Monday, December 29, 2014

Kiki's Delivery Service 2014 Movie Review

Kiki's Delivery Service 2014 Movie Posterകിക്കീസ് ഡെലിവറി സര്‍വീസ് (Kiki's Delivery Service, 2014, Japanese)
ഇതേ പേരിലുള്ള ജാപ്പനീസ് നോവലിനേയും ഗ്രേവ്‌ ഓഫ് ഫയര്‍ഫ്ലൈസ്, സ്പിരിറ്റഡ് എവേ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ചെയ്ത animated ചിത്രത്തെയും ആസ്പദമാക്കി നിര്‍മിച്ച ലൈവ് ആക്ഷന്‍ ചിത്രമാണ് കിക്കീസ് ഡെലിവറി സര്‍വീസ്. ഗ്രഡ്ജ് ചിത്രങ്ങള്‍, റിന്നെ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രങ്ങളുടെ സംവിധായകനായ തകാഷി ഷിമിസു ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സ്വന്തം അമ്മയെപ്പോലെ മന്ത്രവാദിനിയാകണം എന്ന ആഗ്രഹവുമായി നടക്കുന്ന കുട്ടിയാണ് കിക്കി. കിക്കിയുടെ ഒരേയൊരു സുഹൃത്ത് കിക്കിയോട് സംസാരിക്കാന്‍ കഴിയുന്ന ജിജി എന്ന കരിമ്പൂച്ചയാണ്. മന്ത്രവാദിനികളെപ്പോലെ ചൂലില്‍ കയറിയിരുന്നു പറക്കാനുള്ള കഴിവ് മാത്രമാണ് കിക്കിക്ക് ഉള്ളത്. കൂടുതല്‍ മന്ത്രങ്ങളും മായാജാലങ്ങളും പഠിക്കണമെങ്കില്‍ ഒരുവര്‍ഷം മറ്റൊരു ഗ്രാമത്തില്‍ പോയി അവിടെയുള്ളവരെ സഹായിച്ച് ജീവിക്കണം എന്ന അമ്മയുടെ നിര്‍ദേശപ്രകാരം പതിമൂന്നുകാരിയായ കിക്കിയും സുഹൃത്ത് ജിജിയും ചേര്‍ന്ന് ഒരു കടലോരഗ്രാമത്തിലേക്ക് യാത്രപോവുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.
നല്ലൊരു ഫാന്റസി ചിത്രമാണ് കിക്കി. ഒരു പുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന ഒരു ചിത്രം. നമ്മുടെ കണ്ണുനനയിപ്പിക്കുന്നതും, ഉള്ളുനിറയ്ക്കുന്നതുമായ പല രംഗങ്ങളും ചിത്രത്തിലുണ്ട്. ഈ ഫീല്‍ ഗുഡ് ചിത്രത്തിന്റെ മുഖ്യാകര്‍ഷണങ്ങള്‍ കിക്കിയായി അഭിനയിച്ച കുട്ടിയുടെ മികവാര്‍ന്ന പ്രകടനവും ദൃശ്യചാരുതയേറിയ രംഗങ്ങളുമാണ്. മിഴിവുറ്റ ഫ്രെയിംസ് ചിത്രത്തിലുടനീളം ഉള്‍ക്കൊള്ളിക്കാന്‍ സംവിധായകനും ഛായാഗ്രാഹകനും നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. അതിന്റെ ഫലം ചിത്രത്തില്‍ കാണാനുമുണ്ട്. പശ്ചാത്തലസംഗീതവും, മറ്റുനടീനടന്മാരുടെ പ്രകടനങ്ങളും സിനിമയോട് യോജിച്ചുനിന്നു. എന്നിരുന്നാലും, ഇതിന്റെ animated വേര്‍ഷന്റെ അത്രയ്ക്ക് മികവുപുലര്‍ത്താന്‍ ഇതിന് സാധിച്ചിട്ടില്ല എന്നാണ് പലരും പറഞ്ഞുകേട്ടത്. Animated വേര്‍ഷന്‍ ഞാന്‍ കണ്ടിട്ടില്ല, എന്തായാലും ഈ ചിത്രം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഫാന്റസി ഫീല്‍ ഗുഡ് ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

Sunday, December 28, 2014

Mastram Movie Review

Mastram Movie Posterമസ്ത്റാം (Mastram, 2014, Hindi)
ഇന്റര്‍നെറ്റിലൂടെ ആവശ്യത്തിനും അനാവശ്യത്തിനും porn സുലഭ്യമായ ഈ കാലഘട്ടത്തില്‍ 'കൊച്ചുപുസ്തകങ്ങള്‍' എന്നപേരില്‍ അറിയപ്പെട്ടിരുന്ന softporn novels, magazines എന്നിവയ്ക്ക് പ്രസക്തി ഇല്ലായിരിക്കാം, എന്നാല്‍ ഇതായിരുന്നിരിക്കില്ല ഇരുപത്തഞ്ചോ മുപ്പതോ വര്‍ഷം മുന്‍പത്തെ അവസ്ഥ. വീഡിയോ കാസറ്റുകള്‍ പോലും സാധാരണക്കാരന് കിട്ടാക്കനി ആയിരുന്ന കാലത്ത് ഇത്തരം ചോദനകളെ ശമിപ്പിക്കാനുള്ള ഏക ഉപായം ഇത്തരം പുസ്തകങ്ങളായിരുന്നു. അങ്ങനെ ഹിന്ദി ഭാഷയില്‍ എഴുതപ്പെട്ട ഒരു series of books ആണ് മസ്ത്റാം സീരീസ്. മനോഹരമായ ശൈലിയും മികവുറ്റ രചനയും കയ്യടക്കമുള്ള വിവരണവും മൂലം ഇത്തരം പുസ്തകങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സ്ഥാനം തന്നെയായിരുന്നു മസ്ത്റാം പുസ്തകങ്ങള്‍ക്ക് ഉണ്ടായിരുന്നത് എന്നാണ് കേട്ടറിവ്. ഈ പുസ്തകങ്ങളുടെ രചയിതാവ്/രചയിതാക്കളെയോ പ്രസാധകരെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്നും മസ്ത്റാം പുസ്തകങ്ങള്‍ നോര്‍ത്ത് ഇന്ത്യയിലെ ചെറിയ പല പുസ്തകശാലകളിലും ലഭ്യമാണത്രേ.
മസ്ത്റാം സീരീസിന്റെ രചയിതാവിനെക്കുറിച്ചുള്ള ഒരു സാങ്കല്പ്പികചിത്രമാണ് മസ്ത്റാം. ഈ പുസ്തകങ്ങളുടെ തുടക്കം ഇങ്ങനെയായിരിക്കാം എന്ന സംവിധായകന്റെ ഭാവന മാത്രമാണീ ചിത്രം, ഒരിക്കലും ഒരു ജീവചരിത്രം അല്ല. സാങ്കല്‍പ്പികജീവചരിത്രം എന്നൊക്കെ പറയാം വേണമെങ്കില്‍. എഴുത്തുകാരനാകണമെന്ന മോഹവുമായി ജീവിക്കുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥനായ രാജാറാം ഒരിക്കല്‍ ഒരു പ്രത്യേകസാഹചര്യത്തില്‍ erotica എഴുതാന്‍ തുടങ്ങുകയും അത് ഇഷ്ടപ്പെട്ട പ്രസാധകര്‍ അത് പ്രസിദ്ധീകരിക്കുകയും, അത് ജനങ്ങള്‍ക്കിടയില്‍ ഒരു തരംഗമാവുകയും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ഒക്കെയാണ് ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഗാങ്ങ്സ് ഓഫ് വാസേപുര്‍ന്റെ രചന നിര്‍വഹിച്ച അഖിലേഷ് ജൈസ്വാള്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പുതുമുഖസംവിധായകന്‍ എന്ന് തോന്നിപ്പിക്കാത്ത വിധം, പലയിടങ്ങളിലും പാളിപ്പോയേക്കാമായിരുന്ന ചിത്രത്തെ കയ്യടക്കത്തോടെതന്നെ ഇദ്ദേഹം മുന്നോട്ടുകൊണ്ടുപോയിരിക്കുന്നു. നായകനായ രാഹുല്‍ ബഗ്ഗയും മറ്റ് നടീനടന്മാരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. നൂറുമിനിറ്റിലും താഴെമാത്രമുള്ള ഈ ചിത്രത്തെ ഒരു ക്ലാസിക് എന്നൊന്നും വിളിക്കാനാവില്ലെങ്കിലും ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നനിലയില്‍ കാണാവുന്ന ഒരു ചിത്രം തന്നെയാണ് ഇത്. ഡിവിഡി ഇറങ്ങുമ്പോള്‍ കാണാന്‍ ശ്രമിക്കുക.

Saturday, December 27, 2014

Ugly Movie Review

Ugly Hindi Movie Posterഅഗ്ലി (Ugly, 2014, Hindi)
അനുരാഗ് കശ്യപിന്റെ ഏറ്റവും പുതിയ ചിത്രമാണ് അഗ്ലി. ബോംബെ നഗരത്തില്‍ ഒരു ദിവസം ഒരു കുട്ടിയെ കാണാതെയാവുന്നതും, തുടര്‍ന്നുനടക്കുന്ന സംഭവങ്ങളുമാണ് അഗ്ലിയിലൂടെ പ്രേക്ഷകര്‍ക്ക് സംവിധായകന്‍ കാണിച്ചുതരുന്നത്. നല്ല ത്രില്ലിംഗ് ആയ ഒരു ആദ്യപകുതിക്കുശേഷം കുറേശ്ശെ ലാഗ്ഗിംഗ് ആയ രണ്ടാം പകുതിയും, ഷോക്കിംഗ് ആയ ഒരു അവസാനവുമാണ് അഗ്ലിക്കുള്ളത്. Second half syndrome ചെറുതായി ബാധിച്ചിട്ടുണ്ടെങ്കിലും നല്ലൊരു ചിത്രം തന്നെയാണ് അഗ്ലി. അനുരാഗ് കശ്യപിന്റെ കയ്യൊപ്പ് ഓരോ സീനിലും കാണാന്‍ സാധിക്കും. പല സീന്‍സും കണ്ടാല്‍ ഞെട്ടിപ്പോകും, ആദ്യപകുതിയിലെ ഒരു chase scene, പിന്നെ പോലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യുന്ന ഒരു സീന്‍, ഹോട്ടലില്‍ പോയി മദ്യം order ചെയ്യുന്ന സീന്‍, ഇതൊക്കെ അന്യായ സീനുകളാണ്. ക്ലൈമാക്സ് അത്ര പോര എന്ന് പലരും പറഞ്ഞുകേട്ടെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു. അനുരാഗ് കശ്യപിന്റെ സ്ഥിരം ഛായാഗ്രാഹകനായ രാജീവ് രവിക്ക് പകരം ഇത്തവണ താരതമ്യേന പുതുമുഖമായ Nikos Andritsakis ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബോംബെയുടെ വിവിധവര്‍ണ്ണങ്ങള്‍ നല്ലരീതിയില്‍ത്തന്നെ പകര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
രാജീവ്‌ രവിയ്ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ചില രംഗങ്ങള്‍ കാണുമ്പോള്‍ അദ്ദേഹത്തിന്റെ 'സ്ക്രിപ്റ്റ് നോക്കാതെ ചെയ്യുന്ന സിനിമ' എന്ന കണ്സപ്റ്റ് അനുരാഗും ഉപയോഗിച്ചിരിക്കുന്നതായി തോന്നും. ഈ ആശയത്തോട് പൂര്‍ണമായി യോജിക്കുന്ന ഒരാളാണ് ഞാന്‍. സന്ദര്‍ഭം അഭിനയിക്കുന്നവര്‍ക്ക് പറഞ്ഞുകൊടുക്കുകയും, അവരെ ആ സന്ദര്‍ഭത്തിലേക്ക് പറഞ്ഞയച്ച് അവരുടെതായ രീതിയില്‍ behave ചെയ്യാന്‍ പറയുകയും ചെയ്‌താല്‍ വളരെ സ്വാഭാവികമായ രംഗങ്ങള്‍ കിട്ടും എന്നാണ് അഗ്ലി കണ്ടപ്പോള്‍ തോന്നിയത്.
അഭിനേതാക്കള്‍ എല്ലാവരും നല്ലപ്രകടനം കാഴ്ചവെച്ചു. രോനിത് റോയ് പംഖിലൂടെയും ഉഡാനിലൂടെയും ഒക്കെ ഞെട്ടിച്ചിട്ടുള്ളതുകൊണ്ട് ഇതിലെ supreme performance കണ്ടിട്ടും ഞെട്ടല്‍ ഒന്നും ഉണ്ടായില്ല. പക്ഷേ ശരിക്കും ഞെട്ടിച്ചുകളഞ്ഞത് രാഹുല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാഹുല്‍ ഭട്ട് ആണ്. പത്തുപന്ത്രണ്ട് കൊല്ലം മുന്‍പ് ഒന്നുരണ്ട് flop romantic comediesല്‍ മാത്രം അഭിനയിച്ച ഇങ്ങേരെ റീലോഞ്ച് ചെയ്ത് അനുരാഗ് തന്റെ തീരുമാനം നൂറുശതമാനം ശരിയാണെന്ന് തെളിയിച്ചു. കിടിലം പ്രകടനമായിരുന്നു ഇങ്ങേര്‍ കാഴ്ചവെച്ചത്. നല്ലൊരു സ്വഭാവനടനെക്കൂടി നമുക്ക് കിട്ടി എന്ന് ഉറപ്പിച്ചുപറയാം. മറ്റുനടീനടന്മാര്‍ എല്ലാവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. വിനീത് സിങ്ങിന്റെയും തേജസ്വിനി കോലാപ്പുരിയുടെയും പ്രകടനങ്ങള്‍ മികച്ചുനിന്നു. ജി.വി. പ്രകാശ് കുമാറിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡിനോട്‌ ചേര്‍ന്നുപോയി.
ഈ വര്‍ഷം റിലീസായ നല്ലൊരു ത്രില്ലര്‍ തന്നെയാണ് ചിത്രം. ത്രില്ലര്‍ എന്നതിലുപരി പല മനുഷ്യരുടെ ഉള്ളിലെ വികാരങ്ങളുടെ ഒരു നേര്‍ക്കാഴ്ചകൂടിയാണ് ഇത്. കാണാന്‍ ശ്രമിക്കുക.
പി.എസ്: അലിയാ ഭട്ടിന്റെ രണ്ടുസെക്കന്റ് cameo ഉണ്ട് ചിത്രത്തില്‍. സൂക്ഷിച്ചുനോക്കിയാലേ കാണൂ.

Saturday, December 20, 2014

The Lovely Bones Movie Review

The Lovely Bones Movie Posterദ ലവ്ലി ബോണ്‍സ് (The Lovely Bones, 2009, English)
ആലീസ് സെബോള്‍ഡ് രചിച്ച ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ലോര്‍ഡ്‌ ഓഫ് ദ റിങ്ങ്സ്-ഹോബിറ്റ് സീരീസിന്റെയും മറ്റും സംവിധായകന്‍ പീറ്റര്‍ ജാക്സന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ്ലി ബോണ്‍സ്. സൂസി സാല്‍മണ്‍ എന്ന പതിനാലുവയസ്സുള്ള കുട്ടിയുടെ ആഖ്യാനത്തിലൂടെ മുന്നോട്ടുപോകുന്ന ചിത്രം 1970കളില്‍ നടക്കുന്ന ഒരു കൊലപാതകവും, അതേത്തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ഒക്കെയാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ കാണിച്ചുതരുന്നത്. emotionally brilliant ആയ ഒരു സ്ക്രിപ്റ്റ് നല്ലൊരു സംവിധായകന്‍ മികച്ചരീതിയില്‍ perform ചെയ്യുന്ന അഭിനേതാക്കളെ വെച്ച് technically brilliant ആയ ഒരു ക്രൂവിനോടൊപ്പം ഒരു സിനിമയാക്കിയാല്‍ എങ്ങനെയിരിക്കും? അതുതന്നെയാണ് ഈ ചിത്രം. മനോഹരമായ, നമ്മുടെ മനസ്സില്‍ തട്ടുന്ന ഒന്ന്. visuals, performances എല്ലാം അതിഗംഭീരം. കാണാന്‍ ശ്രമിക്കുക.

Thursday, December 11, 2014

Lake Mungo Movie Review

Lake Mungo Movie Posterലേക്ക് മുംഗോ (Lake Mungo, 2008, English)
ഒരു ഓസ്ട്രേലിയന്‍ മോക്യുമെന്‍ററി ചിത്രമാണ് ലേക്ക് മുംഗോ. കുടുംബത്തോടൊപ്പം ഒരു യാത്രയ്ക്കുപോകുന്ന ആലീസ് എന്ന പതിനാറുവയസ്സുകാരി മുങ്ങിമരിക്കുന്നു. അതിനുശേഷം അവരുടെ കുടുംബത്തിലും വീടിന്റെ പരിസരപ്രദേശങ്ങളിലും സംഭവിക്കുന്ന supernatural/paranormal events ആണ് സിനിമയിലൂടെ സംവിധായകന്‍ പ്രേക്ഷകരോട് പറയുന്നത്. ഹൊറര്‍, സൈക്കോളജിക്കല്‍ ത്രില്ലര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുത്താവുന്ന ചിത്രം ഫിക്ഷന്‍ ആണെങ്കില്‍ക്കൂടി ഒരു ഡോകുമെന്ററി ശൈലിയാണ് കഥപറയാന്‍ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. സ്ഥിരം ഇംഗ്ലീഷ് ഹൊറര്‍ ക്ലീഷേകളില്‍ നിന്നുമാറിക്കൊണ്ടുള്ള ഒരു നല്ല ഹൊറര്‍ ചിത്രം കാണാന്‍ ആഗ്രഹമുള്ളവര്‍ തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക. ഇഷ്ടപ്പെടും.

Wednesday, December 10, 2014

Kya Dilli Kya Lahore Movie Review

Kya Dilli Kya Lahore Movie Posterക്യാ ദില്ലി ക്യാ ലാഹോര്‍ (Kya Dilli Kya Lahore, 2014, Hindi)
വെടിയും പുകയും പിന്നെ കുറേ ദേശസ്നേഹവും കൂട്ടിക്കുഴച്ച പതിവ് യുദ്ധസിനിമകളില്‍നിന്ന് ഒരു വ്യതിചലനമായിരുന്നു ബോളിവുഡ് നടന്‍ വിജയ്‌ രാസ് ആദ്യമായി സംവിധായകന്റെ മേലങ്കിയണിഞ്ഞ ഈ ചിത്രം. ഇന്ത്യയിലെ പട്ടാളക്കാരെ ദേശസ്നേഹത്തില്‍ മുക്കി വറുത്തെടുത്ത വീരസിംഹങ്ങളായും പാക്കിസ്ഥാനിലെ പട്ടാളക്കാരെ താടിവെച്ച ചതിയുടെ പ്രതിരൂപങ്ങളായും portray ചെയ്യുന്നതിനുപകരം അവരെ സാധാരണമനുഷ്യരായി കാണിച്ചു എന്നതുതന്നെയാണ് ചിത്രത്തിന്റെ സവിശേഷതകളില്‍ ഒന്ന്. സ്വന്തം കുടുംബത്തെ സ്നേഹിക്കുന്ന, വേദനിച്ചാല്‍ കരയുന്ന, ഉള്ളിന്റെ ഉള്ളില്‍ സ്വരാജ്യത്തെക്കാളും സഹജീവികളെ സ്നേഹിക്കുന്ന രണ്ടുപട്ടാളക്കാരെ നമുക്ക് ഇതില്‍ കാണാന്‍ കഴിയും.
വിഭജനത്തിനുശേഷം അതിര്‍ത്തിയില്‍ നടന്ന ഒരു ആക്രമണത്തില്‍ പാകിസ്ഥാനി സേനയ്ക്ക് കാര്യമായ നഷ്ടം ഉണ്ടാവുകയും അവിടത്തെ ഒരു ഓഫീസര്‍ തന്റെ കീഴ്ജീവനക്കാരനായ റഹ്മത്ത് അലിയെ വെള്ളം കൊണ്ടുവരാന്‍ വേണ്ടി തൊട്ടടുത്തുള്ള ഇന്ത്യയിലേക്ക് നിര്‍ബന്ധിച്ച് അയക്കുകയും, അവിടെനിന്ന് ഒരു ഇന്ത്യന്‍ പട്ടാളക്കാരനും റഹ്മത്ത് അലിയും തമ്മില്‍ ഒരു ബന്ധം ഉരുത്തിരിയുകയും ചെയ്യുന്നതാണ് കഥയുടെ പശ്ചാത്തലം.. ചിത്രത്തിന്റെ സംവിധായകനായ വിജയ്‌ രാസും രചന നിര്‍വഹിച്ച മനു ഋഷിയുമാണ്‌ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികവുറ്റ സംവിധാനവും തിരക്കഥയും ഈ ചിത്രത്തെ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. ഒരു യുദ്ധചിത്രം എന്നതിലുപരി വളരെ നല്ലരീതിയില്‍ വിഭജനം സമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെയും മാനുഷികബന്ധങ്ങളുടെയും കഥ പറയുന്ന ഒരു നല്ല ചിത്രമായി ഇതിനെ കണക്കാക്കാം. കാണാന്‍ ശ്രമിക്കുക.

Thursday, December 4, 2014

Dolphins Movie Review

Dolphins aka Dolphin Bar Movie Posterഡോള്‍ഫിന്‍സ് (Dolphins, 2014, Malayalam)
വളരെയേറെ കാത്തിരുന്നുകണ്ട ഒരു ചിത്രമായിരുന്നു ഡോള്‍ഫിന്‍സ്.. സുരേഷ് ഗോപിയുടെ നല്ല രസമുള്ള ഒരു ചിത്രം പ്രതീക്ഷിച്ചിട്ടാണ് പടത്തിനുപോയത്. ആ പ്രതീക്ഷ തെറ്റിക്കാതെ, നല്ല രീതിയില്‍ രസിപ്പിക്കുകയും അതുപോലെത്തന്നെ മനസ്സും കണ്ണും നിറയ്ക്കുകയും ചെയ്ത ഒരു അനുഭവമായി ഈ ചിത്രം. 
ജോണര്‍ മിക്സിംഗ്.. മലയാളത്തില്‍ അധികമൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ഈ പരിപാടി അനൂപ്‌ മേനോനും ദീഫനും ചേര്‍ന്ന് കുളമാക്കാതെ ചെയ്ത് എന്നുവേണം പറയാന്‍. ഒരു പ്രത്യേക മൂഡ്‌ ആണ് ചിത്രം തരുന്നത്.. ആ ബാറില്‍ ഇരുന്ന് അവരുടെ കഥ കേള്‍ക്കുന്നപോലെയൊക്കെ ഒരു ഫീല്‍.. ഒരുപക്ഷേ ആ ഫീല്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ക്ക് പടം ഒരു മികച്ച അനുഭവം ആകണമെന്നില്ല. എന്തിരുന്നാലും മനസ്സുകൊണ്ട് ഡോള്‍ഫിന്‍ ബാറിലെ ഒരു ടേബിളില്‍ ഒരുഗ്ലാസ് നാരങ്ങവെള്ളം നുണഞ്ഞുകൊണ്ട്, പനയമുട്ടം സുരയും സുഹൃത്തുക്കളും വെടിപറയുന്നതും സുര മൃദുലയ്ക്ക് ഫോണ്‍ ചെയ്യുന്നതും അനൂപ്‌ മേനോന്‍ പാട്ടുകള്‍ പാടുന്നതും എല്ലാം നേരില്‍ ആസ്വദിച്ച ഒരു പ്രതീതി ആയിരുന്നു ചിത്രം കണ്ടപ്പോള്‍. ക്ലൈമാക്സിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. വല്ലാത്തൊരു വിങ്ങലായിരുന്നു ആ ക്ലൈമാക്സ്. കണ്ണുകള്‍ നിറഞ്ഞൊഴുകുന്ന അവസ്ഥ...
പനയമുട്ടം സുരബാലന്‍.. സുരേഷ് ഗോപി തിരുവനന്തപുരം ഭാഷയുടെ മേമ്പൊടിയോടെ ഈ വേഷം മികവുറ്റതാക്കി. ഭാഷ ആദ്യമൊക്കെ ഒരു കല്ലുകടിയായി തോന്നിയെങ്കിലും പിന്നീട് പ്രശ്നമൊന്നും തോന്നിയില്ല.. ഇര്‍ഷാദിനൊപ്പമുള്ള മാസ് സീനൊക്കെ കിക്കിടു ആയിരുന്നു. സുരേഷ് ഗോപിയെക്കാളും നന്നായി സിനിമയില്‍ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്തത് കല്പനയാണെന്ന് തോന്നുന്നു ഈ ചിത്രത്തില്‍. കല്പന തന്റെ വേഷം ഗംഭീരമാക്കി. മറ്റുകഥാപാത്രങ്ങളും മികച്ചുനിന്നു. നിഷാന്ത് സാഗര്‍, അനൂപ്‌ മേനോന്‍, ജോജു, മേഘ്നാ രാജ്, നന്ദു, സൈജുസാര്‍, സുരാജ് തുടങ്ങിയവരെല്ലാം തങ്ങളുടെ വേഷങ്ങളില്‍ നന്നായി. ഷാജുവിന്റെ പാലക്കാട്‌ ഭാഷ ഒരുപാട് steriotypical ആകുന്നില്ലേ എന്നൊരു സംശയം, എല്ലാ പടത്തിലും ഇതുതന്നെയാണ് അങ്ങേര് കാണിക്കുന്നത്. അനൂപ്‌ മേനോന്റെ തിരക്കഥ നന്നായിരുന്നു. ദീഫന്‍ അനൂപിന്റെ സഹായത്തോടെയായിരിക്കാം, മോശമാക്കാതെ സംവിധാനം ചെയ്തു. എഡിറ്റിംഗ് കുറച്ചുകൂടെ ഷാര്‍പ് ആക്കാമായിരുന്നു എന്നുതോന്നി.
മൊത്തത്തില്‍ പറയുകയാണെങ്കില്‍, എപ്പോഴും ചിരിച്ചമുഖത്തോടുകൂടിയുള്ള ഒരു ജീവിയാണ് ഡോള്‍ഫിന്‍. അതിനെക്കാണുമ്പോള്‍ത്തന്നെ നമ്മുടെ മുഖങ്ങളില്‍ ഒരു ചിരി വിടരും.. അതേപോലെ പ്രേക്ഷകരുടെ മുഖങ്ങളില്‍ ഒരു പുഞ്ചിരി വിടര്‍ത്തുന്ന നല്ലൊരു അനുഭവമാണ് ഈ ഡോള്‍ഫിന്‍സ്. ഇതിന്റെ തീയറ്റര്‍ സ്റ്റാറ്റസ് വല്യ മെച്ചമില്ല എന്നാണുകേട്ടത്.. എന്നാലും വരും വര്‍ഷങ്ങളില്‍ മികച്ചൊരു ഫീല്‍ഗുഡ് ചിത്രമായി ഇത് കണക്കാക്കപ്പെടും എന്നത് തീര്‍ച്ചയാണ്. കാണാന്‍ ശ്രമിക്കുക.