ഘോസ്റ്റ് കോയിന്‍സ് (Ghost Coins, 2014/2015, Thai)
ഏഷ്യന്‍ ഹൊറര്‍ ചിത്രങ്ങള്‍ കാണുന്നത് രസമുള്ളൊരു പരിപാടിയാണ്. കഥ നടക്കുന്ന പശ്ചാത്തലവും കഥപറയുന്ന രീതിയും പോലുള്ള സവിശേഷതകള്‍ മൂലം ഒട്ടുമിക്ക ഏഷ്യന്‍ ഹൊറര്‍ ചിത്രങ്ങളും ആസ്വാദ്യകരമാവാറുണ്ട്. ഇത്തരമൊരു ചിത്രം തീയറ്ററില്‍ കാണണം എന്ന് കുറേ നാളായി ഉള്ള ആഗ്രഹം ഈ ചിത്രത്താല്‍ സാധ്യമായി. പ്രതീക്ഷിച്ചപോലെ നല്ലൊരു ഹൊറര്‍ അനുഭവമായിരുന്നു ഘോസ്റ്റ് കോയിന്‍സ്.
തായ്ലാന്‍ഡില്‍ അവരുടെ വിശ്വാസപ്രകാരം മരിച്ചുകഴിഞ്ഞവരെ അടക്കം ചെയ്യുമ്പോള്‍ ഒരു സ്വര്‍ണനാണയം വായ്ക്കുള്ളില്‍ വെക്കുക പതിവാണ്. മരണാന്തരജീവിതത്തിലേക്കുള്ള അവരുടെ യാത്ര സുഗമാമാവാന്‍ വേണ്ടിയാണ് ഇതെന്നാണ് കേട്ടുകേള്‍വി. നാല് ചെറുപ്പക്കാര്‍ ഒരു രാത്രി ഇത്തരമൊരു സെമിത്തേരിയില്‍ ചെല്ലുകയും, അവിടത്തെ കല്ലറകളില്‍ കണ്ട സ്വര്‍ണ്ണനാണയങ്ങളില്‍ ആകര്‍ഷകരായി അവയില്‍ ഒന്നുരണ്ടെണ്ണം എടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ചില അജ്ഞാതശക്തികള്‍ അവരെ വേട്ടയാടുന്നതും മറ്റുമാണ് പ്രമേയം. ആദ്യാവസാനം ഒരു ഡാര്‍ക്ക് മൂഡില്‍ മുന്നോട്ടുനീങ്ങുന്ന ചിത്രത്തില്‍ ഇനിയെന്ത് സംഭവിക്കും എന്ന് പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന ഘടകങ്ങള്‍ ധാരാളമുണ്ട്. നല്ല ആര്‍ട്ട്വര്‍ക്കും ചിത്രത്തിന്റെ ചിത്രത്തിന്റെ മൂഡിനനുസരിച്ചുള്ള കളര്‍ ടോണും ചിത്രത്തിന്റെ മാറ്റുകൂട്ടി. മുഴുവനായും horror elementsന് പ്രാധാന്യം നല്‍കാതെ ഒരു സൈക്കൊലോജിക്കല്‍ ത്രില്ലര്‍ രീതിയില്‍ ചില അവസരങ്ങളില്‍ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോയതും ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. എങ്ങുമെത്താതെ ചിത്രം അവസാനിക്കുമോ എന്ന് പ്രേക്ഷകന്റെ മനസ്സില്‍ ആശങ്ക സൃഷ്ടിക്കുമെങ്കിലും ചിത്രത്തില്‍ അരങ്ങേറിയ സംഭവങ്ങള്‍ക്ക് എല്ലാം അത്യാവശ്യം വ്യക്തമായ വിശദീകരണങ്ങള്‍ നല്‍കിക്കൊണ്ടുതന്നെയാണ് ചിത്രം അവസാനിക്കുന്നത്.
Tiwa Moeithaisong സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ താരതമ്യേന പുതുമുഖങ്ങളായ കുറച്ച് നടീനടന്മാര്‍ ആണ് പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുള്ളത്. എല്ലാവരും നല്ലരീതിയില്‍ തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഹൊറര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.
No comments:
Post a Comment