Thursday, February 25, 2016

Zootopia Movie Review

സൂട്ടോപ്പ്യ (Zootopia, 2016, English)
ഡിസ്നി സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങിയ പുതിയചിത്രമാണ് സൂട്ടോപ്പ്യ. ബോള്‍ട്ട്, ടാന്‍ഗിള്‍ഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ Byron Howardഉം Wreck it Ralphന്റെ സംവിധായകനായ Rich Mooreഉം Jared Bushഉം ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.മൃഗങ്ങള്‍ മാത്രമുള്ള ഒരു സാങ്കല്‍പ്പികലോകത്താണ് ചിത്രത്തിന്റെ കഥനടക്കുന്നത്.
കാലാതീതമായൊരു കാലം, ഉട്ടോപ്പിയപോലൊരു ദേശം. അവിടെ ഇരപിടിയന്മാരായ സിംഹങ്ങളും കടുവകളുമൊക്കെ തങ്ങളുടെ ഇരകളായ മുയലുകളുടെയും ആടുകളുടെയും മറ്റുമൊപ്പം ഒരു സാമൂഹികജീവിതം നയിക്കുകയാണ്. എങ്കിലും ശക്തികുറഞ്ഞ മുയലുകളെയും മറ്റും വലിയ മൃഗങ്ങള്‍ക്ക് പുച്ഛംതന്നെയാണ് പലപ്പോഴും. അവിടെ ജൂഡി ഹോപ്സ് എന്ന മുയല്‍പ്പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്‍പോട്ടുപോവുന്നത്. സൂട്ടോപ്പ്യ നഗരത്തിലെ പോലീസ് സേനയില്‍ ചേരാന്‍ കുട്ടിക്കാലംമുതല്‍ക്കേ ആഗ്രഹിക്കുന്ന ജൂഡി തന്റെ പരിശ്രമത്തിനൊടുവില്‍ അവിടെയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നു. അവരുടെ പോലീസ് സേനയിലെ ആദ്യമുയല്‍ ആണ് ജൂഡി. എന്നാല്‍ ഒരു മുയല്‍ ആണെന്നതിനാല്‍ ജൂഡിയ്ക്ക് ബുദ്ധിമുട്ടുള്ള ജോലികള്‍ ഒന്നുംതന്നെ നല്‍കാന്‍ department തയ്യാറാവുന്നില്ല. അതിനിടെയാണ് പലപ്പോഴായി കാണാതായ പതിനാല് സസ്തനികളെപ്പറ്റി ജൂഡി അറിയുന്നത്. തന്റെ കഴിവുതെളിയിക്കാനായി ജൂഡി ആ കേസ് ഏറ്റെടുക്കുന്നു. കേസന്വേഷണത്തിനിടെ നിക്ക് എന്നൊരു കുറുക്കച്ചാരും ജൂഡിയ്ക്കൊപ്പം കൂടുന്നു. തിരോധാനങ്ങളുടെ കാരണം അന്വേഷിക്കാന്‍ തുടങ്ങിയ ജൂഡിയെയും നിക്കിനെയും കാത്തിരുന്നത് കൂടുതല്‍ ഭീകരമായ കാര്യങ്ങളായിരുന്നു. ആ പ്രശ്നങ്ങളില്‍നിന്ന് ജൂഡിയും നിക്കും രക്ഷപ്പെടുമോ? കേസ് തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കുമോ? അതിനെത്തുടര്‍ന്ന് അവരെക്കാത്തിരുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? ഇതൊക്കെയാണ് ചിത്രത്തില്‍ പിന്നീട് നമുക്ക് കാണാന്‍ സാധിക്കുക.
വളരെ ആസ്വദനീയമായൊരു അനിമേഷന്‍ ചിത്രമെന്നതിനൊപ്പം മോശമല്ലാത്തൊരു ത്രില്ലര്‍ കൂടിയാണ് സൂട്ടോപ്പ്യ. ആദ്യാവസാനം നിറഞ്ഞമനസ്സോടെ ചിത്രം കാണുന്ന പ്രേക്ഷകര്‍ പലപ്പോഴും ഇനിയെന്തുസംഭവിക്കും എന്നോര്‍ത്ത് ആകാംക്ഷപ്പെടുകയും ചെയ്യും. ചിത്രത്തിലെ നുറുങ്ങുതമാശകളെല്ലാം ഏറെ രസിപ്പിക്കുന്നവയാണ്. നമ്മുടെലോകംപോലെത്തന്നെയുള്ള ഒരു parallel ലോകമാണ് സൂട്ടോപ്പ്യ എന്ന് കാണിക്കുന്നതിനായി ഉപയോഗിച്ച ചെറിയചെറിയ references ഒക്കെ രസകരമായിരുന്നു. ഈ പോസ്റ്ററിലെ പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ത്തന്നെ മനസ്സിലാവും. ചിരിയുടെ പൊടിപൂരമായിരുന്നു പലരംഗങ്ങള്‍ക്കും തീയറ്ററില്‍. പ്രധാനകഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ Ginnifer Goodwin, Jason Bateman എന്നിവര്‍ തങ്ങളുടെ ജോലി ഭംഗിയാക്കി. ഷക്കീരയുടെ കഥാപാത്രവും ഏറെ രസകരമായിരുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ദൃശ്യങ്ങളും ഉന്നതനിലവാരം പുലര്‍ത്തി.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പമിരുന്ന് ആസ്വദിച്ചുകാണാവുന്ന രസകരമായ ഒരു ചിത്രമാണ് സൂട്ടോപ്പ്യ. ഒട്ടും ബോറടിപ്പിക്കാത്ത, മനസ്സുനിറയ്ക്കുന്ന ഒന്ന്. ചിത്രം വലിയൊരു ഹിറ്റായിമാറും എന്നുതന്നെയാണ് തീയറ്ററില്‍ പ്രേക്ഷകരുടെ പ്രതികരണത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. കാണാന്‍ ശ്രമിക്കുക.

Franky Short Film Review

ഫ്രാങ്കി (Franky, 2016, English)

നിയോ ന്വോര്‍ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പൊതുവേ വിരളമാണ്. വളരെ മിനിമലിസ്റ്റിക്ക് ആയ treatment, മിതത്വം പാലിക്കുന്ന പ്രകടനങ്ങള്‍, പതിഞ്ഞ സംഭാഷണങ്ങള്‍ തുടങ്ങിയ കാര്യങ്ങളാല്‍ പൊതുജനത്തെ കയ്യിലെടുക്കാന്‍ സാധിക്കില്ല എന്നൊരു ധാരണകൊണ്ടാവാം അത്. ഇടയ്ക്ക് ചില പരീക്ഷണങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും ഇനിയും ഒരുപാട് explore ചെയ്യാന്‍ ബാക്കികിടക്കുന്ന ഒരു മേഖലയാണ് ഇത് എന്നാണ് എന്റെ അഭിപ്രായം. ഈയവസരത്തിലാണ് ഫ്രാങ്കി പ്രസക്തമാവുന്നത്. പതിനാറുമിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ് ഫ്രാങ്കി. പറയത്തക്ക യാതൊരു സിനിമാമുന്‍പരിചയവും അവകാശപ്പെടാനില്ലാത്ത അരുണ്‍ ഏലിയാസ്, ചിന്തു ജോസ് എന്നീ രണ്ടുചെറുപ്പക്കാരുടെ സംയുക്തസൃഷ്ടി. അണിയറയില്‍ പ്രവര്‍ത്തിച്ചവരും അഭിനേതാക്കളും പുതുമുഖങ്ങള്‍. എന്നിട്ടും ഹ്രസ്വചിത്രമേഖലയില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുന്നുണ്ട് ഇവര്‍, ഫ്രാങ്കിയിലൂടെ. നവയുഗസിനിമയുടെ ശംഖൊലി ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് മുഴങ്ങുന്ന ഇക്കാലത്ത് ഫ്രാങ്കിയും മാറ്റത്തിന്റെ വിത്തുകള്‍ പാവാന്‍ തന്റേതായരീതിയില്‍ ശ്രമിക്കുന്നുണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ! എന്നാല്‍ പല കൊമ്പന്‍സ്രാവുകളെക്കാളുമധികം ഇന്ത്യന്‍ സിനിമയുടെ മുന്നേറ്റത്തിലെക്കായി സംഭാവനചെയ്യാന്‍ സാധിക്കുന്നുണ്ട് ഫ്രാങ്കിയ്ക്ക്. അതിന്റെ അവതരണത്തിലെ തനതുശൈലിതന്നെയാവം കാരണം.
ഒരു മദ്ധ്യവയസ്കനും യുവാവും ഒരു പ്രത്യേകസാഹചര്യത്തില്‍ കണ്ടുമുട്ടുന്നു, അവരുടെ സംഭാഷണങ്ങളിലൂടെ കഥ വികസിക്കുന്നു. രണ്ടുപേര്‍ക്കും അവരവരുടേതായ ലക്ഷ്യങ്ങളുണ്ട്‌. അവരെ കൂട്ടിമുട്ടിക്കുന്ന ഒരു നിയോഗവും. ഇനിയെന്ത് സംഭവിക്കും എന്ന ചിന്തകൊണ്ട് പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്നരീതിയിലുള്ള ആഖ്യാനശൈലിയാണ് സംവിധായകര്‍ ഫ്രാങ്കിയില്‍ അവലംബിച്ചിരിക്കുന്നത്. ആകെ നാലോ അഞ്ചോ കഥാപാത്രങ്ങളെ മാത്രമാണ് നിങ്ങള്‍ക്കീചിത്രത്തില്‍ കാണാന്‍ സാധിക്കുക. തങ്ങളുടെ ആകാരംകൊണ്ടോ ഗാംഭീര്യംകൊണ്ടോ പ്രേക്ഷകനെ മയക്കുന്നരീതിയിലുള്ള പ്രത്യേകതകള്‍ ഒന്നുംതന്നെയില്ലാത്ത ചില സാധാരണക്കാര്‍. എന്നാല്‍ ഇവരോരോരുതരും ഫ്രാങ്കിയുടെ അവിഭാജ്യഘടകങ്ങളാണ്, തങ്ങളുടേതായ പ്രാധാന്യമുള്ളവര്‍. ഓരോ ഫ്രെയിമും പ്രാധാന്യമര്‍ഹിയ്ക്കുന്നതാണ്, വരാന്‍പോകുന്ന സംഭവങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നവ. ARMYയ്ക്ക്  YMRA എന്നും  POLICEന്  ECILOP എന്നും പേരുള്ള ഒരു ഉട്ടോപ്പ്യന്‍ സ്ഥലത്താണ് കഥനടക്കുന്നത്. ചിത്രമവസാനിയ്ക്കുമ്പോള്‍ പ്രേക്ഷകമനസ്സുകളില്‍ ഉളവാകുന്ന ഞെട്ടലും തരിപ്പും തങ്ങളുടെ ഉദ്യമത്തില്‍ സംവിധായകര്‍ വിജയിച്ചു എന്നുതന്നെയാണ് തെളിയിക്കുന്നത്. സിന്‍ സിറ്റി പോലുള്ള ചില ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കളര്‍ ടോണും ക്യാമറ ഉണ്ടെന്നുതോന്നിപ്പിക്കാത്തവിധത്തിലുള്ള ദൃശ്യങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. ഗോവിന്ദ് കെ സജി ചിത്രസംയോജനത്തിലും ഛായാഗ്രഹണത്തിലും ഇനിയും ഉയരങ്ങള്‍ കീഴടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നവയുഗചിത്രങ്ങളുടെ മുഖമുദ്രയായ മിതാഭിനയം വിജയകരമായി അഭിനേതാക്കളിലേക്ക് സന്നിവേശിപ്പിക്കാന്‍ ഫ്രാങ്കിയിലൂടെ സംവിധായകര്‍ക്ക് സാധിച്ചു എന്നുതന്നെവേണം പറയാന്‍. നടന്മാരെ കഥാപാത്രമായി ജീവിയ്ക്കാന്‍ വിടുകയും, അതേസമയം ബോധപൂര്‍വമല്ലാതെതന്നെ അവരെക്കൊണ്ട് മിതത്വം പാലിപ്പിയ്ക്കുകയും ചെയ്യുക എന്നത് ചെറിയൊരു കാര്യമല്ല. മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ആദര്‍ശ് മോഹന്‍, ജോണ്‍ സോജന്‍ എന്നിവര്‍ പ്രത്യേകപരാമര്‍ശം അര്‍ഹിയ്ക്കുന്നു. അസ്വാഭാവികത തൊട്ടുതീണ്ടിയിട്ടില്ലാത്ത, വിശ്വസനീയമായ ഇവരുടെ പ്രകടനങ്ങള്‍ ഇവരെ കൂടുതല്‍ ചിത്രങ്ങളില്‍ കാണാന്‍ പ്രേക്ഷകരെ മോഹിപ്പിക്കുന്നതാണ്. മദ്ധ്യവയസ്കന്റെ വേഷത്തിലെത്തിയ ആദര്‍ശിന്റെ മേക്കപ്പില്‍ ചില പോരായ്മകള്‍ കാണാമായിരുന്നെങ്കിലും ചിത്രത്തിന്റെ ബജറ്റും മറ്റും നോക്കിയാല്‍ അതൊക്കെ സൗകര്യപൂര്‍വ്വം മറന്നുകളയാവുന്നതേ ഉള്ളൂ. താരതമ്യേന ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട അനൂപ്‌ ജോണ്‍സണ്‍, ഹാസില്‍, അനൂപ്‌ ലൂക്കോസ്, സുധീഷ്‌, സിനു, സുബിന്‍ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.
ഒരു ന്വോര്‍ ചിത്രത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്‌ അതിന്റെ പശ്ചാത്തലസംഗീതം. അല്പം പാളിയാല്‍പ്പോലും ചിത്രത്തിന്റെ മൂഡിനെ പ്രതികൂലമായി ബാധിക്കാവുന്ന ഒന്ന്. പശ്ചാത്തലസംഗീതം over the top ആയതുകൊണ്ടുമാത്രം അനുഭവവേദ്യമാവാതെപോയ പല ചലച്ചിത്രശ്രമങ്ങളും താളുകള്‍ പിന്നോട്ടുമറിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ഫ്രാങ്കിയുടെ ഏറ്റവും ശക്തമായ മേഖലകളിലൊന്ന് പശ്ചാത്തലസംഗീതമാണ്. അമല്‍ വിശ്വനാഥ് എന്ന ചെറുപ്പക്കാരന്‍ തന്റെ ജോലി ഗംഭീരമാക്കിയപ്പോള്‍ അന്താരാഷ്‌ട്രചിത്രങ്ങളോട് കിടപിടിയ്ക്കുന്ന ഒരുപിടി ഈണങ്ങള്‍ ആണ് പ്രേക്ഷകനുലഭിച്ചത്. മറ്റുസാങ്കേതികമേഖലകളിലും ചിത്രം ഉയര്‍ന്ന നിലവാരം പുലര്‍ത്തി.
സിനിമയെ മോഹിയ്ക്കുന്ന ഓരോരുത്തര്‍ക്കും പ്രചോദനമാണീ ചിത്രം. പരിമിതമായ resources ഉപയോഗിച്ചും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന നല്ലൊരു കലാസൃഷ്ടി ഒരുക്കാം എന്ന് തെളിയിക്കുന്ന ഒന്ന്. ആദ്യാവസാനം പ്രേക്ഷകനെ ആകാംക്ഷാഭരിതനാക്കുന്ന മികച്ചൊരു ഉദ്യമം. ഈ ശനിയാഴ്ച ചിത്രം യുട്യൂബിലൂടെ നിങ്ങള്‍ക്കുമുന്നിലേയ്ക്കെത്തുകയാണ്. തീര്‍ച്ചയായും കാണാന്‍ ശ്രമിയ്ക്കുക.

ചിത്രത്തിന്റെ  ടീസര്‍ ഇവിടെ കാണാം: Franky Teaser in Facebook
ചിത്രം ഇവിടെക്കാണാം: Franky

Wednesday, February 24, 2016

The Mermaid Movie Review

ദ മെര്‍മെയ്ഡ് (The Mermaid, 2016, Mandarin)
ഷാവോലിന്‍ സോക്കര്‍, കുങ്ങ്ഫു ഹസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്താരാഷ്‌ട്രശ്രദ്ധ പിടിച്ചുപറ്റിയ ചൈനീസ് സംവിധായകന്‍ സ്റ്റീഫന്‍ ചൗവ്വിന്റെ പുതിയ ചിത്രമാണ് ദ മെര്‍മെയ്ഡ്. Deng Chao, Lin Yun, Show Luo തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരുകൂട്ടം മത്സ്യമനുഷ്യരുടെ കഥയാണ് പറയുന്നത്.
Liu Xuan എന്ന ബിസിനസ്മാന്‍ തന്റെ കടല്‍സംബന്ധമായ ഒരു പ്രോജക്ടിനുവേണ്ടി ഒരു കടല്‍ത്തീരം വിലയ്ക്കുവാങ്ങുകയും അവിടത്തെ ജീവജാലങ്ങളെ സോണാര്‍ എന്നൊരു അപകടകരമായ ഉപകരണം ഉപയോഗിച്ച് തുടച്ചുനീക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒട്ടേറെ മത്സ്യമനുഷ്യരുടെ വാസസ്ഥലമായിരുന്നു അത്. സോണാറിന്റെ ശക്തിയില്‍ ഏറെ മത്സ്യമനുഷ്യര്‍ മരിച്ചുപോവുകയും കുറേപ്പേര്‍ രോഗബാധിതരാവുകയും ചെയ്യുന്നു. ബാക്കിയുള്ള മത്സ്യമനുഷ്യര്‍ ഒരു ഇടത്താവളം കണ്ടെത്തി അവിടെവെച്ച് തങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണക്കാരനായ Liu Xuanനോട്‌ പകരംവീട്ടാന്‍ തീരുമാനിക്കുന്നു. തന്റെ വാലില്‍ ബാലന്‍സ് ചെയ്തുകൊണ്ട് മനുഷ്യരെപ്പോലെ നടക്കാന്‍ പരിശീലിച്ച ഷാന്‍ എന്ന മത്സ്യകന്യകയെ മനുഷ്യവേഷം കെട്ടിച്ച് Liu Xuanനെ വധിക്കാനായി മത്സ്യമനുഷ്യര്‍ അയയ്ക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.
ചെറിയചെറിയ ഹാസ്യരംഗങ്ങള്‍കൊണ്ടും നുറുങ്ങുതമാശകള്‍കൊണ്ടും ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നതില്‍ സംവിധായകന്‍ വിജയം കണ്ടു. അതോടൊപ്പംതന്നെ socially relevant ആയൊരു പ്രശ്നത്തെ ഫാന്റസിയുടെ മൂടുപടമിടുവിച്ചുകൊണ്ട് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയും സഹജീവിസ്നേഹത്തിന്റെ ആവശ്യകത രസകരമായിത്തന്നെ പ്രേക്ഷകന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. വിശ്വസനീയമായ vfx, sfx, cgi തുടങ്ങിയവയും മികച്ചുനില്‍ക്കുന്ന പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മാറ്റുകൂട്ടി.
അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിന്റെ മുഖ്യാകര്‍ഷണങ്ങളില്‍ ഒന്നാണ്. നായികാകഥാപാത്രത്തെ അവതരിപ്പിച്ച Show Luo തന്റെ വേഷം മനോഹരമാക്കി. ഇനിയുമേറെ മികച്ച വേഷങ്ങള്‍ ഇവര്‍ക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. Deng Choയുടെ നായകവേഷവും മികച്ചതായിരുന്നു. മറ്റുനടീനടന്മാരും നല്ലരീതിയില്‍ത്തന്നെ തങ്ങളുടെ വേഷം കൈകാര്യം ചെയ്തു.
ഈ വര്‍ഷത്തെ ചൈനീസ് ന്യൂ ഇയര്‍ സീസണില്‍ റിലീസ് ചെയ്ത ചിത്രം വമ്പിച്ച കളക്ഷനോടെ മുന്നേറുകയാണ്. ചൈനീസ് സിനിമാചരിത്രത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി മെര്‍മെയ്ഡ് മാറിക്കഴിഞ്ഞു. ഇതുവരെ ഏകദേശം അഞ്ഞൂറുമില്യണ്‍ USDയാണ് ചിത്രത്തിന്റെ കളക്ഷന്‍. ഇപ്പോഴും നിറഞ്ഞസദസ്സില്‍ത്തന്നെ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ത്രീഡിയിലുള്ള ഇംഗ്ലീഷ് ഡബ്ബും പുറത്തിറക്കാന്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഫാന്റസി ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ ആസ്വദിച്ചുകണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് മെര്‍മെയ്ഡ്. കാണാന്‍ ശ്രമിക്കുക.

Tuesday, February 9, 2016

Visaranai Movie Review

വിസാരണൈ (Visaranai, 2016, Tamil)
പൊല്ലാതവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ക്കുശേഷം വെട്രിമാരന്റെ മൂന്നാമത്തെ സംവിധാനസംരംഭം എന്നനിലയില്‍ ഏറെ പ്രതീക്ഷയുള്ളൊരു ചിത്രമായിരുന്നു വിസാരണൈ. ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ പ്രതീക്ഷകള്‍ ഏറെ വര്‍ദ്ധിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നെങ്കിലും പിന്നീട് ഒരുവര്‍ഷത്തോളം ഈ ചിത്രത്തെക്കുറിച്ച് ഒന്നും കേട്ടില്ല. അങ്ങനെയിരിക്കെയാണ് ഈയിടെ ചിത്രം റിലീസായവിവരം മനസ്സിലാക്കിയത്. പൊതുവേ ഇവിടത്തെ സെന്‍സര്‍ബോര്‍ഡിന് വയലന്‍സ് ഇഷ്ടമല്ലാത്തതുകൊണ്ട് ധാരാളം കട്ടുകള്‍ ഉണ്ടാകുമെന്ന് മനസ്സില്‍ ഉറപ്പിച്ചെങ്കിലും എന്തായാലും കാണാന്‍തന്നെ തീരുമാനിച്ചു. ആ തീരുമാനം എന്തായാലും തെറ്റായില്ല. വളരെ മികച്ചൊരു ചലച്ചിത്രാനുഭവംതന്നെയായിമാറി വിസാരണൈ. എം.ചന്ദ്രകുമാര്‍ എന്നാ ഓട്ടോറിക്ഷാഡ്രൈവര്‍ സ്വന്തം ദുരനുഭവങ്ങളെ ആസ്പദമാക്കിരചിച്ച ലോക്കപ്പ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അട്ടക്കത്തി ദിനേഷ്, സമുദ്രക്കനി, ആടുകളം മുരുഗദോസ്, കിഷോര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
തന്റെ നാട്ടില്‍ ജോലിയില്ലാത്തതിനാല്‍ ആന്ധ്രാപ്രദേശിലെ ഒരു ഗ്രാമത്തില്‍ വന്ന് അവിടത്തെ ഒരു പലചരക്കുകടയില്‍ ജോലിചെയ്യുകയാണ് പാണ്ടി. വാടകയ്ക്ക് വീടെടുത്തുതാമസിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ ഒരു പാര്‍ക്കിലാണ് പാണ്ടിയും സമാനാവസ്ഥയിലുള്ള കൂട്ടുകാരും അന്തിയുറങ്ങുന്നത്. അങ്ങനെയിരിക്കെ ഒരുനാള്‍ പാണ്ടിയെയും കൂട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി സ്റ്റേഷനില്‍വെച്ച് ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങുന്നു. എന്താണ് കാരണമെന്നുപോലും അറിയാത്ത അവസ്ഥയിലാണ് പാണ്ടിയും കൂട്ടരും. ഒരു മോഷണക്കേസ് പെട്ടെന്ന് ക്ലോസ് ചെയ്യണം എന്ന അവസ്ഥയില്‍ യഥാര്‍ത്ഥപ്രതികളെ കിട്ടാത്തതിനാല്‍ പാണ്ടിയെയും കൂട്ടരെയും മര്‍ദ്ദിച്ച് കുറ്റം ഏല്‍പ്പിക്കുക എന്നതാണ് പോലീസിന്റെ ലക്ഷ്യം എന്ന് അവര്‍ പിന്നീടുമനസ്സിലാക്കുന്നു. എന്നാല്‍ ചെയ്യാത്ത കുറ്റം ഏല്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് പാണ്ടി തീര്‍ത്തുപറയുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ സംവിധായകന്‍ പ്രേക്ഷകനുമുന്നില്‍ അവതരിപ്പിക്കുന്നത്.
ആദ്യപകുതിയില്‍ ശാരീരികപീഡനമുറകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുപോകുന്ന മറ്റൊരു സാധാരണസിനിമമാത്രമാണോ ഇതെന്ന് സംശയം തോന്നിയെങ്കിലും ആദ്യപകുതിയുടെ അവസാനത്തോടെ കഥയില്‍ ഒരു വഴിത്തിരിവ് ഉണ്ടാവുന്നു. നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥിതിയുടെ ഒരു നേര്‍ക്കാഴ്ചയാവുകയാണ് ചിത്രം പിന്നീട്. ഒരുനിമിഷംപോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ ആദ്യാവസാനം പിടിച്ചിരുത്തുന്നുണ്ട് ചിത്രം. വളരെ സത്യസന്ധവും മികച്ചതുമായൊരു ending ചിത്രത്തിനുണ്ട്. ഇന്നത്തെ സമൂഹത്തില്‍ ആരാണ് സുരക്ഷിതര്‍ എന്ന ചോദ്യം പ്രേക്ഷകമനസ്സുകളില്‍ അവസാനിപ്പിക്കുന്നുണ്ട് ചിത്രത്തിന്റെ ending. കലര്‍പ്പില്ലാത്ത ആഖ്യാനശൈലി ചിത്രത്തിന്റെ വലിയൊരു മുതല്‍ക്കൂട്ടാണ്. വളരെ സ്വാഭാവികമായ, raw ആയ പ്രകടനങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. അട്ടക്കത്തി ദിനേഷ്, സമുദ്രക്കനി തുടങ്ങിയവരുടെ പ്രകടനങ്ങള്‍ എടുത്തുപറയേണ്ടവയാണ്. ചെറിയവേഷങ്ങള്‍ ചെയ്ത നടീനടന്മാര്‍പോലും തങ്ങളുടെ പ്രകടനത്താല്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു. ക്രൂരമായ ചില ഹാസ്യരംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഗാനങ്ങളില്ലാത്ത ചിത്രത്തില്‍ പശ്ചാത്തലസംഗീതം സാമാന്യം നിലവാരം പുലര്‍ത്തിയെങ്കിലും ചിലയിടങ്ങളിലെങ്കിലും പഴയ തമിഴ് ചിത്രങ്ങളെ ഓര്‍മ്മിപ്പിച്ചു. മറ്റുസാങ്കേതികമേഖലകളില്‍, പ്രത്യേകിച്ച് ചിത്രസംയോജനത്തിലും വര്‍ണ്ണസന്നിവേശത്തിലും മറ്റും ചിത്രം ഉയര്‍ന്ന നിലവാരം പുലര്‍ത്തി.
ക്രൂരമാംവിധം സ്വാഭാവികമായ മികച്ചൊരു സോഷ്യല്‍ ത്രില്ലറാണ് വിസാരണൈ. വെട്രിമാരന്‍ എന്ന സംവിധായകന്റെ കഴിവ് ഒരിക്കല്‍ക്കൂടി എടുത്തുകാട്ടുന്ന ഒന്ന്. തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക.

Sunday, February 7, 2016

People Places Things Movie Review

പീപ്പിള്‍ പ്ലേസസ് തിങ്ങ്സ്‌ (People Places Things, 2015, English)
ചിലചിത്രങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ നമുക്ക് ആ ചിത്രം കാണാന്‍ തോന്നും. അങ്ങനെ കണ്ടൊരു ചിത്രമാണിത്. ജെയിംസ് സി. സ്ട്രൗസ് സംവിധാനം ചെയ്ത് ജെമൈന്‍ ക്ലെമന്റ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പീപ്പിള്‍ പ്ലേസസ് തിങ്ങ്സ്‌. റെജീന ഹാള്‍, സ്റ്റെഫാനി അലീന്‍, ജെസിക വില്യംസ് തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാന്ദര്‍ഭികഹാസ്യത്തില്‍ അധിഷ്ഠിതമായ ഒന്നാണ്. തന്റെ ഭാര്യ പിരിഞ്ഞുപോയശേഷം ഒരാള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തന്റെ മക്കളുടെ അഞ്ചാംപിറന്നാളിന്റെ അന്ന് തന്റെ ഭാര്യ മറ്റൊരാളുമായി ബന്ധത്തിലാണെന്ന് വില്‍ മനസ്സിലാക്കുന്നു. വില്ലിനെ ഉപേക്ഷിച്ച് പുതിയ സുഹൃത്തിനൊപ്പം പോകുന്ന വില്ലിന്റെ ഭാര്യ ചാര്‍ലി അവര്‍ക്കൊപ്പം അവരുടെ മക്കളെയും കൊണ്ടുപോവുന്നു. തന്റെ ജോലിയും ഒഴിവുസമയങ്ങളിലുള്ള ഗ്രാഫിക് നോവല്‍ രചനയുമായി മുന്നോട്ടുപോവുന്ന വില്ലിന്റെയടുത്ത് ഒരുദിവസം ചാര്‍ലി തന്റെ മക്കളെ ഏല്‍പ്പിക്കുന്നു. പൊതുവേ അലസജീവിതം നയിക്കുന്ന വില്ലിന് മക്കളെ ഒറ്റയ്ക്കുനോക്കാനുള്ള പ്രാപ്തി വേണ്ടുവോളം ഇല്ലതാനും. അങ്ങനെ രസകരമായ സംഭവങ്ങളിലൂടെ ചിത്രം മുന്നോട്ടുപോവുന്നു. വളരെ സാധാരണയായ ജീവിതങ്ങള്‍തന്നെയാണ് നമുക്ക് ചിത്രത്തിലുടനീളം കാണാന്‍ സാധിക്കുന്നത് എന്നതിനാല്‍ എല്ലാത്തിനെയും മാറ്റിമറിക്കുന്ന ഒരു ക്ലൈമാക്സ് അല്ല ചിത്രത്തിന്, മറിച്ച് ചെറിയ ശുഭപ്രതീക്ഷ പ്രേക്ഷകമനസ്സുകളില്‍ ഉളവാക്കുന്നവിധത്തിലുള്ള ചെറിയൊരു വഴിത്തിരിവിലൂടെയാണ് ചിത്രം അവസാനിക്കുന്നത്. ഒന്നരമണിക്കൂറില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ചിത്രം ഒട്ടും ബോറടിപ്പിക്കാതെ കടന്നുപോവുന്നുണ്ട്. ആത്മാര്‍ഥമായ പ്രകടനങ്ങളും ജീവിതത്തോടുചേര്‍ന്നുനില്‍ക്കുന്ന രസകരമായ സംഭാഷണശകലങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. ഏറെ ചിരിപ്പിക്കുന്ന പല കഥാസന്ദര്‍ഭങ്ങളും ചിത്രത്തിലുണ്ട്.
ആദ്യാവസാനം ഒരു ചെറുപുഞ്ചിരിയോടെ കാണാവുന്ന ഒരു കൊച്ചുചിത്രം, അതാണ്‌ പീപ്പിള്‍ പ്ലേസസ് തിങ്ങ്സ്‌. കാണാന്‍ ശ്രമിക്കുക.

Natsamrat Movie Review

നടസമ്രാട്ട് (Natsamrat, 2016, Marathi)
മഹേഷ്‌ മഞ്ജരേക്കര്‍ സംവിധാനം ചെയ്ത് നാനാ പടേക്കര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പുതിയ മറാത്തി ചിത്രമാണ് നടസമ്രാട്ട്. ഒരു നാടകനടന്റെ വിരമിച്ചതിനുശേഷമുള്ള ജീവിതകഥ പറയുന്ന ചിത്രത്തില്‍ നാനാ പടേക്കറിനൊപ്പം സംവിധായകന്റെ ഭാര്യയായ മേധാ മഞ്ജരേക്കര്‍, വിക്രം ഗോഖലെ, മൃണ്‍മയി ദേശ്പാണ്ഡേ തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് താര്യാഞ്ചെ ബൈട് എന്നചിത്രത്തിന്റെ സംവിധായകനായ കിരണ്‍ യദ്ന്യോപവിട്, വാസിര്‍, ശൈത്താന്‍ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാക്കളില്‍ ഒരാളായ അഭിജിത്ത് ദേശ്പാണ്ഡേ എന്നിവര്‍ ചേര്‍ന്നാണ്. 1970ല്‍ അരങ്ങേറപ്പെട്ട ഇതേപേരിലുള്ള കുസുമാഗ്രജിന്റെ നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
ഗണ്‍പത് രാമചന്ദ്ര ബെല്‍വാല്‍ക്കാര്‍ എന്ന നാടകനടന്‍ തന്റെ വേദിയിലെ പ്രകടനംകൊണ്ട് നടസമ്രാട്ട് എന്ന പട്ടം നേടിയ ആളാണ്‌. പ്രായമായപ്പോള്‍ തന്റെ അഭിനയജീവിതം മതിയാക്കി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ജീവിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നു. എന്നാല്‍ ഉള്ളില്‍ നിറഞ്ഞ കലയാല്‍ അദ്ദേഹത്തെ വിടാതെപിടികൂടിയ അദ്ദേഹത്തിന്റെ eccentric ആയ ജീവിതശൈലികള്‍ മൂലം അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പിന്നീട് നമ്മള്‍ പ്രതീക്ഷിക്കുന്നരീതിയില്‍ത്തന്നെയാണ് കാര്യങ്ങള്‍ പോവുന്നത്. മകന്റെ ഭാര്യയുമായുള്ള വഴക്കും അവരുടെ വീട്ടില്‍നിന്ന് മാറി മകളുടെ കൂടെ താമസിക്കാന്‍ ചെല്ലുന്നതും പിന്നീട് അവിടെയും പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും, അങ്ങനെ പലപ്പോഴായി കണ്ടുമറന്ന സംഭവങ്ങളുടെ ഒരു സീരീസ്. ഒടുവില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുപോലുള്ള ഒരു അവസാനവും. എന്നാല്‍ ഇത്തരത്തിലുള്ളൊരു സാധാരണകഥയാണെങ്കില്‍ക്കൂടി മറ്റുപലകാര്യങ്ങളാല്‍ ആ കുറവ് നികത്താന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. മികച്ച കഥാസന്ദര്‍ഭങ്ങളും ഒട്ടും ബോറടിപ്പിക്കാത്ത ആഖ്യാനശൈലിയും ചിത്രത്തെ ആസ്വദനീയമാക്കി. പ്രത്യേകിച്ചും ആദ്യപകുതിയില്‍ മനസ്സിനെ സ്പര്‍ശിക്കുന്ന ഏറെ രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് മുന്‍പുതന്നെ വ്യക്തമായി അറിയാമെങ്കില്‍ക്കൂടി സംഭാഷണങ്ങളുടെ മികവുമൂലം ഏറെ ഹൃദയസ്പര്‍ശിയായിത്തീരുന്നുണ്ട് ആ രംഗങ്ങളൊക്കെ.
ഇതൊന്നുമല്ല എന്നാല്‍ ചിത്രത്തിന്റെ ഏറ്റവും വലിയ highlight, മറിച്ച് ഗണ്‍പത്റാവുവായി നിറഞ്ഞാടിയ നാനാ പടേക്കര്‍തന്നെയാണ്. എഴുന്നേറ്റുനിന്ന് കയ്യടിക്കാന്‍ തോന്നുന്നവിധത്തിലുള്ള പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ദേശീയ അവാര്‍ഡുകളില്‍ മികച്ചനടന്മാരുടെ ലിസ്റ്റില്‍ ഇദ്ദേഹവും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നത് നിസംശയം പറയാവുന്ന കാര്യമാണ്. അല്പം eccentric ആയ കഥാപാത്രത്തെ അത്യന്തം പൂര്‍ണ്ണതയോടെ അദ്ദേഹം അവതരിപ്പിച്ചു, പറയാന്‍ വാക്കുകളില്ല, കണ്ടുതന്നെ അനുഭവിക്കുക. ഇതിലും നന്നായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കുമോ എന്ന് സംശയമാണ്. കമലഹാസന് ഒരുപക്ഷേ തന്റെ താരപരിവേഷം പൂര്‍ണ്ണമായും അഴിച്ചുവെച്ചാല്‍ പറ്റുമായിരിക്കും, ഇതിനോടുകിടപിടിയ്ക്കുന്ന രീതിയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍. ഗണ്‍പത്റാവുവിന്റെ സുഹൃത്തായ റാംഭാവുവായി വിക്രം ഗോഖലെയും, ഭാര്യയായി മേധാ മഞ്ജരേക്കറും വിസ്മയിപ്പിച്ചു. ചില ഹിന്ദി സിനിമകളില്‍ കമ്മീഷണറുടെയും മന്ത്രിയുടെയും ഒക്കെ വേഷം ചെയ്യുന്ന വിക്രം ഗോഖലെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു ഈ വേഷത്തില്‍. അതുപോലെ മേധാ മഞ്ജരേക്കര്‍. ആകെ വളരെക്കുറച്ചുസിനിമകളേ ഇവര്‍ ചെയ്തിട്ടുള്ളൂ എന്നാണ് ഇന്റര്‍നെറ്റില്‍നിന്ന് അറിയാന്‍ സാധിച്ചത്. കൂടുതല്‍ അവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കട്ടെ. മറ്റുവേഷങ്ങള്‍ ചെയ്ത നടീനടന്മാരും തങ്ങളുടെ ജോലി ഭംഗിയാക്കി. എബ്രഹാം ആന്‍ഡ്‌ ലിങ്കന്‍ എന്ന പ്രമോദ് പപ്പന്‍ ക്ലാസ്സിക്കിലെ നായികമാരില്‍ ഒരാളായ നേഹാ പെണ്ട്സേ ഈ ചിത്രത്തില്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്റെ കലാസംവിധാനം മികവുറ്റതായിരുന്നു. എണ്‍പതുകളിലെ ഭാരതം നല്ലരീതിയില്‍ പുനര്‍സൃഷ്ടിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു.
ആദ്യാവസാനം ഒരു നാനാ പടേക്കര്‍ ഷോ, അതാണ്‌ ഈ ചിത്രം. ഓരോ കലാസ്നേഹിയും കണ്ടിരിക്കേണ്ട ഒന്ന് എന്നൊക്കെ പറയാം. കാണാന്‍ ശ്രമിക്കുക.

Gour Hari Dastaan Movie Review

ഗൗര്‍ ഹരി ദാസ്താന്‍ (Gour Hari Dastaan, 2015, Hindi)
ഗൗര്‍ ഹരിദാസ് എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ ജീവിതത്തെ ആസ്പദമാക്കി അനന്ത് മഹാദേവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗൗര്‍ ഹരി ദാസ്താന്‍. അനന്ത് മഹാദേവനും പ്രശസ്തസാഹിത്യകാരനായ സി.പി.സുരേന്ദ്രനും ചേര്‍ന്ന് ചിത്രത്തിന്റെ രചനനിര്‍വഹിച്ചു. വിനയ് പാഠക് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ രണ്‍വീര്‍ ഷോരെ, കൊങ്കണ സെന്‍ ശര്‍മ, തനിഷ്ഠ ചാറ്റര്‍ജി തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അവസാനവര്‍ഷങ്ങളില്‍ വാനരസേനയില്‍ പ്രവര്‍ത്തിച്ച ഒരു കുട്ടിയ്ക്ക് അയാള്‍ വളര്‍ന്നുവലുതായശേഷം നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് ചിത്രം പറയുന്നത്.
താന്‍ സ്വാതന്ത്ര്യസമരസേനാനി ആണെന്ന് തെളിയിക്കാന്‍ മതിയായ രേഖകള്‍ ഇല്ലെന്നതിനാല്‍ ആ പേര് നിഷേധിക്കപ്പെട്ടവനാണ് ഗൗര്‍ ഹരിദാസ്‌. കുട്ടിക്കാലത്ത് വാനരസേനയില്‍ പ്രവര്‍ത്തിക്കുകയും തൊണ്ണൂറുദിവസത്തോളം ഒറീസ്സയിലെ ഒരു ജയിലില്‍ കിടക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കയ്യില്‍ ആകെയുള്ളത് ജയിലില്‍ കിടന്ന രേഖകളും വീര്യംചോരാത്ത ഓര്‍മ്മകളും മാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം മുംബൈയിലേക്ക് താമസംമാറിയ അദ്ദേഹം പിന്നീട് സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന താമ്രപത്രത്തിനായി അപേക്ഷിച്ചെങ്കിലും മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ആ അപേക്ഷ ഉദ്യോഗസ്ഥര്‍ നിരസിക്കുന്നു. അത് ലഭിക്കാനായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. ഏറെ വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കൊടുവില്‍ തന്റെ എണ്‍പത്തിനാലാംവയസ്സിലാണ് അദ്ദേഹത്തിന് തന്റെ അവകാശം പതിച്ചുനല്‍കപ്പെടുന്നത്. വേണ്ടസമയത്ത് ലഭിക്കാത്ത ഒന്നിന് പിന്നീട് എന്തുവിലയാണുള്ളത് എന്നചോദ്യം ചിത്രം മുന്നോട്ടുവെയ്ക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയും ഇപ്പോഴത്തെ ഇന്ത്യയും തമ്മിലുള്ള വളരെ അര്‍ത്ഥവത്തായ താരതമ്യവും ചിത്രത്തില്‍ കാണാം. മികച്ച പല രംഗങ്ങള്‍കൊണ്ടും സമ്പുഷ്ടമാണെങ്കിലും ചിത്രം വളരെ മെല്ലെ മുന്നോട്ടുനീങ്ങുന്ന ഒന്നാണ്. എങ്കിലും ക്ഷമിച്ചിരുന്നുകണ്ടാല്‍ മികച്ചൊരു അനുഭവംതന്നെയാണ് ഗൗര്‍ ഹരി ദാസ്താന്‍.
വിനയ് പാഠക് എന്നനടന്റെ കരിയറിലെതന്നെ മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രത്തിലെ ഗൗര്‍ ഹരിദാസ്. ആ കഥാപാത്രത്തിന് വിവിധ കാലാന്തരങ്ങളില്‍ വരുന്ന മാറ്റങ്ങളും ഓരോ ചെറിയ സ്വഭാവവൈശിഷ്യങ്ങളും മറ്റും അദ്ദേഹം ഗംഭീരമാക്കി. ശരിക്കും ചിത്രത്തെ തോളിലേറ്റി എന്നൊക്കെ പറയാവുന്ന പ്രകടനം. ഇത്തവണത്തെ ദേശീയ അവാര്‍ഡുകളില്‍ മികച്ചനടന്റെ സ്ഥാനത്തേയ്ക്കുള്ള ലിസ്റ്റില്‍ മുന്‍പന്തിയില്‍ ഇദ്ദേഹവും ഉണ്ടാകും എന്നുറപ്പാണ്. ചിത്രം കഴിഞ്ഞാലും ഗൗര്‍ ഹരിദാസ് പ്രേക്ഷകമനസ്സുകളില്‍ തങ്ങിനില്‍ക്കുന്നവിധത്തിലുള്ള കറയറ്റ പ്രകടനം. അദ്ദേഹത്തിന്റെ പ്രകടനത്തിനുമുന്‍പില്‍ നിഴലായി ഒതുങ്ങാനായിരുന്നു മറ്റുനടീനടന്മാരുടെ യോഗം എങ്കിലും കൊങ്കണ സെന്‍ ശര്‍മ ഗൗര്‍ ഹരിദാസിന്റെ പത്നിയുടെ വേഷം മികവുറ്റതാക്കി. മറ്റുള്ളവരും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി. വിക്കിപീഡിയയില്‍ വേറെയും കുറേപ്പേര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു എന്ന് കണ്ടെങ്കിലും അവരില്‍ പലരെയും ചിത്രത്തില്‍ കാണാന്‍ സാധിച്ചില്ല. ഒരുപക്ഷേ ദൈര്‍ഘ്യം എറിയതുമൂലം കട്ട്‌ ചെയ്തതാവാം. ഒരിക്കലും ഒരു പോസിറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധ്യതയില്ലെന്ന് മറ്റുചിത്രങ്ങള്‍ കണ്ടപ്പോള്‍ തോന്നിയ ഭരത് ദഭോല്‍ക്കര്‍ എന്ന നടന്‍ ഇതില്‍ ചെറുതെങ്കിലും നല്ലൊരു വേഷം അവതരിപ്പിച്ചത് കൗതുകമുണര്‍ത്തി. മറ്റുസാങ്കേതികമേഖലകളില്‍ ചിത്രം നല്ല നിലവാരം പുലര്‍ത്തി. സി.പി. സുരേന്ദ്രന്റെ ഡയലോഗുകള്‍ മികച്ചുനിന്നു. അവസാനത്തെ ക്രെഡിറ്റ്‌സിന്റെ സമയത്ത് കേള്‍ക്കാവുന്ന എല്‍.സുബ്രഹ്മണ്യം ചിട്ടപ്പെടുത്തിയ ഗാനവും നന്നായിരുന്നു.
പ്രതിപാദിക്കുന്ന വിഷയംകൊണ്ടും ശക്തമായ പ്രകടനങ്ങള്‍കൊണ്ടും കണ്ടിരിക്കേണ്ട മികച്ചൊരു ചലച്ചിത്രാനുഭവമാണ് ഗൗര്‍ ഹരി ദാസ്താന്‍. കാണാന്‍ ശ്രമിക്കുക.

Friday, February 5, 2016

Sanam Teri Kasam Movie Review

സനം തേരി കസം (Sanam Teri Kasam, 2016, Hindi)
രാധികാ റാവു, വിനയ് സപ്രു ദ്വയം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സനം തേരി കസം. ഇതേ പേരില്‍ ബോളിവുഡില്‍ നിര്‍മ്മിക്കപ്പെട്ട മൂന്നാമത്തെ ചിത്രമാണിത്. തെലുങ്ക് നടനായ ഹര്‍ഷവര്‍ദ്ധന്‍ റാണെ, പാകിസ്ഥാനി അഭിനേത്രി മാവ്ര ഹുസൈന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹിമേഷ് റേഷമ്മിയ ആണ്. തന്റെ looksനെപ്പറ്റി അപകര്‍ഷതയുള്ള ഒരു പെണ്‍കുട്ടിയുടെയും വീട്ടുകാരില്‍നിന്നകന്നുജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്.
മുംബൈയില്‍ ജീവിക്കുന്ന ഒരു തെലുങ്ക് ബ്രാഹ്മണകുടുംബത്തിലെ അംഗമാണ് സരസ്വതി അഥവാ സരു. അച്ഛനമ്മമാരുടെയും ഇളയസഹോദരിയുടെയും കൂടെ ജീവിക്കുന്ന സരുവിനെ താന്‍ സുന്ദരിയല്ല എന്ന അപകര്‍ഷത വേട്ടയാടുന്നു. സരുവിന് വിവാഹമാലോചിക്കുന്ന ചെറുപ്പക്കാരെല്ലാംതന്നെ വിവാഹത്തില്‍നിന്ന് പിന്മാറുന്നതിനാല്‍ സരുവിന്റെ വിവാഹം നടക്കാതിരിക്കുകയും അതുമൂലമുള്ള കുറ്റപ്പെടുത്തലുകള്‍ സരുവിനെ വേട്ടയാടുകയും ചെയ്യുന്നു. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായ ചില സംഭവപരമ്പരകള്‍ക്കുശേഷം സരുവും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ മറ്റൊരു ഫ്ലോറില്‍ താമസിക്കുന്ന ഇന്ദര്‍ എന്ന ചെറുപ്പക്കാരന്‍ സരുവിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്.
ചിത്രത്തിന്റെ കഥ അധികം കേട്ടുപഴകിയതല്ലെങ്കിലും കുറച്ച് outdated ആയിത്തോന്നി. ഈ പോരായ്മയെ ഒരുവിധമൊക്കെ മറയ്ക്കാന്‍ ബോറടിപ്പിക്കാതെ മുന്നോട്ടുപോവുന്നവിധത്തിലുള്ള കഥാസന്ദര്‍ഭങ്ങള്‍ക്കും ചിത്രത്തോടുചേര്‍ന്നുനില്‍ക്കുന്ന ഗാനങ്ങള്‍ക്കും സാധിച്ചു. എങ്കിലും അവസാനത്തെ അരമണിക്കൂര്‍ പ്രേക്ഷകന്റെ ക്ഷമപരീക്ഷിക്കുന്നതായിരുന്നു. ആ രംഗങ്ങളൊക്കെ ഏറെ വലിച്ചുനീട്ടപ്പെട്ടപോലെത്തോന്നി. ഇക്കാരണത്താല്‍ത്തന്നെ അതുവരെ ചിത്രം കാണുമ്പോള്‍ ഉണ്ടായ ഒരു സംതൃപ്തിയോടെ ചിത്രം കണ്ടുതീര്‍ക്കാന്‍ പ്രേക്ഷകന് സാധിക്കുമോ എന്ന് സംശയമാണ്. Emotional scenes ഒന്ന് tone down ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടെ impact പ്രേക്ഷകമനസ്സുകളില്‍ ഉണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചേനെ.
സരുവായി വേഷമിട്ട മാവ്ര ഹുസൈന്‍ എന്ന നടിയുടെ മികച്ചപ്രകടനംതന്നെയാണ് ചിത്രത്തിന്റെ highlightsല്‍ ഒന്ന്. വളരെ മികച്ചപ്രകടനമായിരുന്നു അവരുടേത്. വളരെ വിശ്വസനീയമായൊരു makeoverഉം അവര്‍ നല്ലരീതിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം. നായകനായ ഇന്ദറിനെ അവതരിപ്പിച്ച ഹര്‍ഷവര്‍ദ്ധന്‍ റാണെയും തന്റെ വേഷം മോശമാക്കിയില്ല. മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ച മനീഷ് ചൗധരി, മുരളി ശര്‍മ, പ്യുമൊരി മേഹ്ത തുടങ്ങിയവരും തങ്ങളുടെ ജോലി വൃത്തിയായി ചെയ്തു. വിജയ്‌ രാസിന്റെ നല്ലൊരു അതിഥിവേഷവും മികച്ചുനിന്നു. കഥാസന്ദര്‍ഭങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന മികച്ച ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. പശ്ചാത്തലസംഗീതവും മികവുപുലര്‍ത്തി. Editing കുറച്ചുകൂടെ ക്രിസ്പ് ആക്കാമായിരുന്നു എന്നാണെന്റെ അഭിപ്രായം.
അവസാനത്തെ അരമണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ദുഃഖഭരിതരംഗങ്ങള്‍ സഹിക്കാനാവുമെങ്കില്‍ മടിക്കാതെ കാണാവുന്ന ഒരു ചിത്രംതന്നെയാണ് സനം തേരി കസം. പ്രേക്ഷകന്റെ സാമാന്യബോധത്തെ ചോദ്യം ചെയ്യാത്ത, ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒന്ന്‍. കാണാന്‍ ശ്രമിക്കാം.

Tuesday, February 2, 2016

Jhankaar Beats Movie Review

ഝന്‍കാര്‍ ബീറ്റ്സ് (Jhankaar Beats, 2003, Hindi)
കഹാനി, അഹല്യ (ഷോര്‍ട്ട് ഫിലിം) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സുജോയ് ഘോഷ് സംവിധാനം ചെയ്ത ആദ്യചിത്രമായിരുന്നു ഝന്‍കാര്‍ ബീറ്റ്സ്. സഞ്ജയ്‌ സൂരി, ജൂഹി ചൗള, രാഹുല്‍ ബോസ്, ശയാന്‍ മുന്‍ഷി, റിങ്കി ഖന്ന, റിയാ സെന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒന്നായിരുന്നു.
ആര്‍ഡി ബര്‍മ്മന്റെ ആരാധകരായ രണ്ട് ചെറുപ്പക്കാരാണ് ദീപും ഋഷിയും. ഒരു പരസ്യഏജന്‍സിയില്‍ ജോലിചെയ്യുന്ന അവരുടെ സ്വപ്നമാണ് 'ഝന്‍കാര്‍ ബീറ്റ്സ്' എന്ന പോപ്‌ മ്യൂസിക്‌ മത്സരത്തില്‍ വിജയികളാവുക എന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും പരാജയപ്പെട്ടെങ്കിലും ഈ വര്‍ഷവും ആ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ദീപും ഋഷിയും. മത്സരത്തിനായുള്ള ഇവരുടെ തയ്യാറെടുപ്പുകളും അതിനിടയില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുറെയൊക്കെ പ്രവചനീയമായരീതിയില്‍ത്തന്നെയാണ് ചിത്രം മുന്നോട്ടുപോവുന്നതെങ്കിലും ഒരിടത്തും ബോറടിപ്പിക്കാതെ ചിത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു. ഒപ്പം പ്രധാനനടീനടന്മാരുടെ charming and energetic performances ചിത്രത്തിന് ഗുണംചെയ്തു. അധികവും ഓഫ്ബീറ്റ് ചിത്രങ്ങളില്‍ വേഷമിടാറുള്ള രാഹുല്‍ ബോസിന്റെ മികച്ചൊരു പ്രകടനമായിരുന്നു ചിത്രത്തില്‍. അതുപോലെത്തന്നെ ജൂഹി ചൗള, സഞ്ജയ്‌ സൂരി തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി.
ആര്‍ഡി ബര്‍മ്മന് ഒരു സമര്‍പ്പണം എന്നരീതിയിലാണ് ചിത്രം പുറത്തിറക്കിയത്. വിശാല്‍ ശേഖര്‍ ദ്വയം ഈണംനല്‍കിയ മികച്ച ഒരുപിടി ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. കെ.കെ ആലപിച്ച 'തൂ ആഷിക്വി ഹേ' എന്ന ഗാനം ഇന്നും പ്രേക്ഷകര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്.
നിരുപദ്രവകരമായ നര്‍മശകലങ്ങള്‍കൊണ്ടും പ്രധാനനടീനടന്മാരുടെ ഊര്‍ജസ്വലമായ പ്രകടനങ്ങള്‍കൊണ്ടും അതിലൊക്കെ ഉപരി മികവുറ്റ ഗാനങ്ങള്‍ കൊണ്ടും നല്ലരീതിയില്‍ ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് ഝന്‍കാര്‍ ബീറ്റ്സ്. കാണാന്‍ ശ്രമിക്കാം.

Barah Aana Movie Review

ബാരഹ് അണ (Barah Aana, 2009, Hindi)
രാജാ കൃഷ്ണമേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ബാരഹ് അണ അഥവാ പന്ത്രണ്ടണ. നസിറുദ്ദീന്‍ ഷാ, വിജയ്‌ രാസ്, അര്‍ജുന്‍ മാഥുര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബ്ലാക്ക്‌ കോമഡി വിഭാഗത്തില്‍ പെടുത്താവുന്ന ഒന്നാണ്.
മുംബൈയില്‍ ഒരു മുറിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൂന്നുപേരുടെ ജീവിതങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോവുന്നത്. ഒരു ഡ്രൈവര്‍ ആയി ജോലിചെയ്യുന്ന ശുക്ല (നസിറുദ്ദീന്‍ ഷാ), ഒരു ഫ്ലാറ്റിലെ സെക്യൂരിറ്റിയായ യാദവ് (വിജയ്‌ രാസ്), ഒരു കഫേയിലെ വെയ്റ്റര്‍ ആയ അമന്‍ (അര്‍ജുന്‍ മാഥുര്‍) എന്നിവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി ഭാഗ്യംതേടി മുംബൈയില്‍ വന്നവരാണ്. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമായി മുന്നോട്ടുപോവുന്ന അവരുടെ ജീവിതങ്ങളില്‍ ഒരുനാള്‍ വലിയൊരു വഴിത്തിരിവുണ്ടാകുന്നു, ഒരു പ്രത്യേകസാഹചര്യത്തില്‍ അവര്‍ക്ക് Kidnappers ആകേണ്ടിവരുന്നു. അതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്.
Cinematic liberty എന്നപേരുപറഞ്ഞ് രംഗങ്ങളെ കഴിവതും ചലച്ചിത്രവല്‍ക്കരിക്കാതെ വളരെ സ്വാഭാവികമായാണ് ചിത്രം മുന്നോട്ടുപോവുന്നത്.. നടീനടന്മാരുടെ അത്യന്തം natural ആയ പ്രകടനങ്ങള്‍കൂടി ആയപ്പോള്‍ ഒരു സിനിമയാണ് കാണുന്നതെന്ന തോന്നല്‍പോലും ഇല്ലാതാകുന്നു. ഇതുകൊണ്ടൊക്കെത്തന്നെയാകാം ശുക്ലയെ അപമാനിക്കുന്ന മുതലാളിയുടെ ഭാര്യയോട് നമുക്ക് വെറുപ്പ് തോന്നുകയും, യാദവിന്റെ ദുഃഖം നമ്മുടെകൂടെ ദുഃഖമായി തോന്നുകയും ഒക്കെ ചെയ്തത്. ഈ ചിത്രത്തിന്റെ ടൈറ്റില്‍കൊണ്ട് സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും ചിത്രത്തിലെ അവസാനത്തെ ഡയലോഗ് അതിനുള്ള ഉത്തരമാവുന്നു.
ഒരു shoestring budgetലാണ് ചിത്രീകരിക്കപ്പെട്ടതെങ്കിലും ബജറ്റിന്റെ കുറവ് ചിത്രത്തിന്റെ നിലവാരത്തെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തില്‍ സംവിധായകനും സംഘവും വിജയം കണ്ടു. സാങ്കേതികവിഭാഗങ്ങളിലെല്ലാംതന്നെ ചിത്രം മോശമല്ലാത്ത നിലവാരം പുലര്‍ത്തി.
സംവിധായകന്റെ ഇതിനുശേഷമുള്ള ചിത്രമായ എയര്‍ലിഫ്റ്റ്‌ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ അദ്ദേഹത്തിന്റെ മികച്ച മറ്റൊരു സൃഷ്ടിയായ ബാരഹ് അണയും കാണാന്‍ ശ്രമിക്കുക. വളരെയേറെ ആസ്വദനീയമായ ഈ കൊച്ചുചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.

Zed Plus Movie Review

സെഡ് പ്ലസ്‌ (Zed Plus, 2014, Hindi)
വെള്ളാപ്പള്ളിയ്ക്ക് Y ലെവല്‍ സെക്യൂരിറ്റി ലഭിച്ച ഈ വേളയില്‍ യാദൃശ്ചികമായാവാം ഈ ചിത്രം കാണാന്‍ ഇടയായത്. ദൂരദര്‍ശനില്‍ ചാണക്യന്‍ എന്ന സീരീസിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംനേടിയ ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രമാണ് സെഡ് പ്ലസ്‌. അദ്ദേഹത്തിന്റെ മറ്റുചിത്രങ്ങളെപ്പോലെ ഇതും ഒരു political satire ആണ്. ആദില്‍ ഹുസൈന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മുകേഷ് തിവാരി, മോണാ സിംഗ്, സഞ്ജയ്‌ മിശ്ര, കുല്‍ഭൂഷന്‍ ഖര്‍ബന്ദ തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അസ്ലം ഒരു പഞ്ചര്‍ഷോപ്പ് നടത്തുന്ന ആളാണ്‌. തന്റെ കടയില്‍നിന്നുള്ള തുച്ഛമായ വരുമാനത്താല്‍ കുടുംബം മുന്നോട്ടുകൊണ്ടുപോവാന്‍ കഷ്ടപ്പെടുന്ന അസ്ലം അയല്‍ക്കാരനായ ഹബീബുമായി ഒരു സ്ത്രീയുടെ പേരില്‍ ശത്രുതയിലാണ്. അങ്ങനെയിരിക്കെ ഗ്രാമത്തിലെ ദര്‍ഗയിലേക്ക് പ്രധാനമന്ത്രി സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയും ആ സന്ദര്‍ശനസമയത്ത് ദര്‍ഗയുടെ ഉത്തരവാദിത്വം അസ്ലമിന് ലഭിക്കുകയും ചെയ്യുന്നു. ഹിന്ദി നേരെചൊവ്വേ അറിയാത്ത പ്രധാനമന്ത്രി അസ്ലമിനോട് എന്തെങ്കിലും ആവശ്യം നിറവേറ്റാന്‍ ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍ അസ്ലം തനിക്ക് അയല്‍ക്കാരുടെ ശല്യം ഉണ്ടെന്ന് പറയുന്നു. അത് അയല്‍രാജ്യമായ പാക്കിസ്ഥാനെപ്പറ്റിയാണെന്ന് കരുതുന്ന പ്രധാനമന്ത്രി അസ്ലമിന് Z ലെവല്‍ സെക്യൂരിറ്റി നല്‍കാന്‍ ആഹ്വാനം ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന രസകരവും വിചിത്രവുമായ സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്.
ഇതൊരു സാങ്കല്‍പ്പികകഥയാണ്, കാരണം ഒരു ഡെമോക്രാറ്റിക്‌ രാജ്യത്ത് ഇത്തരമൊരു കഥ അസംഭവനീയമാണെന്നുള്ള disclaimerഓടെയാണ് ചിത്രം തുടങ്ങുന്നതുതന്നെ. ചിത്രത്തിലുടനീളം ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളെയും സംവിധായകന്‍ കളിയാക്കിയിട്ടുണ്ട്. രസകരമായിത്തന്നെ ചിത്രത്തെ അവസാനിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു..
ഇഷ്കിയ, ലൈഫ് ഓഫ് പൈ, ഇംഗ്ലീഷ് വിംഗ്ലീഷ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയ ആദില്‍ ഹുസൈന്‍ ഈ ചിത്രത്തിലെ അസ്ലം പഞ്ചര്‍വാല എന്ന കഥാപാത്രത്തെ അനായാസേന അവതരിപ്പിച്ചു. വളരെ മികച്ചതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അസ്ലമിന്റെ അയല്‍ക്കാരനായി മുകേഷ് തിവാരിയും തന്റെ വേഷം ഭംഗിയാക്കി. മറ്റുനടീനടന്മാരും തങ്ങളുടെ വേഷങ്ങള്‍ നന്നായിത്തന്നെ അവതരിപ്പിച്ചു. സാങ്കേതികമേഖലകളില്‍ ചിത്രം തെറ്റില്ലാത്ത നിലവാരം പുലര്‍ത്തി.
രസകരമായൊരു ആക്ഷേപഹാസ്യചിത്രമാണ് സെഡ് പ്ലസ്‌. കൊട്ടിഘോഷിക്കാന്‍ വലിയൊരു താരനിരയോ ബ്രഹ്മാണ്ഡസെറ്റുകളോ ഒന്നുമില്ലാതെതന്നെ പ്രേക്ഷകമനസ്സുകളെ സ്പര്‍ശിക്കുന്ന ഒന്ന്. കാണാന്‍ ശ്രമിക്കാം.