Saturday, January 31, 2015

When the Wind Blows Movie Review

When the Wind Blows Movie Posterവെന്‍ ദ വിന്‍ഡ് ബ്ലോസ് (When the Wind blows, 1986, English)
1982ല്‍ ഇതേപേരില്‍ ഇറങ്ങിയ റെയ്മണ്ട് ബ്രിഗ്സിന്റെ സചിത്രനോവലിനെ ആസ്പദമാക്കി ജിമ്മി മുരുക്കാമി സംവിധാനം ചെയ്ത കാര്‍ട്ടൂണ്‍ ചിത്രമാണ് വെന്‍ ദ വിന്‍ഡ് ബ്ലോസ്. മൂന്നാം ലോകമഹായുദ്ധം.. റഷ്യ യൂറോപ്പില്‍ ന്യൂക്ലിയര്‍ ബോംബ്‌ ഇടാന്‍ സാധ്യതയുള്ളതിനാല്‍ ഒരു ഗ്രാമത്തില്‍ തങ്ങളുടെ വാര്‍ദ്ധക്യകാലം ചിലവഴിക്കുന്ന ദമ്പതികള്‍ ഗവണ്മെന്റ് നല്‍കിയ നിര്‍ദേശപത്രികകള്‍ക്ക് അനുസരിച്ച് ആക്രമണത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതും, പിന്നീട് നടക്കുന്ന സംഭവങ്ങളുമൊക്കെയാണ് കഥ. മൂന്നുദിവസം നീണ്ടുനിന്നേയ്ക്കാവുന്ന യുദ്ധത്തില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ പത്രികയിലെ നിര്‍ദേശപ്രകാരം ഭക്ഷ്യവസ്തുക്കളും, basic needsനുള്ള സാധനങ്ങളും മറ്റും എടുത്തുകൊണ്ട് ഒരു മറയ്ക്കുള്ളില്‍ സമയം ചിലവഴിക്കുന്ന വൃദ്ധദമ്പതികള്‍ എന്തുവന്നാലും ഗവണ്മെന്റ് തങ്ങളെ രക്ഷിക്കും എന്ന കാര്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ്. എന്നാല്‍ അവരുടെ വിശ്വാസത്തിന് എന്തെങ്കിലും വിലയുണ്ടോ? എതിര്‍രാജ്യവുമായി Mutual Assured Destruction എന്ന കരാറില്‍ ഒപ്പുവെച്ച ഗവണ്മെന്റ് ഇവരെ രക്ഷിക്കുമോ? മനസ്സില്‍ ഒരു വിങ്ങലോടുകൂടി മാത്രമേ ഈ ചിത്രം കാണാന്‍ സാധിക്കൂ. സാധാരണ മനുഷ്യര്‍, പലപല സ്വപ്നങ്ങളും, മോഹങ്ങളും, ഓര്‍മകളും എല്ലാമുള്ള മനുഷ്യര്‍.. യുദ്ധത്തിനുമുന്‍പില്‍ അവരെല്ലാം എത്ര നിസ്സഹായാരാണെന്ന ഭീകരമായ സത്യം ഏറെ വേദനിപ്പിക്കുന്നതാണ്. ചിത്രം കുറച്ചുകാണുമ്പോള്‍ത്തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും എന്താണ് ഒടുവില്‍ സംഭവിക്കാന്‍ പോകുന്നതെന്ന്. എന്നിരുന്നാലും ഓരോ പ്രേക്ഷകനും അങ്ങനെ സംഭവിക്കരുതേ എന്ന് ആത്മാര്‍ഥമായി ഉള്ളില്‍ ആഗ്രഹിച്ചുപോകും. അത്രയ്ക്കേറെ മനസ്സില്‍ തട്ടുന്ന ഒരു അനുഭവമാണീ ചിത്രം.
യൂറോപ്യന്‍ ഗ്രാമത്തിന്റെ മനോഹാരിത എന്നതിലപ്പുറം യുദ്ധത്തിന്റെ കൊടും ഭീകരത വരച്ചുകാണിക്കാന്‍ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാധിച്ചിട്ടുണ്ട്. പല രംഗങ്ങളും അതിഗംഭീരമായിരുന്നു. ആകെ രണ്ടുകഥാപാത്രങ്ങളേ ചിത്രത്തില്‍ ഉടനീളം ഉള്ളുവെങ്കിലും അവരോടൊത്ത് അവരുടെ വീട്ടില്‍ ജീവിച്ച അനുഭവമായിരിക്കും ചിത്രം കണ്ടുകഴിയുമ്പോള്‍ നമുക്ക് ഉണ്ടാവുക. രണ്ടുപേര്‍ക്കും ശബ്ദങ്ങള്‍ നല്‍കിയ ജോണ്‍ മില്‍സും പെഗ്ഗി ആഷ്ക്രോട്ടും കഥാപാത്രങ്ങളുടെ വികാരങ്ങള്‍ മനോഹരമായി ശബ്ദത്തില്‍ പ്രതിഫലിപ്പിച്ചു. പശ്ചാത്തലസംഗീതം ചിത്രത്തിലുടനീളം മികച്ചുനിന്നു.
ലോകസിനിമയിലെ തന്നെ യുദ്ധക്കെടുതികളുടെ കഥകളില്‍ മുന്‍പന്തിയില്‍ നിര്‍ത്താവുന്ന ഒന്നാണീ ചിത്രം. എന്തായാലും ഒരു കോപ്പിലെ റൊമാന്റിക്‌ പടം (What If) കണ്ടതിന്റെ ക്ഷീണം ഈയൊരു സിനിമ കണ്ടതുകൊണ്ട് മാറിക്കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ... എല്ലാവരും ഈ കസറന്‍ പടം കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment