Monday, December 29, 2014

Kiki's Delivery Service 2014 Movie Review

Kiki's Delivery Service 2014 Movie Posterകിക്കീസ് ഡെലിവറി സര്‍വീസ് (Kiki's Delivery Service, 2014, Japanese)
ഇതേ പേരിലുള്ള ജാപ്പനീസ് നോവലിനേയും ഗ്രേവ്‌ ഓഫ് ഫയര്‍ഫ്ലൈസ്, സ്പിരിറ്റഡ് എവേ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ ചെയ്ത animated ചിത്രത്തെയും ആസ്പദമാക്കി നിര്‍മിച്ച ലൈവ് ആക്ഷന്‍ ചിത്രമാണ് കിക്കീസ് ഡെലിവറി സര്‍വീസ്. ഗ്രഡ്ജ് ചിത്രങ്ങള്‍, റിന്നെ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രങ്ങളുടെ സംവിധായകനായ തകാഷി ഷിമിസു ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സ്വന്തം അമ്മയെപ്പോലെ മന്ത്രവാദിനിയാകണം എന്ന ആഗ്രഹവുമായി നടക്കുന്ന കുട്ടിയാണ് കിക്കി. കിക്കിയുടെ ഒരേയൊരു സുഹൃത്ത് കിക്കിയോട് സംസാരിക്കാന്‍ കഴിയുന്ന ജിജി എന്ന കരിമ്പൂച്ചയാണ്. മന്ത്രവാദിനികളെപ്പോലെ ചൂലില്‍ കയറിയിരുന്നു പറക്കാനുള്ള കഴിവ് മാത്രമാണ് കിക്കിക്ക് ഉള്ളത്. കൂടുതല്‍ മന്ത്രങ്ങളും മായാജാലങ്ങളും പഠിക്കണമെങ്കില്‍ ഒരുവര്‍ഷം മറ്റൊരു ഗ്രാമത്തില്‍ പോയി അവിടെയുള്ളവരെ സഹായിച്ച് ജീവിക്കണം എന്ന അമ്മയുടെ നിര്‍ദേശപ്രകാരം പതിമൂന്നുകാരിയായ കിക്കിയും സുഹൃത്ത് ജിജിയും ചേര്‍ന്ന് ഒരു കടലോരഗ്രാമത്തിലേക്ക് യാത്രപോവുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.
നല്ലൊരു ഫാന്റസി ചിത്രമാണ് കിക്കി. ഒരു പുഞ്ചിരിയോടെ കണ്ടിരിക്കാവുന്ന ഒരു ചിത്രം. നമ്മുടെ കണ്ണുനനയിപ്പിക്കുന്നതും, ഉള്ളുനിറയ്ക്കുന്നതുമായ പല രംഗങ്ങളും ചിത്രത്തിലുണ്ട്. ഈ ഫീല്‍ ഗുഡ് ചിത്രത്തിന്റെ മുഖ്യാകര്‍ഷണങ്ങള്‍ കിക്കിയായി അഭിനയിച്ച കുട്ടിയുടെ മികവാര്‍ന്ന പ്രകടനവും ദൃശ്യചാരുതയേറിയ രംഗങ്ങളുമാണ്. മിഴിവുറ്റ ഫ്രെയിംസ് ചിത്രത്തിലുടനീളം ഉള്‍ക്കൊള്ളിക്കാന്‍ സംവിധായകനും ഛായാഗ്രാഹകനും നന്നായി ശ്രദ്ധിച്ചിട്ടുണ്ട്. അതിന്റെ ഫലം ചിത്രത്തില്‍ കാണാനുമുണ്ട്. പശ്ചാത്തലസംഗീതവും, മറ്റുനടീനടന്മാരുടെ പ്രകടനങ്ങളും സിനിമയോട് യോജിച്ചുനിന്നു. എന്നിരുന്നാലും, ഇതിന്റെ animated വേര്‍ഷന്റെ അത്രയ്ക്ക് മികവുപുലര്‍ത്താന്‍ ഇതിന് സാധിച്ചിട്ടില്ല എന്നാണ് പലരും പറഞ്ഞുകേട്ടത്. Animated വേര്‍ഷന്‍ ഞാന്‍ കണ്ടിട്ടില്ല, എന്തായാലും ഈ ചിത്രം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഫാന്റസി ഫീല്‍ ഗുഡ് ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment