Monday, December 28, 2015

Aanmodderfakker Movie Review

ആന്‍മദ്ദര്‍ഫക്കര്‍ (Anmodderfakker, 2014, Dutch)
വളരെ പ്രശസ്തമായൊരു ഇംഗ്ലീഷ് തെറിയുമായി സാമ്യം പുലര്‍ത്തുന്ന പ്രത്യേകതയുള്ള ഒരു ടൈറ്റില്‍ തന്നെയാണ് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ഈ ചിത്രത്തിന് സഹായകമാകുന്നത്. Michiel ten Horn സംവിധാനം ചെയ്ത് Gijs Naber പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ Roos Wiltink, Markoesa Hamer തുടങ്ങിയവരും മറ്റുമുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുപ്പത്തിരണ്ട് വയസ്സായിട്ടും ഉത്തരവാദിത്വബോധമില്ലാതെ ജീവിക്കുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്.
തൈജ്സ് ഭാര്യയെപ്പിരിഞ്ഞ് തന്റെ സുഹൃത്തിന്റെകൂടെ ഒരു വാടകവീട്ടില്‍ ജീവിക്കുന്ന ആളാണ്‌. മുപ്പത്തിരണ്ടുവയസ്സായിട്ടും പല അവസരങ്ങളിലും എങ്ങനെ പെരുമാറണം എന്ന് അറിയാത്ത ഒരാള്‍. ഒരു ഷോപ്പിംഗ്‌ മാളില്‍ ജോലിചെയ്യുന്ന തൈജ്സ് തന്റെ പകുതിയില്‍വെച്ച് നിന്നുപോയ ഡിഗ്രീ മുഴുമിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഒരിക്കല്‍ തന്റെ സഹോദരിയുടെ വീട്ടില്‍ ചെല്ലുന്ന തൈജ്സ് അവിടെ സഹോദരിയുടെ കുട്ടികളെ നോക്കാനായി (babysitting) എത്തിയ ലിസയെ കാണുന്നു. തൈജ്സ്ന്റെ സഹോദരിയുടെ ഭര്‍ത്താവിന്റെ അര്‍ദ്ധസഹോദരിയായ പതിനാറുകാരി ലിസയുമായി തൈജ്സ് ഒരു relationshipല്‍ പെട്ടുപോകുന്നു. തന്റെ പഠനച്ചെലവുകള്‍ക്കായി വൈകുന്നേരങ്ങളില്‍ babysittingന് പോകുന്ന ലിസയുടെകൂടെ തൈജ്സും പോകാന്‍ തുടങ്ങുകയും മറ്റും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. ഇതിന്റെ ഏറ്റവും വലിയൊരു പ്രത്യേകതയായി എനിക്ക് തോന്നിയത് സംവിധായകന് കഥാപാത്രങ്ങളോടുള്ള സമീപനമാണ്. സാധാരണ ഒട്ടുമിക്ക സിനിമകളിലും തുടക്കത്തില്‍ തലതെറിച്ച ഉത്തരവാദിത്വബോധമില്ലാത്ത ഒരു നായകകഥാപാത്രമാണെങ്കില്‍ക്കൂടി ചിത്രം അവസാനിക്കുമ്പോഴേക്കും ജീവിതാനുഭവങ്ങള്‍കൊണ്ട് അയാളെ മാറ്റിയെടുത്തിട്ടുണ്ടാവും സംവിധായകന്‍. ഇവിടെ അതിനൊന്നും ശ്രമിക്കാതെ ചിത്രത്തിലുടനീളം കഥാപാത്രങ്ങളെ അവരുടെ ഇഷ്ടത്തിനുതന്നെ ജീവിക്കാന്‍ അനുവദിച്ചത് വളരെ നന്നായിത്തോന്നി. വ്യത്യസ്തവും പുതുമയേറിയതുമായ പല ഹാസ്യരംഗങ്ങളും മറ്റും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. എന്നിരുന്നാലും ഒരു മുഴുനീള ഹാസ്യചിത്രമല്ല ഇത്, മെല്ലെനീങ്ങുന്ന രസകരമായൊരു ചിത്രമാണ്. രസകരമായൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്.
പ്രധാനനടീനടന്മാര്‍ എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഒട്ടുമിക്ക കഥാപാത്രങ്ങളും എന്തെങ്കിലുമൊക്കെ വിചിത്രസ്വഭാവങ്ങള്‍ ഉള്ളവര്‍ ആയതിനാല്‍ വിചിത്രമായ പല രംഗങ്ങളും ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. പശ്ചാത്തലസംഗീതവും മികച്ചതായിരുന്നു. ആസ്വദിച്ച് കണ്ടിരിക്കാവുന്ന ഒരു നല്ലചിത്രമാണ് ആന്‍മദ്ദര്‍ഫക്കര്‍. കാണാന്‍ ശ്രമിക്കാം.

Sunday, December 27, 2015

Katyar Kaljat Ghusali Movie Review

കത്യാര്‍ കാല്‍ജത് ഘുസലി (Katyar Kaljat Ghusali, 2015, Marathi)
പുരുഷോത്തം ദര്‍വേക്കര്‍ 1967ല്‍ രചിച്ച് മറാത്തി നാടകാസ്വാദകര്‍ക്കിടയില്‍ അത്യന്തം പ്രശസ്തിയാര്‍ജിച്ച ഇതേ പേരിലുള്ള നാടകത്തെ ആസ്പദമാക്കി സുബോധ് ഭാവേ സംവിധാനം ചെയ്ത ചിത്രമാണ് കത്യാര്‍ കാല്‍ജത് ഘുസലി. പ്രശസ്ത മറാത്തി സിനിമാനടനായ സുബോധ് ഭാവേയുടെ ആദ്യ സംവിധാനസംരംഭമാണ് ഈ ചിത്രം. സച്ചിന്‍ പില്‍ഗാവോങ്കര്‍, ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ക്കൊപ്പം സുബോധ് ഭാവേയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ശങ്കര്‍ മഹാദേവന്റെ അഭിനയരംഗത്തേക്കുള്ള കാല്‍വെപ്പുകൂടിയാണ് ഈ ചിത്രം. ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ അവസാനകാലങ്ങളില്‍ എപ്പോഴോ വിശ്രാംപുര്‍ എന്ന നാട്ടുരാജ്യത്തില്‍ രണ്ട് സംഗീതജ്ഞര്‍ തമ്മിലുള്ള ഒരു മത്സരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
വിശ്രാംപുര്‍ മഹാരാജാവിന്റെ സഭയിലെ ഗായകശ്രേഷ്ഠനാണ് പണ്ഡിറ്റ്‌ ഭാനുശങ്കര്‍ ശാസ്ത്രി. ഒരിക്കല്‍ ശാസ്ത്രിയുടെ മുന്നില്‍ മറ്റൊരു സംഗീതജ്ഞനായ ഖാന്‍സാഹിബ്‌ വന്നുചേരുന്നു. മികച്ച ഗായകനാനെങ്കിലും ദരിദ്രനായ ഖാന്‍സാഹിബിന് ശാസ്ത്രികള്‍ താമസവും മറ്റും ഏര്‍പ്പാടുചെയ്തുകൊടുക്കുന്നു. രാജസദസ്സില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സംഗീതമത്സരത്തില്‍ ഖാന്‍സാഹിബ്‌ ശാസ്ത്രികളോട് ഏറ്റുമുട്ടുന്നു. ഈ മത്സരത്തിന്റെ പ്രത്യേകത എന്തെന്നുവെച്ചാല്‍ ഇതിലെ വിജയിയ്ക്ക് മഹാരാജാവ് ഒരു കഠാര സമ്മാനമായി നല്‍കും, ആ കഠാരയാല്‍ ചെയ്യപ്പെടുന്ന ഒരു കൊലയ്ക്ക് ശിക്ഷയൊന്നും നല്‍കുന്നതല്ല. മത്സരത്തില്‍ പരാജയപ്പെട്ട ഖാന്‍സാഹിബിനെ അപകര്‍ഷതയും ദുഃഖവും മാനസികമായി തളര്‍ത്തുകയും ശാസ്ത്രികളോടുള്ള ശത്രുത അദ്ദേഹത്തിന്റെ മനസ്സില്‍ വളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ശാസ്ത്രികള്‍ ഖാന്‍സാഹിബിനെ നല്ലൊരു സുഹൃത്തായിമാത്രമേ കണ്ടിരുന്നുള്ളൂ. പിന്നീട് ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന മത്സരങ്ങളും മറ്റുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകനുമുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇക്കാലത്ത് പഴയതെന്ന തോന്നല്‍ ഉളവാക്കുന്ന കഥയാണെങ്കിലും മറാത്തി കലാലോകത്ത് വളരെ പ്രധാനപ്പെട്ട ഒരു സൃഷ്ടിയായിരുന്നു ഈ നാടകം. 2011ല്‍ സുബോധ് ഭാവേ തന്നെ ഈ നാടകം വേദിയില്‍ പുനരാവിഷ്കരിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. അതാവാം ഇതൊരു ചലച്ചിത്രമാക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. എന്തായാലും മികച്ചരീതിയില്‍ത്തന്നെ ചിത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ചിലയിടങ്ങളിലൊക്കെ ഒഴിവാക്കാനാകാത്ത melodrama ഉണ്ടെങ്കില്‍ക്കൂടി അത് സഹിക്കാവുന്നതേ ഉള്ളൂ. കഥ നടക്കുന്ന കാലഘട്ടത്തോട് നീതിപുലര്‍ത്തുന്നവിധത്തിലുള്ള മുന്തിയ കലാസംവിധാനവും മനോഹരമായ പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ മാറ്റുകൂട്ടി.
ശങ്കര്‍ മഹാദേവന്‍ ഒരു തുടക്കക്കാരന്റെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെതന്നെ ഭാനുശങ്കര്‍ ശാസ്ത്രിയുടെ വേഷം ഭംഗിയാക്കി. കുറച്ച് പ്രശ്നം വരുത്താന്‍ സാധ്യതയുള്ള ഷോട്ടുകളൊക്കെ wide ആക്കി സെറ്റ് ചെയ്തുകൊണ്ട് സംവിധായകന്‍ ആ പോരായ്മയ്ക്കും പരിഹാരമുണ്ടാക്കി. ഖാന്‍സാഹിബിനെ അവതരിപ്പിച്ച സച്ചിന്‍ പില്‍ഗാവോങ്കര്‍, ശാസ്ത്രികളുടെ ശിഷ്യനായ സദാശിവ് എന്ന ചെറുപ്പക്കാരനെ അവതരിപ്പിച്ച സുബോധ് ഭാവേ, മറ്റുവേഷങ്ങളില്‍ എത്തിയ അമൃത ഖന്‍വില്‍ക്കര്‍, മൃണ്‍മയി ദേശ്പാണ്ഡേ, സാക്ഷി തന്‍വര്‍ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി.
അത്യന്തം മികച്ച ഒരുപിടി ഗാനങ്ങളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. പൂര്‍ണ്ണമായും classical musicന് പ്രാധാന്യം നല്‍കിക്കൊണ്ട് ശങ്കര്‍-എഹ്സാന്‍-ലോയ് ത്രയം ഒരുക്കിയ ഗാനങ്ങള്‍ അവരുടെ കരിയറിലെതന്നെ മികച്ച ഗാനങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിക്കുന്നവയാണ്. പഴയ നാടകത്തിനുവേണ്ടി ജിതേന്ദ്ര അഭിഷേകി ഈണംപകര്‍ന്ന ചില ഗാനങ്ങളും ചിത്രത്തിനായി പുനരാവിഷ്കരിച്ചിട്ടുണ്ട്. അവയും മികച്ച നിലവാരം പുലര്‍ത്തി. ശങ്കര്‍ മഹാദേവന്റെ ഇളയമകനായ ശിവം മഹാദേവന്‍ ആലപിച്ച ഒരു ഗാനവും ചിത്രത്തിന്‍റെ പ്രത്യേകതയാണ്.
ഇക്കാലത്ത് വലിയ പ്രസക്തിയൊന്നും ഇല്ലാത്തൊരു കഥ ആണെങ്കില്‍ക്കൂടി മികച്ച സംവിധാനവും ഗാനങ്ങളും അഭിനേതാക്കളുടെ പ്രകടനങ്ങളുംകൊണ്ട് നല്ലൊരു അനുഭവമായിമാറിയൊരു ചിത്രമാണിത്. കാണാന്‍ ശ്രമിക്കുക.

Thursday, December 17, 2015

Room Movie Review

റൂം (Room, 2015, English)
Emma Donoghueയുടെ റൂം എന്ന നോവലിനെ ആസ്പദമാക്കി ലെനി എബ്രഹാംസണ്‍ സംവിധാനം ചെയ്ത ചിത്രമാണ് റൂം. 2008ല്‍ പുറത്തുവന്ന വിവാദമായ Fritzl caseല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടാണ് ആ നോവല്‍ എഴുതപ്പെട്ടത്. Brie Larson, Jacob Tremblay എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു emotional thriller drama ആണ്.
അഞ്ചുവയസ്സുള്ള ഒരു കുട്ടിയും കുട്ടിയുടെ അമ്മയും ഒരു റൂമില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ്. കുട്ടി ജനിച്ചപ്പോള്‍ത്തൊട്ടേ അവിടെ ആണെങ്കില്‍ അമ്മ കഴിഞ്ഞ ഏഴുവര്‍ഷമായി അവിടെ തടങ്കലില്‍ ആണ്. അമ്മയും താനും, പിന്നെ രാത്രികളില്‍ അമ്മയെക്കാണാന്‍ വരുന്ന ഒരാളും മാത്രമാണ് യഥാര്‍ത്ഥം, ഇതാണ് ലോകം എന്നാണ് കുട്ടിയുടെ വിശ്വാസം. അങ്ങനെ വീട്ടുതടങ്കലില്‍ പെട്ടിരിക്കുന്ന അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ കഥയെപ്പറ്റി നിങ്ങള്‍ എത്രകുറച്ച് അറിയുന്നുവോ, അത്രയും നിങ്ങളുടെ ആസ്വാദനത്തിന് അത് ഗുണം ചെയ്യും. അതിനാല്‍ കൂടുതല്‍ പറയാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല, ഇത്രയും പറഞ്ഞതുതന്നെ അധികമായോ എന്നും സംശയമുണ്ട്‌.
ത്രില്ലര്‍ എന്നൊക്കെ പറഞ്ഞാല്‍ അന്യായ ത്രില്‍ ആണ് ചിത്രം ആദ്യപകുതിയില്‍ നല്‍കുന്നത്. സത്യം പറഞ്ഞാല്‍ എനിക്ക് ടെന്‍ഷന്‍ കാരണം ബോധം പോകുമോ എന്നുവരെ തോന്നിപ്പോയി. ഭയങ്കര അസ്വസ്ഥത ഉളവാക്കുന്ന ചില രംഗങ്ങളില്‍ നിന്ന് അത്യന്തം സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം രണ്ടാംപകുതിയില്‍ മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നു. ആ മാറ്റവും ചിത്രത്തിന്റെ മാറ്റുകൂട്ടാന്‍ ഉതകുന്നതായിരുന്നു. ഇപ്പോഴും ചിത്രം നല്‍കിയ ഷോക്കില്‍നിന്ന് വിട്ടുമാറാനായിട്ടില്ല.. സംവിധായകനും രചയിതാവായ Emma Donoghueയും വളരെ മികച്ചൊരു ചിത്രമാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതും പ്രേക്ഷകരെ കഥാപാത്രങ്ങളുടെ വികാരങ്ങളുമായി സംവേദനം ചെയ്യിക്കുന്ന രീതിയില്‍. ഇനിയും ഏറെ മികച്ച ചിത്രങ്ങള്‍ സംവിധായകനില്‍നിന്ന് പ്രതീക്ഷിക്കാം.
പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച Brie Larson, Jacob Tremblay എന്നീ രണ്ടുപേരും അസാധ്യപ്രകടനങ്ങള്‍ ആണ് കാഴ്ചവെച്ചത്. ഒരു ചെറിയകുട്ടിയ്ക്കൊക്കെ ഇത്ര flawless performance സാധിക്കുമോ എന്നുതോന്നിപ്പിക്കുന്നവിധത്തിലായിരുന്നു Jacob Tremblayയുടെ പ്രകടനം. ഇത്തവണത്തെ കുറച്ച് അവാര്‍ഡുകള്‍ എങ്കിലും ഈ ചിത്രം കൊണ്ടുപോകും എന്നകാര്യത്തില്‍ അധികം സംശയമൊന്നും വേണ്ട, സാങ്കേതികപരമായും ഉയര്‍ന്ന നിലവാരമാണ് ചിത്രം പുലര്‍ത്തിയത്.
ഇനി റൂം എന്ന നോവല്‍ രചിക്കാന്‍ Emma Donoghueയെ പ്രേരിപ്പിച്ച Fritzl caseലേക്ക് വരാം. Josef Fritzl എന്നയാള്‍ തന്റെ മകളെ വീടിന്റെ ബേസ്മെന്റിന്റെ ഒരുഭാഗത്ത്‌ 24 വര്‍ഷം അടച്ചുപാര്‍പ്പിക്കുകയും, അവരുമായി പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ഏഴുകുഞ്ഞുങ്ങളെ ഉണ്ടാക്കുകയും ചെയ്തു. ഒടുവില്‍ 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് അവര്‍ രക്ഷപ്പെടുകയും പുറംലോകം കാണുകയും ഉണ്ടായത്. റൂം എന്ന സിനിമകാണുന്ന അത്രയുംതന്നെ ഷോക്ക് ഈ സംഭവത്തെക്കുറിച്ച് വായിച്ചപ്പോഴും ഉണ്ടായി. Fritzl Case എന്ന് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.
മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന, അത്യന്തം മികവുറ്റ ഒരു ചിത്രമാണ് റൂം. അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്ന്. എല്ലാവരും കാണുക. വീണ്ടും പറയട്ടെ, ഇതിന്റെ കഥ എത്രകുറച്ച് നിങ്ങള്‍ അറിയുന്നോ, അത്രയുമധികം ആസ്വദനീയമാകും നിങ്ങള്‍ക്ക് ഈ ചിത്രം.

Pyaar Ka Punchnama 2 Movie Review

പ്യാര്‍ കാ പഞ്ച്നാമ 2 (Pyaar Ka Punchnama 2, 2015, Hindi)
ഹിറ്റ്‌ ആയ ചിത്രങ്ങളുടെ ചുവടുപിടിച്ച് അവയുടെ രണ്ടാംഭാഗം ഇറക്കി നശിപ്പിക്കുക എന്നത് സിനിമാമേഖലയില്‍ പൊതുവേ കണ്ടുവരുന്ന ഒരു പ്രവണതയാണ്. അങ്ങനെ ആദ്യഭാഗത്തിന്റെ പേരുകളയാത്ത തുടര്‍ച്ചകള്‍ ചുരുക്കം ചിലതേ ഉള്ളൂ എന്ന് പറയാം. ആദ്യഭാഗത്തിന്റെ അത്രതന്നെ മികച്ചുനില്‍ക്കുന്ന രണ്ടാംഭാഗങ്ങളോ, അവ അതിലും കുറവാണ് എണ്ണത്തില്‍. അത്തരമൊരു തുടര്‍ച്ചയാണ് ഈ ചിത്രം. 2011ല്‍ ഒരു പ്രതീക്ഷയും ഇല്ലാതെ തീര്‍ത്തും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട്‌ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തതും പുതുമുഖമായിരുന്ന ലവ് രഞ്ജന്‍ ആയിരുന്നു. യുവാക്കള്‍ക്കിടയില്‍ നല്ല അഭിപ്രായം നേടിയ ചിത്രം തീയറ്ററുകളില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെയ്ക്കുകയും ഡിവിഡി ഇറങ്ങിയതിനുശേഷം ഗംഭീര അഭിപ്രായം നേടുകയും ചെയ്തിരുന്നു. എന്റെ ഓഫീസിലെ പലരും മൂന്നും നാലും വട്ടം ഈ ചിത്രം കണ്ടതായി ഓര്‍ക്കുന്നു. അതിനുശേഷം ഇതിലെ പ്രധാനകഥാപാത്രങ്ങളില്‍ രണ്ടുപേരെ അവതരിപ്പിച്ച കാര്‍ത്തിക് ആര്യനെയും നശ്രത് ഭറുച്ചയെയും നായികാനായകന്‍മാരാക്കി ലവ് രഞ്ജന്‍ ആകാശ്-വാണി ഒരുക്കിയെങ്കിലും ആ ചിത്രം വമ്പന്‍ പരാജയമായിരുന്നു. ആ പരാജയത്തില്‍നിന്ന് കരകേറാനായി ലവ് രഞ്ജന്‍ അധികം വൈകാതെതന്നെ പ്യാര്‍ കാ പഞ്ച്നാമയുടെ രണ്ടാംഭാഗം announce ചെയ്യുകയും ഉണ്ടായി. ചിത്രത്തിന്റെ ട്രെയിലറും മറ്റും പുറത്തുവന്നപ്പോള്‍ത്തന്നെ ഏറെ negative vibe ചിത്രത്തെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. ആദ്യഭാഗത്തിലെ മൂന്നുനായകന്മാരില്‍ രണ്ടുപേരെയും ഒഴിവാക്കി പുതിയ രണ്ടുപേരെ കൊണ്ടുവന്നതായിരുന്നു ഏറെ വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍ ചിത്രം റിലീസ് ആയശേഷം മികച്ച അഭിപ്രായം നേടുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. ആദ്യചിത്രത്തിന്റെ അതേ പാറ്റേണില്‍ത്തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
മൂന്നുചെറുപ്പക്കാര്‍, അവരുടെ ജീവിതങ്ങളിലേക്ക് മൂന്നുപെണ്‍കുട്ടികള്‍ കടന്നുവരുന്നു, അവര്‍ relationshipല്‍ ആകുന്നു. ബന്ധത്തിന്റെ തുടക്കത്തിലുള്ള ഊഷ്മളതയും മറ്റും കുറച്ചുനാള്‍ കഴിയുമ്പോഴേക്കും ആവിയായി പോവുകയും പ്രശ്നങ്ങള്‍ മുളപൊട്ടുകയും ചെയ്യുന്നു. തുടര്‍ന്ന് ഉണ്ടാകുന്ന കാര്യങ്ങളും മറ്റുമാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക. ചില cinematic liberties എടുത്തെന്നൊഴിച്ചാല്‍ ഇന്നത്തെ സമൂഹത്തില്‍ സംഭവിക്കാവുന്നരീതിയില്‍ത്തന്നെയാണ് സംവിധായകന്‍ ചിത്രത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഒരുക്കിയിട്ടുള്ളത്. പ്രത്യേകിച്ച് വീട്ടുകാരെപ്പിരിഞ്ഞ് മറ്റൊരു നഗരത്തിലോ മറ്റോ ജീവിക്കുന്നവര്‍ക്ക് ഏറെ relate ചെയ്യാനാകുന്ന ഒരുപാട് സംഗതികള്‍ ചിത്രത്തിലുണ്ട്. ഒരു ബന്ധം അതിന്റെ മാധുര്യത്തില്‍നിന്ന് കയ്പ്പിലേക്ക് വഴിമാറുന്നതും മറ്റും കഴിവതും സ്വാഭാവികതയോടെത്തന്നെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കുറേ സീന്‍സ് ഒക്കെ നല്ലോണം ചിരിയുണര്‍ത്തി. യുവത്വത്തിന്റെ pulse മനസ്സിലാക്കി സിനിമകള്‍ ചെയ്യുന്ന ലവ് രഞ്ജനില്‍നിന്ന് ഇനിയും ഏറെ പ്രതീക്ഷിക്കാനുള്ള വകയുണ്ട്.
നായകകഥാപാത്രങ്ങളെ അവതരിപ്പിച്ച കാര്‍ത്തിക് ആര്യന്‍, ഓംകാര്‍ കപൂര്‍, സണ്ണി സിംഗ് എന്നീ മൂന്നുപേരും മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യഭാഗത്തില്‍ ദിബ്യേന്ദു ശര്‍മ അവതരിപ്പിച്ച ലിക്വിഡ് എന്ന ഹാസ്യകഥാപാത്രത്തിനുപകരം വെയ്ക്കാന്‍ രണ്ടാം ഭാഗത്തില്‍ ആരായിരിക്കും എന്നതായിരുന്നു ചിത്രം പുറത്തിറങ്ങുന്നതിനുമുന്‍പുള്ള പ്രധാനസംശയം. ആ ജോലി സണ്ണി സിംഗ് ഭംഗിയായിത്തന്നെ നിര്‍വഹിച്ചു. മൂന്നുനായകന്മാര്‍ക്കും തുല്യപ്രാധാന്യംതന്നെ ആയിരുന്നു എന്ന കാര്യവും അഭിനന്ദനീയമായിരുന്നു. കാര്‍ത്തിക് ആര്യന്റെ എഴുമിനിറ്റ് നീണ്ടുനിന്ന സംഭാഷണശകലം മികച്ചുനിന്നു. ആദ്യചിത്രത്തിലെ നായികമാരെ അവതരിപ്പിച്ച നുശ്രത് ഭറുച്ച, സൊനാലി സെഹ്ഗാള്‍, ഇഷിത ശര്‍മ എന്നിവര്‍തന്നെയാണ് ഇതിലും നായികമാരെ അവതരിപ്പിച്ചത്. മൂന്നുപേരും നന്നായിത്തന്നെ തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിച്ചു. ഇവരെക്കൂടാതെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഗാനങ്ങള്‍ ആദ്യചിത്രത്തിലെ അത്ര ആസ്വദനീയമായിരുന്നില്ലെങ്കിലും ചിത്രത്തിന്റെ മൂഡിനോട് യോജിച്ചുനിന്നു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം നല്ല നിലവാരം പുലര്‍ത്തി.
ഒരു relationshipല്‍ ഏറെ സഹനശക്തിയും സഹകരണമനോഭാവവും ക്ഷമയും ഒക്കെ ആവശ്യമാണ്‌, അതിനുസാധിക്കാത്തവര്‍ ഒരു serious relationshipല്‍ ഇടപെടാതിരിക്കുക, അല്ലെങ്കില്‍ ഈ ഗുണങ്ങള്‍ തന്നില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇതാണ് ഈ ചിത്രവും ഇതിന്റെ ആദ്യഭാഗവും കണ്ടപ്പോള്‍ എനിക്ക് ലഭിച്ച സന്ദേശം. ചിലപ്പോള്‍ നിങ്ങള്‍ക്ക് വേറെ എന്തെങ്കിലും സന്ദേശമായിരിക്കും ലഭിക്കുക. എന്തായാലും ഒരുനിമിഷംപോലും ബോര്‍ അടിപ്പിക്കാത്ത വളരെ entertaining ആയ, പലപ്പോഴും നമ്മുടെയോ നമ്മുടെ സുഹൃത്തുക്കളുടെയോ ജീവിതവുമായി relate ചെയ്യാവുന്ന കഥാസന്ദര്‍ഭങ്ങള്‍ ഉള്ള രസമുള്ളൊരു ചിത്രമാണിത്. കാണാന്‍ ശ്രമിക്കാം. ചിത്രം മൊത്തം സ്ത്രീവിരുദ്ധത ആണെന്ന് പറയുന്നവര്‍ ഒന്ന് ചുറ്റും നോക്കിയാല്‍ ചിത്രത്തില്‍ കാണുന്നപോലത്തെ പലരെയും കാണാന്‍ സാധിക്കും. ഇതിനൊക്കെ ഒരു എതിര്‍വശവും ഉണ്ട്, പക്ഷേ എല്ലാംകൂടി ഒരു ചിത്രത്തില്‍ കാണിക്കാന്‍ ഒരുപക്ഷേ ലവ് രഞ്ജന് താല്പര്യം ഇല്ലായിരിക്കാം. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ സ്ത്രീകള്‍ ഏറെ അപമാനിക്കപ്പെടുന്നു എന്ന് പരാതിയുള്ളവര്‍ അദ്ദേഹത്തിന്റെ മികച്ച മറ്റൊരു സൃഷ്ടിയായ ആകാശ്-വാണി കൂടി ഒന്ന് കണ്ടുനോക്കുന്നത് നന്നായിരിക്കും.

Bengaloored Movie Review

ബെംഗലൂര്‍ഡ് (Bengaloored, 2010, English)
സ്വരൂപ്‌ കാഞ്ചി എന്ന independent സംവിധായകന്‍ ഒരുക്കിയ 2010 ചിത്രമാണ് ബെംഗലൂര്‍ഡ്. ഹരീഷ് രാജ്, മേഘ്ന മുദിയം, ശ്രീനിവാസപ്രഭു തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തിയത്. ഫ്രാന്‍സില്‍നിന്ന് പത്തുവര്‍ഷങ്ങള്‍ക്കുശേഷം ബാംഗ്ലൂരില്‍ തിരിച്ചെത്തുന്ന ബബ്ബു എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ബഭ്രുവാഹന, അഥവാ ബബ്ബു എന്ന ചെറുപ്പക്കാരന്‍ ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന ഒരാളാണ്. തന്റെ ജീവിതത്തിലെ ചില താളപ്പിഴകളില്‍നിന്ന് മാറിനില്‍ക്കാനായി കൌമാരത്തിന്റെ അവസാനദശയില്‍ത്തന്നെ ഫ്രാന്‍സിലേക്ക് പോകുന്ന ബബ്ബു ഒരു എഴുത്തുകാരനായാണ് പത്തുവര്‍ഷങ്ങള്‍ക്കുശേഷം ബാംഗ്ലൂരില്‍ തിരിച്ചെത്തുന്നത്. തനിക്ക് വേണ്ടപ്പെട്ടവരെ കാണാനും മറ്റുമുള്ള പദ്ധതികള്‍ തയ്യാറാക്കുന്ന ബബ്ബു അവ ഓരോന്നായി പൂര്‍ത്തീകരിയ്ക്കുന്നു. അതിനിടെ അപ്രതീക്ഷിതമായ പലതിലൂടെയും ബബ്ബുവിന് കടന്നുപോകേണ്ടിവരുന്നു. ഒടുവില്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ഥം ബബ്ബുവിന് മനസ്സിലാവുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. ബബ്ബുവിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന പലരിലൂടെയുമാണ് ചിത്രം മുന്നോട്ടുപോവുന്നത്. ചെറുപ്രായംതൊട്ടേ ബബ്ബുവിന് ഏറെ ഇഷ്ടമുള്ള പെണ്‍കുട്ടി രാധ, ബബ്ബുവിന്റെ കണ്ണില്‍ എന്നും ക്രൂരതയുടെ പര്യായമായിരുന്ന ബബ്ബുവിന്റെ അച്ഛന്‍, ബബ്ബുവിന് എഴുതാന്‍ പ്രേരണയായ അദ്ധ്യാപകന്‍ രമണ, സന്യാസജീവിതത്തിലേക്ക് തിരിഞ്ഞ ബബ്ബുവിന്റെ ഉറ്റചങ്ങാതി സിദ്ധാര്‍ഥ് അങ്ങനെ പല കഥാപാത്രങ്ങളുമായുള്ള ബബ്ബുവിന്റെ ബന്ധവും അവര്‍ തമ്മിലുള്ള രംഗങ്ങളുമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്. ശക്തമായൊരു കഥയിലുമുപരി മനുഷ്യബന്ധങ്ങളുടെ തീവ്രത വെളിവാക്കുന്ന പല സന്ദര്‍ഭങ്ങളാണ് ചിത്രത്തിന്റെ നട്ടെല്ല്.
ചിത്രത്തില്‍ ഒരു കഥാപാത്രം പറയുന്നു, 'You can take a man out of Bangalore but you cannot take Bangalore out of a man' എന്ന്. പല നഗരങ്ങളെപ്പറ്റിയും മുന്‍പ് കേട്ടിട്ടുള്ള ഡയലോഗ് ആണെങ്കിലും നാലുവര്‍ഷത്തെ ബാംഗ്ലൂര്‍ ജീവിതം തന്ന അനുഭവങ്ങള്‍മൂലം ആ ഡയലോഗ് ഏറെ സന്തോഷമേകി. ബാംഗ്ലൂര്‍ ഒരു അനുഭൂതിയാണ്, എങ്കിലും ബാംഗ്ലൂര്‍ എന്ന നഗരത്തിന് അത്രയധികം പ്രാധാന്യമൊന്നും ഇല്ല ചിത്രത്തില്‍. പൂനെയിലോ ഹൈദരാബാദിലോ ഇതേ കഥ പറിച്ചുനട്ടാലും പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഉണ്ടാവാന്‍ പോകുന്നില്ല.
പ്രധാനനടീനടന്മാരൊക്കെ തെറ്റില്ലാത്ത പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കെങ്കേമം എന്ന് പറയാന്‍മാത്രമുള്ള പ്രകടനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല ചിത്രത്തില്‍. ചുരുങ്ങിയ ബജറ്റ് പലപ്പോഴും ചിത്രത്തില്‍ മുഴച്ചുനിന്നു, എങ്കിലും ചില തുടക്കക്കാരുടെ ശ്രമം എന്നനിലയില്‍ അതൊക്കെ മറക്കാവുന്നതേ ഉള്ളൂ. മികച്ച ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. അവ മിക്കതും പശ്ചാത്തലതിലേ വന്നുപോകുന്നുള്ളൂവെങ്കില്‍പ്പോലും. രഘു ദീക്ഷിത്തിന്റെ സഹോദരന്‍ വാസു ദീക്ഷിത് ആണ് സംഗീതസംവിധാനം‍. പിന്നെ സിനിമ ഒന്നും ചെയ്തിട്ടില്ല എന്താണാവോ. വെറും ഊളപ്പടങ്ങള്‍ ചെയ്യുന്ന സംവിധായകര്‍ക്കൊക്കെ പിന്നേം പിന്നേം producersനെ കിട്ടുമ്പോള്‍ ഇവരൊക്കെ തഴയപ്പെടുന്നതുകണ്ടിട്ട് സങ്കടം തോന്നുന്നു.
ചിത്രത്തില്‍ അവിടെയും ഇവിടെയുമായി ചിലപ്പോഴൊക്കെ അസ്വാഭാവികതയുടെ കല്ല്‌ കടിക്കുന്നുണ്ടായിരുന്നെങ്കിലും മൊത്തത്തില്‍ ശരാശരിയിലും ഉയര്‍ന്നുനില്‍ക്കുന്ന ഒരു സൃഷ്ടിതന്നെയാണ് ബെംഗലൂര്‍ഡ്. അത്യന്തം മികച്ചത് എന്നൊന്നും പറയാനില്ല, കാണാന്‍ ശ്രമിക്കാം.
ചിത്രം കാണാന്‍:

Tuesday, December 15, 2015

Dongala Mutha Movie Review

ദൊങ്കല മുഠ (Dongala Mutha, 2011, Telugu)
രാം ഗോപാല്‍ വര്‍മ്മയുടെ പരീക്ഷണചിത്രങ്ങളില്‍ ഒന്ന്. അഞ്ചുദിവസംകൊണ്ട് 7 ക്രൂ മെമ്പര്‍മാരെ മാത്രം വെച്ച് ഷൂട്ട്‌ ചെയ്ത പടം. അഞ്ച് Canon 5D ക്യാമറകള്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും handheld ആയാണ് ചിത്രീകരിക്കപ്പെട്ടത്. സംവിധായകന്‍ camera departmentല്‍ കൈകടത്താതെ ക്യാമറ കൈകാര്യം ചെയ്യുന്നവരോട് artificial lighting ഒന്നും ഉപയോഗിക്കാതെ അവര്‍ക്ക് ഇഷ്ടമുള്ള ആംഗിളില്‍ വെച്ച് ഷൂട്ട്‌ ചെയ്യാന്‍ പറഞ്ഞ ചിത്രം. Editing നിര്‍വഹിച്ചതോ, മൂന്നുപുതുമുഖങ്ങള്‍, ഷിഫ്റ്റ്‌ ബേസിസില്‍ പണി എടുത്തിട്ടാണത്രേ. ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍ പറഞ്ഞാല്‍ തീരില്ല. ഇങ്ങനെയൊക്കെ ചെയ്തിട്ടും അത്യാവശ്യം നിലവാരം പുലര്‍ത്തുന്നരീതിയില്‍ത്തന്നെയാണ് അദ്ദേഹം ഈ ചിത്രം ഒരുക്കിയത്. രവി തേജ, ചാര്‍മി കൗര്‍, ലക്ഷ്മി മഞ്ചു, സുനില്‍, പ്രകാശ്‌ രാജ്, ബ്രഹ്മാനന്ദം തുടങ്ങി 9 നടീനടന്മാര്‍ മാത്രമാണ് ചിത്രത്തില്‍ ഉള്ളത്.


















ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ദമ്പതികള്‍ കാര്‍ കേടുവന്നതിനെത്തുടര്‍ന്ന് അടുത്തുള്ള ഒരു റിസോര്‍ട്ടില്‍ ഒരു മെക്കാനിക്കിനെ അന്വേഷിച്ചുചെല്ലുന്നു. മെക്കാനിക്കിനെ കിട്ടാത്തതിനാല്‍ അവര്‍ അവിടെ ഒരു മുറി വാടകയ്ക്കെടുത്ത് അല്‍പനേരം വിശ്രമിക്കാം എന്ന് തീരുമാനിക്കുന്നു, പക്ഷേ റിസോര്‍ട്ടിന്റെ നടത്തിപ്പുകാരുടെ പെരുമാറ്റത്തില്‍ പന്തികേടുതോന്നുന്ന അവര്‍ അവിടെനിന്ന് പോകാന്‍ ശ്രമിക്കുകയും പക്ഷേ ഗേറ്റ് അടച്ചതിനാല്‍ അവിടെ പെട്ടുപോവുകയും ചെയ്യുന്നു. ആ റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ ആരാണ്? അടച്ചിട്ട ഒരു മുറിയില്‍നിന്ന് കേട്ട ശബ്ദങ്ങള്‍ ആരുടേതാണ്? ഇതിനൊക്കെയുള്ള ഉത്തരങ്ങളാണ് ഒന്നരമണിക്കൂറില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
പൂര്‍ണ്ണമായും ഒരു ത്രില്ലര്‍ ആക്കാതെ പലയിടത്തും absurd humour കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട് സംവിധായകന്‍. അതൊക്കെ ഒരുപരിധിവരെ രസകരമായിരുന്നെങ്കിലും ചിലതൊക്കെ വല്ലാത്ത മണ്ടത്തരംപോലെ തോന്നി. കഥ തുടങ്ങുമ്പോള്‍ വേക്കന്‍സി എന്ന ഇംഗ്ലീഷ് ത്രില്ലര്‍ പോലെ ആകുമോ എന്ന് കരുതിയെങ്കിലും തികച്ചും വേറിട്ടൊരു പാതയിലൂടെയാണ് ചിത്രം സഞ്ചരിച്ചത്. തിരക്കഥയിലും മറ്റും പല പോരായ്മകള്‍ ഉണ്ടെങ്കിലും ഒരു പരീക്ഷണചിത്രമായതിനാല്‍ അതൊക്കെ ക്ഷമിക്കാവുന്നതേ ഉള്ളൂ. സാമ്പ്രദായികരീതിയില്‍നിന്ന് വിട്ടുമാറിയുള്ള ചിത്രീകരണംമൂലം പലരംഗങ്ങളിലും കഥാപാത്രങ്ങളുടെ ഒപ്പം സഞ്ചരിക്കുന്ന പ്രതീതിയാണ് ഉണ്ടായത്, ചിലയിടങ്ങളില്‍ തലവേദനയും. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും മോശം നിലവാരം പുലര്‍ത്തുന്നതായിരുന്നു അധികസമയവും.
രവി തേജയും ചാര്‍മിയും തന്നെയാണ് കൂടുതല്‍ screen space ലഭിച്ചവര്‍. അവര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ലക്ഷ്മി മഞ്ചുവും പ്രകാശ്‌ രാജും നന്നായിരുന്നു. സുനില്‍ എന്ന ഹാസ്യനടന് കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ബ്രഹ്മാനന്ദം വെറുപ്പിച്ചില്ല. റിസോര്‍ട്ട് നടത്തിപ്പുകാരെ അവതരിപ്പിച്ച നടന്മാര്‍ അത്യാവശ്യം നന്നായിത്തന്നെ അവരുടെ വേഷങ്ങള്‍ ചെയ്തു.
സാങ്കേതികമേഖലകളില്‍ എന്നും പുതിയരീതികള്‍ പരീക്ഷിച്ചുനോക്കുന്ന രാംഗോപാല്‍ വര്‍മയുടെ മോശം പറയാനില്ലാത്ത ഒരു ശ്രമം. ഇതില്‍ സിനിമയില്‍ ഒരുമുന്‍പരിചയവും ഇല്ലാത്ത അഞ്ച് പുതുമുഖങ്ങളെക്കൊണ്ട് ക്യാമറ ചെയ്യിപ്പിച്ച സംവിധായകന്‍ തന്റെ പിന്നീടുവന്ന ഹിന്ദി ചിത്രമായ Departmentല്‍ കുറേ രംഗങ്ങളിലൊക്കെ അഭിനയിക്കുന്നവരെക്കൊണ്ടുതന്നെ ക്യാമറ കൈകാര്യം ചെയ്യിപ്പിച്ചിരുന്നു. സഞ്ജയ്‌ ദത്തും മറ്റും ആണ് ആ പരീക്ഷണത്തിന്‌ ഇരയായത്. അത് അത്ര സ്വീകാര്യമാകാതെപോയ ഒരു പരീക്ഷണമായിരുന്നു എന്ന് പറയേണ്ടല്ലോ. എന്തായാലും പരീക്ഷണചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരുവട്ടം കണ്ടുനോക്കാവുന്ന ചിത്രമാണ് ദൊങ്കല മുഠ. കാണാന്‍ ശ്രമിക്കാം.

The Peanuts Movie Review

ദ പീനട്ട്സ് മൂവി (The Peanuts Movie, 2015, English) Charles Monroe Schulzന്റെ ലോകപ്രശസ്തമായ പീനട്ട്സ് കോമിക് സ്ട്രിപ്പുകളെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ആനിമേഷന്‍ ചിത്രമാണ് പീനട്ട്സ് മൂവി. Horton hears a who?, Ice Age: Continental Drift എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ സ്റ്റീവ് മാര്‍ട്ടിനോ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പീനട്ട്സിനെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ആറാമത്തെ മുഴുനീളചലച്ചിത്രമാണ് ഇത്. മുപ്പത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഈ സീരീസിലെ ഇതിനുമുന്‍പത്തെ ചലച്ചിത്രം പുറത്തിറങ്ങിയത്. അതുകൊണ്ടുതന്നെ സാങ്കേതികപരമായി മറ്റുചിത്രങ്ങളില്‍നിന്ന് ഏറെ മുന്നിലാണ് ഈ ചിത്രം.ചില രാജ്യങ്ങളില്‍ Snoopy and Charlie Brown: The Peanuts Movie എന്നപേരിലാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്.
ചാര്‍ലി ബ്രൌണ്‍ എന്ന കുട്ടിയുടെയും ചാര്‍ലിയുടെ വളര്‍ത്തുനായ സ്നൂപ്പിയുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ടുപോവുന്നത്. കൂട്ടുകാര്‍ക്കിടയിലും സ്കൂളിലും അപഹാസ്യനായ ചാര്‍ലി ഒരുദിവസം അടുത്തവീട്ടിലേക്ക് താമസംമാറിയ ചുവപ്പുമുടിയുള്ള പെണ്‍കുട്ടിയില്‍ അനുരക്തനാകുന്നു. എന്നാല്‍ അവരോട് സംസാരിക്കുന്നതില്‍നിന്ന് ചാര്‍ലിയുടെ അപകര്‍ഷത ചാര്‍ലിയെ പിന്നോട്ടുവലിയ്ക്കുന്നു. സ്നൂപ്പിയും ചാര്‍ലിയുടെ ഇളയസഹോദരിയായ സാലിയും ചാര്‍ലിയെ പ്രോത്സാഹിപ്പിക്കാന്‍ കഴിവത് പരിശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല. അങ്ങനെ രസകരമായ പലവിധ misadventuresലൂടെയും മറ്റും ചിത്രം മുന്നോട്ടുപോകുന്നു. വളരെ light ആയി നീങ്ങുന്ന കഥ ഒരിക്കല്‍പ്പോലും ഒരുപരിധിയില്‍ അപ്പുറം സീരിയസ് ആകുന്നില്ല. കുട്ടികളുടെ ജീവിതവും മറ്റും നല്ലരീതിയില്‍ത്തന്നെ വരച്ചുകാട്ടിയിരിക്കുന്നു സംവിധായകന്‍. എന്നാല്‍, പ്രധാനകഥയില്‍നിന്നുമാറി സ്നൂപ്പിയുടെ ചില ഭാവനകളും സാങ്കല്‍പ്പികയാത്രകളും മറ്റും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് മനസ്സിലായില്ല. ഇതിനുമുന്‍പത്തെ പീനട്ട്സ് ചിത്രങ്ങളോ കാര്‍ട്ടൂണുകളോ കണ്ടാല്‍ ഒരുപക്ഷേ ഇതിന്റെ കാരണം മനസ്സിലായേക്കാം. പൂര്‍ണ്ണമായും കുട്ടികളുടെ രീതിയില്‍ ചിന്തിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് ഇതെന്ന് കുട്ടികളെപ്പോലെത്തന്നെ പെരുമാറുന്ന കഥാപാത്രങ്ങളെ കാണുമ്പോള്‍ മനസ്സിലാക്കാം. അവരുടെ നിഷ്കളങ്കതയോ കൗതുകമോ ഒന്നും നഷ്ടപ്പെടുത്താതെയുള്ള പാത്രസൃഷ്ടി മികച്ചുനിന്നു. എല്ലാ കുട്ടികളും ഏറെ loveable ആയിരുന്നു. രണ്ടുപേരുടെ ശബ്ദങ്ങള്‍ ഒഴിച്ച് ചിത്രത്തിലുടനീളം ഒരു adult പോലും ഇല്ലെന്നതും ഒരു പ്രത്യേകതയായിരുന്നു. കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയവര്‍ എല്ലാവരും തങ്ങളുടെ ജോലി ഭംഗിയാക്കി. സ്നൂപ്പിയുടെയും സ്നൂപ്പിയുടെ വളര്‍ത്തുപക്ഷിയായ വുഡ്സ്റ്റോക്കിന്റെയും ശബ്ദങ്ങള്‍ നല്‍കിയത് മരിച്ചുപോയ voice artist Bill Melendez ആണ്. അദ്ദേഹത്തിന്റെ ശബ്ദം ചിത്രത്തിനായി പഴയ പീനട്ട്സ് റെക്കോര്‍ഡിംഗുകളില്‍നിന്ന് എടുക്കുകയാണ് ഉണ്ടായത്. വളരെ മികച്ച പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ ഷൂസ് അണിഞ്ഞ് ഒരു പുഞ്ചിരിയോടെ കാണാവുന്ന രസകരമായൊരു ചിത്രമാണ് പീനട്ട്സ് മൂവി. പല രംഗങ്ങളും നിങ്ങളില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയേക്കാം. ആനിമേഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

Friday, December 11, 2015

Comet Movie Review

കോമറ്റ് (Comet, 2014, English)
സാം ഇസ്മയില്‍ സംവിധാനം ചെയ്ത് Justin Long, Emmy Rossum എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കോമറ്റ്. ഒരു സാങ്കല്‍പ്പികപശ്ചാത്തലത്തില്‍ രണ്ടുപേരുടെ ജീവിതത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ നടക്കാന്‍ സാധ്യത കുറവായരീതിയിലുള്ള ഒരു സംഭാഷണത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് നായികയും നായകനും കണ്ടുമുട്ടുന്നു, പിന്നീട് നായകന്‍റെ viewpointല്‍ നിന്ന് അവരുടെ കഥ നമ്മള്‍ കാണുകയാണ്. മുന്‍പ് സംഭവിച്ചതായോ, അതോ നായകന്‍ സ്വപ്നം കണ്ടതായോ ഉള്ള പല സംഭവങ്ങളും വീണ്ടും നടക്കുന്നത് നമ്മള്‍ കാണുന്നു, ഒന്ന് ചിന്തിച്ചാല്‍ ഇതൊക്കെ സത്യമാണോ അതോ അയാളുടെ സങ്കല്പം മാത്രമാണോ എന്ന് നമുക്ക് തോന്നിപ്പോകും, അങ്ങനെ അവരുടെ ജീവിതങ്ങളിലൂടെ മുന്നോട്ടുപോകുന്ന ചിത്രത്തില്‍ യാഥാര്‍ത്ഥ്യം ഏത്, സങ്കല്പം ഏത് എന്നറിയാതെ നമ്മള്‍ കുഴങ്ങാല്‍ സാധ്യതയുണ്ട്. ഒടുവില്‍ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു രംഗത്തിലൂടെയാണ്‌ ചിത്രം അവസാനിക്കുന്നത്. കാലിന്റെ പെരുവിരലില്‍നിന്ന് സംഭ്രമത്തിന്റെ ഒരു തരിപ്പ് എന്റെ സിരകളിലേക്ക് ഇരച്ചുകയറി, പ്രഥമദൃഷ്ട്യാ വളരെ സാധാരണമെന്ന് തോന്നിപ്പിക്കുന്ന ആ രംഗത്തിന്റെ പശ്ചാത്തലത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം കണ്ടപ്പോള്‍. ഇതെല്ലാം നായകന്‍റെ സങ്കല്പം മാത്രമായിരുന്നോ അതോ മറ്റൊരു സമാന്തരലോകത്ത് സംഭവിക്കുന്ന കഥയാണോ ഇത് എന്നൊക്കെയുള്ള സംശയത്തിന് ആക്കം കൂട്ടിക്കൊണ്ടുള്ള, ambiguous ആയൊരു അവസാനമായിരുന്നു ചിത്രത്തിന്. മാധവിക്കുട്ടിയുടെ പേരോര്‍മ്മയില്ലാത്ത ഒരു ചെറുകഥയുണ്ട്, പണ്ട് പ്രണയിച്ചിരുന്ന രണ്ടുപേര്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ഒരു സായാഹ്നത്തില്‍ ഒരു പാര്‍ക്കില്‍ വെച്ച് കണ്ടുമുട്ടുന്നതിനെക്കുറിച്ച്. ആ കഥയുമായി കൂട്ടിവായിക്കാവുന്ന ഒരു ക്ലൈമാക്സ് പോലെ തോന്നി എനിക്ക് ഇത്. ചിത്രത്തിന്റെ പേര് comet എന്നായത്തിന്റെ കാരണവും ഒരുരീതിയില്‍ ഊഹിക്കാം അവസാനരംഗവുമായി ചേര്‍ത്തുവെയ്ക്കുമ്പോള്‍.
വൈകാരികമുഹൂര്‍ത്തങ്ങള്‍ അതിന്റെ warmth നഷ്ടപ്പെടാതെ കൈകാര്യം ചെയ്യുന്നതില്‍ പുതുമുഖസംവിധായകനായ സാം ഇസ്മയില്‍ പരിപൂര്‍ണ്ണമായും വിജയിച്ചു എന്നുതന്നെ പറയാം. പ്രണയത്തിന്റെയും melancholyയുടെയും മറ്റും തീവ്രത പ്രേക്ഷകനെക്കൂടി അനുഭവിപ്പിക്കുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന ഒരു കാര്യമല്ല.. പ്രധാനനടീനടന്മാരായ Justin Long, Emmy Rossum എന്നിവരില്‍നിന്ന് ഏറ്റവും മികച്ച പ്രകടനങ്ങള്‍ തന്നെ deliver ചെയ്യിക്കാനും അദ്ദേഹത്തിന് സാധിച്ചു. ചിത്രത്തില്‍ 90-95%ഉം ഇവര്‍ രണ്ടുപേരും മാത്രമേ ഉള്ളൂ, എന്നിട്ടും ഒരുനിമിഷംപോലും മടുപ്പിക്കാതെ മികച്ചരീതിയില്‍ അവര്‍ തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഏറെ ഹൃദ്യമായ, അകാരണമായ വേദനയുടെ കാറ്റുവീശുന്ന പശ്ചാത്തലസംഗീതവും ഉയര്‍ന്നനിലവാരമുള്ള ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റുകൂട്ടി.
Emotionally strong ആയ, പ്രണയത്തെക്കുറിച്ചുള്ള മികച്ച ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ miss ചെയ്യരുതാത്ത ഒരു ചിത്രമാണ് കോമറ്റ്. കാണാന്‍ ശ്രമിക്കുക.

Thursday, December 10, 2015

Ghost theater Movie Review

ഘോസ്റ്റ് തീയറ്റര്‍ (Ghost Theater aka Gekijourei, 2015, Japanese)
റിംഗ്, അതിന്റെ തുടര്‍ച്ചകള്‍ തുടങ്ങി ചില ഹൊറര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത Hideo Nakataയുടെ പുതിയ ചിത്രമാണ് ഘോസ്റ്റ് തീയറ്റര്‍. Haruka Shimazaki പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഹൊറര്‍ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണെന്ന് ചിത്രത്തിന്റെ പേരില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതേ ഉള്ളൂ. Don't Look Up എന്ന 1996 ജാപ്പനീസ് ചിത്രത്തിന്റെ remake ആണ് ഈ ചിത്രം. 2009ല്‍ ഹോളിവുഡിലേക്കും ചിത്രം remake ചെയ്യപ്പെട്ടിരുന്നു.
പ്രേതബാധയേറ്റ ഒരു മനുഷ്യപ്പാവ (കുഞ്ഞുപാവ അല്ല, സാധാരണ മനുഷ്യന്റെ വലിപ്പമുള്ള പാവ) തന്റെ രണ്ടുമക്കളെയും കൊല്ലുന്നത് കാണുന്ന പാവയുടെ ശില്‍പി അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അതിനുമുന്‍പ്‌ കൊലക്കുറ്റത്തിന് അയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം ഒരു നാടകട്രൂപ്പ് ആ പാവയെ അവരുടെ നാടകത്തിനായി ഉപയോഗിക്കുന്നു, തുടര്‍ന്ന് ദുര്‍മരണങ്ങളും മറ്റും സംഭവിക്കുന്നു. എന്താണ് ആ പാവയുടെ പിന്നിലുള്ള രഹസ്യം? എന്തിനാണ് ആ പാവ ആളുകളെ വധിക്കുന്നത്? പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ടായേക്കാവുന്ന ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പിന്നീട് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.
ചിത്രത്തിന്റെ ടൈറ്റില്‍ കണ്ടപ്പോള്‍ത്തന്നെ ഒരു ഹൊറര്‍ പടമാണെന്ന് തോന്നിയേക്കാമല്ലോ, അതുപോലെത്തന്നെയാണ് ചിത്രത്തിന്റെ പോക്കും. ഇതൊരു ഹൊറര്‍ പടമാണ് എല്ലാവരും പേടിക്കണം എന്ന ഉദ്ദേശത്തില്‍ ഉള്ള രംഗങ്ങള്‍. വെറുതെ അവിടെയും ഇവിടെയും jump scare ഇടുന്ന പരിപാടി ഇവര്‍ എന്ന് നിര്‍ത്തും ആവോ. പ്രവചനാതീതമോ മുന്‍പ് കണ്ടിട്ടില്ലാത്തതോ ആയ ഒന്നും ചിത്രത്തിലില്ല. മടുത്ത് ഇറങ്ങിപ്പോയാലോ എന്നുവരെ തോന്നി പകുതി ആയപ്പോഴേക്കും. പിന്നെ പ്രധാനനദിയുടെ തെറ്റില്ലാത്ത പ്രകടനം ഒന്നുകൊണ്ടുമാത്രമാണ് മുഴുവനും കണ്ടത്. സാധാരണ പ്രേതചിത്രങ്ങള്‍ തീയറ്ററില്‍ കാണുമ്പോള്‍ ചുറ്റും ഉണ്ടാവാറുള്ള കുറേപ്പേരൊക്കെ ഓരോ സീനുകളില്‍ പേടിച്ച് കരയുന്നതൊക്കെ കേള്‍ക്കാം. പക്ഷേ ഇതിലെ മിക്ക ഹൊറര്‍ രംഗങ്ങളും പ്രേക്ഷകര്‍ ചിരിയോടെയാണ് വരവേറ്റത്. ഒട്ടും പുതുമ ഇല്ലാത്ത ഒരു ഹൊറര്‍ ചിത്രം, അത്രേ ഉള്ളൂ ഇത്. Hideo Nakataയുടെ കടുത്ത ഫാന്‍ ആണ്, അതുകൊണ്ട് കണ്ടേതീരൂ എന്നൊക്കെ വാശി ഉള്ളവര്‍ക്ക് വേണമെങ്കില്‍ കാണാം.
ട്രെയിലര്‍ ഇവിടെ:

Tuesday, December 8, 2015

Before I Disappear Movie Review

ബിഫോര്‍ ഐ ഡിസപ്പിയര്‍ (Before I Disappear, 2014, English)
മികച്ച ഹ്രസ്വചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ Curfew എന്ന short filmനെ അടിസ്ഥാനമാക്കി അതിന്റെതന്നെ സംവിധായകന്‍ Shawn Christensen സംവിധാനം ചെയ്ത ചിത്രമാണ് ബിഫോര്‍ ഐ ഡിസപ്പിയര്‍. സംവിധായകനോടൊപ്പം മുഖ്യവേഷത്തില്‍ എത്തിയത് Dora the Explorerലെ ഡോറയ്ക്ക് ശബ്ദം നല്‍കുന്ന പെണ്‍കുട്ടിയായ Fátima Ptacek ആണ്. പല അന്താരാഷ്‌ട്രചലച്ചിത്രമേളകളിലും നിരവധി പുരസ്കാരങ്ങള്‍ ചിത്രം കരസ്ഥമാക്കിയിരുന്നു.
റിച്ചി എന്ന യുവാവ് ജീവിതം എല്ലാ അര്‍ത്ഥത്തിലും മടുത്തെന്നുതോന്നിയതിനാല്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. എന്നാല്‍ റിച്ചി മരിക്കുന്നതിനുമുന്‍പ് റിച്ചിയ്ക്ക് അയാളുടെ സഹോദരിയുടെ ഫോണ്‍കോള്‍ ലഭിക്കുന്നു. ചില തിരക്കുകളാല്‍ മകള്‍ സോഫിയയെ സ്കൂളില്‍നിന്ന് കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയില്ലെന്നും അതിനാല്‍ റിച്ചി ആ കുട്ടിയെ സ്കൂളില്‍നിന്ന് വീട്ടിലേക്ക് കൊണ്ടുവരണം എന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്കുശേഷം തന്റെ മരുമകളെ കണ്ടുമുട്ടുന്ന റിച്ചിയുടെ ജീവിതത്തില്‍ ആ സായാഹ്നം ഏറെ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പല തിരിച്ചറിവുകളും റിച്ചിയ്ക്ക് ഉണ്ടാകുന്നു. ഇതൊക്കെയാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകരോട് പറയുന്നത്.
തന്റെ ഷോര്‍ട്ട് ഫിലിമിന് ലഭിച്ച അന്താരാഷ്‌ട്ര അംഗീകാരങ്ങള്‍മൂലം വലിയൊരു ബാധ്യതയാണ് സംവിധായകന് ഈ ചിത്രം ചെയ്യുമ്പോള്‍ നേരിടേണ്ടിവന്നിട്ടുണ്ടാവുക. മികച്ചൊരു കലാസൃഷ്ടി വികസിപ്പിച്ച് കൂടുതല്‍ മാനങ്ങള്‍ നല്‍കി ഒരു മുഴുനീളചിത്രം ആക്കിയപ്പോള്‍ ആ ഷോര്‍ട്ട് ഫിലിമിന്റെ അന്തസത്ത ചോര്‍ന്നുപോകാതെ നല്ലരീതിയില്‍ത്തന്നെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ Emotionally ഏറെ സ്ട്രോങ്ങ്‌ ആയ ഒരു കലാസൃഷ്ടി ആയിമാറി ഈ ചിത്രം. 19 മിനിറ്റുള്ള ഹ്രസ്വചിത്രം 99 മിനിറ്റ് നീളമുള്ള ചിത്രമായി വികസിപ്പിച്ചപ്പോള്‍ ചേര്‍ക്കേണ്ടിവന്ന ചില ഉപകഥകള്‍ അത്രയ്ക്ക് convincing അല്ലാതെ തോന്നിയേക്കാമെങ്കിലും ആകെമൊത്തം നോക്കിയാല്‍ മികച്ചൊരു അനുഭവംതന്നെയാണ് ബിഫോര്‍ ഐ ഡിസപ്പിയര്‍. ഷോര്‍ട്ട് ഫിലിമിലെ അതേ നടീനടന്മാരെത്തന്നെ സിനിമയിലും ഉപയോഗിച്ചതും ഗുണകരമായി.
രചനയും സംവിധാനവും കൂടാതെ ചിത്രത്തിലെ പ്രധാനകഥാപാത്രമായ റിച്ചിയെ അവതരിപ്പിച്ചതും Shawn Christensen തന്നെയാണ്. മികച്ചൊരു അഭിനേതാവുകൂടിയാണ് അദ്ദേഹം എന്ന് ഈ ചിത്രത്തിലെ നല്ല പ്രകടനത്തിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുന്നു. വളരെ മിതത്വം പാലിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രകടനം പ്രശംസനീയമായിരുന്നു. സോഫിയയെ അവതരിപ്പിച്ച Fátima Ptacek എന്ന കുട്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചു. കാണാനും ഏറെ സുന്ദരിയായിരുന്നു ഈ കൊച്ചുമിടുക്കി. മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.
മികച്ച പ്രകടനങ്ങള്‍കൊണ്ടും ശക്തമായ കഥാസന്ദര്‍ഭങ്ങള്‍കൊണ്ടും പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുന്നവിധത്തിലുള്ള നല്ലൊരു ചിത്രമാണ് ബിഫോര്‍ ഐ ഡിസപ്പിയര്‍. കാണാന്‍ ശ്രമിക്കുക.
കര്‍ഫ്യൂ എന്ന ഷോര്‍ട്ട്ഫിലിം ഇവിടെ കാണാം:

Monday, December 7, 2015

Bad Roomies Movie Review

ബാഡ് റൂമീസ് (Bad Roomies, 2015, English)
Jason Schnell എന്ന സംവിധായകന്റെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയചിത്രമാണ് ബാഡ് റൂമീസ്. Patrick Renna, Tommy Savas, Annie Monroe തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം ഒരു absurd comedy ആണ്.

ചില കാരണങ്ങളാല്‍ തങ്ങളോടൊപ്പം വീട് ഷെയര്‍ ചെയ്തിരുന്നയാളെ പറഞ്ഞുവിടേണ്ടിവന്നശേഷം ബോബിയും റെയ്മണ്ടും വീട് ഷെയര്‍ ചെയ്യാന്‍ പുതിയൊരാളെ അന്വേഷിക്കുന്നു. ക്ലോയി എന്ന യുവതി ഇവരുടെകൂടെ ആ വീട്ടില്‍ താമസിക്കാനായി എത്തുന്നു. തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിതമായ കാര്യങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. അധികമൊന്നും സംഭവിക്കാന്‍ ഇടയില്ലാത്ത തരത്തിലുള്ള കുറേ കാര്യങ്ങള്‍ ആണ് തുടര്‍ന്നുണ്ടാവുന്നത്. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും വിപരീതമായാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. പ്രതീക്ഷിക്കാത്തരീതിയിലുള്ള ഒരു ക്ലൈമാക്സും ചിത്രത്തിനുണ്ട്.
സംവിധാനം, അഭിനയം തുടങ്ങിയ കാര്യങ്ങള്‍ മോശമാക്കാതെ എല്ലാവരും ചെയ്തു, എടുത്തുപറയാന്‍ ഒന്നുംതന്നെയില്ല. പശ്ചാത്തലസംഗീതവും ഗാനങ്ങളും മികച്ചതായിരുന്നു. വെറുതെ കണ്ടിരിക്കാവുന്ന കുറച്ച് വ്യത്യസ്തമായ ഒരു ഹാസ്യചിത്രം അത്രതന്നെ. വേണമെങ്കില്‍ കാണാം.
ചിത്രത്തിലെ ഒരു conversation എനിക്ക് നന്നായി ഇഷ്ടപ്പെട്ടു, അതിങ്ങനെയാണ്:
I can make your life very uncomfortable.
Is that a threat?
It is a promise

Titli Movie Review

തിത്തലി (Titli, 2015, Hindi)
LSDയുടെ രചന നിര്‍വഹിച്ച കാനു ബേല്‍ സംവിധാനം ചെയ്ത ആദ്യചലച്ചിത്രമാണ് തിത്തലി. യാഷ്രാജ് ഫിലിംസും സംവിധായകന്റെ ഗുരുകൂടെയായ ദിബാകര്‍ ബാനര്‍ജിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ ശശാങ്ക് അറോറ, രണ്‍വീര്‍ ഷോരേ, അമിത് സിയാല്‍, ശിവാനി രഘുവംശി, ലളിത് ബേല്‍ തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ ചില സംഭവങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
പിടിച്ചുപറിയും അല്ലറചില്ലറ തട്ടിപ്പുകളും നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന രണ്ടേട്ടന്മാരുടെയും നിര്‍ഗുണപരബ്രഹ്മമായ അച്ഛന്റെയും കൂടെ ജീവിക്കുന്ന തിത്തലി എന്ന അന്തര്‍മുഖനായ ചെറുപ്പക്കാരന്‍ ഒരിക്കല്‍ ഇവരുടെ ജീവിതശൈലികളുമായി ഒത്തുപോവാന്‍ സാധിക്കില്ല എന്ന് തോന്നിയതിനാല്‍ വീട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ആ ശ്രമം വിഫലമാകുന്നതോടെ ഏട്ടന്മാരും അച്ഛനും ചേര്‍ന്ന് ഒരു തീരുമാനം എടുക്കുന്നു, തിത്തലിയെ ഒരു വിവാഹം കഴിപ്പിക്കാം. തിത്തലിയ്ക്ക് ഒന്നുകൂടെ ഉത്തരവാദിത്വബോധം ഉണ്ടാവുകയും ചെയ്യും, തങ്ങളുടെ പിടിച്ചുപറി/മോഷണനീക്കങ്ങളില്‍ ഒരു കൈസഹായവും ആകും. അങ്ങനെ തിത്തലിയുടെ വിവാഹം നീലുവുമായി നടത്തപ്പെടുന്നു. എന്നാല്‍ തുടര്‍ന്നും തിത്തലിയ്ക്ക് കഷ്ടകാലം തന്നെ ആയിരുന്നു. അങ്ങനെ മുന്നോട്ടുപോകുന്ന തിത്തലിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു വഴിത്തിരിവും തുടന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ കയ്യടക്കത്തോടെ അവതരിപ്പിക്കപ്പെട്ട ചിത്രം ഒട്ടും അതിഭാവുകത്വ]മില്ലാത്ത രീതിയില്‍ത്തന്നെയാണ് അവസാനിപ്പിച്ചിക്കുന്നത്.
ഒരു പുതുമുഖസംവിധായകന്റെ കുറവുകള്‍ ഏതുമില്ലാതെ ഈ കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചതന്നെയായ ഇത്തരമൊരു ചിത്രം ഒരുക്കിയതിന് കാനു ബേലിനെ എത്ര അഭിനന്ദിച്ചാലും മതിയാകുമെന്ന് തോന്നുന്നില്ല. വളരെ sensitive ആയ പല കാര്യങ്ങളും മിതത്വംപാലിച്ചുകൊണ്ട്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഒട്ടും അതിഭാവുകത്വമോ അസ്വാഭാവികതയോ ഒന്നും ഇല്ലാത്ത അവതരണം. മുഴുവന്‍ ചിത്രവും തിത്തലിയുടെ കാഴ്ചപ്പാടില്‍ത്തന്നെയാണ് പോവുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. തിത്തലിയ്ക്ക് അറിയാത്ത കാര്യങ്ങള്‍ പിന്നീട് പ്രേക്ഷകന് മനസ്സിലാക്കിക്കൊടുക്കാനായി സംവിധായകന്‍ കാണിച്ചുതരുന്നൊന്നും ഇല്ല. വ്യക്തിത്വമുള്ള കഥാപാത്രങ്ങളും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. ഇനിയും മികച്ച ചിത്രങ്ങള്‍ ഒരുക്കുവാന്‍ സംവിധായകന് സാധിക്കട്ടെ. കാനു ബേലിനോടൊപ്പം ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശരത് കടാരിയയും ഏറെ പ്രശംസ അര്‍ഹിക്കുന്നു. ദം ലഗാകെ ഹൈഷാ, 10ML ലവ് എന്നീ മികച്ചചിത്രങ്ങളുടെ സംവിധായകന്‍കൂടിയാണ് അദ്ദേഹം,
ഒന്നുരണ്ടുചിത്രങ്ങളില്‍ അപ്രധാനവേഷങ്ങള്‍ ചെയ്തതിനുശേഷം യുവനടന്‍ ശശാങ്ക് അറോറയ്ക്ക് ലഭിച്ച മികച്ചൊരു വേഷംതന്നെയാണ് തിത്തലി. മറ്റാരെയും ആ വേഷത്തിലേക്ക് സങ്കല്‍പ്പിക്കാന്‍പോലും സാധിക്കാത്തവിധത്തില്‍ അയാള്‍ തിത്തലിയെ ഭംഗിയാക്കി. തിത്തലിയുടെ ഏട്ടന്മാരെയും അച്ഛനെയും അവതരിപ്പിച്ച രണ്‍വീര്‍ ഷോരേ, അമിത് സിയാല്‍, ലളിത് ബേല്‍ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി. സംവിധായകന്റെ അച്ഛന്‍കൂടിയാണ് ലളിത് ബേല്‍. പുതുമുഖനായിക ശിവാനി രഘുവംശി തന്റെ വേഷത്തോട് നീതിപുലര്‍ത്തി. മറ്റ് നടീനടന്മാരും നന്നായിത്തന്നെ ചെയ്തു.
യാഥാര്‍ത്ഥ്യത്തോടടുത്തുനില്‍ക്കുന്ന ഒട്ടും കലര്‍പ്പില്ലാത്ത അവതരണശൈലിയും, മികച്ച പ്രകടനങ്ങളും മൂലം വളരെ മികച്ചൊരു അനുഭവമായി മാറി തിത്തലി. എല്ലാവരും കാണാന്‍ ശ്രമിക്കുക, പ്രത്യേകിച്ച് ബോളിവുഡില്‍ നല്ല സിനിമകള്‍ വരുന്നില്ല എന്ന് പറയുന്നവര്‍.

Friday, November 27, 2015

The Good Dinosaur Movie Review

ദ ഗുഡ് ഡൈനസോര്‍ (The Good Dinosaur, 2015, English)
ഡിസ്നി പിക്സാറിന്റെ നിര്‍മ്മാണത്തില്‍ പുറത്തുവന്ന ഏറ്റവും പുതിയ ത്രീഡി ആനിമേഷന്‍ ചിത്രമാണ് ദ ഗുഡ് ഡൈനസോര്‍. പീറ്റര്‍ സോണ്‍ സംവിധാനം ചെയ്ത ചിത്രം ഒരു Apatosaurus ഡൈനസോര്‍ കുട്ടിയുടെ കഥയാണ് പറയുന്നത്.
ലക്ഷക്കണക്കിനുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു asteroid ഭൂമിയില്‍ പതിച്ചതിന്റെ ഫലമായി ഡൈനസോറുകള്‍ക്ക് വംശനാശം സംഭവിച്ചു എന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ ആ asteroid ഭൂമിയില്‍ പതിച്ചില്ലായിരുന്നുവെങ്കില്‍ എന്തായേനെ, അങ്ങനെയൊരു കഥയാണ് ഈ ചിത്രം പറയുന്നത്. സസ്യഭുക്കുകള്‍ എന്ന് വിശ്വസിക്കപ്പെട്ടിരുന്ന apatosaurus വര്‍ഗത്തില്‍പ്പെട്ട ഒരു ഡൈനസോര്‍ കുടുംബത്തിലാണ് കഥ നടക്കുന്നത്. കൃഷിചെയ്തുജീവിക്കുന്ന അച്ഛനും അമ്മയും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തിലെ ഇളയമകനായ ആര്‍ലോ ശരീരപ്രകൃതിയില്‍ കുറിയവനും അല്പം ഭീരുവുമാണ്. ആര്‍ലോയെ ധൈര്യശാലിയാക്കാന്‍ അച്ഛനും ജ്യേഷ്ഠന്‍മാരും പലവിധത്തില്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും വേണ്ടത്ര ഫലിക്കുന്നില്ല. അങ്ങനെയിരിക്കെ തങ്ങളുടെ വിളവുതിന്നാന്‍ എത്തിയ ഒരു ഗുഹാമനുഷ്യക്കുട്ടിയെ പിന്തുടരുന്നതിനിടെ ആര്‍ലോ പുഴയില്‍ വീഴുകയും കുടുംബത്തില്‍നിന്ന് വേര്‍പെടുകയും ചെയ്യുന്നു. വഴിതെറ്റി വനത്തിനുള്ളില്‍ എവിടെയോ പെട്ടുപോവുന്ന ആര്‍ലോയ്ക്ക് കൂട്ടായി സ്പോട്ട് എന്ന ആ ഗുഹാമനുഷ്യക്കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരിച്ച് തന്റെ അമ്മയുടെയും സഹോദരങ്ങളുടെയും അടുത്തെത്താനുള്ള ആര്‍ലോയുടെയും സ്പോട്ടിന്റെയും യാത്രയും, ആ യാത്രയ്ക്കിടെ അരങ്ങേറുന്ന സംഭവങ്ങളിലൂടെ സ്പോട്ടും ആര്‍ലോയും തമ്മിലുള്ള ബന്ധം വളരുകയും ആര്‍ലോ ജീവിതം എന്തെന്ന്‌ പഠിക്കുകയും, എതിരാളികളെ നേരിടാന്‍ കെല്‍പ്പുള്ള ധൈര്യശാലിയായി മാറുകയും ചെയ്യുന്നതിലൂടെയും മട്ടുമാണ് ചിത്രം മുന്നോട്ടുപോവുന്നത്. പ്രേക്ഷകരുടെ കണ്ണും മനസ്സും നിറയിക്കുന്ന ആദ്യാവസാനം ഹൃദയസ്പര്‍ശിയായ, മികച്ചൊരു അനുഭവംതന്നെയാണ് ഈ ചിത്രം.
പേടിത്തൊണ്ടനായ പ്രധാനകഥാപാത്രത്തിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവിക്കുക, എന്നിട്ട് സ്വന്തം അനുഭവങ്ങളിലൂടെ അയാള്‍ ജീവിതം പഠിക്കുകയും തന്റെ കഴിവുതെളിയിക്കുകയും ചെയ്യുക, ഒരുപാട് സിനിമകളില്‍ കണ്ടിട്ടുള്ള അതേ കഥാതന്തുവിനെ അടിസ്ഥാനമാക്കിക്കൊണ്ടുതന്നെയാണ് ഈ ചിത്രവും നിര്‍മ്മിച്ചിരിക്കുന്നത്. എന്നിട്ടും ഇത്രയേറെ മികച്ചൊരു അനുഭവമായിമാറാന്‍ ചിത്രത്തിനുസാധിച്ചത് പ്രേക്ഷകരുടെ വികാരങ്ങലെന്‍ ഉണര്‍ത്തുന്നതരത്തിലുള്ളൊരു മികച്ച തിരക്കഥയുടെ സാന്നിധ്യവും, അതിലുപരി അത്യന്തം മനോഹരവും രമണീയവുമായ ദൃശ്യങ്ങളുമാണ്. ഇമവെട്ടാന്‍ പോലും തോന്നാത്തവിധത്തില്‍ കണ്ണഞ്ചിപ്പിക്കുന്നതരത്തിലാണ് ഓരോ രംഗവും അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതൊക്കെ ആനിമേഷന്‍തന്നെയാണോ എന്നുവരെ സംശയം തോന്നുന്നതരത്തിലുള്ള ദൃശ്യങ്ങള്‍. ശരിക്കും outstanding visuals എന്നുപറഞ്ഞാല്‍ത്തന്നെ കുറഞ്ഞുപോകും. ഞാന്‍ 2Dയിലാണ് കണ്ടത്, 3D effects എങ്ങനെ ഉണ്ടെന്നറിയില്ല. നല്ലോണം പൈസചെലവാക്കിയിട്ടുണ്ടെങ്കിലും അതൊക്കെ സ്ക്രീനില്‍ കാണുന്നുമുണ്ട്. ഇപ്രാവശ്യത്തെ അക്കാദമി അവാര്‍ഡുകള്‍ ചിലതെങ്കിലും ഡൈനോ കൊണ്ടുപോകും എന്ന് പ്രതീക്ഷിക്കുന്നു.
രസകരമായ കഥാപാത്രങ്ങളും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഡൈനസോറുകള്‍ക്കിടയില്‍ത്തന്നെയുള്ള വിവിധവര്‍ഗങ്ങളെ ചിത്രത്തില്‍ കാണാം. പറക്കുന്ന, ഇരപിടിച്ചുജീവിക്കുന്ന ക്രൂരന്മാരായ Pterosaurs, കാളകളെ വളര്‍ത്തുന്ന Tyrannosaurus തുടങ്ങി പല ജീവജാലങ്ങളെയും രസകരമായി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രാചീനമനുഷ്യവംശത്തില്‍പ്പെട്ട, നാലുകാലില്‍ നടക്കുകയും മരങ്ങളില്‍ ഓടിച്ചാടിക്കളിക്കുകയും ചെയ്യുന്ന സ്പോട്ട് എന്ന കുട്ടിയും മികച്ചൊരു കഥാപാത്രമായിരുന്നു. മനുഷ്യന്‍ ഭാഷയാല്‍ ആശയവിനിമയം നടത്തുന്നതിനും മുന്‍പുള്ള കഥയായതിനാല്‍ ചില ശബ്ദങ്ങള്‍ മാത്രമേ ആ കുട്ടി ഉണ്ടാക്കിയിരുന്നുള്ളൂ. ഡൈനോകള്‍ക്കിടയില്‍ അരുമയായൊരു വളര്‍ത്തുമൃഗത്തെപ്പോലെ ഒരു മനുഷ്യക്കുട്ടിയെ കാണാന്‍ സാധിച്ചത് കൗതുകമുണര്‍ത്തി. എല്ലാ കഥാപാത്രങ്ങള്‍ക്കും മികവുറ്റരീതിയില്‍ത്തന്നെയാണ് ശബ്ദം നല്‍കപ്പെട്ടിരിക്കുന്നത്.
മനസ്സുനിറഞ്ഞും, അല്‍പം കണ്ണീര്‍ പൊഴിച്ചും ആണ് ഈ ചിത്രം കണ്ടുതീര്‍ക്കാന്‍ സാധിച്ചുള്ളൂ. ഏറെ പുതുമയൊന്നും ഇല്ലാത്തൊരു കഥയാണെങ്കില്‍ക്കൂടി breathtaking visualsഉം ഹൃദയസ്പര്‍ശിയായ കഥാസന്ദര്‍ഭങ്ങളും ആ കുറവ് നികത്താന്‍ സഹായിക്കുന്നു. നല്ലൊരു തീയറ്ററില്‍ത്തന്നെ ഈ ചിത്രം കാണാന്‍ ശ്രമിക്കുക.
PS: സഞ്ജയ്‌ പട്ടേല്‍ സംവിധാനംചെയ്ത പിക്സാറിന്റെതന്നെ ഹ്രസ്വചിത്രം 'Sanjay's Super Team' സിനിമതുടങ്ങുന്നതിനുമുന്‍പ് കാണിച്ചിരുന്നു. ഹിന്ദുദൈവങ്ങളുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പുഷ്ടമാണ് ഈ ഹ്രസ്വചിത്രം. നല്ലൊരു അനുഭവമായിരുന്നു ഏഴുമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം.

Friday, November 20, 2015

Sad Movie aka Saedu Mubi Movie Review

സാഡ് മൂവി (Saedu Mubi aka Sad Movie, 2005, Korean)
Kwon Jong-kwanന്റെ സംവിധാനത്തില്‍ പുറത്തുവന്ന സൗത്ത് കൊറിയന്‍ ചിത്രമായിരുന്നു സാഡ് മൂവി. Jung Woo-sung as Lee Jin-wo, Im Soo-jung, Cha Tae-hyun, Son Tae-young, Yum Jung-ah, Yeo Jin-goo, Shin Min-a എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം സൗത്ത് കൊറിയയിലെ ഒരു നഗരത്തിലെ കുറച്ചുപേരുടെ കഥകളാണ് പറയുന്നത്.
ഒരു ടിവിചാനലിലെ വാര്‍ത്തയില്‍ ബധിരര്‍ക്കായി ആംഗ്യഭാഷയിലുള്ള തര്‍ജമ അവതരിപ്പിക്കുന്ന സൂ ജോങ്ങ്, അവരുടെ ബോയ്‌ഫ്രണ്ട് ആയ അഗ്നിരക്ഷാപ്രവര്‍ത്തകന്‍ ജിന്‍വൂ, സൂ ജോങ്ങിന്റെ ബധിരയായ, ഒരു തീം പാര്‍ക്കില്‍ കാര്‍ട്ടൂണ്‍ വേഷത്തിന്റെ ജോലി ചെയ്യുന്ന സഹോദരി സൂയൂന്‍, സൂയൂനിന് ഏറെ ഇഷ്ടമുള്ള ചിത്രകാരന്‍ സാങ്ങ് ഗ്യു, കാന്‍സര്‍ ബാധിതയായ ജുയങ്ങ്, അവരുടെ മകന്‍ ഹീചാന്‍, ഒരു ഷോപ്പിംഗ്‌ മാളില്‍ ജോലിചെയ്യുന്ന സാക്ഹ്യുന്‍, ബോക്സറായ അവരുടെ ബോയ്‌ഫ്രണ്ട് ഹാസെയോക് എന്നിവരുടെ ബന്ധങ്ങളില്‍ ഉണ്ടാവുന്ന ഉലച്ചിലുകളിലൂടെയും മറ്റുമാണ് ചിത്രം മുന്നോട്ടുപോവുന്നത്. പേരുപോലെ ആദ്യാവസാനം ഒരു ദുഃഖചിത്രമൊന്നും അല്ല ഇത്. രസകരമായ, മനസ്സുനിറയ്ക്കുന്ന ഒരുപാട് മികച്ച രംഗങ്ങള്‍ ചിത്രത്തിലുണ്ട്. വളരെ മെല്ലെയാണ് മുന്നോട്ടുപോവുന്നതെങ്കിലും ഒട്ടും ബോര്‍ അടിക്കാത്തരീതിയിലാണ് ചിത്രം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അവസാനരംഗങ്ങള്‍ ചിലപ്പോഴെങ്കിലും അല്‍പം നാടകീയമായോ എന്നൊരു സംശയം തോന്നാമെങ്കിലും രണ്ടുതുള്ളി കണ്ണുനീര്‍ ഇറ്റിച്ചുകൊണ്ടേ എനിക്ക് ഈ ചിത്രം മുഴുമിപ്പിക്കാന്‍ സാധിച്ചുള്ളൂ.
അഭിനേതാക്കളുടെ സൂക്ഷ്മഭാവങ്ങള്‍ വരെ വെള്ളിത്തിരയിലേക്ക് പകര്‍ത്തുന്നതില്‍ കൊറിയന്‍ സംവിധായകര്‍ക്ക് ഒരു പ്രത്യേകകഴിവുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, ഇതിലും ആ പതിവ് സംവിധായകന്‍ തെറ്റിച്ചില്ല. ഓരോ അഭിനെതാവില്‍നിന്നും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. കഥാപാത്രങ്ങളുടെ വികാരങ്ങള്‍ പ്രേക്ഷകനെക്കൂടി അനുഭവിപ്പിക്കാന്‍സാധിച്ചു എന്നത് വലിയൊരു നേട്ടംതന്നെയാണ്. പ്രത്യേകിച്ച് കാന്‍സര്‍ ബാധിച്ച അമ്മയോടുള്ള മകന്റെ (ഈ പോസ്റ്ററില്‍ ഏറ്റവും താഴെ ഉള്ളവര്‍) സ്നേഹവും മറ്റും ഏറെ നോവിപ്പിക്കുന്നു. ആ പയ്യന്‍ അമ്മേ എന്നുവിളിച്ച് ഓടിച്ചെല്ലുമ്പോള്‍ ഭയങ്കര ഫീല്‍ ആണ്. എല്ലാ നടീനടന്മാരും മികച്ചപ്രകടനങ്ങള്‍ കാഴ്ചവെച്ചെങ്കിലും Im Soo-jung, Shin Min-a, Yeo Jin-goo, Cha Tae-hyun എന്നിവരുടെ പ്രകടനങ്ങള്‍ കൂടുതല്‍ തിളക്കമേറിയവ ആയിരുന്നു.  മികച്ച പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ പ്രത്യേകത ആയിരുന്നു.
സാധാരണമനുഷ്യരുടെ കഥകള്‍ പറയുന്ന, മനസ്സിനെ സ്പര്‍ശിക്കുന്ന നല്ല ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ എന്തായാലും കാണേണ്ട ഒരു ചിത്രംതന്നെയാണ് സാഡ് മൂവി. കാണാന്‍ ശ്രമിക്കുക.

Monday, November 16, 2015

The Girl Who Leapt Through Time Movie Review

ദ ഗേള്‍ ഹൂ ലെപ്റ്റ് ത്രൂ ടൈം (The Girl Who Leapt Through Time, 2006, Japanese)
പ്രശസ്തനോവല്‍ പാപ്രിക്കയും മറ്റും രചിച്ച  Yasutaka Tsutsuiയുടെ ഇതേപേരിലുള്ള നോവലില്‍നിന്ന് സ്വാധീനം ഉള്‍ക്കൊണ്ട് Mamoru Hosoda സംവിധാനം ചെയ്ത ആനിമേഷന്‍ ചിത്രമാണ് ദ ഗേള്‍ ഹൂ ലെപ്റ്റ് ത്രൂ ടൈം. പ്രധാനകഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് Riisa Naka, Takuya Ishida, Mitsutaka Itakura തുടങ്ങിയവരാണ്. ഒരു സയന്‍സ് ഫിക്ഷന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന റൊമാന്റിക്‌ കോമഡി ആണ് ഈ ചിത്രം.
മകോട്ടോ എന്ന പെണ്‍കുട്ടി തന്റെ സുഹൃത്തുക്കളായ ചിയാക്കിയുടെയും കൊസുക്കെയുടെയുമൊപ്പം തന്റെ സ്കൂള്‍ ജീവിതം നല്ലരീതിയില്‍ മുന്നോട്ടുനയിക്കുകയാണ്, അങ്ങനെയിരിക്കെ ഒരുദിവസം മകോട്ടോ യാദൃശ്ചികമായി തനിക്ക് പുതിയൊരു കഴിവ് കൈവന്നിരിക്കുന്ന കാര്യം മനസ്സിലാക്കുന്നു, ടൈം ട്രാവല്‍ ചെയ്യാനുള്ള കഴിവ്. അങ്ങനെ മകോട്ടോ തന്റെ കഴിവ് പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിലുള്ളത്. ടൈം ട്രാവല്‍ ആശയങ്ങളേക്കാള്‍ അധികം വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ ചിത്രമായതിനാല്‍ പ്രക്ഷഹൃദയങ്ങളെ ഏറെ സ്പര്‍ശിക്കുന്ന ഒരുപാട് രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഹൃദ്യമായ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ സുഖമുള്ള രീതിയില്‍ മെല്ലെ മുന്നോട്ടുപോവുന്ന ചിത്രത്തില്‍ ചികഞ്ഞുനോക്കിയാല്‍ ചില ന്യൂനതകള്‍ കണ്ടെത്താന്‍ ആകുമെങ്കിലും ഇഷ്ടം തോന്നിപ്പോവുന്ന കഥാപാത്രങ്ങളും മികച്ച കഥാസന്ദര്‍ഭങ്ങളും മൂലം മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒരു ചിത്രംതന്നെയാണ് ഇത്. ജീവനില്ലാത്ത ചിത്രങ്ങള്‍ക്ക് ശബ്ദവും ചലനങ്ങളും വഴി ജീവന്‍ കൊടുത്ത് അവയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാക്കുന്ന കാര്യത്തില്‍ കാര്യത്തില്‍ ജാപ്പനീസ് ആനിമേറ്റര്‍മാര്‍ ആഗ്രഗണ്യരാണ്. തന്റെ മറ്റുചിത്രങ്ങള്‍ക്ക് ലഭിച്ച അതെ രീതിയില്‍ മികച്ച അഭിപ്രായം ഈ ചിത്രത്തിനും നേടിയെടുക്കാന്‍ സംവിധായകന് സാധിച്ചു. ഏറെ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ ഈ ചിത്രം ജപ്പാനിലെ തീയറ്ററുകളിലും വന്‍വിജയമാണ് നേടിയെടുത്തത്. മനസ്സിന് കുളിര്‍മയേകുന്ന നല്ലൊരു ചലച്ചിത്രാനുഭവമാണ് ഈ ചിത്രം. എല്ലാവരും കാണാന്‍ ശ്രമിക്കുക.

Saturday, November 14, 2015

Ghost Ship Movie Review

ഘോസ്റ്റ് ഷിപ്പ് (Ghost Ship, 2015, Thai)
Phontharis Chotkijsadarsopon (മലയാളത്തില്‍ എഴുതാന്‍ പറയരുത് പ്ലീസ്) സംവിധാനം ചെയ്ത പുതിയ തായ് ചിത്രമാണ് ഘോസ്റ്റ് ഷിപ്പ്. Sean Jindachot, Bhuvadol Vejvongsa, Dharmthai Plangsilp, Pongsatorn Sripinta, Nutcha Jeka തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം ഹാസ്യത്തില്‍ ചാലിച്ച ഒരു പ്രേതകഥയാണ്.
ഒരു കപ്പലില്‍ ജോലിചെയ്യുന്ന മൂന്നുസുഹൃത്തുക്കള്‍ ഒരുദിവസം ഭക്ഷണം കഴിക്കുന്നതിനിടെ ഒരു പെട്ടിയില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തുന്നു. അല്‍പസമയത്തിനുശേഷം ആ മൃതദേഹം അവിടെനിന്ന് അപ്രത്യക്ഷമാകുന്നു. തുടര്‍ന്ന് അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് ആ രാത്രി അവരുടെ ജീവിതങ്ങളില്‍ അരങ്ങേറുന്നത്. രസകരമായ മൂഡില്‍ മുന്നോട്ടുപോവുന്ന ചിത്രം ഹൊറര്‍ എന്നതിലുപരി ഒരു കോമഡി ചിത്രമായി കാണാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെട്ടത്. പ്രധാനവേഷങ്ങളില്‍ എത്തിയ മൂന്നുപേരുടെയും പരസ്പരമുള്ള chemistry നല്ലപോലെ സിനിമയ്ക്ക് ഗുണം ചെയ്തു. ഇടയ്ക്ക് പ്രതീക്ഷിക്കാത്ത ഒന്നുരണ്ട് ട്വിസ്റ്റുകളും നന്നായിരുന്നു.
തായ്, ജാപ്പനീസ്, കാന്റോണീസ് തുടങ്ങിയ ഭാഷകളിലെ ഹൊറര്‍ ചിത്രങ്ങള്‍ കാണാന്‍ ഒരു പ്രത്യേകരസമാണ്. ഇരുണ്ട പശ്ചാത്തലത്തില്‍ പതിഞ്ഞ താളത്തില്‍ മുന്നോട്ടുപോവുന്ന അവരുടെ ഹൊറര്‍ ചിത്രങ്ങള്‍ ഏറെ ഭയവും സംഭ്രമവും പ്രേക്ഷകമനസ്സുകളില്‍ നിറയ്ക്കുവാന്‍ ഉതകുന്നവയാണ്. എന്നാല്‍ പേടി എന്ന വികാരം ഉണര്‍ത്തുന്നതില്‍ ഈ ചിത്രം അത്രയ്ക്ക് വിജയിച്ചില്ല എന്നുവേണം പറയാന്‍. പെട്ടെന്നുള്ള ഞെട്ടിപ്പിക്കുന്ന പ്രേതരംഗങ്ങള്‍ മാത്രമേ ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഞെട്ടലിന്റെ ഒരു മാത്രയ്ക്കപ്പുറം മനസ്സില്‍ അവശേഷിക്കുന്നതരത്തിലുള്ള ഭീതി ഉളവാക്കാന്‍ അവയ്ക്ക് സാധിച്ചില്ല. ചിത്രം സാങ്കേതികപരമായി നല്ല നിലവാരം പുലര്‍ത്തി. അഭിനേതാക്കളും മോശമാക്കിയില്ല. നായിക കാണാന്‍ കൊള്ളാമായിരുന്നു.
ഒരു ഹൊറര്‍ ചിത്രം എന്നതിനുമപ്പുറം ഒരു ഹാസ്യചിത്രമായി കാണാന്‍ ഉതകുന്ന രസകരമായൊരു ചിത്രമാണ് ഘോസ്റ്റ് ഷിപ്പ്. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് കാണാന്‍ ശ്രമിക്കാം.

Return of the Cuckoo Movie Review

റിട്ടേണ്‍ ഓഫ് ദ കുക്കൂ (Return of the Cuckoo, 2015, Cantonese)
ഇതേപേരില്‍ പതിനഞ്ചുവര്‍ഷം മുന്‍പ് പ്രക്ഷേപണം ചെയ്തിരുന്ന ടിവി സീരീസിന്റെ തുടര്‍ച്ച എന്നോണം നിര്‍മ്മിക്കപ്പെട്ട ചലച്ചിത്രമാണ് ഇത്. Patrick Kong സംവിധാനം ചെയ്ത ചിത്രത്തില്‍ Julian Cheung, Charmaine Sheh, Nancy Sit, Joe Chen തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
മകാവുവില്‍ ജീവിക്കുന്ന യുവാവായ മാന്‍ ചോവിന്റെ ആഖ്യാനത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. കാര്‍ ഡ്രൈവര്‍ ആയ മാന്‍ ചോവിന്റെയും അയാളുടെ വളര്‍ത്തമ്മയുടെയും മറ്റും ജീവിതത്തിലേക്ക് വളര്‍ത്തമ്മയുടെ മകളായ ക്വാന്‍ഹോ തിരിച്ചുവരികയും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്റരുകാരുടെ ഫേസ്ബുക്ക് പേജില്‍ ടിവി സീരീസ് കാണാതെ ഇത് കണ്ടാല്‍ ആസ്വദിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ 'ഒരു കുഴപ്പോമില്ല മോനേ, കേറിപ്പോരെ' എന്ന് മറുപടി കിട്ടിയതുകൊണ്ടാണ് പടം കാണാം എന്നുവെച്ചത്. എന്നാല്‍ കണ്ടപ്പോള്‍ പല സംഭവങ്ങളും കണക്റ്റ് ചെയ്യാന്‍ പറ്റാതെ വന്നു. നായികാനായകന്മാരുടെ ബന്ധം തന്നെ അവ്യക്തത നിറഞ്ഞതായിരുന്നു. പിന്നെ വന്ന് വിക്കിയില്‍ നോക്കിയപ്പോഴാണ് ഊഹങ്ങള്‍ എത്രത്തോളം ശരിയാണെന്ന് മനസ്സിലായത്.
പഴയൊരു സീരിയലിലെ മിക്ക കഥാപാത്രങ്ങളെയും അതേ നടീനടന്മാരെക്കൊണ്ടുതന്നെ അവതരിപ്പിപ്പിക്കാന്‍ സാധിച്ചതില്‍ സംവിധായകന്‍ വിജയിച്ചു. പഴയ സീരീസിലെ സംഭവങ്ങളെ ചിത്രത്തില്‍ അവിടിവിടായി പ്രതിപാദിച്ചത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നാണ് അടുത്തിരുന്നവരുടെ പ്രതികരണത്തില്‍നിന്ന് മനസ്സിലായത്. എങ്കിലും ടിവി സീരീസ് കാണാത്ത ഒരാള്‍ക്ക് ഈ സിനിമ കാര്യമായ entertainment ഒന്നും തരാന്‍ ഇടയില്ല.
നടീനടന്മാര്‍ ഒക്കെ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. നല്ല പല രംഗങ്ങളും ചിത്രത്തിലുണ്ട്. എന്നാലും ഒറിജിനല്‍ ടിവി സീരീസ് കാണാത്ത ഒരാളെ പിടിച്ചിരുത്താന്‍ മാത്രം സവിശേഷതകള്‍ ഒന്നും ചിത്രത്തിന് ഇല്ല. കുറേ drama ചിത്രങ്ങള്‍ വരുന്നു, അതിനിടയില്‍ ഇതും. Asian dramas കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് വെറുതെ ഒന്ന് കാണാം വേണമെങ്കില്‍.

Friday, November 13, 2015

Pushing Hands Movie Review

പുഷിംഗ് ഹാന്‍ഡ്‌സ് (Pushing Hands, 1992, Taiwanese)
ബ്രോക്ക്ബാക്ക് മൗണ്ടന്‍, ലൈഫ് ഓഫ് പൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ആങ്ങ് ലീയുടെ ആദ്യചിത്രമാണ് പുഷിംഗ് ഹാന്‍ഡ്‌സ്. 1992ല്‍ തായ്വാനില്‍ പുറത്തിറങ്ങിയ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. ആങ്ങ് ലീയുടെ പിന്നീടുള്ള രണ്ട് ചിത്രങ്ങളും അന്താരാഷ്‌ട്രശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ അദ്ദേഹത്തിന്‍റെ ആദ്യചിത്രം എന്ന നിലയില്‍ പുഷിംഗ് ഹാന്‍ഡ്‌സും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആങ്ങ് ലീയുടെ 'Father Knows Best'സീരീസിലെ ആദ്യചിത്രമാണ് പുഷിംഗ് ഹാന്‍ഡ്‌സ്.
ന്യൂയോര്‍ക്കില്‍ വന്ന് ഒരു അമേരിക്കക്കാരിയെ വിവാഹം ചെയ്ത് ജീവിക്കുന്ന മകനോടും കുടുംബത്തോടും ഒപ്പം താമസിക്കാന്‍ എത്തുന്ന ചൈനക്കാരന്‍ തായ്ചി മാസ്റ്റര്‍ ചുവിന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ മരുമകളുമായി ഇടപഴകുന്നതിന് ഭാഷ ഒരു പ്രശ്നം ആയതിനാല്‍ അവര്‍ തമ്മില്‍ പല അസ്വാരസ്യങ്ങളും ഉണ്ടാകുന്നു. പിന്നീട് വിധവയായ മിസ്സിസ് ചെന്നിനെ ചു പരിചയപ്പെടുകയും അവര്‍ തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കുകയും മറ്റും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തില്‍ സംവിധായകന്‍ പ്രേക്ഷകനായി ഒരുക്കിയിരിക്കുന്നത്.
വളര്‍ന്നുവരുന്ന ഒരു സംവിധായകനെ നമുക്ക് ഈ ചിത്രത്തിലൂടെ കാണാന്‍ സാധിക്കും. ഇതും രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹംതന്നെ സംവിധാനം ചെയ്ത ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍ എന്ന ചിത്രവും കണ്ടാല്‍ മനസ്സിലാവും അദ്ദേഹം സംവിധായകനെന്ന നിലയില്‍ എത്ര മുന്നോട്ടുപോയി എന്ന്. എങ്കിലും അത്യാവശ്യം നന്നായിത്തന്നെ തന്റെ ആദ്യചിത്രം ഒരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഞാന്‍ ഇത് കാണുന്നതിനുമുന്‍പുതന്നെ ഈറ്റ് ഡ്രിങ്ക് മാന്‍ വുമണ്‍ കണ്ടതുകൊണ്ട് അതിന്റെ അത്ര എന്നെ രസിപ്പിക്കാനോ സ്പര്‍ശിക്കാനോ ഈ ചിത്രത്തിന് സാധിച്ചില്ല എന്നുവേണം പറയാന്‍. എങ്കിലും മനുഷ്യബന്ധങ്ങള്‍ നല്ലരീതിയില്‍ realistic ആയി വരച്ചുകാട്ടിക്കൊണ്ട് അദ്ദേഹം തന്റെ ഉള്ളിലെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രേക്ഷകന് കാട്ടിത്തരുന്നു ചിത്രത്തിലൂടെ.
ആങ്ങ് ലീയുടെ തുടര്‍ന്നുള്ള രണ്ട് ചിത്രങ്ങളിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ Sihung Lung തന്നെയാണ് ഈ ചിത്രത്തിലും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. അദ്ദേഹം ഉള്‍പ്പെടെ എല്ലാവരും മികച്ചരീതിയില്‍ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സാങ്കേതികമേഖലകള്‍ എല്ലാം നിലവാരം പുലര്‍ത്തി.
നല്ല കുറച്ച് നിമിഷങ്ങള്‍ ഉണ്ടെന്നൊഴിച്ചാല്‍ പൂര്‍ണ്ണമായും എന്നെ ആകര്‍ഷിക്കാന്‍ ഈ ചിത്രത്തിന് സാധിച്ചില്ല എന്നുതന്നെവേണം പറയാന്‍. ഒരു ലോകപ്രശസ്തസംവിധായകന്റെ തുടക്കം എന്ന നിലയ്ക്ക് ഒന്ന് കണ്ടുനോക്കാം വേണമെങ്കില്‍.

Thursday, November 12, 2015

Prem Ratan Dhan Payo Movie Review

പ്രേം രത്തന്‍ ധന്‍ പായോ (Prem Ratan Dhan Payo, 2015, Hindi)
എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു സംവിധായകനാണ് സൂരജ് ബര്‍ജാത്യ. ഹിന്ദി സിനിമകള്‍ കാണാന്‍ തുടങ്ങിയ കാലത്ത് കണ്ട ചിത്രങ്ങളിലൊന്നാണ് വിവാഹ്. ഏറെ ആസ്വദിച്ച് ആ ചിത്രം കണ്ടപ്പോഴും അതിന്റെ സംവിധായകനെപ്പറ്റി അധികം അന്വേഷിച്ചിരുന്നില്ല. പിന്നീട് അദ്ദേഹത്തെപ്പറ്റി കൂടുതല്‍ അറിയുകയും അദ്ദേഹത്തിന്‍റെ മുന്‍കാലചിത്രങ്ങളായ മേനേ പ്യാര്‍ കിയാ, ഹം ആപ്കേ ഹേ കോന്‍, ഹം സാഥ് സാഥ് ഹേ എന്നീ ചിത്രങ്ങളും കണ്ടു. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ ആയിരുന്നു എല്ലാം. കരണ്‍ ജോഹര്‍, യാഷ് ചോപ്ര, ആദിത്യ ചോപ്ര തുടങ്ങിയവരുടെ ഇത്തരം ചിത്രങ്ങള്‍ കണ്ടിരിക്കാന്‍ തോന്നാത്ത എന്നെ പക്ഷേ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പിടിച്ചിരുത്തി. സൂരജ് ബര്‍ജാത്യയുടെ രചനയില്‍ ഇറങ്ങിയ എക് വിവാഹ് ഐസാ ഭി എന്ന ചിത്രവും എനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ ആ ചിത്രത്തിന്‍റെ തീയറ്റര്‍ പരാജയത്തിനുശേഷം അദ്ദേഹത്തിന്‍റെ പുതിയ സിനിമകളെപ്പറ്റി ഒന്നും കേട്ടിരുന്നില്ല. അതും കഴിഞ്ഞാണ് സല്‍മാന്‍ ഖാന്‍ ദബങ്ങ് എന്നൊരു ചിത്രത്തിലൂടെ തന്റെ താരമൂല്യം പതിന്‍മടങ്ങാക്കിയതും മറ്റും. അതിനുശേഷം കൂടുതല്‍ ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങളാണ് സല്‍മാന്‍ തെരഞ്ഞെടുത്തതെങ്കിലും സൂരജ് ബര്‍ജാത്യ-സല്‍മാന്‍ ഖാന്‍ ടീമിന്റെ ഒരു പക്കാ കുടുംബചിത്രം കാണണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നു 2010 മുതല്‍. അതുകൊണ്ടുതന്നെ പ്രേം രത്തന്‍ ധന്‍ പായോ അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ ആ ചിത്രത്തിനുള്ള കാത്തിരിപ്പില്‍ ആയിരുന്നു ഞാന്‍. എനിക്ക് ഏറെ പ്രിയങ്കരനായ സംഗീതസംവിധായകന്‍ ഹിമേഷ് റേഷമ്മിയ ആണ് ഈ ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത് എന്നുകൂടെ അറിഞ്ഞപ്പോള്‍ കാത്തിരിപ്പിന്റെ ശക്തി കൂടി. ചിത്രത്തിന്‍റെ റിലീസിന് മുന്‍പുതന്നെ പുറത്തുവന്ന ഗാനങ്ങള്‍ മിക്കതും ഏറെ മികച്ചുനിന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. അങ്ങനെ ആദ്യദിവസംതന്നെ ഈ ചിത്രം കാണാന്‍ പോയ എന്നെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന്‍ ഈ ചിത്രത്തിന് സാധിച്ചു. എന്താണോ ഞാന്‍ പ്രതീക്ഷിച്ചത്, അതുതന്നെ അതിന്റെ എല്ലാ മനോഹാരിതയോടുംകൂടെ സ്ക്രീനില്‍ കാണാന്‍ സാധിച്ചത് എന്റെ കാത്തിരിപ്പിന്റെ മധുരം ഇരട്ടിപ്പിച്ചു എന്നുതന്നെവേണം പറയാന്‍. അത്രയ്ക്കും ആസ്വദനീയമായ രീതിയില്‍ത്തന്നെ ചിത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു.
പ്രിസണര്‍ ഓഫ് സെന്‍ഡ എന്ന ആന്റണി ഹോപ്പിന്റെ ചെറുകഥയില്‍നിന്ന് സ്വാധീനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ട്രെയ്ലര്‍, ഗാനങ്ങള്‍ എന്നിവയില്‍നിന്ന് ഏകദേശം വ്യക്തമായിരുന്നു. ഒരു നാട്ടുരാജ്യത്തെ രാജകുമാരന്റെ കിരീടാരോഹണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കുമ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും, രാജകുമാരന്റെ വിശ്വസ്തര്‍ ചടങ്ങുകള്‍ മുടങ്ങാതിരിക്കാന്‍ അദ്ദേഹത്തിന്‍റെ സമാനരൂപമുള്ള ഒരാളെ രാജകുമാരനാക്കി അവതരിപ്പിക്കുകയും, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും മറ്റും പല കഥകളിലും ചിത്രങ്ങളിലുമായി നമ്മള്‍ പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ ആ കഥയെ ഇന്നത്തെ കഥാപശ്ചാത്തലത്തിലേക്ക് പറിച്ചുനട്ട് രസകരവും ഹൃദയസ്പര്‍ശിയുമായ ധാരാളം ഘടകങ്ങള്‍ ചേര്‍ത്ത് മികച്ചൊരു ചിത്രമായി സംവിധായകന്‍ വാര്‍ത്തെടുത്തു. ഒരിക്കല്‍പ്പോലും നെറ്റിചുളിക്കാതെ കുടുംബാങ്ങള്‍ക്കൊപ്പം ഇരുന്ന് കാണാന്‍ സാധിക്കുന്ന ഒരു ടിപ്പിക്കല്‍ ഹിന്ദി സിനിമയാക്കി അദ്ദേഹം ചിത്രത്തെ ഒരുക്കി. അതിനോടുകൂടെ മികച്ച ഗാനങ്ങളും പശ്ചാത്തലസംഗീതവും ചേര്‍ന്നപ്പോള്‍ നല്ലൊരു അനുഭവമായിമാറി ചിത്രം. കലാസംവിധാനവും രംഗസജ്ജീകരണവും മറ്റും മികച്ചുനിന്നപ്പോള്‍ ശരാശരിനിലവാരം മാത്രം പുലര്‍ത്തിയ ഗ്രാഫിക്സ് ചിലയിടങ്ങളിലെങ്കിലും കല്ലുകടിയായിത്തോന്നി. ഒന്നുരണ്ട് ഗാനരംഗങ്ങളും പ്രത്യേകിച്ച് പ്രാധാന്യം ഇല്ലാത്തവ ആയിരുന്നു.
സല്‍മാന്‍ ഖാന്‍ തന്റെ രണ്ടുവേഷങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ചു. മുന്‍പ് പലപ്പോഴും ചെയ്ത നിഷ്കളങ്കവേഷങ്ങളില്‍നിന്നും കൂടുതലായി ഒന്നും അദ്ദേഹത്തിന് ചെയ്യാനില്ലായിരുന്നു എങ്കിലും രണ്ടുവേഷങ്ങളും അദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രമായിരുന്നു. സോനം കപൂര്‍ മോശമാക്കാതെ തന്റെ വേഷം ചെയ്തെങ്കിലും കുറച്ചുകൂടെ ഭംഗിയുള്ള ആരെങ്കിലും ആയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി. റാന്‍ഝണാ, തനു വെഡ്സ് മനു സീരീസ്, ഔറംഗസേബ് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ചൊരു സ്വഭാവനടിയാണെന്ന് തെളിയിച്ച സ്വരാ ഭാസ്കര്‍ ഈ ചിത്രത്തിലും ഏറെ മികച്ചുനിന്നു. ഇനിയും ഒട്ടേറെ അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കട്ടെ. അനുപം ഖേറും ഏറെ നന്നായി. സല്‍മാന്‍ ഖാനും ഇദ്ദേഹവും തമ്മിലുള്ള രംഗങ്ങള്‍ രസകരമായിരുന്നു. നീല്‍ നിതിന്‍ മുകേഷ്, അര്‍മാന്‍ കോഹ്ലി എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ദീപക് ദോബ്രിയാല്‍ എന്ന നടന്‍ സല്‍മാന്റെ വലംകൈ ആയി ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ കഴിവ് മുഴുവനായും പുറത്തെടുക്കാന്‍മാത്രമുള്ള വേഷമായിരുന്നില്ല ചിത്രത്തിലേത്. മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ നന്നായി അവതരിപ്പിച്ചു.
പഴയകാല ഹിന്ദി സിനിമകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഈ ചിത്രം. ഇന്ത്യന്‍ സിനിമ എത്ര മാറിയാലും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ കാണാനാണ് കുടുംബങ്ങളും മുതിര്‍ന്നവരും ആഗ്രഹിക്കുന്നത് എന്നാണ് ഇന്ന് ഞാന്‍ കണ്ട തീയറ്ററിലെ പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഹം ആപ്കേ ഹേ കോന്‍, ഹം സാഥ് സാഥ് ഹേ ഒക്കെ പോലത്തെ ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന, മെലോഡ്രാമ സഹിക്കാന്‍ ക്ഷമയുള്ളവര്‍ക്ക് കണ്ടുനോക്കാം, അവരെ ചിത്രം നിരാശപ്പെടുത്താന്‍ വഴിയില്ല.

Monday, November 9, 2015

You are the apple of my eye Movie Review

യു ആര്‍ ദി ആപ്പിള്‍ ഓഫ് മൈ ഐ (You are the apple of my eye, 2011, Taiwanese)
തായ്വാനീസ് സാഹിത്യകാരന്‍ Giddens Ko തന്റെ ജീവിതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രചിച്ച അതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് യു ആര്‍ ദി ആപ്പിള്‍ ഓഫ് മൈ ഐ. Giddens Ko തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ Ko Chen-tung, Michelle Chen, Owodog തുടങ്ങിയവര്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിച്ചു.
ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന യുവാവായ കോച്ചിങ്ങിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അയാളുടെ സ്കൂള്‍ ജീവിതത്തിലേക്ക് പോവുന്ന ചിത്രം 1990കളിലെ കോച്ചിങ്ങിന്റെയും സുഹൃത്തുക്കളുടെയും കഥപറയുന്നു. ഹൈസ്കൂളില്‍ ഏറെ വികൃതിയായ കോച്ചിങ്ങിനെ നന്നാക്കാനായി ടീച്ചര്‍ ക്ലാസിലെ മിടുക്കിയായ വിദ്യാര്‍ഥിനി ഷെഞ്ചായിയുടെ കൂടെ ഇരുത്തുന്നു. കോച്ചിങ്ങിന്റെ കൂട്ടുകാരുടെ ഒക്കെ സ്വപ്നങ്ങളിലെ റാണിയായ ഷെഞ്ചായി പക്ഷേ കോച്ചിങ്ങിന്റെ കണ്ണില്‍ പക്ഷേ അവര്‍ സാധാരണ ഒരു പെണ്‍കുട്ടി എന്നതിലും അപ്പുറം ഒന്നും ആയിരുന്നില്ല. സ്കൂളിലെ പല സംഭവങ്ങളിലൂടെയും അവര്‍ തമ്മിലുള്ള സൗഹൃദം വളരുകയും മറ്റും ചെയ്യുന്നു. പിന്നീട് അവര്‍ കോളേജില്‍ ചേരുകയും വെവ്വേറെ ഇടങ്ങളില്‍ ആവുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.
തന്റെ ആദ്യചിത്രംതന്നെ മികച്ച ഒന്നാക്കാന്‍ കഴിഞ്ഞതില്‍ സംവിധായകന് അഭിമാനിക്കാം. വളരെ രസകരമായ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോവുന്ന ചിത്രത്തെ നല്ലരീതിയില്‍ അവസാനിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു. സാധാരണ ക്ലീഷേ അവസാനിപ്പിക്കലുകളില്‍നിന്ന് വിട്ടുമാറി കൂടുതല്‍ realistic ആയ ഒരു അവസാനം ആയിരുന്നു ചിത്രത്തിന് ഉണ്ടായിരുന്നത്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു. അഭിനേതാക്കളും അവരുടെ വേഷങ്ങള്‍ വൃത്തിയായി ചെയ്തു. നായികയെ കാണാന്‍ നല്ല രസമുണ്ടായിരുന്നു. വളരെ വിചിത്രമായ പല പാത്രസൃഷ്ടികളും ചിത്രത്തില്‍ കാണാന്‍ സാധിച്ചു. വീട്ടില്‍ നഗ്നരായി നടക്കുന്ന നായകനും നായകന്‍റെ അച്ഛനും ഒക്കെ വ്യത്യസ്തമായ ആശയങ്ങളായിരുന്നു.

മനസ്സുനിറഞ്ഞുകൊണ്ട് കാണാവുന്ന നല്ലൊരു റൊമാന്റിക്‌ കോമഡി ആണ് ഈ ചിത്രം. നല്ല സുഹൃത്ത്ബന്ധങ്ങളുടെ കഥയും ചിത്രം പറയുന്നുണ്ട്. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു അനുഭവമാവും തായ്‌വാനിലെയും ഹോങ്കോങ്ങിലെയും സിംഗപ്പോരിലെയും മറ്റും ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ഈ ചിത്രം. കാണാന്‍ ശ്രമിക്കാം.

Saturday, November 7, 2015

Rasputin Movie Review

റാസ്‌പ്പുടിന്‍ (Rasputin, 2015, Malayalam)
ജിനു ജി ഡാനിയല്‍ സംവിധാനം ചെയ്ത് വിനയ് ഫോര്‍ട്ട്‌, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്‌ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രമാണ് റാസ്‌പ്പുടിന്‍. 2013ല്‍ എപ്പോഴോ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഇക്കൊല്ലം ഓഗസ്റ്റില്‍ ആണ് റിലീസ് ചെയ്തത്. അന്തര്‍മുഖനായ സുശീലന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ബാല്യകാലസുഹൃത്തുക്കളായ സുശീലനും രാധയും ഗോപാലനും ഇപ്പോള്‍ ഒരുമിച്ച് ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിചെയ്യുകയാണ്. Playboy ആയ രാധയുടെയും അന്തര്‍മുഖരായ മറ്റുരണ്ടുപേരുടെയും ജീവിതങ്ങളില്‍ നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെ അവര്‍ ജീവിതം പഠിക്കുന്നതും മറ്റുമാണ് ഹാസ്യത്തില്‍ ചാലിച്ച് സംവിധായകന്‍ പറയുന്നത്. പ്രധാനമായും സുശീലന്‍ എന്ന കഥാപാത്രത്തിലൂടെ മുന്നോട്ടുപോവുന്ന ചിത്രം പക്ഷേ രാധയുടെയും ഗോപാലന്റെയും കഥകള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.
അധികം വേഗതയൊന്നും ഇല്ലാതെ ജീവിതത്തിന്റെ താളത്തില്‍ മുന്നോട്ടുപോകുന്ന ചിത്രം ശരിക്കും ജീവിതഗന്ധി എന്നൊക്കെ വിളിക്കാവുന്ന ഒന്നാണ്, ഞാനടക്കം ഈ പ്രായത്തിലുള്ള പലരും അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങളെ അവയുടെ പ്രാധാന്യം നഷ്ടപ്പെടുത്താതെ സംവിധായകന്‍ വരച്ചുകാട്ടിയിട്ടുണ്ട്. ഏറെ രസകരമായ രംഗങ്ങളും ചിത്രത്തില്‍ ഉണ്ട്. ഹാസ്യരംഗങ്ങള്‍ ഒക്കെ കഥാസന്ദര്‍ഭങ്ങളോട് ഏറെ ചേര്‍ന്നുനില്ക്കുന്നവ ആയിരുന്നു. സമൂഹത്തില്‍ നമ്മള്‍ കാണുന്ന ചില മനുഷ്യരെയും മറ്റുംതന്നെയാണ് ചിത്രത്തിലും നമുക്ക് കാണാന്‍ സാധിക്കുക. മനസ്സുനിറയ്ക്കുന്നരീതിയിലുള്ള നല്ലൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്. നല്ല രസകരമായി തുടങ്ങി ഇടയ്ക്കൊക്കെ ഒന്ന് വലിയുന്നുണ്ടെങ്കിലും നല്ലരീതിയില്‍ അവസാനിപ്പിച്ചത് ചിത്രത്തിന് ഗുണകരമായി. ചിത്രത്തിലെ നാടകീയത ഇല്ലാത്ത സംഭാഷണങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തി.
സുശീലനെ അവതരിപ്പിച്ചത് വിനയ് ഫോര്‍ട്ട്‌ ആണ്. അന്തര്‍മുഖനായ ആ കഥാപാത്രത്തെ അദ്ദേഹം മികച്ചതാക്കി. എങ്കിലും ശരിക്കും തകര്‍ത്തുവാരിയത് ശ്രീനാഥ് ഭാസിയാണ്. ശരിക്കും മൂപ്പരുടെ കരിയര്‍ ബെസ്റ്റ് എന്നൊക്കെ പറയാവുന്ന വേഷം. അന്യായപെര്‍ഫക്ഷനോടെ ആണ് അദ്ദേഹം രാധ എന്നകഥാപാത്രത്തെ അവതരിപ്പിച്ചത്. അസാധ്യ ഡയലോഗ് ഡെലിവറിയും സ്വതസിദ്ധമായ mannerismsഉം കൊണ്ട് തകര്‍ത്തുവാരുകയായിരുന്നു അങ്ങേര്. ഒരുപാട് ചിരിപ്പിച്ച ഒട്ടേറെ രംഗങ്ങളില്‍ അദ്ദേഹം പൊളിച്ചടുക്കി. ഗോപാലന്‍ അഥവാ ഗോപ്സിനെ അവതരിപ്പിച്ച അജു വര്‍ഗീസും നന്നായി. തീവ്രകമ്യൂണിസ്റ്റ് ആയ സുശീലന്റെ അച്ഛന്‍കഥാപാത്രത്തെ ജോയ് മാത്യു ഗംഭീരമാക്കി. അദ്ദേഹത്തിന്റെ കുറേ ഡയലോഗുകളും ചിരിക്കാന്‍ വഴിയൊരുക്കി. നായികമാരില്‍ വന്ദനയ്ക്കും ശൃന്ദയ്ക്കും ആണ് കൂടുതല്‍ പ്രാധാന്യം ഉണ്ടായിരുന്നത്, അവര്‍ അവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. മറ്റുനടീനടന്മാരും നന്നായി. നന്ദു മാത്രം ഇത്തിരി ബോര്‍ ആയോ എന്ന് തോന്നി ചിലപ്പോഴൊക്കെ.
ഒരുപാട് ചിരിക്കാനും, ഇത്തിരി ചിന്തിക്കാനും ഉള്ള ഒരു ചിത്രമാണ് റാസ്‌പ്പുടിന്‍. ഇന്നത്തെ തലമുറയ്ക്ക് ഏറെ relate ചെയ്യാന്‍ സാധിക്കുന്ന ഒന്ന്. ഡിവിഡി ഇറങ്ങുമ്പോള്‍ ഫോട്ടോസഹിതമുള്ള ഡയലോഗ് പോസ്റ്റുകള്‍ ഒരുപാട് വരാന്‍ സാധ്യതയുള്ള ഒരു സിനിമ. കണ്ടുനോക്കാം. ചിത്രം കാണാന്‍ അവസരമൊരുക്കിയ Team Reelmonkന് നന്ദി.

Friday, November 6, 2015

Ottaal Movie Review

ഇന്നാദ്യമായി അന്യനാട്ടില്‍ നിന്നുകൊണ്ട് ഒരു മലയാളസിനിമ റിലീസ് ദിവസംതന്നെ കണ്ടു. ക്ഷമയില്ലാത്ത ആളുകളുടെ മുറുമുറുപ്പും, സ്ക്രീനിനടുത്തുള്ള 'എക്സിറ്റ്' ബോര്‍ഡുകളുടെ വെളിച്ചവും, മുന്നിലത്തെ വരിയില്‍ ഇരിക്കുന്ന ആളുടെ തല സ്ക്രീനിന്റെ ഒരു ഭാഗം മറയ്ക്കുന്നതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതയും ഒന്നുമില്ലാതെ സമ്പൂര്‍ണ്ണശാന്തതയില്‍, പൂര്‍ണ്ണമായി ആസ്വദിച്ചുകൊണ്ട്. ആദ്യമേ ഇതിന് വഴിയൊരുക്കിയ reelmonk.comന് നന്ദിപറയട്ടെ. മലയാളസിനിമാരംഗത്ത് വിപ്ലവകരമായ വലിയൊരു ചുവടാണ് അവര്‍ വെച്ചിരിക്കുന്നത്, ഇനിയും ഏറെ സ്വതന്ത്രസംവിധായകര്‍ക്ക് തങ്ങളുടെ ചിത്രങ്ങള്‍ വിട്ടുവീഴ്ചകള്‍ കൂടാതെ ചെയ്യാനും അവ പ്രേക്ഷകരിലേക്ക് എത്തിക്കാനും പ്രചോദനമാകുന്ന ഒരു ധീരമായ ചുവട്. ഒറ്റാല്‍ എന്ന ഈ ചിത്രം തീയറ്റര്‍ റിലീസിന്റെ അന്നുതന്നെ ലോകത്തെങ്ങും ഉള്ള സിനിമാപ്രേമികള്‍ക്ക് കാണാനുള്ള അവസരം ഒരുക്കിത്തന്ന Team Reelmonkന് എത്രനന്ദിപറഞ്ഞാലാണ് മതിയാവുക!
ഇപ്രാവശ്യം ദേശീയപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തില്‍നിന്ന് ജയരാജിന്റെ ഒറ്റാലും പുരസ്കാരജേതാക്കളുടെ പട്ടികയില്‍ ഉണ്ടായിരുന്നെന്ന കാര്യം സന്തോഷമുളവാക്കുന്നതായിരുന്നു. എന്നാല്‍ പൊതുജനത്തിന് കിട്ടാക്കനി ആയ മറ്റൊരു അവാര്‍ഡ്‌ ചിത്രം ആയിപ്പോവുമോ ഇതും എന്ന ഭയം മനസ്സില്‍ ഉണ്ടായിരുന്നു. 2011ലെ മികച്ചചിത്രത്തിനുള്ള ദേശീയ, സംസ്ഥാനപുരസ്കാരങ്ങള്‍ ലഭിച്ച ശ്രീ. സുവീരന്റെ ബ്യാരി, ശ്രീ. എം.ജി.ശശിയുടെ അടയാളങ്ങള്‍, ശ്രീ. എം.ജി.ശശിയുടെതന്നെ മറ്റൊരു മികച്ചചിത്രമായ ജാനകി തുടങ്ങി മറ്റനേകം ചിത്രങ്ങളെപ്പോലെ ഇതും പൊതുജനത്തിലേക്ക് എത്താതെ പോവും എന്നുതന്നെയായിരുന്നു നിരാശയോടെ കരുതിയതും. അക്കാദമി അവാര്‍ഡുകള്‍ നേടിയ എല്ലാ ചിത്രങ്ങളുടെയും ബ്ലൂറെയോ ഡിവിഡിയോ ലഭ്യമാണ് എന്ന അവസ്ഥയിളും മലയാളത്തില്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിയ ചിന്താ രവിയുടെ  'ഒരേതൂവല്‍പ്പക്ഷികളും' രാജീവ് വിജയരാഘവന്റെ 'മാര്‍ഗവും' എം.പി സുകുമാരന്‍ നായരുടെ 'കഴകവും' മറ്റും ഈ തലമുറയിലെ എത്ര സിനിമാപ്രേമികള്‍ക്ക് അറിയാം? ഇങ്ങനെ കലാപരമായി മികച്ചുനില്‍ക്കുന്ന ചിത്രങ്ങളെ പൊതുജനത്തിലേക്ക് എത്തിക്കുക എന്ന ദൈവീകപ്രവൃത്തി മെല്ലെമെല്ലെയാണെങ്കിലും അവര്‍ ഏറ്റെടുത്ത് നടത്തിയത് വലിയകാര്യമാണ്. രാജീവ്‌ രവിയുടെ സ്റ്റീവ് ലോപ്പസ്സിലൂടെ തുടങ്ങിവെച്ച ഈ വിപ്ലവം ഇനിയും മികച്ച ചിത്രങ്ങള്‍ സൈറ്റില്‍ റിലീസ് ചെയ്യുന്നതിലൂടെ തുടരും എന്ന് പ്രതീക്ഷിക്കുന്നു.
ഒറ്റാലിലേക്ക് വരാം. പലഗാനങ്ങളിലും കേട്ടിട്ടുള്ള ഒരു വാക്ക് ആണെങ്കിലും ഇതിന്റെ അര്‍ഥം അറിയില്ലായിരുന്നു, മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം ആണത്രേ അത്, ഒരു കെണി. പെട്ടാല്‍ ഒരുപക്ഷേ ഒരിക്കലും പുറത്തുകടക്കാന്‍ സാധിക്കാത്തതരത്തിലുള്ള ഒന്ന്. ഒരു പാവം മീന്‍കുഞ്ഞിനെപ്പോലെ അത്തരമൊരു കെണിയില്‍ പെട്ടുപോവുന്ന, അതില്‍നിന്ന് രക്ഷപ്പെടുത്താന്‍ കേണപേക്ഷിക്കുന്ന ഒരു ജീവന്റെ കഥയാണ് ഒറ്റാല്‍. നിഷ്കളങ്കനായ കുട്ടപ്പായിയുടെയും അവന്റെ വല്യപ്പച്ചായിയുടെയും കഥ. അവരുടെ താറാവുകളുടെ കഥ. ഒരു മീനിനെപ്പോലും കിട്ടുന്നില്ലെങ്കിലും പ്രതീക്ഷകൈവിടാതെ ചൂണ്ടയിട്ടുകൊണ്ടേ ഇരിക്കുന്ന അവുതപ്പച്ചന്റെ കഥ. കുട്ടനാടിന്റെ കഥ. അതൊക്കെയാണ്‌ ഒറ്റാല്‍. എക്കാലത്തും പ്രസക്തിയുള്ള ഒരു വിഷയത്തെ അതിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞുപോകാതെ അവതരിപ്പിച്ചുകൊണ്ട് ജയരാജ്‌ എന്ന സംവിധായകന്‍ നമ്മെ വീണ്ടും വിസ്മയിപ്പിക്കുന്നു. ചില അഭിനേതാക്കളുടെ അഭിനയത്തിലെ പോരായ്മകളും, ചിലപ്പോഴെങ്കിലും സംഭാഷണങ്ങളില്‍ കയറിവരുന്ന നാടകീയതയും മറ്റും പ്രമേയത്തിന്റെ ശക്തികൊണ്ടും നന്മവറ്റിയിട്ടില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍കൊണ്ടും പ്രേക്ഷകരെ മറക്കാന്‍ സഹായിച്ചെങ്കില്‍ അത് സംവിധായകന്റെ മികവുതന്നെയാണ്. ആന്‍റണ്‍ ചെഖോവിന്റെ വങ്ക എന്ന ചെറുകഥയെ ആസ്പദമാക്കിയാണത്രേ ചിത്രം രചിച്ചിരിക്കുന്നത്. നൂറ്റമ്പതോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതപ്പെട്ട ആ കഥ മറ്റൊരു നാട്ടിലേക്ക്, ഇന്നത്തെ കാലഘട്ടത്തിലേക്ക് പറിച്ചുനടുന്നതില്‍ ജോഷി മംഗലത്ത് വിജയിച്ചു എന്നുതന്നെവേണം പറയാന്‍. ഒരു വിങ്ങലോടെയേ ഈ ചിത്രം കണ്ടുതീര്‍ക്കാന്‍ സാധിക്കൂ.

ശ്രീവത്സന്‍.ജെ,മേനോന്റെ പശ്ചാത്തലസംഗീതവും ചിത്രത്തെ ഇത്രയേറെ ഹൃദയഹാരി ആക്കിയതില്‍ പങ്കുവഹിച്ചു. ഐസക് തോമസ്‌ കൊട്ടുകാപ്പള്ളിയുടെ പശ്ചാത്തലസംഗീതത്തോട്‌ കിടപിടിക്കുന്നതരത്തിലുള്ള ഈണങ്ങള്‍ ആണ് അദ്ദേഹം ചിത്രത്തിനായി ഒരുക്കിയത്. കാവാലം നാരായണപ്പണിക്കരുടെ മികച്ചൊരു ഗാനവും ചിത്രത്തിലുണ്ട്. എം.ജെ.രാധാകൃഷ്ണന്‍റെ ദൃശ്യങ്ങള്‍ മികച്ചുനിന്നെങ്കിലും, ഡിജിറ്റലിനുപകരം ഫിലിം ആയിരുന്നെങ്കില്‍ ഒന്നുകൂടെ മിഴിവുറ്റതാകുമേനെ എന്ന് തോന്നിപ്പിച്ചു.

കുട്ടപ്പായിയെ അവതരിപ്പിച്ച കൊച്ചുമിടുക്കന്‍ അശാന്ത് ഷാ, കുട്ടപ്പായിയുടെ വല്യപ്പച്ചായിയെ അവതരിപ്പിച്ച കുമരകം വാസുദേവന്‍‌ എന്ന പുതുമുഖനടന്‍, ഇവര്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനം ആയിരുന്നു. പരിചിതമല്ലാത്ത മുഖങ്ങള്‍ ആയതിനാല്‍ കൂടുതല്‍ സ്വാഭാവികത ഇവരുടെ പ്രകടനങ്ങളില്‍ അനുഭവപ്പെട്ടു. ജയരാജിന്റെ ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ വാവച്ചന്‍ ഇതിലും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശബ്ദം വളരെ രസകരമായിത്തോന്നി. സബിതാ ജയരാജ്‌ തന്റെ വേഷം കുഴപ്പമില്ലാതെ ചെയ്തു എന്നേ പറയാനാവൂ. ഷൈന്‍ ടോം ചാക്കോയും ചെറുതെങ്കിലും പ്രാധാന്യമുള്ളൊരു വേഷത്തില്‍ നന്നായി. ടിങ്കു എന്ന കുട്ടിയുടെ വേഷത്തില്‍ വന്ന ഹാഫിസ് മുഹമ്മദും തന്റെ വേഷം ഭംഗിയാക്കി.

എല്ലാവരും കണ്ടിരിക്കേണ്ട മികച്ചൊരു ചലച്ചിത്രാനുഭവമാണ് ഒറ്റാല്‍. സാധിക്കുന്നവര്‍ കാണാന്‍ ശ്രമിക്കുക. നാളെ ഒരുപക്ഷേ ഈ ചിത്രം ടോറന്റില്‍ വരുമായിരിക്കും, പക്ഷേ ഇന്ന് നമ്മള്‍ ഇത് പണംനല്‍കി കണ്ടാല്‍ ഇനി വരാന്‍പോവുന്ന ഒരുപാട് ചിത്രങ്ങള്‍ക്ക് ഓണ്‍ലൈന്‍ റിലീസ് ഒരുക്കാന്‍ ഇതൊരു പ്രചോദനമായേക്കും. ഒരു മാറ്റം അനിവാര്യമാണല്ലോ.
ലിങ്ക് വേണ്ടവര്‍ക്ക്: Ottaal Movie Watch Online

Purgatorio / Purgatory Movie Review

പുര്‍ഗറ്റോറിയോ (Purgatario, 2014, Spanish)
കത്തോലിക്കാവിശ്വാസപ്രകാരം മരണത്തിനുശേഷം സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ യോഗ്യരായവര്‍ സ്വര്‍ഗത്തിലേക്ക് പ്രവേശിക്കുന്നതിനുമുന്‍പുള്ള ഒരു താല്‍ക്കാലികമായ അവസ്ഥയാണത്രേ purgatory. ഒരു ശുദ്ധീകരണപ്രക്രിയയിലൂടെ ആത്മാവ് കടന്നുപോവുന്ന അവസ്ഥ. എന്തായാലും സിന്ദഗി നാ മിലേഗി ദൊബാരായിലും മറ്റുചില സ്പാനിഷ്‌ ചിത്രങ്ങളിലും അസിസ്റ്റന്റ്‌ ആയി പ്രവര്‍ത്തിച്ച Pau Texidor ഒരുക്കിയ അതേപേരിലുള്ള സ്പാനിഷ്‌ ചിത്രം ഒരു ഹൊറര്‍ ത്രില്ലറാണ്. ഗെയിം ഓഫ് ത്രോണ്‍സിലൂടെയും ഷെര്‍ലക്കിലൂടെയും മറ്റും അന്താരാഷ്‌ട്രശ്രദ്ധ പിടിച്ചുപറ്റിയ Oona Chaplin ആണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ കുറഞ്ഞ ബജറ്റില്‍ ഒരു അപ്പാര്‍ട്ടുമെന്റില്‍ വെച്ച് ഒരുക്കിയ ഈ ചിത്രത്തില്‍ അവരെക്കൂടാതെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത് Sergi Méndez, Andrés Gertrúdix തുടങ്ങിയവരാണ്.
പുതിയൊരു ഫ്ലാറ്റിലേക്ക് താമസം മാറിയ ദമ്പതികളായ മാര്‍ത്തയും ലൂയിസും ആ ഫ്ലാറ്റ് വാസയോഗ്യമാക്കാന്‍ ഒരുക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. തലേദിവസമോ മറ്റോ മാത്രമാണ് അവര്‍ ആ ഫ്ലാറ്റിലേക്ക് മാറിയത് എന്നതിനാല്‍ റൂമുകളുടെ സജ്ജീകരണവും മറ്റും പൂര്‍ത്തിയായിട്ടില്ല. അതിനിടെ ഓഫീസില്‍ മറ്റൊരാള്‍ക്ക് അപ്രതീക്ഷിതമായി ലീവ് എടുക്കേണ്ടിവന്നതിനാല്‍ ലൂയിസിന് വൈകുന്നേരത്തെ ഷിഫ്റ്റില്‍ ഓഫീസിലേക്ക് പോവേണ്ടിവരുന്നു. ഇരുട്ടിക്കഴിഞ്ഞശേഷം മാര്‍ത്ത ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീ മാര്‍ത്തയുടെ അടുത്തുവന്ന് അവരുടെ ഭര്‍ത്താവ് ഒരു അപകടത്തില്‍ പെട്ടു, അതിനാല്‍ അവര്‍ അയാളെ കണ്ട് മടങ്ങിവരുന്നതുവരെ തന്റെ മകനെ ഒന്ന് നോക്കാമോ എന്ന് ആവശ്യപ്പെടുന്നു. അവര്‍ പോയശേഷം ഫ്ലാറ്റില്‍ മാര്‍ത്തയും പതിനൊന്നുവയസ്സുകാരന്‍ ഡാനിയലും മാത്രമാവുന്നു.പിന്നീട് അവിടെ സംഭവിക്കുന്ന അവിശ്വസനീയമായ സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
പുതിയൊരു വീട്, അവിടേക്ക് മാറുന്ന കുടുംബം ഇതൊക്കെ കണ്ടപ്പോള്‍ ഇല്ലാത്ത പൈസ കൊടുത്ത് തീയറ്ററില്‍ വന്നത് ഈ ക്ലീഷേ കാണാന്‍ ആണല്ലോ എന്ന് തോന്നിപ്പോയെങ്കിലും ചിത്രം പോകെപ്പോകെ interesting ആയി മാറുകയായിരുന്നു. പെട്ടെന്ന് ശബ്ദം ഉണ്ടാക്കിയും രൂപങ്ങള്‍ കാണിച്ചും പ്രേക്ഷകനെ പേടിപ്പിക്കാന്‍ ശ്രമിക്കാതെ abnormal ആയ ചില സന്ദര്‍ഭങ്ങളിലൂടെ പ്രേക്ഷകന്റെ മനസ്സില്‍ ഒരു ഭീതി ഉളവാക്കാന്‍ സംവിധായകന് സാധിച്ചു. ഒരു ഹൊറര്‍ ത്രില്ലര്‍ ആണെങ്കിലും മികച്ചൊരു ഇമോഷണല്‍ പശ്ചാത്തലവും ചിത്രത്തിനുണ്ട്. ചിത്രത്തിന്‍റെ അടിത്തറ ശക്തമാക്കാന്‍ അത് സഹായിച്ചു. അവസാനത്തോട് അടുക്കുമ്പോള്‍ പ്രേക്ഷകമനസ്സിനെ വൈകാരികമായി സ്പര്‍ശിക്കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. ആദ്യാവസാനം ഒരു നിഗൂഢതനിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ സംവിധായകന് സാധിച്ചു.
Oona Chaplin തന്റെ വേഷം ഭംഗിയാക്കി. ഡാനിയലിനെ അവതരിപ്പിച്ച പയ്യനും കൊള്ളാമായിരുന്നു. ചിത്രത്തിന്‍റെ 80%ഉം ഇവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബാക്കി നടീനടന്മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.
ഒട്ടും വലിച്ചുനീട്ടാതെ ഒന്നരമണിക്കൂറിലും താഴെനിന്നുകൊണ്ട് മികച്ചരീതിയില്‍ത്തന്നെ ചിത്രത്തെ വാര്‍ത്തെടുത്തിട്ടുണ്ട് സംവിധായകനും കൂട്ടരും. പേടിപ്പിക്കുന്നതിനോടൊപ്പം പ്രേക്ഷകഹൃദയങ്ങളെ സ്പര്‍ശിക്കുകകൂടി ചെയ്യുന്ന നല്ലൊരു ചിത്രമാണ് പുര്‍ഗറ്റോറിയോ. കാണാന്‍ ശ്രമിക്കുക.

Main Aur Charles Movie Review

മേം ഓര്‍ ചാള്‍സ് (Main aur Charles, 2015, Hindi)
പ്രവാല്‍ രാമന്റെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയചിത്രമാണ് മേം ഓര്‍ ചാള്‍സ്. ചാള്‍സ് ശോഭരാജ് എന്ന സീരിയല്‍ കില്ലറിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രത്തില്‍ ചാള്‍സിനെ അവതരിപ്പിച്ചത് രണ്‍ദീപ് ഹൂഡ ആണ്. ആദില്‍ ഹുസൈന്‍, റിച്ചാ ചദ്ദ, അലക്സ് ഓ നീല്‍ തുടങ്ങിയവര്‍ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
1968ല്‍ തായ്ലാന്‍ഡില്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തി രക്ഷപ്പെടുന്ന ചാള്‍സ് പിന്നെ പലപ്പോഴും പോലീസിന്റെ പിടിയില്‍ ആവുന്നെങ്കിലും രക്ഷപ്പെടുന്നു. തന്റെ അത്യന്തം ആകര്‍ഷകമായ വ്യക്തിത്വത്താല്‍ പല  ടൂറിസ്റ്റുകളെയും ആകര്‍ഷിച്ച് തന്റെ വരുതിയില്‍ കൊണ്ടുവന്നശേഷം അവരെ കൊലപ്പെടുത്തി അവരുടെ പണവും പാസ്പോര്‍ട്ടും കൈക്കലാക്കുകയായിരുന്നു ചാള്‍സിന്റെ പ്രധാനലലക്ഷ്യം. ആ പാസ്പോര്‍ട്ടുകളില്‍ കൃത്രിമം നടത്തി പല പേരുകളില്‍ പലയിടങ്ങളില്‍ ജീവിക്കുന്ന ചാള്‍സ് പിന്നീടൊരിക്കല്‍ ഇന്ത്യയില്‍ ഡല്‍ഹി പോലീസിന്റെ പിടിയിലാകുന്നു. അതിനുശേഷം പതിനൊന്നുവര്‍ഷം ജയിലില്‍ കിടന്ന ചാള്‍സ് തന്റെ ശിക്ഷതീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ചില സഹതടവുകാരോടൊപ്പം ജയില്‍ ചാടുന്നു, തന്റെ സ്വന്തം സ്റ്റൈലില്‍. അതെത്തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. യഥാര്‍ത്ഥസംഭവങ്ങള്‍ അല്‍പം മസാലയും ചേര്‍ത്ത് പ്രവാല്‍ രാമന്‍ വിളമ്പിയപ്പോള്‍ അത് അത്യന്തം രുചികരമല്ലെങ്കിലും ആസ്വദനീയമായ ഒരു ചിത്രംതന്നെയായിമാറി. തന്റെ കഴിഞ്ഞചിത്രങ്ങളിലൂടെ ഹൊറര്‍, ത്രില്ലര്‍ തുടങ്ങിയ genreകളില്‍ സ്വന്തം കഴിവുതെളിയിച്ച സംവിധായകന്‍ ഇത്തവണ വളരെ ഡാര്‍ക്ക്‌ ആയ മൂഡിലുള്ള ഒരു എന്റര്‍ടൈനര്‍ ഒരുക്കിക്കൊണ്ട് തന്റെ കഴിവ് വീണ്ടും തെളിയിച്ചു. ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡിനോട് ഇണങ്ങിനിന്നു. പത്തുനാല്‍പ്പതുവര്‍ഷം മുന്‍പത്തെ ഗോവയും മറ്റും recreate ചെയ്തത് വളരെ convincing ആയിത്തോന്നി.
രണ്‍ദീപ് ഹൂഡ തന്റെ വേഷം എപ്പോഴത്തെയും പോലെ മികച്ചതാക്കി. വളരെ ശാന്തനായ, ഒരിക്കലും ദേഷ്യപ്പെടാത്ത ചാള്‍സിനെ അദ്ദേഹം വളരെ നല്ലരീതിയില്‍ത്തന്നെ അവതരിപ്പിച്ചു. അദ്ദേഹത്തിന്‍റെ നേപ്പാളി ചുവയുള്ള സംസാരവും ഏറെ വിശ്വസനീയമായിരുന്നു. വളരെ ചെറിയ സ്വഭാവവൈശിഷ്യങ്ങള്‍ക്കുപോലും ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് ചാള്‍സിനെ അവതരിപ്പിച്ച രണ്‍ദീപ് ഏറെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പോലീസ് ഉദ്യോഗസ്ഥനായി ആദില്‍ ഹുസൈനും മികച്ചുനിന്നു. അദ്ദേഹത്തിന്റെ കരിയറിലെതന്നെ മികച്ചവേഷങ്ങളില്‍ ഒന്നായിരിക്കും അത്. ഉറുമിയിലെ വാസ്കോഡഗാമ അലക്സ് ഓ നീലും ഒരു മുഴുനീളവേഷത്തില്‍ തിളങ്ങി. പേരറിയാത്ത മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി. റിച്ചാ ചദ്ദയ്ക്ക് അവരുടെ മറ്റുകഥാപാത്രങ്ങളുടെ അത്ര പെര്‍ഫോം ചെയ്യാനുള്ള സ്കോപ്പ് ഉണ്ടായിരുന്നില്ലെങ്കിലും ഉള്ളത് അവര്‍ വൃത്തിയായി ചെയ്തു.
ആദ്യമൊരു അപൂര്‍ണ്ണത തോന്നുമെങ്കിലും കാര്യങ്ങള്‍ ചുരുളഴിഞ്ഞുതുടങ്ങുമ്പോള്‍ മികച്ചൊരു അനുഭവമായി മാറുന്നൊരു ചിത്രമാണ് മേം ഓര്‍ ചാള്‍സ്. കാണാന്‍ ശ്രമിക്കാം.

Sunday, November 1, 2015

Someone Like Me Movie Review

സംവണ്‍ ലൈക് മി (Someone like Me aka Eine wen iig, dr Dällebach Kari, 2012, Swiss German)
അടുത്തുള്ള തീയറ്ററില്‍ നടന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് യാദൃശ്ചികമായി കാണാന്‍ സാധിച്ച ചിത്രമാണിത്. Xavier Koller എന്ന സീനിയര്‍ സ്വിറ്റ്സര്‍ലന്‍ഡ് സംവിധായകന്‍ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത് Hanspeter Müller, Carla Juri, Nils Althaus തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു മുറിച്ചുണ്ടനായ മനുഷ്യന്റെ കഥ പറയുന്നു.
1800കളുടെ അവസാനം. കാരി എന്ന യുവാവ് മുറിച്ചുണ്ടനായി പിറന്നയാളാണ്. വളര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കും എന്ന കാരണത്താല്‍ ജനിച്ചപ്പോഴേ കാരിയെ ഉപേക്ഷിച്ചോളാന്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും കാരിയുടെ അമ്മ തന്റെ ഏഴാമത്തെ കുഞ്ഞിനെ ഉപേക്ഷിക്കുന്നില്ല. കാരിയെ അമ്മ വളര്‍ത്തിവലുതാക്കുന്നു. യുവാവായ കാരി ബേണ്‍ നഗരത്തില്‍ ഒരു ബാര്‍ബര്‍ഷോപ്പ് നടത്താന്‍ തുടങ്ങുന്നു. തന്റെ രൂപവൈകല്യത്തെപ്പറ്റി സദാ ബോധവാനായ കാരി ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍വെച്ച് ഒരു ധനികകുടുംബാംഗമായ ആന്‍മേരിയെ പരിചയപ്പെടുന്നു. ആദ്യദര്‍ശനത്തില്‍ത്തന്നെ അവര്‍ പരസ്പരം ഏകദേശം പ്രണയബദ്ധരാവുകയാണ്. ആദ്യമൊക്കെ ആ പ്രണയം ആസ്വദിക്കുന്ന കാരി പക്ഷേ പിന്നീട് തന്റെ മുഖവൈകല്യം ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നോര്‍ത്ത് ആന്‍മേരിയെ പ്രണയത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അവര്‍ അതിന് വഴങ്ങുന്നില്ല. പിന്നീടുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. മദ്ധ്യവയസ്കനായ കാരിയുടെ ബാല്യം മുതലുള്ള ഓര്‍മ്മകളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. ഒടുവില്‍ ഒട്ടും അതിഭാവുകത്വമില്ലാത്ത ഒരു ക്ലൈമാക്സിലൂടെ ചിത്രം അവസാനിക്കുമ്പോള്‍ നല്ലൊരു ചിത്രം കണ്ട സംതൃപ്തിയാണ് പ്രേക്ഷകന് ഉണ്ടാവുക.
കാരിയുടെ മൂന്നുഘട്ടങ്ങളില്‍ ഉള്ള വേഷങ്ങള്‍ അവതരിപ്പിച്ച നടന്മാര്‍ ആ വേഷങ്ങള്‍ നന്നായിത്തന്നെ ചെയ്തു. അഭിനയത്തിലും ചേഷ്ടകളിലും ഒരു consistency കൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചു. നായികയായ ആന്‍മേരിയെ അവതരിപ്പിച്ച Carla Juri ഏറെ മനോഹരിയായി കാണപ്പെട്ടു. വളരെ നിഷ്കളങ്കമായ ഇവരുടെ പ്രണയരംഗങ്ങള്‍ ഏറെ മികച്ചുനിന്നു.
ഇഴഞ്ഞുനീങ്ങുന്ന ഒരു ചിത്രം പ്രതീക്ഷിച്ചുപോയ എനിക്ക് കിട്ടിയത് നല്ലൊരു feel-good ജീവിതകഥയാണ്. നല്ല ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവരെ ഈ ചിത്രം നിരാശപ്പെടുത്താന്‍ ഇടയില്ല. കാണാന്‍ ശ്രമിക്കുക.

Masaan Movie Review

മസാന്‍ (Masaan, 2015, Hindi)
ചില ചിത്രങ്ങള്‍ അങ്ങനെയാണ്, വല്ലാത്തൊരു വേദന മനസ്സില്‍ അവശേഷിപ്പിക്കും. അങ്ങനെ ഏറെ വേദനയും നിരാശയും മറ്റും എന്റെയുള്ളില്‍ ഉണര്‍ത്തിയ ഒരു ചിത്രമാണ് മസാന്‍. നീരജ് ഘൈവന്‍ എന്ന യുവസംവിധായകന്റെ ആദ്യചിത്രമാണ് ഇത്. വരുണ്‍ ഗ്രോവര്‍ രചന നിര്‍വഹിച്ച ചിത്രത്തില്‍ റിച്ചാ ചദ്ദ, വിക്കി കൗശല്‍, ശ്വേതാ ത്രിപാഠി, സഞ്ജയ്‌ മിശ്ര തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ഇടം എന്നാണ് മസാന്‍ എന്ന പദത്തിന്റെ അര്‍ഥം. പേരുപോലെത്തന്നെ കയ്പ്പേറിയ ഓര്‍മ്മകള്‍ ദഹിപ്പിച്ച് ജീവിതത്തില്‍ ഉയര്‍ന്നുപറക്കാന്‍ ശ്രമിക്കുക എന്ന സന്ദേശംതന്നെയാണ് ചിത്രം മുന്നോട്ടുവെയ്ക്കുന്നത്.
ദേവി എന്ന യുവതി എന്നത്തെയുംപോലെ വാരണാസിയിലെ തന്റെ വീട്ടില്‍നിന്ന് ജോലിക്കിറങ്ങുന്ന രംഗത്തിലൂടെയാണ്‌ ചിത്രം ആരംഭിക്കുന്നത്. വഴിയിലുള്ള ഒരു പൊതുശൗചാലയത്തില്‍ കയറി ചുരിദാര്‍ മാറ്റി അവര്‍ സാരി ഉടുക്കുമ്പോള്‍ പ്രേക്ഷകന് മനസ്സിലാകുന്നു, അവര്‍ ജോലിക്കല്ല അന്ന് പോകുന്നത്. തന്നെക്കാത്തുനിന്ന കാമുകനടുത്തേയ്ക്കാണ് അവര്‍ പോവുന്നത്. ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ അഭിനയിച്ച് ഒരു ലോഡ്ജില്‍ അവര്‍ മുറിയെടുക്കുന്നു, ശാരീരികമായി അടുത്തറിയാന്‍. എന്നാല്‍ അപ്രതീക്ഷിതമായ ഒരു സംഭവം അവരുടെ ജീവിതം മാറ്റിമറിയ്ക്കുകയാണ്.. അതിനുശേഷമുള്ള പ്രത്യാഘാതങ്ങള്‍ ദേവിയുടെയും അച്ഛന്‍ വിദ്യാധറിന്റെയും ജീവിതങ്ങളെ പ്രതീക്ഷയുടെ രശ്മികള്‍പോലും കടന്നുവരാന്‍ മടിക്കുന്നത്ര ആഴത്തിലുള്ള പടുകുഴിയിലേക്ക് തള്ളിയിടുന്നു. പക്ഷേ ജീവിതമല്ലേ, ജീവിച്ചുതീര്‍ത്തല്ലേ പറ്റൂ. അവരുടെ നിശബ്ദജീവനസമരങ്ങളാണ് പ്രേക്ഷകര്‍ക്ക് പിന്നീട് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഒപ്പം പാരമ്പര്യമായി ഗംഗാതീരത്ത് മൃതശരീരങ്ങള്‍ സംസ്കരിക്കുന്ന കുലത്തൊഴിലുള്ള ഒരു കുടുംബത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി ദീപക്കിന്റെയും ശാലുവിന്റെയും പ്രണയവും. ഒടുവില്‍ നിരാശനിറഞ്ഞ രണ്ടാത്മാക്കള്‍ അലഹബാദിലെ ത്രിവേണീസംഗമതീരത്ത് കൂട്ടിമുട്ടുന്നിടത്ത് വീണ്ടും സന്തോഷത്തിന്റെയും സുഖത്തിന്റെയും പ്രതീക്ഷകള്‍ നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിക്കുന്നതെങ്കിലും നെഞ്ചില്‍ ഒരു കല്ല്‌ കയറ്റിവെച്ച അവസ്ഥയാണ് എനിക്ക് ഉണ്ടായത്. നഷ്ടബോധമോ, നിരാശയോ, എന്തൊക്കെയോ കലര്‍ന്ന ഒരവസ്ഥ.
സാധാരണ ഞാന്‍ സിനിമകള്‍ പോസ് ചെയ്യുന്നത് എന്തെങ്കിലും കഴിക്കാനോ ഫേസ്ബുക്ക്‌ നോക്കാനോ ആണെങ്കില്‍ ഈ സിനിമയ്ക്കിടയില്‍ കരച്ചിലും വീര്‍പ്പുമുട്ടലും അടക്കാനാവാത്ത നിമിഷങ്ങളിലാണ് എനിക്ക് അങ്ങനെ ചെയ്യേണ്ടിവന്നത്. അത്രയ്ക്ക് ഉള്ളില്‍ തട്ടുന്ന പല രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു. ആയകാലത്ത് മര്യാദയ്ക്കൊരു പ്രണയംപോലും ഇല്ലാതെ നടന്നതിന്റെ നഷ്ടബോധാമാകാം ചിലപ്പോള്‍ അതിനുകാരണം. എന്തായാലും നാടകീയത പരമാവധി ഒഴിവാക്കി വളരെ subtle ആയ രംഗങ്ങളിലൂടെ ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സംവിധായകനും രചയിതാവിനും സാധിച്ചു. ചിത്രത്തില്‍ അത്രയേറെ involved ആയതുകൊണ്ട് ചില രംഗങ്ങളില്‍ കഥാപാത്രങ്ങളുടെ അവസ്ഥകണ്ട് രചയിതാക്കളോട് അമര്‍ഷം വരെ തോന്നിപ്പോയി. ഇന്ത്യന്‍ ഓഷ്യന്റെ ഗാനങ്ങള്‍ ഇമ്പമുള്ളതും കഥാസന്ദര്‍ഭങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നവയും ആയിരുന്നു. അവിനാശ് അരുണിന്റെ cinematography, നിതിന്‍ ബൈദിന്റെ എഡിറ്റിംഗ് എന്നിവ ഏറെ നിലവാരം പുലര്‍ത്തി.
ചിത്രത്തിലെ പ്രധാനനടീനടന്മാരെപ്പറ്റി എത്ര പുകഴ്ത്തിപ്പറഞ്ഞാലും അധികമാവില്ല. ഒന്നിനൊന്ന് മികച്ച പ്രകടനങ്ങള്‍ ആണ് ഏവരും കാഴ്ചവെച്ചത്. റിച്ചാ ചദ്ദ ദേവി എന്ന വേഷത്തില്‍ മികച്ചുനിന്നപ്പോള്‍ ദേവിയുടെ അച്ഛന്റെ വേഷത്തില്‍ സഞ്ജയ്‌ മിശ്ര അസാധ്യപ്രകടനം ആയിരുന്നു. പിന്നെയും പിന്നെയും ഈ മനുഷ്യന്റെ മുന്നില്‍ നമിച്ചുപോവുന്നു. എത്ര മിതത്വമുള്ള, എങ്കിലും ഹൃദയസ്പര്‍ശിയായ രീതിയില്‍ ആണ് ഇദ്ദേഹം ഓരോ വേഷങ്ങളും അവതരിപ്പിക്കുന്നത്.. ദേവി പഠനം തുടരാനായി അലഹബാദിലേയ്ക്ക് പോകുന്നകാര്യം അച്ഛന്റെ മുന്നില്‍ അവതരിപ്പിക്കുന്നരംഗത്തില്‍ ഇദ്ദേഹത്തിന്‍റെ പ്രകടനം ഏറെ കരയിപ്പിച്ചു. കഴിഞ്ഞവര്‍ഷം ആംഖോം ദേഖിയിലെ പ്രകടനത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ ക്രിടിക്സ് അവാര്‍ഡ്‌ നേടിയ ഇദ്ദേഹത്തിന് ഈ ചിത്രത്തിലെ പ്രകടനത്തിനും പുരസ്കാരങ്ങള്‍ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. ദീപക് എന്ന കഥാപാത്രമായി വിക്കി കൗശല്‍ തിളങ്ങി. സംവിധായകന്‍ ബേസില്‍ ജോസഫിനോട് ചില രംഗങ്ങളില്‍ രൂപസാദൃശ്യം പുലര്‍ത്തിയ അദ്ദേഹം
വളരെ നിഷ്കളങ്കനായ തന്റെ കഥാപാത്രത്തെ മനോഹരമാക്കി. അതുപോലെത്തന്നെ ശ്വേതാ ത്രിപാഠിയും മികച്ചുനിന്നു. പോലീസുകാരന്റെ വേഷത്തില്‍ എത്തിയ നടനും സദ്ധ്യാജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പങ്കജ് ത്രിപാഠിയും മികച്ചുനിന്നു.
വര്‍ത്തമാനകാലഭാരതത്തിലെ സമൂഹത്തിലെ ചില കയ്പ്പേറിയ സത്യങ്ങളും ദുരവസ്ഥകളും മായംചേര്‍ക്കാതെ വരച്ചുകാണിക്കുന്ന മികച്ചൊരു ചിത്രമാണ് മസാന്‍. ഹിന്ദി സിനിമ എന്നാല്‍ തുണി ഉരിയലും ഐറ്റം ഡാന്‍സും ചുംബനരംഗങ്ങളും മാത്രമാണെന്ന് അഭിപ്രായമുള്ള എല്ലാവരും കാണാന്‍ ശ്രമിക്കുക.

Thursday, October 29, 2015

Paranormal Activity Ghost Dimension Movie Review

പാരാനോര്‍മല്‍ ആക്ടിവിറ്റി ഘോസ്റ്റ് ഡയമെന്‍ഷന്‍ (Paranormal Activity Ghost Dimention, 2015, English)
പാരാനോര്‍മല്‍ ആക്ടിവിറ്റി സീരീസിലെ അഞ്ചാമത്തെയോ ആറാമത്തെയോ അതോ ഏഴാമത്തെയോ പടം. അങ്ങനെ പറഞ്ഞതെന്തെന്നുവെച്ചാല്‍, ഞാന്‍ പടത്തിനുപോയപ്പോള്‍ അഞ്ചാമത്തെ പടമാണെന്ന് കരുതിയത്, പക്ഷേ തിരിച്ചുവന്ന് വിക്കി നോക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം അഞ്ചാമത്തെ പടം ഇറങ്ങിയിട്ടുണ്ട്, അത് കാണാന്‍ വിട്ടുപോയിരുന്നു. പിന്നെ ഒരു ജാപ്പനീസ് സ്പിന്‍ഓഫും കണക്കില്‍ എടുത്താല്‍ ഏഴാമത്തെ ആണ് ഇത്. എന്തായാലും സീരീസിലെ കഴിഞ്ഞ പടങ്ങളില്‍നിന്നും വ്യത്യസ്തമായി ഇത്തവണ ത്രീഡിയില്‍ ആണ് ആക്ടിവിറ്റി നടക്കുന്നത്. പക്ഷേ ഞാന്‍ ഒരു ടുഡി സ്ക്രീനില്‍ ആണ് ചിത്രം കണ്ടത്, അതിനാല്‍ ത്രീഡി എഫക്റ്റ്സ് എങ്ങനെ ഉണ്ടെന്നുപറയാന്‍ ഞാന്‍ ആളല്ല. ചിത്രത്തിലേക്ക് വരാം.

മൂന്നാമത്തെ ആക്ടിവിറ്റിയിലെ ഒരു രംഗത്തിന്റെ തുടര്‍ച്ചയായുള്ള ഒരു സീനിനുശേഷം വര്‍ത്തമാനകാലത്തേക്ക് വരുന്ന ചിത്രത്തില്‍ കഥാനായകനായ റയാന്‍ ക്രിസ്മസ്സിനായി തന്റെ വീട് ഒരുക്കുന്നതിനിടയില്‍ പത്തിരുപത്തഞ്ചുകൊല്ലം പഴക്കമുള്ള ഒരു വീഡിയോ ക്യാമറയും കുറേ കാസറ്റുകളും തന്റെ വീട്ടില്‍നിന്ന് കണ്ടെടുക്കുന്നു. അവയില്‍ പഴയ ആക്ടിവിറ്റികളിലെ കഥാപാത്രങ്ങളായ കേറ്റിയുടെയും ക്രിസ്റ്റിയുടെയും കുട്ടിക്കാലത്തെ ഹിപ്നോട്ടിസവും മറ്റും റയാന്‍ കാണുന്നു. അതിനിടെ എല്ലാ ഇംഗ്ലീഷ് സിനിമകളിലെയും പോലെ റയാന്റെ ആറുവയസ്സുകാരി മകള്‍ ഒരു സാങ്കല്‍പ്പികസുഹൃത്തുമായി സംസാരിക്കാന്‍ തുടങ്ങുന്നു, വീട്ടില്‍ അസ്വാഭാവികമായ കാര്യങ്ങള്‍ സംഭവിക്കുന്നു, ഇവര്‍ ക്യാമറ സെറ്റ് ചെയ്യുന്നു, അതില്‍ വിചിത്രമായ കാര്യങ്ങള്‍ കാണുന്നു, പള്ളീലച്ചനെ വിളിക്കുന്നു, ബാധ ഒഴിപ്പിക്കാന്‍ നോക്കുന്നു എന്നുതുടങ്ങി എല്ലാ ഐറ്റംസും യഥാക്രമം നടക്കുന്നു. ഒടുവില്‍ എല്ലാ ആക്ടിവിറ്റികളും അവസാനിക്കുന്നപോലെ ഇതും അവസാനിക്കുന്നു.
കുറഞ്ഞ ബജറ്റില്‍ ആളെ പറ്റിച്ച് കാശുണ്ടാക്കാനുള്ള നിര്‍മ്മാതാക്കളുടെ തന്ത്രം ഇപ്രാവശ്യവും ഫലിച്ചു എന്നാണ് ബോക്സ്ഓഫീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കുറച്ച് വ്യത്യസ്തമായ, പക്ഷേ അവ്യക്തമായ ടൈം ട്രാവല്‍ ആശയങ്ങള്‍ ഉണ്ട്, പിന്നെ ഈ ആക്ടിവിറ്റി ഒക്കെ നടത്തുന്ന ആ ദുഷ്ടശക്തിയെ കുറച്ചുകൂടെ തെളിച്ചുകാണിക്കുന്നുണ്ട് എന്നീ കാര്യങ്ങള്‍ ഒഴിച്ചാല്‍ ഈ സീരീസിലെ പഴയചിത്രങ്ങളില്‍നിന്ന് ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഒരു ചിത്രമാണ് ഇത്. ഈ സീരീസിന്റെ ആരാധകര്‍ക്ക് വേണമെങ്കില്‍ കാണാം. ഇതിനുമുന്‍പത്തെ ഭാഗങ്ങളെക്കാളും മോശമൊന്നും അല്ല, എന്നാല്‍ പ്രത്യേകിച്ച് പുതുമ ഒന്നുമില്ലതാനും.