Thursday, June 25, 2015

Martha Marcy May Marlene Movie Review

Martha Marcy May Marlene Poster
മാര്‍ത്താ മാര്‍സി മെയ് മാര്‍ലീന്‍ (Martha Marcy May Marlene, 2011, English)
Sean Durkin ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം ആയിരുന്നു മാര്‍ത്താ മാര്‍സി മെയ് മാര്‍ലീന്‍. Elizabeth Olsen, John Hawkes, Sarah Paulson, Hugh Dancy തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഒരു drama thriller ആണ്.
തനിക്ക് ഇണങ്ങാത്ത ഒരു സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് സഹോദരിയുടെയും അവരുടെ ഭര്‍ത്താവിന്റെയും കൂടെ ജീവിക്കുന്ന മാര്‍ത്ത എന്ന യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. കഥയുടെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തെ ബാധിക്കും എന്നതിനാല്‍ അങ്ങനെ ചെയ്യുന്നില്ല. വളരെ മെല്ലെ തുടങ്ങി മെല്ലെമെല്ലെ പ്രേക്ഷകനെ കഥയിലേക്ക് അടുപ്പിക്കുന്ന ഒരു ആഖ്യാനശൈലിയാണ് ചിത്രത്തിന്റെത്.. പോകെപ്പോകെ കൂടുതല്‍ disturbing ആവുന്ന ചിത്രം വളരെ ഭീകരമായൊരു അവസ്ഥയില്‍ ആണ് അവസാനിക്കുന്നത്. ആദ്യചിത്രമാണെങ്കിലും രചനയും സംവിധാനവും Sean Durkin നല്ലരീതിയില്‍ത്തന്നെ ചെയ്തു. വളരെ ശക്തമായൊരു തിരക്കഥയുടെ പിന്‍ബലമുള്ള ചിത്രം പല film festivalകളിലും അവാര്‍ഡുകള്‍ നേടി.
മാര്‍ത്തയുടെ വേഷം ചെയ്ത Elizabeth Olsen എന്ന പുതുമുഖനടിയുടെ അസാമാന്യപെര്‍ഫോര്‍മന്‍സ് ചിത്രത്തിന്‍റെ മാറ്റുകൂട്ടുന്നു. വളരെ സങ്കീര്‍ണ്ണമായ ഒരു കഥാപാത്രത്തെ അത്യന്തം മികച്ചതാക്കാന്‍ അവര്‍ക്ക് സാധിച്ചു. ശരിക്കും ഞെട്ടിപ്പിക്കുന്ന ഒരു പ്രകടനം. മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.
Drama thriller വിഭാഗത്തില്‍പ്പെടുന്ന ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രംതന്നെയാണ് മാര്‍ത്താ മാര്‍സി മെയ് മാര്‍ലീന്‍. കാണാന്‍ ശ്രമിക്കുക.

Sunday, June 21, 2015

Parasyte Part 2 Movie Review

Parasyte Part 2 Poster
പാരസൈറ്റ് പാര്‍ട്ട്‌ 2 (Parasyte Part 2, 2015, Japanese)
ഹിതോഷി ഇവാക്കിയുടെ ഇതേ പേരിലുള്ള Mangaയെ ബേസ് ചെയ്ത് ജാപ്പനീസ് സംവിധായകന്‍ തകാഷി യമസാക്കി ഒരുക്കിയ ദ്വിചിത്രപരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ് പാരസൈറ്റ് പാര്‍ട്ട്‌ 2. Shota Sometani, Ai Hashimoto, Eri Fukatsu തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കാഴ്ചയില്‍ തേളിനെപ്പോലെ തോന്നിക്കുന്ന ഒരുപറ്റം അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് വരികയും, ചില മനുഷ്യരുടെ ചെവിയിലൂടെയും മൂക്കിലൂടെയും മറ്റും അവരുടെ ശരീരത്തിനുള്ളിലേക്ക് കടന്ന് തലച്ചോറിന്റെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു. നായകനായ ഷിനിചിയുടെ തലയില്‍ കയറാന്‍ പറ്റാനാവാത്തതിനാല്‍ വലതുകയ്യില്‍ കയറിയ മിഗി എന്ന അന്യഗ്രഹജീവിയുടെ സഹായത്തോടെ മനുഷ്യരെ ഇരയാക്കുന്ന ആ അന്യഗ്രഹജീവികള്‍ക്കെതിരെ നായകന്‍ ആദ്യഭാഗത്തില്‍ തുടങ്ങിവെച്ച പോരാട്ടത്തിന്റെ ബാക്കികഥയാണ് രണ്ടാം ഭാഗത്തില്‍ പ്രേക്ഷകര്‍ക്കുമുന്‍പില്‍ എത്തുന്നത്. ആദ്യഭാഗത്തുനിന്നു മാറി മനുഷ്യരുമായി കൂടുതല്‍ ഇടപഴകി അവരുടെ ജീവിതരീതികള്‍ adapt ചെയ്യാന്‍ ശ്രമിക്കുന്ന ജീവികളെ ഇതില്‍ നമുക്ക് കാണാം.
വലിയ ഗുണമൊന്നും ആദ്യഭാഗത്തിന് ഇല്ലായിരുന്നെങ്കിലും, കഥാപരമായും technicallyയും അതിലും ഒരുപാട് മികച്ചുനിന്നു രണ്ടാംഭാഗം. അവസാനത്തെ ഒന്നുരണ്ട് സീനുകള്‍ വലിച്ചുനീട്ടി എന്ന് തോന്നിയെങ്കിലും ആകെമൊത്തത്തില്‍ നല്ലൊരു അനുഭവമായിരുന്നു ഈ ചിത്രം. ആദ്യഭാഗം ടോറന്റില്‍ ഉണ്ട്, വേണ്ടവര്‍ക്ക് ഡൌണ്‍ലോഡ് ചെയ്തുകാണാം. 

Saturday, June 20, 2015

In an old Manor House aka The Independence of Triangles Movie Review

In an old Manor House aka The Independence of Triangles Movie Poster
ഇന്‍ ആന്‍ ഓള്‍ഡ്‌ മാനര്‍ ഹൗസ് (In an old Manor House aka The Independence of Triangles, 1984, Polish)
പ്രേക്ഷകനെ വട്ടുപിടിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ കാണാന്‍ ഒരു പ്രത്യേകരസമാണ്, വട്ടുപിടിക്കുക എന്നതുകൊണ്ട്‌ കഥാസന്ദര്‍ഭങ്ങളിലെ complexity കൊണ്ടും, കഥയില്‍ കടന്നുവരുന്ന ശാസ്ത്രപരമായ ആശയങ്ങള്‍ കൊണ്ടും ഉള്ള വട്ടുപിടിക്കല്‍ അല്ല ഉദ്ദേശിച്ചത്. മറിച്ച് കഥാസന്ദര്‍ഭങ്ങളിലെ വിചിത്രത, കഥാപാത്രങ്ങളുടെ വിചിത്രമായ പെരുമാറ്റം, പിന്നെ വളരെ അസുഖകരമായ ഒരു കഥാപശ്ചാത്തലവും. ഒരുമാതിരി അസ്വസ്ഥതയും, അതേ സമയം പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രത്യേകരസവും തരുന്ന ഇത്തരം ചിത്രങ്ങള്‍ വളരെ കുറച്ചേ കാണാന്‍ സാധിച്ചിട്ടുള്ളൂ.. ഒരുപാട് മീനുകള്‍ ഉള്ള ഒരു കുളത്തില്‍ ഇറങ്ങുമ്പോള്‍ മീനുകള്‍ വന്ന് കാലില്‍ കൊത്തുമല്ലോ, അപ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതയോ സുഖമോ എന്ന് തിരിച്ചറിയാന്‍ ആവാത്ത അവസ്ഥ, ഇത്തരം ചിത്രങ്ങള്‍ കാണുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥയോട്‌ ഏറ്റവും ചേര്‍ത്തുവെക്കാവുന്ന ഒരവസ്ഥയാണ് അത്.. Surreal genreല്‍ പെടുന്ന ചിത്രങ്ങള്‍ ആയിരിക്കും ഇങ്ങനെയുള്ളവയില്‍ അധികവും, Viva La Muerte, Eraserhead തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ണ്ണമായും ഇത്തരത്തില്‍ ഉള്ള ഫീല്‍ ആണ് തന്നതെങ്കില്‍,  Gummo, Sunday തുടങ്ങിയ ചിത്രങ്ങള്‍ ഒരു പരിധിവരെ ഇത്തരം ഫീല്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ പൂര്‍ണ്ണമായും മനസ്സിനെ പിടിച്ചുലച്ച മറ്റൊരു ചിത്രമായിരുന്നു In an old Manor House. 42 വര്‍ഷത്തെ ചലച്ചിത്രയാത്രയില്‍ കേവലം 5 ഫീച്ചര്‍ ഫിലിമുകള്‍ മാത്രം സംവിധാനം ചെയ്ത Andrzej Kotkowskiയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ആദ്യഭാര്യയുടെ മരണത്തിനുശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ആദ്യഭാര്യയില്‍ ഉണ്ടായ മകനും, രണ്ടാം ഭാര്യയില്‍ ഉണ്ടായ രണ്ടുപെണ്‍കുട്ടികള്‍ക്കും ഒപ്പം ജീവിക്കുന്ന കുടുംബനാഥന്‍ ഒരുനാള്‍ തന്റെ മകനും അയാളുടെ രണ്ടാനമ്മയും തമ്മിലുള്ള വഴിവിട്ട ബന്ധം കാണാന്‍ ഇടയാകുന്നു. അപ്പോള്‍ത്തന്നെ അയാള്‍ തന്റെ ഭാര്യയെ വെടിവെച്ച് കൊല്ലുന്നു. മരണാനന്തരചടങ്ങുകള്‍ക്കുശേഷം തന്റെ ബന്ധുവായ മറ്റൊരു വിധവയെ കുട്ടികളുടെ പുതിയ അമ്മയായി വാഴിക്കാനായി അയാള്‍ വീട്ടിലേക്ക് കൊണ്ടുവരികയും എല്ലാവരും കൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അപ്പോള്‍ നേരത്തെ മരിച്ച സ്ത്രീ തിരിച്ചുവരുന്നു. പ്രേതമായിട്ടോ അതോ ജീവനോടെയോ എന്നൊന്നും വ്യക്തമാക്കുന്നില്ല, അവര്‍ തിരിച്ചുവരികയും കുടുംബകാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. പിന്നീടങ്ങോട്ട് എങ്ങോട്ടൊക്കെയോ സഞ്ചരിക്കുന്ന കഥ ഒടുവില്‍ വളരെ disturbing ആയ രീതിയില്‍ അവസാനിക്കുന്നു.
ആദ്യകാഴ്ചയില്‍ത്തന്നെ അസ്വസ്ഥത ഉളവാക്കുന്ന ഒരു കളര്‍ ടോണും ലോക്കേഷനുകളും ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൂടാതെ നടീനടന്മാരുടെ രൂപഭാവവും വിചിത്രമായ പശ്ചാത്തലസംഗീതവും, അതിലും വിചിത്രമായ കഥാസന്ദര്‍ഭങ്ങളും മറ്റും കൊണ്ട് മികച്ചൊരു surreal കലാസൃഷ്ടിയാക്കി ഈ ചിത്രത്തെ മാറ്റാന്‍ സംവിധായകന് കഴിഞ്ഞു. ചിത്രത്തിന്‍റെ ടൈറ്റിലുകള്‍ എഴുതിക്കാണിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ ഉള്ള ഗാനം പോലും ഇത്തരത്തില്‍ ഉള്ള ഒന്നാണ്.. ജീവിതത്തിന്റെ അപ്പുറത്തുള്ള ഒരു വിചിത്രലോകത്തെപ്പറ്റിയുള്ള ഒന്ന്.. പോളണ്ടിലെ രാഷ്ട്രീയപരമായ പല കാര്യങ്ങളെയും ബിംബവല്‍ക്കരിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടോ എന്ന് ചിലപ്പോള്‍ തോന്നിപ്പോയി, പക്ഷേ ഒന്നും അങ്ങോട്ട്‌ മനസ്സിലായില്ല.
അഭിനേതാക്കള്‍ ആരെന്നോ, അവരുടെ വേറെ സിനിമകള്‍ ഏതൊക്കെയാണെന്നോ ഒരു പിടിയും ഇല്ല, എന്തായാലും എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. വിചിത്രസിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ എന്തായാലും കണ്ടിരിക്കേണ്ട ഒന്നാണ് ഈ ചിത്രം. കാണാന്‍ ശ്രമിക്കുക. മറ്റൊരു കാര്യം, ഇതിന്റെ ഒറിജിനല്‍ പോളിഷ് ടൈറ്റില്‍ W starym dworku, czyli niepodległość trójkątów എന്നാണ്.

Dazed and Confused Movie Review

Dazed and Confused Movie Poster
ഡേസ്ഡ് ആന്‍ഡ്‌ കണ്‍ഫ്യൂസ്ഡ് (Dazed and Confused, 1993, English)
ബിഫോര്‍ സണ്‍റൈസ്, വേക്കിംഗ് ലൈഫ്, ബോയ്‌ഹുഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്ക് സുപരിചിതനായ റിച്ചാര്‍ഡ്‌ ലിങ്ക്ലേറ്ററിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നാണ് ഡേസ്ഡ് ആന്‍ഡ്‌ കണ്‍ഫ്യൂസ്ഡ്. കൃത്യമായി പറഞ്ഞാല്‍ മൂന്നാമത്തെ സംവിധാനസംരംഭം. 1976ലെ കുറച്ച് ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ കഥപറയുന്ന ചിത്രത്തിന് ഈ പേര് ലഭിച്ചത് Led Zeppelinന്റെ ഇതേപേരിലുള്ള ഗാനത്തില്‍നിന്നാണ്. പിന്നീട് ശ്രദ്ധേയതാരങ്ങളായിമാറിയ Matthew McConaughey, Jason London, Ben Affleck, Milla Jovovich, Cole Hauser, Parker Posey, Adam Goldberg, Joey Lauren Adams, Nicky Katt, Rory Cochrane തുടങ്ങിയവര്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ഈ ചിത്രത്തില്‍ ചെയ്തിരുന്നു.
1976ലെ വേനലവധിയ്ക്കായി സ്കൂള്‍ അടയ്ക്കുന്ന ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്. കുറേ teenagersന്റെ അലക്ഷ്യമായ, എന്നാല്‍ രസകരമായ ജീവിതങ്ങളിലെ ഒരു ദിവസം, അതാണ്‌ ഈ ചിത്രം. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഒരു കഥയൊന്നും ചിത്രത്തിനില്ല. മികച്ചുനില്‍ക്കുന്ന, വളരെ സ്വാഭാവികമായ കുറേ കഥാസന്ദര്‍ഭങ്ങള്‍ മാത്രം. നമ്മുടെ സിനിമകളില്‍ സ്കൂള്‍-കോളേജ് പിള്ളേരുടെ കഥകള്‍ വന്നപ്പോഴൊക്കെ പഠനത്തിലോ, സ്പോര്‍ട്സിലോ, രാഷ്ട്രീയപ്രവര്‍ത്തനത്തിലോ, അങ്ങനെ ഏതെങ്കിലും മേഖലയില്‍ അവരുടെ കൂട്ടത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കഥകള്‍ ആയിരുന്നു വന്നത്. അല്ലെങ്കില്‍പ്പിന്നെ ഏറ്റവും അലമ്പ് ആയി നടക്കുന്നവര്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കഥ. എന്നാല്‍ ബഹുഭൂരിപക്ഷം പേരും ഈ രണ്ടുഗണങ്ങളിലും പെടാത്ത മധ്യവര്‍ത്തികള്‍ ആയിരിക്കും. പഠനത്തിനിടയിലും ചെറിയ അലമ്പുകളും മറ്റുമായി സ്കൂള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്ന വിദ്യാര്‍ഥികള്‍. ഈ സിനിമയുടെ വലിയ പ്രത്യേകത എന്തെന്നാല്‍, അത്തരം കുട്ടികള്‍ക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഒന്നേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഒരുനിമിഷം പോലും അനാവശ്യം എന്ന് തോന്നുന്നതോ, ബോര്‍ അടിപ്പിക്കുന്നതോ ആയിട്ടില്ല. റിച്ചാര്‍ഡ്‌ ലിങ്ക്ലേറ്ററിന്റെ സംവിധാനമികവും അഭിനേതാക്കളുടെ മിന്നുന്ന പ്രകടനങ്ങളും നല്ല പശ്ചാത്തലസംഗീതവും, അങ്ങനെ എല്ലാ ഘടകങ്ങളും ഒത്തുവന്നതിനാല്‍ ആയിരിക്കാം എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു ചിത്രമായി ഇത് മാറിയത്. ചിത്രം നടക്കുന്ന കാലഘട്ടത്തിലെ കുട്ടികളുടെ ജീവിതം എങ്ങനെ ആയിരുന്നെന്ന് ചില സിനിമകളില്‍ കണ്ടിട്ടുള്ളതല്ലാതെ വലിയ പിടിയില്ല, എന്നാലും 17 വര്‍ഷം മുന്‍പത്തെ ജീവിതം കൃത്യമായി പുനരാവിഷ്കരിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട് എന്നാണ് ഐഎംഡിബിയിലെ Message boards പറയുന്നത്.
ഒരുപറ്റം നടീനടന്മാര്‍ക്ക് അവരുടെ കരിയറുകളുടെ തുടക്കത്തില്‍ കിട്ടിയ വലിയൊരു ബ്രേക്ക് ആയിരുന്നത്രേ ഈ ചിത്രം. ഇന്ന് ഹോളിവുഡില്‍ വലിയ താരങ്ങളായ Ben Affleck, Matthew McConaughey, Milla Jovovich തുടങ്ങിയവരുടെ ടീനേജ് രൂപങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. ചിത്രത്തില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും പിന്നീട് കാര്യമായി എങ്ങും എത്താന്‍ കഴിയാതെപോയ ചില നിര്‍ഭാഗ്യവാന്മാരെയും നിര്‍ഭാഗ്യവതികളെയും കാണാം, പിന്നീട് അനിമേഷന്‍ മേഖലയിലേക്കും ബ്ലോഗിങ്ങിലേക്കും തിരിഞ്ഞ Wiley Wiggins, താരതമ്യേന ചെറിയ സിനിമകളിലൂടെ തങ്ങള്‍ ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട് എന്ന് പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്തുന്ന Jason London, Cole Hauser തുടങ്ങിയവരെ കാണാം, പിന്നീട് Chasing Amyയിലൂടെ ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിച്ച Joey Lauren Adamsയെ കാണാം, ഈ സിനിമയ്ക്കുശേഷം ചില ടിവി സീരീസുകളില്‍ പ്രത്യക്ഷപ്പെടുകയും, പിന്നീട്  Anti-war activist ആയിമാറുകയും ചെയ്ത Christin Hinojosaയെ കാണാം. എല്ലാവരും ഊര്‍ജസ്വലമായ പ്രകടനങ്ങള്‍ ആണ് കാഴ്ചവെച്ചത്, ശരിക്കും കുറേപ്പേരുടെ ജീവിതം ഷൂട്ട്‌ ചെയ്തുവെച്ചപോലെ തോന്നി പലയിടങ്ങളിലും.
വിക്കിപീഡിയ പ്രകാരം Quentin Tarantinoയുടെ അഭിപ്രായത്തില്‍ സിനിമാചരിത്രത്തിലെ മികച്ച പത്തുചിത്രങ്ങളില്‍ ഒന്നാണിത്. Entertainment Weeklyയുടെ The Top 50 Cult Films ലിസ്റ്റില്‍ പതിനേഴാമതും, അവരുടെതന്നെ 50 Best High School Movies ലിസ്റ്റില്‍ പതിനേഴാമതും, Funniest Movies of the Past 25 Years ലിസ്റ്റില്‍ പത്താമതും ആണ് ചിത്രത്തിന്‍റെ സ്ഥാനം.
ഒരു കാലഘട്ടത്തിലെ യുവത്വത്തിന്റെ നേര്‍ക്കാഴ്ചയായ, മികച്ചൊരു ചിത്രമാണ് ഡേസ്ഡ് ആന്‍ഡ്‌ കണ്‍ഫ്യൂസ്ഡ്. ഒരു landmark ചിത്രം എന്നൊക്കെ വിളിക്കാവുന്ന ഒന്ന്. കണ്ടിട്ടില്ലാത്തവര്‍ കാണാന്‍ ശ്രമിക്കുക.

Friday, June 12, 2015

Kalidasan Kavitha Ezhuthukayaanu Movie Review

Kalidasan Kavitha Ezhuthukayaanu Movie Poster
കാളിദാസന്‍ കവിതയെഴുതുകയാണ് (Kalidasan Kavitha Ezhuthukayaanu, 2014, Malayalam)
കൃഷ്ണനും രാധയും, സൂപ്പര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌, മിനിമോളുടെ അച്ഛന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ്‌ പണ്ഡിറ്റ്‌ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കാളിദാസന്‍ കവിതയെഴുതുകയാണ്. മറ്റുചിത്രങ്ങളിലെപോലെത്തന്നെ ഗാനരചന, സംഗീതം, കലാസംവിധാനം തുടങ്ങി ചിത്രത്തിന്റെ പ്രധാനമേഖലകളൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീ.പണ്ഡിറ്റ്‌ തന്നെയാണ്. കഴിഞ്ഞ ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി കോമഡിയും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു കുടുംബചിത്രമാണ് ഇത്തവണ അദ്ദേഹം പ്രേക്ഷകര്‍ക്ക് കാഴ്ചവെച്ചത്.
ചെറിയൊരു ലൈറ്റ് ആന്‍ഡ്‌ സൗണ്ട് കട നടത്തുന്ന ചെറുപ്പക്കാരനാണ് കാളിദാസന്‍. ജീവിതത്തില്‍ പ്രത്യേകിച്ച് ഒന്നും നേടിയിട്ടില്ലാത്ത, തന്റെ ശുദ്ധതമൂലം നാട്ടുകാരുടെ വെട്ടിപ്പുകള്‍ക്കും അച്ഛനമ്മമാരുടെ ശകാരത്തിനും സ്ഥിരം ഇരയാകേണ്ടിവരുന്ന ഏഴാംക്ലാസുകാരനായ ഒരു സാധാരണ മനുഷ്യന്‍. ഒരവസരത്തില്‍ സ്നേഹിച്ച പെണ്‍കുട്ടിപോലും കാളിദാസനെ വിട്ടുപോവുകയും ഭാവി ഒരു ചോദ്യചിഹ്നമായി കാളിദാസന്റെ മുന്നില്‍ നില്‍ക്കുകയും ചെയ്തപ്പോഴാണ് കാളിദാസന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടായത്. ആരോ കാളിദാസന്റെ പേരില്‍ പെറ്റമ്മ publicationsന് അയച്ചുകൊടുത്ത കവിതയ്ക്ക് മികച്ച കവിതയ്ക്കുള്ള സംസ്ഥാനപുരസ്കാരം ലഭിച്ചിരിക്കുന്നു! അങ്ങനെ ഒറ്റനാള്‍കൊണ്ട് നാട്ടിലെ സംസാരവിഷയമായിമാറിയ കാളിദാസന്റെ മേല്‍ വന്ന ബാധ്യതകളും ചെറുതായിരുന്നില്ല. അദ്ദേഹത്തിന്റെ അടുത്ത കൃതികള്‍ക്കായി നാട്ടുകാര്‍ കാത്തിരുന്ന അവസരത്തില്‍ മര്യാദയ്ക്ക് നാലുവരിപോലും എഴുതാന്‍ അറിയാത്ത കാളിദാസന്‍ എങ്ങനെ അവര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കും? കാളിദാസന്റെ ജീവിതത്തില്‍ എന്തുസംഭവിക്കും? ഇതൊക്കെയാണ് സന്തോഷ്‌ പണ്ഡിറ്റ്‌ ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്.
നാലാമത്തെ ചിത്രത്തിലേക്ക് എത്തിയപ്പോള്‍ ശ്രീ.പണ്ഡിറ്റ്‌ ആദ്യചിത്രങ്ങളില്‍നിന്ന് പല കാര്യങ്ങളിലും കുറെക്കൂടെ മുന്നോട്ടുവന്നു എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത ഒരു സത്യമാണ്. സംവിധാനം, ചിത്രസംയോജനം, തിരക്കഥ തുടങ്ങിയ മേഖലകളില്‍ തന്റെ മുന്‍ചിത്രങ്ങളേക്കാള്‍ മികവുപുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന പല മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു. ഇടയില്‍ കോട്ടിട്ട് ഇന്റര്‍വ്യൂവിന് പോവുന്ന സീനിലും മറ്റും ചില സ്വയം കളിയാക്കലുകളും അദ്ദേഹം നടത്തി. തിരക്കഥ അത്രയേറെ മികച്ചുനിന്നു എന്നൊന്നും പറയാനാവില്ലെങ്കിലും, മലയാളത്തില്‍ ഇറങ്ങുന്ന മറ്റുപല ചിത്രങ്ങളെക്കാളും ഭേദമായി തോന്നി.
എന്നിരുന്നാലും, പല പോരായ്മകളും ചിത്രത്തിനുണ്ട്. ഗാനരംഗങ്ങളുടെ ചിത്രീകരണം വലിയൊരു കല്ലുകടിയായാണ്‌ അനുഭവപ്പെട്ടത്. നായികമാരുടെ ശരീരപ്രദര്‍ശനം യുവപ്രേക്ഷകരെ ആകര്‍ഷിക്കും എന്ന തെറ്റിദ്ധാരണ ശ്രീ.പണ്ഡിറ്റിന് ഉണ്ടെന്നു തോന്നിപ്പിക്കുംവിധമായിരുന്നു ഒട്ടുമിക്ക ഗാനരംഗങ്ങളും. അടുത്ത ചിത്രങ്ങളിലെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ചില ഗാനങ്ങളുടെ ഈണവും വരികളും നന്നായിരുന്നെങ്കിലും രണ്ടുമൂന്നെണ്ണം ശരാശരിനിലവാരമേ പുലര്‍ത്തിയുള്ളൂ. ഗാനങ്ങളുടെ മിക്സിങ്ങും അത്ര സുഖകരമായില്ല. പലപ്പോഴും background instrumentsന്റെ ശബ്ദം ചിലമ്പിച്ചിരുന്നു. അതുപോലെ പശ്ചാത്തലസംഗീതം ചിലയിടങ്ങളില്‍ ലൂപ് ചെയ്തത് ശരിയാവാതെപോയി. ഒരു സാധാരണസിനിമാപ്രേക്ഷകനെ ഇക്കാര്യങ്ങള്‍ ഒക്കെ എത്രത്തോളം ബാധിക്കും എന്നറിയില്ല, പക്ഷേ ഓരോ ചിത്രത്തിലും സ്വയം കൂടുതല്‍ മെച്ചപ്പെടുത്തണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ശ്രീ.പണ്ഡിറ്റ്‌ ഇതൊക്കെ വരുംചിത്രങ്ങളില്‍ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
തന്റെ സ്ഥിരം മാനറിസങ്ങള്‍ ചിലതൊക്കെ കാണാമായിരുന്നെങ്കിലും കാളിദാസന്റെ വേഷം സന്തോഷ്‌ പണ്ഡിറ്റ്‌ ഭംഗിയാക്കി. കഴിഞ്ഞചിത്രങ്ങളെ അപേക്ഷിച്ച് മാസ്സ് സീനുകള്‍ കുറവും കോമഡി രംഗങ്ങള്‍ കൂടുതലുമായിരുന്നു ഇതില്‍ അദ്ദേഹത്തിന് ചെയ്യാനുള്ളത്. പൊതുവേ തന്റെ സിനിമകളില്‍ മദ്യപാനം-പുകവലി രംഗങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കാറുള്ള അദ്ദേഹം ആദ്യമായിട്ടാണെന്ന് തോന്നുന്നു മദ്യപിച്ചിട്ടുള്ള ഒരു രംഗം സിനിമയില്‍ അഭിനയിച്ചത്. അതും അദ്ദേഹം മോശമാക്കിയില്ല. മറ്റുനടീനടന്മാര്‍ എല്ലാവരും ശരാശരിയോ അതിലും താഴെയോ ഉള്ള പ്രകടനങ്ങള്‍ ആയിരുന്നു കാഴ്ചവെച്ചത്. മിക്കവാറും പുതുമുഖങ്ങള്‍ ആയതുകൊണ്ട് കുറെയൊക്കെ കണ്ടില്ലെന്നുനടിക്കാമെങ്കിലും അഭിനേതാക്കളുടെ പ്രകടനത്തിന്റെ കാര്യത്തില്‍ കുറച്ചുകൂടെ ശ്രദ്ധചെലുത്തുന്നത് നന്നായിരിക്കും. കൃഷ്ണനും രാധയും, മിനിമോളുടെ അച്ഛന്‍ എന്നീ ചിത്രങ്ങളില്‍ ദാമോദരന്റെ വേഷം ചെയ്ത അഭിനേതാവ് (പേരറിയില്ല) ഈ ചിത്രത്തിലും രസകരമായൊരു വേഷം ചെയ്തു. മുന്‍ചിത്രങ്ങളില്‍ നായകന്‍റെ സുഹൃത്തിന്റെ വേഷം ചെയ്ത അഭിനേതാവിന്റെ വില്ലന്‍ പരിവേഷമുള്ള വേഷവും വ്യത്യസ്തമായി.
ഒരു മഹത്തായ കലാസൃഷ്ടിയാണ് ഈ ചിത്രം എന്നൊന്നും ഞാന്‍ പറയുന്നില്ല, എന്നിരുന്നാലും സിനിമചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരാളുടെ തരക്കേടില്ലാത്ത ഒരു ശ്രമം, ഇരുപതും മുപ്പതും വര്‍ഷം ചലച്ചിത്രമേഖലയില്‍ പ്രവൃത്തിപരിചയമുള്ള ചിലര്‍ പടച്ചുവിടുന്ന പേക്കൂത്തുകളെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഓരോ ചിത്രത്തിലും മെല്ലെമെല്ലെ മികവുകൂടിവരുന്ന ഇദ്ദേഹത്തിന്റെ സിനിമാശ്രമങ്ങള്‍ അഭിനന്ദനീയംതന്നെയാണ്. വിമര്‍ശകരുടെ വായടപ്പിക്കാന്‍തക്കവണ്ണമുള്ള നല്ലൊരു പണ്ഡിറ്റ്‌ ചിത്രത്തിനായി കാത്തിരിക്കുന്നു.

Thursday, June 11, 2015

Mommy Movie Review

മോമ്മി (Mommy, 2015, French)
87-ആമത് അക്കാദമി അവാര്‍ഡില്‍ മികച്ച ഫോറിന്‍ ചിത്രത്തിന്റെ categoryയില്‍ കാനഡയില്‍നിന്നുള്ള official submission ആയിരുന്നു മോമ്മി. പെരുമാറ്റപ്രശ്നങ്ങള്‍ ഉള്ള ഒരു മകന്റെയും ഏതവസ്ഥയിലും അവനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അമ്മയുടെയും കഥപറയുന്ന ചിത്രം സംവിധാനം ചെയ്തത് Xavier Dolan ആണ്. സാധാരണചിത്രങ്ങളില്‍നിന്നുമാറി 1:1 aspect ratioയിലാണ് ചിത്രത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
വിധവയായ അമ്മയുടെ അടുത്തേയ്ക്ക് മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് അവരുടെ മകനായ teenager സ്റ്റീവ് തിരിച്ചെത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. വളരെയേറെ പെരുമാറ്റപ്രശ്നങ്ങള്‍ ഉള്ള, പലപ്പോഴും വയലന്റ് ആവുന്ന teenager ആയ മകനെ വീട്ടില്‍ കൊണ്ടുവന്നതിനുശേഷം അമ്മയ്ക്ക് താല്‍ക്കാലികമായി ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുകയും, പുതിയൊരു ജോലിയ്ക്കായി അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിനിടയില്‍ യാദൃശ്ചികമായി അവരുടെ ജീവിതത്തിലേക്ക് അയല്‍ക്കാരിയായ കൈല എന്നൊരു സ്ത്രീ കടന്നുവരുന്നു. അമ്മയോടും മകനോടും കൂടുതല്‍ അടുക്കുന്ന കൈല പകല്‍ സമയത്ത് അമ്മ ജോലിയ്ക്കുള്ള തിരച്ചില്‍ നടത്തുമ്പോള്‍ സ്റ്റീവിനെ പഠിപ്പിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നു. അങ്ങനെ പോവുന്ന അവരുടെ ജീവിതങ്ങളില്‍ പിന്നീട് അരങ്ങേറുന്ന ചില സംഭവവികാസങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്.
Xavier Dolan എന്ന സംവിധായകന്‍ ഒരു അസാമാന്യപ്രതിഭ ആണെന്നതിന്റെ തെളിവുകള്‍ ചിത്രത്തിലുടനീളം കാണാം. വളരെ മനോഹരമായി ഇത്തരമൊരു വിഷയത്തെ അദ്ദേഹം അവതരിപ്പിച്ചു. പ്രേക്ഷകന്‍ കഥാപാത്രങ്ങളില്‍ ഒരാളായി മാറി അവരോടൊപ്പം സഞ്ചരിക്കുന്ന സ്ഥിതിവിശേഷം അധികം സിനിമകളിലോന്നും കാണാന്‍ സാധിക്കുകയില്ല. അത്തരമൊരു അനുഭവമായിരുന്നു ഈ ചിത്രം. പല രംഗങ്ങളിലും കരച്ചില്‍ അടക്കാനായില്ല എന്നുതന്നെ വേണം പറയാന്‍. 1:1 aspect ratioയില്‍ നിന്ന് ചില രംഗങ്ങളില്‍ widescreen ആയിമാറുന്നതൊക്കെ വളരെ നന്നായി. അദ്ദേഹത്തിന്റെതന്നെ തിരക്കഥയും വളരെ മികച്ചുനിന്നു. വൈകാരികതയില്‍നിന്ന് അതിവൈകാരികതയിലേക്ക് കടക്കാനുള്ള ഒട്ടനവധി അവസരങ്ങള്‍ ഉണ്ടായിട്ടും വളരെ controlled ആയിരുന്നു തിരക്കഥ എന്നതും അഭിനന്ദനീയമാണ്.
പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മൂന്ന് അഭിനേതാക്കളും (Anne Dorval, Antoine-Olivier Pilon, Suzanne Clément) തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി. ആരാണ് ഏറ്റവും മികച്ചുനിന്നത് എന്ന് ചോദിച്ചാല്‍ കൃത്യമായൊരു ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കും. മൂന്നുപേരും കട്ടയ്ക്ക് നില്‍ക്കുന്ന പ്രകടനങ്ങള്‍ ആയിരുന്നു. എന്നിരുന്നാലും വളരെ സങ്കീര്‍ണ്ണമായ സ്വഭാവവിശേഷങ്ങളുള്ള, ചിലസമയങ്ങളില്‍ ഈഡിപ്പസ് കോംപ്ലക്സിന്റെ shades കാണാന്‍ സാധിക്കുന്ന സ്റ്റീവിനെ അവതരിപ്പിച്ച Antoine-Olivier Pilon പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. ഇവര്‍ മൂന്നുപേര്‍ അല്ലാതെ മറ്റഭിനേതാക്കള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ലെങ്കിലും അവരും തങ്ങളുടെ വേഷങ്ങള്‍ വൃത്തിയാക്കി. മിസ്റ്റര്‍ ബീന്‍ ഹോസ്പിറ്റലില്‍ പോവുന്ന എപ്പിസോഡില്‍ റിസപ്ഷനിസ്റ്റ് ആയി അഭിനയിച്ച അമ്മൂമ്മയെ ഈ സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ കാണാന്‍ സാധിച്ചത് സന്തോഷം ഉളവാക്കി.
എപ്പോഴുമൊന്നും ലഭിക്കാത്തതരത്തിലുള്ള മികച്ചൊരു ചിത്രമാണ് മോമ്മി. ക്ലാസ്സിക്‌ എന്നുതന്നെ വിളിക്കാവുന്നത്. അടിയും വെടിയും പുകയും ഇല്ലാത്ത നല്ല ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

May Movie Review

May Movie Poster
മെയ് (May, 2003, English)
ഏകാന്തതയില്‍ ജീവിക്കുന്ന, അധികം സുഹൃത്തുക്കള്‍ ഒന്നുമില്ലാത്ത പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രങ്ങള്‍ ആക്കിയുള്ള സിനിമകള്‍ എനിക്ക് പൊതുവേ ഇഷ്ടമാണ്. സ്റ്റീഫന്‍ കിങ്ങിന്റെ ക്ലാസിക് നോവലായ കാരിയുടെ ചലച്ചിത്രാവിഷ്കാരങ്ങളായിരിക്കാം ഒരുപക്ഷെ ഈ  ഗണത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയവ. മലയാളത്തില്‍ എന്ന് സ്വന്തം ജാനകിക്കുട്ടിയും ഇത്തരത്തിലുള്ള ഒരു മികച്ച ശ്രമമായിരുന്നു. അമേലിയിലെ പോലെ ഫീല്‍ ഗുഡ് കോമഡിയായും, കാരിയിലെ പോലെ ഹൊറര്‍ ടച്ച്‌ കൊടുത്തും ഒക്കെ ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെയുള്ള മറ്റൊരു ചിത്രമാണ് മെയ്.
തന്റെ കണ്ണിന്റെ അസുഖം മൂലം കുട്ടിക്കാലം മുതല്‍ക്കേ സുഹൃത്തുക്കള്‍ ഇല്ലാതിരുന്ന കുട്ടിയാണ് മെയ് എന്ന കഥാനായിക. അവരുടെ ഉറ്റമിത്രം കുട്ടിക്കാലത്ത് അച്ഛനും അമ്മയും അവര്‍ക്ക് സമ്മാനിച്ച ഒരു പാവയാണ്. ഒരു മൃഗാശുപത്രിയില്‍ ജോലിചെയ്യുന്ന മെയ് ഒരുപാട് സ്വഭാവവൈകല്യങ്ങള്‍ ഉള്ള ഒരു വ്യക്തിയാണ്. ഒരിക്കല്‍ ഒരു കാര്‍ ഗാരേജില്‍ ജോലി ചെയ്യുന്ന ആഡം എന്ന ചെറുപ്പക്കാരനില്‍ മെയ് ആകൃഷ്ടയാകുന്നു. അയാളോട് നേരിട്ട് സംസാരിക്കാന്‍ ധൈര്യമില്ലാതെ ഇരിക്കുന്ന മെയ് പിന്നീട് ചിലസ്ഥലങ്ങളില്‍ അയാളെ കണ്ടുമുട്ടുകയും, അവര്‍ പരസ്പരം അടുക്കുകയും ചെയ്യുന്നു. തുടര്‍ന്ന് മെയിന്റെ വിചിത്രസ്വഭാവങ്ങള്‍ മനസ്സിലാക്കിയ ആഡം മെയില്‍നിന്നു അകലുന്നു. തുടര്‍ന്ന് മെയ് തന്റെ ഉള്ളിലെ കൂടുതല്‍ വിചിത്രമായ സ്വഭാവവൈകൃതങ്ങള്‍ പുറത്തെടുക്കുകയും തുടര്‍ന്ന്‍ അരങ്ങേറുന്ന ഭീകരസംഭവങ്ങളും മറ്റുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
മെയ് കെന്നഡി എന്ന യുവതിയുടെ പാത്രസൃഷ്ടിയില്‍ സംവിധായകന്‍ Lucky McKee അത്യന്തം ശ്രദ്ധചെലുത്തിയിട്ടുണ്ട്. സാധാരണക്കാരില്‍ നിന്ന് അല്‍പം വിട്ടുമാറിയുള്ള, പലപ്പോഴും പ്രവചനാതീതമായ ഒരു പാത്രസൃഷ്ടി വളരെ മികച്ചതാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതുപോലെത്തന്നെ മറ്റുകഥാപാത്രങ്ങള്‍ക്കും വളരെ well defined ആയ വ്യക്തിത്വങ്ങള്‍ നല്‍കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. അഭിനേതാക്കള്‍ എല്ലാവരും നല്ല പ്രകടനങ്ങള്‍ കാഴ്ചവെച്ചു. മെയ് ആയി അഭിനയിച്ച Angela Bettis തന്റെ വേഷം വളരെ മികച്ചതാക്കി. പ്രേക്ഷകന് മടുപ്പ് തോന്നിക്കാത്തവിധം ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ സംവിധായകന് കഴിഞ്ഞു. ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു.
ഒരു weird പെണ്‍കുട്ടിയുടെ കഥപറയുന്ന, അത്യാവശ്യം വയലന്‍സും മറ്റുമുള്ള ഒരു സാധാരണ ചിത്രമാണ് മെയ്. കാണാന്‍ ശ്രമിക്കുക.

Wednesday, June 10, 2015

Insidious Chapter 3 Movie Review

Insidious Chapter 3 Poster
ഇന്‍സിഡിയസ് ചാപ്റ്റര്‍ 3 (Insidious Chapter 3, 2015, English)
2011ല്‍ പുറത്തുവന്ന ഹൊറര്‍ ചിത്രമായിരുന്നു ഇന്‍സിഡിയസ്. ചുരുങ്ങിയ ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം നല്ല പ്രേക്ഷകാഭിപ്രായവും തരക്കേടില്ലാത്ത കളക്ഷനും നേടി. അതിനെത്തുടര്‍ന്ന് 2013ല്‍ ഇന്‍സിഡിയസ് ചാപ്റ്റര്‍ 2 വന്നെങ്കിലും അതിന് സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. എന്തായാലും കളക്ഷനെ കാര്യത്തില്‍ ആദ്യഭാഗത്തെക്കാള്‍ ഒരുപടി മുന്നിലെത്തുകയാണ് രണ്ടാംഭാഗം ചെയ്തത്. ജെയിംസ് വാന്‍ സംവിധാനം ചെയ്ത ആദ്യരണ്ടുഭാഗങ്ങളും ഹിറ്റ്‌ ആയതിനെത്തുടര്‍ന്ന് മൂന്നാമതൊരു ഭാഗംകൂടെ ഇന്‍സിഡിയസിന് ആയിക്കോട്ടെ എന്ന് നിര്‍മ്മാതാക്കള്‍ കരുതിയെങ്കിലും ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് 7ന്റെ തിരക്കുകളില്‍ ആയതിനാല്‍ ജെയിംസ് വാനിന് സംവിധാനം ചെയ്യാന്‍ പറ്റാതെ വരികയും, തുടര്‍ന്ന് ആദ്യരണ്ടുചിത്രങ്ങളിലും അഭിനയിച്ച Leigh Whannell ചിത്രം സംവിധാനം ചെയ്യാന്‍ തയ്യാറാവുകയും ചെയ്തു. ആദ്യരണ്ടുഭാഗങ്ങളുടെയും രചയിതാവും Leigh Whannell തന്നെ ആയിരുന്നു.
ഇന്‍സിഡിയസ് ചാപ്റ്റര്‍ 3 ഇതിനുമുന്‍പ് വന്ന രണ്ടുചാപ്റ്ററുകളുടെയും prequel ആയാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. തന്റെ അമ്മയെ നഷ്ടപ്പെട്ട ക്വിന്‍ ബ്രെന്നെര്‍ എന്ന പെണ്‍കുട്ടി മരണപ്പെട്ടവരുടെ ലോകവുമായി ബന്ധം പുലര്‍ത്താന്‍ കഴിവുള്ള Elise എന്ന സ്ത്രീയുടെ അടുത്തേയ്ക്ക് അമ്മയോട് സംസാരിക്കണം എന്ന ആഗ്രഹവുമായി വരുന്നിടത്താണ് കഥ തുടങ്ങുന്നത്. അവരുടെ ലോകത്തെ ആളുകളുമായി ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും അതിനാല്‍ ഈ ശ്രമത്തില്‍നിന്നു പിന്മാറണം എന്നും Elise ക്വിന്നിന് താക്കീത് നല്‍കുന്നുണ്ടെങ്കിലും ക്വിന്‍ അത് വകവെയ്ക്കാതെ തന്റെ അമ്മയെ contact ചെയ്യാന്‍ വീണ്ടും ശ്രമിക്കുന്നു. തുടര്‍ന്ന് ക്വിന്നിനെ തേടിവന്നത് അപ്രതീക്ഷിതമായ ചില പ്രശ്നങ്ങളായിരുന്നു. ആ പ്രശ്നങ്ങളില്‍നിന്നും, ക്വിന്നിനെ വേട്ടയാടുന്ന അപകടകാരികളായ രൂപങ്ങളില്‍നിന്നും ക്വിന്നിന് രക്ഷപ്പെടാന്‍ ആവുമോ? മറുലോകവുമായി contact ചെയ്യാനുള്ള കഴിവ് ഒരിക്കലും ഉപയോഗിക്കില്ല എന്ന് തീരുമാനം എടുത്ത Eliseന് തന്റെ തീരുമാനം മാറ്റേണ്ടിവരുമോ?
James Wanന്റെ cameoയും, ആദ്യരണ്ടുചിത്രങ്ങളും കണ്ടവരെ ആകര്‍ഷിക്കാനായി പല nostalgic elementsഉം മറ്റും സംവിധായകന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതൊക്കെ രസകരമായി തോന്നി. ഈ ചിത്രം നടക്കുന്നത് രണ്ടാം ഭാഗത്തില്‍ കാണിക്കുന്ന ഫ്ലാഷ് ബാക്കിന് ശേഷവും ബാക്കി കഥയ്ക്ക് മുന്‍പും ആണെന്ന സൂചന ചിത്രത്തിലൂടെ സംവിധായകന്‍ നല്‍കുന്നുണ്ട്. എന്തായാലും കഥാതന്തുവിലോ ഹൊറര്‍ elementsലോ വലിയ പുതുമയൊന്നും കൊണ്ടുവരാന്‍ സംവിധായകന് ആയിട്ടില്ല എന്നുവേണം പറയാന്‍. കഴിഞ്ഞചിത്രങ്ങളില്‍ പരീക്ഷിച്ച dark worldലേക്കുള്ള യാത്രതന്നെയാണ് ഈ ചിത്രത്തിലെയും പ്രധാനപ്പെട്ട സംഭവം. എന്നിരുന്നാലും പ്രേക്ഷകനെ ഞെട്ടിപ്പിക്കാനുള്ള ധാരാളം നിമിഷങ്ങള്‍ ചിത്രത്തിലുണ്ട്. മുന്‍ചിത്രങ്ങളില്‍ വന്നപോലത്തെ അളിഞ്ഞ കുറേ പ്രേതങ്ങള്‍ ഇതിലും ഉണ്ടായിരുന്നു. പേടിപ്പെടുത്താനുള്ള സ്ഥിരം ടെക്നിക്കുകള്‍ തന്നെയാണ് ഒട്ടുമിക്കതും എങ്കിലും കാണുന്നവര്‍ പേടിക്കും. തീയറ്ററില്‍ അടുത്തിരുന്ന പെണ്‍കുട്ടി തീയറ്റര്‍ ആണെന്ന ബോധംപോലും ഇല്ലാതെ വാവിട്ട് കരയുന്നുണ്ടായിരുന്നു!! നടീനടന്മാര്‍ എല്ലാവരും അവരുടെ വേഷങ്ങള്‍ വൃത്തിയായി ചെയ്തു. നായിക കാഴ്ചയില്‍ ആന്‍ഡ്രിയയെയും ആലിയാ ഭട്ടിനെയും രാഗിണി ദ്വിവേദിയെയും മറ്റും ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
Leigh Whannellന്റെ ആദ്യസംവിധാനസംരംഭം എന്തായാലും മോശമായില്ല. പക്ഷേ Saw, Insidious സീരീസുകളുടെ സ്രഷ്ടാവില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഹൊറര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഒരുവട്ടം കാണാനുള്ളതൊക്കെ ഉണ്ട്. കാണാന്‍ ശ്രമിക്കുക.

Tuesday, June 9, 2015

3AM Movie Review

3AM movie poster
3AM (2014, Hindi)
പുലര്‍ച്ചെ മൂന്നുമണി പ്രേതങ്ങളുടെയും ദുരാത്മാക്കളുടെയും happy hoursലെ പീക്ക് ടൈം ആണെന്നാണ്‌ പൊതുവേ horror സിനിമകളില്‍നിന്നുലഭിച്ച അറിവ്. മനുഷ്യര്‍ ഗാഢനിദ്രയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ സമയത്ത് ദുരാത്മാക്കള്‍ സസന്തോഷം അലഞ്ഞുതിരിയുന്നു, അവരുടെ കൈകളില്‍ അകപ്പെടാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യവാന്മാരെ നൈസ് ആയി തട്ടുന്നു, ഇത്തരം കലാപരിപാടികള്‍ അനുസ്യൂതം നടക്കുക രാവിലെ മൂന്നുമണിക്ക് ആണത്രേ. പല ഹൊറര്‍ ചിത്രങ്ങളിലും മൂന്നുമണിയ്ക്കും മൂന്നേക്കാലിനും ഇടയിലുള്ള സമയത്ത് നടക്കുന്ന പ്രേതാക്രമണങ്ങള്‍ വിഷയമായിട്ടുണ്ട്. അത്തരത്തിലുള്ള മറ്റൊരു ചിത്രമാണ് 3AM. ഈ ചിത്രത്തില്‍ മൂന്നുമണിയെപ്പറ്റി പറയുന്നതെന്തെന്നാല്‍, യേശുക്രിസ്തുവിനെ കുരിശില്‍ തറച്ചത് 3PMന് ആണത്രേ. അതിനാല്‍ അതിന്റെ എതിര്‍വശമായ 3AMന് ദുഷ്ടശക്തികള്‍ അത്യന്തം ശക്തരാകുന്നുപോലും.
ദുരാത്മാക്കളുടെ ശല്യം ഉണ്ടെന്ന് കരുതപ്പെടുന്നതിനാല്‍ വര്‍ഷങ്ങളായി സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയില്‍ പ്രവേശനം നിരോധിച്ചിട്ടുള്ള രുദ്രാ മില്ലിന്റെ വളപ്പിലേക്ക് നാല് സുഹൃത്തുക്കള്‍ കയറുന്നു. അവിടെവെച്ച് കയ്യില്‍ ക്യാമറയും മറ്റുമുള്ള ഒരാളെ (രണ്‍വിജയ്‌ സിംഗ്) അവര്‍ കണ്ടുമുട്ടുന്നു. അയാള്‍ അവരോട് അയാളുടെ കഥ പറയുന്നു. ഒരു ടിവി ഷോ producer ആയ അയാള്‍ക്ക് ഒരുരാത്രിയില്‍ ഈ മില്ലില്‍ ഒരു പ്രോഗ്രാം ഷൂട്ട്‌ ചെയ്യാനെത്തിയ തന്റെ girlfriendനെ നഷ്ടപ്പെടുന്നു. പിറ്റേന്ന് മില്ലിനുപുറത്ത്  തൂങ്ങിമരിച്ചനിലയില്‍ അയാളുടെ girlfriendനെ കണ്ടെത്തുന്നതോടെ അവിടത്തെ രഹസ്യങ്ങള്‍ അറിയാനായി അയാളും രണ്ട് സുഹൃത്തുക്കളും മറ്റൊരുനാള്‍ അവിടെയ്ക്ക് പോവുന്നതും അവിടെവെച്ച് അവര്‍ നേരിടേണ്ടിവരുന്ന വിപത്തുകളും മറ്റും.
ബ്ലഡ്‌ മണി എന്ന തരക്കേടില്ലാത്ത ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ സംവിധായകന്‍ Vishal Mahadkarന്റെ രണ്ടാമത്തെ സംവിധാനസംരംഭമായിരുന്നു 3AM. Rannvijay Singh, Salil Acharya, Kavin Dave, Anindita Nayar തുടങ്ങിയവര്‍ ആണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പാശ്ചാത്യഹൊറര്‍ ചിത്രങ്ങളില്‍നിന്ന് ധാരാളം പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കിലും സ്ഥിരം ഇന്ത്യന്‍ പ്രേതക്ലീഷേ സീനുകള്‍ അധികം ഉള്‍പ്പെടുത്താതെ ഒരു ചിത്രം ഒരുക്കിയ ശ്രമം പ്രശംസനീയമാണ്. വലിയ surprises ഒന്നുമില്ലാതെ മുന്നോട്ടുപോയി, ഇടയ്ക്കൊക്കെ പ്രതീക്ഷ തരികയും, സാധാരണരീതിയില്‍ അവസാനിക്കുകയുമാണ് ചിത്രം. ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമുള്ള ചിത്രത്തിലെ നാലഞ്ച് പാട്ടുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ പ്രേക്ഷകരുടെ മനസ്സില്‍ കുറച്ചുകൂടെ impact സൃഷ്ടിക്കാന്‍ കഴിഞ്ഞേനെ. പാട്ടുകള്‍ എല്ലാം mainstream recycled instantly likeable സ്റ്റഫ്‌ ആണെങ്കിലും സിനിമയില്‍നിന്ന് ഒഴിവാക്കാമായിരുന്നു. അഭിനേതാക്കള്‍ ആരും മോശമാക്കിയില്ല.
ഹൊറര്‍ സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണമെങ്കില്‍ ഒന്ന് കണ്ടുനോക്കാം. 

Friday, June 5, 2015

Dil Dhadakne Do Movie Review

Dil Dhadakne Do Movie Poster
ദില്‍ ധഡക്നേ ദോ (Dil Dhadakne Do, 2015, Hindi)
ലക്ക് ബൈ ചാന്‍സ്, സിന്ദഗി നാ മിലേഗി ദൊബാര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സോയാ അക്തര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ദില്‍ ധഡക്നേ ദോ. തന്റെ കഴിഞ്ഞ ചിത്രത്തിലെ ഒരു പാട്ടിന്റെ വരികളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നല്‍കിയതാണ് ഈ ചിത്രത്തിന്റെ ടൈറ്റില്‍. Anil Kapoor, Shefali Shah, Priyanka Chopra, Ranveer Singh, Anushka Sharma, Farhan Akhtar, Rahul Bose, Zarina Wahab, Ridhima Sud തുടങ്ങി വലിയൊരു താരനിരതന്നെയുണ്ട്‌ ചിത്രത്തില്‍.
തങ്ങളുടെ മുപ്പതാം വിവാഹവാര്‍ഷികാഘോഷങ്ങള്‍ പ്രമാണിച്ച് ഒരു കപ്പലില്‍ യാത്രപോവുന്ന മെഹ്റ കുടുംബത്തിന്റെയും അവരുടെ ബന്ധുമിത്രാദികളുടെയും ജീവിതങ്ങളില്‍ ആ യാത്രയ്ക്കിടയില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. ജീവിതത്തില്‍ എന്തുചെയ്യണം എന്ന് തീരുമാനം എടുക്കാന്‍ കഴിയാത്ത കബീര്‍ മെഹ്റയും, തന്റെ വിവാഹജീവിതത്തില്‍ സന്തോഷവതിയല്ലാത്ത സഹോദരി ആയ്ഷ മെഹ്റയും, വിവാഹവാര്‍ഷികം ആഘോഷിക്കുന്ന, പുറമേ ഉത്തമദമ്പതികള്‍ എന്ന് തോന്നിപ്പിക്കുമെങ്കിലും വലിയ സ്വരച്ചേര്‍ച്ചയില്ലാത്ത അവരുടെ അച്ഛനമ്മമാരായ കമല്‍ മെഹ്റയും, നീലം മെഹ്റയും ഒരു കുടുംബം എന്നനിലയില്‍ വളരെ ദയനീയമായ അവസ്ഥയിലൂടെയാണ്‌ പോയിക്കൊണ്ടിരിക്കുന്നത്. മനസ്സുതുറന്നുള്ള ആശയവിനിമയം ഇവര്‍ക്കിടയില്‍ നാമമാത്രമാണ്. കപ്പല്‍ യാത്രയ്ക്കിടയില്‍ നടക്കുന്ന ചില സംഭവങ്ങളും അതിനാല്‍ ഉണ്ടാവുന്ന തിരിച്ചറിവുകളും അവരുടെ ജീവിതത്തില്‍ വഴിത്തിരിവാകുകയാണ്.
ചിത്രത്തിന്‍റെ ആദ്യട്രൈലെര്‍ പുറത്തുവന്നപ്പോള്‍ത്തൊട്ട് വേദനിക്കുന്ന പണക്കാരുടെ ജീവിതകഥ എന്നൊക്കെയുള്ള കളിയാക്കലുകളും വിമര്‍ശനങ്ങളും ചിത്രം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ സിനിമ തുടങ്ങി പത്തിരുപത് മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ കഥാപശ്ചാത്തലവുമായി പൊരുത്തപ്പെട്ടതിനാല്‍ അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒന്നും എനിക്ക് തോന്നിയില്ല. നല്ലരീതിയില്‍ സോയാ അക്തര്‍ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോയിരിക്കുന്നു. നല്ലോണം പണം മുടക്കിയതിനാല്‍ ചിത്രത്തിലുടനീളം ഒരു rich look കൊണ്ടുവരാന്‍ സംവിധായകയ്ക്ക് ആയിട്ടുണ്ട്. Carlos Catalanന്റെ ഛായാഗ്രഹണം അന്താരാഷ്‌ട്രനിലവാരം പുലര്‍ത്തുന്നതായിരുന്നു.
സിനിമയുടെ ഒരു ഹൈലൈറ്റ് ഒറ്റഷോട്ടില്‍ ഉള്ള 'Gallan Goodiyaan' എന്നൊരു പാട്ടാണ്. ചിത്രത്തിലെ ഒരുമാതിരി എല്ലാ നടീനടന്മാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒന്ന്. വളരെ പ്ലാനിങ്ങോടെ ഒരുപക്ഷെ ഒരുപാട് റിഹേഴ്സലുകള്‍ക്കും മറ്റും ഒടുവില്‍ ചിത്രീകരിച്ച അഞ്ചുമിനിട്ടോളം ഉള്ള ആ ഗാനം ഏറെ മികച്ചുനിന്നു.
എല്ലാ നടീനടന്മാരും വളരെ മികച്ച പ്രകടനങ്ങള്‍ ആണ് കാഴ്ചവെച്ചത്. അനില്‍ കപൂറും ഷെഫാലി ഷായും തമ്മിലുള്ള കെമിസ്ട്രി മികച്ചതായിരുന്നു. മികച്ചൊരു നടിയായ ഷെഫാലി ഷായെത്തേടി ഒരുപക്ഷേ കൂടുതല്‍ അവസരങ്ങള്‍ ഈ ചിത്രത്തിനുശേഷം വരുമായിരിക്കും. അതുപോലെതന്നെ സഹോദരീസഹോദരന്മാരായി പ്രിയങ്കാ ചോപ്രയുടെയും റണ്‍വീര്‍ സിങ്ങിന്റെയും കെമിസ്ട്രിയും അടിപൊളി ആയിരുന്നു. ശരിക്കും ചേച്ചിയും അനിയനും പോലെ നല്ല ഫീല്‍ തോന്നിച്ചു. പ്രിയങ്കാ ചോപ്രയുടെ അഭിനയജീവിതത്തിലെതന്നെ ഏറ്റവും മികച്ച റോളുകളില്‍ ഒന്നായിരിക്കും ഇതിലെ വേഷം. മറ്റുനടീനടന്മാരില്‍ ഫര്‍ഹാന്‍ അക്തര്‍, അനുഷ്കാ ശര്‍മ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ നന്നാക്കി. പ്രിയങ്കയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ രാഹുല്‍ ബോസും മികച്ചുനിന്നു. മറ്റെല്ലാവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റിന്റെ നറേഷനും നന്നായി.
ഏതാണ്ട് മൂന്നുമണിക്കൂറോളം ഉള്ള ചിത്രത്തില്‍ശക്തമായൊരു കഥയുടെ അഭാവവും വളരെ മെല്ലെയുള്ള ആഖ്യാനശൈലിയും ആണ് പ്രധാന പോരായ്മകള്‍ എന്നൊരു വാദം ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ അതൊരു പ്രശ്നമായി എനിക്ക് തോന്നിയില്ല. ഒരു കുടുംബത്തിലെ കുറേ ജീവിതസന്ദര്‍ഭങ്ങള്‍ വലിയ ധൃതിയൊന്നും വെക്കാതെ പറഞ്ഞുപോയി, നിര്‍ത്തേണ്ടിടത്ത് നിര്‍ത്തി എന്നാണ് എനിക്ക് തോന്നിയത്. സിന്ദഗി നാ മിലേഗി ദൊബാരയെക്കാളും അല്‍പംകൂടെ മെല്ലെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. എന്നാലും മിക്കസ്ഥലങ്ങളിലും മടുപ്പ് ഉളവാക്കാതെ മുന്നോട്ടുപോവാന്‍ ചിത്രത്തിന് സാധിച്ചു. പലയിടങ്ങളിലും സ്ഥിരം ബോളിവുഡ് ക്ലീഷേകളെ കളിയാക്കുന്നപോലെ തോന്നി. കൊച്ചുകൊച്ചുനര്‍മ്മമുഹൂര്‍ത്തങ്ങളും, ഹൃദയസ്പര്‍ശിയായ രംഗങ്ങളും ചിത്രത്തില്‍ ധാരാളമുണ്ട്.
അല്‍പം സ്ലോ ആണെങ്കിലും നല്ലൊരു ഫീല്‍ ആണ് ചിത്രം സമ്മാനിച്ചത്. ഫീല്‍ ഗുഡ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക. 

Thursday, June 4, 2015

The Host Movie Review

The Host Movie Poster
ദ ഹോസ്റ്റ് (The Host, 2006, Korean)
Memories of Murder, Mother, Snowpiercer തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോളശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകന്‍ Joon-ho Bongന്റെ മറ്റൊരു ചിത്രമാണ് ദ ഹോസ്റ്റ്. തന്റെ രണ്ടാമത്തെ ചിത്രമായ Memories of Murder ഏറെ നിരൂപകശ്രദ്ധയും തീയറ്റര്‍ വിജയവും കണ്ടതോടെ ഏറെ പ്രതീക്ഷയോടെയായിരുന്നു ഹോസ്റ്റിനെ പ്രേക്ഷകര്‍ കാത്തിരുന്നത്. ആ പ്രതീക്ഷകള്‍ ഒന്നും തകര്‍ക്കാതെ മികച്ചൊരു ചിത്രമായിരുന്നു ഇത്തവണയും സംവിധായകന്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത്. കഴിഞ്ഞ ചിത്രത്തില്‍നിന്നു മാറി ഒരു monster film ആയാണ് ഹോസ്റ്റ് ഒരുക്കപ്പെട്ടത്.
ഒരു പരീക്ഷണശാലയില്‍നിന്ന്‍ കുറെയേറെ formaldehyde ഒഴുക്കിക്കളയുന്നു. ഇത് ഹാന്‍ നദിയിലേക്കാണ് എത്തിച്ചേരുന്നത്. ഒന്നുരണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ഹാന്‍ നദിയില്‍നിന്നും ഒരു ഭീകരജീവി പൊങ്ങിവരികയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുന്നു. ഒരു ചെറിയഭക്ഷണശാല നടത്തുന്ന ഗാങ്ങ്ടുവിന്റെ മകളെയും ഈ ഭീകരജീവി ആക്രമിച്ച് വിഴുങ്ങുന്നു. തുടര്‍ന്ന് ഭീകരജീവിയുടെ രക്തം ദേഹത്തില്‍ പതിച്ചകാരണത്താല്‍ ഹോസ്പിറ്റലിലെ പ്രത്യേകവിഭാഗത്തില്‍ അഡ്മിറ്റ്‌ ചെയ്യപ്പെടുന്ന ഗാങ്ങ്ടുവിന് മകളുടെ ഫോണില്‍നിന്ന്‍ അവര്‍ ജീവനോടെയുണ്ട് എന്ന് ഒരു കോള്‍ വരുന്നു. ശേഷം ഗാങ്ങ്ടുവും ഗാങ്ങ്ടുവിന്റെ കുടുംബവും ചേര്‍ന്ന് മകളെ രക്ഷിക്കാനായി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിലുള്ളത്. ഒട്ടേറെ ത്രില്ലിംഗ് നിമിഷങ്ങളിലൂടെയും ചിലപ്പോഴെങ്കിലും വേദനിപ്പിക്കുന്ന തമാശരംഗങ്ങളിലൂടെയും കടന്നുപോയി നല്ലൊരു ക്ലൈമാക്സില്‍ ചിത്രം അവസാനിക്കുമ്പോള്‍ മികച്ചൊരു കലാസൃഷ്ടി ആസ്വദിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു മനസ്സില്‍.
പ്രഥമദൃഷ്ട്യാ മറ്റൊരു monster മൂവി ആയി മാത്രം തോന്നുന്ന ചിത്രം പക്ഷേ ഒരുപാട് രാഷ്ട്രീയപരമായ വിമര്‍ശനങ്ങളും മറ്റും മുന്നോട്ടുവെക്കുന്നുണ്ട്. അമേരിക്കന്‍ അധിനിവേശവും മറ്റൊട്ടേറെ കാര്യങ്ങളും മറ്റും. കൊറിയന്‍ ഭാഷ മനസ്സിലാവാത്തതിനാല്‍ ഇവയില്‍ ഒട്ടുമിക്കതും നമുക്ക് മിസ്‌ ആവാനാണ് സാധ്യത. എന്നാല്‍ പിന്നീട് IMDBയിലെ discussion boardലെ ചര്‍ച്ചകള്‍ വായിച്ചുനോക്കിയപ്പോള്‍ ഒരുപാട് രസകരമായ വിവരങ്ങള്‍ വായിക്കാന്‍ സാധിച്ചു. കൊറിയയുടെ ചരിത്രത്തിലേക്കും നിലവിലുള്ള രാഷ്ട്രീയനയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന ഒട്ടേറെ subtle ആയ symbols സംവിധായകന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടത്രേ.
Joon-ho Bongന്റെ സംവിധാനമികവ്, മിഴിവുറ്റ frames, നല്ല സംഭാഷണങ്ങള്‍, Kang-ho Song, Hie-bong Byeon, Hae-il Park തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങള്‍ തുടങ്ങി ഒട്ടേറെ കാരണങ്ങളാല്‍ കാണാവുന്ന നല്ലൊരു ചിത്രംതന്നെയാണ് ഹോസ്റ്റ്. കാണാന്‍ ശ്രമിക്കുക.
#ShyamNTK