Saturday, November 14, 2015

Ghost Ship Movie Review

ഘോസ്റ്റ് ഷിപ്പ് (Ghost Ship, 2015, Thai)
Phontharis Chotkijsadarsopon (മലയാളത്തില്‍ എഴുതാന്‍ പറയരുത് പ്ലീസ്) സംവിധാനം ചെയ്ത പുതിയ തായ് ചിത്രമാണ് ഘോസ്റ്റ് ഷിപ്പ്. Sean Jindachot, Bhuvadol Vejvongsa, Dharmthai Plangsilp, Pongsatorn Sripinta, Nutcha Jeka തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം ഹാസ്യത്തില്‍ ചാലിച്ച ഒരു പ്രേതകഥയാണ്.
ഒരു കപ്പലില്‍ ജോലിചെയ്യുന്ന മൂന്നുസുഹൃത്തുക്കള്‍ ഒരുദിവസം ഭക്ഷണം കഴിക്കുന്നതിനിടെ ഒരു പെട്ടിയില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുന്നു. അല്‍പസമയത്തിനുശേഷം ആ മൃതദേഹം അവിടെനിന്ന് അപ്രത്യക്ഷമാകുന്നു. തുടര്‍ന്ന് അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് ആ രാത്രി അവരുടെ ജീവിതങ്ങളില്‍ അരങ്ങേറുന്നത്. രസകരമായ മൂഡില്‍ മുന്നോട്ടുപോവുന്ന ചിത്രം ഹൊറര്‍ എന്നതിലുപരി ഒരു കോമഡി ചിത്രമായി കാണാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്. പ്രധാനവേഷങ്ങളില്‍ എത്തിയ മൂന്നുപേരുടെയും പരസ്പരമുള്ള chemistry നല്ലപോലെ സിനിമയ്ക്ക് ഗുണം ചെയ്തു. ഇടയ്ക്ക് പ്രതീക്ഷിക്കാത്ത ഒന്നുരണ്ട് ട്വിസ്റ്റുകളും നന്നായിരുന്നു.
തായ്, ജാപ്പനീസ്, കാന്റോണീസ് തുടങ്ങിയ ഭാഷകളിലെ ഹൊറര്‍ ചിത്രങ്ങള്‍ കാണാന്‍ ഒരു പ്രത്യേകരസമാണ്. ഇരുണ്ട പശ്ചാത്തലത്തില്‍ പതിഞ്ഞ താളത്തില്‍ മുന്നോട്ടുപോവുന്ന അവരുടെ ഹൊറര്‍ ചിത്രങ്ങള്‍ ഏറെ ഭയവും സംഭ്രമവും പ്രേക്ഷകമനസ്സുകളില്‍ നിറയ്ക്കുവാന്‍ ഉതകുന്നവയാണ്. എന്നാല്‍ പേടി എന്ന വികാരം ഉണര്‍ത്തുന്നതില്‍ ഈ ചിത്രം അത്രയ്ക്ക് വിജയിച്ചില്ല എന്നുവേണം പറയാന്‍. പെട്ടെന്നുള്ള ഞെട്ടിപ്പിക്കുന്ന പ്രേതരംഗങ്ങള്‍ മാത്രമേ ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഞെട്ടലിന്റെ ഒരു മാത്രയ്ക്കപ്പുറം മനസ്സില്‍ അവശേഷിക്കുന്നതരത്തിലുള്ള ഭീതി ഉളവാക്കാന്‍ അവയ്ക്ക് സാധിച്ചില്ല. ചിത്രം സാങ്കേതികപരമായി നല്ല നിലവാരം പുലര്‍ത്തി. അഭിനേതാക്കളും മോശമാക്കിയില്ല. നായിക കാണാന്‍ കൊള്ളാമായിരുന്നു.
ഒരു ഹൊറര്‍ ചിത്രം എന്നതിനുമപ്പുറം ഒരു ഹാസ്യചിത്രമായി കാണാന്‍ ഉതകുന്ന രസകരമായൊരു ചിത്രമാണ് ഘോസ്റ്റ് ഷിപ്പ്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് കാണാന്‍ ശ്രമിക്കാം.

No comments:

Post a Comment