Monday, November 16, 2015

The Girl Who Leapt Through Time Movie Review

ദ ഗേള്‍ ഹൂ ലെപ്റ്റ് ത്രൂ ടൈം (The Girl Who Leapt Through Time, 2006, Japanese)
പ്രശസ്തനോവല്‍ പാപ്രിക്കയും മറ്റും രചിച്ച  Yasutaka Tsutsuiയുടെ ഇതേപേരിലുള്ള നോവലില്‍നിന്ന് സ്വാധീനം ഉള്‍ക്കൊണ്ട് Mamoru Hosoda സംവിധാനം ചെയ്ത ആനിമേഷന്‍ ചിത്രമാണ് ദ ഗേള്‍ ഹൂ ലെപ്റ്റ് ത്രൂ ടൈം. പ്രധാനകഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് Riisa Naka, Takuya Ishida, Mitsutaka Itakura തുടങ്ങിയവരാണ്. ഒരു സയന്‍സ് ഫിക്ഷന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന റൊമാന്റിക്‌ കോമഡി ആണ് ഈ ചിത്രം.
മകോട്ടോ എന്ന പെണ്‍കുട്ടി തന്റെ സുഹൃത്തുക്കളായ ചിയാക്കിയുടെയും കൊസുക്കെയുടെയുമൊപ്പം തന്റെ സ്കൂള്‍ ജീവിതം നല്ലരീതിയില്‍ മുന്നോട്ടുനയിക്കുകയാണ്, അങ്ങനെയിരിക്കെ ഒരുദിവസം മകോട്ടോ യാദൃശ്ചികമായി തനിക്ക് പുതിയൊരു കഴിവ് കൈവന്നിരിക്കുന്ന കാര്യം മനസ്സിലാക്കുന്നു, ടൈം ട്രാവല്‍ ചെയ്യാനുള്ള കഴിവ്. അങ്ങനെ മകോട്ടോ തന്റെ കഴിവ് പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിലുള്ളത്. ടൈം ട്രാവല്‍ ആശയങ്ങളേക്കാള്‍ അധികം വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ ചിത്രമായതിനാല്‍ പ്രക്ഷഹൃദയങ്ങളെ ഏറെ സ്പര്‍ശിക്കുന്ന ഒരുപാട് രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഹൃദ്യമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ സുഖമുള്ള രീതിയില്‍ മെല്ലെ മുന്നോട്ടുപോവുന്ന ചിത്രത്തില്‍ ചികഞ്ഞുനോക്കിയാല്‍ ചില ന്യൂനതകള്‍ കണ്ടെത്താന്‍ ആകുമെങ്കിലും ഇഷ്ടം തോന്നിപ്പോവുന്ന കഥാപാത്രങ്ങളും മികച്ച കഥാസന്ദര്‍ഭങ്ങളും മൂലം മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു ചിത്രംതന്നെയാണ് ഇത്. ജീവനില്ലാത്ത ചിത്രങ്ങള്‍ക്ക് ശബ്ദവും ചലനങ്ങളും വഴി ജീവന്‍ കൊടുത്ത് അവയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാക്കുന്ന കാര്യത്തില്‍ കാര്യത്തില്‍ ജാപ്പനീസ് ആനിമേറ്റര്‍മാര്‍ ആഗ്രഗണ്യരാണ്. തന്റെ മറ്റുചിത്രങ്ങള്‍ക്ക് ലഭിച്ച അതെ രീതിയില്‍ മികച്ച അഭിപ്രായം ഈ ചിത്രത്തിനും നേടിയെടുക്കാന്‍ സംവിധായകന് സാധിച്ചു. ഏറെ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഈ ചിത്രം ജപ്പാനിലെ തീയറ്ററുകളിലും വന്‍വിജയമാണ് നേടിയെടുത്തത്. മനസ്സിന് കുളിര്‍മയേകുന്ന നല്ലൊരു ചലച്ചിത്രാനുഭവമാണ് ഈ ചിത്രം. എല്ലാവരും കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment