Wednesday, June 10, 2015

Insidious Chapter 3 Movie Review

Insidious Chapter 3 Poster
ഇന്‍സിഡിയസ് ചാപ്റ്റര്‍ 3 (Insidious Chapter 3, 2015, English)
2011ല്‍ പുറത്തുവന്ന ഹൊറര്‍ ചിത്രമായിരുന്നു ഇന്‍സിഡിയസ്. ചുരുങ്ങിയ ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം നല്ല പ്രേക്ഷകാഭിപ്രായവും തരക്കേടില്ലാത്ത കളക്ഷനും നേടി. അതിനെത്തുടര്‍ന്ന് 2013ല്‍ ഇന്‍സിഡിയസ് ചാപ്റ്റര്‍ 2 വന്നെങ്കിലും അതിന് സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. എന്തായാലും കളക്ഷനെ കാര്യത്തില്‍ ആദ്യഭാഗത്തെക്കാള്‍ ഒരുപടി മുന്നിലെത്തുകയാണ് രണ്ടാംഭാഗം ചെയ്തത്. ജെയിംസ് വാന്‍ സംവിധാനം ചെയ്ത ആദ്യരണ്ടുഭാഗങ്ങളും ഹിറ്റ്‌ ആയതിനെത്തുടര്‍ന്ന് മൂന്നാമതൊരു ഭാഗംകൂടെ ഇന്‍സിഡിയസിന് ആയിക്കോട്ടെ എന്ന് നിര്‍മ്മാതാക്കള്‍ കരുതിയെങ്കിലും ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് 7ന്റെ തിരക്കുകളില്‍ ആയതിനാല്‍ ജെയിംസ് വാനിന് സംവിധാനം ചെയ്യാന്‍ പറ്റാതെ വരികയും, തുടര്‍ന്ന് ആദ്യരണ്ടുചിത്രങ്ങളിലും അഭിനയിച്ച Leigh Whannell ചിത്രം സംവിധാനം ചെയ്യാന്‍ തയ്യാറാവുകയും ചെയ്തു. ആദ്യരണ്ടുഭാഗങ്ങളുടെയും രചയിതാവും Leigh Whannell തന്നെ ആയിരുന്നു.
ഇന്‍സിഡിയസ് ചാപ്റ്റര്‍ 3 ഇതിനുമുന്‍പ് വന്ന രണ്ടുചാപ്റ്ററുകളുടെയും prequel ആയാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. തന്റെ അമ്മയെ നഷ്ടപ്പെട്ട ക്വിന്‍ ബ്രെന്നെര്‍ എന്ന പെണ്‍കുട്ടി മരണപ്പെട്ടവരുടെ ലോകവുമായി ബന്ധം പുലര്‍ത്താന്‍ കഴിവുള്ള Elise എന്ന സ്ത്രീയുടെ അടുത്തേയ്ക്ക് അമ്മയോട് സംസാരിക്കണം എന്ന ആഗ്രഹവുമായി വരുന്നിടത്താണ് കഥ തുടങ്ങുന്നത്. അവരുടെ ലോകത്തെ ആളുകളുമായി ബന്ധം പുലര്‍ത്താന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും അതിനാല്‍ ഈ ശ്രമത്തില്‍നിന്നു പിന്മാറണം എന്നും Elise ക്വിന്നിന് താക്കീത് നല്‍കുന്നുണ്ടെങ്കിലും ക്വിന്‍ അത് വകവെയ്ക്കാതെ തന്റെ അമ്മയെ contact ചെയ്യാന്‍ വീണ്ടും ശ്രമിക്കുന്നു. തുടര്‍ന്ന് ക്വിന്നിനെ തേടിവന്നത് അപ്രതീക്ഷിതമായ ചില പ്രശ്നങ്ങളായിരുന്നു. ആ പ്രശ്നങ്ങളില്‍നിന്നും, ക്വിന്നിനെ വേട്ടയാടുന്ന അപകടകാരികളായ രൂപങ്ങളില്‍നിന്നും ക്വിന്നിന് രക്ഷപ്പെടാന്‍ ആവുമോ? മറുലോകവുമായി contact ചെയ്യാനുള്ള കഴിവ് ഒരിക്കലും ഉപയോഗിക്കില്ല എന്ന് തീരുമാനം എടുത്ത Eliseന് തന്റെ തീരുമാനം മാറ്റേണ്ടിവരുമോ?
James Wanന്റെ cameoയും, ആദ്യരണ്ടുചിത്രങ്ങളും കണ്ടവരെ ആകര്‍ഷിക്കാനായി പല nostalgic elementsഉം മറ്റും സംവിധായകന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതൊക്കെ രസകരമായി തോന്നി. ഈ ചിത്രം നടക്കുന്നത് രണ്ടാം ഭാഗത്തില്‍ കാണിക്കുന്ന ഫ്ലാഷ് ബാക്കിന് ശേഷവും ബാക്കി കഥയ്ക്ക് മുന്‍പും ആണെന്ന സൂചന ചിത്രത്തിലൂടെ സംവിധായകന്‍ നല്‍കുന്നുണ്ട്. എന്തായാലും കഥാതന്തുവിലോ ഹൊറര്‍ elementsലോ വലിയ പുതുമയൊന്നും കൊണ്ടുവരാന്‍ സംവിധായകന് ആയിട്ടില്ല എന്നുവേണം പറയാന്‍. കഴിഞ്ഞചിത്രങ്ങളില്‍ പരീക്ഷിച്ച dark worldലേക്കുള്ള യാത്രതന്നെയാണ് ഈ ചിത്രത്തിലെയും പ്രധാനപ്പെട്ട സംഭവം. എന്നിരുന്നാലും പ്രേക്ഷകനെ ഞെട്ടിപ്പിക്കാനുള്ള ധാരാളം നിമിഷങ്ങള്‍ ചിത്രത്തിലുണ്ട്. മുന്‍ചിത്രങ്ങളില്‍ വന്നപോലത്തെ അളിഞ്ഞ കുറേ പ്രേതങ്ങള്‍ ഇതിലും ഉണ്ടായിരുന്നു. പേടിപ്പെടുത്താനുള്ള സ്ഥിരം ടെക്നിക്കുകള്‍ തന്നെയാണ് ഒട്ടുമിക്കതും എങ്കിലും കാണുന്നവര്‍ പേടിക്കും. തീയറ്ററില്‍ അടുത്തിരുന്ന പെണ്‍കുട്ടി തീയറ്റര്‍ ആണെന്ന ബോധംപോലും ഇല്ലാതെ വാവിട്ട് കരയുന്നുണ്ടായിരുന്നു!! നടീനടന്മാര്‍ എല്ലാവരും അവരുടെ വേഷങ്ങള്‍ വൃത്തിയായി ചെയ്തു. നായിക കാഴ്ചയില്‍ ആന്‍ഡ്രിയയെയും ആലിയാ ഭട്ടിനെയും രാഗിണി ദ്വിവേദിയെയും മറ്റും ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
Leigh Whannellന്റെ ആദ്യസംവിധാനസംരംഭം എന്തായാലും മോശമായില്ല. പക്ഷേ Saw, Insidious സീരീസുകളുടെ സ്രഷ്ടാവില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഹൊറര്‍ ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഒരുവട്ടം കാണാനുള്ളതൊക്കെ ഉണ്ട്. കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment