Sunday, December 18, 2011

ചില ഏറ്റുപറച്ചിലുകള്‍; My Confessions


ഇപ്പോള്‍ സമയം പുലര്‍ച്ചേ രണ്ടേമുക്കാല്‍. കുറേ നേരം വെറുതെ കിടന്നിട്ട് ഉറക്കം വരാഞ്ഞതുകൊണ്ടും ഇനിയും ഇങ്ങനെ ഒരു ബ്ലോഗ്‌ എഴുതിയില്ലെങ്കില്‍ എനിക്ക് മനസ്സമാധാനം ഉണ്ടാവില്ല എന്ന് ഏകദേശം മനസ്സിലായതുകൊണ്ടും ആണ് കുറേ ദിവസമായി മനസ്സില്‍ കൊണ്ടുനടക്കുന്ന ഇക്കാര്യം ഞാന്‍ ഇപ്പോള്‍തന്നെ എഴുതാന്‍ തീരുമാനിച്ചത്‌.
ഏകദേശം ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കേരളമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പേരായിരുന്നു ഹരിശങ്കര്‍ കലവൂര്‍. ‘സില്‍സില’ എന്നൊരു ആല്‍ബം പുറത്തിറക്കിയതിന്റെ പേരിലാണ് ഇദ്ദേഹം (കു)പ്രസിദ്ധനായത്‌. ഈ ഗാനരംഗം ഞാന്‍ ആദ്യമായി കാണുന്നത് 2010 മെയ്‌ മാസത്തില്‍ എപ്പോഴോ ആണ്. ഒരുദിവസം രാവിലെ പതിവുപോലെ മലയാളം സിനിമകളുടെ വിവരങ്ങള്‍ ലഭിക്കുന്ന ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലെ പുതിയ വിശേഷങ്ങളിലൂടെ കണ്ണോടിക്കുമ്പോഴാണ് ‘ഇവനെ ഒക്കെ എന്ത് ചെയ്യണം – സില്‍സില’ എന്ന പേരില്‍ ഒരു പോസ്റ്റ്‌ ഞാന്‍ കാണുന്നത്. അന്ന് ആ ഗാനരംഗം കണ്ടു ഞാന്‍ ഒരുപാട് ചിരിച്ചു. അതിന്റെ വരികള്‍ ‘ഹൈ പിച്ച്, ലോ പിച്ച്’ എന്ന വിവരണങ്ങളോടുകൂടി ഇന്‍റര്‍നെറ്റില്‍ ഞാന്‍ പ്രചരിപ്പിച്ചു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ അതിലെ ആളുകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചു ഞാന്‍ ഒരു പോസ്റ്ററും ഉണ്ടാക്കി. ഒരാഴ്ച കഴിഞ്ഞു ഞാന്‍ എനിക്കറിയുന്ന രീതിയില്‍ അതിനെ റിമിക്സ് ചെയ്ത് യുട്യൂബില്‍ അപ് ലോഡും ചെയ്തു.
‘സില്‍സില വേട്ട’ ഞാന്‍ അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. യമദേവന് സസ്പെന്‍ഷന്‍ എന്നൊക്കെ പറഞ്ഞു വേറെ ഒരു പോസ്റ്റര്‍ ഇറക്കിയും ഞാന്‍ ഈ പരിപാടി തുടര്‍ന്നു. അതിനിടയില്‍ ഈ ഗാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഹരിശങ്കറിന്റെ മറ്റൊരു ഗാനം ആരോ യുട്യൂബില്‍ ഇട്ടിരുന്നു. ‘യന്ത്രപ്പാട്ട്’ എന്ന ആ ഗാനത്തിലെ വരികള്‍ വളരെ നല്ലതായിരുന്നു എങ്കിലും അതിന്റെ ദൃശ്യാവിഷ്കാരം അധികം മേന്മ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത തരത്തിലുള്ള ആനിമേഷന്‍ ആയിരുന്നു, അതിനെയും ഞാന്‍ കുറെ കളിയാക്കി.. പിന്നെ സില്‍സില നാന്നൂറാം ദിവസം പിന്നിടുന്നു എന്ന് പറഞ്ഞ് ഒരു പോസ്റ്ററും, സില്സിലയെ കളിയാക്കിക്കൊണ്ട് ‘ചില സില്‍സില ചിന്തകള്‍’ എന്നൊരു കഥയും ഞാന്‍ എഴുതി. ഇതൊന്നും പോരാഞ്ഞിട്ട് സന്തോഷ്‌ പണ്ഡിറ്റ്‌ സംവിധാനം ചെയ്ത ‘കൃഷ്ണനും രാധയും’ എന്ന ചിത്രത്തിലെ ‘ഗോകുലനാഥനായ് കള്ളക്കണ്ണന്‍’ എന്നാ ഗാനത്തെയും ‘യന്ത്രപാട്ടി’നെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ‘ഗോകുലയന്ത്രങ്ങള്‍’ എന്ന ഒരു വീഡിയോയും ഞാന്‍ യുട്യൂബില്‍ അപ് ലോഡ്‌ ചെയ്തു.
ഇതിനിടയില്‍ ഹരിശങ്കര്‍ മറ്റൊരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ടായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത് സംഗീതം നല്‍കിയ ഒരു ഗാനം, ‘ഒരു പക്ഷി പോലും..’. അത് സംഗീതത്തിന്റെ കാര്യത്തില്‍ സാമാന്യം നിലവാരമുള്ളതും ആശയം, ചിത്രീകരണം എന്നീ കാര്യങ്ങളില്‍ അതിഗംഭീരവും ആയിരുന്നു എങ്കിലും, ആ ഗാനത്തെ പറ്റി ചിലരോട് നല്ലത് പറഞ്ഞു എന്നതൊഴിച്ചാല്‍ ആ ഗാനം കുറച്ചു പേര്‍ക്ക് അയച്ചു കൊടുക്കാനും ഒന്നും ഞാന്‍ മെനക്കെട്ടില്ല.
അന്നൊക്കെ ഞാന്‍ ബോധപൂര്‍വം ചിന്തിക്കാതെ പോയ ഒരു കാര്യമുണ്ടായിരുന്നു, എന്തിനാണ് ഞാന്‍ ഇതൊക്കെ ചെയ്തത്? ആ ഗാനത്തെ എന്തിനാണ് ഞാന്‍ ഇത്രയേറെ ക്രൂശിച്ചത്? എത്രയോ വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉള്ള പല സിനിമാസംവിധായകരും വളരെ മോശമായ ചിത്രങ്ങള്‍ നമുക്ക് തന്നിട്ടും അവരെയൊന്നും ഒന്നും പറയാതെ, ഒരു മോശം ഗാനം ഉണ്ടാക്കിയതിന്റെ പേരില്‍ ഒരു നവാഗതന്‍ എന്ന പരിഗണനപോലും നല്‍കാതെ ഇത്രക്ക്‌ ആക്ഷേപിക്ക്പ്പെടാന്‍ മാത്രം എന്ത് തെറ്റാണ് ഹരിശങ്കര്‍ ചെയ്തത്?
ഒരു ദിവസം എനിക്ക് ഫേസ് ബുക്കില്‍ ഒരു മെസ്സേജ് വന്നു. അത് ഹരി ശങ്കറിന്റെ മെസ്സേജ് ആയിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഗാനത്തെ പറ്റിയും ഉള്ള എന്റെ പടപ്പുകള്‍ കണ്ട് എനിക്ക് മെസ്സേജ് അയച്ചിരിക്കുകയാണ് അദ്ദേഹം. ഞാന്‍ അദ്ദേഹത്തെ ഇത്രയേറെ വിമര്‍ശിച്ചിട്ടും അതിനെ എല്ലാം വെറും തമാശ രീതിയില്‍ എടുത്തുകൊണ്ട് ‘താങ്കള്‍ വളരെ രസകരമായി എഴുതുന്നു, ഇനിയും എഴുതുക’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എനിക്ക് മെസ്സേജ് അയച്ചിരിക്കുന്നു!! ആകാംക്ഷയും അത്ഭുതവും മൂലം ഞാന്‍ അദ്ദേഹത്തിറെ പ്രൊഫൈല്‍ ഉടന്‍ തന്നെ തുറന്നു നോക്കി. അദ്ദേഹത്തെയും പറ്റി കൂടുതല്‍ അറിയുവാന്‍ അതെന്നെ സഹായിച്ചു. ചിത്രരചന, സാഹിത്യപരമായ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം എന്ന് തുടങ്ങി പല കാര്യങ്ങളിലും ഇദ്ദേഹം സജീവസാന്നിധ്യമാണ്. ഇദ്ദേഹം ഒരു വിദ്യാലയത്തിന്റെ ചിത്രകലാധ്യാപകന്‍ കൂടി ആണ്. ‘സില്‍സില’ എന്നൊരു ഗാനത്തിന്റെ സൃഷ്ടാവ്‌ എന്നതിലുപരി, ചെറുകഥകള്‍ എഴുതുകയും, ചിത്രങ്ങള്‍ രചിക്കുകയും ചെയ്യുന്ന, മനസ്സില്‍ നന്മ കാത്തുസൂക്ഷിക്കുന്ന ഒരു ഹരിശങ്കറിനെയാണ് എനിക്കിവിടെ കാണാന്‍ സാധിച്ചത്.
കലാസാംസ്കാരികരംഗത്തെ പല പ്രമുഖര്‍ക്കുമൊപ്പം ഇദ്ദേഹം പല പരിസ്ഥിതിപ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ബ്ലോഗ്‌ വായിച്ചപ്പോള്‍ സില്സിലയെ പറ്റി എനിക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചു. അതിലെ ഓരോ വാക്കുകളുടെയും അര്‍ത്ഥവും, ആ ഈണം എങ്ങനെയാണ് ഉണ്ടായത്‌ എന്നതും ഒക്കെ മനസ്സിലാക്കിയപ്പോള്‍ ആ ഗാനത്തെ ഇത്രയേറെ തേജോവധം ചെയ്യണമായിരുന്നോ എന്ന് എനിക്ക് തോന്നിപ്പോയി. അപ്പോഴാണ്‌ ഞാന്‍ ചിന്തിച്ചത്‌, ഞാന്‍ ഇതൊക്കെ ചെയ്തത് എന്തിനായിരുന്നു? പോസ്റ്ററുകള്‍ ഇറക്കുകയും വീഡിയോ ഉണ്ടാക്കുകയും ഒക്കെ ചെയ്തത്തിന്റെ ലക്‌ഷ്യം എന്തായിരുന്നു? ഉത്തരം വളരെ എളുപ്പമാണ്, ഈ പടപ്പുകള്‍ക്ക് ഒപ്പം ഇതൊക്കെ ഉണ്ടാക്കിവിട്ട എന്റെ പേരുകൂടി നാലാള്‍ കാണുമല്ലോ എന്ന എന്റെ വൃത്തികെട്ട ചിന്താഗതി. ആരാന്റെ പുര കത്തുമ്പോള്‍ അതില്‍ നിന്ന് ചൂട്ടു കത്തിക്കുന്ന രീതിയിലുള്ള തരം താണ പ്രവൃത്തികള്‍ ആയിരുന്നു അതെല്ലാം. അതിനാല്‍ ഞാന്‍ ശ്രീ. ഹരിശങ്കറിനെയോ സില്സിലയെയോ ആക്ഷേപിച്ചുകൊണ്ടുള്ള എല്ലാ പോസ്റ്റുകളും വീഡിയോകളും ഡിലീറ്റ് ചെയ്യുകയാണ്. ഒരു ഗാനത്തിന് ഇത്രയേറെ വിമര്‍ശനങ്ങള്‍ ഏറ്റിട്ടും അതിലൊന്നും തളരാതെ നല്ല മറ്റൊരു ഗാനവുമായി തിരിച്ചുവന്ന അദ്ദേഹത്തില്‍ നിന്നും ഇനിയും ഉദാത്തമായ കലാസൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഭാവിസംരംഭങ്ങള്‍ക്ക്‌ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഞാന്‍ നിര്ത്തുന്നു.
സമയം നാല് മണി. നാളെ ഞായറാഴ്ച. വൈകി എഴുന്നേറ്റാല്‍ മതി എന്ന പ്രതീക്ഷയോടെ ഞാന്‍ ഉറങ്ങാന്‍ കിടക്കട്ടെ.. ‘ശുഭരാത്രി’.