Sunday, August 14, 2016

Ozhivudivasathe Kali Movie Review

ഒഴിവുദിവസത്തെ കളി (Ozhivudivasathe Kali, 2016, Malayalam)
സ്ഥിരംവഴികളില്‍നിന്ന് വിട്ടുമാറിയുള്ള സഞ്ചാരം എന്നും മനുഷ്യനെ ആവേശംകൊള്ളിക്കുന്ന ഒരുകാര്യമാണ്. അതിനാല്‍ അവന്‍ പരീക്ഷണങ്ങളില്‍ ആനന്ദംകണ്ടെത്തുന്നു. പുറമേ വിരസമായ ദൈനംദിനജീവിതം തുടരുന്നവര്‍പോലും ഒരു adventureനുള്ള സാധ്യത എവിടെയെങ്കിലും കാണുന്നുണ്ടെങ്കില്‍ അതിലേക്ക് കൂപ്പുകുത്താന്‍ ത്വരിതപ്പെടുന്നവരാണ്. അതേപോലെ തങ്ങളുടെ സിനിമാസ്വാദനശീലങ്ങളില്‍ ഒരു സാഹസികത, ഒരു adventure വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി പരീക്ഷിക്കാവുന്ന ഒരു കൊച്ചുചിത്രം ഇതാ, നമ്മുടെ സ്വന്തം നാട്ടില്‍ത്തന്നെ ഒരുങ്ങിയിരിക്കുന്നു! ഒഴിവുദിവസത്തെ കളി! പ്രേക്ഷകര്‍ക്കുമുന്നിലെത്തുന്ന മിക്കസിനിമകളെയും പോലെ രണ്ടുമണിക്കൂര്‍ അലസമായി കാണാനും കേള്‍ക്കാനും, ശേഷം മറന്നുകളയാനുമുള്ള മറ്റൊരു സിനിമയല്ല ഒഴിവുദിവസത്തെ കളി. അലസമായി കാണാം എന്ന മുന്‍ധാരണയോടെ തനിക്കുമുന്നിലെത്തുന്ന പ്രേക്ഷകനെ അത് സിനിമയ്ക്കുള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നു, കേള്‍ക്കുന്നതിനുപകരം ശ്രദ്ധിക്കാന്‍ പ്രേരിപ്പിക്കുന്നു, പ്രേക്ഷകനോദ് സംവേദിക്കുകയും, സ്വയം ഒരു കഥാപാത്രമാണെന്ന തോന്നല്‍ പ്രേക്ഷകനില്‍ ഉളവാക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. അതുതന്നെയാണല്ലോ സിനിമയുടെ ആത്യന്തികലക്ഷ്യവും!

നാലഞ്ച് സുഹൃത്തുക്കള്‍ ഒരു ഇലക്ഷന്‍ദിവസം ഒത്തുകൂടുന്നു. Political correctnessഓ, സംസാരിക്കുമ്പോള്‍ പാലിക്കപ്പെടണം എന്ന് വിശ്വസിക്കുന്ന മറ്റെന്തുനിബന്ധനകളോ ഇല്ലാതെ അവര്‍ ഉല്ലസിക്കുന്നു, മറ്റൊരുരീതിയില്‍പ്പറഞ്ഞാല്‍ അടിച്ചുപൊളിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ഒഴിവുദിവസം മുന്നോട്ടുപോവുമ്പോള്‍ പ്രേക്ഷകന് അനുഭവവേദ്യമാവുക. കൂട്ടുകാര്‍ചേര്‍ന്ന് ഒരു കളിയില്‍ ഏര്‍പ്പെടുമ്പോള്‍ തുടര്‍ന്ന്‍ എന്തുണ്ടാവുമെന്ന ആകാംക്ഷ പ്രേക്ഷകമനസ്സില്‍ ഉളവാകുന്നു. ഒടുവില്‍ കളി കാര്യമാവുമ്പോള്‍ ഉണ്ടാവുന്നതിനെക്കാളേറെ‍, കളി കാര്യമായെന്ന ബോധം കളിക്കുന്നവരില്‍ മിക്കവര്‍ക്കും ഉണ്ടായിട്ടില്ലെന്ന് മനസ്സിലാക്കുമ്പോഴുള്ള ഞെട്ടലില്‍ പ്രേക്ഷകനെ 'തൂക്കിയിട്ടു'കൊണ്ട് ചിത്രം അവസാനിക്കുന്നു. ഉണ്ണീയാറിന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മിച്ചതാണെങ്കില്‍പ്പോലും, സാമ്പ്രദായികരീതിയില്‍ വലിയൊരു കഥയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമാണ് ഈ കളി. പക്ഷേ ആ കഥയില്ലായ്മയ്ക്കിടയിലെ കഥതന്നെയാണ് ചിത്രത്തിനെ ശക്തിയും. പ്രേക്ഷകന്റെ മുഴുവന്‍ ശ്രദ്ധയും ആവശ്യപ്പെടുന്ന ഒരു ചിത്രമാണിത്. പശ്ചാത്തലത്തില്‍ കേള്‍ക്കാവുന്ന ടിവി വാര്‍ത്തവരെ കഥാഗതിയിലേക്ക് contribute ചെയ്യുന്നുണ്ട്, spot recording, നീണ്ടഷോട്ടുകള്‍ തുടങ്ങിയ ഘടങ്ങളിലൂടെ സംവിധായകന്‍ പ്രേക്ഷകന്റെ മുഴുവന്‍ ശ്രദ്ധയും ആവശ്യപ്പെടുന്നു. ഫലം എന്തെന്നാല്‍ അലസമായി, ഇടയ്ക്ക് മൊബൈലിലും മറ്റും നോക്കിയിരുന്നുകൊണ്ട് ചിത്രം കണ്ടാല്‍ അത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കും.
ആദ്യചിത്രത്തില്‍നിന്ന് ശ്രീ.സനല്‍കുമാര്‍ ശശിധരന്‍ ഏറെ മുന്നോട്ടുപോയിരിക്കുന്നു എന്ന് നിസംശയം പറയാനാവും. ചിത്രത്തിലുടനീളം ആ മേന്മ പ്രതിഫലിക്കുന്നുണ്ട്. മികച്ച ആഖ്യാനത്തോടുചേര്‍ന്നുപോവുന്ന പശ്ചാത്തലനാദങ്ങളും ദൃശ്യങ്ങളും ഒരുമിച്ചപ്പോള്‍ അത് ചിത്രത്തിന്റെ മാറ്റുകൂട്ടി. ചിത്രത്തില്‍ വിവിധവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടവരെ അഭിനേതാക്കള്‍ എന്നുവിളിക്കുന്നതിനേക്കാള്‍ performers എന്ന് വിളിക്കുന്നതാവും ഉചിതം. ആരധികം മികച്ചുനിന്നു എന്ന് തീരുമാനിക്കാനാകാത്തവിധത്തിലുള്ള അവരുടെ പ്രകടനങ്ങളെക്കുറിച്ച് കൂടുതല്‍ പറയുന്നത് വിടുവായത്തം മാത്രമേ ആവൂ.
ചുരുക്കിപ്പറഞ്ഞാല്‍ ഇന്നിന്റെ സിനിമയാണ് ഒഴിവുദിവസത്തെ കളി. സിനിമയെ സീരിയസ് ആയി കാണുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്ന്. Reelmonk.com ലൂടെ legal ആയി ചിത്രം കാണാനുള്ള സംവിധാനം ലഭ്യമാണ്, ഈയവസരം പ്രയോജനപ്പെടുത്തുക.