Friday, August 14, 2015

ദേശീയഗാനം സമ്പൂര്‍ണ്ണരൂപം മലയാളത്തില്‍

രവീന്ദ്രനാഥടാഗോര്‍ രചിച്ച് ഈണമിട്ട ഗീതത്തിന്റെ ആദ്യചരണമാണ് ഭാരതീയര്‍ ദേശീയഗാനമായി ചൊല്ലുന്നത്. ഗീതത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം.

























ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ,
പഞ്ചാബ് സിന്ധു ഗുജറാത്ത മറാഠാ ദ്രാവിഡ ഉത്‌കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ, ഉച്ഛലജലധിതരംഗാ,
തവശുഭനാമേ ജാഗേ, തവശുഭ ആശിഷ മാംഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗളദായക ജയഹേ ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ, ജയ ജയ ജയ ജയഹേ!

അഹ രഹ തവ ആഹ്വാന പ്രചാരിത, സുനി തവ ഉദാരവാണീ
ഹിന്ദു ബൗദ്ധ ശിഖ ജൈന പാരസിക മുസലമാന ക്രിസ്താനീ
പൂരബ പശ്ചിമ ആസേ, തവ സിംഹാസന പാസേ
പ്രേമഹാര ഹയ ഗാഥാ,
ജനഗണ ഐക്യവിധായക ജയഹേ ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

പതന അഭ്യുദയ ബന്ധുര പന്ഥാ യുഗയുഗ ധാവിതയാത്രീ
തുമ ചിര സാരഥീ തവരഥ ചക്രേ മുഖരിത പഥ ദിനരാത്രീ
ദാരുണ വിപ്ലവ മാഝേ, തവ ശംഖധ്വനി ബാജേ
സങ്കട ദുഃഖ ത്രാതാ,
ജനഗണ പഥ പരിചായക ജയഹേ ഭാരത ഭാഗ്യവിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

ഘോര തിമിര ഘന നിബിഡ നിശീഥേ പീഡിത മൂർച്ഛിത ദേശേ
ജാഗ്രത ഛില തവ അവിചല മംഗല നതനയനേ അനിമേഷേ
ദുഃസ്വപ്നേ ആതങ്കേ, രക്ഷാ കരിലേ അങ്കേ
സ്നേഹമയി തുമി മാതാ,
ജനഗണദുഃഖ ത്രായക ജയഹേ ഭാരത ഭാഗ്യവിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

രാത്ര പ്രഭാതില ഉദില രവിച്ഛവി പൂർവ്വ ഉദയഗിരി ഭാലേ
ഗാഹെ വിഹംഗമ പുണ്യ സമീരണ നവജീവന രസ ഢാലേ
തവ കരുണാരുണ രാഗേ, നിദ്രിത ഭാരത ജാഗേ
തവ ചരണേ നത മാഥാ,
ജയ ജയ ജയഹേ ജയ രാജേശ്വര ഭാരത ഭാഗ്യ വിധാതാ,
ജയ ഹേ, ജയ ഹേ, ജയ ഹേ, ജയ ജയ ജയ ജയ ഹേ!

Vaalu Movie Review

വാല് (Vaalu, 2015, Tamil)
നീണ്ട ഇടവേളയ്ക്കുശേഷം സിമ്പുവിന്റെ ഒരു പടം. ഏഴെട്ടുപ്രാവശ്യം റിലീസ് മാറ്റിവെച്ച് ഒടുവില്‍ കഴിഞ്ഞമാസം റിലീസ് ആവുന്നു എന്ന് അറിഞ്ഞപ്പോള്‍ കാണണം എന്ന് കരുതിയിരുന്നു. എന്നിട്ട് നോക്കുമ്പോള്‍ പിന്നേം റിലീസ് മാറ്റി. അങ്ങനെ ഒടുവില്‍ ഈയാഴ്ച റിലീസ് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഉറപ്പിച്ചു, ഈ പടം കണ്ടേക്കാം എന്ന്. അങ്ങനെ ഇന്ന് തമിഴ് സുഹൃത്തുക്കളുടെ കൂടെ പോയി പടം കണ്ടു. ഒരു സാദാ തമിഴ് മസാല പടത്തില്‍നിന്ന് എന്തുപ്രതീക്ഷിക്കണം എന്ന് അറിയാവുന്നതുകൊണ്ട്‌ വല്യ സംഭവം ഒന്നുമല്ലെങ്കിലും ഒരുവട്ടം കണ്ടിരിക്കാവുന്ന ഒരു പടമായിട്ടാണ് തോന്നിയത്.
ഒട്ടും പുതുമയില്ലാത്ത ഒരു കഥ. കഥ എന്നുപറയാന്‍ പോലും കാര്യമായി ഒന്നുമില്ല. അത് അത്യാവശ്യം കോമഡികളും ചെറിയചെറിയ twistകളും അലമ്പ് പാട്ടുകളും കത്തി ഫൈറ്റുകളും മറ്റും ചേര്‍ത്ത് അവിയല്‍ പരുവത്തില്‍ ആക്കിവെച്ചിട്ടുണ്ട്. ആസ്വദനീയമായ കോമഡികള്‍ തന്നെയാണ് ചിത്രത്തിന്റെ മുഖ്യാകര്‍ഷണം. സന്താനം, വി.ടി.വി ഗണേഷ് എന്നിവര്‍ നായകന്‍റെ സുഹൃത്തുക്കളുടെ വേഷങ്ങളില്‍ വന്ന് ഇടയ്ക്കൊക്കെ പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്. എന്നാല്‍ ചില കോമഡി രംഗങ്ങള്‍ കണ്ടാല്‍ എന്തിന് ദൈവമേ എന്ന് വിളിച്ചുപോവുകയും ചെയ്യും. സന്താനം-സിമ്പു കോമഡി രംഗങ്ങള്‍ നന്നായിരുന്നു. അതുപോലെ സിമ്പുവിന്റെ വീട്ടില്‍ നടക്കുന്ന രംഗങ്ങളും മികച്ചുനിന്നു. അലമ്പ് പാട്ടുകളും ഫൈറ്റും രണ്ടുമൂന്നെണ്ണം ഒഴിവാക്കി അതിനുപകരം വീട്ടിലെ സീനുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ ഒന്നൂടെ രസകരമായേനെ സിനിമ. ഹന്‍സിക പ്രതീക്ഷിച്ചത്ര വെറുപ്പിച്ചില്ല. പിന്നെ ഇങ്ങനെയൊരു പടത്തില്‍ പ്രതീക്ഷിക്കാവുന്നത്ര skin show ഒന്നും ഉണ്ടായിരുന്നില്ല എന്നത് നല്ലൊരു കാര്യമായി തോന്നി. പടം ആദ്യം മുതല്‍ sine wave പോലെയാണ്,. നന്നായി വരുമ്പോഴേക്കും എന്തെങ്കിലും അലമ്പ് സംഭവം വന്ന് നേരെ താഴേക്ക് വീഴും. അങ്ങനെ പോവുന്ന പടം. പക്ഷേ അവസാനത്തെ അരമണിക്കൂറോളം പടം കൂടുതല്‍ നന്നായി എന്ന് തോന്നി, ക്ലൈമാക്സിനുമുന്‍പുള്ള fight ഒഴിച്ചാല്‍. കുറേ one liner തമാശകളും ചിത്രത്തില്‍ ഉണ്ടായിരുന്നു. ബ്രഹ്മാനന്ദവും തന്റെ സ്ഥിരം ശൈലിയില്‍ വരുന്നുണ്ട് പടത്തില്‍.
സാങ്കേതികപരമായി നോക്കിയാല്‍ അതിദയനീയമാണ് പടത്തിന്റെ അവസ്ഥ. Continuity എന്ന സംഭവം ഇല്ലേയില്ല. ഒരേ സീനില്‍ത്തന്നെ നടീനടന്മാരുടെ (പ്രത്യേകിച്ച് സിമ്പുവിന്റെയും സന്താനത്തിന്റെയും) ഹെയര്‍സ്റ്റൈല്‍ മുതല്‍ തടി വരെ മാറുന്നത് കാണാം. ഷൂട്ടിംഗ് നീണ്ടുപോയതും പല സീന്‍സും വീണ്ടും ഷൂട്ട്‌ ചെയ്തതും ഒക്കെയാവാം കാരണം. എന്തായാലും സാധാരണ തമിഴ് പ്രേക്ഷകര്‍ക്ക് അതൊന്നും ഒരു പ്രശ്നം ആവില്ലായിരിക്കാം. എന്തായാലും ഇവിടത്തെ audience പല സീന്‍സും നന്നായി enjoy ചെയ്യുന്നുണ്ടായിരുന്നു. മൊത്തത്തില്‍ വല്യ ബോര്‍ ഇല്ലാത്ത പടം ആണ് വാല്. സിമ്പുവിന്റെ ആരാധകര്‍ക്ക് ഒന്ന് കാണാം. Target audienceനെ ഈ പടം മുഷിപ്പിക്കില്ല എന്ന് കരുതുന്നു.

Sunday, August 9, 2015

The Falling Movie Review

The Falling Movie Poster 2014
ദ ഫോളിങ്ങ് (The Falling, 2015, English)
പകര്‍ച്ചവ്യാധികളുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്രേം ഭീകരമായ ഒരു അവസ്ഥ അധികമൊന്നും കണ്ടിട്ടില്ല എന്ന് തോന്നിപ്പിക്കുന്നവിധത്തിലുള്ള ഒരു പടം, അതാണ്‌ ദ ഫോളിങ്ങ്. കാരള്‍ മോര്‍ലി സംവിധാനം ചെയ്ത ചിത്രത്തില്‍ Maisie Williams, Florence Pugh, Greta Scacchi തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1969ല്‍ ഒരു Girls' Boarding schoolന്റെ പശ്ചാത്തത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
ഉറ്റചങ്ങാതിമാരാണ് സ്കൂളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളായ എബിഗെയിലും ലിഡിയയും. എന്നാല്‍ വളരെ വിപരീതമായ വ്യക്തിത്വങ്ങള്‍ ഉള്ളവരും. ഒരുനാള്‍ എബിഗെയില്‍ ഗര്‍ഭിണിയാണ് എന്നകാര്യം അവര്‍ ലിഡിയയോട് പറയുന്നു. തുടര്‍ന്ന് ഒരുനാള്‍ ക്ലാസില്‍ എബിഗെയില്‍ തലകറങ്ങി വീഴുന്നു. തുടര്‍ന്ന് അസ്വാഭാവികമായ ചില സംഭവവികാസങ്ങള്‍ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ അരങ്ങേറുന്നു. പ്രേക്ഷകമനസ്സില്‍ വളരെയേറെ അസ്വസ്ഥത നിറയ്ക്കുന്ന രീതിയിലാണ് കഥ പിന്നീട് മുന്നോട്ടുപോവുന്നത്. ഇങ്ങനെ കൊണ്ടുപോയിട്ട് ഒടുവില്‍ അവ്യക്തമായ ഒരു ക്ലൈമാക്സില്‍ ചിത്രം അവസാനിപ്പിച്ചു എന്നൊരു പരാതി പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെങ്കിലും കാര്യങ്ങള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്താതെ പ്രേക്ഷകര്‍ക്ക് ചിന്തിക്കാനായി വിട്ടുകൊടുത്തിരിക്കുകയാണ് സംവിധായിക എന്നാണ് എനിക്ക് തോന്നിയത്. കഥയെപ്പറ്റി കൂടുതല്‍ പരാമര്‍ശിക്കുന്നത് കാനാതവരുടെ ആസ്വാദനത്തെ ബാധിക്കാം എന്നതിനാല്‍ കൂടുതലൊന്നും പറയാനാവില്ല.
മനോഹരമായ വിഷ്വല്‍സും പശ്ചാത്തലസംഗീതവും Maisie Williamsന്റെ മികവുറ്റ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട plus points. സംവിധാനവും മികച്ചുനിന്നു. ചിത്രത്തിലുടനീളം നിഗൂഢത കാത്തുസൂക്ഷിക്കാന്‍ സംവിധായികയ്ക്ക് സാധിച്ചിട്ടുണ്ട്. മനസ്സിനെ അലോസരപ്പെടുത്തുന്ന Mystery ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

Monday, August 3, 2015

The Vatican Tapes Movie Review

Vatican Tapes Poster
ദ വത്തിക്കാന്‍ ടേപ്പ്സ് (The Vatican Tapes, 2015, English)
ഉപയോഗിച്ചുപയോഗിച്ച് പഴകിയ ഹൊറര്‍ ഫോര്‍മുലകള്‍ നിറഞ്ഞ ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങള്‍ക്കിടയില്‍ ആണ്ടിനും സംക്രാന്തിയ്ക്കുമാണ് ഇത്തിരിയെങ്കിലും വ്യത്യസ്തമായ ഒരു ഹൊറര്‍ ചിത്രം പ്രേക്ഷകന് ലഭിക്കുന്നത്. അങ്ങനെയുള്ള ഒരു അനുഭവമായിരുന്നു വത്തിക്കാന്‍ ടേപ്പ്സ്. രചയിതാക്കളും സംവിധായകനും കുറച്ചെങ്കിലും മാറിച്ചിന്തിച്ചതിന്റെ ഫലം. ക്രാങ്ക്, ഘോസ്റ്റ് റൈഡര്‍, ഗെയ്മര്‍ തുടങ്ങിയ ചിത്രങ്ങള്‍ Brian Taylorനോടൊപ്പം സംവിധാനം ചെയ്ത Mark Neveldine ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ Olivia Taylor Dudley, Dougray Scott, Michael Peña, John Patrick Amedori തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
വത്തിക്കാന്‍ സഭയുടെ അധീനതയില്‍ പുറത്തുനിന്ന് ആര്‍ക്കും പ്രവേശനമില്ലാത്ത ഒരു storage place ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അതിനകത്ത് എന്താണെന്ന് വ്യക്തമായ അറിവുകള്‍ ഇല്ലെങ്കിലും പഴയനിയമത്തിന്റെ കാലഘട്ടം മുതലുള്ള രേഖകളും മറ്റും അവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അഭ്യൂഹം. വത്തിക്കാന്‍ സഭയിലെ രണ്ട് അച്ചന്മാര്‍ക്ക് ഏയ്‌ഞ്ജല എന്ന യുവതിയുടെ medical clips കിട്ടുന്നിടത്തുനിന്നാണ് കഥ തുടങ്ങുന്നത്. പ്രഥമദൃഷ്ട്യാ ചെറിയ മാനസികവിഭ്രാന്തിയുള്ള മറ്റൊരു രോഗി എന്നുമാത്രം തോന്നാമെങ്കിലും അവരെപ്പറ്റി പ്രേക്ഷകര്‍ കൂടുതല്‍ അറിയുന്തോറും അവരും, അവര്‍കാരണം ഈ ലോകവും എത്ര ഭീകരമായ അവസ്ഥയിലേക്കാണ് പോവുന്നത് എന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. കഥയിലേക്ക് കൂടുതല്‍ കടക്കുന്നത് ഇനിയും ചിത്രം കണ്ടിട്ടില്ലാതവരുടെ രസച്ചരട് പൊട്ടിക്കും എന്നതിനാല്‍ അധികമൊന്നും പറയുന്നില്ല. പ്രേക്ഷകമനസ്സുകളില്‍ അസ്വസ്ഥതയും ഭീതിയും ഉളവാക്കുന്ന ധാരാളം രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഒപ്പംതന്നെ അധികമാരും കൈവെക്കാന്‍ ധൈര്യപ്പെടാത്ത ഒരു വിഷയത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമായതിനാല്‍ ഒരു പുതുമ തോന്നിപ്പിക്കും ചിത്രത്തിലുടനീളം. നടീനടന്മാര്‍ എല്ലാവരും നന്നായിത്തന്നെ ചെയ്തു. പശ്ചാത്തലസംഗീതവും ശബ്ദമിശ്രണവും ഏറെ മികച്ചുനിന്നു. അനാവശ്യമായി പെട്ടെന്നുള്ള loud screams ഇല്ലാതെതന്നെ പ്രേക്ഷകനെ പേടിപ്പിക്കാന്‍ പലപ്പോഴും പശ്ചാത്തലസംഗീതത്തിന് സാധിച്ചു.
വ്യത്യസ്തമായൊരു ശ്രമമാണ് വത്തിക്കാന്‍ ടേപ്പ്സ്. ഹൊറര്‍ ചിത്രങ്ങളുടെ ആരാധകര്‍ കാണാന്‍ ശ്രമിക്കുക.

White God Movie Review

വൈറ്റ് ഗോഡ് (White God, 2014, Hungarian)
Kornél Mundruczó സംവിധാനം ചെയ്ത ഹംഗേറിയന്‍ ചിത്രമാണ് വൈറ്റ് ഗോഡ്. Zsófia Psotta, Sándor Zsótér, Bodie and Luke (നായ്ക്കള്‍) തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം ഒരു കുട്ടിയും അവരുടെ നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.
തന്റെ അമ്മയ്ക്ക് മൂന്നുമാസം ജോലിസംബന്ധമായി വിദേശയാത്ര ചെയ്യേണ്ടിവന്നതിനാല്‍ അമ്മയുമായി പിരിഞ്ഞുജീവിക്കുന്ന അച്ഛനൊപ്പം അക്കാലം ചെലവഴിക്കാനായി അച്ഛനടുത്തേയ്ക്ക് വരികയാണ് പതിമൂന്നുകാരി ലില്ലിയും വളര്‍ത്തുനായയായ ഹാഗനും. ഒരു ക്രോസ്-ബ്രീഡ് നായയായ ഹാഗനെ അവിടെ വളര്‍ത്താനാവില്ല എന്ന ഫ്ലാറ്റ് സൊസൈറ്റിയുടെ തീരുമാനം തുടക്കത്തില്‍ അവര്‍ വകവെയ്ക്കുന്നില്ലെങ്കിലും പിന്നീടുണ്ടാവുന്ന ഒന്നുരണ്ട് ദുരനുഭവങ്ങള്‍ക്കുശേഷം ലില്ലിയുടെ അച്ഛന്‍ പെട്ടെന്നുള്ള ദേഷ്യത്തില്‍ ഹാഗനെ തെരുവില്‍ ഉപേക്ഷിക്കുന്നു. പിന്നീട് ഹാഗനെ തിരികെ കിട്ടാനായുള്ള ലില്ലിയുടെ ശ്രമങ്ങളും മറ്റുമാണ് ചിത്രത്തില്‍.
കുട്ടിക്കാലത്ത് വായിച്ച ബാലസാഹിത്യകഥകളെ അനുസ്മരിപ്പിക്കുംവിധത്തിലുള്ള ഒരു കഥയാണ് സംവിധായകന്‍ ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പല കഥാസന്ദര്‍ഭങ്ങളും ബാലരമയിലും മറ്റും വായിച്ച ചിത്രകഥകളെ ഓര്‍മ്മിപ്പിക്കും. എന്നാല്‍ രണ്ടാംപകുതിയില്‍ വരുന്ന പ്രതീക്ഷിക്കാത്ത ചില twists and turns കഥയെ ഇളക്കിമറിക്കാന്‍ ഉതകുന്നവയാണ്. എന്നിരുന്നാലും ആകെമൊത്തം ഒരുപരിധിവരെ പ്രവചനീയമായ കഥാസന്ദര്‍ഭങ്ങള്‍തന്നെയാണ് ചിത്രത്തില്‍ ഉള്ളത്. അത്തരമൊരു ചിത്രത്തെ മികവുറ്റതാക്കിയത് നായ്ക്കളുടെയും ലില്ലിയായി അഭിനയിച്ച കുട്ടിയുടെയും പ്രകടനങ്ങളാണ്. ഹാഗന്‍ എന്ന നായയെ അവതരിപ്പിച്ചത് തെരുവില്‍നിന്നും കിട്ടിയ ഇരട്ടനായ്ക്കളായ ബോഡിയും ലൂക്കും ആണത്രേ. കണ്ടാല്‍ ഒരുപോലെ ഇരിക്കുന്ന ഇവര്‍ ഹാഗന്റെ വേഷം ഭംഗിയാക്കി. ഏറ്റവുമധികം നായ്ക്കളെ ഒരു സിനിമയ്ക്കായി ഉപയോഗിച്ചതിനുള്ള ലോകറെക്കോര്‍ഡും ഈ ചിത്രത്തിനാണ്. 274 നായ്ക്കളെയാണ്‌ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും ഉന്നതനിലവാരം പുലര്‍ത്തി. വിജനമായ ഒരു റോഡിലൂടെ സൈക്കിള്‍ ഓടിച്ചുപോവുന്ന ലില്ലിയും അവരെ പിന്തുടരുന്ന നായ്ക്കളും അടങ്ങുന്ന ആദ്യഷോട്ട് മുതല്‍ ധാരാളം മനോഹരദൃശ്യങ്ങള്‍ ചിത്രത്തിലുടനീളം കാണാം. ഇത്രയും മൃഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെങ്കിലും വളരെ കുറച്ച് രംഗങ്ങളില്‍ ഒഴിച്ച് എവിടെയും CGI ഉപയോഗിക്കാതെ ശരിക്കും അവയെക്കൊണ്ട് അഭിനയിപ്പിക്കുകയായിരുന്നു സംവിധായകനും സംഘവും.
കഴിഞ്ഞവര്‍ഷത്തെ ഓസ്കാറിന് മികച്ച വിദേശചിത്രം വിഭാഗത്തില്‍ ഹംഗറിയില്‍നിന്നുള്ള official submission ആയിരുന്നു ഈ ചിത്രം. തെരുവുനായ്ക്കളുടെ ശല്യവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും നാട്ടില്‍ അരങ്ങുതകര്‍ക്കുന്ന ഈ കാലത്ത് നായ്ക്കളെ സ്നേഹിക്കുന്നവര്‍ക്കും വെറുക്കുന്നവര്‍ക്കും ഒരുപോലെ ആസ്വദനീയമാകാവുന്ന ഒരു ചിത്രമാണ് വൈറ്റ് ഗോഡ്. കാണാന്‍ ശ്രമിക്കുക.

Sunday, August 2, 2015

Cat Soup aka Nekojiru Sou Movie Review

Cat Soup Poster
ക്യാറ്റ് സൂപ്പ് (Cat Soup aka Nekojiru Sou, 2003, Japanese)
നെകോജിരുവിന്റെ Nekojiru Udon എന്ന mangaയെ ആസ്പദമാക്കി നിര്‍മ്മിച്ച ജാപ്പനീസ് അനിമേഷന്‍ ഹ്രസ്വചിത്രമാണ് Cat Soup. 34 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം surreal fantasy സിനിമകളുടെ ഗണത്തില്‍ മികച്ചുനില്‍ക്കുന്ന ഒന്നാണ്.
ന്യാറ്റ എന്ന പൂച്ചക്കുഞ്ഞിന് ബാത്ത്ടബ്ബില്‍ തലമുക്കി കിടക്കുമ്പോള്‍ ചില ദര്‍ശനങ്ങള്‍ ഉണ്ടാവുന്നു. രോഗബാധിതയായി കിടക്കുന്ന തന്റെ മൂത്തസഹോദരി ന്യാക്കോയെ ജപ്പാന്‍കാരുടെ യമദേവനായ ജിസോവു കൊണ്ടുപോവുന്നതായി കണ്ട ന്യാറ്റ തന്റെ ചേച്ചിയുടെ ആത്മാവിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഒടുവില്‍ ആത്മാവിന്റെ ഒരു ഭാഗം മാത്രം ന്യാറ്റയ്ക്ക് കിട്ടുന്നു. ആത്മാവിന്റെ ബാക്കിഭാഗവുമായി പോവുന്ന ജിസോവു ചേച്ചിയുടെ മുഴുവന്‍ ആത്മാവും തിരികെ ലഭിക്കാന്‍ ഒരു പ്രത്യേകപൂവ് നേടണം എന്ന ക്ലൂ കൊടുത്തുകൊണ്ട് അപ്രത്യക്ഷനാവുന്നു. തിരികെ യഥാര്‍ത്ഥലോകത്തേക്ക് വന്ന ന്യാറ്റ തന്റെ കയ്യില്‍ ചേച്ചിയുടെ ആത്മാവിന്റെ ഒരു ഭാഗം കാണുന്നു. അതുംകൊണ്ട് ന്യാറ്റ മരിച്ചുകിടക്കുന്ന ചേച്ചിയുടെ അടുത്തേയ്ക്ക് പോവുകയും, ആത്മാവിന്റെ ഭാഗം ചേച്ചിയുടെ മൂക്കിലൂടെ ശരീരത്തിലേക്ക് കയറിപ്പോവുകയും ചെയ്യുന്നു. അതോടെ മരിച്ചുകിടന്നിരുന്ന ന്യാക്കോ ഉണരുന്നു, പക്ഷേ ജീവനുണ്ടെങ്കിലും ന്യാക്കോയ്ക്ക് വികാരങ്ങളൊന്നും ഇല്ല. ന്യാക്കോയുടെ ബാക്കി ആത്മാവിനെ കണ്ടെത്താനായി ന്യാറ്റയും ന്യാക്കോയും ചേര്‍ന്ന് ഒരു യാത്ര പോവുന്നു. ന്യാറ്റയ്ക്ക് തന്റെ ചേച്ചിയുടെ ആത്മാവിന്റെ ബാക്കിഭാഗത്തെ തിരികെനേടാന്‍ ആകുമോ? എന്തൊക്കെ പ്രതിബന്ധങ്ങള്‍ ആണ് ആ യാത്രയില്‍ അവരെ കാത്തിരുന്നത്? ഇതിനെല്ലാമുള്ള ഉത്തരങ്ങള്‍ ചിത്രം നല്‍കുന്നു.
ഭയങ്കരമായൊരു മായികലോകത്തെയ്ക്കാണ് ചിത്രം നമ്മെ കൊണ്ടുപോവുന്നത്. അറിയാതെ ചിത്രത്തില്‍ ലയിച്ചിരുന്നുപോവുകയും, ന്യാറ്റയുടെയും ന്യാക്കോയുടെയും യാത്രയില്‍ പങ്കാളികള്‍ ആവുകയും ചെയ്യുന്നു പ്രേക്ഷകര്‍. നല്ലൊരു മൂഡില്‍ ഇരുന്നുകാണുകയാണെങ്കില്‍ ആ മായികലോകത്തിലൂടെ ഒരു യാത്രചെയ്തതിന്റെ അനുഭൂതി മനസ്സില്‍ ഉണരുന്നതാണ്. രണ്ടാംലോകമഹായുദ്ധത്തെക്കുറിച്ചും ജപ്പാനിലെ രാഷ്ട്രീയാവസ്ഥയെക്കുറിച്ചും മറ്റും ധാരാളം രഹസ്യസൂചനകള്‍ ചിത്രത്തില്‍ ഉടനീളം ഉണ്ടെന്ന് IMDB message boards പറയുന്നു. അക്കാര്യങ്ങള്‍ എനിക്ക് ഏറെയൊന്നും മനസ്സിലായില്ലെങ്കില്‍ക്കൂടി ഒരു ഫാന്റസി ചിത്രം എന്ന നിലയില്‍ മികച്ചൊരു അനുഭവമായിരുന്നു ക്യാറ്റ് സൂപ്പ്. കിടിലന്‍ പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. രണ്ടോ മൂന്നോ ഡയലോഗുകളേ ചിത്രത്തിലുള്ളൂ.
ചിത്രത്തിനാസ്പദമായ Nekojiru Udon എന്ന mangaയിലെ കഥാപാത്രങ്ങളായ ന്യാറ്റ, ന്യാക്കോ എന്നീ പൂച്ചക്കുഞ്ഞുങ്ങളെ Tokyo Electric Power Company തങ്ങളുടെ promotional campaignsന് ഉപയോഗിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും 31കാരിയായ രചയിതാവ് നെകോജിരുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ആ പദ്ധതി വേണ്ടെന്നുവെച്ചിരുന്നു.
ഫാന്റസി ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ മികച്ചൊരു visual treat തന്നെയായിരിക്കും Cat Soup. കാണാന്‍ ശ്രമിക്കുക. സിനിമയുടെ യുട്യൂബ്  ലിങ്ക്  ചുവടെ