Saturday, September 26, 2015

The Gamer Pocket Film Review

ദ ഗെയ്മര്‍ (The Gamer, 2015, Malayalam)
യാദൃശ്ചികമായാണ് ഓജോയുടെ ഗെയ്മര്‍ എന്ന പോക്കറ്റ് വീഡിയോ കാണാനിടയായത്. ടെസ്റ്റ്‌ ക്രിക്കറ്റ് ഏകദിനമാവുകയും, അതുപിന്നീട്‌ ട്വന്റി ട്വന്റി ആവുകയും ചെയ്ത വേഗതയേറിയ ഈ കാലത്ത് ഹ്രസ്വചിത്രങ്ങള്‍ക്കും ഒരുപടി മുന്നോട്ടുനീങ്ങി പരിണാമം സംഭവിച്ച പോക്കറ്റ് ചിത്രങ്ങള്‍ അഥവാ മൈക്രോചിത്രങ്ങള്‍ എണ്ണത്തില്‍ അധികമൊന്നും മലയാളത്തില്‍ വന്നിട്ടില്ല. എസ്ടോപ്പോ ഫിലിം ഫാക്ടറിയുടെ 'സമയം നല്ലതല്ല' എന്നൊരു വേറിട്ട ശ്രമത്തിനുശേഷം കണ്ട മികച്ചൊരു അനുഭവമായിരുന്നു ഗെയ്മര്‍.
നമ്മുടെ സിനിമാപാരഡൈസോ ഗ്രൂപ്പിനും മറ്റുപലര്‍ക്കും നന്ദിരേഖപ്പെടുത്തിക്കൊണ്ട് തുടങ്ങുന്ന ചിത്രം ആ ഫ്രെയ്മുകളില്‍ത്തന്നെ ചിത്രത്തിന്‍റെ സ്വഭാവം വിളിച്ചോതുന്നുണ്ട്. വ്യക്തികള്‍ക്ക് നന്ദി രേഖപ്പെടുത്തുമ്പോള്‍ ചുവപ്പും വെളുപ്പും കലര്‍ന്ന അക്ഷരങ്ങളില്‍ അവരുടെ പേരുകള്‍ എഴുതിക്കാണിച്ച കാര്യം പ്രേക്ഷകര്‍ ശ്രദ്ധിച്ചുകാണുമല്ലോ. വരാന്‍ പോവുന്ന രക്തച്ചൊരിച്ചിലിന്റെ ഒരു സൂചനമാത്രമായിരുന്നു അത്.
തുടര്‍ന്നുള്ള രംഗത്തില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ ഒരു ഗെയിം കളിക്കുന്നതായി കാണാം. ഒരാള്‍, അത്രമാത്രം. ഊരോ, പേരോ, ഒന്നുമില്ലാത്ത, അഥവാ പ്രേക്ഷകന് അറിയാത്ത ഒരാള്‍. കാലദേശമതങ്ങളുടെ ചങ്ങലകളില്‍നിന്നൊക്കെ വിമുക്തനായ ഒരാള്‍. അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്ന ഗെയിം ഫ്രൂട്ട് നിന്‍ജ. എത്ര ഉദാത്തവും ആസൂത്രിതവുമായ foreshadowing ആണ് ഇതെന്നോര്‍ത്ത് കോരിത്തരിച്ചുപോയി എന്റെ ഹൃദയം! ലോകചരിത്രത്തില്‍ വീരന്മാരായ നിന്‍ജകള്‍ക്ക് എത്രയേറെ പ്രാധാന്യം ഉണ്ടെന്ന കാര്യവുമായി കൂട്ടിവായിക്കുമ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോടുള്ള ബഹുമാനവും ആരാധനയും ഇരട്ടിക്കുകയേ ഉള്ളൂ. തുടര്‍ന്ന് വിഹ്വലതയുണര്‍ത്തുന്ന പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ ക്യാമറ കറങ്ങി എതിര്‍ദിശയിലേക്ക് തിരിയുമ്പോള്‍ ദൗത്യം പൂര്‍ത്തിയാക്കിയശേഷം ഗെയ്മര്‍ക്കരികിലേക്ക് വരുന്ന രണ്ട് അജ്ഞാതര്‍ക്കൊപ്പം ഗെയ്മര്‍ നടന്നുനീങ്ങുമ്പോള്‍ അവിടെ സദൃശമാവുന്നത് നമ്മെ ഞെട്ടിക്കാന്‍ ഉതകുന്ന ഒന്നാണ്. ഒരു മൃതശരീരം!! പോരാളികള്‍ ആയിരുന്ന നിന്‍ജ യോദ്ധാക്കള്‍ ആയിരിക്കുമോ ആ മൃതശരീരത്തിന്റെ ഉത്തരവാദികള്‍? ആയിരിക്കും എന്ന് വിശ്വസിക്കാനാണെനിക്ക് ഇഷ്ടം. ഫ്രൂട്ട് നിന്‍ജയില്‍ പഴങ്ങള്‍ അരിഞ്ഞുതള്ളുന്ന അതേ ലാഘവത്തോടെ എതിരാളികളെ വധിക്കുന്ന നിന്‍ജകള്‍.
അപ്പോള്‍ ഗെയ്മര്‍ ആരാണ്? മറ്റൊരു നിന്‍ജയോ, അതോ അവരെ നിയന്ത്രിക്കുന്ന ഒരു ശക്തിയോ? 'ദുനിയാവിന്‍ മൈതാനത്ത് കളിപ്പന്തും ഇട്ടുകൊടുത്ത് മേലാപ്പില്‍ കുത്തിയിരുന്ന് കളികണ്ടുരസിക്കുമൊരാള്!' ഗെയ്മര്‍! അഥവാ ദൈവം! സര്‍വലോകവാസികളെയും തന്റെ കയ്യിലെ കളിപ്പാവകള്‍ മാത്രമാക്കുന്ന ഗെയ്മര്‍! അത്തരമൊരു വായനയില്‍ ഈ ചിത്രത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കൂടുതല്‍ രഹസ്യങ്ങള്‍ മറനീക്കി പുറത്തുവരുന്നത് നമുക്ക് കാണാം. ആ ഗെയ്മര്‍ക്ക് തന്റെ കളിപ്പാവകളെ നിയന്ത്രിക്കാനുള്ള ഒരു ഉപാധി ആയിരിക്കുമോ തന്റെ ഹാന്‍ഡ്‌ഫോണ്‍?! ചുമരില്‍ അലക്ഷ്യമായി കോറിയിട്ട വാക്കുകള്‍ക്കും വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങളുണ്ട്. എല്ലാ പ്രതിബന്ധങ്ങളും (പ്രതിബന്ധങ്ങളെ symbolise ചെയ്തുകൊണ്ട് ചുമരില്‍ 'fire' എന്ന് എഴുതിയിരിക്കുന്നതും, സാത്താന്റെ പ്രതിരൂപങ്ങളായ രണ്ട് അവ്യക്തമുഖങ്ങള്‍ വരച്ചിരിക്കുന്നതും കാണാം) താണ്ടി ഈശ്വരനുമുന്നില്‍, അതായത് തന്റെ ലക്ഷ്യത്തില്‍ (ചുമരിന്റെ മറുവശത്ത്‌ 'target' എന്ന് എഴുതിയതായി കാണാം) എത്തിയ ഭക്തനെ ആത്യന്തികമായ മോക്ഷം നല്‍കിക്കൊണ്ട് അനുഗ്രഹിച്ച ദൈവവും ദൈവത്തിന്റെ മാലാഖമാരും ആവുന്നു അപ്പോള്‍ നമ്മള്‍ കണ്മുന്നില്‍ കണ്ട കഥാപാത്രങ്ങള്‍. മൃതശരീരത്തെ കാണിക്കുന്ന രംഗത്തില്‍ ഇടതുവശത്തുകൂടെ അലക്ഷ്യമായി മിന്നിമായുന്ന നീലവെളിച്ചവും ഇത്തരമൊരു സാധ്യതയ്ക്ക് ശക്തികൂട്ടുന്നു. മോക്ഷപ്രാപ്തി ലഭിച്ച ആത്മാവ് നശ്വരമായ ശരീരത്തെ വിട്ട് അഭൗമവും അലൗകികവുമായ നീലനിറം പൂണ്ടുകൊണ്ട് പ്രപഞ്ചത്തിന്റെ നാഥനില്‍ വിലയം പ്രാപിക്കുന്നു! ചിത്രത്തിലുടനീളം കാണാവുന്ന ടയറുകള്‍ ജീവിതചക്രത്തെ ആവാം സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ വിവിധതരം വ്യാഖ്യാനങ്ങള്‍ ചിത്രത്തിന് സാധ്യമാണ്.
സാങ്കേതികമികവിന്റെ കാര്യത്തില്‍ ഹോളിവുഡ് ചിത്രങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്നു ഗെയ്മര്‍. ക്യാമറയ്ക്കൊപ്പം പ്രേക്ഷകനും കറങ്ങുന്ന പ്രതീതി ആയിരുന്നു ചിത്രത്തില്‍ ഉടനീളം. സംവിധാനവും ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും രംഗസജ്ജീകരണവും എല്ലാം ഒന്നിനൊന്ന് മികച്ചുനിന്നു. ചിത്രത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ തങ്ങളുടെ പേരുകളൊന്നും വെളിപ്പെടുത്താതെ ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്യുമ്പോഴേക്കും വിക്കിപീഡിയയിലും ഐഎംഡിബിയിലും മറ്റും സ്വന്തം പേജ് ഉണ്ടാക്കുന്ന വങ്കന്മാര്‍ക്ക് മാതൃകയായി. എങ്കിലും, നാള്‍ക്കുനാള്‍ തങ്ങളുടെ മികച്ച വീഡിയോകള്‍മൂലം പ്രശസ്തിയുടെ കൊടുമുടിയിലേക്ക് കുതിച്ചുയരുന്ന ബൊളീവിയ റിമിക്സ്‌ ചാനലിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ചില യുവപ്രതിഭകള്‍ ആണ് ഈ ചിത്രത്തിനുപിറകില്‍ എന്നും അഭ്യൂഹമുണ്ട്. അതെന്തായാലും പോക്കറ്റ് ചിത്രങ്ങളുടെ മാത്രമല്ല, ലോകസിനിമാചരിത്രത്തില്‍ത്തന്നെ സ്വന്തമൊരു സ്ഥാനം നേടാന്‍ വരുംകാലങ്ങളില്‍ ഗെയ്മറിന് സാധിക്കും എന്ന് സംശയലേശമെന്യേ പറയാനാവും. ഈ ചിത്രത്തിന്‍റെ ഭാഷ മലയാളം ആണെന്ന് പറയാനാവില്ല, യുദ്ധത്തിന്റെയും രക്തത്തിന്റെയും മോക്ഷത്തിന്റെയും ഭാഷ സാര്‍വത്രികമാണല്ലോ! ഓജോയുടെ തുടര്‍ന്നുള്ള സംരംഭങ്ങള്‍ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.

ചിത്രം ഇവിടെ കാണാം:

A note on the movie Anguish

Warning: Contains major spoilers

So I start watching this movie about a weirdo and his mother. After about half an hour I realize that the movie I was watching is a movie which a set of audience is watching inside the actual movie I was watching. After a while, this weirdo walks into a movie theatre where another set of people are watching another movie. Now I am watching a set of audience inside the movie who is watching a movie in which the weirdo is watching another movie with another set of audience. Lots of mayhem happen followed by a few murders, and finally the movie which the weirdo was watching gets over, as well as the movie in which the weirdo was watching the movie also gets over. Then while the credits start rolling, I realise that the movie I was watching is actually a movie in which a set of audience were watching the movie about another set of audience watching another movie about a weirdo who was watching yet another movie. So which movie was I watching?

Monday, September 21, 2015

Sleepless Night Movie Review

സ്ലീപ്പ്.ലെസ് നൈറ്റ്‌ (Sleepless Night, 2011, French)
Frederic Jardinന്റെ സംവിധാനത്തില്‍ പിറന്ന ഫ്രഞ്ച് ത്രില്ലര്‍ ചിത്രമാണ് സ്ലീപ്പ്.ലെസ് നൈറ്റ്‌ അഥവാ Nuit Blanche. Tomer Sisley, Serge Riaboukine, Julien Boisselier, Lizzie Brocheré തുടങ്ങിയവര്‍ പ്രധാനവേഷങ്ങള്‍ ചെയ്തിരിക്കുന്നു. ഒരു അണ്ടര്‍കവര്‍ ഓപ്പറേഷന്റെ ഭാഗമായി രഹസ്യപോലീസ് വിന്‍സന്‍റ് ഒരു ബാഗ്‌ നിറയെ കൊക്കെയ്ന്‍ പിടിച്ചെടുക്കുന്നു. എന്നാല്‍, ആ കൊക്കെയ്ന്‍ തിരിച്ചുകിട്ടുവാനായി അതിന്റെ ഡീലര്‍ ജോസെ വിന്‍സന്റിന്റെ മകനെ തട്ടിക്കൊണ്ടുപോവുകയും മകനുപകരമായി കൊക്കെയ്ന്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് മകനെ രക്ഷിക്കാനായി വിന്‍സന്‍റ് നടത്തുന്ന പരിശ്രമങ്ങളും അതിനിടെ അയാള്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളും മറ്റുമാണ് ചിത്രത്തില്‍. മുന്‍പ് പലചിത്രങ്ങളിലും കണ്ടുമറന്ന കഥയാണെങ്കിലും മുന്നോട്ടുപോവുന്ന രീതിയിലും പാത്രസൃഷ്ടിയിലും തന്റേതായ ശൈലി കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചതിനാല്‍ മികച്ചൊരു അനുഭവമായിമാറി ഈ ചിത്രം. കഥാപാത്രങ്ങളോട്  ഇണങ്ങിച്ചേരാന്‍ പ്രേക്ഷകന് വേണ്ടുന്ന ആ മിനിമം സമയം കഴിഞ്ഞാല്‍ പിന്നെ ഒരുനിമിഷംപോലും ഇഴച്ചില്‍ അനുഭവപ്പെടാത്തരീതിയിലാണ് ചിത്രത്തിന്‍റെ പോക്ക്.
ലാര്‍ഗോ വിഞ്ച് സീരീസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച Tomer Sisleyയുടെ മറ്റൊരു ശക്തമായ പ്രകടനം ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. വിന്‍സന്‍റ് അദ്ദേഹത്തിന്‍റെ കൈകളില്‍ ഭദ്രമായിരുന്നു. മറ്റഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. മറ്റ് സാങ്കേതികമേഖലകളിലും ചിത്രം നല്ല നിലവാരം പുലര്‍ത്തി. സംഘട്ടനരംഗങ്ങളൊക്കെ വളരെ മികച്ചുനിന്നു.
തൂങ്കാവനം എന്നപേരില്‍ കമലഹാസന്‍, പ്രകാശ്‌ രാജ്, കിഷോര്‍, തൃഷ, സമ്പത്ത് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി ഈ ചിത്രത്തിന്‍റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. ആ ചിത്രവും ഒറിജിനലിന്റെ പേരുമോശമാക്കാത്തവിധം മികച്ചതാവട്ടെ. 

Tuesday, September 15, 2015

Njan Ninnodukoodeyundu Movie Review

ഞാന്‍ നിന്നോടുകൂടെയുണ്ട് (Njan Ninnodukoodeyundu, 2015, Malayalam)
ബാദല്‍ സര്‍ക്കാരിന്റെ Beyond the Land of Hattamala എന്ന ഇംഗ്ലീഷ് നാടകത്തെ അടിസ്ഥാനമാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഞാന്‍ നിന്നോടുകൂടെയുണ്ട്. വിനയ് ഫോര്‍ട്ടും സിദ്ധാര്‍ത്ഥ് ഭരതനും മുഖ്യവേഷങ്ങളില്‍ എത്തിയ ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത് പ്രദീപ്‌ മണ്ടൂരാണ്. ഒരു ഉട്ടോപ്പ്യന്‍ ഗ്രാമത്തില്‍ എത്തിപ്പെടുന്ന രണ്ടുചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്.
തൃശ്ശൂരിലെ ഏതോ ഉള്‍നാടന്‍ ഗ്രാമത്തിലെ രണ്ട് ചെറുകിട കള്ളന്മാരാണ് ദമനനും മദനനും. ജീവിച്ചുപോകാനായി അല്ലറചില്ലറ മോഷണങ്ങള്‍ നടത്തുന്ന ഇവര്‍ ഒരിക്കല്‍ നാട്ടുകാരാല്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ നല്ല ഒഴുക്കുള്ള ഒരു പുഴയിലേക്ക് എടുത്തുചാടുന്നു. പിന്നീട് ബോധം വരുമ്പോള്‍ ഏതോ ഒരു ഗ്രാമത്തിലെ പുഴക്കരയില്‍ ഇവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. മെല്ലെയാണ് അവര്‍ക്ക് ആ വിവരം മനസ്സിലായത്, ഗ്രാമവാസികള്‍ക്ക് പണം, മോഷണം, ചതി തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിവോ കേട്ടുകേഴ്വിയോ ഇല്ല. എല്ലാം എല്ലാവരുടെയും ആണെന്ന തത്വത്തിന്‍മേലാണ് ജനജീവിതം മുന്നോട്ടുപോവുന്നത്. പകല്‍ കൃഷിയും മറ്റുജോലികളും ചെയ്തും, വൈകുന്നേരങ്ങളില്‍ ആടിപ്പാടി ആനന്ദിച്ചും ജീവിച്ചുപോവുന്ന അവരുടെ ഇടയിലേക്ക് എത്തിപ്പെടുന്ന ദമനനും മദനനും അവിടുത്തെ ജീവിതം ആസ്വദിക്കുന്നു. എന്നാല്‍ വൈകാതെ ദമനന്റെ മനസ്സില്‍ അധികാരത്തിനും അവകാശത്തിനുമുള്ള ആര്‍ത്തി മൂക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം അതിന്റെ പരിസമാപ്തിയിലെത്തുന്നത്.
പണ്ട് പല അരങ്ങുകളിലായി സുഹൃത്തുക്കളും മറ്റും അവതരിപ്പിച്ചുകണ്ട ഒരു നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരം, അതും വര്‍ത്തമാനകാലസംവിധായകരില്‍ ജനപ്രീതിയ്ക്കുവേണ്ടി തന്റെ സൃഷ്ടികളില്‍ വിട്ടുവീഴ്ചകള്‍ അധികമൊന്നും ചെയ്യാന്‍ തയ്യാറാവാത്ത പ്രിയനന്ദനന്‍ സംവിധാനം ചെയ്യുമ്പോള്‍ ചിത്രം എങ്ങനെയായിത്തീരും എന്ന ആകാംക്ഷ ഈ ചിത്രത്തെപ്പറ്റി കേട്ടപ്പോള്‍ മുതല്‍ ഉണ്ടായിരുന്നു. സാഹിത്യസൃഷ്ടികള്‍ സിനിമയാക്കുമ്പോള്‍ മിക്കപ്പോഴും സംഭവിക്കാറുള്ള ഗുരുതരമായ പറിച്ചുനടല്‍പ്പിഴവുകള്‍ മിക്കവാറും ഒഴിവാക്കിത്തന്നെയാണ് ചിത്രം ഒരുക്കപ്പെട്ടിട്ടുള്ളത്‌. ഒട്ടും വലിച്ചുനീട്ടാതെതന്നെ പറയേണ്ടത് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സംവിധായകന് സാധിച്ചു. ടൈറ്റിലുകള്‍ കാണിക്കുമ്പോള്‍ മുതല്‍ അവസാനം വരെ ഒട്ടും ബോറടിക്കാതെ രസകരമായിത്തന്നെ ചിത്രം കണ്ടിരിക്കാം. സാങ്കല്‍പ്പികഗ്രാമത്തെ മനോഹരമായി ചിത്രത്തില്‍ ഉടനീളം കാണിക്കുവാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാധിച്ചു. ശരിക്കും ഒരു സ്വപ്നഭൂമിതന്നെ. കലാസംവിധാനവും മുഖ്യതാരങ്ങളുടെ പ്രകടനങ്ങളും മികച്ചുനിന്നു. എന്നാല്‍ ഗ്രാമവാസികളുടെ സംഭാഷണങ്ങളുടെ കാര്യത്തില്‍ അല്‍പം പതറിപ്പോയി രചയിതാവ്. പ്രധാനകഥാപാത്രങ്ങള്‍ വളരെ സ്വാഭാവികമായ ഭാഷയില്‍ സംസാരിച്ചപ്പോള്‍ ഗ്രാമവാസികളായ മറ്റുകഥാപാത്രങ്ങളുടെ സംസാരശൈലി അച്ചടിഭാഷ ആയപോലെ തോന്നി. ഒരുപക്ഷേ ഒരു രീതിയിലുള്ള ദേശ-കാലഗണനകളും ആ ഗ്രാമവാസികളെക്കുറിച്ച് ഉണ്ടാവേണ്ട എന്നതുകൊണ്ടായിരിക്കാം ഇത്തരമൊരു നീക്കം. ആ വേഷങ്ങള്‍ കൈകാര്യം ചെയ്ത മിക്കവരും അത്ര ഗുണമില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. പലപ്പോഴും സ്വതന്ത്രമായി മുന്നോട്ടുപോവുന്ന കാണികളുടെ ആസ്വാദനത്തെപ്പോലും ബാധിക്കുന്നു ഇത്. ക്ലൈമാക്സ് രംഗങ്ങളിലും അല്‍പം നാടകീയത കടന്നുകൂടിയോ എന്നൊരു സംശയം. എങ്കിലും സിനിമയുടെ വേരുകള്‍ ഒരു നാടകത്തില്‍നിന്നാണെന്നതുകൊണ്ടും, സിനിമ മുന്നോട്ടുവെയ്ക്കുന്ന ആശയം മികച്ചതായതുകൊണ്ടും ഈ പോരായ്മകള്‍ കണ്ടില്ലെന്നുനടിക്കാവുന്നതേയുള്ളൂ. വിനയ് ഫോര്‍ട്ടും സിദ്ധാര്‍ത്ഥ് ഭരതനും ദമനനെയും മദനനെയും മികച്ചതാക്കി. വലിയ പ്രാധാന്യം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും നായികമാരുടെ വേഷം ചെയ്ത നവമി മുരളിയും അപര്‍ണാ വിനോദും കുറ്റംപറയിപ്പിക്കാത്തവിധത്തിലുള്ള പ്രകടനങ്ങള്‍ കാഴ്ചവെച്ചു. മറ്റ് എടുത്തുപറയത്തക്ക പ്രകടനങ്ങള്‍ ഒന്നും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. മോശം publicityയും അമച്വര്‍ നാടകങ്ങളുടെ നിലവാരം പുലര്‍ത്തുന്ന പോസ്റ്ററുകളും മറ്റും ചിത്രത്തിന്‍റെ തീയറ്റര്‍ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.
ബോറടിക്കാതെ കണ്ടിരിക്കാവുന്ന നല്ലൊരു ഫാന്റസി ചിത്രംതന്നെയാണ് ഞാന്‍ നിന്നോടുകൂടെയുണ്ട്. ചിത്രം കഴിഞ്ഞ് ഒന്ന് ആലോചിച്ചുനോക്കിയാലേ എന്തിനാണ് ഇങ്ങനെയൊരു പേരിട്ടത് എന്ന് പ്രേക്ഷകന് മനസ്സിലാവൂ. ചിത്രത്തിന്റെ ആത്മാംശം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെങ്കില്‍ അത് മനസ്സിലാവുമ്പോള്‍ നിങ്ങള്‍ക്കുള്ളില്‍ ഉണ്ടാവുന്ന അനുഭൂതി ആസ്വദനീയമായിരിക്കും. Reelmonk.comല്‍ ചിത്രം ലഭ്യമാണ്, കാണാന്‍ ശ്രമിക്കുക.

Monday, September 14, 2015

Court Movie Review

കോര്‍ട്ട് (Court, 2015, Marathi)
കഴിഞ്ഞവര്‍ഷത്തെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ അടക്കം നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ കോര്‍ട്ട് ചൈതന്യാ തംഹാനെയുടെ ആദ്യസംവിധാനസംരംഭമാണ്. വിവേക് ഗോംബര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ Vira Sathidar, Vivek Gomber, Geetanjali Kulkarni, Pradeep Joshi തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നു.
അറുപത്തഞ്ചുകാരനായ നാരായണ്‍ കാംബ്ലെ ഒരു ട്യൂഷന്‍ മാസ്റ്ററും അതോടൊപ്പംതന്നെ ഒരു street performerഉം ആണ്. സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കും അന്യായങ്ങള്‍ക്കും എതിരെ ഗാനങ്ങളും മറ്റും എഴുതി അനുയായികള്‍ക്കൊപ്പം തെരുവുകളിലും പൊതുസ്ഥലങ്ങളിലും perform ചെയ്യാറുണ്ട് നാരായണ്‍ കാംബ്ലെ. അദ്ദേഹത്തിനെതിരെ ഒരുനാള്‍ ഒരു കേസ് ചാര്‍ജ് ചെയ്യപ്പെടുന്നു. തോട്ടിത്തൊഴിലാളിയായ ഒരു യുവാവ് നാരായണ്‍ കാംബ്ലെയുടെ പ്രകടനത്തിനിടയിലെ ഒരു ഗാനത്തില്‍നിന്ന് സ്വാധീനം കൊണ്ട് ആത്മഹത്യ ചെയ്തു എന്നാണ് അദ്ദേഹത്തിനെതിരെയുള്ള ചാര്‍ജ്. പിന്നീട് അദ്ദേഹത്തെ രക്ഷിക്കാന്‍ പ്രതിഭാഗം വക്കീലും ഒരിക്കലും രക്ഷപ്പെടാതിരിക്കാന്‍ വാദിഭാഗം വക്കീലും തമ്മില്‍ നടക്കുന്ന പോരാട്ടങ്ങളും മറ്റുമാണ് ചിത്രത്തില്‍. പോരാട്ടങ്ങള്‍ എന്നാല്‍ സാധാരണ നമ്മള്‍ സിനിമയില്‍ കാണുന്നരീതിയിലുള്ള വാചകക്കസര്‍ത്തുകളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും ഒന്നുമല്ല, യാഥാര്‍ത്ഥ്യത്തോട് എത്രയും അടുത്തുനില്‍ക്കാന്‍ പറ്റുമോ, അത്രയും അടുത്തുനില്‍ക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും‍. സാധാരണയിലും സാധാരണക്കാരായ കഥാപാത്രങ്ങള്‍. ഇതൊക്കെത്തന്നെയാണ് കോര്‍ട്ടിനെ മറ്റേതു കോര്‍ട്ട്റൂം ഡ്രാമയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഏതാനും ഹ്രസ്വചിത്രങ്ങളുടെ എക്സ്പീരിയന്‍സ് മാത്രമുള്ള ചൈതന്യാ തംഹാനെ എന്ന യുവാവ് രചയിതാവായും സംവിധായകനായും ഏറെ പ്രതീക്ഷ നല്‍കുന്നു. മെലോഡ്രാമയും, പ്രേക്ഷകനെ പെട്ടെന്ന് കയ്യിലെടുക്കാനുള്ള ചില ഗിമ്മിക്സും ചേര്‍ത്ത് കൂടുതല്‍ ജനപ്രിയമാക്കുന്നതിനുപകരം യാഥാര്‍ത്ഥ്യത്തോട് ആവുവോളം അടുത്തുനില്‍ക്കുന്ന, അതേസമയം പ്രേക്ഷകന്റെ cinematic sensibilityയെ ചോദ്യംചെയ്യാതെ ഒരുക്കിയ ഒരു ചലച്ചിത്രാനുഭാവമാണ് കോര്‍ട്ട്. ഇന്നത്തെ സമൂഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയ്ക്കും നിസംഗതയ്ക്കും നല്ല കൊട്ടുകള്‍തന്നെ ചിത്രത്തില്‍ സംവിധായകന്‍ നല്‍കുന്നുണ്ട്.
അഭിനേതാക്കള്‍ എല്ലാവരും വളരെ മികച്ചരീതിയില്‍ത്തന്നെയാണ് തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിച്ചത്. സിനിമയാണോ അതോ ശരിക്കുള്ള ജീവിതമാണോ എന്നുപോലും സംശയം ഉളവാക്കുന്ന രംഗങ്ങളായിരുന്നു ചിത്രത്തില്‍ ഉടനീളം. സഹനടീനടന്മാര്‍ വരെ വളരെ സ്വാഭാവികമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.
ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വമായി മാത്രം കാണാന്‍ സാധിക്കുന്ന ഉദാത്തമായ, കലര്‍പ്പില്ലാത്ത ഒരു കലാസൃഷ്ടിയാണ് കോര്‍ട്ട്. അനുദിനം ക്ഷമയും സഹിഷ്ണുതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, ജീവിതത്തിന്റെ വേഗത പോര, ലാഗ് ആണെന്നുപറയുന്ന പ്രേക്ഷകരെ ഭയക്കാതെ ഒരുക്കിയ ധീരമായ ഒരു സൃഷ്ടി. എല്ലാവരും കാണാന്‍ ശ്രമിക്കുക.

Contracted Phase 2 Movie Review

കോണ്‍ട്രാക്ക്റ്റഡ് ഫേസ് 2 (Contracted Phase 2, 2015, English)
Eric Englandന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തുവന്ന body horror ചിത്രമായിരുന്നു കോണ്‍ട്രാക്ക്റ്റഡ്. ഓരോ വര്‍ഷവും ഒരേ  ശ്രേണിയിലുള്ള body horror ചിത്രങ്ങള്‍ വരാറുണ്ടെങ്കിലും അവയില്‍നിന്ന് അല്‍പം വ്യത്യസ്തത പുലര്‍ത്തിയ കോണ്‍ട്രാക്ക്റ്റഡ് ഒരു surprise hit ആയിരുന്നു. അജ്ഞാതമായൊരു പകര്‍ച്ചവ്യാധി മൂലം ശരീരം മെല്ലെമെല്ലെ നശിച്ചുകൊണ്ടിരിക്കുന്ന സമാന്ത എന്ന യുവതിയുടെ കഥയാണ് ചിത്രം പറഞ്ഞത്. Target audienceന്റെ ഇടയില്‍ ചിത്രത്തിന് ലഭിച്ച അപ്രതീക്ഷിതമായ സ്വീകാര്യത അതിന്റെ നിര്‍മ്മാതാക്കളെ ഒരു രണ്ടാംഭാഗം ചെയ്യാന്‍ പ്രേരിപ്പിച്ചു. ആദ്യഭാഗത്തിന്റെ സംവിധായകനായ എറിക് ഇംഗ്ലണ്ടിനുപകരം ജോഷ്‌ ഫോര്‍ബ്സ് ആണ് രണ്ടാംഭാഗം സംവിധാനം ചെയ്തത്. ആദ്യഭാഗത്തിലെ പല കഥാപാത്രങ്ങളും അവരെക്കൂടാതെ ചില പുതിയ കഥാപാത്രങ്ങളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
രോഗബാധിതയായ സമാന്തയുടെ മരണത്തെ തുടര്‍ന്നുള്ള പോസ്റ്റുമോര്‍ട്ടം രംഗങ്ങളില്‍നിന്നാണ് ചിത്രം ആരംഭിക്കുന്നത്. മരിക്കുന്നതിനുമുന്‍പ് റെയ്ലിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സമാന്ത തന്റെ രോഗം റെയ്ലിയിലേക്കും പകര്‍ത്തിയിരുന്നു. പിന്നീട് താന്‍ രോഗബാധിതന്‍ ആണെന്ന് തിരിച്ചറിയുന്ന റെയ്ലി മറ്റുള്ളവരിലേക്ക് ഈ രോഗം പകരുന്നത് തടയാനും മറ്റും ശ്രമിക്കുന്നു. അതില്‍ അയാള്‍ വിജയിക്കുമോ? ആദ്യഭാഗത്തില്‍ കാണിക്കുന്ന നിഗൂഢതകള്‍ നിറഞ്ഞ BJ എന്ന കഥാപാത്രത്തിന്റെ ലക്ഷ്യം എന്താണ്? ഈ ചോദ്യങ്ങള്‍ക്കൊക്കെ തുടര്‍ന്നുള്ള 78 മിനുട്ടില്‍ ഉത്തരം നല്‍കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. ആ ശ്രമത്തില്‍ അദ്ദേഹം ഒരു പരിധിവരെയെങ്കിലും വിജയിച്ചു എന്നുവേണം പറയാന്‍. ഒന്നാംഭാഗത്തെക്കാളും ഒരിത്തിരി മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രംതന്നെയാണ് കോണ്‍ട്രാക്ക്റ്റഡ് ഫേസ് 2. തിരക്കഥയുടെ കാര്യത്തിലും സാങ്കേതികമികവിന്റെ കാര്യത്തിലും.
അഭിനേതാക്കളും മറ്റുസാങ്കേതികവിദഗ്ദ്ധരും തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു. രക്തപങ്കിലമായ രംഗങ്ങള്‍ മാക്സിമം വിശ്വസനീയമായിത്തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ genreല്‍ വരുന്ന ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അത്യാവശ്യം നല്ലൊരു അനുഭവമായിരിക്കും കോണ്‍ട്രാക്ക്റ്റഡ് ഫേസ് 2. രണ്ടുഭാഗങ്ങളും കണ്ടുനോക്കുക. 

Friday, September 11, 2015

Room #305 Movie Review

റൂം #305 (Room #305, 2015, Malayalam)
ചരിത്രാതീതകാലം മുതല്‍ക്കേ മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ പ്രാഥമികവികാരങ്ങളില്‍ ഒന്നായിരുന്നു ഭയം. എല്ലാവരും ഭയക്കുന്ന, ഏറ്റവും ശക്തിമാനും വീരനുമായ തങ്ങളിലൊരുത്തനെ തലവനാക്കി അവനില്‍ അഭയം കണ്ടെത്തിയിരുന്നു ശിലായുഗത്തിനും മുന്‍പുള്ള കാലത്തിലെ ഗോത്രവര്‍ഗ്ഗക്കാര്‍കൂടി. എന്നാല്‍, ഈ സര്‍വശക്തനും പുറത്തുകാണിക്കാത്ത ഒരു ഭയം ഉള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടാവും, മരണത്തോടോ, ദൈവത്തോടോ, മറ്റെന്തിനോടെങ്കിലുമോ ഉള്ള ഭയം. അതിനെ മറക്കാന്‍ അവന്‍ കൂടുതല്‍ ഊറ്റം കൊള്ളുകയും മറ്റുള്ളവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവന്‍ ഭയത്തിനതീതനാവുമെന്നും അവന്‍ വിശ്വസിക്കുന്നു. മനുഷ്യരില്‍ മാത്രമല്ല, ഓരോ ജീവജാലത്തിലും തനതായി അടങ്ങിയ ഒരു സ്വഭാവവൈശിഷ്യം ആണത്. ചൊട്ടമുതല്‍ ചുടലവരെ നിലനില്‍ക്കുന്ന ഒന്ന്. ഭയത്തെ ജയിച്ചവന്‍ ദൈവം എന്നാണല്ലോ പഴമൊഴി.
സാഹിത്യരംഗത്തും, പിന്നീടുണ്ടായ നാടകം, സിനിമ തുടങ്ങിയ ദൃശ്യമാദ്ധ്യമങ്ങളിലും ഭയത്തിന് വലിയൊരു സ്ഥാനമുണ്ട്. വായനക്കാരന്റെ/കാഴ്ച്ചക്കാരന്റെ ഭയത്തെ ഉത്തേജിപ്പിക്കുകയും, അവനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്ന കലാസൃഷ്ടികള്‍ ഏറെ ഉണ്ടായിട്ടുണ്ട്. വായനയ്ക്കോ കാഴ്ചയ്ക്കോ ശേഷം ഇതൊന്നും സത്യമല്ല, വെറും കെട്ടുകഥ മാത്രമാണ് എന്നുള്ള ബോധം തിരിച്ചുവരുമ്പോള്‍ അങ്ങനെ ഭയത്തെ കീഴ്പ്പെടുത്തി എന്നോര്‍ത്ത് അവന്റെ ഉപബോധമനസ്സ് ഉല്ലസിക്കുന്നു. എന്നാല്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും, ഇരുട്ടുമുറികളിലോ ഒഴിഞ്ഞ ഇടനാഴികളിലോ ചെല്ലുമ്പോഴും മറ്റും ആ ഭയം, അലോസരപ്പെടുത്തുന്ന ആ ഭയം അവന്റെ മനസ്സില്‍ കയറിവരുന്നു. അവന്‍ പേടിച്ച് അലറുകയോ, മറ്റാരെയെങ്കിലും കൂട്ടുവിളിക്കുകയോ ചെയ്യുന്നു. അങ്ങനെ വായനക്കാരനെ/പ്രേക്ഷകനെ അലോസരപ്പെടുത്തുന്ന കലാസൃഷ്ടികള്‍ ആണ് ഈ ജനുസ്സില്‍ ഏറ്റവും ശ്രേഷ്ഠമായവ.
ഇന്ത്യയില്‍ ചലച്ചിത്രങ്ങള്‍ ധാരാളമായി നിര്‍മ്മിക്കപ്പെടാന്‍ തുടങ്ങിയതുമുതല്‍ പല ഭാഷകളിലായി പല ഹൊറര്‍ ചിത്രങ്ങളും വന്നിരുന്നു. എന്നാല്‍ പ്രേക്ഷകമനസ്സില്‍ സ്ഥാനം നേടാന്‍ സാധിച്ച ചിത്രങ്ങള്‍ വിരലില്‍ എണ്ണാവുന്നവ മാത്രം ആയിരിക്കും. അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു മികവുറ്റ സംരംഭമാണ് റൂം 305. കേവലം അഞ്ചരമിനിട്ടുമാത്രം ദൈര്‍ഘ്യമുള്ള ചിത്രം പ്രേക്ഷകനെ ഭീതിയുടെ വിവിധതലങ്ങളിലൂടെ സഞ്ചരിപ്പിച്ച്  ഒടുവില്‍ നിതാന്തഭീതിയുടെ ചുഴിയിലേക്ക് തള്ളിയിടുകയാണ്. തിരിച്ചുകയറാനാവാത്തവിധം ആഴമേറിയ, നീരാളിക്കൈകള്‍ ഉള്ള ഒരു നീര്‍ച്ചുഴി.
നമ്മുടെ ഗ്രൂപ്പ് മെമ്പര്‍കൂടിയായ ശ്രീ.ദില്‍ഷാദ് മുഹമ്മദ്‌ അലി ആണ് ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ധൈഷണികനും കുശാഗ്രബുദ്ധിയുമായ ശ്രീ.അബു താഹിറിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ ഉദാത്തമായ കഥ ദില്‍ഷാദ് ഉണ്ണികൃഷ്ണനുണ്ണിയുടെ സഹായത്തോടെ അഭ്രപാളികളില്‍ പകര്‍ത്തിയപ്പോള്‍ അത് ലോകസിനിമാചരിത്രത്തിലെതന്നെ പുതിയൊരു ഏടിനാണ് തുടക്കം കുറിച്ചത്. ജോബിന്‍ ജോസഫ്, ദീപ്തി ജോബിന്‍, അല്‍താഫ് ടി.പി, ഷുഹൈല്‍ എം.ഡി.എസ് എന്നിവര്‍ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ നിറയെ ഭീതിദമായ ബിംബങ്ങളും സൂചനകളുമാണ് ആദ്യാവസാനം. ആദ്യസെക്കന്റുമുതല്‍ക്കുതന്നെ വിറയ്ക്കുന്ന ദൃശ്യങ്ങള്‍ പ്രേക്ഷകനില്‍ അസ്വസ്ഥതകലര്‍ന്ന ഭയം ഉളവാക്കുന്നു. തുടര്‍ന്ന് മകളോടുള്ള സ്നേഹത്താല്‍ സിഗരറ്റുവലി നിര്‍ത്തുന്ന അച്ഛന്റെ ദൃശ്യവും ഇങ്ങനെ വിറയ്ക്കുമ്പോള്‍ സംവിധായകന്‍ ലക്ഷ്യമാക്കുന്നതും മറ്റൊന്നല്ല. ഇവിടെ ഭീതിനിറഞ്ഞ കണ്ണുകളുള്ള ഒരാള്‍ ചുമയ്ക്കുന്ന രംഗം ടി.വിയില്‍ കാണിച്ചതിലൂടെ വരാന്‍ പോവുന്നതെന്തെന്നതിന്റെ ചെറിയൊരു മുന്നറിയിപ്പുകൂടിയാണ് സംവിധായകന്‍ പ്രേക്ഷകനുനല്‍കുന്നത്. എന്നിട്ടും മനസ്സിലാവാത്തവര്‍ക്കുവേണ്ടി മതമില്ലാത്ത അനീഷ്‌ നമ്പൂതിരിപ്പാടിന്റെ മോണോക്രോം എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രത്തോടുകൂടെ 'മാര്‍ഗദീപമേ നയിച്ചാലും' എന്ന വാക്കുകള്‍ സ്ക്രീനില്‍ തെളിയുന്നു. പ്രഥമദൃഷ്ട്യാ ആ കണ്ണുകളില്‍ പുച്ഛം തുളുമ്പുന്നുവെന്ന് നമുക്ക് തോന്നുമെങ്കിലും ഭീതിയാല്‍ വിറയ്ക്കുന്ന കണ്ണുകളും ചുണ്ടുകളും താടിരോമങ്ങളും ശ്രദ്ധിച്ചുനോക്കിയാല്‍ കാണാനാകുന്നത് പ്രേക്ഷകനെ അദ്ഭുതപരതന്ത്രനാക്കുന്നു. തുടര്‍ന്ന് ഭീതിയുടെ ഒരു ഉത്സവംതന്നെയാണ് നമുക്ക് സ്ക്രീനില്‍ കാണാനാവുക. കഥയെപ്പറ്റി കൂടുതല്‍ പറയുന്നത് ഓരോ സിനിമാപ്രേക്ഷകനോടുമുള്ള ഏറ്റവും വലിയ വഞ്ചനയും അനീതിയും ആകും എന്നതിനാല്‍ അതിലേക്ക് കടക്കുന്നില്ല, പക്ഷേ ഒന്നുമാത്രം പറയട്ടെ.. ഈ അഞ്ചരമിനിറ്റില്‍ നിങ്ങള്‍ സ്ക്രീനില്‍ കാണുന്ന ഓരോ ചെറിയ വസ്തുവിനുപോലും അതിന്റേതായ പ്രാധാന്യമുണ്ട്. മദ്യക്കുപ്പിയ്ക്കും, മേശപ്പുറത്തിരിയ്ക്കുന്ന സൗന്ദര്യവര്‍ദ്ധകലേപനങ്ങള്‍ക്കും മുതല്‍ സ്ക്രീനിന്റെ ഒരറ്റത്ത് വെച്ചിരിക്കുന്ന ഇസ്തിരിപ്പെട്ടിക്കുപോലും പറയാനുണ്ട് കേള്‍വിക്കാരെ അസ്ത്രപ്രജ്ഞരാക്കുന്ന ക്രൂരതയുടെ കഥകള്‍. ആ കഥകള്‍ ഒന്നും പ്രേക്ഷകനെ വിലകുറച്ചുകണ്ട് സ്പൂണ്‍ ഫീഡിംഗ് നടത്താതെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് interpret ചെയ്തെടുക്കാന്‍ പ്രേക്ഷകന്റെ മുന്നിലേക്ക് ഇട്ടുതന്ന സംവിധായകന്റെ ആ ധൈര്യമുണ്ടല്ലോ, എത്ര വാഴ്ത്തിയാലും തീരില്ല. ലോകസംവിധായകര്‍ കണ്ടുപഠിക്കട്ടെ ഈ ചുണക്കുട്ടിയെ! ഉദാഹരണത്തിന് 305 എന്ന റൂം നമ്പര്‍ ശ്രദ്ധിക്കുക. മൂന്നും അഞ്ചും എട്ട്! അകത്തുപ്പെട്ടാല്‍ പിന്നെ പുറത്തിറങ്ങാന്‍ ആവാത്തവിധം വീണ്ടും വീണ്ടും കറക്കുന്ന എട്ട്! പത്ത് അക്കങ്ങള്‍ ഉള്ളതില്‍ അകത്തുകടന്നാല്‍ പുറത്തെത്താന്‍ ആകാത്തവിധം കുടുക്കുന്ന രണ്ടേരണ്ട് അക്കങ്ങളാണ്‌ ഉള്ളത്, എട്ടും പൂജ്യവും. മൂന്നിന്റെയും അഞ്ചിന്റെയും നടുവില്‍ ഒരു തൃക്കണ്ണുപോലെ പ്രേക്ഷകനെ നോക്കുന്ന പൂജ്യവും എട്ടിനെപ്പോലെ കെണിതന്നെയാണല്ലോ!
ചിത്രത്തിലുടനീളമുള്ള ക്യാമറയുടെ ചാഞ്ചാട്ടവും മറ്റും വിഷയത്തോട് അത്യന്തം നീതിപുലര്‍ത്തുന്ന, ഏറെ ബുദ്ധിശാലിയായ സംവിധായകന്‍ ആണ് അദ്ദേഹം എന്ന കാര്യം വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു. എല്ലാം അവസാനിച്ചെന്നുകരുതി ആശ്വസിക്കുമ്പോള്‍ ഭീതിദമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ ഒരു രണ്ടാംഭാഗത്തിലേക്കുള്ള വാതിലും തുറന്നിട്ടുകൊണ്ട്‌ ചിത്രം അവസാനിക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് കയ്യടിക്കാത്തവര്‍ വിരളമാവും, അഥവാ അങ്ങനെ ചെയ്യാത്തവര്‍ പേടിച്ച് പുതപ്പിനടിയില്‍ ഒളിച്ചിരിക്കുകയാവും!
ഓരോ അഭിനേതാക്കളുടെയും പ്രകടനം എടുത്തുപറയേണ്ടതാണ്. ക്രൂരത കണ്ണുകളില്‍ ഒളിപ്പിച്ച ദീപ്തി മുതല്‍ സ്ഥായീഭാവത്തിലൂടെ പ്രേക്ഷകന്റെ മനസ്സില്‍ ഭീതിജനിപ്പിച്ച ഷുഹൈല്‍ വരെ, നിഗൂഢമായ ഒരു ചിരി ചുണ്ടിലൊളിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച ജോബിന്‍ മുതല്‍ screen space താരതമ്യേന കുറവാണെങ്കിലും കഥാഗതിയില്‍ ഏറെ പ്രാധാന്യമുള്ള ഒരു പ്രത്യേകകഥാപാത്രത്തെ അവതരിപ്പിച്ച അല്‍താഫ് വരെ, എല്ലാവരും മികച്ചപ്രകടനംതന്നെയാണ് കാഴ്ച്ചവെച്ചത്.
ചിത്രത്തിന്‍റെ വിജയത്തിന് പങ്കുവഹിച്ച മറ്റൊരു പ്രധാനഘടകമാണ് പശ്ചാത്തലസംഗീതം. ചുരുങ്ങിയ കാലയളവില്‍ത്തന്നെ മലയാളിയുടെ സംഗീതാഭിരുചിയുടെ ലോലതന്തു തൊട്ടറിഞ്ഞ ശ്രീ.നൗഫല്‍ യൂസഫ്‌ നമ്പിടിയാണ് ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം നിര്‍വഹിച്ചത്. ഭയം മുറ്റിനില്‍ക്കുന്ന ശബ്ദവിസ്മയങ്ങളാലും, വേണ്ടയിടങ്ങളിലൊക്കെ അതിലേറെ ഭീതിദമായ നിശബ്ദതയാലും അദ്ദേഹം പ്രേക്ഷകനെ വിസ്മയിപ്പിച്ചു. പശ്ചാത്തലസംഗീതം എന്നാല്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും കാതടപ്പിക്കുന്ന പാശ്ചാത്യസംഗീതോപകരണങ്ങളുടെ അമിതോപയോഗം ആണെന്ന് ധരിച്ചുവെച്ച കൂപമണ്ഡൂകങ്ങളായ സംഗീതസംവിധായകര്‍ക്ക് പലതും നമ്പിടിയില്‍നിന്ന് പഠിക്കാനുണ്ടെന്ന വാദം ഈ ചിത്രത്തിലൂടെ അദ്ദേഹം അരക്കിട്ടുറപ്പിക്കുന്നു.
സാങ്കേതികമായി ഏറെ മികച്ചുനില്‍ക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം പ്രശസ്ത അഭിഭാഷകനായ ജയ്‌ദീപ് നായര്‍ നിര്‍വഹിച്ചപ്പോള്‍ ചിത്രസംയോജനം പ്രതിഭാധനനായ ഗാര്‍ലിന്‍ വിന്‍സന്‍റ് ഭംഗിയാക്കി. സംഭാഷണങ്ങള്‍ ഇല്ലാത്ത ഈ ചിത്രത്തിന്‍റെ ഡയലോഗുകള്‍ രചിച്ചത് ശ്രീ.അബി അബന്‍ ആയിരുന്നു. മറിന്‍ ബാബുവിന്റെയും സീമാ രാജേഷിന്റെയും മേക്ക്അപ്പ് പ്രേക്ഷകഹൃദയങ്ങളില്‍ ഭീതിയുടെ അളവുകൂട്ടാന്‍ സഹായകമായി. ഋഷിദേവിയുടെ പ്രകാശസന്നാഹവും സെബിന്‍ ജോസിന്റെ ഗതാഗതവും മികവുപുലര്‍ത്തി. ചിത്രത്തിന്‍റെ റിലീസിന് ഒരാഴ്ചമുന്‍പേ സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചിത്രത്തിന്‍റെ നിശ്ചലദൃശ്യങ്ങള്‍ പകര്‍ത്തിയതിന് രഞ്ജിത്ത് കുറുപ്പ് അഭിനന്ദനവും പൂച്ചെണ്ടും അര്‍ഹിക്കുന്നു.
നിങ്ങളുടെ സിനിമാസങ്കല്‍പ്പങ്ങളെ മാറ്റിയെഴുതുന്ന, ഭയത്തിന്റെ ആഴങ്ങളിലേക്ക് നിങ്ങളെ തള്ളിയിടുന്ന ഒരു നൂതനാനുഭവമാണ് റൂം 305. ലോലഹൃദയരും ഗര്‍ഭിണികളും ഒഴികെ മറ്റുള്ളവര്‍ കാണാന്‍ ശ്രമിക്കുക. കാത്തിരിക്കുന്നു, റൂം 306നായി.


ചിത്രം കാണാന്‍:

Thursday, September 10, 2015

Pixels Movie Review

പിക്സല്‍സ് (Pixels, 2015, English)
പാട്രിക് ജോണിന്റെ ഇതേപേരിലുള്ള രണ്ടര മിനിറ്റ് ഷോര്‍ട്ട്ഫിലിമിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ് പിക്സല്‍സ്. Adam Sandler, Kevin James, Josh Gad, Peter Dinklage, Michelle Monaghan തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹോം അലോണ്‍, ഹാരി പോട്ടര്‍, ബൈസെന്റിനല്‍ മാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ക്രിസ് കൊളംബസ് ആണ്.
1982ല്‍ നടന്ന ഒരു arcade gaming championshipന്റെ ദൃശ്യങ്ങള്‍ ഒരു Time Capsuleല്‍ ആക്കി ബഹിരാകാശത്തേയ്ക്ക് വിക്ഷേപിച്ചിരുന്നു. അതായത് അന്നത്തെ ക്ലാസിക് ഗെയിമുകള്‍ ആയ പാക്മാന്‍, ഡോങ്കികോങ്ങ് (സൂപ്പര്‍ മാരിയോയുടെ ആദ്യകാല വേര്‍ഷന്‍), ആര്‍ക്കനോയ്ഡ്, ഗ്യാലക്സിയന്‍ തുടങ്ങിയ ഗെയിമുകളുടെ വീഡിയോകള്‍. അങ്ങനെ അയച്ചുകൊടുക്കുന്ന വീഡിയോ ക്ലിപ്പുകള്‍ മറ്റൊരു ഗ്രഹത്തിലെ വാസികള്‍ക്ക് ലഭിക്കുകയും അവയെല്ലാം യുദ്ധമുറകളും മറ്റുമാണെന്ന് തെറ്റിദ്ധരിച്ച്‌ അവര്‍ ആ ഗെയിമുകളില്‍ ഉള്ളതുപോലത്തെ രൂപങ്ങളെ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. വലിപ്പമേറിയ അപകടകാരികളായ, pixelated creatures. അവയില്‍നിന്നും ലോകത്തെ രക്ഷിക്കാന്‍ പണ്ടത്തെ ഗെയിം addicts ആയിരുന്ന പ്രധാനകഥാപാത്രങ്ങള്‍ക്കു സാധിക്കുമോ? അതോ അവര്‍ ലോകം കീഴടക്കുമോ? ഇക്കാര്യങ്ങളൊക്കെയാണ് ചിത്രത്തില്‍ പ്രേക്ഷകന് കാണാന്‍ കഴിയുക.
യു.എസ്സില്‍ 80കളില്‍ത്തന്നെ വീഡിയോ ഗെയിമുകള്‍ക്ക് പ്രചാരം ഉണ്ടായിരുന്നെങ്കിലും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ തൊണ്ണൂറുകളുടെ തുടക്കത്തോടെയാണ് അവ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിയത് എന്നാണ് തോന്നുന്നത്. അങ്ങനെ ടി.വി.യില്‍ വീഡിയോ ഗെയിം കണക്റ്റ് ചെയ്ത് അധികം സങ്കീര്‍ണ്ണമല്ലാത്ത 8 bit, 16 bit ഗെയിമുകള്‍ കളിച്ചുവളര്‍ന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ നിങ്ങളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ ചിത്രം വളരെ നല്ലൊരു അനുഭവമായിരിക്കും നിങ്ങള്‍ക്ക് സമ്മാനിക്കുക. അത്തരത്തിലുള്ള ഒരുപാട് ഗെയിം ഓര്‍മ്മകള്‍ എനിക്ക് ഉള്ളതുകൊണ്ട് എനിക്ക് ഈ ചിത്രം ഏറെ ഇഷ്ടപ്പെട്ടു. ഒപ്പം കളിക്കാനിരിക്കുന്ന ആളുകളേക്കാള്‍ കൂടുതല്‍ സ്കോര്‍ നേടണം എന്ന ഉദ്ദേശത്തില്‍ മാത്രം ഗെയിം കളിക്കുന്ന ആളുകള്‍ക്ക് യഥാര്‍ത്ഥജീവിതത്തില്‍ അതേ ഗെയിമുകള്‍ കളിച്ച് ലോകത്തെ രക്ഷിക്കേണ്ടിവരുന്ന രംഗങ്ങളില്‍ പ്രേക്ഷകന് നമ്മള്‍ തന്നെയാണോ സിനിമയിലെ ഗെയിം കളിക്കുന്നത് എന്ന് തോന്നിപ്പോവും.
ഇതൊക്കെയാണ് കാര്യമെങ്കിലും ഒരു സിനിമ എന്നനിലയില്‍ നോക്കിയാല്‍ കുറച്ചൊക്കെ മെലോഡ്രാമയും മറ്റും ഉണ്ട് ചിത്രത്തില്‍. ഏതൊരു monster movieലും കണ്ടുവരുന്ന കുറച്ച് സാധനങ്ങള്‍ ഒക്കെ ഉണ്ട്. സാങ്കേതികപരമായും അത്രയേറെ മികച്ചത് എന്നുപറയാനും ഇല്ല. പക്ഷേ ഇപ്പോള്‍ ഏറ്റവുമേറെ ചെലവാവുന്ന ഗൃഹാതുരത്വംതന്നെ ഇവിടെ സിനിമയുടെ രക്ഷകനായി. അതുകൊണ്ടുതന്നെയാവാം ഉടനീളം മോശം റിവ്യൂസ് വന്നിട്ടും ഈ ചിത്രം വമ്പന്‍ കളക്ഷന്‍ നേടിയത്.
അഭിനേതാക്കളും മറ്റുസാങ്കേതികവിദഗ്ദ്ധരും തങ്ങളുടെ ജോലി മോശമാക്കിയില്ല. കുറേ logical mistakes ഒക്കെ ഉണ്ടെങ്കില്‍പ്പോലും ആകെമൊത്തം ആസ്വദനീയമായ ഒരു ചിത്രമായിട്ടാണ് പിക്സല്‍സ് എനിക്ക് അനുഭവപ്പെട്ടത്. അത്യാവശ്യം ഫാസ്റ്റ് ആയിത്തന്നെ മുന്നോട്ടുപോവുന്ന ചിത്രം മിക്കവാറും ഒരിടത്തും ബോര്‍ അടിപ്പിക്കുന്നില്ല. വീഡിയോ ഗെയിം കളിച്ചുവളര്‍ന്നവര്‍ എന്തായാലും കാണാന്‍ ശ്രമിക്കുക.

Wednesday, September 2, 2015

Eat Drink Man Woman Movie Review

ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍ (Eat Drink Man Woman, 1994, Mandarin)
ലൈഫ് ഓഫ് പൈ, ബ്രോക്ക്ബാക്ക് മൗണ്ടന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച സംവിധായകന്‍ ആങ്ങ് ലീ ഹോളിവുഡിലേക്ക് ചേക്കേറുന്നതിനും ഏറെ മുന്‍പ് സൃഷ്‌ടിച്ച മികച്ചൊരു തായ്വാനീസ് ചലച്ചിത്രാനുഭവമാണ് ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍. ആങ്ങ് ലീയുടെ 'Father knows best' എന്ന് വിളിക്കപ്പെടുന്ന ചലച്ചിത്രത്രയത്തിലെ വെഡ്ഡിങ്ങ് ബാന്‍ക്വറ്റ്, പുഷിങ്ങ് ഹാന്‍ഡ്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷമുള്ള മൂന്നാമത്തെ ചിത്രമാണ് ഇത്. മൂന്നുചിത്രങ്ങളും കഥാപരമായി ബന്ധമൊന്നും ഇല്ലെങ്കിലും അച്ഛനും മക്കളും തമ്മിലുള്ള ബന്ധങ്ങള്‍ ചര്‍ച്ചചെയ്യുന്ന കാര്യത്തില്‍ സമാനത പാലിക്കുന്നതിനാലാണ് ഈ ചിത്രങ്ങളെ ഒരു ത്രയമായി കണക്കാക്കുന്നത്. Sihung Lung, Yu-wen Wang, Chien-lien Wu, Kuei-mei Yang തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. Ang Lee, James Schamus, Hui-Ling Wang എന്നിവര്‍ ചേര്‍ന്ന് രചിച്ച ചിത്രം ഏറെ അന്താരാഷ്‌ട്രനിരൂപകശ്രദ്ധയും മികച്ച ബോക്സ്ഓഫീസ് വിജയവും കരസ്ഥമാക്കിയിരുന്നു.
ചൈനീസ് വിഭവങ്ങളുടെ പാചകകലയില്‍ അഗ്രഗണ്യനായ ചു എന്ന മധ്യവയസ്കന്റെയും അദ്ദേഹത്തിന്‍റെ മൂന്നുപെണ്മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മൂന്നാമത്തെ മകള്‍ക്ക് നാലുവയസ്സുള്ളപ്പോള്‍ ഭാര്യയെ നഷ്ടപ്പെട്ട ചു പിന്നീട് ഒറ്റയ്ക്കാണ് തന്റെ മക്കളെ വളര്‍ത്തിവലുതാക്കിയത്. ഇവരുടെ ജീവിതങ്ങളിലൂടെ മുന്നോട്ടുപോവുന്ന ചിത്രം മനുഷ്യമനസ്സുകളുടെ പ്രാഥമികാവശ്യങ്ങളെയും ചോദനകളെയും വിഷയമാക്കുന്നുണ്ട്‌ പലപ്പോഴും. ജീവിതം വളരെ ലളിതമായ ഒന്നാണ്, ഉള്ളകാലത്ത് പരസ്പരം സ്നേഹിച്ചും നല്ല ഭക്ഷണം കഴിച്ചും ജീവിതം ആസ്വദിക്കുക എന്ന ഏറെ ആഴമേറിയ സന്ദേശവും ചിത്രം മുന്നോട്ടുവെക്കുന്നുണ്ട്. അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിലെ ഏറ്റക്കുറച്ചിലുകളും മറ്റും രസകരമായിത്തന്നെ ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്, വളരെയേറെ അപ്രതീക്ഷിതമായ, പ്രേക്ഷകനെ ഏറെ രസിപ്പിക്കുന്ന ഒരു ക്ലൈമാക്സും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത് എന്നതിനാല്‍ രണ്ടോമൂന്നോ വാക്യങ്ങളില്‍ ചുരുക്കിപ്പറയാവുന്ന ഒരു കഥ ഈ ചിത്രത്തിനുണ്ടോ എന്നത് സംശയമാണ്. എന്നിരുന്നാലും വളരെ മികച്ചൊരു അനുഭവംതന്നെയായിരുന്നു ഈ ചിത്രം.
മാനുഷികബന്ധങ്ങള്‍ തിരശ്ശീലയില്‍ വരച്ചുകാട്ടുന്നതില്‍ ആങ്ങ് ലീ എന്ന സംവിധായകന്‍ ഇത്രയേറെ കഴിവുള്ള ആളാണെന്ന് ഈ ചിത്രം തെളിയിക്കുന്നു. കഥാപാത്രങ്ങളുടെ ഓരോ സൂക്ഷ്മവികാരങ്ങളും പ്രേക്ഷകന് തന്റേതാണെന്ന് തോന്നിപ്പിക്കും വിധം ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ അദ്ദേഹത്തിന് സാധിച്ചു. ഓരോ ഫ്രെയിമുകളും ഏറെ മനോഹരവും, സന്ദര്‍ഭത്തോട് ഏറെ യോജിച്ചുനില്‍ക്കുന്നതും ആയിരുന്നു. സാമ്പ്രദായിക ചൈനീസ് വിഭവങ്ങളുടെ പാചകരംഗങ്ങള്‍ കാണിച്ച് ചിത്രത്തിലുടനീളം പ്രേക്ഷകന്റെ നാവില്‍ വെള്ളമൂറിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഒരു vegetarian ആയ എനിക്കുപോലും ചില ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കുന്നത് കണ്ടിട്ട് കൊതിതോന്നി. ശബ്ദമിശ്രണവും മറ്റുസാങ്കേതികമേഖലകളും മികവുപുലര്‍ത്തി. സിനിമയില്‍ എന്തെങ്കിലും ആയിത്തീരണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാനും പഠിക്കാനുമുള്ള ഒട്ടേറെ കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്.
എല്ലാ നടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വളരെ മികച്ച പ്രകടനങ്ങള്‍തന്നെ കാഴ്ചവെച്ചു. എങ്കിലും ചു ആയി വേഷമിട്ട Sihung Lungഉം രണ്ടാമത്തെ മകളെ അവതരിപ്പിച്ച Chien-lien Wuവും തന്നെയായിരുന്നു ഒരുപടി മുന്നില്‍. ഓരോ സൂക്ഷ്മമായ ഭാവവ്യതിയാനങ്ങളും പ്രായമേറിയ Sihung Lungന്റെ മുഖത്ത് അനായാസേന മിന്നിമായുന്നത് അദ്ഭുതമുളവാക്കി.
എപ്പോഴുമൊന്നും ലഭിക്കാത്ത ഒരു മികവുറ്റ ചലച്ചിതാനുഭവം തന്നെയായിരുന്നു ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍. ജീവിതത്തെ കൂടുതല്‍ സ്നേഹിക്കാനും, ഓരോ നിമിഷവും ആസ്വദിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്ന ഒന്ന്. ഓരോ സിനിമാസ്നേഹിയും കണ്ണും മനസ്സും നിറഞ്ഞ് അനുഭവിച്ചറിയേണ്ട ഒരു സുഖാനുഭൂതിയാണ് ഈ ചിത്രം. എല്ലാവരും കാണാന്‍ ശ്രമിക്കുക
.