായി തോന്നി. അടുത്ത ചിത്രത്തിലെങ്കിലും തന്റെ comfort zoneല്‍ നിന്ന് പുറത്തുവന്ന് വ്യത്യസ്തമായൊരു ചിത്രം Oren Peli പ്രേക്ഷകര്‍ക്ക് നല്‍കും എന്ന് പ്രതീക്ഷിക്കാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, അത്യാവശ്യം ത്രില്ലിംഗ് ആയൊരു അനുഭവംതന്നെയാണ് ഏരിയ 51. ചിത്രം അവസാനിക്കുമ്പോള്‍ പലയിടങ്ങളിലും അപൂര്‍ണ്ണത തോന്നുമെങ്കിലും കണ്ടിരിക്കുമ്പോള്‍ പ്രേക്ഷകനില്‍ ടെന്‍ഷന്‍ ജനിപ്പിക്കുവാനും ചിലയിടങ്ങളിലെങ്കിലും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുവാനും ചിത്രത്തിന് സാധിക്കുന്നുണ്ട്. പോസ്റ്ററിലെ വാചകങ്ങള്‍ വായിക്കുമ്പോള്‍ ഉണ്ടാവാനിടയുള്ള അമിതപ്രതീക്ഷകള്‍ ഇല്ലാതെ കണ്ടാല്‍ ഇഷ്ടപ്പെടാം.. found footage ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരും ഏരിയ 51നെ ചുറ്റിപ്പറ്റി നില്‍ക്കുന്ന നിഗൂഢതകളില്‍ താല്‍പ്പര്യം ഉള്ളവരും കാണാന്‍ ശ്രമിക്കുക.

Friday, May 15, 2015

Project Almanac Movie Review

Project Almanac Movie Poster
പ്രൊജക്റ്റ്‌ അല്‍മനാക് (Project Almanac, 2015, English)
Dean Israelite എന്ന സംവിധായകന്റെ ആദ്യ feature film സംരംഭമാണ് പ്രൊജക്റ്റ്‌ അല്‍മനാക്. Jonny Weston, Sofia Black-D'Elia, Sam Lerner, Allen Evangelista തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ടൈം ട്രാവല്‍ നടത്തുന്ന ഒരുപറ്റം സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്.
ഡേവിഡ് എന്ന പതിനേഴുകാരന്‍ ഒരുദിവസം മരിച്ചുപോയ തന്റെ അച്ഛന്റെ പഴയ സാധനങ്ങള്‍ പരിശോധിക്കുന്നതിനിടയില്‍ യാദൃശ്ചികമായി ഒരു പഴയ വീഡിയോ ക്യാമറ കാണുന്നു. അതില്‍ തന്റെ ഏഴാം പിറന്നാളിന്റെ വീഡിയോ കാണുന്ന ഡേവിഡ് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം കൂടി അതില്‍ കാണുന്നു, ആ വീഡിയോയില്‍ ഒരിടത്ത് പതിനേഴുകാരനായ ഡേവിഡ് അപ്പുറത്തുകൂടെ നടക്കുന്നതും കാണാന്‍ സാധിക്കുന്നുണ്ട്. ഈ സംഭവത്തിന്‌ ഒരു വിശദീകരണവും കണ്ടുപിടിക്കാന്‍ സാധിക്കാതിരുന്ന ഡേവിഡിനും സുഹൃത്തുക്കള്‍ക്കും അച്ഛന്റെ പഴയ സാധനങ്ങള്‍ക്കിടയില്‍നിന്ന് ഒരു ടൈം മെഷീന്റെ മോഡല്‍ കൂടെ കിട്ടുന്നു. അവര്‍ അത് തയ്യാറാക്കുകയും ചെറിയരീതിയില്‍ ടൈം ട്രാവല്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്യുന്നു. പിന്നീട് ശ്രദ്ധക്കുറവുകൊണ്ടും വ്യക്തമായ പ്ലാനിങ്ങിന്റെ അഭാവം കൊണ്ടും പല പ്രശ്നങ്ങളും ഉണ്ടാവുന്നതും കാര്യങ്ങള്‍ കൂടുതല്‍ കുഴയുന്നതും ഒക്കെയാണ് ചിത്രത്തിന്റെ കഥ.
ടൈം ട്രാവല്‍ ചിത്രങ്ങളില്‍ ഒരു പരിധിയ്ക്കപ്പുറം ലോജിക് തിരയുന്നത് അര്‍ത്ഥമില്ലാത്ത കാര്യമാണെങ്കിലും പലയിടങ്ങളിലും ഒട്ടും ലോജിക് ഇല്ലാതെപോയി എന്നത് ചിത്രത്തിന്റെ പ്രധാനപോരായ്മകളില്‍ ഒന്നായിത്തോന്നി. സംവിധായകന്റെ ആദ്യസംരംഭം ആയതുകൊണ്ട് കുറച്ചൊക്കെ കണ്ണടയ്ക്കാമെങ്കിലും ഇക്കാര്യത്തില്‍ കുറച്ചുകൂടെ ശ്രദ്ധകൊടുത്ത് ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. എന്നിരുന്നാലും emotionally ശക്തമായ ഒരു ചിത്രം തന്നെയാണ് പ്രൊജക്റ്റ്‌ അല്‍മനാക്. മുഴുവനായി സയന്‍സിന് പ്രാധാന്യം കൊടുക്കാതെ പ്രണയത്തിനും സുഹൃത്ത്ബന്ധങ്ങള്‍ക്കും മറ്റും പ്രാധാന്യം കൊടുത്തതിനാല്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കും കാണാവുന്ന ഒരു ചിത്രമായി പ്രൊജക്റ്റ്‌ അല്‍മനാക് മാറി.
പ്രധാനനടീനടന്മാര്‍ എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. Technical sideല്‍ അത്യാവശ്യം നല്ല നിലവാരം പുലര്‍ത്താന്‍ ചിത്രത്തിന് സാധിച്ചു. ടൈം ട്രാവല്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

Wednesday, May 13, 2015

The Voices Movie Review

The Voices Movie Poster
ദ വോയ്സസ് (The Voices, 2014, English) Persepolis എന്ന ഒറ്റച്ചിത്രത്തിലൂടെ എന്റെ പ്രിയങ്കരിയായ ഫ്രഞ്ച് എഴുത്തുകാരി Marjane Satrapi സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ദ വോയ്സസ്. ആദ്യമൂന്നുചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. Buried, Proposal തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ Ryan Reynolds, Anna Kendrick, Gemma Arterton തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു psychological thriller ആണ്. ലോകത്തിനുമുന്നില്‍ ജെറി എന്ന യുവാവ് സാധാരണ ജീവിതം നയിക്കുന്ന ഒരാളാണ്.. ഒരു ബാത്ത്ടബ് ഫാക്ടറിയില്‍ ജോലിചെയ്യുന്ന ജെറിയുടെ സ്വകാര്യജീവിതം പക്ഷേ തികച്ചും വിചിത്രമാണ്. തന്റെ വളര്‍ത്തുമൃഗങ്ങളായ ബോസ്കോ(നായ), മിസ്റ്റര്‍ വിസ്കേഴ്സ്(പൂച്ച) തുടങ്ങിയ മൃഗങ്ങളും, കാണാന്‍ സാധിക്കാത്ത മറ്റുപലരും ജെറിയോട് സംസാരിക്കുന്നുണ്ട് എന്നാണ് ജെറിയുടെ വിശ്വാസം. അത്തരത്തില്‍ മുന്നോട്ടുപോകുന്ന ജെറിയുടെ ജീവിതത്തില്‍ നടക്കുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങളും തുടര്‍ന്ന് അവ ജെറിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നതും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇത്തരത്തിലുള്ള മറ്റുപലചിത്രങ്ങളില്‍നിന്നും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ style of making ആണ്. നായകകഥാപാത്രത്തിന്റെ alter ego ആയ ശബ്ദങ്ങള്‍ നായകന്‍റെതന്നെ വ്യത്യസ്തമായ ശബ്ദങ്ങളില്‍ സംസാരിക്കുന്നതുമുതല്‍ കാണാം ഈ വ്യത്യസ്തത. വയലന്‍സ് അത്യാവശ്യം ഉണ്ടെങ്കിലും അതുമുഴുവന്‍ ഓഫ്സ്ക്രീനില്‍ ആക്കിക്കളഞ്ഞതും ശ്രദ്ധേയമായി. പൂച്ചയെ നായകന്‍റെ തിന്മയുടെ വശവും നായയെ നല്ലവശവും ആയി കാണിച്ച രീതിയും നന്നായി. നല്ലൊരു എഴുത്തുകാരി മാത്രമല്ല, നല്ലൊരു സംവിധായകകൂടിയാണ് താനെന്ന് മാര്‍ജേന്‍ സത്രാപി ഈ ചിത്രത്തിലും തെളിയിക്കുന്നു. പ്രധാനകഥാപാത്രമായ ജെറിയെ അവതരിപ്പിച്ച Ryan Reynoldsന്റെ നല്ലൊരു പ്രകടനമായിരുന്നു ചിത്രത്തില്‍ കാണാന്‍ സാധിച്ചത്. അത്യാവശ്യം സങ്കീര്‍ണ്ണമായ ഒരു കഥാപാത്രം ആയിട്ടുകൂടി തന്റെ കഴിവിനനുസരിച്ച് നല്ലരീതിയില്‍ ജെറിയെ അദ്ദേഹം അവതരിപ്പിച്ചു. ചിത്രം മുഴുവനായും ജെറിയെത്തന്നെ ചുറ്റിപ്പറ്റി നിന്നതിനാല്‍ മറ്റുനടീനടന്മാര്‍ക്ക് അധികമൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. Anna Kendrick നന്നായിരുന്നു. സാങ്കേതികവശങ്ങളില്‍ ചിത്രം നല്ല നിലവാരം പുലര്‍ത്തി. മൃഗങ്ങള്‍ സംസാരിക്കുമ്പോഴൊക്കെ lip movement കറക്റ്റ് ആയിരുന്നു. സൈക്കോ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരുപക്ഷേ ഈ ചിത്രം ഇഷ്ടപ്പെടുമായിരിക്കും. കാണാന്‍ ശ്രമിക്കുക. #ShyamNTK

Tuesday, May 12, 2015

Viva la Muerte Movie Review

Viva la Muerte Movie Poster
ലോങ്ങ്‌ ലിവ് ഡെത്ത് (Long Live Death aka Viva la Muerte, 1971, French)
പ്രശസ്ത സ്പാനിഷ്‌-ഫ്രഞ്ച് എഴുത്തുകാരനായ Fernando Arrabal സംവിധാനം ചെയ്ത ആദ്യ feature film ആയിരുന്നു ലോങ്ങ്‌ ലിവ് ഡെത്ത്. 1936 മുതല്‍ 1939 വരെ നീണ്ടുനിന്ന സ്പാനിഷ്‌ ആഭ്യന്തരയുദ്ധത്തിന്റെ അന്ത്യത്തില്‍ കമ്മ്യൂണിസ്റ്റ് ആണെന്ന സംശയത്താല്‍ പോലീസ് അറസ്റ്റ് ചെയ്ത തന്റെ അച്ഛനെ തേടിയുള്ള ഫാന്‍ഡോ എന്ന പത്തുവയസ്സുകാരന്റെ യാത്രയും മറ്റുമാണ് അത്യന്തം വിചിത്രമായ രീതിയില്‍ അറബല്‍ വെള്ളിത്തിരയില്‍ വരച്ചുകാട്ടിയത്. ഫാന്‍ഡോയുടെ കല്‍പ്പിതലോകത്തിലെ ദൃശ്യങ്ങളും യഥാര്‍ത്ഥലോകത്തെ സംഭവങ്ങളും കൂടിക്കുഴഞ്ഞുകിടക്കുന്ന രീതിയിലാണ് സിനിമ മുന്നോട്ടുപോകുന്നത്.
ചുരുക്കം ചിലയിടങ്ങളിലെങ്കിലും ഷേക്ക്‌സ്പിയറിന്റെ ഹാംലറ്റുമായി ലോങ്ങ്‌ ലിവ് ഡെത്ത് കഥാഗതിയില്‍ സാദൃശ്യം പുലര്‍ത്തുന്നുണ്ട് എന്നത് അത്ഭുതകരമായ ഒരു സംഗതിയാണ്. എന്നിരുന്നാലും വളരെ തനതായ, അത്യന്തം haunting and disturbing ആയ ഒരു അവതരണശൈലിയിലൂടെ ചിത്രത്തിലുടനീളം സംവിധായകന്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട്. ഫാന്‍ഡോയുടെ കല്‍പ്പനകള്‍ ചിത്രീകരിച്ചിക്കാനും മറ്റും ലോകസിനിമയില്‍ത്തന്നെ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില രീതികളാണ് ഉപയോഗിച്ചിരിക്കുന്നത്. ബുനുവലിന്റെയും സാല്‍വഡോര്‍ ദാലിയുടെയും തലമുറയിലെ surrealismത്തിന്റെ തലതൊട്ടപ്പന്‍മാര്‍ക്ക് എണ്ണം പറഞ്ഞൊരു പിന്‍ഗാമിയാണ് താന്‍ എന്ന് Arrabal ആദ്യചിത്രത്തിലൂടെതന്നെ തെളിയിക്കുന്നു.
അവതരണശൈലിയില്‍ കുറച്ചെങ്കിലും ഇതിനോട് സാമ്യം പുലര്‍ത്തുന്ന മറ്റൊരു ചിത്രം ഞാന്‍ കണ്ടത് ബിഗോട്ടന്‍ മാത്രമാണ്. അത് ഇതിനെക്കാളും കുറച്ചുകൂടെ raw and symbolic ആയിരുന്നു എന്നതാണ് പ്രാഥമികമായ വ്യത്യാസം. പലരീതികളിലുള്ള ബിംബകല്‍പ്പനകളും ലോങ്ങ്‌ ലിവ് ഡെത്തില്‍ നമുക്കുകാണാം. വ്യത്യസ്തമായ പരീക്ഷണചലച്ചിത്രങ്ങളെ സ്നേഹിക്കുന്നവര്‍ എന്തായാലും കണ്ടിരിക്കേണ്ട ഒന്നാണ് ഈ ചിത്രം. കാണാന്‍ ശ്രമിക്കുക.

Monday, May 11, 2015

Song of the Sea Movie Review

Song of the Sea Movie Poster
സോങ്ങ് ഓഫ് ദ സീ (Song of the Sea, 2014, English)
ഐറിഷ് സംവിധായകനായ ടോം മൂറിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് സോങ്ങ് ഓഫ് ദ സീ. സംവിധായകന്റെ ആദ്യചിത്രം പോലെത്തന്നെ ഒരു അനിമേറ്റഡ് ഫാന്റസി ചിത്രമാണിതും.  മത്സ്യകന്യകകളോട് സമാനമായി കടലില്‍ സീലുകളായും കരയില്‍ മനുഷ്യരായും ജീവിക്കുന്ന 'സെല്‍ക്കി' എന്നൊരു വിഭാഗം നിലനില്‍ക്കുന്നുണ്ടെന്ന അയര്‍ലന്റ്, സ്കോട്ട്ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ പഴയൊരു വിശ്വാസത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2D അനിമേഷനാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
തങ്ങളുടെ അച്ഛനോടൊപ്പം ജീവിക്കുന്ന കുട്ടികളാണ് ബെന്നും സീഷെയും. മൂത്തകുട്ടിയായ ബെന്‍ സംസാരിക്കാത്ത തന്റെ അനുജത്തി സീഷെയുടെ കുസൃതികളില്‍ പലപ്പോഴും അസഹിഷ്ണുത പ്രകടിപ്പിക്കുന്നവനാണ്. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ഇവര്‍ക്ക് അച്ഛനെക്കൂടാതെയുള്ള ആകെ കൂട്ട് കു എന്ന നായയാണ്‌. നഗരത്തില്‍നിന്നും മാറി കടലിനടുത്തുള്ള ഒരു ലൈറ്റ്ഹൗസില്‍ ജീവിതം നയിക്കുന്ന ഇവരുടെ ജീവിതത്തില്‍ പുറംലോകവുമായുള്ള ഏകബന്ധം ഇടയ്ക്ക് ഇവരെ സന്ദര്‍ശിക്കുന്ന മുത്തശ്ശിയാണ്. ഇത്തരത്തില്‍ ജീവിതം നയിക്കുന്നതിനിടയില്‍ ഒരു പ്രത്യേകസാഹചര്യത്തില്‍ ഒരുനാള്‍ കൊച്ചുസീഷെ തന്നെ സംബന്ധിച്ചുള്ള ഒരു വലിയ രഹസ്യം മനസ്സിലാക്കുന്നു. ആ രഹസ്യവും, അതിനോടനുബന്ധിച്ച് സീഷെയ്ക്കും ബെന്നിനും നിറവേറ്റാനുള്ള ദൗത്യങ്ങളും മറ്റുമാണ് ചിത്രത്തില്‍ പിന്നീട്.
വളരെ ഹൃദയഹാരിയായ, മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു ചിത്രമാക്കി സോങ്ങ് ഓഫ് ദ സീയെ മാറ്റാന്‍ ചിത്രത്തിന്റെ ഭാഗമായ എല്ലാവരും നല്ലരീതിയില്‍ ശ്രമിച്ചിട്ടുണ്ട്. അവയെല്ലാം ഫലം കണ്ടെന്ന് നിസംശയം പറയാം. അത്രയും മനോഹരമായ ഒരു നാടോടിക്കഥയാണ് സോങ്ങ് ഓഫ് ദ സീ. ചിത്രം മുന്നോട്ടുപോവുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ബെന്നും സീഷെയുമായി മാറുന്ന അവസ്ഥയാണ് കാണാന്‍ കഴിയുക. ഹയാവോ മിയാസാക്കിയുടെ സ്പിരിറ്റഡ് എവേയുടെ ഒക്കെ ലെവലില്‍ ഉള്ള അത്രയും നല്ലൊരു അനുഭവമാണ് ഈ ചിത്രവും നല്‍കുന്നത്.
അനിമേഷന്‍ വര്‍ക്കുകള്‍ ചെയ്തവരും, കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയവരും തങ്ങളുടെ ജോലി മികച്ചതാക്കി. സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും പ്രശംസ അര്‍ഹിക്കുന്നു, എപ്പോഴുമൊന്നും ഇത്രയും ഹൃദയത്തെ സ്പര്‍ശിക്കുന്ന ചിത്രങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് എല്ലാവരും കാണാന്‍ ശ്രമിക്കുക.
#ShyamNTK

Sunday, May 10, 2015

Ghost Coins Movie Review

Ghost Coins Movie Poster
ഘോസ്റ്റ് കോയിന്‍സ് (Ghost Coins, 2014/2015, Thai)
ഏഷ്യന്‍ ഹൊറര്‍ ചിത്രങ്ങള്‍ കാണുന്നത് രസമുള്ളൊരു പരിപാടിയാണ്. കഥ നടക്കുന്ന പശ്ചാത്തലവും കഥപറയുന്ന രീതിയും പോലുള്ള സവിശേഷതകള്‍ മൂലം ഒട്ടുമിക്ക ഏഷ്യന്‍ ഹൊറര്‍ ചിത്രങ്ങളും ആസ്വാദ്യകരമാവാറുണ്ട്. ഇത്തരമൊരു ചിത്രം തീയറ്ററില്‍ കാണണം എന്ന് കുറേ നാളായി ഉള്ള ആഗ്രഹം ഈ ചിത്രത്താല്‍ സാധ്യമായി. പ്രതീക്ഷിച്ചപോലെ നല്ലൊരു ഹൊറര്‍ അനുഭവമായിരുന്നു ഘോസ്റ്റ് കോയിന്‍സ്.
തായ്ലാന്‍ഡില്‍ അവരുടെ വിശ്വാസപ്രകാരം മരിച്ചുകഴിഞ്ഞവരെ അടക്കം ചെയ്യുമ്പോള്‍ ഒരു സ്വര്‍ണനാണയം വായ്ക്കുള്ളില്‍ വെക്കുക പതിവാണ്. മരണാന്തരജീവിതത്തിലേക്കുള്ള അവരുടെ യാത്ര സുഗമാമാവാന്‍ വേണ്ടിയാണ് ഇതെന്നാണ് കേട്ടുകേള്‍വി. നാല് ചെറുപ്പക്കാര്‍ ഒരു രാത്രി ഇത്തരമൊരു സെമിത്തേരിയില്‍ ചെല്ലുകയും, അവിടത്തെ കല്ലറകളില്‍ കണ്ട സ്വര്‍ണ്ണനാണയങ്ങളില്‍ ആകര്‍ഷകരായി അവയില്‍ ഒന്നുരണ്ടെണ്ണം എടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ചില അജ്ഞാതശക്തികള്‍ അവരെ വേട്ടയാടുന്നതും മറ്റുമാണ് പ്രമേയം. ആദ്യാവസാനം ഒരു ഡാര്‍ക്ക്‌ മൂഡില്‍ മുന്നോട്ടുനീങ്ങുന്ന ചിത്രത്തില്‍ ഇനിയെന്ത് സംഭവിക്കും എന്ന് പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഘടകങ്ങള്‍ ധാരാളമുണ്ട്. നല്ല ആര്‍ട്ട്വര്‍ക്കും ചിത്രത്തിന്റെ ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള കളര്‍ ടോണും ചിത്രത്തിന്റെ മാറ്റുകൂട്ടി. മുഴുവനായും horror elementsന് പ്രാധാന്യം നല്‍കാതെ ഒരു സൈക്കൊലോജിക്കല്‍ ത്രില്ലര്‍ രീതിയില്‍ ചില അവസരങ്ങളില്‍ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോയതും ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. എങ്ങുമെത്താതെ ചിത്രം അവസാനിക്കുമോ എന്ന് പ്രേക്ഷകന്റെ മനസ്സില്‍ ആശങ്ക സൃഷ്ടിക്കുമെങ്കിലും ചിത്രത്തില്‍ അരങ്ങേറിയ സംഭവങ്ങള്‍ക്ക് എല്ലാം അത്യാവശ്യം വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കിക്കൊണ്ടുതന്നെയാണ് ചിത്രം അവസാനിക്കുന്നത്.
Tiwa Moeithaisong സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ താരതമ്യേന പുതുമുഖങ്ങളായ കുറച്ച് നടീനടന്മാര്‍ ആണ് പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുള്ളത്. എല്ലാവരും നല്ലരീതിയില്‍ തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഹൊറര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

Unfriended Movie Review

Unfriended Movie Poster
അണ്‍ഫ്രണ്ടഡ് (Unfriended, 2015, English)
ഒരുമാതിരി എല്ലാ കാര്യങ്ങളും പറഞ്ഞുപഴകിയവ ആയതിനാല്‍ ഹൊറര്‍ മേഖലയില്‍ എന്തെങ്കിലും പുതുമ കൊണ്ടുവരാന്‍ കഴിയുക എന്നതൊരു നല്ല കാര്യമാണ്.. പറയുന്ന കഥ പഴയതാണെങ്കിലും അത് അവതരിപ്പിക്കുന്ന രീതിയിലുള്ള പുതുമ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കാരണമാകും. ബ്ലെയര്‍ വിച്ച് പ്രൊജക്റ്റ്‌, പാരനോര്‍മല്‍ ആക്ടിവിറ്റി തുടങ്ങിയ ചിത്രങ്ങള്‍ അങ്ങനെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവ ആണ്. ഇത്തരത്തില്‍ വ്യത്യസ്തമായൊരു ആഖ്യാനശൈലിയിലൂടെ ശ്രദ്ധ നേടിയ പുതിയൊരു ചിത്രമാണ് അണ്‍ഫ്രണ്ടഡ്. Levan Gabriadze സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത് Shelley Hennig, Moses Jacob, Renee Olstead, Will Peltz തുടങ്ങിയവരാണ്.
തന്റെ ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ ലീക്ക് ആയതിനെത്തുടര്‍ന്ന് പരിഹാസം സഹിക്കവയ്യാതെ ലോറ എന്ന കൗമാരക്കാരി ആത്മഹത്യ ചെയ്യുന്നു. കുറച്ചുനാളുകള്‍ക്കുശേഷം ലോറയുടെ സുഹൃത്തുക്കള്‍ ചേര്‍ന്നുനടത്തുകയായിരുന്ന ഒരു സ്കൈപ്പ് ഗ്രൂപ്പ് കോളില്‍ അജ്ഞാതനായ ഒരു യൂസര്‍ ജോയിന്‍ ചെയ്യുന്നു. പിന്നീട് വിചിത്രവും ഞെട്ടിപ്പിക്കുന്നവയുമായ പല മെസ്സേജുകളും അവര്‍ക്ക് ലോറയുടെ അക്കൌണ്ടില്‍നിന്ന് ലഭിക്കുകയും മറ്റും ചെയ്യുന്നു. ആരാണിത് ചെയ്യുന്നത്, എന്തിനാണിത് ചെയ്യുന്നത് എന്ന ചോദ്യങ്ങളുമായി പരിഭ്രാന്തരായി ഇരിക്കുന്ന അവര്‍ക്കുമുന്നില്‍ പിന്നീട് അരങ്ങേറിയത് അവിശ്വസനീയമായ സംഭവങ്ങളായിരുന്നു..
ഒന്നര മണിക്കൂറോളമുള്ള ഈ ചിത്രം ഒരു കമ്പ്യൂട്ടര്‍ സ്ക്രീനിലാണ് ആദ്യാവസാനം നടക്കുന്നത്. പ്രത്യേകിച്ച് ഒരു special effectsഓ, പശ്ചാത്തലസംഗീതമോ ഒന്നുമില്ലാതെ ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിച്ചു എന്നതുതന്നെയാണ് ചിത്രത്തിന്‍റെ വിജയം. ചിലയിടത്തൊക്കെ അല്ലറചില്ലറ ലോജിക്കല്‍ പിഴവുകള്‍ ഉണ്ടെങ്കിലും വ്യത്യസ്തമായ ഒരു ശ്രമം എന്ന നിലയില്‍ അതൊക്കെ കണ്ടില്ലെന്നു നടിക്കുക എളുപ്പമാണ്.
സംവിധായകന് പ്രഥമദൃഷ്‌ട്യാ അധികം പണിയൊന്നും ഇല്ലെന്നു തോന്നുമെങ്കിലും ഒന്നാലോചിച്ചാല്‍ സംവിധായകനും, ഒപ്പം തന്നെ എഡിറ്ററും നന്നായി കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാവും. മുഴുവനായി സ്കൈപ്പ്, ഫേസ്ബുക്ക്‌, യുട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 2014ലെ ഫന്റാസിയ festivalല്‍ പ്രദര്‍ശിപ്പിച്ച ചിത്രം Universal Studiosന്റെ ശ്രദ്ധ ആകര്‍ഷിക്കുകയും അവര്‍ റൈറ്റ്സ് വാങ്ങി ഈ ചിത്രം റിലീസ് ചെയ്യുകയും ആയിരുന്നു ചെയ്തത്.
ഏതാണ്ട് പത്തുലക്ഷം ഡോളര്‍ മുടക്കുമുതലില്‍ നിര്‍മിച്ച ഈ ചിത്രം മൂന്നുകോടിയില്‍ അധികം ഡോളര്‍ കളക്ഷന്‍ നേടിക്കൊണ്ട് ഇപ്പോഴും നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ പേര്‍സണല്‍ ചാറ്റുകളും മറ്റും കാണാനുള്ള, സ്വകാര്യതയിലേക്ക് എത്തിനോക്കാനുള്ള മനുഷ്യന്റെ ത്വരതന്നെയായിരിക്കാം ഈ നിറഞ്ഞ സദസ്സിനുള്ള കാരണങ്ങളില്‍ ഒന്നും. ഇത്തരം ചിത്രങ്ങള്‍ സിനിമ സ്വപ്നം കാണുന്നവര്‍ക്ക് ഒരു പ്രചോദനമാണ്, നിങ്ങളുടെ ആശയം എന്തുമായിക്കൊള്ളട്ടെ, പ്രേക്ഷകരെ ആകര്‍ഷിക്കും വിധം അതിനെ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ വിജയം നിങ്ങള്‍ക്കുള്ളതാണ്.. ഇത്തരം പരീക്ഷണചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.
#ShyamNTK

Saturday, May 9, 2015

Maggie Movie Review

Maggie Movie Poster
മാഗി (Maggie, 2015, English)
ആര്‍നോള്‍ഡ് ഷ്വാര്‍സ്നെഗര്‍ നിര്‍മ്മിച്ച്‌ ഹെന്‍ട്രി ഹോബ്സണ്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മാഗി. ആബിഗെയ്ല്‍ ബ്രെസ്ലിന്‍, ആര്‍നോള്‍ഡ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരുപക്ഷേ ആര്‍നോള്‍ഡിന്റെ അഭിനയജീവിതത്തിലെതന്നെ ഏറ്റവും ലോ ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരിക്കാം മാഗി. സ്ഥിരം action വേഷങ്ങള്‍ അഴിച്ചുവെച്ച്‌ തന്റെ മകളുടെ ജീവന്‍ രക്ഷിക്കാനായി ഏതറ്റം വരെയും പോവാന്‍ തയ്യാറായ സാധാരണക്കാരനായ ഒരു അച്ഛന്റെ വേഷമാണ് ആര്‍നോള്‍ഡ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇനിയും പ്രതിവിധി കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു outbreak (സോംബി outbreak ഒക്കെ പോലെ) മൂലം കുറെയേറെ ജനങ്ങള്‍ മരിക്കുകയും കുറേപ്പേര്‍ infected ആവുകയും ചെയ്തിരിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. Infected ആയ ആളുകള്‍ രോഗത്തിന്റെ പല stagesലൂടെ കടന്നുപോയി ഒടുവില്‍ മുഴുവനായി സോംബികള്‍ ആവുന്നതിനുമുന്‍പുതന്നെ അവരെ സെല്ലുകളില്‍ അടയ്ക്കാനും അവിടെക്കിടന്ന് മരിക്കാന്‍ അനുവദിക്കാനുമാണ് ഗവണ്മെന്റ്ന്റെ തീരുമാനം. Teenager ആയ മാഗിയും outbreakല്‍ infected ആയ ആളുകളില്‍ ഒരാളാണ്. എന്നാല്‍ എങ്ങനെയെങ്കിലും തന്റെ മകളെ രക്ഷിക്കാനാവും എന്ന് പ്രതീക്ഷിക്കുന്ന മാഗിയുടെ അച്ഛന്‍ വേയ്ഡ് മാഗിയെ ഹോസ്പിറ്റലിലെ സെല്ലില്‍ പാര്‍പ്പിക്കാന്‍ വിസമ്മതിക്കുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതമാണ് ചിത്രം.
സാധാരണ സോംബി ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാനുഷികവികാരങ്ങള്‍ക്കും മറ്റുമാണ് ഈ ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ fast and racy ആയ ഒരു ത്രില്ലര്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് തികച്ചും നിരാശയായിരിക്കും ഫലം. വളരെ മെല്ലെ മുന്നോട്ടുനീങ്ങുന്ന ചിത്രം ഓരോ കഥാപാത്രങ്ങളുടെയും നിസ്സഹായാവസ്ഥയെയും സൂക്ഷ്മവികാരങ്ങളെയും മറ്റും വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ഒരു സോംബി ഹൊറര്‍ ചിത്രം എന്ന് വിളിക്കുന്നതിനേക്കാള്‍ Emotional drama എന്ന് വിളിക്കുന്നതായിരിക്കും ഉചിതം.
താരപരിവേഷങ്ങള്‍ ഒക്കെ അഴിച്ചുവെച്ചുകൊണ്ട് സ്ഥിരം ആക്ഷന്‍ വേഷങ്ങളില്‍ നിന്നുള്ള ആര്‍നോള്‍ഡിന്റെ മാറ്റം അഭിനന്ദനീയമാണ്. തന്റെ മകളെ മെല്ലെമെല്ലെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, ഒന്നും ചെയ്യാനാവില്ല എന്നറിഞ്ഞിട്ടും വിശ്വാസം കൈവിടാത്ത നിസ്സഹായനായ അച്ഛന്റെ വേഷം അദ്ദേഹം മികച്ചതാക്കി. പല രംഗങ്ങളിലും തകര്‍ത്തു എന്നുതന്നെ പറയാം. അദ്ദേഹത്തിന്റെ പ്രകടനത്തിനെക്കാളും ഒട്ടും മോശമാക്കിയില്ല ആബിഗെയ്ലും. പഴയപോലെ ജീവിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും മെല്ലെമെല്ലെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന മാഗി അവരുടെ കൈകളില്‍ ഭദ്രമായിരുന്നു. അസുഖത്തിന്റെ ഓരോ ഘട്ടങ്ങളിലും ഉള്ള അവരുടെ മാറ്റങ്ങളൊക്കെ വിശ്വസനീയമായിരുന്നു. മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.
സാങ്കേതികപരമായി ചിത്രം അസാമാന്യം എന്നൊന്നും പറയാനില്ല, സാധാരണ നിലവാരം പുലര്‍ത്തി, അത്രതന്നെ. പുതുമുഖസംവിധായകന്‍ മോശമാക്കാതെ ചെയ്തു. തിരക്കഥയും പ്രധാനതാരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങളും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കാണാന്‍ ശ്രമിക്കുക.

It Follows Movie Review

ഇറ്റ്‌ ഫോളോസ് (It follows, 2015, English)
It Follows Movie Poster
ഡേവിഡ് റോബര്‍ട്ട് മിച്ചല്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ആണ് ഇറ്റ്‌ ഫോളോസ്. Maika Monroe, Keir Gilchrist, Olivia Luccardi തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിക്കിപീഡിയ പറയുന്നതനുസരിച്ച് സംവിധായകന്‍ കുട്ടിക്കാലത്ത് കണ്ടിരുന്ന ചില സ്വപ്നങ്ങളില്‍ നിന്നാണ് ചിത്രത്തിന്റെ ബേസിക് ഐഡിയ എടുത്തിരിക്കുന്നത്.
ജേയ് എന്ന പെണ്‍കുട്ടിയുടെ ജീവിതം ഏതൊരു സാധാരണ കുട്ടിയുടെയും പോലെ ആയിരുന്നു, എന്നാല്‍ ഒരു ദിവസം തന്റെ ബോയ്‌ഫ്രണ്ടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ജേയ് അതിനുശേഷം ഞെട്ടിപ്പിക്കുന്ന ഒരു സത്യം മനസ്സിലാക്കുന്നു, ഒരു അമാനുഷിക ശക്തി തന്നെ പിന്തുടരുന്നുണ്ടെന്ന്.. തന്റെ ബോയ്‌ഫ്രണ്ട് ലൈംഗികബന്ധത്തിലൂടെ തന്നിലേക്ക് ആ curse കൈമാറുകയായിരുന്നു.. മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത, ചിലപ്പോഴൊക്കെ അപകടകാരികളായ മനുഷ്യരൂപങ്ങള്‍ (it അഥവാ അത് എന്നാണ് സിനിമയില്‍ ഇവരെ വിളിക്കുന്നത്) എതവസരത്തിലും തന്നെ പിന്തുടരാം എന്ന് മനസ്സിലാക്കിയ ജേയ് തന്റെ സുഹൃത്തുക്കളുടെ സഹായത്തിലൂടെ അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍ പിന്നീട്.
തന്റെ രണ്ടാമത്തെ ചിത്രമാണെങ്കിലും സംവിധായകന്‍ വളരെ നന്നായിത്തന്നെ പുതുമയുള്ളൊരു വിഷയത്തെ കൈകാര്യം ചെയ്തിട്ടുണ്ട്.. സ്ഥിരം ഹൊറര്‍ ചിത്രങ്ങളില്‍ നിന്ന് കുറച്ചെങ്കിലും വ്യത്യസ്തത പാലിക്കാന്‍ അദ്ദേഹം കാണിച്ച ശ്രമം പ്രശംസനീയമാണ്. ചെയ്യുന്ന പണി എന്താണെന്നു വ്യക്തമായ ബോധമുള്ള ഒരു സംവിധായകനെ ഈ ചിത്രത്തിലൂടെ നമുക്ക് കാണാം. പലയിടങ്ങളിലും ലൈംഗികത കുത്തിക്കയറ്റാന്‍ ധാരാളം അവസരങ്ങള്‍ ഉണ്ടായിട്ടും പ്രധാനപ്ലോട്ടില്‍ നിന്നും ഒരിക്കല്‍പ്പോലും വ്യതിചലിക്കാതെ നല്ലൊരു ചിത്രമാക്കി സംവിധായകന്‍ ഇതിനെ മാറ്റി. ഛായാഗ്രാഹകന്‍ Mike Gioulakisന്റെ സഹായത്തോടെ ചിത്രത്തിലെ ഓരോ രംഗവും അദ്ദേഹം മികച്ചതാക്കി. കുറഞ്ഞ മുതല്‍മുടക്കുള്ള ചിത്രമാണെങ്കില്‍പ്പോലും സാങ്കേതികപരമായി വളരെ മികച്ചുനിന്നു. Disasterpeaceന്റെ പശ്ചാത്തലസംഗീതം വളരെ നന്നായിരുന്നു.
പ്രധാനനടീനടന്മാര്‍ എല്ലാവരും ആവശ്യത്തിനുള്ള അഭിനയം കാഴ്ചവെച്ചു. അതിഭയങ്കര അഭിനയമുഹൂര്‍ത്തങ്ങള്‍ക്കുള്ള സാധ്യത ഒന്നും തന്നെ സിനിമയില്‍ ഉണ്ടായിരുന്നില്ലെങ്കിലും ഉള്ളതൊക്കെ വൃത്തിയായി ചെയ്തു എന്നുവേണം പറയാന്‍. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ലോകസിനിമാചരിത്രത്തിലെതന്നെ ഏറ്റവും അപ്രതീക്ഷിതമായ endingകളില്‍ ഒന്നാണ് ഇതിന്‍റെ. ഈ ചിത്രത്തിലെ 'it'ന് പലരീതികളില്‍ ഉള്ള വ്യാഖ്യാനങ്ങള്‍ കണ്ടു, ഒരുപക്ഷേ ചിത്രം കണ്ടാല്‍ നിങ്ങള്‍ക്കും നിങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ ഉണ്ടായിരിക്കാം. എന്തായാലും സ്ഥിരം സമവാക്യങ്ങളില്‍നിന്ന് വഴിമാറിനടക്കുന്ന ഹൊറര്‍ ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ കാണാന്‍ ശ്രമിക്കുക.

Friday, May 8, 2015

Piku Movie Review

പിക്കു (Piku, 2015, Hindi)
Piku Movie Poster
യഹാം, വിക്കി ഡോണര്‍, മദ്രാസ്‌ കഫേ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പിക്കു. വിക്കി ഡോണറും മദ്രാസ്‌ കഫേറും രചിച്ച ജൂഹി ചതുര്‍വേദിതന്നെയാണ് ഈ ചിത്രവും രചിച്ചിരിക്കുന്നത്. ദീപികാ പദുക്കോണ്‍, അമിതാഭ് ബച്ചന്‍, ഇര്‍ഫാന്‍ ഖാന്‍, മൗഷ്‌മി ചാറ്റര്‍ജി തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഡല്‍ഹിയിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന പിക്കു എന്ന യുവതിയുടെയും അവരുടെ അച്ഛനായ ഭാസ്കൊര്‍ ബാനര്‍ജിയുടെയും ജീവിതങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. വാശിക്കാരനും നിര്‍ബന്ധബുദ്ധിക്കാരനുമായ ഭാസ്കൊറിന്റെ സ്വഭാവം കുറച്ചുകൂടെ harsh ആയാല്‍ എങ്ങനെയിരിക്കും, അതാണ്‌ പിക്കു. തുടര്‍ച്ചയായി മലബന്ധം അലട്ടുന്നതിനാല്‍ അസ്വസ്ഥനായ ഭാസ്കൊറിന്റെ ഏറ്റവും വലിയ സ്വപ്നം തടസ്സങ്ങള്‍ ഒന്നുമില്ലാതെ സുഖകരമായ ഒരു വിസര്‍ജനമാണ്. ആ അനുഭൂതിയ്ക്കായി പല പരിശ്രമങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. അതിനിടെ ബംഗാളില്‍ ഉള്ള തങ്ങളുടെ തറവാടുവീട് സന്ദര്‍ശിക്കാനായി പിക്കുവും ഭാസ്കൊറും ഡല്‍ഹിയില്‍ നിന്ന് ബംഗാളിലേക്ക് ഒരു യാത്ര പോവുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രം.
നല്ല ഭക്ഷണം കഴിക്കുന്നതുപോലെത്തന്നെ ആനന്ദകരമാണ് നല്ലരീതിയിലുള്ള വിസര്‍ജനം ഉണ്ടാവുന്നതും. പൊതുവേ ചര്‍ച്ചചെയ്യാന്‍ ആളുകള്‍ മടിക്കുമെങ്കിലും ഒരുവിധം എല്ലാ മനുഷ്യരിലും സന്തോഷം ഉളവാക്കുന്ന ഒരു കാര്യമാണത്. അങ്ങനെയുള്ള ഒരു വിഷയത്തില്‍ ഒരു മനോഹരമായ ചിത്രം തയ്യാറാക്കിയതില്‍ ഷൂജിത് സര്‍ക്കാറിനെയും ജൂഹി ചതുര്‍വേദിയെയും എത്ര അഭിനന്ദിച്ചാലും കുറയില്ല. പ്രത്യേകിച്ച് ട്വിസ്റ്റുകളോ ഒന്നും ഇല്ലാതെതന്നെ പ്രേക്ഷകന്റെ മനസ്സുനിറയ്ക്കുന്ന വളരെ നല്ലൊരു അനുഭൂതിയാണ് ചിത്രം നല്‍കുന്നത്. പല ഡയലോഗുകളും വളരെ മികച്ചുനിന്നു. ആദ്യപകുതിയില്‍ ചിലയിടത്തെങ്കിലും തകരാന്‍ സാധ്യത ഉണ്ടോ എന്ന ചെറിയ സംശയം ഉണ്ടാക്കാമെങ്കിലും മുന്നോട്ടുപോകുംതോറും കൂടുതല്‍ കൂടുതല്‍ നന്നായ ചിത്രം ഒടുവില്‍ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരു ക്ലൈമാക്സും നല്‍കുന്നുണ്ട്. വളരെ നല്ലൊരു feel ആണ് ചിത്രം നല്‍കുന്നത്. മലയാളത്തിലെ ഒരു ചെറുപുഞ്ചിരിയൊക്കെ കണ്ട ഒരു ഫീല്‍.
പ്രധാനനടീനടന്മാരുടെ മനോഹരമായ പ്രകടനങ്ങളാണ് ഈ ചിത്രത്തിന്റെ മറ്റൊരു plus point. ദീപികാ പദുക്കോണ്‍ വളരെ നല്ലൊരു വേഷത്തില്‍ തിളങ്ങി. ശരിക്കും മികച്ചൊരു പ്രകടനമായിരുന്നു പിക്കുവായി അവര്‍ കാഴ്ചവെച്ചത്. തുടക്കം മുതല്‍ ഒരുവിധം എല്ലാ ഫ്രെയിമുകളിലും നിറഞ്ഞുനിന്ന പിക്കുവിനെ അവര്‍ വളരെ പക്വമായ രീതിയില്‍ ആണ് അവതരിപ്പിച്ചത്. പിക്കുവിന്റെ അച്ഛനായി അമിതാഭ് ബച്ചനും ഒട്ടും പിറകിലായിരുന്നില്ല. ഈ പ്രായത്തിലും സൂക്ഷ്മാഭിനയത്താല്‍ അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. താരതമ്യേന ഇവര്‍ രണ്ടുപേരെക്കാളും ഒരിത്തിരി പ്രാധാന്യം കുറഞ്ഞ വേഷമായിരുന്നു ഇര്‍ഫാന്‍ ഖാന്റെതെങ്കിലും അദ്ദേഹവും തന്റെ വേഷം മികച്ചതാക്കി. മൗഷ്‌മി ചാറ്റര്‍ജിയുടെ ആന്റി വേഷം അവര്‍ രസകരവും സ്വാഭാവികവുമാക്കി. മറ്റുവേഷങ്ങള്‍ ചെയ്ത രഘുബീര്‍ യാദവ്, വേലക്കാരന്റെ വേഷത്തില്‍ എത്തിയ പേരറിയാത്ത നടന്‍ തുടങ്ങി എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ നന്നായി ചെയ്തു. അനുപം റോയുടെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡിനോട് ഇണങ്ങുന്നതായിരുന്നു. കമല്‍ജിത് നേഗിയുടെ ഛായാഗ്രഹണവും നന്നായി.
കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ലാത്ത ഒരു കൊച്ചുചിത്രമാണിത്. പ്രേക്ഷകന്റെ കണ്ണും മനസ്സും നിറയ്ക്കുന്ന ഒരു മനോഹരമായ ദൃശ്യാനുഭവം. എല്ലാവരും കാണാന്‍ ശ്രമിക്കുക.