Tuesday, January 27, 2015

The Angrez Movie Review

The Angrez Movie Poster
ദ അംഗ്രേസ് (The Angrez, 2005, Hyderabadi)
ആന്ധ്രയുടെ തലസ്ഥാനമാണ്‌ ഹൈദരാബാദ്. അവിടെയുള്ള ഒരു കൊച്ച് സമാന്തര ഫിലിം industry ആണ് ഹൈദരാബാദി ഫിലിംസ്. അവിടത്തെ ലോക്കല്‍ സ്ലാങ്ങില്‍ അവിടത്തെ ആളുകളെ ചുറ്റിപ്പറ്റിയുള്ള ചില കഥകളും മറ്റും കുറഞ്ഞ ബജറ്റില്‍ അവര്‍ സിനിമകളാക്കുന്നു. നമ്മുടെ മലപ്പുറം ഹോം സിനിമകള്‍ ഉണ്ടല്ലോ, അതെപോലത്തെ കുറച്ചുകൂടി വലിയ ഒരു സെറ്റപ്പ്.
ഇത്തരം സിനിമകളില്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടതും, ഒരുപക്ഷേ ഏറ്റവുമധികം ആസ്വാദ്യവുമായ ചിത്രമായിരിക്കും 2005ല്‍ പുറത്തിറങ്ങിയ ദ അംഗ്രേസ്. രണ്ട് NRI യുവാക്കള്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി ഹൈദരാബാദില്‍ വരുന്നതും അവര്‍ നേരിടുന്ന പ്രശ്നങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. പാരലല്‍ ആയി നടക്കുന്ന ഒന്നുരണ്ട് ഉപകഥകളും, അവയെല്ലാം കൂട്ടിമുട്ടുന്നതും മറ്റും ചിത്രത്തില്‍ കാണാം. കലാപരമായും അഭിനയപരമായും +വലിയ മികവൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും പരിമിതികള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് രസകരമായ ഇത്തരമൊരു സിനിമ നിര്‍മ്മിച്ചത് അഭിനന്ദനീയമാണ്. ആദ്യം വെറും രണ്ട് തീയറ്ററുകളില്‍ റിലീസ് ആയ ചിത്രം പിന്നീട് കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും മികച്ച പ്രേക്ഷകാഭിപ്രായം നേടുകയും ചെയ്തു. പിന്നീട് യുട്യൂബിലൂടെ കൂടുതല്‍ ശ്രദ്ധ ചിത്രം പിടിച്ചുപറ്റിയതോടെ ഇതേ ഫോര്‍മാറ്റിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ ഇറങ്ങാന്‍ തുടങ്ങി. ഈ ട്രെന്‍ഡ് ഇപ്പോഴും നിലനില്‍ക്കുന്നു.
അഭിനേതാക്കള്‍ പലരും semi-cult നിലവാരമുള്ള പ്രകടനങ്ങള്‍ ആണ് കാഴ്ചവെച്ചത്. ചിലരൊക്കെ തരക്കേടില്ലാത്ത രീതിയില്‍ സ്വന്തം വേഷം ചെയ്തു. ചില ഹാസ്യതാരങ്ങള്‍ നന്നായിരുന്നു. ചില കോമഡി രംഗങ്ങള്‍ ഒക്കെ ചിരിപ്പിച്ചു. സംവിധാനം, ക്യാമറ തുടങ്ങിയ സാങ്കേതികവശങ്ങള്‍ ഒന്നും മോശമായില്ല.
ഹൈദരാബാദി സിനിമകളെ ആഗോളതലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുത്താന്‍ കാരണമായി എന്ന പ്രസക്തി ഈ ചിത്രത്തിനുണ്ട്. നാഗേഷ് കുക്കുനൂറിന്റെ ഹൈദരാബാദി ബ്ലൂസ് ഇതിനും മുന്‍പാണ് ഇറങ്ങിയതെങ്കിലും, സമൂഹത്തിന്റെ മേല്‍ത്തട്ടിലെ ഒരുവിഭാഗം ആളുകളുടെ കാര്യങ്ങളേ ആ ചിത്രത്തില്‍ കാണിച്ചിരുന്നുള്ളൂ. അവരുടെ industryയിലെ ഒരു landmark ചിത്രം എന്നൊക്കെ ദ അംഗ്രെസിനെ വിളിക്കാം. വെറുതെ ഇരിക്കുമ്പോള്‍ വേണമെങ്കില്‍ ഈ ചിത്രം കാണാം, അമിതപ്രതീക്ഷകള്‍ ഒന്നും വേണ്ട.
പി.എസ്.: പിന്നീട് ഉന്നൈപ്പോല്‍ ഒരുവനിലും കാണ്ഡഹാറിലും വന്ന് വെറുപ്പിച്ച ഗണേഷ് വെങ്കട്ടരാമന്റെ ആദ്യചിത്രമാണ് ഇത് (പോസ്റ്ററില്‍ വലതുഭാഗത്ത് നില്‍ക്കുന്ന ആള്‍). അദ്ദേഹം തന്റെ വേഷം മോശമാക്കാതെ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്തു. 

No comments:

Post a Comment