Wednesday, April 8, 2015

Pirivom Santhippom Movie Review

Pirivom Santhippom Movie Poster
പിരിവോം സന്ധിപ്പോം (Pirivom Santhippom, 2008, Tamil)
കറു പഴനിയപ്പന്റെ സംവിധാനത്തില്‍ സ്നേഹ, ചേരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് കുടുംബചിത്രമാണ് പിരിവോം സന്ധിപ്പോം. ജയറാം, എം.എസ്.ഭാസ്കര്‍, ദിവ്യദര്‍ശിനി, ലക്ഷ്മി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയിരിക്കുന്നു.
തന്റെ അച്ഛനമ്മമാരുടെ ഒറ്റമകളാണ് വിശാലാക്ഷി. വിവാഹപ്രായമായ വിശാലാക്ഷിയുടെ ആഗ്രഹപ്രകാരം അവരെ ഒരു വലിയ കൂട്ടുകുടുംബത്തിലെ അംഗമായ നടേശന് വിവാഹം ചെയ്തുകൊടുക്കുന്നു. കൂട്ടുകുടുംബത്തിലെ ഒരു അംഗമായി സന്തോഷപൂര്‍വ്വം ജീവിതം നയിച്ച വിശാലാക്ഷിയുടെ ആ സന്തോഷം പക്ഷേ താല്‍ക്കാലികമായിരുന്നു. ഏറെ ദൂരെയുള്ള മറ്റൊരു സ്ഥലത്തേക്ക് നടേശന് ട്രാന്‍സ്ഫര്‍ കിട്ടുന്നതോടെ നടേശനോടൊപ്പം അവിടേക്ക് താമസം മാറ്റുന്ന വിശാലാക്ഷിയുടെ ജീവിതം ഏകാന്തതമൂലം ദുസ്സഹമാകുന്നു. ആ പ്രശ്നം കൂടുതല്‍ വഷളാവുന്നതും പിന്നീടുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
വളരെ sensitive ആയ ഒരു വിഷയം അത്യന്തം മനോഹരമായിത്തന്നെ സംവിധായകന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രേക്ഷകരെ വളരെയേറെ രസിപ്പിച്ചുകൊണ്ടുള്ള ഒരു ഒന്നാം പകുതിയും പ്രേക്ഷകരെ ആശങ്കയില്‍ ആഴ്ത്തുന്ന രണ്ടാം പകുതിയും കയ്യടക്കത്തോടെ execute ചെയ്യാന്‍ സാധിച്ചത് നല്ലൊരു നേട്ടംതന്നെയാണ്. അവസാനത്തെ കുറച്ചുരംഗങ്ങള്‍ സിനിമ പെട്ടെന്ന് തീര്‍ക്കാന്‍ വേണ്ടി ചെയ്തതുപോലെ തോന്നാമെങ്കിലും മോശമല്ലാത്ത ഒരു ending ചിത്രത്തിന് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.
സ്നേഹയുടെ അഭിനയജീവിതത്തിലെതന്നെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഈ ചിത്രത്തിലെ വിശാലാക്ഷി. വളരെ സങ്കീര്‍ണ്ണമായ ഈ കഥാപാത്രത്തെ തീര്‍ത്തും convincing ആയി സ്നേഹയ്ക്ക് അവതരിപ്പിക്കാന്‍ സാധിച്ചു. മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡ് അടക്കം ഏറെ പുരസ്കാരങ്ങള്‍ ഈ വേഷത്തിന് സ്നേഹക്ക് ലഭിക്കുകയുണ്ടായി. നടേശന്‍ എന്ന കഥാപാത്രത്തെ തന്റെ സ്വതസിദ്ധമായ ഭാവങ്ങളിലൂടെ ചേരനും ഭംഗിയാക്കി. ഡോക്ടറുടെ വേഷത്തില്‍ വന്ന ജയറാം നല്ല പ്രകടനമായിരുന്നു കാഴ്ചവെച്ചത്. നടേശന്റെ ചെറിയച്ഛന്റെ വേഷത്തില്‍ വന്ന എം.എസ്.ഭാസ്കര്‍ തന്റെ സ്ഥിരം കോമഡിവേഷങ്ങളില്‍ നിന്ന് കുറച്ച് വിട്ടുമാറിക്കൊണ്ടുള്ള നല്ലൊരു വേഷം ചെയ്തു. മറ്റെല്ലാ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ നന്നാക്കി.
വിദ്യാസാഗറിന്റെ മികച്ച ചില ഗാനങ്ങളും ഈ ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. മറ്റ് ക്രൂ മെമ്പര്‍മാരും തങ്ങളുടെ മേഖലകള്‍ ഭംഗിയാക്കി. കുടുംബത്തോടൊപ്പം കാണാവുന്ന നല്ലൊരു ചിത്രംതന്നെയാണ് പിരിവോം സന്ധിപ്പോം. പ്രേക്ഷകനെ entertain ചെയ്യിക്കുന്നതിനൊപ്പംതന്നെ നല്ല ചില ചിന്തകളും സന്ദേശങ്ങളും നല്‍കുന്ന ഒന്ന്. കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment