Monday, August 3, 2015

The Vatican Tapes Movie Review

Vatican Tapes Poster
ദ വത്തിക്കാന്‍ ടേപ്പ്സ് (The Vatican Tapes, 2015, English)
ഉപയോഗിച്ചുപയോഗിച്ച് പഴകിയ ഹൊറര്‍ ഫോര്‍മുലകള്‍ നിറഞ്ഞ ഹോളിവുഡ് ഹൊറര്‍ ചിത്രങ്ങള്‍ക്കിടയില്‍ ആണ്ടിനും സംക്രാന്തിയ്ക്കുമാണ് ഇത്തിരിയെങ്കിലും വ്യത്യസ്തമായ ഒരു ഹൊറര്‍ ചിത്രം പ്രേക്ഷകന് ലഭിക്കുന്നത്. അങ്ങനെയുള്ള ഒരു അനുഭവമായിരുന്നു വത്തിക്കാന്‍ ടേപ്പ്സ്. രചയിതാക്കളും സംവിധായകനും കുറച്ചെങ്കിലും മാറിച്ചിന്തിച്ചതിന്റെ ഫലം. ക്രാങ്ക്, ഘോസ്റ്റ് റൈഡര്‍, ഗെയ്മര്‍ തുടങ്ങിയ ചിത്രങ്ങള്‍ Brian Taylorനോടൊപ്പം സംവിധാനം ചെയ്ത Mark Neveldine ആദ്യമായി ഒറ്റയ്ക്ക് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ Olivia Taylor Dudley, Dougray Scott, Michael Peña, John Patrick Amedori തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
വത്തിക്കാന്‍ സഭയുടെ അധീനതയില്‍ പുറത്തുനിന്ന് ആര്‍ക്കും പ്രവേശനമില്ലാത്ത ഒരു storage place ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അതിനകത്ത് എന്താണെന്ന് വ്യക്തമായ അറിവുകള്‍ ഇല്ലെങ്കിലും പഴയനിയമത്തിന്റെ കാലഘട്ടം മുതലുള്ള രേഖകളും മറ്റും അവിടെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അഭ്യൂഹം. വത്തിക്കാന്‍ സഭയിലെ രണ്ട് അച്ചന്മാര്‍ക്ക് ഏയ്‌ഞ്ജല എന്ന യുവതിയുടെ medical clips കിട്ടുന്നിടത്തുനിന്നാണ് കഥ തുടങ്ങുന്നത്. പ്രഥമദൃഷ്ട്യാ ചെറിയ മാനസികവിഭ്രാന്തിയുള്ള മറ്റൊരു രോഗി എന്നുമാത്രം തോന്നാമെങ്കിലും അവരെപ്പറ്റി പ്രേക്ഷകര്‍ കൂടുതല്‍ അറിയുന്തോറും അവരും, അവര്‍കാരണം ഈ ലോകവും എത്ര ഭീകരമായ അവസ്ഥയിലേക്കാണ് പോവുന്നത് എന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു. കഥയിലേക്ക് കൂടുതല്‍ കടക്കുന്നത് ഇനിയും ചിത്രം കണ്ടിട്ടില്ലാതവരുടെ രസച്ചരട് പൊട്ടിക്കും എന്നതിനാല്‍ അധികമൊന്നും പറയുന്നില്ല. പ്രേക്ഷകമനസ്സുകളില്‍ അസ്വസ്ഥതയും ഭീതിയും ഉളവാക്കുന്ന ധാരാളം രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ഒപ്പംതന്നെ അധികമാരും കൈവെക്കാന്‍ ധൈര്യപ്പെടാത്ത ഒരു വിഷയത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമായതിനാല്‍ ഒരു പുതുമ തോന്നിപ്പിക്കും ചിത്രത്തിലുടനീളം. നടീനടന്മാര്‍ എല്ലാവരും നന്നായിത്തന്നെ ചെയ്തു. പശ്ചാത്തലസംഗീതവും ശബ്ദമിശ്രണവും ഏറെ മികച്ചുനിന്നു. അനാവശ്യമായി പെട്ടെന്നുള്ള loud screams ഇല്ലാതെതന്നെ പ്രേക്ഷകനെ പേടിപ്പിക്കാന്‍ പലപ്പോഴും പശ്ചാത്തലസംഗീതത്തിന് സാധിച്ചു.
വ്യത്യസ്തമായൊരു ശ്രമമാണ് വത്തിക്കാന്‍ ടേപ്പ്സ്. ഹൊറര്‍ ചിത്രങ്ങളുടെ ആരാധകര്‍ കാണാന്‍ ശ്രമിക്കുക.

No comments:

Post a Comment