Thursday, October 29, 2015

Paranormal Activity Ghost Dimension Movie Review

പാരാനോര്‍മല്‍ ആക്ടിവിറ്റി ഘോസ്റ്റ് ഡയമെന്‍ഷന്‍ (Paranormal Activity Ghost Dimention, 2015, English)
പാരാനോര്‍മല്‍ ആക്ടിവിറ്റി സീരീസിലെ അഞ്ചാമത്തെയോ ആറാമത്തെയോ അതോ ഏഴാമത്തെയോ പടം. അങ്ങനെ പറഞ്ഞതെന്തെന്നുവെച്ചാല്‍, ഞാന്‍ പടത്തിനുപോയപ്പോള്‍ അഞ്ചാമത്തെ പടമാണെന്ന് കരുതിയത്, പക്ഷേ തിരിച്ചുവന്ന് വിക്കി നോക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം അഞ്ചാമത്തെ പടം ഇറങ്ങിയിട്ടുണ്ട്, അത് കാണാന്‍ വിട്ടുപോയിരുന്നു. പിന്നെ ഒരു ജാപ്പനീസ് സ്പിന്‍ഓഫും കണക്കില്‍ എടുത്താല്‍ ഏഴാമത്തെ ആണ് ഇത്. എന്തായാലും സീരീസിലെ കഴിഞ്ഞ പടങ്ങളില്‍നിന്നും വ്യത്യസ്തമായി ഇത്തവണ ത്രീഡിയില്‍ ആണ് ആക്ടിവിറ്റി നടക്കുന്നത്. പക്ഷേ ഞാന്‍ ഒരു ടുഡി സ്ക്രീനില്‍ ആണ് ചിത്രം കണ്ടത്, അതിനാല്‍ ത്രീഡി എഫക്റ്റ്സ് എങ്ങനെ ഉണ്ടെന്നുപറയാന്‍ ഞാന്‍ ആളല്ല. ചിത്രത്തിലേക്ക് വരാം.

മൂന്നാമത്തെ ആക്ടിവിറ്റിയിലെ ഒരു രംഗത്തിന്റെ തുടര്‍ച്ചയായുള്ള ഒരു സീനിനുശേഷം വര്‍ത്തമാനകാലത്തേക്ക് വരുന്ന ചിത്രത്തില്‍ കഥാനായകനായ റയാന്‍ ക്രിസ്മസ്സിനായി തന്റെ വീട് ഒരുക്കുന്നതിനിടയില്‍ പത്തിരുപത്തഞ്ചുകൊല്ലം പഴക്കമുള്ള ഒരു വീഡിയോ ക്യാമറയും കുറേ കാസറ്റുകളും തന്റെ വീട്ടില്‍നിന്ന് കണ്ടെടുക്കുന്നു. അവയില്‍ പഴയ ആക്ടിവിറ്റികളിലെ കഥാപാത്രങ്ങളായ കേറ്റിയുടെയും ക്രിസ്റ്റിയുടെയും കുട്ടിക്കാലത്തെ ഹിപ്നോട്ടിസവും മറ്റും റയാന്‍ കാണുന്നു. അതിനിടെ എല്ലാ ഇംഗ്ലീഷ് സിനിമകളിലെയും പോലെ റയാന്റെ ആറുവയസ്സുകാരി മകള്‍ ഒരു സാങ്കല്‍പ്പികസുഹൃത്തുമായി സംസാരിക്കാന്‍ തുടങ്ങുന്നു, വീട്ടില്‍ അസ്വാഭാവികമായ കാര്യങ്ങള്‍ സംഭവിക്കുന്നു, ഇവര്‍ ക്യാമറ സെറ്റ് ചെയ്യുന്നു, അതില്‍ വിചിത്രമായ കാര്യങ്ങള്‍ കാണുന്നു, പള്ളീലച്ചനെ വിളിക്കുന്നു, ബാധ ഒഴിപ്പിക്കാന്‍ നോക്കുന്നു എന്നുതുടങ്ങി എല്ലാ ഐറ്റംസും യഥാക്രമം നടക്കുന്നു. ഒടുവില്‍ എല്ലാ ആക്ടിവിറ്റികളും അവസാനിക്കുന്നപോലെ ഇതും അവസാനിക്കുന്നു.
കുറഞ്ഞ ബജറ്റില്‍ ആളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള നിര്‍മ്മാതാക്കളുടെ തന്ത്രം ഇപ്രാവശ്യവും ഫലിച്ചു എന്നാണ് ബോക്സ്ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കുറച്ച് വ്യത്യസ്തമായ, പക്ഷേ അവ്യക്തമായ ടൈം ട്രാവല്‍ ആശയങ്ങള്‍ ഉണ്ട്, പിന്നെ ഈ ആക്ടിവിറ്റി ഒക്കെ നടത്തുന്ന ആ ദുഷ്ടശക്തിയെ കുറച്ചുകൂടെ തെളിച്ചുകാണിക്കുന്നുണ്ട് എന്നീ കാര്യങ്ങള്‍ ഒഴിച്ചാല്‍ ഈ സീരീസിലെ പഴയചിത്രങ്ങളില്‍നിന്ന് ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമാണ് ഇത്. ഈ സീരീസിന്റെ ആരാധകര്‍ക്ക് വേണമെങ്കില്‍ കാണാം. ഇതിനുമുന്‍പത്തെ ഭാഗങ്ങളെക്കാളും മോശമൊന്നും അല്ല, എന്നാല്‍ പ്രത്യേകിച്ച് പുതുമ ഒന്നുമില്ലതാനും.

Wednesday, October 28, 2015

ഹാലോവീന്‍ ആശംസകള്‍

വീണ്ടുമൊരു ഹാലോവീന്‍
ഒക്ടോബര്‍ മാസത്തെ അവസാനരാത്രി. വിവിധരാജ്യങ്ങളില്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ പൊടിപൊടിയ്ക്കുകയാണ്. കൊച്ചുടോമിയും ഹാലോവീനിനുള്ള ഒരുക്കങ്ങളില്‍ ആയിരുന്നു. ഗ്രേസിയമ്മായി വാങ്ങിച്ചുതന്ന ഒറ്റക്കണ്ണന്‍ ഭൂതത്തിന്റെ മുഖം മൂടിയും കറുത്ത കുപ്പായവും അണിഞ്ഞ് അവന്‍ കൂട്ടുകാരായ മാര്‍ട്ടിനും ഗ്രിഗറിയ്ക്കും ഒപ്പം തന്റെ അയല്‍പക്കങ്ങളില്‍ ഉള്ള വീടുകളില്‍ 'ട്രിക്ക് ഓര്‍ ട്രീറ്റ്' ചോദിക്കാനിറങ്ങി. ട്രീറ്റ് പറയുന്നവരില്‍നിന്നും ചോക്കലേറ്റുകളും കാന്‍ഡികളും വാങ്ങി ശേഖരിക്കാന്‍ കൊച്ചുസഞ്ചികളും, ട്രിക്ക് പറയുന്ന ചില മുശടന്‍ വൃദ്ധന്മാരുടെ ജനാലകളിലേക്ക് എറിയാനായി പഴകിയ മുട്ടകളും അവര്‍ കരുതിയിരുന്നു. മിസ്റ്റര്‍ വാട്ട്സണിന്റെയും മിസ്റ്റര്‍ ഹാര്‍പ്പറിന്റെയും വീടുകളില്‍നിന്ന് മിഠായികള്‍ വാങ്ങി സഞ്ചിയില്‍ ഇട്ടശേഷം അവര്‍ തെരുവിന്റെ മറുവശത്തേയ്ക്ക് കടക്കാന്‍ ഒരുങ്ങി. അപ്പോഴാണ്‌ കുസൃതിയായ ഗ്രിഗറി 'നീളന്‍കോട്ടിട്ട അപ്പൂപ്പന്റെ' വീട്ടില്‍ പോയാലോ എന്ന് ചോദിച്ചത്. കര്‍ത്താവേ! ടോമി മേലോട്ടുനോക്കി വിളിച്ചു. ആരും താമസമില്ലാത്ത, പ്രേതബാധ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്ന ആ പഴയ വീട്ടിലേക്ക് പോവുന്ന കാര്യമാണ് ഗ്രിഗറി പറയുന്നത്, അതും ഈ രാത്രിയില്‍! വേണ്ടെന്ന് ഏറെ പറഞ്ഞുനോക്കിയെങ്കിലും 'നമ്മള്‍ കൊച്ചുപിള്ളേര്‍ ഒന്നുമല്ലല്ലോ എട്ടുവയസ്സായില്ലേ, ധൈര്യമുണ്ടെങ്കില്‍ വാ' എന്നുപറഞ്ഞപ്പോള്‍ ടോമിയും മാര്‍ട്ടിനും ഗ്രിഗറിയുടെ പിന്നാലെ നടന്നു.
കൂരിരുട്ട്. അവര്‍ ആ പഴയ വീടിന്റെ ഗേറ്റ് തുറന്നു. ഒരു കരിമ്പൂച്ച ദൂരെയെവിടെയോ മോങ്ങി. ഒച്ചവെക്കാതെ അടിവെച്ചടിവെച്ച് കുട്ടികള്‍ വാതിലിനരികിലേക്ക് നടന്നു. മാറാലപിടിച്ച ആ വാതിലില്‍ മുട്ടിക്കൊണ്ട് അവര്‍ ചോദിച്ചു, "ട്രിക്ക് ഓര്‍ ട്രീറ്റ്?" മറുപടിയില്ല. വീണ്ടും, അല്പംകൂടെ ഉച്ചത്തില്‍ അവര്‍ ആ ചോദ്യം ആവര്‍ത്തിച്ചു. 'ട്രിക്ക് ഓര്‍ ട്രീറ്റ്?' കാറ്റ് കൂടുതല്‍ ശക്തിയില്‍ വീശുന്നതായി അവര്‍ക്ക് തോന്നി. പൊടുന്നനെ അകത്തുനിന്ന് ഒരു പ്രായമേറിയ ശബ്ദം പഴയൊരു നൂറ്റാണ്ടില്‍നിന്നെന്നപോലെ അവരെത്തേടിയെത്തി, 'ട്രീറ്റ്!'.
'കണ്ടില്ലേ, ഇവിടെ പ്രേതവും ഇല്ല പിശാചും ഇല്ല!' ഗ്രിഗറി ആവേശംകൊണ്ടു. അപ്പോള്‍ അകത്തുനിന്നും ഇങ്ങനെ ആ ശബ്ദം, "അകത്തേക്ക് വരൂ കുട്ടികളേ, നിങ്ങള്‍ക്കായി എടുത്തുവെച്ച ഈ ട്രീക്കിള്‍ ടോഫികള്‍ എടുക്കൂ. ഈ വയസ്സന് നല്ല സുഖമില്ല!" കേട്ടപാടെ ഗ്രിഗറി അകത്തേയ്ക്ക് കടന്നു. "ഗ്രിഗറി കൊണ്ടുവരട്ടെ ടോഫി. നമുക്ക് ഇവിടെ നില്‍ക്കാം" മാര്‍ട്ടിന്‍ പറഞ്ഞപ്പോള്‍ ടോമിക്കും അതാണ്‌ നല്ലതെന്ന് തോന്നി.

'നേരം കുറച്ചായി, ഗ്രിഗറിയുടെ ഒച്ചയൊന്നും കേള്‍ക്കാനില്ലല്ലോ. അകത്തെ കിളവന്റെ കൂടെ ചെസ്സ്‌ കളിക്കാന്‍ ഇരുന്നിട്ടുണ്ടാവുമോ അവന്‍! ചെസ്സ്‌ എന്നുവെച്ചാല്‍ അവന് മുഴുപ്രാന്താണ് പിന്നെ!' ടോമിയുടെ അഭിപ്രായത്തെ ശരിവെച്ച മാര്‍ട്ടിന്‍ അകത്തുകടന്ന് അവര്‍ എന്താണ് ചെയ്യുന്നത് എന്ന് നോക്കാം എന്ന് തീരുമാനിച്ചു. വാതില്‍ തള്ളുമ്പോള്‍ എന്താണ് തുറകാത്തത്? വീണ്ടും വീണ്ടും തള്ളിനോക്കിയിട്ടും തുറകുന്നില്ലല്ലോ.. "ഗ്രിഗറീ.." അവര്‍ ഉറക്കെ വിളിച്ചു. മറുപടി ഇല്ല. വീണ്ടും വാതില്‍ തുറക്കാനായി നോക്കുമ്പോള്‍, വാതിലില്‍ ഒരു തുരുമ്പിച്ച പൂട്ട്‌! പടച്ചതമ്പുരാനേ, ഈ പൂട്ട് ഇവിടെ എങ്ങനെ വന്നു!! വാതിലില്‍ വീണ്ടും വീണ്ടും മുട്ടിയപ്പോള്‍ വാതില്‍ തുരുമ്പിച്ച വിജാഗിരികളുടെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ മെല്ലെ തുറന്നു. ഗ്രിഗറി എവിടെ? ആരാണ് വാതില്‍ തുറന്നത്? അയ്യോ, രണ്ടുകയ്യുകള്‍ അല്ലേ അകത്തുനിന്ന് നീണ്ടുവരുന്നത്! അയ്യോ, നീണ്ട നഖമുള്ള, വിരലുകളുടെ അറ്റത്തുനിന്ന് ചോരയിറ്റുന്ന രണ്ടുകൈകള്‍! തിരിഞ്ഞുനോക്കാതെ ഓടട്ടെ. മാര്‍ട്ടിന്‍ എവിടെ? ഏതുനരകത്തിലെങ്കിലും ആവട്ടെ, രക്ഷപ്പെടണം. അമ്മ പറഞ്ഞപോലെ ഈ വീട് ഒഴിവാക്കാമായിരുന്നു.. ഗേറ്റ് എവിടെ? അയ്യോ ഈ നാശം പിടിച്ച വേര്.. കാല്‍മുട്ടും മുറിഞ്ഞല്ലോ.. സാരമില്ല.. എങ്ങനെയെങ്കിലും ഗേറ്റിനുപുറത്ത് കടക്കണം. ഗേറ്റ് എവിടെ? അതാ ഗേറ്റ്.. ഗേറ്റിനടുത്ത് ആരാണ് നില്‍ക്കുന്നത്? നീണ്ട കുപ്പായമിട്ട ഒരാള്‍.. മുഖം വ്യക്തമല്ലല്ലോ.. അയ്യോ.. അയാളുടെ കണ്ണുകള്‍ എന്താണിങ്ങനെ തിളങ്ങുന്നത്.. എത്ര ഓടിയിട്ടും ഈ നശിച്ച ഗേറ്റ് എത്താത്തത് എന്താണ്? ആ രൂപം അടുത്തേയ്ക്ക് വരുന്നുണ്ടോ? അതെന്തിനാണ് നാക്കുനീട്ടുന്നത്! അയ്യോ എന്നെ വിടൂ.. എന്നെ വിടൂ.. ഇരുട്ട് കൂടിക്കൂടിവരുന്നല്ലോ.. എന്നെ വിടൂ...

എല്ലാവര്‍ഷവും ഹാലോവീന്‍ പ്രമാണിച്ച് ഇറങ്ങുന്ന സിനിമകളില്‍ ഒന്നിലെങ്കിലും കാണാവുന്ന ഒരു കഥയാണ് മുകളില്‍ എഴുതിയത്. ഇതോ, ഇതിന്റെ വകഭേദങ്ങളോ ആയ പ്രേതകഥകള്‍. അതെ, പ്രേതസിനിമകളുടെ ആരാധകര്‍ക്ക് ഉത്സവമാണ് ഹാലോവീന്‍. ഓരോ വര്‍ഷവും ധാരാളം ഹൊറര്‍ ചിത്രങ്ങളാണ് ഹോളിവുഡിലും മറ്റുപല സിനിമാ ഇന്‍ഡസ്ട്രികളിലും ഹാലോവീന്‍ റിലീസിനായി തയ്യാറാക്കപ്പെടുന്നത്. വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകള്‍ മുതല്‍ ചെറുകിട നിര്‍മ്മാതാക്കള്‍ വരെ ഒക്ടോബറിലെ അവസാനവാരം പ്രേക്ഷകനെ പേടിപ്പിക്കുക എന്ന ലക്ഷ്യവുമായി സിനിമകള്‍ നിര്‍മ്മിക്കുന്നു. അവയില്‍ ചിലത് പ്രേക്ഷകനെ ഏറെ ഭയപ്പെടുത്തുന്നു, ചിലത് നിരാശപ്പെടുത്തുന്നു.. ഭയപ്പെടുത്തിയവയുടെ തുടര്‍ച്ചകള്‍ അടുത്ത ഹാലോവീനുകളില്‍ വീണ്ടും പ്രേക്ഷകനെ പേടിപ്പെടുത്താന്‍ എത്തുന്നു..
പണ്ടൊരു ഹാലോവീന്‍ കാലത്ത് ഭയത്തിന്റെ പുതിയ അദ്ധ്യായം പ്രേക്ഷകനുമുന്നില്‍ തുറന്ന പാരനോര്‍മല്‍ ആക്ടിവിറ്റിയ്ക്കും, തുടര്‍ന്നുള്ള മൂന്ന് ആക്ടിവിറ്റികള്‍ക്കും ശേഷം വീണ്ടും പുതിയൊരു ആക്ടിവിറ്റിയുമായി ഓറന്‍ പെലിയും കൂട്ടരും എത്തിയപ്പോള്‍ അവരെ ബോക്സ്ഓഫീസില്‍ എതിരിട്ടത് നിരൂപകര്‍ക്ക്‌ ഏറെ പ്രിയപ്പെട്ട ചെറിയ ബജറ്റില്‍ ഉള്ള Bone Tomahawkഉം വിന്‍ ഡീസലിനെ നായകനാക്കി ക്രേസീസും സഹാറയും മറ്റും ഒരുക്കിയ സംവിധായകന്‍ Breck Eisnerന്റെ Last Witch Hunterഉം ആണ്. മോശം അഭിപ്രായമാണ് നിരൂപകരില്‍നിന്ന് നേടിയതെങ്കിലും കുറഞ്ഞ ബജറ്റും പിന്നെ മുന്‍ചിത്രങ്ങളുടെ ഹൈപ്പും മൂലം അഞ്ചാമത്തെ പാരനോര്‍മല്‍ ആക്ടിവിറ്റിയും നിര്‍മ്മാതാവിന്റെ കൈ പൊള്ളിക്കില്ല എന്നകാര്യം ഏതാണ്ട് ഉറപ്പാണ്. എത്ര മോശം അഭിപ്രായം ആണെങ്കിലും തീയറ്ററിന്റെ ഇരുളില്‍ പേടിച്ചരണ്ട പ്രേക്ഷകര്‍ക്കൊപ്പം ഒരു ഹൊറര്‍ ചിത്രം കാണുന്നത് ഒരു പ്രത്യേകരസംതന്നെയാണ്. നാളെ കാണണം, പാരനോര്‍മല്‍ ആക്ടിവിറ്റിയോ അല്ലെങ്കില്‍ സ്പാനിഷ്‌ ഹൊറര്‍ ചിത്രമായ Purgatoryയോ. പുതിയ ആശയങ്ങളുമായി യക്ഷികളെയും വാമ്പയര്‍മാരെയും തെളിച്ചുകൊണ്ട് നല്ല സംവിധായകര്‍ നമ്മെ പേടിപ്പിക്കാനായി ഇനിയും ഈവഴി വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. എല്ലാവര്‍ക്കും ഹാലോവീന്‍ ആശംസകള്‍.

Saturday, October 24, 2015

Alleluia Movie Review

അല്ലേലൂയ (Alleluia, 2015, French)
Calvaire, Vinyan എന്നീ നിരൂപകശ്രദ്ധ നേടിയ ഹൊറര്‍ ചിത്രങ്ങള്‍ക്കുശേഷം സംവിധായകന്‍ Fabrice Du Welz ഒരുക്കിയ പുതിയ സൈക്കോ ത്രില്ലര്‍ ആണ് അല്ലേലൂയ. Lola Dueñas, Laurent Lucas എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരിക്കുന്നു.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മകളോടൊപ്പം ജീവിക്കുന്ന ഗ്ലോറിയ ഒരുനാള്‍ ഒരു dating service വഴി മൈക്കളിനെ പരിചയപ്പെടുന്നു. ആദ്യസമാഗമത്തില്‍ത്തന്നെ മൈക്കിളിനെ ഇഷ്ടപ്പെട്ട അന്തര്‍മുഖിയായ ഗ്ലോറിയ അയാള്‍ക്ക് ധനസഹായം ചെയ്യുന്നുവെങ്കിലും തുടര്‍ന്ന് അയാളെ കാണാതാവുന്നു. പിന്നീട് ഒരു ക്ലബ്ബില്‍ മറ്റൊരു മധ്യവയസ്കയ്ക്കൊപ്പം അയാളെ കാണുന്ന ഗ്ലോറിയ അയാള്‍ പണത്തിനുവേണ്ടി ഒറ്റയ്ക്കുജീവിക്കുന്ന സ്ത്രീകളെ പറ്റിക്കുന്ന ആളാണെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ഈ സത്യം മനസ്സിലാക്കിയശേഷവും അയാളോടുള്ള അഭിനിവേശം മറക്കാന്‍ സാധിക്കാത്തതിനാല്‍ തുടര്‍ന്നുള്ള operations ഒരുമിച്ച് നടത്താം എന്ന് ഗ്ലോറിയ അയാളോട് അഭിപ്രായപ്പെടുകയും അയാള്‍ അത് സമ്മതിക്കുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന നാടകീയമുഹൂര്‍ത്തങ്ങള്‍ ആണ് ചിത്രത്തില്‍ പിന്നീട്.
മികച്ചരീതിയില്‍ ഉള്ള making ആണെന്നതൊഴിച്ചാല്‍ likeable ആയി ഒന്നും ചിത്രത്തില്‍ ഇല്ല. അവതരിപ്പിച്ച കഥയുടെ പ്രത്യേകതതന്നെയാണത്. ഒട്ടും ഇഷ്ടം തോന്നാത്ത കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും, ഏറെ intimate സീന്‍സ് ഉണ്ടായിട്ടുപോലും നല്ലൊരു വികാരം ഉണര്‍ത്തുന്നതിനുപകരം അലോസരപ്പെടുത്തുക ആയിരുന്നു അവയൊക്കെ. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാര്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. വളരെ അസ്വസ്ഥത ഉണര്‍ത്തുന്ന visualsഉം പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ക്ലൈമാക്സിലെ സംഘട്ടനരംഗമൊക്കെ അത്യന്തം സ്വാഭാവികമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്, നമ്മുടെ മുന്നില്‍ നടക്കുന്നതുപോലെ തോന്നും.
Slow paced സൈക്കോ drama പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒന്ന് കണ്ടുനോക്കാം. പണ്ടൊരു Antichrist കണ്ടിരുന്നു, അത് കഴിഞ്ഞപ്പോള്‍ ഉണ്ടായതിന് സമാനമായ ഫീലിംഗ് ആയിരുന്നു ഈ ചിത്രം കഴിഞ്ഞപ്പോഴും.

Friday, October 23, 2015

Jalte diye Malayalam Translation

'പ്രേം രതന്‍ ധന്‍ പായോ' എന്ന ചിത്രത്തിനുവേണ്ടി ഇര്‍ഷാദ് കാമില്‍ രചിച്ച് ഹിമേഷ് റേഷമ്മിയ ഈണം നല്‍കിയ മനോഹരമായൊരു ഗാനമാണ് 'ജല്‍ത്തേ ദിയേ' അഥവാ 'എരിയുന്ന ദീപങ്ങള്‍'. പ്രണയത്തിന്റെ മധു നുകരുകയും, അതേസമയം തങ്ങളുടെ പ്രണയത്തിന്റെ ഭാവി എന്തെന്നറിയാതെ പകച്ചുനില്‍ക്കുകയും ചെയ്യുന്ന പ്രണയികളുടെ അവസ്ഥാന്തരങ്ങള്‍ ഗാനത്തിലൂടെ ഇര്‍ഷാദ്ജി അവതരിപ്പിച്ചിരിക്കുന്നു. ഹര്‍ഷദീപ് കൗര്‍, അന്വേഷാ, വിനീത് സിംഗ്, ഷബാബ് സാബ്രി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഈ ഗാനത്തിന്റെ മലയാളവ്യാഖ്യാനം ചെയ്യാനായി നടത്തിയ ഒരു ശ്രമമാണ് താഴെ. വായിച്ചിട്ട് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കൂ.














ഇന്ന് നമ്മുടെ കൂടിക്കാഴ്ചയുടെ രാവ് ആയിരുന്നെങ്കില്‍
എത്ര മനോഹരമായേനെ

പ്രണയം തളിര്‍ക്കുമ്പോള്‍ ദീപങ്ങള്‍ ജ്വലിച്ചുണരുമത്രേ
ഉടലിലും ഉള്ളിലും മിഴികളിലും ദീപങ്ങള്‍ ജ്വലിച്ചുണരുമത്രേ
വരൂ പ്രിയാ, വരൂ
വരൂ പ്രിയാ, നിനക്കുവേണ്ടി
എരിയുന്നു ദീപങ്ങള്‍
നിന്റെ തണലില്‍ ഞാനെന്റെ ജീവിതം ചെലവഴിക്കട്ടെ
എരിയുന്നു ദീപങ്ങള്‍

ചിലപ്പോഴൊക്കെ ഇത്തരം ദീപങ്ങളാല്‍ അഗ്നിബാധ ഉണ്ടായേക്കാം
വൃത്തിയുള്ള ഉടയാടകളിലും കറ പറ്റിയേക്കാം
മനസ്സിന്റെ പൂങ്കാവനം വെറും തരിശുനിലമായി മാറിയേക്കാം

സ്വപ്നങ്ങളില്‍ മനോഹാരിത ഉണ്ടെങ്കില്‍ ദീപങ്ങള്‍ ജ്വലിച്ചുണരും
കാമനകളുടെയും ലജ്ജയുടെയും ദീപങ്ങള്‍ ജ്വലിച്ചുണരും
വരൂ പ്രിയാ, വരൂ
വരൂ പ്രിയാ, നിനക്കുവേണ്ടി
എരിയുന്നു ദീപങ്ങള്‍

എനിക്കായി ജ്വലിക്കുന്ന ആ ദീപം, അത് എന്റേതല്ല
എനിക്കുനേരെ എന്തിനീ വെളിച്ചം വരുന്നു, ഇതിനെ തടയൂ
ഈ വിചിത്രപ്രഭയില്‍ എത്രയെന്നുവെച്ചാണൊരാള്‍ ജീവിക്കുക?

ശ്വാസത്തില്‍ താളം ഉണ്ടെങ്കില്‍ ദീപങ്ങള്‍ ജ്വലിച്ചുണരും
കൈവളകളിലും കാല്‍ത്തളകളിലും ദീപങ്ങള്‍ ജ്വലിച്ചുണരും
വരൂ പ്രിയാ.. എരിയുന്നു ദീപങ്ങള്‍

ഗാനം കേള്‍ക്കാന്‍:


Wednesday, October 21, 2015

Heart Attack Movie Review

ഹാര്‍ട്ട് അറ്റാക്ക്‌ (Heart Attack aka Freelance, 2015, Thai)
Nawapol Thamrongrattanaritന്റെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയചിത്രമാണ് ഹാര്‍ട്ട് അറ്റാക്ക്‌. Sunny Suwanmethanon പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ Davika Hoorne, Torpong Chantabubpha തുടങ്ങിയവരും മറ്റുമുഖ്യവേഷങ്ങളില്‍ എത്തുന്നു. വളരെ workaholic ആയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
സ്വതന്ത്രഗ്രാഫിക് ഡിസൈനര്‍ ആയ യൂന്‍ തന്റെ ജോലി ഒഴികെ മറ്റൊന്നിനും പ്രാധാന്യം നല്‍കാത്ത ആളാണ്‌. സിനിമ, പാട്ട്, കൂട്ടുകാരോടൊത്തുള്ള കറക്കം തുടങ്ങിയവ വെറും സമയനഷ്ടം മാത്രമാണെന്ന് വിശ്വസിക്കുന്ന യൂന്‍ ക്രമേണ ഉറക്കവും സമയനഷ്ടമാണെന്ന് വിശ്വസിക്കാന്‍ തുടങ്ങുകയും അഞ്ചാറുദിവസമൊക്കെ തുടര്‍ച്ചയായി ഉറങ്ങാതെ ജോലിയെടുക്കുകയും ചെയ്യുന്നു. അങ്ങനെ ആരോഗ്യനില താറുമാറായി ശരീരം പ്രതികരിക്കാന്‍ തുടങ്ങുന്നു, ചെറിയചെറിയ വ്രണങ്ങള്‍ തൊലിപ്പുറത്ത് വരുത്തിക്കൊണ്ട്. ഇത് ജോലിയെ ബാധിക്കുന്നു എന്നറിഞ്ഞ യൂന്‍ ഒരു ഡോക്ടറെ കാണാന്‍ പോവുകയും ക്രമേണ അവരില്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ ഡോക്ടര്‍ പറഞ്ഞപോലെ ജോലി ഒഴിവാക്കി രാത്രി ഉറങ്ങണോ, അതോ ഡോക്ടര്‍ പറഞ്ഞത് അനുസരിക്കാതെ തന്റെ passion ആയ ജോലിയില്‍ത്തന്നെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കണോ എന്ന ആശയക്കുഴപ്പം യൂനിനെ അലട്ടുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്.
ട്രെയിലര്‍ കണ്ടപ്പോള്‍ പൂര്‍ണ്ണമായും ഒരു romantic comedy ആണെന്ന് കരുതിയെങ്കിലും റൊമാന്‍സും കോമഡിയും അല്ല ചിത്രത്തില്‍ ഉടനീളം കാണാന്‍ സാധിച്ചത്. മറിച്ച് ജോലിയില്‍ അത്യന്തം ആസക്തനായ ഒരാളുടെ ജീവിതത്തിലെ അവസ്ഥകള്‍ ആണ് സംവിധായകന്‍ ചിത്രത്തിലൂടെ പ്രേക്ഷകരോട് പറയാന്‍ ശ്രമിക്കുന്നത്. സാമൂഹ്യജീവിതം ഇല്ലാത്ത ഒരു മനുഷ്യന്റെ കഥ. അത് പലപ്പോഴും രസിപ്പിക്കുന്നതും ചിലപ്പോഴെങ്കിലും വേദനിപ്പിക്കുന്നതും ആയിരുന്നു. ചില കാര്യങ്ങളിലെങ്കിലും (workaholism അല്ല) എന്റെ ജീവിതരീതികളോട് ചേര്‍ന്നുനിന്നിരുന്നു ഇതിലെ നായകന്‍റെ സ്വഭാവവിശേഷങ്ങള്‍. അതിനാല്‍ ചിത്രവുമായി സംവദിച്ചുപോവാന്‍ എനിക്ക് സാധിച്ചു. പലര്‍ക്കും സമാനമായ അനുഭവം ഉണ്ടായേക്കാം ചിത്രം കാണുമ്പോള്‍. ഭയാനകമായൊരു രീതിയില്‍ ചിത്രം അവസാനിക്കുന്നു എന്ന് തോന്നിയെങ്കിലും ക്ലീഷേ വിമുക്തമായ, എങ്കിലും പ്രതീക്ഷാനിര്‍ഭരവും സന്തോഷകരവുമായ ഒരു അവസാനംതന്നെയാണ് ചിത്രത്തിനുണ്ടായത്.
എല്ലാ നടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. യൂനിനെ അവതരിപ്പിച്ച Sunny Suwanmethanon തന്നെയായിരുന്നു ചിത്രത്തില്‍ ആദ്യാവസാനം നിറഞ്ഞുനിന്നത്. I Fine Thank you Love youവിനുശേഷം അദ്ദേഹത്തിന്റെ നല്ലൊരു വേഷമായിരുന്നു ഈ ചിത്രത്തില്‍. നായികയായ Davika Hoorne ഏറെ സുന്ദരിയായി കാണപ്പെട്ടു. ചിത്രത്തിന്റെ മറ്റുസാങ്കേതികമേഖലകളും നന്നായി. പശ്ചാത്തലസംഗീതം ഏറെ മികവുപുലര്‍ത്തി. ജീവിതത്തോട് അടുത്തുനില്‍ക്കുന്ന drama ഫിലിംസ് കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു അനുഭവമായിരിക്കും ഈ ചിത്രം. പിന്നെ digital ads, graphic design തുടങ്ങിയ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്കും പല കാര്യങ്ങളും connect ചെയ്യാന്‍ സാധിക്കും ഇതില്‍. കാണാന്‍ ശ്രമിക്കുക. 

Monday, October 19, 2015

Aftershock Movie Review

ആഫ്റ്റര്‍ഷോക്ക്‌ (Aftershock, 2012, English)
നിക്കോളാസ് ലോപ്പസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന disaster movie ആണ് ആഫ്റ്റര്‍ഷോക്ക്‌. സംവിധായകനോടൊപ്പം Eli Roth, Guillermo Amoedo എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രത്തില്‍ Eli Roth, Andrea Osvárt, Ariel Levy, Natasha Yarovenko, Nicolás Martínez, Lorenza Izzo എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.
ചിലിയില്‍ വെക്കേഷന്‍ ആഘോഷിക്കാനായി എത്തിയ മൂന്ന് കൂട്ടുകാര്‍ ഒരു പബ്ബില്‍ വെച്ച് മൂന്ന് യുവതികളെ പരിചയപ്പെടുന്നു. അവര്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനിടെ സുനാമിയുടെ മുന്നോടിയായ ഭൂമികുലുക്കം ഉണ്ടാകുന്നു. ആ ഭൂമികുലുക്കത്തില്‍ അവിടത്തെ ജയില്‍ തകരുകയും തടവുപുള്ളികള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. അവസരം മുതലെടുത്ത്‌ അവര്‍ നഗരത്തില്‍ മോഷണവും മറ്റും നടത്താന്‍ ശ്രമിക്കുന്നു. ദുരന്തത്തില്‍നിന്നും തടവുപുള്ളികളില്‍നിന്നും രക്ഷപ്പെടാനുള്ള നായികാനായകന്മാരുടെ പരിശ്രമങ്ങളാണ് ചിത്രത്തില്‍ പിന്നീട്. 2010ല്‍ ചിലിയില്‍ നടന്ന ഭൂമികുലുക്കത്തെയും സുനാമിയും അനുബന്ധിച്ചുണ്ടായ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. അതുകൊണ്ടുതന്നെ കുറെയൊക്കെ സിനിമാറ്റിക് ഫീല്‍ ഇല്ലാതെ യഥാര്‍ത്ഥസംഭവങ്ങള്‍ കാണുന്ന ഫീല്‍ ചിത്രം തരുന്നുണ്ട്.
സാധാരണ പ്രകൃതിദുരന്തചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായ കഥാപാത്രസൃഷ്ടി ഈ ചിത്രത്തിന്‍റെ പ്രത്യേകത ആണ്. സാധാരണ അധികം സിനിമകളിലും എല്ലാവരും പരസ്പരം രക്ഷിക്കാന്‍ ശ്രമിക്കുകയും അതിനായി പലപ്പോഴും സ്വന്തം ജീവന്‍ വരെ നല്‍കുകയും ചെയ്യുന്നത് കാണാന്‍ സാധിക്കുമെങ്കില്‍ ഈ ചിത്രത്തില്‍ യാഥാര്‍ത്ഥ്യത്തോട് കുറച്ചുകൂടി അടുത്തുനില്‍ക്കുന്ന കഥാപാത്രങ്ങളാണ് ഉള്ളത്. എങ്ങനെയെങ്കിലും സ്വന്തം ജീവന്‍ രക്ഷിക്കാനും അതിനുവേണ്ടി എന്തും ചെയ്യാനും തയ്യാറാവുന്ന ആളുകളെ ചിത്രത്തില്‍ കാണാം. മറ്റൊരു കാര്യം ഈ ചിത്രം ഒരു disaster movie ആണെന്ന് അറിഞ്ഞുകൊണ്ടാണ് കാണാന്‍ തുടങ്ങിയതെങ്കിലും പോകെപ്പോകെ അക്കാര്യം മറന്നുപോയിരുന്നു. പിന്നെ ഭൂമികുലുക്കം ഉണ്ടായപ്പോഴാണ് ഇത് അങ്ങനത്തെയൊരു സിനിമ ആണല്ലോ എന്നോര്‍ത്തത്.
തിരക്കഥയിലും മേക്കിങ്ങിലും ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒഴിച്ച് കാര്യമായി പുതുമകള്‍ ഇല്ലെങ്കിലും വൃത്തിയായി execute ചെയ്തതിനാലും നടീനടന്മാരുടെ വിശ്വസനീയമായ പ്രകടനങ്ങള്‍ ഉള്ളതിനാലും കണ്ടിരിക്കാവുന്ന ഒരു സൃഷ്ടിതന്നെയാവുന്നു ആഫ്റ്റര്‍ഷോക്ക്‌. ദുരന്തചിത്രങ്ങള്‍ കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഒന്ന് കണ്ടുനോക്കാം.

Saturday, October 17, 2015

Knock Knock Movie Review

നോക്ക് നോക്ക് (Knock Knock, 2015, English)
ഡെത്ത് ഗെയിം എന്ന 1977 ചിത്രത്തെ ആസ്പദമാക്കി എലി റോത്ത് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് നോക്ക് നോക്ക്. കീനു റീവ്സ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ Lorenza Izzo, Ana de Armas എന്നിവരും മുഖ്യവേഷങ്ങളില്‍ എത്തുന്നു.

ഒരു ലോങ്ങ്‌ വീക്ക്‌ഏന്‍ഡില്‍ ഭാര്യയും മക്കളും ഒരു യാത്രപോയതിനാല്‍ ഗൃഹനാഥനായ എവാന്‍ വീട്ടില്‍ ഒറ്റയ്ക്കാണ്. രാത്രി പെരുമഴയത്ത് രണ്ട് അജ്ഞാതയുവതികള്‍ വഴിതെറ്റി അയാളുടെ വീട്ടില്‍ വരികയും എവാന്‍ അയാളുടെ നല്ലമനസ്സുകൊണ്ട് അവരെ വീട്ടിനുള്ളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. എന്നാല്‍ എവാനെ കാത്തിരുന്നത് ഒരാളും ഒരിക്കലും ആഗ്രഹിക്കാത്തരീതിയിലുള്ള സംഭവങ്ങളായിരുന്നു. കഥയിലേക്ക് കൂടുതല്‍ കടക്കുന്നില്ല. മൈക്കല്‍ ഹാനെക്കെയുടെ ഫണ്ണി ഗെയിംസിലും മറ്റുപലചിത്രങ്ങളിലും കണ്ടതിനുസമാനമായ ഒരു കഥതന്നെയാണ് ഈ ചിത്രത്തിലും ഉള്ളത്. എങ്കിലും ചിത്രത്തില്‍ ഉടനീളം ടെന്‍ഷന്‍ നിറഞ്ഞ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. വീട്ടിലേക്ക് വരുന്ന യുവതികളെ അത്യന്തം വെറുപ്പോടെ മാത്രമേ പ്രേക്ഷകന് കാണാനാകൂ. അവരെ കൊന്നുകൊലവിളിക്കാന്‍ തോന്നത്തക്കവിധത്തില്‍ ഉള്ള പാത്രസൃഷ്ടി നടത്തിയതില്‍ സംവിധായകന് അഭിമാനിക്കാം. ഫണ്ണി ഗെയിംസിലെയും ഗ്രഡ്ജിലെയും നാന്‍ മഹാന്‍ അല്ലൈയിലെയും മറ്റും വില്ലന്മാരെപ്പോലെ എന്റെ ലിസ്റ്റില്‍ ഏറ്റവും വെറുക്കപ്പെട്ട കഥാപാത്രങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാവും ഇതിലെ ബെല്ലും ജെനിസിസും. ശത്രുക്കള്‍ക്കുപോലും സംഭവിക്കാന്‍ നമ്മള്‍ ആഗ്രഹിക്കാത്തവിധത്തില്‍ പലതും ചിത്രത്തില്‍ നടക്കുമ്പോള്‍ ഇത്രയും depressing ആയ രംഗങ്ങള്‍ സൃഷ്ടിച്ചതിന് സംവിധായകനോടുപോലും ദേഷ്യം തോന്നിപ്പോവാം. ഒടുവില്‍ പ്രതീക്ഷിക്കാത്തവിധത്തില്‍ ചിത്രം അവസാനിക്കുമ്പോള്‍ ആകെ തളര്‍ന്ന് ഒരു വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു എന്റെ മനസ്സ്.
കീനു റീവ്സ് എവാന്‍ ആയി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രക്ഷപ്പെടാനുള്ള ആഗ്രഹവും നിസ്സഹായതയും മറ്റും ആ കണ്ണുകളില്‍ പ്രതിഫലിച്ചു. ഈ പ്രായത്തിലും അങ്ങേര് കിടു ലുക്കാണ്. പിന്നെ ബെല്ലിനെയും ജെനിസിസിനെയും അവതരിപ്പിച്ച Ana de Armas, Lorenza Izzo എന്നിവര്‍. ഒരു ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍ കിട്ടിയാല്‍ തല അടിച്ചുപൊട്ടിക്കാനോ, മുഖം പിടിച്ച് റോട്ടില്‍ ഉരയ്ക്കാനോ ഒക്കെ തോന്നിപ്പോവുന്ന പ്രകടനം. കഥയും കഥാപാത്രങ്ങളും അത്തരത്തിലുള്ള പ്രകടനം ആവശ്യപ്പെട്ടതുകൊണ്ട് അത് അത്രയും മികച്ചുനിന്നു എന്നുതന്നെ വേണം പറയാന്‍. ഒരിക്കല്‍പ്പോലും ഒരിറ്റുസഹതാപമോ സ്നേഹമോ തോന്നിപ്പിക്കാത്തവിധത്തിലുള്ള പ്രകടനങ്ങള്‍.
സാങ്കേതികമേഖലകളില്‍ എല്ലാം ചിത്രം അത്യാവശ്യം നല്ല നിലവാരം പുലര്‍ത്തി. ആദ്യാവസാനം പ്രേക്ഷകന്റെ മനസ്സില്‍ ടെന്‍ഷന്‍ നിലനിര്‍ത്തുന്നവിധത്തില്‍ ചടുലമായ ആഖ്യാനശൈലിയും ചിത്രത്തിന്‍റെ മാറ്റുകൂട്ടി. ഐഎംഡിബിയിലും മറ്റും ഏറെ മികച്ച അഭിപ്രായം ഒന്നുമല്ല ചിത്രത്തിനുള്ളത്. എങ്കിലും വളരെ disturbing ആയ ഒരു ചലച്ചിത്രാനുഭവം ആയിരുന്നു എനിക്ക് നോക്ക് നോക്ക്. ഇനി ഇതിന്റെ ഹാങ്ങ്‌ഓവര്‍ മാറാന്‍ ഏതെങ്കിലും കോമഡി പടം കാണേണ്ടിവരും. ഏറെ disturbing and depressing ആയ ചിത്രങ്ങള്‍ കാണാനുള്ള മനക്കരുത്തുള്ളവര്‍ കാണാന്‍ ശ്രമിക്കുക. വേറൊരു  കാര്യം, erotic thriller എന്ന ഗണത്തില്‍  ആണ്  makers ചിത്രത്തെ  പെടുത്തിയിരിക്കുന്നത്. പക്ഷേ കാര്യമായിട്ട്  erotica ഒന്നും ഇല്ല, ഉള്ള ഒന്നുരണ്ട്  സീന്‍സ്  കൊള്ളാം. 

Friday, October 16, 2015

Goodnight Mommy Movie Review

ഗുഡ്നൈറ്റ്‌ മോമ്മി (Ich Seh Ich Seh aka Goodnight Mommy, 2015, German)
ആശയദാരിദ്ര്യം മൂലം മിക്ക ഹൊറര്‍ ചിത്രങ്ങളും ഒരു നീണ്ട നിശബ്ദതയ്ക്കൊടുവിലുള്ള ഒരു shocking moment, സ്ക്രീനില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു disformed മുഖം, എന്തെങ്കിലും ശബ്ദം കേട്ട് തിരിഞ്ഞുനോക്കി ഒന്നുമില്ലെന്ന് മനസ്സിലാക്കി മുന്നോട്ടുതിരിയുമ്പോള്‍ അവിടെ നില്‍ക്കുന്ന ഒരാള്‍, ഇത്തരത്തിലുള്ള കാലഹരണപ്പെട്ട cheap thrillsനെ ആശ്രയിക്കുമ്പോള്‍ തനതായ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട അപൂര്‍വ്വം ചില ഹൊറര്‍ ചിത്രങ്ങള്‍ക്കു മാത്രമാണ് ധാരാളം ഹൊറര്‍ ചിത്രങ്ങള്‍ കണ്ടുശീലിച്ച ഒരു പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ ആകൂ എന്നത് ഒരു വസ്തുതയാണ്. അത്തരത്തില്‍ എന്നെ ഒരളവുവരെയെങ്കിലും തൃപ്തിപ്പെടുത്തിയ ഒരു ചിത്രമാണ് ഗുഡ്നൈറ്റ്‌ മോമ്മി. ചിത്രത്തിലുടനീളം സംഘര്‍ഷഭരിതമായ ഒരു അന്തരീക്ഷം സൃഷ്ടിച്ച് പ്രേക്ഷകര്‍ക്കുള്ളില്‍ അസ്വസ്ഥതനിറഞ്ഞ ഒരു ഭീതി ഉളവാക്കാന്‍ സംവിധായകരായ veronika Franz, Severin Fiala എന്നിവര്‍ക്ക് തങ്ങളുടെ ആദ്യചിത്രത്തില്‍ത്തന്നെ സാധിച്ചു എന്നുവേണം പറയാന്‍. ഹൊറര്‍ എന്ന ഒറ്റ തീമില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പ്രേക്ഷകരെ പിടിചിരുത്തുന്നൊരു mystery thriller ആയി ചിത്രത്തെ മേനഞ്ഞെടുക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാവാം, കഴിഞ്ഞവര്‍ഷത്തെ അക്കാദമി അവാര്‍ഡുകളില്‍ മികച്ച വിദേശചിത്രത്തിനുള്ള നാമനിര്‍ദേശപ്പട്ടികയിലേക്ക് ഓസ്ട്രിയയില്‍നിന്നുള്ള entry ആയിരുന്നു ഈ ചിത്രം.
പത്തുവയസ്സുള്ള എല്യാസ്, ലൂക്കാസ് എന്നീ ഇരട്ടസഹോദരന്മാരുടെ അടുത്തേയ്ക്ക് പ്ലാസ്റ്റിക്‌ സര്‍ജറി കഴിഞ്ഞശേഷം തങ്ങളുടെ അമ്മ തിരിച്ചെത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. അമ്മയുടെ പെരുമാറ്റത്തില്‍ ഉണ്ടായ ഗണ്യമായ മാറ്റം കുട്ടികളെ അലോസരപ്പെടുത്തുന്നു. തുടര്‍ന്ന് അവര്‍ തങ്ങളുടെ അമ്മയല്ലെന്ന നിഗമനത്തില്‍ എത്തുന്ന കുട്ടികള്‍ അവരുടെ കള്ളി വെളിച്ചത്താക്കാന്‍ പല ശ്രമങ്ങളും നടത്തുകയും, അവ കൂടുതല്‍ ഭീകരമായ അവസ്ഥകളിലേക്ക് വഴിത്തിരിവാവുകയും ചെയ്യുന്നു. അങ്ങനെ ഭീകരവും ഞെട്ടിപ്പിക്കുന്നതുമായ ഒരു അന്ത്യത്തിലേക്ക് ചിത്രം അടുക്കുമ്പോള്‍ പ്രേക്ഷകര്‍ തരിച്ചിരുന്നുപോവും. ചിത്രത്തിന്റെ അവസാനത്തെ അരമണിക്കൂറോളം വരുന്ന ഭാഗങ്ങള്‍ ഏറെ അസ്വസ്ഥത ഉണര്‍ത്തുന്നവയാണ്. വയലന്‍സ് രംഗങ്ങള്‍ ഏറെ കയ്യടക്കത്തോടെ വിശ്വസനീയമായ രീതിയില്‍ execute ചെയ്യാന്‍ സംവിധായകര്‍ക്ക് സാധിച്ചു. അവ്യക്തമായ ചില കാര്യങ്ങളും മറ്റും ക്ലൈമാക്സിനോടടുപ്പിച്ച് മറനീക്കി സ്വയം വ്യക്തമാക്കുകയും, കഥാപാത്രങ്ങളോടുള്ള പ്രേക്ഷകന്റെ മനോഭാവത്തിന് കാര്യമായ ഉലച്ചില്‍ തട്ടുകയും ചെയ്യുമ്പോള്‍ നമ്മള്‍ ഒന്നുകൂടെ ചിത്രം ആദ്യം മുതല്‍ ഓടിച്ചുകാണാനുള്ള സാധ്യത ഏറെയാണ്‌. അത്തരമൊരു ഷോക്ക് ആണ് ചിത്രത്തിന്റെ ക്ലൈമാക്സ് നല്‍കുന്നത്.
ഒന്നുരണ്ടുസീനുകളില്‍ വരുന്ന ചില കഥാപാത്രങ്ങള്‍ ഒഴിച്ചാല്‍ കുട്ടികളും അമ്മയും മാത്രമാണ് ചിത്രത്തില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്നത്. ഇരട്ടകളായ Elias Schwarz, Lukas Schwarz എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി. നിഗൂഢത നിറഞ്ഞ അമ്മവേഷത്തില്‍ Susanne Wuest മികച്ചുനിന്നു. സന്ദര്‍ഭങ്ങളോട് ഇഴുകിച്ചേര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലസംഗീതവും മനോഹരമായ ദൃശ്യങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി.
ഹൊറര്‍ ത്രില്ലറുകള്‍ മിക്കതും ആവര്‍ത്തനവിരസത ഉളവാക്കുന്ന ഇക്കാലത്ത് അത്തരത്തിലുള്ള ചിത്രങ്ങളുടെ ആസ്വാദകര്‍ക്ക് ആശ്വാസമായി ഇടയ്ക്കെപ്പോഴെങ്കിലും ലഭിക്കുന്ന മികച്ച അനുഭവങ്ങളില്‍ ഒന്നാണ് ഈ ചിത്രവും. കാണാന്‍ ശ്രമിക്കുക.

Vacation Movie Review

വെക്കേഷന്‍ (Vacation, 2015, English)
1983ല്‍ തുടങ്ങിയ വെക്കേഷന്‍ സീരീസിലെ ഏറ്റവും പുതിയ ചിത്രമാണ് ഈ വെക്കേഷന്‍. ഒരു ടിവി ഫിലിമും ഒരു ഷോര്‍ട്ട് ഫിലിമും അടക്കം ഈ സീരീസിലെ ഏഴാമത്തെ ചിത്രമാണിത്. National Lampoon മാസികയില്‍ വന്ന വെക്കേഷന്‍ 58 എന്ന കഥയിലെ കഥാപാത്രങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ സീരീസിലെ ആദ്യചിത്രത്തിന്‍റെ റീമേക്ക് ആയാണ് പുതിയ വെക്കേഷന്‍ പ്ലാന്‍ ചെയ്തതെങ്കിലും പിന്നീട് കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി മറ്റുചിത്രങ്ങളുടെ തുടര്‍ച്ചയായ പുതിയൊരു ചിത്രമാക്കുകയായിരുന്നു. ആദ്യ വെക്കേഷന്‍ ചിത്രത്തിലെ പയ്യന്‍ റസ്റ്റി ഗ്രിസ്‌വോള്‍ഡിനെയും അയാളുടെ കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോവുന്നത്.
ഒരു ഡൊമസ്റ്റിക്ക് പൈലറ്റ്‌ ആയ റസ്റ്റി തന്റെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള കൂട്ടായ്മ വര്‍ദ്ധിപ്പിക്കാനായി അവരെ ഒരു യാത്രയ്ക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുന്നു. പണ്ട് റസ്റ്റിയുടെ കുട്ടിക്കാലത്ത് അച്ഛനും അമ്മയ്ക്കും സഹോദരിക്കും കൂടെ പോയ ഒരു തീം പാര്‍ക്കിലേക്ക് തന്റെ ഭാര്യയേയും മക്കളെയും കൊണ്ടുപോകാനായിരുന്നു റസ്റ്റിയുടെ പ്ലാന്‍. അവരുടെ യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളും മറ്റുമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. പൂര്‍ണ്ണമായും കോമഡി ട്രാക്കിലൂടെതന്നെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. ഒരേ തരത്തിലുള്ള ഹാസ്യത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ ഹാസ്യത്തിന്റെ പല സാധ്യതകളെയും ഫലപ്രദമായി ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ പുതുമുഖസംവിധായകരായ Jonathan Goldsteinനും John Francis Daleyയ്ക്കും സാധിച്ചു. അതുകൊണ്ടുതന്നെ ഉടനീളം ചിരിപ്പിക്കുന്ന ഒരു ചിത്രമായിമാറി വെക്കേഷന്‍. ഇമോഷണല്‍ രംഗങ്ങള്‍ ചിലതൊക്കെ ഉണ്ടായിരുന്നെങ്കിലും അവ ചിത്രത്തോട് ചേര്‍ന്നുനിന്നു. അവയ്ക്കിടയിലും കയറിവന്ന കൊച്ചുകൊച്ചുകൊമഡികള്‍ രസകരമായിരുന്നു.
ഹാങ്ങ്‌ഓവര്‍ സീരീസിലെ സ്റ്റുവര്‍ട്ടിന്റെ വേഷം ചെയ്ത Ed Helms ആണ് ചിത്രത്തില്‍ റസ്റ്റിയുടെ വേഷത്തില്‍ എത്തുന്നത്. റസ്റ്റിയുടെ ഭാര്യയും മക്കളുമായി Christina Applegate, Skyler Gisondo, Steele Stebbins എന്നിവരും വേഷമിട്ടു. ഈ നാലുപേരുടെയും ഒരു കുടുംബമായുള്ള on screen chemistry നല്ലപോലെ workout ആയത് ചിത്രത്തിന്റെ മാറ്റുകൂട്ടാന്‍ ഏറെ സഹായിച്ചു എന്നുതന്നെ വേണം പറയാന്‍. ചെറിയചെറിയ വേഷങ്ങളില്‍ വന്നുപോയ മറ്റഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. സീരീസിലെ പഴയ ചിത്രങ്ങളില്‍ മിക്കതിലും പൊതുവായി കടന്നുവരുന്ന കാര്യങ്ങള്‍ പലതും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് nostalgia ഉണര്‍ത്താന്‍ സഹായിച്ചിരിക്കാം.
പ്രേക്ഷകനെ ഏറെ ചിന്തിപ്പിക്കാതെ ഉടനീളം ചിരിപ്പിക്കുന്ന ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് കാണാവുന്ന ഒരു ചിത്രംതന്നെയാണ് വെക്കേഷന്‍. We are the Millers, Ted, Horrible Bosses തുടങ്ങിയ ചിത്രങ്ങളുടെ ഒക്കെ ലെവലില്‍ ഉള്ള മറ്റൊരെണ്ണം. കാണാന്‍ ശ്രമിക്കുക. ഈ ചിത്രം കാണുന്നതിനുമുന്‍പ് ഈ സീരീസിലെ പഴയ ചിത്രങ്ങള്‍ കാണണം എന്നില്ല, വിക്കിയില്‍ വായിച്ചതനുസരിച്ച് കഥാപാത്രങ്ങളും അവരുടെ വെക്കേഷനും മറ്റുമേ ചിത്രങ്ങളിലെ പൊതുഘടകങ്ങളായിട്ടുള്ളൂ.

Thursday, October 8, 2015

Lost in Beijing Movie Review

ലോസ്റ്റ്‌ ഇന്‍ ബെയ്ജിംഗ് (Lost in Beijing, 2007, Mandarin)
ലി യുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് ലോസ്റ്റ്‌ ഇന്‍ ബെയ്ജിംഗ്. Fan Bingbing, Tony Leung Ka-fai, Tong Dawei, Elaine Jin എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബെയ്ജിംഗ് നഗരത്തിന്റെ പശ്ചാത്തലത്തില്‍ മാനുഷികബന്ധങ്ങളുടെ കഥ പറയുന്ന ഒന്നാണ്.
ഒരു മസ്സാജ് പാര്‍ലറില്‍ ജോലിചെയ്യുന്ന യുവതിയായ പിംഗുവോയും ഭര്‍ത്താവ് ആന്‍കുനും ചെറുതെങ്കിലും സന്തോഷം നിറഞ്ഞ ജീവിതം നയിക്കുന്ന ദമ്പതിമാരാണ്. അങ്ങനെ ഇരിക്കെ ഒരിക്കല്‍ പിംഗുവോ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനായ ലിന്‍ ഡോങ്ങ് മദ്യപിച്ച് ബോധമില്ലാതെ ഉറങ്ങുകയായിരുന്ന പിംഗുവോയുമായി ബലാത്കാരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഇക്കാര്യം കാണുന്ന ആന്‍കുന്‍ രോഷാകുലനാവുകയും ലിന്‍ ഡോങ്ങിനോട് നഷ്ടപരിഹാരമായി പണം ആവശ്യപ്പെടുകയും ചെയ്യുന്നു. അതിന് ലിന്‍ ഡോങ്ങ് തയ്യാറാകാതിരുന്നപ്പോള്‍ ആന്‍കുന്‍ ലിന്‍ ഡോങ്ങിന്റെ മധ്യവയസ്കയായ ഭാര്യയോട് ഇക്കാര്യം പറയുന്നു. തുടര്‍ന്ന് അവര്‍ പ്രതികാരം എന്നപോലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നു. പിന്നീട് പിംഗുവോ ഗര്‍ഭിണി ആണെന്നറിയുമ്പോള്‍ ആ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്നതിനെച്ചൊല്ലി ലിന്‍ ഡോങ്ങും ആന്‍കുനും തര്‍ക്കിക്കുന്നു. ഒടുവില്‍ കുഞ്ഞിന്റെ രക്തഗ്രൂപ്പ് ഏതെന്ന് അറിഞ്ഞാല്‍ അതിനനുസരിച്ച് തീരുമാനം എടുക്കാം എന്നും കുട്ടികളില്ലാത്ത ലിന്‍ ഡോങ്ങിന്റെ ആണ് കുഞ്ഞ് എങ്കില്‍ ഒരുലക്ഷം യുവാന്‍ ലിന്‍ ഡോങ്ങ്‌ ആന്‍കുന്നിന് നല്‍കാം എന്നും അവര്‍ തീരുമാനത്തില്‍ എത്തുന്നു. എന്നാല്‍ കുഞ്ഞ് ജനിക്കുമ്പോള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്കായിരുന്നു അവര്‍ പൊയ്ക്കൊണ്ടിരുന്നത്. അങ്ങനെ തികച്ചും സംഭ്രമജനകമായ നിമിഷങ്ങളിലൂടെ മുന്നേറുന്ന ചിത്രം പക്ഷേ അവസാനിക്കുന്നത് അത്രയ്ക്കൊന്നും വ്യക്തത ഇല്ലാത്ത ഒരു ക്ലൈമാക്സില്‍ ആണെന്ന് പറയേണ്ടിവരും. എന്നിരുന്നാലും വളരെ വ്യക്തതയുള്ള പാത്രസൃഷ്ടികൊണ്ടും മികച്ചുനില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങള്‍കൊണ്ടും സമ്പുഷ്ടമാണ് ചിത്രം. നല്ലൊരു സംവിധായകന്റെ കയ്യൊപ്പ് ചിത്രത്തില്‍ ഉടനീളം പ്രേക്ഷകന് കാണാന്‍ സാധിക്കും. നടീനടന്മാരുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ മാറ്റുകൂട്ടി.
സാധാരണമനുഷ്യരുടെ കഥ ഒട്ടും അതിഭാവുകത്വം ചേര്‍ക്കാതെ പറയുന്ന, കുറച്ച് മെല്ലെപ്പോവുന്ന ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടമുള്ളവര്‍ തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക.

Wednesday, October 7, 2015

Lost in Thailand Movie Review

ലോസ്റ്റ്‌ ഇന്‍ തായ്.ലാന്‍ഡ്‌ (Lost in Thailand, 2012, Mandarin)
കഴിഞ്ഞയാഴ്ച ചൈനീസ് ബോക്സോഫീസിലെ ഏറ്റവും വലിയ ഹിറ്റ്‌ ആയിമാറിയ ലോസ്റ്റ്‌ ഇന്‍ ഹോങ്കോങ്ങ് കണ്ടശേഷം അതിനെപ്പറ്റി ഇന്റര്‍നെറ്റില്‍ വായിച്ചപ്പോഴാണ് അതേ ടീമിന്റെ മുന്‍കാല ചിത്രമായ ലോസ്റ്റ്‌ ഇന്‍ തായ്.ലാന്‍ഡിനെപ്പറ്റി അറിഞ്ഞത്. ലോസ്റ്റ്‌ ഇന്‍ ഹോങ്കോങ്ങിനുമുന്‍പ് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രത്തിനുള്ള റെക്കോര്‍ഡ്‌ ഇതിനായിരുന്നു എന്നും അറിയാന്‍ സാധിച്ചു. Xu Zheng സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പം Wang Baoqiang, Huang Bo എന്നിവരും പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചു. ഒരു കോമഡി Road movie ആണ് ലോസ്റ്റ്‌ ഇന്‍ തായ്.ലാന്‍ഡ്‌.

ശാസ്ത്രഞ്ജനായ ക്സു ലാങ്ങ് ലോകത്തെ മാറ്റിമറിച്ചേയ്ക്കാവുന്ന തന്റെ ഒരു കണ്ടുപിടുത്തത്തിന്റെ paperworksന്റെ ആവശ്യത്തിനായി രഹസ്യമായി തായ്.ലാന്‍ഡിലേക്ക് യാത്രപുറപ്പെടുന്നു. യാത്രയ്ക്കിടയില്‍ അദ്ദേഹത്തിന്‍റെ കൂടെച്ചേര്‍ന്ന ഗാബോ എന്ന ടൂറിസ്റ്റ് ചില സാഹചര്യങ്ങള്‍ക്കൊടുവില്‍ ക്സു ലാങ്ങിന്റെ ഒപ്പം കൂടുന്നു. ക്സു ലാങ്ങിനെ പിന്തുടര്‍ന്ന് മറ്റൊരാളും തായ്.ലാന്‍ഡിലേക്ക് പുറപ്പെട്ടിരുന്നു. പ്രതിബന്ധങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താന്‍ ക്സു ലാങ്ങിന് സാധിക്കുമോ? ഗാബോയുടെ ലക്ഷ്യം എന്തായിരുന്നു? ആരായിരുന്നു ക്സു ലാങ്ങിനെ പിന്തുടരുന്ന ആ മനുഷ്യന്‍? ഈ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് കാട്ടിത്തരുന്നത്.
ആദ്യകേള്‍വിയില്‍ ഒരു ത്രില്ലര്‍ ആണെന്ന് തോന്നിപ്പിക്കുന്ന കഥ ആണെങ്കിലും, ഒരു മുഴുനീള കോമഡി Road movie ആണ് ലോസ്റ്റ്‌ ഇന്‍ തായ്.ലാന്‍ഡ്‌. യാത്രയ്ക്കിടയില്‍ കഥാപാത്രങ്ങള്‍ക്കു പറ്റുന്ന അബദ്ധങ്ങളും മറ്റും ഹാസ്യത്തില്‍ ചാലിച്ചാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഒട്ടും മടുപ്പുളവാക്കാതെ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ അദ്ദേഹത്തിനുസാധിച്ചു. പ്രധാനമായും മൂന്നുകഥാപാത്രങ്ങള്‍ മാത്രമേ ഉള്ളുവെങ്കിലും അവര്‍ തമ്മിലുള്ള onscreen chemistry നല്ലപോലെ മുതലെടുക്കാന്‍ സാധിച്ചതിനാല്‍ ഏറെ ആസ്വദനീയമായ ഒരു അനുഭവമായിമാറി ചിത്രം. രസകരമായൊരു tail endingഉം ചിത്രത്തിന്‍റെ മാറ്റുകൂട്ടി. ഇന്ത്യയിലേക്ക് ഈ ചിത്രം remake ചെയ്യാവുന്നതാണെന്ന് കണ്ടുകൊണ്ടിരിക്കുമ്പോള്‍ തോന്നി. രസമായി കണ്ടിരിക്കാവുന്ന ഒരു ഹാസ്യചിത്രമാണ് ലോസ്റ്റ്‌ ഇന്‍ തായ്.ലാന്‍ഡ്‌. Light hearted കോമഡി ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ കാണാന്‍ ശ്രമിക്കുക.

Sunday, October 4, 2015

Lost In Hong Kong Movie Review

ലോസ്റ്റ്‌ ഇന്‍ ഹോങ്ങ്കോങ്ങ് (Lost in Hongkong, 2015, Mandarin)
ഹാസ്യചിത്രങ്ങള്‍ തീയറ്ററില്‍ കാണുന്നത് ഒരു പ്രത്യേകരസമാണ്. അതും നിറഞ്ഞൊരു സദസ്സില്‍. അങ്ങനെ കാണാന്‍ സാധിച്ച ചിത്രമാണ് ലോസ്റ്റ്‌ ഇന്‍ ഹോങ്ങ്കോങ്ങ്. സെപ്റ്റംബര്‍ അവസാനവാരം റിലീസ് ചെയ്ത ഈ ചിത്രം ഒരാഴ്ചയ്ക്കകം 167 million USD കളക്റ്റ് ചെയ്തുകൊണ്ട്  ചൈനയിലെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റുകളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ലോസ്റ്റ്‌ ഇന്‍ തായ്ലാന്‍ഡ്‌ എന്ന മറ്റൊരു മെഗാഹിറ്റ് ചിത്രത്തിനുശേഷം Xu Zheng സംവിധാനം ചെയ്ത ചിത്രത്തില്‍ അദ്ദേഹംതന്നെയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. അദ്ദേഹത്തെക്കൂടാതെ Zhao Wei, Bao Bei'er, Du Juan എന്നിവരും മറ്റുപ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു മുഴുനീളഹാസ്യചിത്രമാണ്.

1993-1994 കാലഘട്ടം. ചിത്രകലാവിദ്യാര്‍ഥികളായ ക്സു ലായിയും യാങ്ങ് ലിയും പ്രണയബദ്ധരാകുന്നു. എന്നാല്‍ ഒരു സ്കോളര്‍ഷിപ്പ് ലഭിച്ച് ഹോങ്ങ്കോങ്ങിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി യാങ്ങ്‌ ലി പോയത് ആ പ്രണയം മുന്നോട്ടുപോകാതിരിക്കാന്‍ കാരണമാകുന്നു. പിന്നീട് കോളേജിലെ മറ്റൊരു വിദ്യാര്‍ഥിനിയായ കായ് ബോവിനെ വിവാഹം കഴിച്ച ക്സു ലായി അനന്തരം തന്റെ ചിത്രകലാസ്വപ്‌നങ്ങള്‍ മാറ്റിവെച്ച് ഭാര്യയുടെ അച്ഛന്റെ അടിവസ്ത്രബിസിനസ്സില്‍ ഡിസൈനര്‍ ആയി ചേരുന്നു. ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം ഒരുനാള്‍ തന്റെ പഴയ പ്രണയിനിയുടെ ചിത്രപ്രദര്‍ശനം ഹോങ്ങ്കോങ്ങില്‍ നടക്കുന്നുണ്ടെന്നറിഞ്ഞ ക്സു ലായ് അവരെ രഹസ്യമായി കണ്ടുമുട്ടാന്‍ പ്ലാന്‍ ചെയ്യുന്നു. എന്നാല്‍ ഇതിനിടയിലൂടെ ക്സു ലായിയുടെ ശല്യക്കാരനായ ഭാര്യാസഹോദരന്‍ ലാല കടന്നുവരുന്നതോടെ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിയുകയും അവര്‍ കൂടുതല്‍ പ്രശ്നങ്ങളില്‍ കുടുങ്ങുകയും ചെയ്യുന്നു. പിന്നീട് സംഭവിക്കുന്ന രസകരമായ കാര്യങ്ങളും മറ്റുമാണ് സംവിധായകന്‍ ചിത്രത്തിലൂടെ പറയുന്നത്.
ബോക്സ്‌ഓഫീസ് വിജയം ലക്ഷ്യമിട്ടുകൊണ്ട് ഒരു മുഴുനീള entertainer ആയിത്തന്നെയാണ്‌ സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. മിക്കവാറും ഒരിടത്തും പ്രേക്ഷകനെ ബോറടിപ്പിക്കാതെ വളരെ crisp and engaging ആയ ഒരു ചിത്രം ഒരുക്കാന്‍ സംവിധായകന് സാധിച്ചു. കോമഡികള്‍ മിക്കവാറും slapstick ഗണത്തില്‍ പെടുത്താവുന്നത് ആയിരുന്നെങ്കിലും സിനിമയുടെ ഫ്ലോയോട് യോജിച്ചുപോയതിനാല്‍ ചിരിക്കുള്ള വകയായി. ഇമോഷണല്‍ രംഗങ്ങള്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മനസ്സിനെ സ്പര്‍ശിക്കാന്‍ അവയ്ക്ക് സാധിച്ചു. പ്രധാനനടീനടന്മാര്‍ എല്ലാവരും നല്ല പ്രകടനംതന്നെ കാഴ്ചവെച്ച ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും സന്ദര്‍ഭങ്ങളോട് യോജിച്ചുപോന്നു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം സാമാന്യം നിലവാരം പുലര്‍ത്തി.
ബോറടിക്കാതെ രസിച്ചുകാണാവുന്ന ഒരു light hearted comedy ചിത്രംതന്നെയാണ് ലോസ്റ്റ്‌ ഇന്‍ ഹോങ്ങ്കോങ്ങ്. അത്തരം ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക. സംവിധായകന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു.

Saturday, October 3, 2015

I Spit On Your Grave 3 Movie Review

ഐ സ്പിറ്റ് ഓണ്‍ യുവര്‍ ഗ്രേവ്‌ 3 (I Spit On Your Grave 3, 2015, English)
1978ല്‍ റിലീസ് ചെറിയ രീതിയില്‍ റിലീസ് ചെയ്യുകയും, തുടര്‍ന്ന് 1980ല്‍ റി-റിലീസ് ചെയ്തശേഷം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത slasher revenge ചിത്രമാണ് Day of the Woman അഥവാ I Spit On Your Grave. തുടര്‍ന്ന് ലോകമെമ്പാടുമുള്ള പല സംവിധായകരും ഈ ചിത്രത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒട്ടനവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചുവെങ്കിലും ഒന്നോ രണ്ടോ എണ്ണം മാത്രമേ നല്ല അഭിപ്രായം നേടിയുള്ളൂ. 2010ല്‍ remake ചെയ്യപ്പെട്ട ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടിയിരുന്നു. അതിനെത്തുടര്‍ന്ന് സമാനമായ ഒരു കഥയുമായി 2013ല്‍ അതിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നു എങ്കിലും അതിന് പ്രത്യേകിച്ച് പുതുമകള്‍ ഒന്നും ഇല്ലാത്തതിനാല്‍ വേണ്ടത്ര നല്ല അഭിപ്രായങ്ങള്‍ നേടാനായില്ല. തുടര്‍ന്ന് ഈ വര്‍ഷം 2010ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ തുടര്‍ച്ചയായി ആ സീരീസിലെ മൂന്നാമത്തെ ചിത്രം പുറത്തിറങ്ങി. മറ്റൊരു കഥയ്ക്കുപകരം ആദ്യചിത്രത്തിലെ ജെന്നിഫര്‍ ഹില്‍സ് എന്ന നായികയുടെ തുടര്‍ന്നുള്ള ജീവിതംതന്നെയാണ് മൂന്നാം ഭാഗത്തില്‍ കാണാനാവുക. R.D. Braunstein സംവിധാനം ചെയ്ത ചിത്രത്തില്‍ Sarah Butler, Jennifer Landon,`Doug McKeon തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തി.

തനിക്ക് അനുഭവിക്കേണ്ടിവന്ന ബലാത്സംഗത്തിന് കാരണക്കാരായവരെ മൃഗീയമായി കൊലപ്പെടുത്തി പ്രതികാരം തീര്‍ത്ത ജെന്നിഫര്‍ ഇപ്പോള്‍ സാധാരണജീവിതം തുടരാനുള്ള ശ്രമത്തിലാണ്. തന്റെ ദുരനുഭവത്തിന്റെ ബാക്കിപത്രമായി ആരോടും വിശ്വാസമില്ലായ്മ, മനുഷ്യത്വത്തിനോട് ഒന്നടങ്കമുള്ള വെറുപ്പ് എന്നിവ ജെന്നിഫറിനെ വല്ലാതെ ശല്യപ്പെടുത്തുന്നു. അങ്ങനെയിരിക്കെ ഒരുനാള്‍ സമാനാനുഭവങ്ങളെ നേരിടേണ്ടിവന്ന ഒരുകൂട്ടം ആളുകളുടെ രഹസ്യഗ്രൂപ്പില്‍ ജെന്നിഫര്‍ അംഗമാവുന്നു. അവിടെവെച്ച് മാര്‍ല എന്ന യുവതിയുമായി ജെന്നിഫര്‍ സൗഹൃദം ആരംഭിക്കുന്നു. അങ്ങനെ രസകരമായി മുന്നോട്ടുപോവുകയായിരുന്ന ജെന്നിഫറിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു സംഭവം നടക്കുകയും അത് അവരെ ഉലയ്ക്കുകയും ചെയ്യുന്നു. അതിനെതിരെ എന്തെങ്കിലും ചെയ്യണം എന്ന് ജെന്നിഫര്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
I Spit On Your Graveന്റെ 1980 വേര്‍ഷനില്‍ ലൈംഗികത ആയുധമാക്കിയുള്ള പ്രതികാരത്തിനായിരുന്നു ഏറെ പ്രാധാന്യം കൊടുത്തതെങ്കില്‍ 2010ല്‍ ഇറങ്ങിയ റീമേക്കിലും 2013ലെ രണ്ടാംഭാഗത്തിലും പൂര്‍ണ്ണമായും വയലന്‍സിനുതന്നെയായിരുന്നു മുന്‍‌തൂക്കം. എന്നാല്‍ പുതിയ ചിത്രത്തില്‍ വയലന്‍സിന്റെ അളവ് ഏറെ കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട് സംവിധായകന്‍. അതിനുപകരം ബലാത്സംഗത്തിന് ഇരയായ ഒരാളുടെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാവുന്ന അരക്ഷിതാവസ്ഥയെയും insecurityയെയും മറ്റും പറ്റി പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം വിജയം കണ്ടെന്നുതന്നെവേണം പറയാന്‍. വൈകാരികമായി ഈ സീരീസിലെ മറ്റുചിത്രങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഈ ചിത്രം. ജെന്നിഫറിന്റെ വേഷം കൈകാര്യം ചെയ്ത സാറാ ബട്ട്ലറിന്റെ മികച്ച പ്രകടനവും ഇതിന് സഹായകമായി. നല്ല dialoguesഉം ചിത്രത്തിന്‍റെ plus point ആണ്. ക്രൂരതയും രക്തച്ചൊരിച്ചിലും ഏറിയ രംഗങ്ങള്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഉള്ളവ അസഹനീയമായിരുന്നു.
അങ്ങനെ മികച്ചരീതിയില്‍ മുന്നോട്ടുപോവുന്ന ചിത്രം പക്ഷേ അവസാനത്തെ പത്തിരുപതുമിനിറ്റ് തകര്‍ന്നടിഞ്ഞ അവസ്ഥയാണ് എനിക്ക് കാണാന്‍ സാധിച്ചത്. സംവിധായകന് എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തത ഇല്ലാതെപോവുകയോ, അതോ അവര്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം എന്താണെന്ന് എനിക്ക് മനസ്സിലാവാതിരിക്കുകയോ, എന്തോ. അത്രയും നേരം വളരെ നന്നായി മുന്നോട്ടുപോയ ചിത്രം അവസാനരംഗങ്ങളില്‍ നിരാശപ്പെടുത്തി. എന്നിരുന്നാലും ഇന്നത്തെ സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം കൈകാര്യം ചെയ്തതുകൊണ്ടും, ചിത്രത്തിന്‍റെ 80ശതമാനത്തോളം മികച്ചതായതുകൊണ്ടും കാണാവുന്ന ഒന്നുതന്നെയാണ് I Spit On Your Grave 3. ആദ്യഭാഗം കണ്ടവര്‍ക്ക് ധൈര്യമായി കാണാം.