Thursday, November 12, 2015

Prem Ratan Dhan Payo Movie Review

പ്രേം രത്തന്‍ ധന്‍ പായോ (Prem Ratan Dhan Payo, 2015, Hindi)
എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സംവിധായകനാണ് സൂരജ് ബര്‍ജാത്യ. ഹിന്ദി സിനിമകള്‍ കാണാന്‍ തുടങ്ങിയ കാലത്ത് കണ്ട ചിത്രങ്ങളിലൊന്നാണ് വിവാഹ്. ഏറെ ആസ്വദിച്ച് ആ ചിത്രം കണ്ടപ്പോഴും അതിന്റെ സംവിധായകനെപ്പറ്റി അധികം അന്വേഷിച്ചിരുന്നില്ല. പിന്നീട് അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുകയും അദ്ദേഹത്തിന്‍റെ മുന്‍കാലചിത്രങ്ങളായ മേനേ പ്യാര്‍ കിയാ, ഹം ആപ്കേ ഹേ കോന്‍, ഹം സാഥ് സാഥ് ഹേ എന്നീ ചിത്രങ്ങളും കണ്ടു. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ ആയിരുന്നു എല്ലാം. കരണ്‍ ജോഹര്‍, യാഷ് ചോപ്ര, ആദിത്യ ചോപ്ര തുടങ്ങിയവരുടെ ഇത്തരം ചിത്രങ്ങള്‍ കണ്ടിരിക്കാന്‍ തോന്നാത്ത എന്നെ പക്ഷേ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പിടിച്ചിരുത്തി. സൂരജ് ബര്‍ജാത്യയുടെ രചനയില്‍ ഇറങ്ങിയ എക് വിവാഹ് ഐസാ ഭി എന്ന ചിത്രവും എനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ ആ ചിത്രത്തിന്‍റെ തീയറ്റര്‍ പരാജയത്തിനുശേഷം അദ്ദേഹത്തിന്‍റെ പുതിയ സിനിമകളെപ്പറ്റി ഒന്നും കേട്ടിരുന്നില്ല. അതും കഴിഞ്ഞാണ് സല്‍മാന്‍ ഖാന്‍ ദബങ്ങ് എന്നൊരു ചിത്രത്തിലൂടെ തന്റെ താരമൂല്യം പതിന്‍മടങ്ങാക്കിയതും മറ്റും. അതിനുശേഷം കൂടുതല്‍ ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങളാണ് സല്‍മാന്‍ തെരഞ്ഞെടുത്തതെങ്കിലും സൂരജ് ബര്‍ജാത്യ-സല്‍മാന്‍ ഖാന്‍ ടീമിന്റെ ഒരു പക്കാ കുടുംബചിത്രം കാണണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നു 2010 മുതല്‍. അതുകൊണ്ടുതന്നെ പ്രേം രത്തന്‍ ധന്‍ പായോ അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ ആ ചിത്രത്തിനുള്ള കാത്തിരിപ്പില്‍ ആയിരുന്നു ഞാന്‍. എനിക്ക് ഏറെ പ്രിയങ്കരനായ സംഗീതസംവിധായകന്‍ ഹിമേഷ് റേഷമ്മിയ ആണ് ഈ ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത് എന്നുകൂടെ അറിഞ്ഞപ്പോള്‍ കാത്തിരിപ്പിന്റെ ശക്തി കൂടി. ചിത്രത്തിന്‍റെ റിലീസിന് മുന്‍പുതന്നെ പുറത്തുവന്ന ഗാനങ്ങള്‍ മിക്കതും ഏറെ മികച്ചുനിന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. അങ്ങനെ ആദ്യദിവസംതന്നെ ഈ ചിത്രം കാണാന്‍ പോയ എന്നെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന്‍ ഈ ചിത്രത്തിന് സാധിച്ചു. എന്താണോ ഞാന്‍ പ്രതീക്ഷിച്ചത്, അതുതന്നെ അതിന്റെ എല്ലാ മനോഹാരിതയോടുംകൂടെ സ്ക്രീനില്‍ കാണാന്‍ സാധിച്ചത് എന്റെ കാത്തിരിപ്പിന്റെ മധുരം ഇരട്ടിപ്പിച്ചു എന്നുതന്നെവേണം പറയാന്‍. അത്രയ്ക്കും ആസ്വദനീയമായ രീതിയില്‍ത്തന്നെ ചിത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു.
പ്രിസണര്‍ ഓഫ് സെന്‍ഡ എന്ന ആന്റണി ഹോപ്പിന്റെ ചെറുകഥയില്‍നിന്ന് സ്വാധീനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ട്രെയ്ലര്‍, ഗാനങ്ങള്‍ എന്നിവയില്‍നിന്ന് ഏകദേശം വ്യക്തമായിരുന്നു. ഒരു നാട്ടുരാജ്യത്തെ രാജകുമാരന്റെ കിരീടാരോഹണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുമ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും, രാജകുമാരന്റെ വിശ്വസ്തര്‍ ചടങ്ങുകള്‍ മുടങ്ങാതിരിക്കാന്‍ അദ്ദേഹത്തിന്‍റെ സമാനരൂപമുള്ള ഒരാളെ രാജകുമാരനാക്കി അവതരിപ്പിക്കുകയും, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും മറ്റും പല കഥകളിലും ചിത്രങ്ങളിലുമായി നമ്മള്‍ പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ആ കഥയെ ഇന്നത്തെ കഥാപശ്ചാത്തലത്തിലേക്ക് പറിച്ചുനട്ട് രസകരവും ഹൃദയസ്പര്‍ശിയുമായ ധാരാളം ഘടകങ്ങള്‍ ചേര്‍ത്ത് മികച്ചൊരു ചിത്രമായി സംവിധായകന്‍ വാര്‍ത്തെടുത്തു. ഒരിക്കല്‍പ്പോലും നെറ്റിചുളിക്കാതെ കുടുംബാങ്ങള്‍ക്കൊപ്പം ഇരുന്ന് കാണാന്‍ സാധിക്കുന്ന ഒരു ടിപ്പിക്കല്‍ ഹിന്ദി സിനിമയാക്കി അദ്ദേഹം ചിത്രത്തെ ഒരുക്കി. അതിനോടുകൂടെ മികച്ച ഗാനങ്ങളും പശ്ചാത്തലസംഗീതവും ചേര്‍ന്നപ്പോള്‍ നല്ലൊരു അനുഭവമായിമാറി ചിത്രം. കലാസംവിധാനവും രംഗസജ്ജീകരണവും മറ്റും മികച്ചുനിന്നപ്പോള്‍ ശരാശരിനിലവാരം മാത്രം പുലര്‍ത്തിയ ഗ്രാഫിക്സ് ചിലയിടങ്ങളിലെങ്കിലും കല്ലുകടിയായിത്തോന്നി. ഒന്നുരണ്ട് ഗാനരംഗങ്ങളും പ്രത്യേകിച്ച് പ്രാധാന്യം ഇല്ലാത്തവ ആയിരുന്നു.
സല്‍മാന്‍ ഖാന്‍ തന്റെ രണ്ടുവേഷങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ചു. മുന്‍പ് പലപ്പോഴും ചെയ്ത നിഷ്കളങ്കവേഷങ്ങളില്‍നിന്നും കൂടുതലായി ഒന്നും അദ്ദേഹത്തിന് ചെയ്യാനില്ലായിരുന്നു എങ്കിലും രണ്ടുവേഷങ്ങളും അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു. സോനം കപൂര്‍ മോശമാക്കാതെ തന്റെ വേഷം ചെയ്തെങ്കിലും കുറച്ചുകൂടെ ഭംഗിയുള്ള ആരെങ്കിലും ആയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി. റാന്‍ഝണാ, തനു വെഡ്സ് മനു സീരീസ്, ഔറംഗസേബ് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ചൊരു സ്വഭാവനടിയാണെന്ന് തെളിയിച്ച സ്വരാ ഭാസ്കര്‍ ഈ ചിത്രത്തിലും ഏറെ മികച്ചുനിന്നു. ഇനിയും ഒട്ടേറെ അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കട്ടെ. അനുപം ഖേറും ഏറെ നന്നായി. സല്‍മാന്‍ ഖാനും ഇദ്ദേഹവും തമ്മിലുള്ള രംഗങ്ങള്‍ രസകരമായിരുന്നു. നീല്‍ നിതിന്‍ മുകേഷ്, അര്‍മാന്‍ കോഹ്ലി എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ദീപക് ദോബ്രിയാല്‍ എന്ന നടന്‍ സല്‍മാന്റെ വലംകൈ ആയി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ കഴിവ് മുഴുവനായും പുറത്തെടുക്കാന്‍മാത്രമുള്ള വേഷമായിരുന്നില്ല ചിത്രത്തിലേത്. മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ നന്നായി അവതരിപ്പിച്ചു.
പഴയകാല ഹിന്ദി സിനിമകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഈ ചിത്രം. ഇന്ത്യന്‍ സിനിമ എത്ര മാറിയാലും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ കാണാനാണ് കുടുംബങ്ങളും മുതിര്‍ന്നവരും ആഗ്രഹിക്കുന്നത് എന്നാണ് ഇന്ന് ഞാന്‍ കണ്ട തീയറ്ററിലെ പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഹം ആപ്കേ ഹേ കോന്‍, ഹം സാഥ് സാഥ് ഹേ ഒക്കെ പോലത്തെ ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന, മെലോഡ്രാമ സഹിക്കാന്‍ ക്ഷമയുള്ളവര്‍ക്ക് കണ്ടുനോക്കാം, അവരെ ചിത്രം നിരാശപ്പെടുത്താന്‍ വഴിയില്ല.

No comments:

Post a Comment